കെ. സുരേന്ദ്രൻ
നോവലിസ്റ്റും നിരൂപകനുമായിരുന്ന കെ. സുരേന്ദ്രന്റെ ജന്മശതാബ്ദിയില്‍ സി.പി. ബിജു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം.
നോവലില്‍നിന്ന് കഥ പുകച്ചുകളഞ്ഞ് അതിനെ ശുദ്ധീകരിക്കാം എന്ന് ഭാവിക്കുന്നത് മനുഷ്യശരീരത്തില്‍നിന്ന് കങ്കാളം കിഴിവുചെയ്ത് അതിനെ കൂടുതല്‍ മിഴിവുള്ളതാക്കാം എന്ന് പറയുന്നതുപോലെയാണ്- നോവല്‍സ്വരൂപം എന്ന കൃതിയില്‍ (പുറം 21) കെ. സുരേന്ദ്രന് അവതരിപ്പിക്കുന്ന കാഴ്ചപ്പാടാണിത്. ആദിമധ്യാന്തപ്പൊരുത്തമുള്ളതും അനായാസം വായിച്ചുപോകാവുന്നതും കൃത്യമായ കാലാനുക്രമണിക പുലര്‍ത്തുന്നതുമായ ഒരുകൂട്ടം 'നോവല്‍ കഥകള്‍' എഴുതി ഒരുകാലത്തെ വായനക്കാരുടെയാകെ പ്രീതി പിടിച്ചുപറ്റിയ എഴുത്തുകാരനായിരുന്നു കെ. സുരേന്ദ്രന്. താളം, മായ, ദേവി, സീമ, ജ്വാല, കാട്ടുകുരങ്ങ്, മരണം ദുര്‍ബലം, പതാക, സീതായനം, ക്ഷണപ്രഭാചഞ്ചലം തുടങ്ങി ഒരുകൂട്ടം നോവലുകള്‍. ഏറ്റവും ഒടുവില്‍ ഗുരു എന്ന വരിഷ്ഠകൃതിയും.
1960-കള്‍മുതല്‍ 90-കളുടെ പകുതിവരെയെങ്കിലുമുള്ള 'വായനശാലക്കാല'ത്ത് കേരളത്തിലങ്ങോളമിങ്ങോളം ഏറ്റവുമധികം വായിക്കപ്പെട്ട നോവലിസ്റ്റുകളിലൊരാളാണ് കെ. സുരേന്ദ്രന്. പിന്നീട് ഒരുഘട്ടത്തില്‍ ഏതാണ്ട് പൂര്ണമായിട്ടെന്നോണം മറഞ്ഞുപോവുകയും ചെയ്തു. 60-90 കളിലെ നോവല്‍വായനക്കാരില്‍ നല്ലൊരുപങ്കിനും ഒരു നൊസ്റ്റാള്‍ജിയയാണ് കെ. സുരേന്ദ്രന്റെ നോവലുകള്‍. ജന്മശതാബ്ദിവര്‍ഷത്തില്‍ കെ. സുരേന്ദ്രനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാനായി 60-ഓളം നോവല്നിരൂപണങ്ങളും പഠനങ്ങളും പരിശോധിച്ചതില്‍ വിരലിലെണ്ണാവുന്ന കൃതികളില്‍ മാത്രമേ ഇങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെങ്കിലും കാണാനായുള്ളൂ.
പോപ് നോവല്‍ എന്ന് പറയാവുന്ന ജനുസ്സില്‍ മലയാളത്തിലെ ആദ്യത്തെ താരോദയങ്ങളിലൊന്നാണ് കെ. സുരേന്ദ്രന്. 1960-കളിലാണ് നോവലിസ്റ്റ് എന്ന നിലയില്‍ കെ. സുരേന്ദ്രന്റെ രംഗപ്രവേശം. മലയാളസാഹിത്യം പ്രത്യേകിച്ച് നോവല്‍, ഉജ്ജ്വലമായ പരിണാമങ്ങളിലേക്ക് പാകപ്പെടുന്ന കാലമായിരുന്നു അത്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ കൊടിപ്പടം മെല്ലെ താണുകഴിഞ്ഞു. തകഴിയുടെ ചെമ്മീന്‍ 1956-ല്‍ പുറത്തുവന്നിരുന്നു. കേരളീയ സമൂഹഘടനയില്‍ പ്രകടമായ മാറ്റങ്ങള്‍ വേരുപിടിച്ചുതുടങ്ങിയ കാലം. ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്ഥാനാരോഹണവും വിമോചനസമരവും കേരളീയസമൂഹത്തിലുണ്ടാക്കിയ അനുരണനങ്ങള്‍-മലയാളിയുടെ പൊതുമനസ്സിലുണ്ടാക്കിയ മാറ്റങ്ങള്‍-വളരെ വലുതായിരുന്നു.
സമൂഹത്തിലെ വെറും അംഗങ്ങള്‍ മാത്രമാണ് വ്യക്തികള്‍ എന്ന ധാരണയില്‍നിന്ന് കൂടുതല്‍ വ്യക്ത്യധിഷ്ഠിതമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുന്നത് 1960-കളിലാണ്. കലാത്മകരും അസ്തിത്വംപോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരുമായ വ്യക്തികള്‍ ആധുനികതാവാദത്തിലേക്ക് വേഗം ചെന്നെത്തി. അത്തരം ദാര്‍ശനികതയുടെ കലമ്പലുകള്‍ ബാധിക്കാത്തവരായിരുന്നു വലിയൊരുകൂട്ടം സാധാരണ മനുഷ്യര്‍. ആ വിഭാഗത്തില്‍ പെട്ട മലയാളികളുടെ വിവിധ വായനാഭിരുചികളെയാണ് ഒരുവിഭാഗം മധ്യവര്‍ഗ മധ്യവര്‍ത്തി എഴുത്തുകാര്‍ അഭിസംബോധനചെയ്തത്. ആ വിഭാഗത്തില്‍പ്പെട്ട മറ്റൊരുകൂട്ടം സാധാരണക്കാരുടെ വായനാഭിരുചികളെ അഭിസംബോധനചെയ്തത് പൈങ്കിളിനോവലുകള്‍ എന്ന് പരിഹസിക്കപ്പെടുകയോ താലോലിക്കപ്പെടുകയോ ചെയ്ത ജനപ്രിയ നോവലുകളായിരുന്നു. സാഹിത്യം, ജീവിതം, മനുഷ്യാവസ്ഥ തുടങ്ങിയവയെക്കുറിച്ചൊക്കെയുള്ള സവിശേഷ ഭാവുകത്വശിക്ഷണം സ്വീകരിച്ച വായനക്കാരാണ് ആധുനികതാപ്രസ്ഥാനങ്ങളെ നെഞ്ചേറ്റിയതെങ്കില് വായനയില്‍ ആഹ്ലാദിക്കുന്നവരും പലപ്പോഴും അഭിരമിക്കുന്നവരും വായിക്കുന്ന പുസ്തകത്തില്‍നിന്ന് രസകരമായൊരു കഥ അനുഭവിക്കാനിഷ്ടപ്പെടുന്നവരുമായിരുന്നു മുന്‍പറഞ്ഞ മധ്യവര്‍ഗ മധ്യവര്‍ത്തി നോവലുകളുടെ വായനക്കാര്‍.
ഗാര്ഹികനോവലുകള് എന്ന് പറയാവുന്ന ഇത്തരം പ്രമേയങ്ങള്‍ സ്വീകരിച്ച് ലളിതവും വായനസുഖം തികഞ്ഞതുമായ ശൈലിയില്‍ മികച്ച നോവലുകള്‍ എഴുതിയ ഒരു നിര എഴുത്തുകാര്‍ നമുക്കുണ്ട്. വിലാസിനി, കെ. സുരേന്ദ്രന്, മലയാറ്റൂര്‍, പാറപ്പുറത്ത്, ജി. വിവേകാനന്ദന്, പി.ആര്. ശ്യാമള തുടങ്ങി മറക്കാന്പാടില്ലാത്ത നിരവധി എഴുത്തുകാര്‍. കേരളീയ സമൂഹഘടനയിലും സാംസ്കാരികതയിലും ഉണ്ടായ മാറ്റങ്ങളെ വലിയൊരളവോളം ചിത്രീകരിക്കുന്നവയാണ് ഇവരുടെ കൃതികള്‍. എന്നാല്‍, അക്കൂട്ടത്തില്‍ മലയാറ്റൂരിന്റെ വേരുകള്‍, യക്ഷി, പാറപ്പുറത്തിന്റെ അരനാഴിക നേരം എന്നിങ്ങനെ വളരെ ചുരുക്കം ചില കൃതികളെക്കുറിച്ച് മാത്രമേ കാര്യമായ എന്തെങ്കിലും പഠനങ്ങളോ ആലോചനകളോ ഉണ്ടായിട്ടുള്ളൂ. വിലാസിനിയെയും കെ. സുരേന്ദ്രനെയും ജി. വിവേകാനന്ദനെയും പോലെയുള്ള എത്രയോ എഴുത്തുകാര്‍ പാടേ തിരസ്കരിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍!
കേരളത്തിലെ മധ്യവര്‍ഗ കുടുംബം, പ്രണയം, ദാമ്പത്യം, ലൈംഗികത, സദാചാരസങ്കല്പനങ്ങളുമായുള്ള ബലാബലം, സമൂഹത്തിലെ മാന്യത, സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിലേക്കുള്ള നോട്ടം തുടങ്ങിയവയൊക്കെയായിരുന്നു ഈ നോവലുകളുടെ ഉസാഘ (ഉത്തമ സാധാരണ ഘടകം).
നോവലിന്റെ ഗതിയില്‍ (പുറം 88-89) ടി.എന്‍. ജയചന്ദ്രന് എഴുതുന്നു:
''1960-ല്‍ തുടങ്ങി എന്ന് കരുതാവുന്ന ആധുനിക കാലഘട്ടത്തിന്റെ ദീപയഷ്ടിവാഹകര് കാലഗണനയനുസരിച്ച് പറഞ്ഞാല്‍, പാറപ്പുറത്ത്, ജി. വിവേകാനന്ദന്, എം.ടി. വാസുദേവന്‍ നായര്‍, കെ. സുരേന്ദ്രന്, മലയാറ്റൂര്‍ രാമകൃഷ്ണന്, വിലാസിനി എന്നിവരാണ്. ഇവരെക്കുറിച്ചെല്ലാം പൊതുവായി പറയാവുന്ന ഒരുകാര്യം അവരുടെ ഊന്നല്‍ സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളിലല്ല, വ്യക്തികളുടെ വ്യസനങ്ങളിലാണ് എന്നതാണ്...''
സാമൂഹികപ്രശ്നങ്ങളില്‍നിന്ന് വ്യക്തിജീവിതത്തിലെ താളക്കേടിലേക്കും സ്വകാര്യങ്ങളിലേക്കുമുള്ള മലയാളനോവലിന്റെ പരിവര്‍ത്തനത്തിന്റെ പ്രധാന കണ്ണികളിലൊരാളാണ് കെ. സുരേന്ദ്രന്. കുടുംബജീവിതത്തിലെ സംഘര്‍ഷവും വൈരുധ്യവും അതിന്റെ തനിമയില്‍ അവതരിപ്പിക്കുന്നതിലൂടെ മലയാളനോവലിന് അദ്ദേഹം പുതിയൊരു മാനം നല്കി എന്നും പറയാം.
വൈയക്തികത എന്നോ വ്യക്തിവാദം എന്നോ പറയാവുന്ന സാമൂഹികനിലയില്‍ നിന്നുകൊണ്ടുള്ളതായിരുന്നു കെ. സുരേന്ദ്രന്റെ എല്ലാ രചനകളും. സാമൂഹികതയുടെ മാനം കടന്നുവരുന്ന ഒരേയൊരു രചന ഒരുപക്ഷേ, ഗുരു ആയിരിക്കണം. വ്യക്തികളുടെ വൈകാരിക സംഘര്‍ഷങ്ങളും വിക്ഷോഭങ്ങളുംമൂലം ഒന്നിനു പിറകേ ഒന്നായി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു ആ നോവലുകളില്‍. അവിഹിത ബന്ധങ്ങളും അവിഹിത പ്രണയങ്ങളും ദാമ്പത്യേതര ബന്ധങ്ങളുമൊക്കെയാണ് അവിടത്തെ സംഭവങ്ങള്‍. എന്നാല്‍, എല്ലായ്പോഴും അവ, നിലനില്‍ക്കുന്ന സാമൂഹികവ്യവസ്ഥയുടെ ചിട്ടകള്ക്കിണങ്ങുന്ന വിധത്തില്‍ പരിക്കുകളൊന്നുമില്ലാതെ വന്ന് സമാപിക്കുകയുംചെയ്യും. അതുകൊണ്ടുതന്നെയാവണം, പൂര്‍വനിശ്ചിതമായ ഒരു കഥാഗതിയിലേക്ക് നോവലിസ്റ്റ് കഥാപാത്രങ്ങളെയും കഥാഗതിയെയും തെളിച്ചുകൊണ്ടുപോവുകയാണല്ലോ എന്ന് ഇന്ന് ആ കൃതികള്‍ വീണ്ടും വായിക്കുമ്പോള്‍ നമുക്ക് തോന്നും. ഇതിവൃത്ത പ്രധാനമായ ഗാര്‍ഹിക നോവലുകളുടെ ഒരു സവിശേഷതയാണ് ഈ സമീപനം എന്ന് നോവല്‍ പ്രശ്നങ്ങളും പഠനങ്ങളും എന്ന കൃതിയില്‍ ഡോ. എം. അച്യുതന് ചൂണ്ടിക്കാട്ടുന്നുണ്ട് (പുറം 16-17).
'... ഈ നോവല്കാരന്മാര് കുടുംബജീവിതത്തെയും വ്യക്തിബന്ധങ്ങളെയും വിഷയമാക്കി കഥപറയുന്നവരാണ്. പൊതുവേ അവര്‍ക്ക് നോവലില്‍ ഇതിവൃത്ത പൂര്‍ണതയാണ് പ്രധാനം. ഇതിവൃത്തം സങ്കീര്‍ണമായിരിക്കും. സര്‍വജ്ഞനായി നിന്നുകൊണ്ട് ഗ്രന്ഥകാരന് കഥ ആഖ്യാനം ചെയ്യുന്നു. മുഖപ്രതിമുഖാദി സന്ധികളോടുകൂടിയ നാടകേതിവൃത്തം അവരെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഇതിവൃത്ത ഭദ്രതയ്ക്കുതകുന്ന സംഭവങ്ങള്‍ സൃഷ്ടിക്കാനായി അവര്‍ കഥാപാത്രങ്ങളെ സദാ നിയന്ത്രിക്കുകയും സ്വാതന്ത്ര്യം നല്‍കാതെ നയിക്കുകയുംചെയ്യുന്നു. തന്മൂലം ഊര്‍ജസ്വലരായ കഥാപാത്രങ്ങള്‍ പൊതുവേ വിരളമാകാനും പാത്രങ്ങള്‍ ടൈപ്പുകളാകാനും ഇടവന്നു. കഥാപാത്രങ്ങളെ പുറത്തുനിന്നുകണ്ട് ചിത്രീകരിക്കുന്നവരാണ് ഏറെപ്പേരും. സര്‍വജ്ഞനായ ഗ്രന്ഥകാരന് കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ചെല്ലാം പക്ഷപാതത്തോടെ അഭിപ്രായം പ്രകടിപ്പിക്കുകയും വായനക്കാരെ നയിക്കുകയും ചെയ്യും....'
ഇംഗ്ലീഷ് നോവലിന്റെ ചരിത്രംപറയുന്ന ഡയാന നെയിലിന്റെ രചനയെ അടിസ്ഥാനമാക്കി എം. അച്യുതന് പറയുന്ന ഇക്കാര്യങ്ങള്‍ കെ.സുരേന്ദ്രന്റെ രചനകളെക്കുറിച്ചാണോ പറയുന്നത് എന്ന് തോന്നുംവിധം അത്രയ്ക്കധികം ഇണങ്ങിപ്പോകുന്നതാണ്. മായ എന്ന നോവലിലെ 'കഥ'യെക്കുറിച്ച് നോവല്‍ സ്വരൂപത്തില്‍ കെ.സുരേന്ദ്രന് എഴുതിയിട്ടുള്ളത് ഇങ്ങനെ: ''ഡീസന്റ് ശങ്കരപ്പിള്ള മക്കളുടെ അഭ്യുദയത്തിനുവേണ്ടി സ്വന്തം ജീവിതത്തെ പണയപ്പെടുത്തി. സ്വന്തം ബുദ്ധി ചെലുത്തി വിശദാംശങ്ങള്‍ വരെ പ്ലാന്‍ ചെയ്തു. എന്നിട്ടോ! അവതന്നെ അയാളെ തിരിഞ്ഞുകടിക്കുന്നു. ഒടുവില്‍ വിശ്വാസം നശിച്ച അയാള്‍ അഴിമുഖത്തുചാടി ആത്മഹത്യചെയ്തു. ജീവിക്കാന്‍ വകയില്ലാഞ്ഞിട്ടല്ല, സ്വന്തം പദ്ധതികളില്‍ വിധി നടത്തിയ തിരുത്തിയെഴുത്ത് സ്വീകരിക്കാന്‍ ഡീസന്റ് ശങ്കരപ്പിള്ള തയ്യാറായില്ല... വിധിയുടെ രക്തസാക്ഷിയാണ് അയാള്‍ എന്നുപറയാം.''
അക്കാലത്തെ നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ ഇത്തരത്തിലുള്ള കഥാഗതി-കഥാപാത്ര ചര്‍ച്ചകള്‍ക്കപ്പുറം പ്രമേയപരമായ തലത്തിലേക്ക് നോവല്‍ ചര്‍ച്ചകളെ കൊണ്ടുപോയിട്ടുള്ള ഒരാള്‍ വിലാസിനിയാണ്. പ്രത്യക്ഷവത്കരണം നോവലില്‍ (പുറം42-43) എന്ന കൃതിയില്‍ വിലാസിനി സ്വന്തം രചനകളെ വിശകലനം ചെയ്യുന്നത് ഇങ്ങനെ: (സ്ത്രീപുരുഷ ബന്ധം എന്ന) ''ഈ പ്രശ്നത്തെ നാനാകോണുകളില്‍നിന്നും നാനാതലങ്ങളില്നിന്നും നോക്കിക്കാണാനാണ് ഞാന്‍ എന്റെ നോവലുകളില്‍ ശ്രമിച്ചിട്ടുള്ളത്. സ്ത്രീപുരുഷ ബന്ധം എന്ന അത്യന്തം സങ്കീര്‍ണമായ പൊതുപ്രശ്നത്തിന്റെ വ്യത്യസ്തമായ മുഖങ്ങളാണ് എന്റെ വിവിധ നോവലുകളില്‍ ഞാന്‍ നോക്കിക്കാണുന്നത്.
കെ. സുരേന്ദ്രന്റെ, ജീവചരിത്ര നോവലുകളുടെ സ്വഭാവത്തിലുള്ള ജ്വാല, മരണം ദുര്‍ബലം, രാഷ്ട്രീയ നോവലായ പതാക എന്നിവയിലും ഊന്നല്‍ സ്ത്രീപുരുഷ ബന്ധത്തിനുതന്നെയാണ്. മറ്റുസംഗതികള് കഥയുടെ കങ്കാളംമാത്രമേ ആകുന്നുള്ളൂ. ആത്മാവും മനസ്സും സ്ത്രീപുരുഷ ബന്ധം തന്നെ. കെ. സുരേന്ദ്രന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന പാറപ്പുറത്തിന്റെയും ജി.എന്‍. പണിക്കരുടെയുമൊക്കെ രചനകളിലും ഇത്തരത്തിലുള്ള സ്ത്രീപുരുഷ ബന്ധത്തിലൂന്നിയ ചിത്രീകരണങ്ങള്‍ക്ക് വലിയ പ്രാധാന്യമാണല്ലോ ഉള്ളത്.''(സുഹൃത്തുക്കള്‍ ആശാനെന്നുവിളിച്ചിരുന്ന കെ. സുരേന്ദ്രനെക്കുറിച്ച് ജി.എന്‍. പണിക്കരാണ് കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്).
നാടകകൃത്തും നിരൂപകനുമായിരുന്ന കെ. സുരേന്ദ്രന് ഒരു സുപ്രഭാതത്തിലാണ് നോവലിസ്റ്റായി പരിണമിക്കുന്നത്. ഇടയ്ക്ക് മൂന്ന് ജീവചരിത്രങ്ങള്കൂടി എഴുതി എന്നതൊഴിച്ചാല്‍ അന്ത്യംവരെയും അദ്ദേഹം നോവലിസ്റ്റായിരുന്നു. ഒരു ചെറുകഥ പോലും എഴുതിയതായി അറിവില്ല. കലിക മോഹനചന്ദ്രനെപ്പോലെ ചുരുക്കംചില നോവലിസ്റ്റുകളേ ഒരു ചെറുകഥപോലും എഴുതാത്ത മികച്ച നോവലിസ്റ്റുകളായി അറിയപ്പെടുന്നുള്ളൂ. ഇപ്പോള്‍, ആദ്യംതന്നെ നോവലില്‍ കൈവെച്ചുവരുന്ന ചില എഴുത്തുകാര്‍ക്ക് ചെറുകഥ വഴങ്ങാതെയുണ്ടാകാം. എന്നാല്‍, കെ. സുരേന്ദ്രന് നോവലിസ്റ്റാകുന്നതിനുമുന്പുതന്നെ മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു. ശ്രദ്ധേയനായ യുവ നിരൂപകന്!
ലളിതാംബിക അന്തര്‍ജനത്തിന്റെ തിരഞ്ഞെടുത്ത 44 കഥകള്‍ അടങ്ങിയ സമാഹാരത്തിന് കെ. സുരേന്ദ്രന് വിശദപഠനം എഴുതിയിട്ടുണ്ട്. ഒരു കഥാനിരൂപകന് എന്നതിനെക്കാള്‍ സൂക്ഷ്മദൃക്കായ ഒരു വായനക്കാരനും കലാമര്മജ്ഞനുമായ കെ. സുരേന്ദ്രനെ കാണിച്ചുതരുന്നതാണ് ഈ പഠനം. ഓരോ കഥയിലെയും 'കഥ' ആസ്വദിച്ച് വിശദീകരിക്കുകയാണ് ഈ പഠനത്തില്‍.
1979-ല്‍ പി.സി. കര്‍ത്താ മലയാളത്തിലെ നിരൂപണ പ്രസ്ഥാനത്തെക്കുറിച്ച് ഒരു വിശദപഠനം (നവലേഖനം) നടത്തിയപ്പോള്‍ അക്കാലത്തെ പ്രഗല്ഭരായ നിരൂപകരിലൊരാളായിരുന്നു കെ. സുരേന്ദ്രന്. നോവല്‍ സാഹിത്യ സംബന്ധിയായി മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കൃതികളുടെ കൂട്ടത്തിലാണ് പി.സി. കര്‍ത്താ, കെ. സുരേന്ദ്രന്റെ നോവല്‍ സ്വരൂപത്തെ ഉള്‍പ്പെടുത്തുന്നത്.
കെ. സുരേന്ദ്രന് എന്ന നിരൂപകനെക്കുറിച്ച് പി.സി. കര്‍ത്താ എഴുതുന്നത് (പുറം70-71) ഇങ്ങനെ:
''ഒരു പുതിയതരം നിരൂപണ രീതിയാണ് ശ്രീ കെ. സുരേന്ദ്രന് മലയാളത്തില്‍ കൊണ്ടുവന്നത്. കഥ പറയുംപോലെയാണ് തുടക്കം. കഥാപാരായണോത്സുകരെക്കൂടി ആകര്‍ഷിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. പക്ഷേ, നോവലിസ്റ്റ് എന്ന് പരക്കെ അറിയാന്‍ തുടങ്ങിയതോടെ അദ്ദേഹം നിരൂപണസരണിയില്നിന്ന് പിന്‍വലിഞ്ഞിരിക്കുന്നു.
നിരൂപകനും നാടകകൃത്തുമായി എഴുത്ത് തുടങ്ങിയതിന്റെ പല ഗുണങ്ങളും നോവല്‍ രചനയില്‍ കെ.സുരേന്ദ്രന് തുണയായിട്ടുണ്ട്. അതില്‍ ഒന്നാമത് സംഭാഷണ രചനയാണ്. നളചരിതത്തിലൊക്കെ കാണുന്നതുപോലെ അത്രയധികമാണ് സംഭാഷണങ്ങളിലൂടെയുള്ള കഥാഗതി സുരേന്ദ്രന് നോവലുകളില്‍. വിവരണങ്ങളെക്കാള് സംഭാഷണങ്ങള്‍ നല്കുന്ന ചലനാത്മകതയും ലാളിത്യവും വായന കൂടുതല്‍ അനായാസമാക്കുന്നുണ്ട്. സംഭാഷണത്തില്‍ വരികള്‍ മുറിച്ചുമുറിച്ച് എഴുതുന്നതുകൊണ്ട് വായിക്കുമ്പോള്‍ നോവലിന്റെ പേജുകള്‍ വേഗംവേഗം മറിഞ്ഞുനീങ്ങും. വായിച്ചുമുന്നേറുന്ന വായനക്കാരെ വിജയികളാക്കുന്ന ഒരു സൂത്രപ്പണി കൂടിയാണിത്. നോവലിനെ 'പേജ് ടേണര്‍' ആക്കുന്ന ഒരു ചെപ്പടിവിദ്യ.''
കെ. സുരേന്ദ്രന്റെ ആദ്യനോവലായ താളം മുതല്‍ ഒട്ടേറെ കൃതികളില്‍ കഥാപാത്രങ്ങള്‍ ഓണാട്ടുകരയിലെ ഗ്രാമസൗഭാഗ്യങ്ങളില്‍ ജനിച്ചുവളര്‍ന്ന് തിരുവനന്തപുരത്തേക്കും മറ്റും കുടിയേറുന്നവരാണ്. ജനിച്ചുവളര്‍ന്ന ഗ്രാമം അവര്‍ക്ക് പ്രിയ സങ്കേതങ്ങളാണ്. എന്നാല്‍ നഗരമാണ് അവരുടെ സ്വപ്നഭൂമി. മനുഷ്യര്‍ക്ക് പാര്‍ക്കാനുള്ള ഇടങ്ങള്‍ നഗരങ്ങളാണെന്ന് കരുതുന്നവരാണ് ഈ നോവലുകളിലെ വലിയൊരു വിഭാഗം കഥാപാത്രങ്ങള്‍. സ്ത്രീപുരുഷ ബന്ധങ്ങളിലെ സന്ദിഗ്ധതകളും വളവുതിരിവുകളുമാണ് ഒട്ടെല്ലാ കൃതികളിലും മുഖ്യപ്രമേയം. ലൈംഗികത അവിടെ ഒരു സ്വാഭാവിക ഘടകം മാത്രമാണ്. ലൈംഗിക സദാചാരം അത്ര ഗൗരവമുള്ളൊരു സംഗതിയൊന്നുമല്ല ആ കൃതികളില്‍. കുടുംബമായി കഴിയുന്നയാള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിര്‍ത്തുന്നതും മക്കളുണ്ടാകുന്നതും ആ മക്കളെ ഔദ്യോഗിക ഭാര്യയും മക്കളും സ്വീകരിക്കുന്നതുമൊക്കെ ഒന്നിലേറെ നോവലുകളില്‍ വരുന്നുണ്ട്. എന്നാല്‍, സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ തകര്‍ക്കുന്ന മനുഷ്യര്‍ ആരുംതന്നെയില്ല. മധ്യവര്‍ഗ സമൂഹത്തിലെ അംഗങ്ങളും അവരുടെ ജീവിതങ്ങളും മാത്രമേ സുരേന്ദ്രന്റെ നോവലുകളില്‍ വരുന്നുള്ളൂ. താളം എന്ന നോവലിന്റെ തുടര്‍ച്ചയാണ് കാട്ടുകുരങ്ങ് എന്ന കൃതി. താളത്തിലെ കഥാപാത്രങ്ങളും അവരുടെ പതിവ് വീട്ടുകാര്യങ്ങളും തന്നെയാണ് ഇതിലും തുടരുന്നത്.
ഇതുപോലെത്തന്നെ പരസ്പര ബന്ധമോ ചില സാമ്യങ്ങളോ ഉള്ള കൃതികളാണ് ജ്വാലയും സീമയും. കെ. സുരേന്ദ്രന്റെ നോവലുകളില്‍ ഏറെ ശ്രദ്ധ നേടിയവയിലൊന്നാണ് സീമ. വ്യക്തിസ്വാതന്ത്ര്യമെന്ന സങ്കല്പനത്തിനായി പട പൊരുതുന്ന സ്ത്രീയാണ് സീമയിലെ സുഭദ്ര. എന്റെ ജീവിതം എന്റെ ഇഷ്ടം എന്ന് ഉറച്ചുപ്രഖ്യാപിക്കാന്‍ ശേഷി പ്രകടിപ്പിച്ച കഥാപാത്രം. ആ തന്നിഷ്ടക്കാരിക്ക് പക്ഷേ, ജയില്‍വാസവും പീഡകളും തിരസ്കാരങ്ങളുമാണ് അനുഭവിക്കേണ്ടിവന്നത്. സമൂഹത്തിന്റെ സ്റ്റാറ്റസ്കോ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പ്രത്യയശാസ്ത്രോപകരണങ്ങള്ക്കുകീഴില് പെട്ടുപോകുന്നു.
ഏറെ ശ്രദ്ധനേടിയ മികച്ച നോവലുകളിലൊന്നാണ് ജ്വാല. കേസരി ബാലകൃഷ്ണപിള്ളയുടെ ഛായയില്‍ സൃഷ്ടിച്ച കരുണാകരന് നായര്‍, സി.പി. രാമസ്വാമി അയ്യരുടെ ഛായയിലുള്ള സി.വി. രാമകൃഷ്ണ അയ്യര്‍, കേസരി പത്രത്തിന്റെ ഛായയില്‍ കാഹളം എന്ന പ്രസിദ്ധീകരണം തുടങ്ങി ഒട്ടേറെയുണ്ട് സദൃശതകള്‍. കേസരിയുടെ അരുമശിഷ്യനായ തകഴി മുതല്‍ സാമൂഹികപ്രാധാന്യമുള്ള നോവലുകള്‍ രചിച്ച വലിയൊരു വിഭാഗം എഴുത്തുകാരുണ്ടായിട്ടും അവര്‍ക്കാര്‍ക്കും തോന്നാത്ത വിധത്തില്‍ കേസരിയുടെ ജീവിതഛായയില് ഒരു നോവലെഴുതാന്‍ തോന്നിയത് കെ. സുരേന്ദ്രനാണ് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. 'ഞങ്ങളുടെ കേസരി ഇങ്ങനെയല്ലാ' എന്ന് അക്കാലത്തും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ധാരാളമായി വായിക്കപ്പെട്ടു ജ്വാല. കേസരിയുടെ ഛായയിലാണ് കരുണാകരന്നായരെ സൃഷ്ടിച്ചത് എന്ന് നോവല്സ്വരൂപത്തില് കെ. സുരേന്ദ്രന് (പുറം 15) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതിയിട്ടുള്ളത് ഇങ്ങനെ-''കേസരി ബാലകൃഷ്ണപിള്ള എഴുതിയ മുഖപ്രസംഗങ്ങളുടെ സമാഹാരത്തിന് മിസിസ് ബാലകൃഷ്ണപിള്ള രണ്ടുപേജില്‍ കവിയാത്ത ഒരു പ്രസ്താവന എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതിലെ, 'ഇത്രയെല്ലാം കഷ്ടതകള്‍ അനുഭവിച്ച് നടത്തിയിരുന്ന പത്രത്തിലെ മുഖലേഖനങ്ങള്‍ ഒരു പുസ്തകത്തിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു' എന്ന വാചകമാണ് ജ്വാല എന്ന നോവലിന്റെ ബീജമായി ഭവിച്ചത്...സ്വന്തം സ്വാര്‍ഥത്തെ അതിക്രമിച്ച് ജീവിക്കുന്നവരോടുള്ള ആദരവ്... എ. ബാലകൃഷ്ണപിള്ളയുടെ മാതൃക ഇവയില്‍ ആ വാചകം വന്നുവീണപ്പോള്‍ ജീവന്റെ ഒരു പൊരി മനസ്സിലുണ്ടായി'.
ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്ന കേസരിയെ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോളും മിസിസ് ജാനകീനായരും കരുണാകരന്‍നായരും തമ്മിലുള്ള സംഘര്‍ഷം, ഭാഗീരഥിയമ്മയും കരുണാകരന്‍നായരും തമ്മിലുള്ള ബന്ധം തുടങ്ങി തന്റെ പതിവുവിഭവങ്ങളിലേക്കുതന്നെയാണ് നോവലിസ്റ്റ് എത്തിച്ചേരുന്നത്. സാഹിത്യ പ്രവര്ത്തകന് എന്ന നിലയില്‍ കേരളീയ സാഹിത്യനഭസ്സില്‍ കേസരിയുണ്ടാക്കിയ വലിയ വിപ്ലവങ്ങളും യൂറോപ്യന്‍ ആധുനികതാചിന്തയുടെ വരവ് ഉണ്ടാക്കിയ ചിന്താമാറ്റങ്ങളുമൊന്നും നോവലിന്റെ പരിഗണനയിലേക്ക് കാര്യമായിവരുന്നില്ല.
1962-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മായ നോവലിലെ ഡീസന്റ് ശങ്കരപ്പിള്ള എന്ന കഥാപാത്രം 90കള്‍ വരെ മലയാള സാഹിത്യത്തില്‍ ഏറെ പ്രശസ്തനായിരുന്നു. മാധവന്‍കുട്ടി എന്ന എഴുത്തുകാരനാണ് മായയില്‍ ആഖ്യാനം മുന്നോട്ട് കൊണ്ടുപോകുന്നത്. അത് കെ. സുരേന്ദ്രന്റെതന്നെ ആത്മാംശമുള്ള കഥാപാത്രമാണെന്ന് പറയുന്നു. ഡീസന്റ് ശങ്കരപ്പിള്ളയുടെ ജീവിതകഥയില്നിന്നാണ് നോവലിന്റെ തുടക്കം. അവിടെനിന്ന് പിറകോട്ടുപോയി ശങ്കരപ്പിള്ളയുടെ ജീവിതം വിവരിക്കുന്ന നോവല്‍ അന്നത്തെ നിലയില്‍ ആഖ്യാനപരമായി ചില പുതുമകള്‍ക്ക് ശ്രമിച്ചിട്ടുണ്ട്.
ആഖ്യാനപരമായ പുതുമകളും മെച്ചപ്പെട്ട പാത്രസൃഷ്ടിയുമാണ് മായയുടെ ബലം.
തികച്ചും ദരിദ്രമായ സാഹചര്യത്തില്‍നിന്ന് തൊണ്ടുകച്ചവടത്തിലൂടെ ഭേദപ്പെട്ട സാമ്പത്തിക നിലയിലേക്ക് എത്തിയയാളാണ് ഡീസന്റ് ശങ്കരപ്പിള്ള. കച്ചവടത്തിലെ സകല മേഖലകളിലും പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയാണ് ഡീസന്റ് എന്ന വിളിപ്പേര് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഒരു ജന്മി കുടുംബത്തിലെ വീട്ടുവേലക്കാരിയുടെ അവിഹിത സന്തതിയായി പിറന്ന ശങ്കരപ്പിള്ള സ്വന്തം നിലയ്ക്ക് ജീവിതം കെട്ടിപ്പടുക്കുകയും 'തന്തയില്ലായ്മ' എന്ന തന്റെ സാമൂഹികാവസ്ഥയെ ഇടപെടലുകളിലെ ഡീസന്സികൊണ്ട് മറികടക്കുകയും ചെയ്യുന്നു എന്നത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
സാമൂഹികബലരേഖകളെ മറികടക്കാന്‍ ശ്രമിക്കുന്ന വ്യക്ത്യവസ്ഥയാണിത് എന്നുപറയാം. ചെറിയതോതിലാണെങ്കിലും ലഭിക്കുന്ന ആധുനിക വിദ്യാഭ്യാസവും സാമ്പത്തിക മൂലധനവുമാണ് സ്വന്തം ചരിത്രമില്ലായ്മയെ മറികടക്കാന്‍ ഡീസന്റ് ശങ്കരപ്പിള്ളയെ തുണയ്ക്കുന്നത്. സ്വന്തം വ്യക്തിശേഷികള്കൊണ്ട് ചരിത്രമില്ലായ്മയെ മറികടന്ന ശങ്കരപ്പിള്ള പക്ഷേ, മക്കളായ രഘുവിന്റെയും ഗോമതിയുടെയും കാര്യമെത്തുമ്പോള്‍ യാഥാസ്ഥിതിക സമൂഹത്തിന്റെ എല്ലാ ബലരേഖകളും പ്രയോഗിക്കുകയാണ്.
സ്വത്ത് നഷ്ടപ്പെടുകയും കുടുംബത്തില്‍നിന്ന് തിരസ്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പക്ഷേ, ഒരു കേവല മനുഷ്യനായി ശങ്കരപ്പിള്ളയ്ക്ക് ജീവിക്കാനേ കഴിയുന്നില്ല. അയാള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു.
ചരിത്രമില്ലായ്മയില്നിന്നും തിരസ്കാരങ്ങളില്‍നിന്നും യാഥാസ്ഥിതിക സമൂഹത്തിലേക്ക് കടന്നുകയറുന്നതോടെ ഒരു വ്യക്തി ഒന്നാന്തരം യാഥാസ്ഥിതികനായി മാറുന്ന കാഴ്ചയാണിവിടെ. ശങ്കരപ്പിള്ളയുടെ മകള്‍ ഗോമതിയുടെ സഹപാഠിയും ഒരുവേള പ്രണയിയുമായിരുന്ന മാധവന്‍കുട്ടി, അലഞ്ഞുതിരിയുന്ന ശങ്കരപ്പിള്ളയെ തിരുവനന്തപുരത്തുവെച്ച് കാണുന്നുണ്ട്.
ജീവിതം കെട്ടിപ്പടുക്കാനുള്ളവര് മാത്രമല്ല, ജീവിതത്തില്‍നിന്ന് തിരസ്കരിക്കപ്പെട്ടവരും നഗരത്തിലേക്കാണ് ചെന്ന് അടിയുന്നത്. ഡീസന്റ് ശങ്കരപ്പിള്ള ആത്മഹത്യ ചെയ്തതായി കേള്‍ക്കുന്ന മാധവന്‍കുട്ടി അദ്ദേഹത്തിന്റെ കഥ ഒരു നോവലായി എഴുതാം എന്ന് തീരുമാനിക്കുകയാണ്. ഒരുതരത്തില്‍ മെറ്റാഫിക്ഷന്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന ആഖ്യാനം. കെ. സുരേന്ദ്രന്റെ രചനാരീതിയില്‍ പൊതുവേയുള്ള അയഞ്ഞ മട്ടും ലാഘവവുമായിരിക്കണം മായയ്ക്ക് ഗൗരവവായനകളുണ്ടാകാത്തതിന് കാരണം.
1974-ല്‍ വന്ന മരണം ദുര്‍ബലമാണ് ഏറെ ശ്രദ്ധനേടിയ മറ്റൊരു സുരേന്ദ്രന് നോവല്‍. ജീവചരിത്രനോവലിന്റെ സ്വഭാവങ്ങള്‍ തന്നെയാണ് മരണം ദുര്‍ബലം എന്ന കൃതിക്കുമുള്ളത്. ലോകത്തിന്റെ നൃശംസതയും സൗന്ദര്യവും വൈരൂപ്യവും ചിത്രീകരിച്ച് മരണത്തിന്റെ ദൗര്‍ബല്യത്തെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ് എന്ന് എം.കൃഷ്ണന് നായര്‍.
കുമാരനാശാന്റെ ജീവിതകഥയാണ് മരണം ദുര്‍ബലം എന്നൊരു പ്രചാരണം ഒരുഘട്ടത്തില്‍ വ്യാപകമായുണ്ടായിരുന്നു. ആശാനുമായി കെ.സുരേന്ദ്രന് പല നിലയ്ക്കും അടുപ്പമുണ്ട് എന്നതും ആ ധാരണയ്ക്ക് കാരണമായിരിക്കാം. തിരുവനന്തപുരത്ത് കെ.സുരേന്ദ്രന് ആദ്യം താമസിച്ച് പഠിച്ചിരുന്നത് ബന്ധുവായിരുന്ന സി.ഒ. കേശവന്റെ വീട്ടിലാണ്. കുമാരനാശാന്റെ ഭാര്യയായിരുന്ന ഭാനുമതിയമ്മ ആശാന്റെ മരണശേഷം വിവാഹം ചെയ്തത് ഈ സി.ഒ. കേശവനെ ആയിരുന്നു. അങ്ങനെ ഒരു മട്ടില്‍ പറഞ്ഞാല്‍ ആശാന്റെ ഭാര്യയുടെ മാതൃനിര്‍വിശേഷമായ വാത്സല്യം കെ.സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്. ഭാനുമതിഅമ്മയുടെ ശാരദാ ബുക്ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയുമായിരുന്നു സുരേന്ദ്രന്. കുമാരനാശാന്റെ കൃതികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ച കെ.സുരേന്ദ്രന് 1963-ല്‍ കവിയുടെ ജീവചരിത്രം രചിക്കുകയും ചെയ്തു.
കെ.സുരേന്ദ്രന്റെ മിക്ക നോവലുകളിലെയും നായികമാര്‍ ആശാന്റെ നായികമാരില്‍നിന്ന് ഏതൊക്കെയോ തലത്തില്‍ ചില ചൈതന്യങ്ങള്‍ കടംകൊണ്ടിട്ടുമുണ്ട്. എന്നാല്‍, 'മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍' എന്ന ആദര്‍ശമുള്ള, ആശാന്നായികമാരുടെ പ്രണയസ്ഥൈര്യം കെ.സുരേന്ദ്രന്റെ നായികമാരാരും പങ്കിടുന്നില്ല. ''ടോള്‍സ്റ്റോയിയുടെ ജീവചരിത്രം എഴുതിയപ്പോള്‍ പ്രകടിതമായ കലാജീവിതത്തിന്റെ അജരാവസ്ഥ കേസരിയുടെ ജീവചരിത്രവിഷയകമായ നോവലെഴുതിയപ്പോള്‍ വികാസം കൊണ്ടു' എന്നും പിന്നീട് ജീവചരിത്രവും നോവലും രചിച്ച് സിദ്ധിച്ച ആ വികാസത്തിന്റെ മൂര്ധന്യാവസ്ഥയാണ് ഗുരു എന്ന നോവലില്‍ കാണുന്നത്'' എന്നും എം.കൃഷ്ണന്‍നായര്‍ വിശദീകരിക്കുന്നു. നാരായണ ഗുരുവിനെപ്പോലെ അപ്രമേയ പ്രതിഭനായ ഒരു ആചാര്യന്റെ ജീവിതം നോവലിലാക്കാന്‍ അസാമാന്യ പാടവം കൂടിയേ തീരൂ. ഒരേ സമയം ആധ്യാത്മികാചാര്യനും സമൂഹപരിഷ്കര്‍ത്താവും ദാര്‍ശനികനും സമുദായ നേതാവും കവിയും അനേകലക്ഷം മനുഷ്യരുടെ കണ്‍കണ്ട ദൈവവുമൊക്കെയായ മനുഷ്യന്. ഗുരുജീവിതത്തിന്റെ സ്ഫടികാഭമായ ദൃശ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലേക്കാണ് അതെല്ലാം ഒരു 'കഥ'യായി പ്രക്ഷേപിക്കേണ്ടത്. ആഖ്യാനത്തില്‍ നൂല്‍പ്പാലത്തിലൂടെ നടക്കേണ്ടിവരുന്ന ഈ സാഹചര്യത്തില്‍ അനായാസവിജയം നേടാനായി കെ.സുരേന്ദ്രന്.
ഗുരുവും മറ്റ് പ്രധാന നോവലുകളുംപോലെ തന്നെ കെ.സുരേന്ദ്രന്റെ മികച്ച രചനകളിലൊന്നാണ് നോവല്‍ സ്വരൂപം എന്ന കൃതി. നോവല്സാഹിത്യത്തെക്കുറിച്ചുള്ള ഒരു ഗവേഷണാത്മക പഠനം എന്നതിനപ്പുറം തികച്ചും രസകരമായൊരു വായനാനുഭവം കൂടിയാണ് ഈ പുസ്തകം. ലോകസാഹിത്യത്തിലെയും മലയാളത്തിലെയും മികച്ച നോവലുകളിലൂടെയും നോവലിനെക്കുറിച്ചുള്ള സാഹിത്യചിന്താഗ്രന്ഥങ്ങളിലൂടെയും രസകരമായി കടന്നുപോകുന്ന മികച്ച ആസ്വാദനഗ്രന്ഥമാണ് നോവല്‍ സ്വരൂപം.
കഥ പറയുന്നൊരു മട്ടില്‍ ആസ്വാദനമധുരിമയോടെ സാഹിത്യനിരൂപണം നടത്തുന്ന അനിതരനിരൂപക സാധാരണമായ ഒരു എഴുത്തുവഴിയാണ് കെ.സുരേന്ദ്രന് സ്വീകരിച്ചിരുന്നത്. എന്നിട്ടും അദ്ദേഹം കുട്ടികൃഷ്ണമാരാരെപ്പോലൊരു നിരൂപകനെ വിടാതെ എതിര്‍ത്തുപോന്നു എന്നതും കൗതുകകരം തന്നെ. സര്‍ഗാത്മകതയുടെ തിളക്കത്തോടെയും ജനകീയവും ജനായത്തപരവുമായ കാഴ്ചപ്പാടോടെയും ഭാഷാസേവനം നടത്തിയ എഴുത്താളാണ് കെ.സുരേന്ദ്രന്. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഉണ്ടായിരിക്കേണ്ടത് മലയാളിയുടെ ഉത്തരവാദിത്വമാണ്.
Content Highlights: C P Biju writes about novelist K. Surendran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..