പെണ്ണുങ്ങളേ... 'പേരില്ലാത്ത പ്രശ്‌നങ്ങളെ' ഇങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്!


ഷബിത

 സ്ത്രീകളോട് ആദ്യമായി ബെറ്റി ഫ്രീഡന്‍ ആഹ്വാനം ചെയ്തത് മിനിമം വിവാഹപ്രായം എന്ന കാഴ്ചപ്പാട് പാടേ ഉപേക്ഷിക്കാനാണ്. അമ്പതുകളിലെ സര്‍വകലാശാലാ കണക്കുകള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവും അതേ സമയം വര്‍ധിച്ചു വരുന്ന ജനനനിരക്കുകളുമാണ്.

ബെറ്റി ഫ്രീഡൻ

'പേരില്ലാത്തൊരു പ്രശ്നം!'- ആയിരത്തിതൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ലോകവ്യാപകമായി സ്ത്രീകൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങളെ, വിഷമതകളെ, സങ്കീർണതകളെ അമേരിക്കൻ എഴുത്തുകാരിയായ, ബെറ്റി ഫ്രീഡൻ നിർവചിച്ചത് ഇങ്ങനെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൃത്യമായി പറഞ്ഞാൽ 1963 ഫെബ്രുവരി പത്തൊമ്പത്; ഫെമിനിസത്തിന്റെ രണ്ടാം തരംഗം ലോകമെമ്പാടും അലയടിച്ച ദിവസം. അമേരിക്കൻ സമൂഹത്തിൽ അക്കാലത്ത് ബെറ്റി കണ്ടുമുട്ടിയ സ്ത്രീകൾ ഏറെയും 'പേരില്ലാത്തൊരു പ്രശ്നം' അനുഭവിക്കുന്നവരായിരുന്നു.

മികച്ച ജീവിത ചുറ്റുപാടുകളും ഭർത്താവും കുട്ടികളും ഭൗതികസൗകര്യങ്ങളും എല്ലാമുണ്ടായിട്ടും വീട്ടമ്മമാർ വിഷാദവതികളായി കാണപ്പെട്ടു. വിഷാദം ഒരു പ്രശ്നമായി മാറിയ സമയത്താണ് ബെറ്റി തന്റെ ഗവേഷണോത്സുകത സ്ത്രീകളിൽ തന്നെയാക്കാൻ തീരുമാനിച്ചത്. അക്കാലത്തെ മികച്ച വനിതാപ്രസിദ്ധീകരണങ്ങളോടും, സ്ത്രീകളുടെ വിദ്യാഭ്യാസസമ്പ്രദായങ്ങളോടും പരസ്യദാതാക്കളോടും ബെറ്റി ആവർത്തിച്ചു ചോദിച്ചു: 'സ്ത്രീ എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നതെന്താണ്?' നിങ്ങളുടേതായ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ പ്രതിച്ഛായ് ഒതുക്കപ്പെടുക വഴി അവരെ തികച്ചും ഗാർഹികമേഖലയിലേക്ക് മാത്രം പരുവപ്പെടുത്തിയെടുത്തിട്ടെന്തു നേടി? പല സ്ത്രീകളുടെയും വ്യക്തിത്വവും സ്വത്വബോധവും നഷ്ടപ്പെടാൻ ഇത് കാരണമായി.

'ദ ഫെമിനിൻ മിസ്റ്റിക്'(The Feminine Mystique) എന്ന പുസ്തകം ബെറ്റി ഫ്രീഡൻ പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം തരംഗ ഫെമിനിസത്തിൽ നിന്നും തികച്ചും വിഭിന്നമായ കാഴ്ചപ്പാടാണ് മുന്നോട്ട് വച്ചത്. ആ കാഴ്ചപ്പാടുകളെ സ്ത്രീസമത്യവാദത്തിന്റെ രണ്ടാം തരംഗം എന്നാണ് വാഴ്ത്തിപ്പാടിയത്. സ്ത്രീകളുടെ വ്യക്തിത്വ വികാസത്തിനും ഉന്നമനത്തിനുമായി പതിനാല് അധ്യായങ്ങളാണ് ബെറ്റി 'ദ ഫെമിനിൻ മിസ്റ്റിക്കി'ൽ ഉൾപ്പെടുത്തിയത്. തികച്ചും വ്യക്തിത്വമുള്ളവരായി വളരാനും സമൂഹത്തിൽ തലയുയർത്തി നിൽക്കാനും ആഹ്വാനം ചെയ്യുന്നതായിരുന്നു പുസ്തകത്തിലെ ഓരോ അധ്യായങ്ങളും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലവുമുൾപ്പെട്ട ഒന്നാം തരംഗ ഫെമിനിസം സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായിരുന്നു പ്രയത്നിച്ചിരുന്നത്. പ്രധാനമായും വോട്ടവകാശവും മറ്റ് അടിസ്ഥാന അവകാശങ്ങളും നേടിയെടുക്കുന്നതിൽ വിജയിച്ചപ്പോൾ രണ്ടാം തരംഗസ്ത്രീസമത്വവാദം അമ്പതുകളിൽ ആരംഭിച്ചത് പ്രധാനമായും ബെറ്റി ഫ്രീഡന്റെ നേതൃത്വത്തിലായിരുന്നു. സ്ത്രീസമത്വവാദവും സ്വാതന്ത്ര്യവും തുല്യനിയമ, സാമൂഹികാവകാശങ്ങളുമായിരുന്നു ഉയർത്തിപ്പിടിച്ചത്. തൊണ്ണൂറുകളിലാണ് മൂന്നാം തരംഗം ഉയർന്നത്. രണ്ടാം തരംഗ ഫെമിനിസത്തിന്റെ തുടർച്ചയെന്നോണം വിദ്യാഭ്യാസത്തിനും, ജോലിയ്ക്കും സ്വത്വബോധ്ത്തിനുമായിരുന്നു ഇത് പ്രാമുഖ്യം നൽകിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാലാം തരംഗം ഉയർന്നപ്പോൾ സ്ത്രീസമത്യവാദികൾ ഈന്നൽ കൊടുത്തത് സാമ്പത്തികവും സാങ്കേതികവുമായ സ്ത്രീസ്വാതന്ത്ര്യത്തിനാണ്. എന്നിരുന്നാലും രണ്ടാം തരംഗ ഫെമിനിസത്തിന്റെ തുടർതരംഗങ്ങളായിട്ടാണ് പിന്നീടുള്ളവയെല്ലാം വിലയിരുത്തപ്പെടുന്നത്. അതിന് നിദാനമായതാവട്ടെ ബെറ്റി ഫ്രീഡന്റെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളുമാണ്. 'ദ ഫെമിനിൻ മിസ്റ്റിക്കി'ന്റെ അമ്പത്തിയെട്ടാം വാർഷികത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം ചർച്ചചെയ്യുന്നു.

സ്ത്രീകളോട് ആദ്യമായി ബെറ്റി ഫ്രീഡൻ ആഹ്വാനം ചെയ്തത് മിനിമം വിവാഹപ്രായം എന്ന കാഴ്ചപ്പാട് പാടേ ഉപേക്ഷിക്കാനാണ്. അമ്പതുകളിലെ സർവകലാശാലാ കണക്കുകൾ പ്രകാരം ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവും അതേ സമയം വർധിച്ചു വരുന്ന ജനനനിരക്കുകളുമാണ്. സ്ത്രീകൾ എന്തുകൊണ്ട് അസന്തുഷ്ടമായ ജീവിതം നയിക്കപ്പെടേണ്ടി വരുന്നു എന്നതിന്റെ കാരണമായിരുന്നു പൂർത്തീകരിക്കാത്ത വിദ്യാഭ്യാസവും വളരെ നേരത്തെയുള്ള വിവാഹവും തുടർച്ചയായ പ്രസവങ്ങളും. സ്ത്രീകളുടെ മുഴുവൻ സമയ ഗാർഹിക ബന്ധനത്തിലും വിവാഹത്തിലും ആണ് അമേരിക്കൻ സംസ്കാരം കുടിയിരിക്കുന്നത് എന്ന തെറ്റിദ്ധാരണ യുഗാന്തരങ്ങളായി കൈമാറിക്കൊണ്ടിരിക്കുന്നതിനാൽ ചെറുത്തുനിൽപ് അത്ര എളുപ്പമായിരുന്നില്ല. ഈ അസംതൃപ്തിയെക്കുറിച്ച് സ്ത്രീകൾ പരസ്പരം അറിഞ്ഞിരുന്നെങ്കിലും 'വ്യക്തിഗതപ്രശ്നം' എന്ന് തെറ്റായി വ്യാഖ്യാനിച്ചതിനാൽ സ്ത്രീസൗഹൃദങ്ങളിൽ വളരെ അപൂർവമായി മാത്രമേ 'പേരില്ലാത്തൊരു പ്രശ്നം' ചർച്ചയിൽ വന്നുള്ളൂ. ആ അവസ്ഥയെ ഫ്രീഡൻ നിർവചിക്കുന്നതിങ്ങനെയാണ്: ' മനുഷ്യന്റെ കാലങ്ങളായി നിലനിൽക്കുന്ന ഭൗതിക പ്രശ്നങ്ങളായ ദാരിദ്ര്യം, രോഗം, തണുപ്പ്, വിശപ്പ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഇതിനെ മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് പ്രശ്നത്തിന്റെ വിചിത്രമായ, പുതുമയുള്ള ഒരു ഭാഗം.'' ഭർത്താവ്, വീട്, മക്കൾ എന്നതിനേക്കാളുപരി തങ്ങൾക്കെന്തെങ്കിലും സ്വന്തമായിട്ട് വേണം എന്നു പ്രഖ്യാപിച്ചകൊണ്ടാണ്, ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രീഡൻ തന്റെ ആദ്യത്തെ അധ്യായം അവസാനിപ്പിക്കുന്നത്.

ഫ്രീഡൻ ഉയർത്തിപ്പിടിച്ച മറ്റൊരു ആരോപണമായിരുന്നു അമ്പതുകളിലെ വനിതാപ്രസിദ്ധീകരണങ്ങളുടെ എഡിറ്റർഷിപ്പ്. വനിതാ മാഗസിനുകളുടെ എഡിറ്റോറിയൽ തീരുമാനങ്ങൾ പുരുഷന്മാരുടെ അധികാരത്തിലായിരുന്നെന്ന് ഫ്രീഡൻ ഉദാഹരണങ്ങൾ സഹിതം ഫ്രീഡൻ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ സന്തോഷവതികളായ, തൃപ്തരായ വീട്ടമ്മമാരാക്കി ചിത്രീകരിക്കുകയും ഉദ്യോഗസ്ഥകളായവരെ ജോലിഭാരമുള്ളവരും അസന്തുഷ്ടരായ കരിയറിസ്റ്റുകളുമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന കഥകളും ലേഖനങ്ങളും പടച്ചുവിട്ടുകൊണ്ട് അങ്ങനെ 'ഫെമിനിൻ മിസ്റ്റിക്' എന്ന അവസ്ഥ ഉദ്ദേശ്യപരമായി നടപ്പിലാക്കുകയും ചെയ്തു- അനന്തരഫലമായി സ്ത്രീകൾ തികഞ്ഞ വീട്ടമ്മമാരായും അമ്മമാരാലും കുലസ്ത്രീകളായും തുടർന്നുകൊണ്ട് ജീവിതം പിതൃമേധാവിത്വ സമൂഹത്തിന് സമർപ്പിച്ചു മുജ്ജന്മസുകൃതണഞ്ഞു. അതേ സമയം ഇരുപത് വർഷം മുമ്പ്, 1930-കളിൽ തികച്ചും പുരോഗമനപരമായിരുന്നു വനിതാപ്രസിദ്ധീകരണങ്ങളുടെ ഉദ്ദേശ്യശുദ്ധി. ആത്മവിശ്വാസമുള്ളവരും സ്വതന്ത്രചിന്താഗതിക്കാരും തങ്ങളുടെ പ്രഭാവം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നവരുമായ ധാരാളം നായികമാരാൽ നിറഞ്ഞിരുന്നു ഓരോ വനിതാ പ്രസിദ്ധീകരണങ്ങളും. അത്തരം യഥാർഥ സ്ത്രീരത്നങ്ങളുടെ വളർച്ചയിൽ നിന്നും പിറകോട്ടാണ് അമേരിക്ക അടുത്ത ഇരുപത് വർഷം കൊണ്ട് സഞ്ചരിച്ചത്- ഫ്രീഡൻ സമർഥിക്കുന്നു.

മനഃശാസ്ത്രത്തിൽ അതിഗംഭീരമായ ഭാവിയുണ്ടായിട്ടും കുട്ടികളെ വളർത്താനായി മാത്രം സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും സൈക്കോളജിയെ ഉപേക്ഷിക്കുകയും ചെയ്ത ഫ്രീഡൻ സ്വയം ഉദാഹരണമാക്കിയാണ് സമൂഹത്തിന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാനുള്ള തീരുമാനത്തെക്കുറിച്ച് ലോകത്തോട് പറയുന്നത്. 'ഫെമിനിൻ മിസ്റ്റിക്' എഴുതുന്ന വേളയിലും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി യുവതികളെ എഴുത്തുകാരി മുന്നിൽ കാണുന്നുണ്ട്. വിവാഹിതരാവാൻ വേണ്ടിമാത്രം പല യുവതികളും പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ച് കലാലയങ്ങളോട് വിടപറഞ്ഞു. പഠനം നീണ്ടുപോയാൽ, വയസ്സ് ഏറിപ്പോയാൽ തങ്ങൾക്ക് അനുയോജ്യരായ ഭർത്താക്കന്മാരെ ലഭിക്കില്ലെന്ന് അവർ ഭയപ്പെട്ടു(അമ്പതുകളിലെ അമേരിക്കയും രണ്ടായിരത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളവും തമ്മിൽ അസ്സലൊരു താരതമ്യ പഠനത്തിന് സ്കോപ്പ് ഉണ്ട്) ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവ് പ്രായം കൂടും തോറും നഷ്ടപ്പെടുമെന്ന ഭയത്താൽ വിവാഹത്തിലേക്ക് ഓടിക്കയറിയവരായിരുന്നു ഫ്രീഡന്റെ നിരീക്ഷണത്തിലെ അമേരിക്കൻ പെൺകുട്ടികൾ. അതേസമയം പുരുഷന്മാരുടെ വ്യക്തിത്വം എന്തായിരിക്കണെമന്നതിനെക്കുറിച്ച് സൈദ്ധാന്തിക ചർച്ചകൾ പൊടിപൊടിക്കുകയും ചെയ്യുന്നു. സ്ത്രീകൾ സ്വയംഭരണാധികാരകളായിത്തീരാൻ അധികകാലം വേണ്ടിവരില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഫ്രീഡൻ തന്റെ മൂന്നാമത്തെ അധ്യായം അവസാനിപ്പിക്കുന്നത്. പുരുഷസൈദ്ധാന്തികതയിലെ സ്ത്രീത്വത്തെക്കുറിച്ച് ഫ്രീഡന്റെ വാക്കുകൾ: ''ശരീരഘടനയാണ് സ്ത്രീയുടെ വിധി. സ്ത്രീത്വത്തിന്റെ സൈദ്ധാന്തികർ പറയുന്നു; സ്ത്രീയുടെ വ്യക്തിത്വം നിർണയിക്കുന്നത് അവളുടെ ജീവശാസ്ത്രമാണ്.'' സ്ത്രീകൾ പക്വത കൈവരിക്കുകയും സ്വന്തം മനുഷ്യസ്വത്വം തിരിച്ചറിയുകയും ചെയ്യുക എന്നതാണ് പേരില്ലാത്ത പ്രശ്നങ്ങൾക്കൊരു പരിഹാരമെന്ന ഫ്രീഡൻ വാദിക്കുന്നുണ്ട്. അതൊരു വഴിത്തിരിവാണ്; 'ഏതൊരു സ്ത്രീയുടെയും ജീവിതത്തിനപ്പുറമുള്ള ഒരർത്ഥത്തിൽ, -ഇത് വളർന്നുവരുന്ന സ്ത്രീകളുടെ പ്രതിസന്ധിയാണെന്ന് ഞാൻ കരുതുന്നു-പക്വതയില്ലായ്മയിൽ നിന്ന് പൂർണ്ണമായ മനുഷ്യ സ്വത്വത്തിലേക്ക് സ്ത്രീത്വം എന്ന് വിളിക്കപ്പെടുന്ന ഒരു വഴിത്തിരിവ്.'

നാലാമത്തെ അധ്യായത്തിലാണ് ഫ്രീഡൻ തനിക്കുമുമ്പേ ചിന്തിച്ച അമേരിക്കൻ ഫെമിനിസ്റ്റുകളെ പഠനവിധേയമാക്കുന്നത്. ഭാര്യ, അമ്മ എന്നതിനപ്പുറത്തുള്ള സ്ത്രീയെ കണ്ടെത്താനുള്ള അവരുടെ ആർജവത്തെ പ്രകീർത്തിക്കുകയാണ് എഴുത്തുകാരി. സ്ത്രീകൾക്ക് അടിസ്ഥാന അവകാശങ്ങളും വോട്ടവകാശവും ജോലിചെയ്യാനുള്ള അവകാശവും വിദ്യാഭ്യാസം നേടാനുള്ള അവകാശവും നേടിയെടുത്തത് ഫ്രീഡന്റെ പൂർവികരായ ഫെമിസ്റ്റുകളാണെന്ന് നന്ദിപൂർവം അവർ സ്മരിക്കുന്നു.

മനഃശാസ്ത്രത്തിൽ ബിരുദം നേടിയ ഫ്രീഡൻ, മനഃശാസ്ത്ര വിശകലനത്തിന്റെ സ്ഥാപകനായ സിഗ്മണ്ട് ഫ്രോയിഡിനെയും വെറുതെ വിട്ടില്ല.('ഫെമിനിസ്റ്റ് മിസ്റ്റിക്' പ്രസിദ്ധീകരിച്ച കാലത്ത് അമേരിക്കയിൽ ഫ്രോയ്‌ഡിന്റെ ആശയങ്ങൾക്ക് വളരെ സ്വാധീനമുള്ളതാണ്) സ്ത്രീകൾ കുട്ടികളെപ്പോലെയാണെന്നും വീട്ടമ്മമാരായിരിക്കുന്നതാണ് സുരക്ഷിതമെന്നും ഫ്രോയിഡ് ഒരിക്കൽ പ്രസ്താവിച്ചു. ''നിയമത്തിലും വിദ്യാഭ്യാസത്തിലുമുള്ള എല്ലാ പരിഷ്കരണ നടപടികളും മനുഷ്യൻ തന്റെ സ്വത്വത്തെ സമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതു മുന്നേ തന്നെ തകരുമെന്ന് ഞാൻ വിശ്വസിക്കുന്നു. പുരുഷന് സമൂഹത്തിൽ ഒരു സ്ഥാനം നേടാൻ കഴിയും, സൗന്ദര്യം, മനോഹാരിത, മാധുര്യം എന്നിവയിലൂടെ പ്രകൃതിയാണ് സ്ത്രീയുടെ വിധി നിർണയിക്കുന്നത്.''- ഫ്രോയ്‌ഡിനെ എഴുത്തുകാരി ഉദ്ധരിക്കുന്നു. 'കരിയർ ആഗ്രഹിക്കുന്ന സ്ത്രീകളെ 'ന്യൂറോട്ടിക്' എന്ന് മുദ്രകുത്താൻ ഫ്രോയ്‌ഡിന്റെ 'ലിംഗ അസൂയ' എന്ന ആശയം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവർത്തികളുടെയും ആശയങ്ങളുടെയും പ്രശസ്തി വീട്ടുജോലിക്കാരിലെ 'സ്ത്രീലിംഗത്തെ' ശാസ്ത്രീയമതമായി ഉയർത്തിയെന്നും ഫ്രീഡൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ വിമർശിക്കാൻ വേണ്ടത്ര വിദ്യാഭ്യാസം അദ്ദേഹം നേടിയിട്ടില്ല എന്നാണ് ഫ്രീഡൻ ആരോപിച്ചത്.

1940- മുതൽ 1960-കളുടെ ആരംഭം വരെയുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ഫ്രീഡൻ ചർച്ചയ്ക്കു വിധേയമാക്കി. അതിൽ നിരവധി വനിതാ സ്കൂളുകൾ വെല്ലുവിളിയില്ലാതെ വിദ്യാഭ്യാസം നടത്തി; വിവാഹം, കുടുംബം, സ്ത്രീകൾക്ക് അനുയോജ്യമെന്ന് കരുതുന്ന മറ്റ് വിഷയങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉന്നത, ദീർഘകാല വിദ്യാഭ്യാസം സ്ത്രീത്വത്തെയും ലൈംഗിക പൂർത്തീകരണത്തിനുള്ള ശേഷിയെയും നശിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള വിദ്യാഭ്യാസം ചെറുപ്പത്തിൽത്തന്നെ പെൺകുട്ടികളെ അവരുടെ വൈകാരിക വികാസത്തെ 'അറസ്റ്റു' ചെയ്തുവെന്ന് ഫ്രീഡൻ പറയുന്നു. കാരണം അവർക്ക് ഒരിക്കലും വേദനാജനകമായ സ്വത്വ പ്രതിസന്ധിയെയോ നിരവധി വെല്ലുവിളികളെ നേരിടുന്നതിലൂടെ മുതിർന്നവർ സ്വായത്വമാക്കുന്ന പക്വതയെയോ അഭിമുഖീകരിക്കേണ്ടി വന്നില്ല.

രണ്ടാം ലോകമഹായുദ്ധകാലത്തും ശീതയുദ്ധത്തിലുമുള്ള അനിശ്ചിതത്വങ്ങളും ഭയങ്ങളും അമേരിക്കക്കാരെ വീടിന്റെ ആന്തരിക സുഖസൗകര്യഭോഗങ്ങൾക്കായി ദീർഘകാലം പ്രേരിപ്പിച്ചുവെന്ന് ഫ്രീഡൻ അഭിപ്രായപ്പെടുന്നു, അതിനാൽ അവർ കുടുംബാംഗങ്ങളോടൊപ്പം ഗാർഹിക ജീവിതം സൃഷ്ടിക്കാൻ ശ്രമിച്ചു. പുരുഷൻ അവിടെ അന്നദാതാവും സ്ത്രീ വീട്ടമ്മയുമായി. മുമ്പ് യുദ്ധകാലത്ത് പുരുഷന്മാർ ചെയ്തിരുന്ന ജോലികളിലേക്ക് അപ്രതീക്ഷിതമായി സ്ത്രീകൾ നിയമിതരാക്കപ്പെട്ടപ്പോൾ അവർ നേരിട്ട പരിഹാസവും അപകർഷതയും വിവേചനങ്ങളും ശത്രുതയും പഠനവിധേയമാക്കേണ്ടതാണെന്നും ഫ്രീഡൻ പറയുന്നു. വിദ്യാഭ്യാസമുള്ളവർ അധിക വിദ്യാഭ്യാസമുള്ള, ജോലി മാത്രം ശ്രദ്ധിച്ച അമ്മമാരെ കുറ്റപ്പെടുത്തിയതും അത് ജോലിയിടങ്ങളിൽ സൃഷ്ടിച്ച മാനസികപീഡനങ്ങളും ഫ്രീഡൻ ചോദ്യംചെയ്യുന്നു.

തങ്ങളുടെ വീട്ടുജോലികൾ മടുപ്പില്ലാതെ ചെയ്യാൻ് നിരവധി പ്രത്യേക ഉൽപ്പന്നങ്ങൾ ആവശ്യമുള്ള പ്രൊഫഷണലുകളായി സ്വയം ചിന്തിക്കാൻ വീട്ടമ്മമാരെ പ്രോത്സാഹിപ്പിക്കാൻ പരസ്യദാതാക്കൾ ശ്രമിച്ചതായി ഫ്രീഡൻ ആരോപിക്കുന്നു. അതേസമയം വീട്ടമ്മമാരെ യഥാർത്ഥ തൊഴിൽ ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു; അതിനർത്ഥം അവർ കൂടുതൽ സമയവും പരിശ്രമവും ചെലവഴിക്കില്ലെന്നാണ്. ഈ സിദ്ധാന്തത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്, സ്ത്രീകളല്ല, പുരുഷന്മാരാണ് ഈ ഗാർഹിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതെന്നും യഥാർത്ഥ തൊഴിൽ ഉള്ള സ്ത്രീകൾ പരസ്യദാതാക്കളുടെ ലാഭം വർദ്ധിപ്പിക്കുമ്പോഴും സ്ത്രീകളുടെ വാങ്ങൽശേഷി വർദ്ധിപ്പിക്കുമെന്നുമാണ്.

ഫ്രീഡൻ നിരവധി മുഴുസമയ വീട്ടമ്മമാരെ അഭിമുഖം നടത്തുന്നു, വീട്ടുജോലികൾ സമയാസമയം നിറവേറ്റുന്നില്ലെങ്കിലും അവരെല്ലാവരും അതിൽ വളരെ തിരക്കിലാണ്. ലഭ്യമായ സമയം നിറയ്ക്കാൻ ഈ സ്ത്രീകൾ അബോധാവസ്ഥയിൽ വീട്ടുജോലികൾ നീട്ടുന്നുവെന്ന് അവർ അഭിപ്രായപ്പെടുന്നു, കാരണം ഇതാണ് ജീവിതത്തിലെ പങ്കെന്ന് അവർ തെറ്റായി പഠിച്ചുവെച്ചു. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കിയാൽ അവർ വീട്ടകങ്ങളിൽ അനാവശ്യമായ ഒന്നായിത്തീരും.

പല വീട്ടമ്മമാരും ലൈംഗികബന്ധത്തിൽ പൂർത്തീകരണം തേടിയിട്ടുണ്ടെങ്കിലും വീട്ടുജോലികളിലും കുട്ടികളിലും പൂർത്തീകരണം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഫ്രീഡൻ പറയുന്നു; ലൈംഗികതയ്ക്ക് ഒരു വ്യക്തിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യാനുള്ള ശ്രമം വിവാഹിതരായ സ്ത്രീകളെ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പലപ്പോഴും മറ്റുബന്ധങ്ങളുണ്ടാക്കാനോ ഭർത്താക്കന്മാരെ അകറ്റാനോ പ്രേരിപ്പിക്കുമെന്നും ഫ്രീഡൻ അഭിപ്രായപ്പെടുന്നു.

പല കുട്ടികൾക്കും ജീവിതത്തിലോ വൈകാരിക വളർച്ചയിലോ താൽപര്യം നഷ്ടപ്പെട്ടു എന്ന വസ്തുത ഫ്രീഡൻ ചർച്ച ചെയ്യുന്നു, ഇത് അമ്മയുടെ പൂർത്തീകരണത്തിന്റെ അഭാവമാണ്, സ്ത്രീലിംഗത്തിന്റെ ഒരു പാർശ്വഫലമാണ്. അമ്മയ്ക്ക് സ്വത്വം ഇല്ലാതാവുമ്പോൾ, അവൾ പലപ്പോഴും മക്കളിലൂടെ ജീവിക്കാൻ ശ്രമിക്കുന്നു, ഇത് കുട്ടികൾക്ക് സ്വന്തം ജീവിതത്തോടുകൂടിയ പ്രത്യേക മനുഷ്യരാണെന്ന ബോധം നഷ്ടപ്പെടാൻ ഇടയാക്കുന്നു.

മനഃശാസ്ത്രജ്ഞനായ അബ്രഹാം മാസ്ലോവിന്റെ ആവശ്യങ്ങളുടെ ശ്രേണിയെക്കുറിച്ചും ഫ്രീഡൻ ചർച്ച ചെയ്യുന്നണ്ട്. സ്ത്രീകൾ അടിസ്ഥാനപരവും ശാരീരികവുമായ തലത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും ആത്മാർഥമായ ലൈംഗിക പങ്കാളിത്തത്തിലൂടെ മാത്രം അവരുടെ വ്യക്തിത്വം കണ്ടെത്തുമെന്നും ഫ്രീഡൻ പ്രതീക്ഷിക്കുന്നു. സ്വയം യാഥാർത്ഥ്യമാക്കുന്നതിന് പുരുഷന്മാർ ചെയ്യുന്നതുപോലെ സ്ത്രീകൾക്ക് അർത്ഥവത്തായ ജോലി ആവശ്യമാണെന്ന് ഫ്രീഡൻ പറയുന്നു; അതാണ് ആവശ്യങ്ങളുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന തലം.

'ദ ഫെമിനിൻ മിസ്റ്റിക്ക്' അവസാന അധ്യായത്തിൽ, സ്ത്രീലിംഗത്തിന് എതിരായി പോകാൻ തുടങ്ങിയ സ്ത്രീകളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ കേസ് ഹിസ്റ്ററി സഹിതം ഫ്രീഡൻ ചർച്ച ചെയ്യുന്നു. വീട്ടുജോലികൾ ഒരു കരിയറായി കാണാതിരിക്കുക, വിവാഹത്തിലൂടെയും മാതൃത്വത്തിലൂടെയും മാത്രം പൂർത്തീകരണം കണ്ടെത്താൻ ശ്രമിക്കാതിരിക്കുക, അവരുടെ മുഴുവൻ മാനസികശേഷി ഉപയോഗിക്കുന്ന അർത്ഥവത്തായ ജോലി കണ്ടെത്തുക എന്നിവ ഉൾപ്പെടെ ഒരു പുതിയ ജീവിത പദ്ധതിക്കായി അവർ വാദിക്കുന്നു. സ്വയം യാഥാർത്ഥ്യമാക്കാനുള്ള ഈ യാത്രയിൽ ചില സ്ത്രീകൾ അഭിമുഖീകരിച്ചേക്കാവുന്ന സംഘർഷങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നു, അവരുടെ സ്വന്തം ഭയവും മറ്റുള്ളവരിൽ നിന്നുള്ള പ്രതിരോധവും ഉൾപ്പെടെ. ഓരോ സംഘട്ടനത്തിനും, അതിനെ മറികടന്ന സ്ത്രീകളുടെ ഉദാഹരണങ്ങൾ ഫ്രീഡൻ നിരത്തുന്നുണ്ട്. സ്ത്രീലിംഗത്തിൽ 'കുടുങ്ങി'പ്പോകുന്നത് തരണം ചെയ്യാൻ കഴിയുന്ന ആത്യന്തിക രീതിയായി വിദ്യാഭ്യാസവും അർത്ഥവത്തായ ജോലിയും പ്രോത്സാഹിപ്പിച്ചാണ് ഫ്രീഡൻ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്, സ്ത്രീലിംഗം എന്നതിന്റെ അർത്ഥത്തെക്കുറിച്ച് തീവ്രമായി പുനർവിചിന്തനം നടത്താനും നിരവധി വിദ്യാഭ്യാസ, തൊഴിൽ നിർദ്ദേശങ്ങൾ നൽകാനും 'ദ ഫെമിനിൻ മിസ്റ്റിക'് ആഹ്വാനം ചെയ്യുന്നു.

Content Highlights: Celebrating 138 Anniversary of The Feminine Mystique by Betty Friedan second wave Feminism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented