കുടിച്ച് കോണ്‍തെറ്റിയ പാതിരി; ജിപ്‌സികള്‍ മോഷ്ടിച്ച, ശാപത്തേയും അത്ഭുതത്തേയും ബന്ധിപ്പിച്ച, സിമിക്ക്


ജയകൃഷ്ണന്‍ ജി.

ഒറ്റയ്ക്കിരുന്ന് കവിതയിലെ വാക്കുകളെ നോക്കിക്കാണുന്ന ഒരാള്‍ സിമിക്കിന്റെ കവിതയില്‍ എല്ലായിടത്തുമുണ്ട്.

ചാൾസ് സിമിക്ക് | ഫോട്ടോ: എ.പി

അന്തരിച്ച സെര്‍ബിയന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ ചാള്‍സ് സിമിക്കിന്റെ കൃതികളെക്കുറിച്ച് ജയകൃഷ്ണന്‍ ജി. എഴുതുന്നു;

ഒഴിഞ്ഞ കസേരകളുടെ നിരകള്‍ക്കിടയില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരാളെക്കുറിച്ച് ചാള്‍സ് സിമിക്ക് ഒരു കവിതയില്‍ പറയുന്നുണ്ട്. അയാളുടെ ജീവിതത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കി ഒരു പാവനാടകം നടക്കുകയായിരുന്നു. മഴ പെയ്തു. അയാള്‍ ഒറ്റയ്ക്കായി.

ഒറ്റയ്ക്കിരുന്ന് കവിതയിലെ വാക്കുകളെ നോക്കിക്കാണുന്ന ഒരാള്‍ സിമിക്കിന്റെ കവിതയില്‍ എല്ലായിടത്തുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജന്മനഗരമായ ബല്‍ഗ്രേഡ് ബോംബിങ്ങിനിരയായപ്പോള്‍ അവിടം വിട്ടോടേണ്ടി വന്ന ഒരുവന് വാക്കുകളെ നോക്കിയിരിക്കാനേ ഒരുപക്ഷേ കഴിയുകയുള്ളൂ. അവയുടെ അര്‍ത്ഥവും അനര്‍ത്ഥവും അയാളുടെ ഇംഗിതത്തിനപ്പുറമാണ്, ജീവിതം പോലെ.

"നമ്മള്‍ ഭാഗ്യം പരീക്ഷിക്കുകയാണ്
രണ്ട് അംബരചുംബികള്‍ക്കിടയില്‍
വലിച്ചുകെട്ടിയ കമ്പിയിലൂടെ നടക്കുന്ന ഒരുവനെപ്പോലെ.
പകുതി വഴിയില്‍ വെച്ച്
അവന്‍ തുറന്നു പിടിച്ച കുട
കാറ്റെടുത്തു കൊണ്ടു പോകും,
എന്നിട്ടത് മതിലുകളിലും ജനാലകളിലും
തട്ടിക്കളിച്ച്
തമാശ കാണിക്കും
നമ്മളവനെ മറന്നേ പോകും,
കൊടുങ്കാറ്റിനിടയിലെ
നോക്കുകുത്തിയെ പോലെ" - സ്‌കൈവോക്കിങ്' (Skywalking) എന്ന കവിതയില്‍ മനുഷ്യരുടെ വിധിയെ സിമിക്ക് ഇങ്ങനെ കാണിച്ചുതരുന്നു, ഏറ്റവും നിസ്സാരമായി.

യുദ്ധം കാരണം പല നാടുകളിലും താമസിക്കേണ്ടിവരികയും ഒടുവില്‍ ദുസ്സാന്‍ സിമിച്ച് (Dusan Simic) എന്ന പേര് ചാള്‍സ് സിമിക്ക് എന്നാക്കി മാറ്റി അമേരിക്കക്കാരനാവുകയും ചെയ്ത തന്റെ അന്യവല്‍ക്കരണക്കരണത്തെക്കുറിച്ച് 'ദ വേള്‍ഡ് ഡസിന്‍ഡ് എന്‍ഡ്'(The World Dosen't End) എന്ന പുസ്തകത്തില്‍ സിമിക്ക് പറയുന്നതിങ്ങനെ;

'എന്നെ ജിപ്‌സികള്‍ മോഷ്ടിച്ചുകൊണ്ടുപോയി. അച്ഛനുമമ്മയും എന്നെ തിരികെ മോഷ്ടിച്ചു. ജിപ്‌സികള്‍ വീണ്ടും എന്നെ കട്ടെടുത്തു. ഇതിങ്ങനെ തുടര്‍ന്നു. ഒരു നിമിഷം ജിപ്‌സികളുടെ കൂടാരവണ്ടിയില്‍ എന്റെ പുതിയ അമ്മയുടെ കറുത്ത മുലകുടിക്കുകയാവും ഞാന്‍; അടുത്ത നിമിഷത്തില്‍ ഊണ്‍തളത്തിലെ മേശയില്‍ വെള്ളിക്കരണ്ടികൊണ്ട് പ്രാതല്‍ കഴിക്കുകയും.

ചാള്‍സ് സിമിക്ക് | ഫോട്ടോ: എ.പി

​​​​ചിലപ്പോഴെങ്കിലും സിമിക്കിന്റെ കവിത വാചാലമാകുന്നുണ്ടെന്ന് പറയാതെ വയ്യ. 'ദ പുവര്‍ലിറ്റില്‍ ഡെവിള്‍' (Poor Little Devil) എന്ന കവിത ഉദാഹരണമാണ്. കവിതയുടെ അവസാനം സ്വര്‍ണ്ണക്കുടുക്കുകളുള്ള കുപ്പായമണിഞ്ഞ് തുറന്ന ശവപ്പെട്ടിയില്‍ കിടക്കുന്ന പാവം ചെകുത്താനെ നമ്മള്‍ കാണുന്നു. പക്ഷേ അവിടെയും സിമിക്ക് കവിതയിലേക്ക് തിരിച്ചെത്തുന്നുണ്ട്. കവിത അവസാനിക്കുന്നതിങ്ങനെയാണ്;
'പാവം ചെകുത്താന്‍-
വിലപിക്കുന്നവര്‍ പറഞ്ഞു
ഒന്നിനു പിറകെ ഒന്നായി അവര്‍
തങ്ങളുടെ കുടകള്‍ തുറന്നു,
താഴേക്കു വീഴുന്ന ഏതോ മാലിന്യത്തെ
തടയാനെന്ന പോലെ'.

ഉറക്കമില്ലായ്മ കാരണമാണ് താന്‍ ആത്മകഥ എഴുതാത്തതെന്ന് സിമിക്ക് പറയുന്നു. ഉറക്കമില്ലാത്തവര്‍ക്ക് കാലക്രമമനുസരിച്ച് എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ വയ്യ. മറ്റുള്ളവര്‍ സ്വപ്നങ്ങളെക്കുറിച്ചെഴുതുമ്പോള്‍ താന്‍ രാത്രി തന്റെ ഉറക്കമില്ലാതാക്കിയവയെക്കുറിച്ചു പറയുന്നു, അതൊരിക്കലും ജീവചരിത്രമാവില്ല.

ഒരിക്കല്‍ പാര്‍ക്കിലിരിക്കുമ്പോള്‍, തങ്ങളെ ഭ്രാന്തുപിടിപ്പിച്ച പെണ്ണുങ്ങളെപ്പറ്റിയുള്ള കഥകള്‍ പറഞ്ഞ രണ്ടു കിഴവന്മാരെക്കുറിച്ച് 'കണ്‍ഫെഷന്‍സ് ഓഫ് എ പോയറ്റ് ലോറേറ്റ് (Confessions of a Poet Laureate) എന്ന പുസ്തകത്തില്‍ സിമിക്ക് എഴുതുന്നുണ്ട്. അവര്‍ പറഞ്ഞ കഥകളെല്ലാം ഇന്നും ഓര്‍മ്മയുണ്ട് അദ്ദേഹത്തിന്. പക്ഷേ അവരുടെ മുഖങ്ങള്‍ ഓര്‍ക്കാനാവുന്നില്ല. അതങ്ങനെയാണ്; മനസ്സ് ശൂന്യമാവുമ്പോഴെ കഥപറയുന്നവരുടെ മുഖം ഓര്‍മ്മ വരികയുള്ളു, അവര്‍ പറഞ്ഞ കഥകളോര്‍ക്കുമ്പോഴല്ല.

ലോറി ആന്‍ ബോസലയുടെ 'ദ വേഡ്‌സ് ഇന്‍ ദിസ് വേള്‍ഡ്' ( The Worlds in this World) എന്ന കവിതയില്‍ കാറ്റ് നടത്തുന്ന ഒരു നിരര്‍ത്ഥഭാഷണത്തെ പറ്റി പറയുന്നതിങ്ങനെ; സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ ഒരിക്കലും അടയുന്നില്ല - അതൊരു ശാപമാണ്, അതു തന്നെയാണ് ദിവ്യാത്ഭുതവും. പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ സിമിക്ക് ഈ ശാപത്തെയും അത്ഭുതത്തെയും അനുഭവങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. കാഴ്ചയുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, മറ്റുള്ളവരുമായുള്ള ഇടപഴകലിലുണ്ടാകുന്ന അനുഭവങ്ങള്‍, ഒന്ന് തെളിമയുള്ളതാണ്, മറ്റേതാകട്ടെ അവ്യക്തവും.

കണ്ണാടികള്‍ക്ക് ഒഴിഞ്ഞ ചുവരുകളെയാണിഷ്ടമെന്ന് 'മിറേഴ്‌സ് അറ്റ് ഫോര്‍ എഎം' (Mirrors at 4 am) എന്ന കവിതയില്‍ സിമിക്ക് കണ്ടെത്തുന്നു. അവയ്ക്ക് സമയത്തിന്റെയും നിത്യതയുടെയും കൂട്ടുകെട്ടാണിഷ്ടം. അതുപോലെ മരിച്ചവരുടെ ചിത്രങ്ങള്‍ പോലും തണുത്തിരിക്കുന്നു. അങ്ങനെയാണ് ' ബുക്ക് ഫുള്‍ ഓഫ് പിക്‌ച്ചേഴ്‌സ്' (A Book Full of Picturse) എന്ന കവിതയില്‍ ചിത്രപുസ്തകം നോക്കിയിരിക്കുന്ന കുട്ടിക്ക് തോന്നുന്നത്. കണ്ണാടിയിലും മരണത്തിലും ഉറഞ്ഞുപോകുന്ന ചിലത്.

തന്റെ വാചകങ്ങളെ കീശയിലിട്ട് കടന്നു കളഞ്ഞ ഒരാളെ 'എഗൈന്‍ ദാറ്റ്' (Again That) എന്ന കവിതയില്‍ നോവിക ടാവിച്ച് (Novica Tadic ) വിവരിക്കുന്നുണ്ട്. ഈ കവിത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ സിമിക്കിനും ഈ വിവരണം ചേരും. നമുക്ക് പറയാനുള്ളതൊക്കെയുംകൊണ്ട് അദ്ദേഹം പോയ്ക്കളഞ്ഞിരിക്കുന്നു.

അമേരിക്കയിലായിരുന്ന തന്റെ അച്ഛന്‍ ഒരു പന്നിക്കുട്ടിയെയും പിടിച്ചു നില്‍ക്കുന്ന ഫോട്ടോഗ്രാഫിനെപ്പറ്റി ' ദ ലൈറ്റ് ഓഫ് ഇമേജസ്' (The Life of Images) എന്ന പുസ്തകത്തില്‍ സിമിച്ച് പറയുന്നുണ്ട്. ചിത്രത്തില്‍ അച്ഛനും അടുത്തു നില്‍ക്കുന്ന രണ്ടു സുന്ദരികളും ചിരിക്കുന്നു. പന്നിക്കുട്ടിയും വായ തുറന്നു പിടിച്ചിരിക്കുകയാണ്, പക്ഷേ അത് ചിരിക്കുകയാണെന്നു തോന്നുകയില്ല.

ആഘോഷങ്ങള്‍ കഴിഞ്ഞ് നേരം വെളുത്തപ്പോള്‍ അച്ഛനും പന്നിക്കുട്ടിയും തനിച്ചായിരുന്നു. സുന്ദരികള്‍ എങ്ങോട്ടോ പോയി. അടുത്ത മേശയില്‍ കുടിച്ച് കോണ്‍ തെറ്റിയ ഒരു പാതിരി രണ്ടു ചെറുപ്പക്കാരുടെ വിവാഹം നടത്തിക്കൊടുക്കുന്നത് അച്ഛന്‍ കണ്ടു. നവദമ്പതികളെ ആശീര്‍വദിക്കാന്‍ പാതിരി കത്തിയും മുള്ളുമുപയോഗിച്ച് ഒരു കുരിശുണ്ടാക്കി. അച്ഛനുടനെ ആ പന്നിക്കുട്ടിയെ അവര്‍ക്ക് വിവാഹസമ്മാനമായി കൊടുത്തു. പാവം പന്നി.

അച്ഛന്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടെങ്കിലും സിമിക്കും അമ്മയും നാസി ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ബല്‍ഗ്രേഡില്‍ പട്ടിണി കിടക്കുകയായിരുന്നു. ഭക്ഷണത്തിനു വേണ്ടി അവര്‍ക്കു പലതും വില്‍ക്കേണ്ടി വന്നു. അങ്ങനെ അച്ഛന്റെ ഒരു രാക്കുപ്പായം കൊടുത്ത് ഒരു ജിപ്‌സിയില്‍ വാങ്ങിയ പന്നിക്കും ഫോട്ടോഗ്രാഫില്‍ കണ്ട പന്നിക്കും ഒരേ മുഖമായിരുന്നുവെന്ന് സിമിക്കിനു തോന്നി. അതങ്ങനെയാണ്; ദുരിതങ്ങള്‍ പലതിനും പലര്‍ക്കും ഒരേ മുഖച്ഛായ നല്‍കുന്നു.

അവലംബം
1.Come Closer and Listen - Charles Simic
2.Jackstraws - Charles Simic
The Life of Images - Charles Simic
3.Dark Things - Novica Tadic
4. The Voice at 3 -Charles Simic
5. Walking the Black Cat - Charles Simic
6. The Hour Between Dog and Wolf - Laure - Anne Bosselaar
7. Confession of a Poet Laureate - Charles Simic

Content Highlights: Charles Simic, Serbian-American poet, literary works, write up, Jayakrishnan G.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented