സുധീർ ധാർ, വിജയൻ, ശങ്കർ കാർട്ടൂണുകൾ ഷെയ്ഖ് അബ്ദുള്ള
ഭൂപടം വരയ്ക്കുന്ന കാര്‍ട്ടോഗ്രാഫറും രാഷ്ട്രീയംവരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റും കശ്മീരിനെ സൂക്ഷിച്ച് കൈകാര്യംചെയ്യണം. ഈയിടെ പ്രകാശനംചെയ്ത ഒരു ഭൂപടത്തില്‍ കശ്മീരിന്റെ സ്ഥാനംതെറ്റിച്ചതിന് ട്വിറ്ററിനെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചു .
എന്നുവെച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ കശ്മീരിനെ ഒരുകാലത്തും ഒഴിവാക്കിയിട്ടില്ല. ശങ്കറിന്റെ കാലംമുതല്‍ നാടൊട്ടുക്ക് ഭാഷാ കാര്‍ട്ടൂണുകളിലടക്കം ഈ പ്രശ്നസംസ്ഥാനം ചര്‍ച്ചാവിഷയമായി. അതിനൊരു കാരണം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും പരിഹരിക്കാനും പുനഃസൃഷ്ടിക്കാനും കെല്‍പ്പുള്ള അവിടത്തെ അതികായനാണ്. 'കശ്മീരിലെ സിംഹം' എന്നറിയപ്പെട്ടിരുന്ന ഷെയ്ഖ് അബ്ദുള്ള.
എത്ര ജനാധിപത്യവാദിയായ കാര്‍ട്ടൂണിസ്റ്റും വ്യക്തികേന്ദ്രിതരാഷ്ട്രീയം അല്പമൊക്കെ ഇഷ്ടപ്പെടും. വിശ്വസിച്ച് വോട്ടുചെയ്യാനും അവിശ്വസിച്ച് വിമര്‍ശിക്കാനും ഒരു വലിയ നേതാവുണ്ടാവുന്നത് നല്ലതാണ്. അന്‍പതുകളിലും അറുപതുകളിലും ഉയര്‍ന്നുവന്ന കാമരാജ്, ഇ.എം.എസ്., ഖൈറോണ്‍, ബിജു പട്നായിക് തുടങ്ങിയ പ്രാദേശികശക്തര്ക്ക് ഒരടിമുന്നിലായിരുന്നു ഷെയ്ഖ് അബ്ദുള്ള. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നതുകൊണ്ട് അദ്ദേഹം നയിച്ച സംസ്ഥാനവും.
കേന്ദ്രസര്‍ക്കാരുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങിയ ഈ ആറാറരയടി നീണ്ട രൂപവും ഭാവപ്പകര്‍ച്ചകളും കാര്‍ട്ടൂണിനുവേണ്ടി ഉരുവാക്കിയപോലിരുന്നു. ഏതാണ്ട് ഇത്രതന്നെ തലയെടുപ്പുള്ള മകന് ഫാറൂഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ മകന് ഒമര്‍ അബ്ദുള്ളയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി.
ഈ വന്ദൃശ്യവിഭവങ്ങളെ വേണ്ടത്ര പ്രയോജനപ്പെടുത്താഞ്ഞത് ഒരു കശ്മീരി കാര്‍ട്ടൂണിസ്റ്റാണ്-സുധീര്‍ ധാര്‍. 1967 മുതല്‍ 1989 വരെ ഹിന്ദുസ്ഥാന്‍ ടൈംസിലുണ്ടായിരുന്നു. വരച്ചകാലത്തൊക്കെയും മൂന്നില്‍രണ്ട് അബ്ദുള്ളമാരെങ്കിലും വാര്‍ത്തയിലുണ്ട്. സ്വദേശം പോയിട്ട് മൊത്തം ദേശത്തെ രാഷ്ട്രീയംതന്നെ അദ്ദേഹം അപൂര്‍വമായേ കൈകാര്യംചെയ്തുള്ളൂ. അറിയപ്പെടുന്ന നേതാക്കളെ മുന്‍നിര്‍ത്തി വല്ലപ്പോഴും വിസ്തരിച്ചുവരച്ചപ്പോഴൊക്കെ വാര്‍ത്തയെ തൊട്ടുതലോടിപ്പോയതേയുള്ളൂ.
ഒന്നാംപേജില്‍ പോക്കറ്റ് കാര്‍ട്ടൂണില്‍ ഡല്ഹിജീവിതത്തെ ലാഘവത്തോടെ ചിത്രീകരിച്ചാണ് ഈ സാമൂഹിക കാര്‍ട്ടൂണിസ്റ്റ് പ്രശസ്തനായത്. അന്ന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിലെ വായനക്കാരുടെ കണ്ണില്‍ തലസ്ഥാനത്തെ വമ്പന്മാര് അതിമാനുഷരല്ലാതായി. ധാര്‍ സാബിന്റെ അയഞ്ഞ, ബലംപിടിക്കാത്ത രേഖകളിലൂടെ ധീരശൂര നേതാക്കളും പരാക്രമികളായ ഉദ്യോഗസ്ഥരും മനുഷ്യസഹജദൗര്ബല്യങ്ങളുള്ള സാദാകോലങ്ങളായി.
ധാര്സാബിന് സമ്പന്നമായ ഒരു സാമൂഹികജീവിതമുണ്ടായിരുന്നു. നഗരത്തിലെ എണ്ണപ്പെട്ട സായാഹ്നസത്കാരങ്ങളില് ഈ ദീര്ഘകായന് പെട്ടെന്ന് കണ്ണില്‍പ്പെടും. ഭംഗിയായി വസ്ത്രംധരിച്ച് ഉല്ലാസത്തോടെ കടന്നുപോയ ഈ മൃദുഭാഷി കടുത്ത രാഷ്ട്രീയം പറഞ്ഞു ഞങ്ങളെ ഒരിക്കല്‍ ഞെട്ടിച്ചു.
തിരഞ്ഞെടുപ്പ് ജയിച്ചു 1998-ല്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് തലേന്ന് എല്‍.കെ. അദ്വാനി ഡല്‍ഹിയിലെ കാര്‍ട്ടൂണിസ്റ്റുകളെ ചായയ്ക്ക് ക്ഷണിച്ചു. ഒരുപാടുകാലം പ്രതിപക്ഷത്തിരുന്നതുകൊണ്ടും അതിനിടയ്ക്ക് ആറുകൊല്ലം രാജ്യസഭയില്‍ അംഗമായിരുന്ന അബു എബ്രഹാമിനോടുള്ള പരിചയംകൊണ്ടുമൊക്കെ ഈ പ്രതിഷേധകലയെക്കുറിച്ച് സാമാന്യധാരണയുണ്ടായിരുന്നു അദ്വാനിജിക്ക്...
വിരുന്നുണ്ണാന്‍ പറ്റിയ കാലമായിരുന്നില്ല പക്ഷേ, അത്. രഥയാത്രയും ബാബറി മസ്ജിദും ഓര്‍മയില്‍ നിറഞ്ഞുനിന്നിരുന്നു. പലരും പോകണോ വേണ്ടയോ എന്നുതന്നെ സംശയിച്ചു. പേടിച്ചു പിന്മാറണ്ടാ, പോയി നോക്കാമെന്ന് അഭിപ്രായപ്പെട്ടത് ധാര്സാബാണ്. പണ്ടാര പാര്‍ക്കിലെ സ്വീകരണമുറിയിലെ സംഭാഷണം കാര്ട്ടൂണിസ്റ്റുകള്ക്കുവേണ്ടി അദ്ദേഹം നയിച്ചു.
ചായയ്ക്കും സമൂസയ്ക്കുംമാത്രമായിരുന്നു ചൂട്. തികച്ചും ഔപചാരികമായിരുന്നു അന്തരീക്ഷം. നിയുക്ത ആഭ്യന്തരമന്ത്രി കാര്‍ട്ടൂണിസ്റ്റുകളോടുള്ള മതിപ്പ് മറച്ചുവെച്ചില്ല. ധാര്സാബ് ഉചിതമായ സരസവചനങ്ങളുമായി ഒപ്പം നീങ്ങി. പ്രത്യേകിച്ചൊരു അപകടവും കൂടാതെ വൈകുന്നേരം തീര്‍ന്നുകിട്ടുമെന്ന് ആശ്വസിച്ചുതുടങ്ങിയപ്പോള് ആളുടെ മട്ടുമാറി. പുതിയ ഭരണകക്ഷിയുടെ അടിസ്ഥാനരാഷ്ട്രീയത്തെക്കുറിച്ച് കാര്‍ട്ടൂണിസ്റ്റിനുള്ള സര്‍വ ആശങ്കകളും അക്കമിട്ടുനിരത്തി. ഒറ്റവാക്ക് അസ്ഥാനത്തായില്ല; ശബ്ദമുയര്‍ന്നില്ല. സദാ പ്രസന്നനായ ആ കശ്മീരിയുടെ അകത്തുകനക്കുന്ന രാഷ്ട്രീയം നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്ന അദ്വാനിജി ഇന്ന് അധികാരസ്ഥാനത്തില്ല. അലങ്കാരസ്ഥാനത്ത്, മാര്‍ഗദര്‍ശക് മണ്ഡലില്‍ വിശ്രമിക്കുന്നു.
Content Highlights" Cartoonist EP Unny Column Mathrubhumi Sheikh Abdullah Jammu and Kashmir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..