എനിക്ക് എന്തെങ്കിലും വായിച്ചാലേ ഉറങ്ങാന്‍ പറ്റൂ; 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം സ്വീകരിച്ച് രാഷ്ട്രപതി


സി രാധാകൃഷ്ണന്‍

എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവലിന്റെ പരിഭാഷ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമ്മാനിച്ച നിമിഷത്തെക്കുറിച്ച് എഴുതുന്നു.

സി രാധാകൃഷ്ണൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വസതിയിൽ

ലസ്ഥാനനഗരിയുടെ മിക്ക ഭാഗങ്ങളും ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് കാണാന്‍ അവസരം ഉണ്ടായി. പ്രധാനമന്ത്രിയുടെ വസതിയില്‍ വരെ ഒന്നിലേറെ തവണ പോയി. പത്രപ്രവര്‍ത്തകരില്‍ കുറേശ്ശെ പേരെ വിളിച്ച് ഇന്ദിര ഗാന്ധി ആഴ്ചയില്‍ ഒരു ദിവസം ചായ തരുമായിരുന്നു.

തണുപ്പുകാലത്ത് ബോട്ട് ക്ലബ്ബ് മൈതാനിയില്‍ വെയില്‍ കായാന്‍ ഇരിക്കെ ചുറ്റും നോക്കിയാല്‍ കാണാവുന്ന മറ്റെന്തിലും ഏറെ തലയെടുപ്പുള്ള രാഷ്ട്രപതി ഭവനില്‍ ചെല്ലാന്‍ പക്ഷേ, ഒരിക്കലും അവസരം ഉണ്ടായില്ല. അത് കാര്യമായ ഒരു വാര്‍ത്താ ഉറവിടം അല്ലാത്തതുകൊണ്ട് അക്കാലത്ത് ഒന്നും അങ്ങനെ ഒരാവശ്യവും വന്നില്ല.
അവിടെ കാണാനോ കേള്‍ക്കാനോ ഒന്നുമില്ല എന്നായിരുന്നു ധാരണ. സുഹൃത്തും രക്ഷകനുമായ വി.കെ. മാധവന്‍കുട്ടി പലവുരു ക്ഷണിച്ചിട്ടും കൂടെ പോയില്ല.
ആ സുന്ദരശില്‍പ്പത്തിന്റെ അകത്തളങ്ങള്‍ കാണാന്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയത് ഡല്‍ഹി വിട്ടതിനു ശേഷമാണ്.
ഒരു ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് എഴുതിയ 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുര'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറായപ്പോള്‍ ഒരു മോഹം തോന്നി: ഇതിന്റെ ആദ്യപ്രതി ആരാധ്യയായ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാന്‍ കഴിയുമോ?

ജാതിമത ചിന്തകള്‍ക്കപ്പുറം മാനവികത ഉയര്‍ത്തിപ്പിടിച്ച മഹര്‍ഷിയും കവിയുമായ ഭാഷാപിതാവിന്റെ കഥ ആദ്യമായി അറിയിക്കേണ്ടത് ഒറീസയിലെ പൗരാണികതയുടെ പ്രതീകമായ ഈ രാഷ്ട്രപതിജിയെ തന്നെയല്ലേ?

അവരുടെ ജീവിതകഥ വായിച്ച് അതെ എന്ന് ഉറപ്പുവരുത്തി. കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതിലേറെ വേഗത്തില്‍ ഫലവത്തായി. എഴുത്തച്ഛന്‍ എന്ന മഹാ ഗുരുനാഥന്റെ അനുഗ്രഹം തന്നെ.

മാര്‍ച്ച് 15 എന്ന തീയതി കുറിച്ചുകിട്ടിയതിനെ തുടര്‍ന്ന് പുസ്തകവുംകൊണ്ട് ഡല്‍ഹിക്ക് പോകുമ്പോള്‍ ഇതൊരു സ്വപ്നമാണോ എന്ന് പോലും ശങ്കിച്ചു.
നിര്‍ദ്ദേശിക്കപ്പെട്ട നമ്പര്‍ ഉള്ള ഗെയ്റ്റില്‍ അര മണിക്കൂര്‍ മുമ്പേ എത്തി. ഔപചാരികമെങ്കിലും സുഖകരമായ സ്വീകരണം. മൊബൈല്‍ ഫോണും മറ്റും സൂക്ഷിപ്പിനായി ഏറ്റുവാങ്ങി അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. വളരെ വലിയ ആ സ്വീകരണമുറിയില്‍ ഞാന്‍ ഒരാള്‍ മാത്രം.

ആദ്യം കുടിക്കാന്‍ വെള്ളം. പിന്നാലെ ചായയും പലഹാരങ്ങളും. ഭക്ഷണം കഴിച്ചിട്ട് ഏറെ സമയം ആയിരുന്നില്ല, അതുകൊണ്ട് ഒന്നും സ്വീകരിക്കാന്‍ പറ്റിയില്ല. തന്നെയുമല്ല ചിന്തയത്രയും വരാനിരിക്കുന്ന കൂടിക്കാഴ്ചയെ കുറിച്ച് മാത്രവുമായിരുന്നു.

ബാത്‌റൂമില്‍ പോണോ എന്ന ചോദ്യവുമായി വേറൊരാള്‍. ആ ആവശ്യവുമുണ്ടായിരുന്നില്ല. ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്ന ആളുടെ ഊഴം അടുത്തത്. പാദ നമസ്‌കാരമോ ഹസ്തദാനമോ പതിവില്ല. കയ്യകലം പാലിക്കണം. രാഷ്ട്രപതിജി എന്നേ സംബോധന ചെയ്യാവൂ. വലതുവശത്തേക്ക് ചെല്ലണം. അനുമതിയില്ലാതെ സംസാരിക്കരുത്. അനുവദിച്ച സമയം പാലിക്കണം.

ഞാന്‍ ആലോചിച്ചു, എഴുത്തച്ഛനെക്കുറിച്ച് അല്ലാതെ എന്താണ് എനിക്ക് അവരോട് പറയാനുള്ളത്? ജാതിവിവേചനത്തിന്റെ കഷ്ടത അനുഭവിച്ചവരല്ലേ അവരുടെ പൂര്‍വികരും. ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പോലും അവിടത്തെ ഗ്രാമങ്ങളില്‍ കണ്ട കാര്യം ഞാന്‍ ഓര്‍ത്തു.

ഗോപിനാഥ് മൊഹന്തി മെമ്മോറിയല്‍ പ്രഭാഷണം നടത്താന്‍ ചെന്നതായിരുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്‌നിച്ച മഹാനുഭാവന്‍ ആയിരുന്നല്ലോ അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികളുടെ പരിഭാഷകളില്‍ നിന്നാണ് ആ ഭാഗത്തെ ആദിവാസികളുടെ കഥ ഞാന്‍ ആദ്യമായി അറിയുന്നത്. പ്രത്യേകിച്ചും 'പറയ' എന്ന നോവലില്‍നിന്ന്. ആ നോവലിന്റെ പശ്ചാത്തലമായ ഗ്രാമപ്രദേശങ്ങള്‍ കാണണം എന്നൊരു മോഹം ഞാന്‍ പ്രകടിപ്പിച്ചു. പ്രഭാഷണത്തിനു ശേഷം സംഘടാകരെന്നെ അവിടങ്ങളില്‍ കൊണ്ടുപോയി. സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് എനിക്കുണ്ടായിരുന്ന അഭിമാനം ചോര്‍ന്നുപോയ നേരമായിരുന്നു അത്. പരമദയനീയമായിരുന്നു അവിടെ കഴിയുന്നവരുടെ അവസ്ഥ.

ഈ വിചാരങ്ങള്‍ക്ക് വിരാമമിട്ട് കൃത്യസമയത്ത് ഞാന്‍ അകത്തേക്ക് നയിക്കപ്പെട്ടു. വിശാലമായ ആ മുറിയില്‍ ആരും വേറെയില്ല. ഈ നാടിന്റെ മഹോന്നത പദവിയുടെ പ്രൗഢി നിറഞ്ഞുനില്‍ക്കുന്ന ഒരിടം.

ആര്‍ദ്രമായ പ്രസന്നതയോടെ അവരെന്നെ സ്വാഗതം ചെയ്തു. കൈകൂപ്പി വന്ദിച്ച എന്നോട് ഇരിക്കാന്‍ പറഞ്ഞു. പുസ്തകം സസന്തോഷം സ്വീകരിച്ചു. പുസ്തകത്തെക്കുറിച്ച് വളരെ ചുരുക്കി ഞാന്‍ പറഞ്ഞത് ശ്രദ്ധയോടെ ചെവിക്കൊണ്ടു. തുടര്‍ന്ന് മറ്റു പുസ്തകങ്ങളും കൈമാറി. ആദ്യം ഇതേ കൃതിയുടെ ഹിന്ദി പരിഭാഷ ജ്ഞാനപീഠം പ്രസിദ്ധീകരിച്ചത്. പിന്നെ ഭഗവത്ഗീത വ്യാഖ്യാനത്തിന്റെ ഹിന്ദി-ഇംഗ്ലീഷ് പതിപ്പുകളും.

'ഞാന്‍ നാളെ അങ്ങോട്ട് വരുന്നു' എന്ന് അവര്‍ സന്തോഷത്തോടെ പറഞ്ഞു. ഈ നാടിന്റെയും നാട്ടുകാരുടെയും ഇവിടത്തെ എല്ലാ ജീവജാലങ്ങളുടെയും പേരില്‍ ഞാന്‍ അവരെ ഹാര്‍ദമായി സ്വാഗതം ചെയ്തു. പുസ്തകങ്ങളിലേക്ക് ശ്രദ്ധ വീണ്ടും തിരിച്ച് അവര്‍ പ്രഖ്യാപിച്ചു, 'ഞാന്‍ വായിക്കും.'

എങ്ങനെ സമയമുണ്ടാകാന്‍ എന്ന് എന്റെ മുഖത്ത് അവിശ്വാസം നിഴലിച്ചത് കണ്ടാവാം അവര്‍ തുടര്‍ന്നു, 'അധ്യാപികയായിരുന്ന എനിക്ക് എന്തെങ്കിലും വായിച്ചാലേ ഉറങ്ങാന്‍ പറ്റൂ.' പ്രാഥമികമായും എന്നോട് തന്നെ എന്നപോലെ ഞാന്‍ പറഞ്ഞുപോയി, 'അമ്മയും അധ്യാപികയും രണ്ടും കൂടിയായ ഒരാള്‍ ഈ പദവിയിലിരിക്കുന്നത് ഇവിടെ എന്നല്ല ലോകത്ത് തന്നെ എങ്ങും മുന്‍പുണ്ടായിട്ടില്ലല്ലോ, ഭാരതീയരുടെ സുകൃതം!'

ഗോപിനാഥ് മൊഹന്തിയെക്കുറിച്ചും മലബാറില്‍ പണ്ട് പറയര്‍ എന്നറിയപ്പെട്ടിരുന്ന സമൂഹത്തെക്കുറിച്ചും പറയാന്‍ സന്ദര്‍ഭം ഉണ്ടായി. നാടിന്റെ പല ഭാഗങ്ങളിലും ഉള്ള ജനസമൂഹങ്ങളെക്കുറിച്ചും അവരുടെ വേഴ്ചകളെക്കുറിച്ചും അങ്ങനെ നാടിന്റെ ഏകത്വത്തെ കുറിച്ചും അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉരുവിട്ടു 'ജനനീ ജന്മഭൂമിശ്ച...'
അവര്‍ പൂരിപ്പിച്ചു,' സ്വര്‍ഗ്ഗാദപി ഗിരീയസി!'
അനുവദിച്ചുതന്ന പത്തു മിനിറ്റ് കഴിയുന്നു എന്ന് എന്റെ ഉള്ളം പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും കൈ കൂപ്പി. അരികില്‍ നിര്‍ത്തി ഫോട്ടോ എടുപ്പിച്ചതിനു ശേഷം അവര്‍ യാത്രാനുമതി തന്നു. മേഘങ്ങളില്‍ നടന്ന് ഞാന്‍ കാറില്‍ കയറി താമസസ്ഥലത്ത് എത്തിയതിനകം അവിടെയെടുത്ത ചിത്രങ്ങള്‍ എന്റെ മൊബൈല്‍ ഫോണില്‍ മെയിലായി വന്നു.

ആ മുഖത്തെ നിരുപാധികമായ കാരുണ്യഭാവം എന്നെ വല്ലാതെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മനുഷ്യസ്‌നേഹിയായ ഋഷി കവിയുടെ ജീവിതകഥ എല്ലാംകൊണ്ടും അര്‍ഹിക്കുന്ന കൈകളിലാണ് ഞാന്‍ ഏല്‍പ്പിച്ചത് എന്ന മഹാചാരിതാര്‍ത്ഥ്യം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമായി പരിണമിച്ചിരിക്കുകയാണ്. അതെ, സ്‌നേഹത്തിന്റെ ഉറവകള്‍ കാലാതിവര്‍ത്തിയായിരിക്കുന്ന ഈ നാട് തീര്‍ച്ചയായും പുണ്യഭൂമി തന്നെ!

Content Highlights: C.Radhakrishnan, Draupadi Murmu, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented