സിനിമയുടെ ശില്പി സംവിധായകനാണ്. അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും സംവിധായകന്റെ ഉപകരണങ്ങള്‍ മാത്രം. ചാര്‍ളി ചാപ്ലിന്‍ എന്ന വിഖ്യാത ചലച്ചിത്രകാരനെ മുന്‍നിര്‍ത്തി സംവിധാനം എന്ന കലയെ പരിശോധിക്കുകയാണിവിടെ. സിനിമ സംവിധായകന്റെ കലയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ലോക ചലച്ചിത്രഭൂപടത്തില്‍ മലയാള ചലച്ചിത്രങ്ങള്‍ക്ക് ഇടമുണ്ടാക്കാന്‍ ആ പ്രതിഭാശാലിയായ സംവിധായകനു കഴിഞ്ഞു. നാടകത്തിലെ നടനില്‍നിന്നു വ്യത്യസ്തമായി സംവിധായകന്റെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വമാണ് സിനിമാനടനുള്ളത് എന്ന് അടൂര്‍ വസ്തുനിഷ്ഠമായി സമര്‍ഥിക്കുന്നു. തന്റെ സാന്നിധ്യം സിനിമയിലുണ്ടാക്കുന്ന ഭാവപ്പകര്‍ച്ച എന്ത് എന്ന് നടന്‍ തിരിച്ചറിയുന്നതുതന്നെ സിനിമ പൂര്‍ണരൂപത്തില്‍ കാണുമ്പോഴാണ്. ചിത്രീകരണവേളയില്‍ അയാള്‍ ഒരു ഉപകരണം മാത്രമായി വര്‍ത്തിക്കുന്നു. കാഴ്ചയുടെ കോണും വസ്തുക്കളുടെ വിന്യാസവുമെല്ലാം നിശ്ചയിക്കുന്നത് സംവിധായകനാണ്. കഥതന്നെ സംവിധായകന്റെ വീക്ഷണത്തിലൂടെയാണ് സിനിമാരൂപം പ്രാപിക്കുന്നത്. ദൃശ്യങ്ങളെ സമീപം, വിദൂരം, മധ്യമം എന്നിങ്ങനെ വിന്യസിക്കുന്നതില്‍പോലും സംവിധായകന്റെ സൂക്ഷ്മദൃഷ്ടി കാണാം. കഥാകൃത്ത്, നടീനടന്മാര്‍, കാമറാമാന്‍, മറ്റനേകം സാങ്കേതികവിദഗ്ധര്‍ എന്നിവരുടെ കൂട്ടായ്മയായി സിനിമയെ കാണുമ്പോഴും എല്ലാറ്റിന്റെയും നിയന്താവായി സംവിധായകന്‍ നിലകൊള്ളുന്നു.
ദ കിഡ് എന്ന സിനിമ ചാര്‍ളി ചാപ്ലിന്റെ മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നാണ്. സംവിധാനത്തിനു പുറമെ ഇതില്‍ തിരക്കഥാരചനയും അഭിനയവുമെല്ലാം നിര്‍വഹിച്ചുകൊണ്ടാണ് ചാപ്ലിന്‍ തന്റെ പ്രതിഭ തെളിയിച്ചത്. ദ കിഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചാപ്ലിന്‍തന്നെ വിവരിക്കുന്നുണ്ട്. ഈ സിനിമയുടെ പശ്ചാത്തലത്തില്‍ സംവിധായകന്റെ സ്ഥാനത്തെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്.
ചാപ്ലിന്റെ പല ചലച്ചിത്രങ്ങളിലുമെന്നപോലെ ദ കിഡിലും സംഭാഷണങ്ങള്‍ക്കു പകരം സബ്ടൈറ്റിലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഭാഷയുടെ പരിമിതികളെ അതിജീവിക്കാനുള്ള തന്ത്രമായിട്ടാവും അദ്ദേഹം ഈ രീതി സ്വീകരിക്കുന്നത്. സബ് ടൈറ്റിലുകളിലൂടെ സംഭാഷണം മാത്രമല്ല ചാപ്ലിന്‍ ആവിഷ്‌കരിക്കുന്നത്. സന്ദര്‍ഭ വിശദീകരണം, നിരീക്ഷണങ്ങള്‍, കഥാസൂചന തുടങ്ങിയവ വെളിപ്പെടുത്താനും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു പുഞ്ചിരിയോ ചിലപ്പോള്‍ കണ്ണുനീരോ കൊണ്ടു വിരചിച്ച ചലച്ചിത്ര കാവ്യമായാണ് ചാപ്ലിന്‍ സിനിമയെ പരിചയപ്പെടുത്തുന്നത്. സിനിമയുടെ തുടക്കത്തില്‍ ഒരു ആശുപത്രിക്കവാടം നമ്മുടെ മുന്‍പില്‍ തെളിയുന്നു. കൈക്കുഞ്ഞുമായി ആശുപത്രിക്കു പുറത്തുവരുന്ന യുവതിയുടെ മിഡില്‍ ഷോട്ടില്‍ ഒരു സബ്ടൈറ്റില്‍ കാണാം: ''പാപത്തിലൂടെ അവള്‍ അമ്മയായിരിക്കുന്നു.'' പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള അവളുടെ തന്ത്രങ്ങളിലേക്കാണ് പിന്നീടു നാം കടന്നുചെല്ലുന്നത്. വഴിയില്‍ കിടന്ന ഒരു ജീപ്പില്‍ സുരക്ഷിതമായി കുഞ്ഞിനെ കിടത്തി അവള്‍ അപമാനഭീതിയില്‍നിന്നു രക്ഷനേടുന്നു. ജീപ്പ്മോഷ്ടാക്കള്‍ കുഞ്ഞിനെ തെരുവിലെ ചവറ്റുകൂനയ്ക്കു സമീപം ഉപേക്ഷിച്ചു. പരമദരിദ്രനായ ചാപ്ലിന്‍ പ്രഭാതസവാരിക്കിറങ്ങിയതാണ്. തെരുവോരത്തെ വീടുകളില്‍നിന്ന് വലിച്ചെറിഞ്ഞ ചപ്പുചവറുകള്‍ക്കിടയിലൂടെ നടന്ന അയാള്‍ കുഞ്ഞിനെ കാണുന്നു. കൈയില്‍ വന്നുപെട്ട കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അയാള്‍ പല തന്ത്രങ്ങളും പയറ്റി. ഒടുവില്‍, കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണിക്കിടയില്‍നിന്ന് ഒരു കടലാസുകഷണം അയാള്‍ക്ക് കിട്ടുന്നു. ഈ അനാഥശിശുവിന് സ്നേഹവും പരിചരണവും കൊടുക്കണമെന്ന അഭ്യര്‍ഥനയാണ് അതില്‍ ഉണ്ടായിരുന്നത്. ചാപ്ലിന്‍, കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ചു. സ്വതഃസിദ്ധമായ ചരിചരണങ്ങളിലൂടെ അവനെ വളര്‍ത്തി.
അഞ്ചുവര്‍ഷത്തിനുശേഷമുള്ള സംഭവവികാസങ്ങളാണ് പിന്നീടു നാം കാണുന്നത്. ഉപജീവനത്തിനായി ചാപ്ലിന്‍ ഒരു വിദ്യ കണ്ടുപിടിച്ചിരിക്കുന്നു. തെരുവുകളിലൂടെ കുട്ടി നടന്നുചെന്ന് വീടുകളിലെ ജനാലച്ചില്ലുകള്‍ കല്ലെറിഞ്ഞു പൊട്ടിക്കും. പിന്നാലെ ഗ്ലാസ് റിപ്പയറിങ്ങുകാരനായി ചാപ്ലിന്‍ എത്തും. പുതിയ ചില്ല് ഘടിപ്പിച്ചുകൊടുത്ത് അയാള്‍ വരുമാനമുണ്ടാക്കി.
ദാരിദ്ര്യവും കഷ്ടപ്പാടുകളും ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുന്നു. കുട്ടിയെ ഒരിക്കലും അനാഥനായോ അന്യനായോ ചാപ്ലിന്‍ കണ്ടിരുന്നില്ല. അവരുടെ ജീവിതത്തിന് ആകപ്പാടെ ഒരു താളം ഉണ്ടായിരുന്നു. ഇല്ലായ്മകളുടെ നടുവിലും അവര്‍ സന്തുഷ്ടരായി കഴിഞ്ഞു. തൊട്ടിലിനു മുകളില്‍ തൂക്കിയിട്ട കെറ്റിലിന്റെ അറ്റത്ത് നിപ്പിള്‍ തിരുകി കുഞ്ഞിനെ ഊട്ടുന്ന ചാപ്ലിന്‍ അതില്‍ ആനന്ദംകണ്ടെത്തുന്നു. അവര്‍ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ ഒരുപോലെ പങ്കുവെച്ചു. കുട്ടി ദോശപോലുള്ള ഒരു പലഹാരമുണ്ടാക്കുന്ന രംഗമുണ്ട്. ചുട്ടുവെച്ച പലഹാരങ്ങള്‍ എണ്ണിനോക്കി ചാപ്ലിന്‍ പങ്കുവെച്ചു. മിച്ചംവന്ന ഒന്ന് രണ്ടായി മുറിച്ച് ഒരു ഭാഗം കുട്ടിക്കു നല്‍കുകയാണ്. കുട്ടി ചാപ്ലിന്റെ ജീവിതപങ്കാളിതന്നെ ആയിത്തീരുകയാണ്. എല്ലാ ചുമതലകളും അവര്‍ നീതിപൂര്‍വം പങ്കുവെക്കുന്നു.
പ്രസവിച്ച കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച യുവതി എല്ലാവരാലും ആദരിക്കപ്പെടുന്ന താരമായിമാറി. അവള്‍ക്ക് നിരവധി ആരാധകരും കണക്കറ്റ ധനവും കൈവന്നു. അവള്‍ ദാനധര്‍മങ്ങളില്‍ ആനന്ദം കണ്ടെത്തി. കുഞ്ഞുങ്ങളെ അവള്‍ അധികമായി സ്നേഹിച്ചു. അവര്‍ക്ക് എന്തുനല്‍കാനും അവള്‍ക്ക് സന്തോഷമേയുള്ളൂ. വീട്ടില്‍ പൂക്കളുമായി വരുന്ന നീഗ്രോ ബാലന് സ്നേഹപൂര്‍വം ഒരു നാണയം സമ്മാനിക്കുന്ന രംഗം നമുക്കു കാണാം. തെരുവിലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റും നല്‍കി, തനിക്കു നിര്‍വഹിക്കാന്‍ കഴിയാതെപോയ ഉത്തരവാദിത്വത്തിന് അവള്‍ പ്രായശ്ചിത്തംചെയ്തു. അത്യാഗ്രഹികളായ സ്ത്രീകള്‍ കുട്ടികളുമായി വന്ന് അവളുടെ പ്രീതിയുടെ ചിഹ്നമായ സമ്മാനങ്ങള്‍ പിടിച്ചുപറ്റിക്കൊണ്ടിരുന്നു. അതിനിടയില്‍ തനിക്കറിയാത്ത തന്റെ പുത്രന് കളിപ്പാട്ടങ്ങള്‍ സമ്മാനിക്കാനും അവള്‍ക്ക് അവസരം ലഭിച്ചു.
അപരിചിതയായ അമ്മ സമ്മാനിച്ച കളിപ്പാട്ടങ്ങളുമായി കുട്ടി വീട്ടിനു മുന്നിലെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കുസൃതിക്കാരനായ മറ്റൊരു കുട്ടി വന്ന് അവന്റെ പാവകളെ തട്ടിയെടുത്തത്. ആ സംഭവം അടിപിടിയില്‍ കലാശിച്ചു. ചാപ്ലിന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി കുട്ടിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നു. എന്നാല്‍ കുസൃതിക്കാരനായ കുട്ടിയുടെ അച്ഛന്‍ മകന്റെ പരാക്രമം കാണാനുള്ള കൗതുകംകൊണ്ട് മത്സരത്തില്‍ ഒരാള്‍ ജയിക്കണമെന്നു പിടിവാശിയുമായി നിന്നു. കുട്ടി എതിരാളിയെ അടിച്ചുവീഴ്ത്തി. ചാപ്ലിന്‍ അവനെ അഭിനന്ദിച്ചു. ഈ രംഗം കണ്ടുകൊണ്ട് കുസൃതിക്കുട്ടിയുടെ ജ്യേഷ്ഠന്‍ അവിടെ എത്തുന്നു. അനുജനെ വീഴ്ത്തിയവനെ ഒരു പാഠം പഠിപ്പിക്കാന്‍തന്നെ അയാള്‍ തീരുമാനിച്ചു. കുസൃതിക്കുട്ടിയോട് കുട്ടിയെ അടിക്കാന്‍പറഞ്ഞ് അയാള്‍ മാറിനിന്നു. കുട്ടി തന്റെ അനുജനെ അടിക്കുകയാണെങ്കില്‍ ചാപ്ലിനെ ഇയാള്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപകടം മണത്തറിഞ്ഞ ചാപ്ലിന്‍ അടിയേറ്റു വീണ കുസൃതിക്കുട്ടിയെ പിടിച്ചെഴുന്നേല്‍പിച്ച് വിജയിയായി പ്രഖ്യാപിച്ചു.
പനിപിടിച്ചു കിടക്കുന്ന കുട്ടിയെ ചികിത്സിക്കാന്‍ നാട്ടിലെ ഡോക്ടര്‍ വരുന്നതോടെയാണ് കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നത്. കുട്ടി അനാഥനാണെന്ന് ഡോക്ടര്‍ തിരിച്ചറിയുന്നു. കുട്ടിയോടൊപ്പം കിട്ടിയ അമ്മയുടെ കുറിപ്പ് അപ്പോഴും ചാപ്ലിന്‍ സൂക്ഷിച്ചിരുന്നു. അത് ഡോക്ടര്‍ തട്ടിയെടുത്തു. അനാഥമന്ദിരത്തിന്റെ അധികാരികള്‍ കുട്ടിയെ കൊണ്ടുപോകാനെത്തി. ചാപ്ലിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ അലറിവിളിച്ചു കരയുന്ന കുട്ടിയുമായി അവരുടെ വാന്‍ നീങ്ങി. ചാപ്ലിന്‍ സാഹസപ്പെട്ട് വാനിനെ പിന്തുടര്‍ന്ന് കുട്ടിയെ സ്വന്തമാക്കി. ഇതിനിടയില്‍ ഡോക്ടറുടെ കൈയില്‍ ഉണ്ടായിരുന്ന കുറിപ്പ് അമ്മ കാണാനിടയായി. മകനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനംചെയ്തുകൊണ്ടുള്ള പരസ്യം നല്‍കി. അനാഥശാലക്കാരില്‍നിന്ന് മകനെ മോചിപ്പിച്ച ചാപ്ലിന്‍ ഒരു സത്രത്തില്‍ താമസിച്ചു. അമ്മ നല്‍കിയ പരസ്യം, സൂക്ഷിപ്പുകാരന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ രാത്രി രഹസ്യമായി കുട്ടിയുമായി പൊലീസ്സ്റ്റേഷനിലെത്തി. ഉറക്കത്തിനിടയില്‍ ഉണര്‍ന്ന ചാപ്ലിന്‍, കുട്ടിയെ കാണാതായതോടെ സത്രം വിട്ട് ഓടുകയാണ്. ചാപ്ലിനും കുട്ടിയും അമ്മയും സന്ധിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ചെറിയ ട്രിക്കുകളിലൂടെ ആളുകളെ ചിരിപ്പിക്കുന്ന സിനിമാരീതിയാണ് പൊതുവില്‍ ചാര്‍ളി ചാപ്ലിന്‍ സ്വീകരിച്ചിട്ടുള്ളത്. അത്തരം നര്‍മങ്ങള്‍ക്കിടയിലും പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു എന്നതിനു തെളിവാണ് ദ കിഡ്. കുട്ടിയും ചാപ്ലിനുമായുള്ള ബന്ധം അതിവൈകാരികതയോളം ചെന്നെത്തുന്നുണ്ട്. എന്നാല്‍ അതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അവിടവിടെയായി വിന്യസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സത്രത്തില്‍ കിടന്നുറങ്ങുന്ന കുട്ടിയുടെയും ചാപ്ലിന്റെയും ചലനങ്ങള്‍ ഈ നിലയില്‍ ശ്രദ്ധേയമാണ്. കുട്ടി കാലനക്കുന്നതിനൊപ്പം ഉറങ്ങുന്ന ചാപ്ലിന്റെ കാലുകളും ചലിക്കുന്നു. ഇത്തരം നിരവധി രംഗങ്ങളിലൂടെ അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. സത്രത്തില്‍വെച്ച് കുട്ടിയെ നഷ്ടപ്പെട്ടതറിഞ്ഞ് ഹാലിളകിയോടുന്ന ചാപ്ലിന്‍ തളര്‍ന്ന് അവശനായി വീട്ടിനു മുന്നില്‍ കുത്തിയിരുന്ന് അറിയാതെ ഉറങ്ങിപ്പോകുന്നു. അപ്പോള്‍ അയാള്‍ കണ്ട സ്വപ്നം മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഫാന്റസിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു മെലോഡ്രാമയായി ഇതിനെ കാണാം. കുട്ടിയുടെ സാന്നിധ്യം നിരാലംബനായ ചാപ്ലിന് ചിറകുകള്‍ നല്‍കുന്നു. അങ്ങനെ മാലാഖയായ കുട്ടിയുമൊത്ത് അയാള്‍ പാറിപ്പറന്ന് ഉല്ലസിക്കുകയാണ്. അതിനിടയില്‍ കടന്നുവരുന്ന ദുഷ്ടശക്തി അയാളെ വീഴ്ത്തുന്നു. ചിറകറ്റുവീണ ചാപ്ലിനെത്തേടി മാലാഖയായ കുട്ടി എത്തുന്നു. അവന്‍ അയാളുടെ നെഞ്ചില്‍ മുഖമമര്‍ത്തുമ്പോള്‍ അയാള്‍ വീണ്ടും ഉണരുകയായി. സിനിമയുടെ ഇതിവൃത്തം കാച്ചിക്കുറുക്കിയെടുത്ത രംഗമാണിത്.
മോറിസ് എന്ന ചലച്ചിത്രകാരനുമായി തന്റെ സിനിമയുടെ ഘടന ചാര്‍ളി ചാപ്ലിന്‍ ചര്‍ച്ച ചെയ്തിരുന്നു. നര്‍മരംഗങ്ങളും വൈകാരികതയും സമന്വയിപ്പിക്കാനുള്ള ഉദ്യമമാണ് തന്റേതെന്ന് പറഞ്ഞപ്പോള്‍ മോറിസ് അതിനെ നിരുത്സാഹപ്പെടുത്തി. വിരുദ്ധമായ രണ്ടു വികാരങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുറഞ്ഞപക്ഷം അതില്‍ ഒന്ന് പരാജയപ്പെടുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ ചാര്‍ളി ചാപ്ലിന്‍ തന്റെ സാഹസത്തില്‍നിന്നു പിന്മാറിയില്ല. രണ്ടു വികാരങ്ങളും ഒരു പ്രത്യേക രീതിയില്‍ വിന്യസിച്ചുകൊണ്ട് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരിന്റെ നനവ് അനുഭവപ്പെടുത്തുകയും ചെയ്യുന്ന സിനിമയ്ക്ക് അദ്ദേഹം രൂപംനല്‍കി. ഈ രീതി അന്ധയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമെല്ലാം ചിത്രീകരിക്കുന്ന സിറ്റി ലൈറ്റ്സ് എന്ന സിനിമയിലും ചാപ്ലിന്‍ ഫലപ്രദമായി പ്രയോഗിച്ചു. ദ കിഡ് എന്ന സിനിമ ഒരു ഉള്‍പ്രേരണയുടെ സ്വാധീനത്താല്‍ നിര്‍മിച്ചതാണെന്ന് ചാര്‍ളി ചാപ്ലിന്‍ അഭിപ്രായപ്പെടുന്നു. അതില്‍ പരിഹാസമുണ്ട്, ജുഗുപ്സയുണ്ട്, ജീവിതയാഥാര്‍ഥ്യങ്ങളുണ്ട്.
'ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുന്ന തെരുവുകുട്ടിയും അവന്റെ പിന്നാലെ ചെന്ന് ചില്ലുകള്‍ ഉറപ്പിച്ചുനല്‍കുന്ന പിതാവും' എന്ന ആശയമാണ് ചാര്‍ളി ചാപ്ലിന്റെ മനസ്സില്‍ ആദ്യം രൂപപ്പെട്ടത്. അത് വികസിപ്പിക്കുന്നതിന് പ്രേരണയായി ജാക്കി കൂഗന്‍ എന്ന കുട്ടി അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ സെറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ജാക് കൂഗന്റെ മകനായ ജാക്കി കൂഗന്റെ രൂപഭാവങ്ങള്‍ ചാപ്ലിനെ ആകര്‍ഷിച്ചു. സിനിമയുടെ സാധ്യതകള്‍ അന്വേഷിക്കാന്‍തുടങ്ങി. അതിനിടയില്‍ മറ്റൊരു ചലച്ചിത്രകാരനുമായി ജാക്കി കൂഗന്‍ ഉടമ്പടി ഒപ്പിട്ടുവെന്ന് ആരോ ചാപ്ലിനെ അറിയിച്ചു. പകരം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് ചിത്രം രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് താത്പര്യം തോന്നിയില്ല. ഒടുവില്‍ ജാക് കൂഗനാണ് ഉടമ്പടി ഉറപ്പിച്ചതെന്നും ജാക്കി കൂഗനെ ആരും ബുക്ക്ചെയ്തിട്ടില്ലെന്നും മനസ്സിലായപ്പോള്‍ പദ്ധതികള്‍ പെട്ടെന്ന് ആസൂത്രണംചെയ്തു. അഭിനയരംഗത്ത് മകന് ലഭിക്കാനിടയുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ പിതാവ് ചാപ്ലിനോട് പൂര്‍ണമായി സഹകരിക്കുകയാണുണ്ടായത്.
ഒരുപക്ഷേ ജാക്കി കൂഗന്‍ എന്ന കുട്ടിയെ പരിചയപ്പെടാന്‍ ഇടയാകാതിരുന്നെങ്കില്‍ ദ കിഡ് എന്ന സിനിമ ഈ രൂപത്തില്‍ വികസിക്കുമായിരുന്നില്ലെന്ന് ചാര്‍ളി ചാപ്ലിന്റെ അനുഭവവിവരണം നമ്മെ ഓര്‍മിപ്പിക്കുന്നു. സംവിധായകന്റെ പ്രതീക്ഷകള്‍ക്കപ്പുറം ഉയരുന്ന കുട്ടിയെക്കുറിച്ചും ചാപ്ലിന്‍ തന്റെ വിവരണത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. അനാഥരെ പാര്‍പ്പിക്കുന്ന വര്‍ക്ഹൗസിലേക്ക് കുട്ടിയെ കൊണ്ടുപോകുന്ന സന്ദര്‍ഭം ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുകയാണ്. ചാപ്ലിനെ പിരിയാന്‍ കഴിയാതെ കുട്ടി അലമുറയിട്ട് കരയുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടത്. എത്ര പറഞ്ഞിട്ടും കുട്ടി കരയുന്നില്ല. ഒടുവില്‍ അച്ഛന്‍ ഒരു വിദ്യ പ്രയോഗിച്ചു. 'നിന്നെ ഇവിടെനിന്ന് ശരിക്കും ആ തൊഴില്‍ശാലയില്‍ത്തന്നെ കൊണ്ടുവിടും'. കുട്ടി പെട്ടെന്ന് കരയാന്‍തുടങ്ങി. ഫലപ്രദമായി ഷൂട്ടിങ് നിര്‍വഹിച്ചു. പിന്നെ കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല. ചാര്‍ളി ചാപ്ലിന്‍ കുട്ടിയെ വാരിയെടുത്ത് സമാധാനിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ് അവന്‍ തന്റെ വിദ്യ അയാളോട് പറഞ്ഞത്-അച്ഛനെ ഒന്ന് വിരട്ടാന്‍ നോക്കിയതാണത്രേ.