അച്യുതൻ കൂടല്ലൂർ ചിത്രരചനയിൽ | ഫോട്ടോ: മാതൃഭൂമി
ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതാണ് മരണവാർത്ത. ഉറ്റവർ ആകുമ്പോൾ പ്രത്യേകിച്ചും. നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം അടർന്നു പോകുന്നത് പോലെയുള്ള അനുഭവം. ഇനിയൊരിക്കലും പൂരിപ്പിക്കാനാവാത്ത വരികളും വരകളുമായി അച്യുതൻ കൂടല്ലൂർ യാത്രയായി. കേൾക്കില്ല ഇനിയാ മൃദുലവും ആശയസമ്പുഷ്ടവും ഉറച്ച നിലപാടുകളുമുള്ള ആ സ്വരം. നിറങ്ങളിൽ അഭിരമിച്ച മലയാളത്തിന്റെ മാന്ത്രികനായ ആർട്ടിസ്റ്റ്. ദൈവത്തിന്റെ നിറങ്ങൾ എന്ന് വിശേഷിപ്പിച്ച ആ നിറക്കൂട്ടുകൾ, തിളങ്ങുന്ന ആകാശനീലിമയും വിഭ്രമിക്കുന്ന മഞ്ഞയും മോഹിപ്പിക്കുന്ന തവിട്ടു നിറങ്ങളും ഇനി ആ ബ്രഷിൽനിന്ന് രൂപപ്പെടില്ല.
മദ്രാസ് ജീവിതത്തിൽ ഏറെ നിറം പകർന്ന സൗഹൃദമായിരുന്നു അച്യുതനുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തോടൊപ്പം പിന്നെ എത്രയോ ചിത്രകാരന്മാർ അടുത്ത സുഹൃത്തുക്കളായി. ചോളമണ്ടലിന ടുത്താണ് അദ്ദേഹം താമസിച്ചിരുന്നതെങ്കിലും അദ്ദേഹം താൻ ആ സ്കൂൾ അല്ല എന്ന് ആവർത്തിച്ചു പറയുമായിരുന്നു. സർക്കാർ സർവിസിൽനിന്ന് സ്വയം വിരമിച്ച ശേഷം പെയിന്റിങ്ങിനു മാത്രമായി സ്വയം സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. പെയിന്റിങ്ങിൽ പരിശീലനം കിട്ടിയ വ്യക്തിയല്ല അദ്ദേഹം. സ്വയം വരച്ചു പഠിച്ച സെൽഫ് മെയ്ഡ് ആർട്ടിസ്റ്റ്.
ചിത്രകലാരംഗത്ത് അസാധാരണമായ മാറ്റങ്ങൾ നടക്കുന്ന കാലത്ത് ആ രംഗത്തേക്ക് ഇറങ്ങി തിരിച്ച ഒരു വ്യക്തി അനുഭവിക്കുന്ന അന്തഃസംഘർഷങ്ങൾ ചെറുതായിരിക്കില്ല .ആ കലയിൽ സ്വയം സമർപ്പിച്ച അദ്ദേഹം ചോളമണ്ടലം പോലെ തന്നെ ഒരു വലിയ പ്രസ്ഥാനമായി. ഗാലറിയിലും വില്പനയിലും തിളങ്ങുന്ന സാന്നിധ്യമായി .
ഓർമ്മകളിൽ എം. ഗോവിന്ദനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം നിറഞ്ഞു നിൽക്കുന്നു. അവസാന ബസ് പോകും എന്നത് പോലും മറന്നു നടത്തിയിരുന്ന നീണ്ട സംഭാഷണങ്ങൾ. ആ സൗഹൃദമാണ് ഒരർഥത്തിൽ ഇന്ത്യ ടുഡേയിൽ ചിത്രീകരണത്തിനു അദ്ദേഹത്തെ സമീപിക്കാൻ പ്രേരണയാകുന്നത്. ഒരു പ്രശസ്തനായ ആർട്ടിസ്റ്റ് ഇല്ലസ്ട്രേറ്റ് ചെയ്യുക എന്നത് ആലോചിക്കാൻ കഴിയാത്ത കാര്യമായിരുന്നു. അച്യുതൻ അതിനു തയ്യാറായി. അദ്ദേഹത്തിനൊപ്പമുള്ള പല ചിത്രകാരന്മാരും അതിനെതിരായിരുന്നു. ക്രമേണെ അവർ കൂടി അതിനു തയ്യാറായി. അച്യുതൻ അത് കൗതുകത്തോടെ കണ്ടു. മലയാളത്തിലെ ഇല്ലസ്േ്രടഷൻ രംഗത്തെ ഈ മാറ്റത്തിൽ അച്യുതന്റെ സാന്നിധ്യം വളരെ വലുതാണ്. ആ നിറങ്ങളും വരകളും എന്നും നിലനിൽക്കും.
സർഗാത്മകരംഗത്തേക്ക് അച്യുതൻ രംഗപ്രവേശം ചെയ്തത് കഥകളിൽ കൂടിയാണ്. ആ രംഗത്ത് ഉറച്ചുനിന്നിരുന്നെങ്കിൽ മികച്ച ഒരു എഴുത്തുകാരനെ നമുക്ക് കിട്ടുമായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ അമ്മാവൻ എം.ടി. വാസുദേവൻ നായർ ഒരു ആൽമരം പോലെ നിറഞ്ഞു നിൽക്കുന്ന ആ ലോകത്തുനിന്ന് അദ്ദേഹം മാറി ചിത്രകലയിൽ ശ്രദ്ധിച്ചു. പിൽകാലത്ത് എം.ടിയുടെ പുസ്തകങ്ങൾക്ക് അദ്ദേഹം ചിത്രം വരച്ചു. കൂടല്ലൂരിന്റെ ഈ രണ്ടു പ്രതിഭകളെ രണ്ടു വര്‍ഷം മുൻപ് നാടും വലിയൊരു ചടങ്ങിൽ കൊണ്ടാടി .
നിറങ്ങൾ -അതായിരുന്നു ആ മനസ്സിൽ എപ്പോഴും. തികഞ്ഞ അർപ്പണബോധത്തോടെ അദ്ദേഹം അതിൽ മുഴുകി. നീലങ്കരയിലെ ആ വസതിയിൽ നിറഞ്ഞു കിടക്കുന്ന ആ ചിത്രങ്ങൾ, പല വൈദേശിക ആസ്വാദകരും സമ്പാദിച്ച ആ ചിത്രങ്ങൾ, ക്യാമ്പുകളിൽ വരച്ച ചിത്രങ്ങൾ- എല്ലാം ആ കൈയൊപ്പോടു കൂടിയതാണ്. രവിവർമ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
ആശയപരമായി തികഞ്ഞ വ്യക്തതയും പ്രവർത്തനത്തിലുള്ള കണിശതയുമാണ് അച്യുതനെ അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ അദ്ദേഹത്തെ ഭയപ്പെടുത്തി. ഇത്തരമൊരു അവസ്ഥക്ക് മുൻകാല ഭരണങ്ങൾ കാരണമാണെന്നും എല്ലാം മാറാനാവാത്ത വിധം മാറുകയാണെന്നും അദ്ദേഹം വേവലാതിപ്പെട്ടു.
നാലാം കിടയുള്ള സൃഷ്ടികളെ വാഴ്ത്തുന്ന സമീപകാല പ്രവണതയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ വഴി എത്രയോ ചിത്രകാരന്മാർ എന്റെ സുഹൃത്തുക്കളായി. ബാബു സേവിയറും യുസഫ് അറക്കലും ഗോപിനാഥുമായി അച്യുതൻ സൊറ പറഞ്ഞിരിക്കുന്ന ആ സായാഹ്നങ്ങളാണ് എനിക്ക് ഓർക്കാൻ ഇഷ്ടം. ഓരോരുത്തരെ കുറിച്ചുമുള്ള അച്യുതന്റെ നിശിതമായ നിരീക്ഷണങ്ങൾ, അടുപ്പം എന്നും നാമോർക്കും .
വിവിധ രാജ്യങ്ങളിൽ ക്യാമ്പുകളിൽ പങ്കെടുത്ത അച്യുതൻ ഇന്ത്യയിലും നിരവധി ക്യാമ്പുകളിൽ പങ്കെടുത്തു. ഗാലറികൾ ശക്തമായിരുന്ന കാലത്താണ് അച്യുതൻ മദ്രാസിൽ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിൽക്കുന്നതിൽ അവ വലിയ പങ്കു വഹിച്ചു. അവസാന കാലത്ത് ഗാലറികളുടെ തകർച്ച അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു. കൊച്ചി മുസിരിസ് ബിനാലെക്കെതിരെ അദ്ദേഹം നിലകൊണ്ടത് എന്നെ ഏറെ വിഷമിപ്പിച്ച ഒരു കാര്യമാണ്. കല വലിയ കച്ചവടമായി മാറുന്നു എന്നതാണോ അദ്ദേഹത്തെ വിഷമിപ്പിച്ചത്? അദ്ദേഹത്തിനു ഒരു ട്രിബ്യൂട്ട് ടു എ മാസ്റ്റർ സംഘടിപ്പിക്കാൻ അവർ മുതിരുമോ?
കേരളത്തിൽ ഇന്നും ചിത്രകല വലിയ സാന്നിധ്യമല്ല. ഇന്നും നമ്മുടെ അറിയപ്പെടുന്ന കലാകാരന്മാർ തുലോം പരിമിതമാണ്. കേരളത്തിനു വെളിയിലുള്ള മലയാളി ചിത്രകാരന്മാർ ആണ് വലിയ ചരിത്രം സൃഷ്ടിച്ചത്. അതിൽ അച്യുതൻ കൂടല്ലൂരിന്റെ പേര് സുവർണലിപികളിൽ തനെയുണ്ടാവും.
(ഇന്ത്യ ടുഡെ മലയാളം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു ലേഖകൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..