നിറമിഴികളോടെ അയാള്‍ പറഞ്ഞു: ''എനിക്ക് വായന അത്രയ്ക്ക് ഇഷ്ടാണ് സാര്‍...''


എം. സിദ്ധാർഥൻ

ഒരുമണിക്കൂറോളം സഹപ്രവര്‍ത്തകരുടെയും അയലത്തെ കടക്കാരുടെയും ചോദ്യംചെയ്യലും വിസ്താരവും നടന്നു. കണ്ണീര്‍പൊഴിച്ചുകൊണ്ട് മാപ്പാക്കണം എന്നുമാത്രം അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് എല്ലാവരും പറഞ്ഞു.

ചിത്രീകരണം- ഗിരീഷ് കുമാർ

ഗരത്തിന്റെ തിരക്കേറിയ വീഥിയിലെ ആറുനില കെട്ടിടത്തിന്റെ താഴെയുള്ള കുഞ്ഞു പുസ്തകശാലയിലായിരുന്നു അന്ന് എനിക്ക് ജോലി. ദിവസവും ഒരുപാട് നല്ലമനുഷ്യര്‍ അവിടെ വരുമായിരുന്നു. (പുസ്തകം വാങ്ങാന്‍ വരുന്നവരെല്ലാം എനിക്ക് നല്ലമനുഷ്യരാണ്.) ഡോക്ടര്‍മാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍-സര്‍ക്കാരിതര ജോലിക്കാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍. പുസ്തകങ്ങളെ സ്‌നേഹിച്ചും വായനയെ പ്രണയിച്ചും വിവാഹം പോലും വേണ്ടെന്നുവെച്ച എന്റെ പ്രിയപ്പെട്ടവര്‍. പുസ്തകങ്ങളെക്കുറിച്ച് അറിയിക്കുകയും ഉള്ളടക്കം ചെറുവിവരണത്താല്‍ ബോധ്യപ്പെടുത്തിത്തരുകയും ചെയ്യുന്നവരോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്തരത്തില്‍ എനിക്ക് അഭിമതനായ ഒരു മനുഷ്യന്‍: ഏതാണ്ട് അമ്പതിനോടടുത്തു പ്രായം, മെലിഞ്ഞ ശരീരം, ഇരുനിറം, വിഷാദം നിഴലിക്കുന്ന കണ്ണുകള്‍, പാന്റും അയഞ്ഞ ഹാഫ് സ്ലീവ് ഷര്‍ട്ടും വേഷം. ഇയാള്‍ മാസത്തില്‍ ഒരുതവണയെങ്കിലും ബുക്ക്സ്റ്റാളില്‍ വരുമായിരുന്നു. സ്റ്റാളിന്റെ അകത്തേക്ക് കയറുമ്പോള്‍ വലതുവശത്തെ ആദ്യ ഷെല്‍ഫിലാണ് ആനുകാലിക ലോകസാഹിത്യത്തിലെ മഹാരഥന്മാരുടെ മികച്ചപുസ്തകങ്ങളും പുതിയപുസ്തകങ്ങളും അടുക്കിവെച്ചിരുന്നത്. ഈ ഷെല്‍ഫിന്റെ മുന്നില്‍ അരമണിക്കൂര്‍ നേരമെങ്കിലും വിടര്‍ന്നകണ്ണുകളുമായി പുസ്തകങ്ങളെ തൊട്ടും തലോടിയും ഇദ്ദേഹം നില്‍ക്കും. അദ്ദേഹത്തെ 'സാര്‍' വിളിയോടെ അഭിവാദനമര്‍പ്പിച്ച് ഞാന്‍ സംസാരം തുടങ്ങും...

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്, ഗുന്തര്‍ ഗ്രാസ്, ഷൂസെ സാരമാഗു, കെന്‍സാബുറോ ഓയെ, ഡോറിസ് ലെസ്സിങ്, ഡാരിയോ ഫോ തുടങ്ങി പലരെയും കുറിച്ച്, കൂട്ടത്തില്‍ പള്‍പ്പ് ഫിക്ഷനിലെ ബെസ്റ്റ് സെല്ലേഴ്സിനെക്കുറിച്ച് അദ്ദേഹം എന്നോടും ചോദിക്കും. പുസ്തകങ്ങളുടെ വിലയെയും പ്രത്യേകിച്ച് ഇംഗ്ലീഷ് പുസ്തകങ്ങളുടെ അമിതവിലയെയും കുറിച്ച് വ്യാകുലനാകും. ഈ പതിവ് മാസങ്ങളോളം തുടര്‍ന്നുകൊണ്ടിരുന്നു. അതിനിടയില്‍ ഒരുകാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു: മണിക്കൂറുകളോളം ചെലവഴിച്ചതിനു ശേഷവും നൂറു രൂപയുടെയോ അതില്‍ത്താഴെയോ വിലയുള്ള ഏതെങ്കിലും ഒരു പുസ്തകം മാത്രമാണ് അദ്ദേഹം വാങ്ങുക. മറ്റുപല കസ്റ്റമേഴ്സും ഇങ്ങനെ ഉള്ളതിനാല്‍ എനിക്ക് ഇദ്ദേഹത്തോട് പ്രത്യേകിച്ച് പരിഭവമൊന്നുമില്ലായിരുന്നു. എന്നാല്‍, ആയിടെ ഇറങ്ങിയ പുത്തന്‍ പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് അയാള്‍ പറയുമ്പോള്‍ എനിക്ക് തെല്ലൊരദ്ഭുതവും തോന്നാതിരുന്നില്ല.

അദ്ദേഹത്തിന്റെ ഇത്തരമൊരു പതിവുസന്ദര്‍ശനം കഴിഞ്ഞ് ബുക്സ്റ്റാളിന്റെ പുറത്തേക്കു കടക്കുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്റെ പുറക് പൊങ്ങിനില്‍ക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹത്തെ ഒട്ടും അവിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്നാലും എന്തോ ഒരു പന്തികേട്. എന്റെ ഈ സംശയം സഹപ്രവര്‍ത്തകരോട് പറയുകയും അടുത്തതവണ വരുമ്പോള്‍ അദ്ദേഹമറിയാതെ സസൂക്ഷ്മം വീക്ഷിക്കാനും നിര്‍ദേശിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സയിലായിരുന്ന ഒരു പ്രശസ്ത സാഹിത്യകാരന് പുസ്തകമെത്തിക്കാന്‍ ഞാന്‍ പോയദിവസം അയാളെ കൈയോടെ പിടികൂടിയ വിവരം ഫോണില്‍ അറിയിപ്പുകിട്ടി. ഞാന്‍ അവിടെ എത്തിയിട്ടേ വിടാവൂ എന്നുമാത്രം പറഞ്ഞ് കോട്ടയ്ക്കലില്‍നിന്ന് ബുക്സ്റ്റാളിലേക്ക് ഉടനെ പോന്നു.

കുട്ടികളുടെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൂലയില്‍ നിറകണ്ണുകളുമായി കൈകൂപ്പി ആ മനുഷ്യന്‍. അടുത്തുള്ള കസേരയില്‍ മോഷ്ടിച്ച പതിനൊന്നു പുസ്തകങ്ങളും. ദേഷ്യവും സങ്കടവുംകൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. മോഷ്ടിച്ച പുസ്തകങ്ങളില്‍ ഏറ്റവും പുതിയ സാഹിത്യരചനകളും ബെസ്റ്റ് സെല്ലേഴ്സും ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഇദ്ദേഹം എനിക്ക് വിവരണങ്ങള്‍ നല്‍കിയ മറ്റു പല പുസ്തകങ്ങളുടെയും പേരുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ഞാനപ്പോള്‍. അവയില്‍ പലതിന്റെയും കോപ്പികള്‍ ഷെല്‍ഫില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.

ഒരുമണിക്കൂറോളം സഹപ്രവര്‍ത്തകരുടെയും അയലത്തെ കടക്കാരുടെയും ചോദ്യംചെയ്യലും വിസ്താരവും നടന്നു. കണ്ണീര്‍പൊഴിച്ചുകൊണ്ട് മാപ്പാക്കണം എന്നുമാത്രം അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് എല്ലാവരും പറഞ്ഞു. അയാളുടെ കണ്ണുകളിലെ ദൈന്യത എന്നെയും അസ്വസ്ഥനാക്കി. വെറുതേ ഇറക്കിവിട്ടാല്‍ അയാളെന്തെങ്കിലും ചെയ്‌തേക്കുമെന്നു എനിക്കു തോന്നി. പോലീസിനെ വിളിച്ചു. ജീപ്പില്‍ അയാളും മറ്റൊരു വണ്ടിയില്‍ ഞാനും പോലീസ് സ്റ്റേഷനിലേക്ക്.

ഇന്‍സ്‌പെക്ടറുടെ മുന്നില്‍ അയാളും മേശപ്പുറത്തു മോഷ്ടിച്ച പുസ്തകങ്ങളും. സ്വല്പം തെറിയുടെ മേമ്പൊടിയോടുകൂടി അപ്പുറത്തേക്ക് മാറിനില്‍ക്കാന്‍ ഇന്‍സ്‌പെക്ടര്‍ അയാളോട് ആജ്ഞാപിച്ചു. ഭയപ്പാടോടെ എന്നെ നോക്കി പതിയെ അയാള്‍ മാറിനിന്നു. തൊണ്ടിമുതല്‍ സൂക്ഷിച്ചുവെക്കാനായി ഇന്‍സ്‌പെക്ടര്‍ കോണ്‍സ്റ്റബിളിനെ വിളിച്ചു. ഒരു നിമിഷം തൊണ്ടിമുതലിലേക്കു നോക്കി എസ്.ഐ. കോണ്‍സ്റ്റബിളിനോട് പറഞ്ഞു:

''വേണ്ട, എവിടേം കൊണ്ടുവെക്കേണ്ട. ഇതിവിടെത്തന്നെ ഇരുന്നോളും. ആരും കൊണ്ടൊവൂല, ഇംഗ്ലീഷ് പുസ്തകങ്ങളാ...''

പോലീസ് സ്‌റ്റൈല്‍ ചോദ്യം ചെയ്യലിനുശേഷം (തല്ലിയിട്ടില്ല) ഇസ്‌പെക്ടര്‍ പറഞ്ഞു:

''നല്ല വിവരള്ള മനുഷ്യനാ. വായിക്കാന്‍ വേണ്ടി എടുത്തതാവും''.

''ശരിയായിരിക്കാം. പക്ഷേ, സ്റ്റോക്ക് എടുക്കുമ്പോള്‍ ഞാനല്ലേ കള്ളനാവുക'' എന്ന് ഞാനും പറഞ്ഞു. എസ്.ഐ. കേസെടുക്കണോന്ന് ചോദിച്ചു. വേണ്ടായെന്നും ഇനി ഈ പണി ചെയ്യില്ലെന്നും ഞങ്ങളുടെ പുസ്തകശാലയിലൊരിടത്തും വന്നുപോകില്ലെന്നും എഴുതിവാങ്ങി ശപഥംചെയ്യിച്ച് വിട്ടേക്കാനും ഞാന്‍ പറഞ്ഞു. കര്‍ക്കശമായ താക്കീതോടെ ഒരു പേപ്പറും പെന്നും ഇന്‍സ്‌പെക്ടര്‍ അയാള്‍ക്ക് നല്‍കി. നല്ല ഇംഗ്ലീഷില്‍ വടിവൊത്ത അക്ഷരങ്ങളാല്‍ അയാള്‍ എഴുതാന്‍ തുടങ്ങി. അരികില്‍നിന്ന് നോക്കിനില്‍ക്കുന്ന എസ്.ഐ.യുടെ കണ്ണുകള്‍ വികസിക്കുന്നത് എനിക്ക് കാണാമായിരുന്നു.

അവസാന വാക്യമായി 'I declare that...' എന്ന് എഴുതിത്തുടങ്ങിയപ്പോള്‍ പ്രഖ്യാപനം നടത്തേണ്ട swear എന്ന പദമുപയോഗിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എന്താന്ന് ചോദിച്ചു. സംഭവം വ്യക്തമാക്കിയപ്പോള്‍ എന്നെ അനുസരിച്ചാല്‍മതിയെന്നു നിര്‍ദേശിച്ചു. എസ്.ഐ. വീണ്ടും എന്നോട് പതിയെ പറഞ്ഞു: ''നല്ല വിവരള്ള മനുഷ്യനാട്ടോ''

സ്റ്റേഷനില്‍നിന്നും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിറങ്ങി. എന്നെ ഒരു ദയാവായ്പ്പോടെ നോക്കിയാണദ്ദേഹം നടന്നത്. കസബ സ്റ്റേഷന്റെ മുറ്റത്തിലൂടെ നടക്കുമ്പോള്‍ ഞാനയാളോട് ചോദിച്ചു. ''എന്തിനു വേണ്ടിയാ നിങ്ങളിത് ചെയ്യുന്നത്?' നിറമിഴികളോടെ അയാള്‍ പറഞ്ഞു: ''എനിക്ക് വായന അത്രയ്ക്ക് ഇഷ്ടാണ് സാര്‍...''

''ഇങ്ങനെയെടുക്കുന്ന എല്ലാ പുസ്തകവും നിങ്ങള്‍ വായിക്കുമോ?''

''ഇല്ല പ്രധാനപ്പെട്ട സാഹിത്യകൃതികള്‍ വായിക്കും''

''അപ്പൊ ബെസ്റ്റ് സെല്ലേഴ്സ് ആയ പള്‍പ്പ് ഫിക്ഷനോ?''

''അത് പെട്ടെന്നുതന്നെ ആര്‍ക്കെങ്കിലും വില്‍ക്കും. മറ്റേത് വായനയ്ക്കു ശേഷവും...!'' ഞാന്‍ പറഞ്ഞുപഠിപ്പിച്ച ബേസ്റ്റ് സെല്ലേഴ്സ്..!

ഇദ്ദേഹത്തെ ഒരു മോഷ്ടാവ് എന്ന് വിളിക്കാനല്ല വായനക്കള്ളന്‍ എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. സ്വദേശവും മറ്റുവിവരങ്ങളും ഞാന്‍ ചോദിച്ചുമനസ്സിലാക്കി. ഇന്നത്തെ 'കച്ചവടം' നടക്കാത്തതു കാരണം തിരികെപ്പോകാന്‍ വണ്ടിക്കൂലി ഉണ്ടോയെന്നും ഭക്ഷണം കഴിച്ചോയെന്നും ചോദിച്ചു. ''ആകെ അമ്പതുരൂപ മാത്രേള്ളൂ, ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെ''ന്ന് അയാള്‍ പറഞ്ഞു. സ്റ്റേഷന് മറുവശത്തെ ഹോട്ടലില്‍നിന്ന് ഞാന്‍ അയാള്‍ക്ക് പൊറോട്ടയും പയറുകറിയും ചായയും വാങ്ങിക്കൊടുത്തു. എന്റെ കൈയില്‍ ആകെ ഉണ്ടായിരുന്ന നൂറ്റമ്പതു രൂപയില്‍നിന്ന് നൂറുരൂപയും കൊടുത്തു. തൊഴുകൈയോടെ ഒന്ന് വണങ്ങി അയാള്‍ നടന്നുനീങ്ങി. വിഖ്യാതനായ ഏതോ കഥാകാരന്റെ നിരാലംബനായ ഒരു കഥാപാത്രത്തെപ്പോലെ നടന്നകലുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്റെ പുറക് അലസമായി പാറിക്കളിക്കുകയും കൊലുന്നനെയുള്ള മെലിഞ്ഞ ശരീരത്തിലേക്ക് പറ്റിപ്പിടിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കടയിലേക്ക് തിരികെവരുമ്പോള്‍ എന്റെ മനസ്സ് എന്തെന്നില്ലാതെ ശാന്തമായിരുന്നു.

(മാതൃഭൂമി ബുക്‌സ് സെയില്‍സ് മാനേജരാണ് ലേഖകന്‍)

Content Highlights: Book thief Malayalam Memories By M sidharthan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented