മതം മാറിയ മാധവിക്കുട്ടി, മാധവിക്കുട്ടി ഇഷ്ടപ്പെടാത്ത ഗാന്ധിജി, കെ.സി. നാരായണന്‍ എന്ന എഡിറ്റര്‍


പി.ബി. ഗിരീഷ്

അത്രത്തോളം നിഷ്‌കളങ്കമായ മനസ്സായിരുന്നു മാധവിക്കുട്ടിയുടേതെന്നും അവര്‍ സംസാരിക്കുമ്പോള്‍ ഉടനീളം കവിതകളാണെന്നും കെ.സി പറയുന്നു. ഗാന്ധിയെ മാധവിക്കുട്ടി വെറുത്തുപോയത് എന്തുകൊണ്ടാണെന്നതിന് പിന്നിലെ രസകരമായ കാര്യം കെ.സി വിശദീകരിച്ചപ്പോള്‍ സദസ്സിനും അത്ഭുതം. 

കെ.സി നാരായണൻ, കമലാസുരയ്യ

കെ.സി. നാരായണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകത്തിന്റൈ പ്രകാശന വേളയില്‍ എഴുത്തുകാരന്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ പി.ബി ഗിരീഷിന്റെ എഴുത്തിലൂടെ.

'ഹാത്മ ഗാന്ധിയും മാധവിക്കുട്ടിയും' എന്ന വേദിയില്‍ ഒരു നിമിഷം മുന്‍പ് പ്രകാശിപ്പിച്ചു കഴിഞ്ഞ തന്റെ കൃതിയെക്കുറിച്ച് ഒരു ആത്മവിമര്‍ശനം നടത്തിക്കൊണ്ടാണ് കെ. സി. നാരായണന്‍ ആരംഭിച്ചത്. 'എന്റെ പുസ്തകം വെറും തുന്നിക്കെട്ടലാണ്. ഇതില്‍ എനിക്ക് അശേഷം തൃപ്തിയില്ല.'- കെ.സി. പറയുന്നത് കേട്ട് ഞങ്ങള്‍ ഞെട്ടി. എഴുതിയ ആള്‍ തന്നെ സ്വന്തം കൃതിയെ വിമര്‍ശിക്കുന്നു. 'പണ്ട് പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്, തുന്നിക്കെട്ടുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോകരുത്. അവിടെയും ഇവിടെയും എഴുതിയ ലേഖനങ്ങള്‍ എടുത്ത് തുന്നിക്കെട്ടുന്നത് മോശം പ്രവണതയാണ്.'- പി.കെ. ബാലകൃഷ്ണന്‍ എന്ന ഗുരുസ്ഥാനീയന്‍ നല്‍കിയ ഉപദേശം കെ.സി. ഓര്‍മ്മപ്പെടുത്തി. പിന്നെ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കെ.സി. സമ്മതിച്ചത്? താന്‍ എഴുതിയ ഈ ലേഖനങ്ങള്‍ ഭാവിയില്‍ ആര്‍ക്കെങ്കിലും റഫര്‍ ചെയ്യണം എന്ന് തോന്നുകയാണെങ്കില്‍ സാഹിത്യ അക്കാദമിയിലോ മറ്റോ ലഭ്യമാകുമല്ലോ എന്നതാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ഇതില്‍ പല ലേഖനങ്ങളും പല സുവനീറുകളിലും മാസികകളിലും അച്ചടിച്ച് വന്നവ ആയതിനാല്‍ ഇപ്പോള്‍ ലഭ്യമല്ല. പക്ഷെ, ഇനി ഒരിയ്ക്കലും താന്‍ ഇത്തരം തുന്നിക്കെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെടില്ലെന്നും കെ.സി. വേദിയില്‍ പ്രഖ്യാപനം നടത്തി.

ഈ പുസ്തകത്തില്‍ താന്‍ ജീവിതത്തില്‍ ഇതുവരെ നേരിട്ട് കാണാത്ത ഉണ്ണായിവാര്യരെക്കുറിച്ച് ലേഖനമെഴുതാന്‍ കാരണം കെ.സി. വിശദീകരിച്ചത് ഒരു വലിയ സത്യത്തിലേക്കുള്ള വാതില്‍ തുറക്കലായിരുന്നു. പല എഴുത്തുകാരും തന്റെ സ്വകാര്യദുഃഖങ്ങളും ദുരന്തങ്ങളും മറച്ചുവെച്ച് അത് മറ്റു കഥാപാത്രങ്ങളില്‍ ആരോപിച്ചാണ് എഴുതുന്നതെന്ന രഹസ്യം കെ.സി. പറഞ്ഞു. പല ഉന്നതമായ രചനകളുടെയും പിന്നില്‍ എഴുത്തുകാരന്റെ തന്നെ പുറത്തുപറയാന്‍ കഴിയാത്ത ഇത്തരം സ്വകാര്യ ദുഃഖങ്ങളും ദുരന്തങ്ങളുമാണത്രെ. ഉദാഹരണമായി പൂന്താനത്തിന്റെ കഥ പറഞ്ഞു. സ്വന്തം കുഞ്ഞ് മരിച്ച ദുഃഖത്തില്‍നിന്നും ഉണ്ടായ ജ്ഞാനപ്പാനയിലെ വരികള്‍ സ്വന്തം ദുഃഖത്തേക്കാള്‍ എത്രയോ ഉയരെപ്പോകുന്നു. അതുപോലെതന്നെയാണ് ഉണ്ണായിവാര്യരുടെ കഥ. നോവലിസ്റ്റ് ആനന്ദാണ് കെ.സിയ്ക്ക് ഉണ്ണായിവാര്യരുടെ കഥ പറഞ്ഞുകൊടുത്തത്. തലമുറകളായി അവരുടെ തറവാട്ടില്‍ പറഞ്ഞു നടക്കുന്ന കഥ. ഉണ്ണായി വാര്യര്‍ക്ക് ഒരു വള്ളത്തില്‍ കയറി നാടുവിടേണ്ടി വന്ന ദുര്‍വിധിയുണ്ടായി. ആ വേദനയാണത്രെ നളന്‍ എന്ന കഥാപാത്രത്തിലേക്കും നളചരിതത്തിലേക്കും സംക്രമിച്ചത്. പല ക്ലാസിക്കുകളും രൂപപ്പെടുന്നത് എഴുത്തുകാരന്റെ വൈയക്തിക ദുരന്തങ്ങള്‍ അയാള്‍ കഥാ പാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുമ്പോഴാണെന്ന ഒരു വലിയ സത്യം കെ.സി ലഘുവായി വിവരിച്ചു.

പിന്നെ മാധവിക്കുട്ടിയുമായുള്ള വ്യക്തിബന്ധത്തിന്റെ ഇതുവരെ കേള്‍ക്കാത്ത കുറെ കഥകള്‍. എന്തിനാണ് എഴുതെന്നതെന്ന കെ.സിയുടെ ചോദ്യത്തിന് ഇരിക്കുന്ന മുറിയില്‍നിന്നു രക്ഷപ്പെടാന്‍ ഒരു തുരങ്കമുണ്ടാക്കുകയാണ് ഭാവനയെന്ന് മാധവിക്കുട്ടി. ഇത് എഴുത്തിനെക്കുറിച്ച്, അത് സാധ്യമാക്കുന്ന ലിബറേഷനെക്കുറിച്ചുള്ള മികച്ച വിശദീകരണമെന്ന് കെ.സി. മാധവിക്കുട്ടി ഇസ്ലാമിലേക്ക് മതം മാറിയതിനുള്ള കാരണം കെ.സിയോട് മാധവിക്കുട്ടി തന്നെ ഒരിയ്ക്കല്‍ പറഞ്ഞത് ഇങ്ങിനെ: മാധവിക്കുട്ടിയുടെ ഫ്‌ളാറ്റിന് എതിര്‍വശത്തുള്ള ഫ്‌ളാറ്റില്‍നിന്നു രണ്ട് സ്ത്രീകള്‍ രാവിലെ തൊഴാന്‍ പോകുന്നുണ്ട്. പക്ഷെ അമ്പലത്തിലേക്ക് പോകുംമുന്‍പ് മാധവിക്കുട്ടിയുടെ മുഖം കണികാണാന്‍ ആ സ്ത്രീകള്‍ക്ക് ഇഷ്ടമില്ലത്രെ. കാരണം അവര്‍ വിധവയാണ്. ഈ വൈധവ്യം എന്ന ഭീകരമായ അവസ്ഥയെക്കുറിച്ച് കുറ്റബോധം പേറി ജീവിക്കേണ്ടി വരേണ്ടാത്ത ഒരു മതത്തിലേക്ക് (ആ കുറ്റബോധംകൊണ്ട് നീറിക്കഴിയേണ്ടി വരുന്ന മതമാണത്രെ ഹിന്ദുമതം) മാറണമെന്ന് ചിന്തിച്ചുപോയതുകൊണ്ടാണ് താന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതെന്ന് മാധവിക്കുട്ടി പറഞ്ഞതായി കെ.സി. പറയുന്നു. പിന്നെ മാധവിക്കുട്ടിയുടെ ഭാഷാപോഷിണി കവര്‍ചിത്രത്തിലെ സാരിയും മാധവിക്കുട്ടിയുടെ ഫോട്ടോയും നന്നായിട്ടുണ്ടെന്ന് കെ. സി. വല്ലാതെ മുഖസ്തുതി പറഞ്ഞപ്പോള്‍ കെ.സി. പുസ്തകപരിചയം നടത്തുന്ന ടിവി ഷോയിലെ നീലഷര്‍ട്ട് നന്നായിട്ടുണ്ടെന്ന് മാധവിക്കുട്ടിയുടെ തിരിച്ചുകുത്തല്‍.

മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍ എന്ന പുസ്തകം ഖണ്ഡഃശ പ്രസിദ്ധീകരിച്ചത് കെ.സി. എന്ന ആഴ്ചപ്പതിപ്പ് എഡിറ്റാണ്. അത് മൂന്ന് ലക്കം പിന്നിട്ടപ്പോള്‍ മാധവിക്കുട്ടി എഴുത്തുനിര്‍ത്തി. അടുത്ത ഭാഗം ചോദിച്ചപ്പോള്‍ തന്റെ എഴുത്തില്‍ വായനക്കാര്‍ക്ക് താല്‍പര്യമില്ലെന്നും അതുകൊണ്ട് ഇത് ഇനി തുടരേണ്ടെന്നും മാധവിക്കുട്ടി. അഭിനന്ദിച്ച് കൊണ്ട് നിരവധി വായനക്കാരുടെ എഴുത്തുകള്‍ വരുന്നുണ്ടെന്ന് മാധവിക്കുട്ടിയെ കെ.സി. ധരിപ്പിക്കുന്നു. അപ്പോള്‍ തനിക്ക് കിട്ടിയ തന്റെ അയല്‍വീട്ടിലെ ഒരു വായനക്കാരിയുടെ കത്ത് അടുത്ത ലക്കത്തിലെ ഒന്നാമത്തെ കത്തായി പ്രസിദ്ധീകരിക്കാമോ എന്ന് മാധവിക്കുട്ടി ചോദിച്ചു. കെ.സി. റെഡി. അതോടെ ബാല്യകാലസ്മരണകള്‍ വീണ്ടും തുടരുന്നു. അത്രത്തോളം നിഷ്‌കളങ്കമായ മനസ്സായിരുന്നു മാധവിക്കുട്ടിയുടേതെന്നും അവര്‍ സംസാരിക്കുമ്പോള്‍ ഉടനീളം കവിതകളാണെന്നും കെ.സി. പറയുന്നു. ഗാന്ധിയെ മാധവിക്കുട്ടി വെറുത്തുപോയത് എന്തുകൊണ്ടാണെന്നതിന് പിന്നിലെ രസകരമായ കാര്യം കെ.സി. വിശദീകരിച്ചപ്പോള്‍ സദസ്സിനും അത്ഭുതം.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' എന്ന പുസ്തകത്തിന്റെ പ്രകാശനം വി.കെ. ശ്രീരാമന്‍ എന്‍. ചന്ദ്രികയ്ക്ക് നല്‍കി നിര്‍വഹിക്കുന്നു.

നടന്‍ മുരളിയെക്കുറിച്ചുള്ള അനുഭവങ്ങള്‍ കെ.സി. പങ്കുവെച്ചു. വലിയൊരു നാടകനടന്‍ ആണ് മുരളിയെന്നും അതിനായി അദ്ദേഹം ഒരു പാട് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കെ.സി. പറഞ്ഞു. (മുരളിയെക്കുറിച്ച് കൂടുതല്‍ കേള്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷെ കെ.സി. പിന്നീടൊന്നും പറഞ്ഞില്ല). പിന്നീട് കെ.സി. ശ്രദ്ധ ക്ഷണിച്ചത് ആനന്ദിലേക്കാണ്. ആനന്ദ് എന്ന നോവലിസ്റ്റുമായുള്ള സുദീര്‍ഘമായ ചങ്ങാത്തം, ആനന്ദിന്റെ ആള്‍ക്കൂട്ടവും മരുഭൂമികള്‍ ഉണ്ടാകുന്നതും പിറന്നതിന് പിന്നിലെ ആനന്ദ് എന്ന എഞ്ചിനീയറുടെ കരുതലോടെയുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച്. നോവല്‍ എഴുതുംമുന്‍പ് ആനന്ദ് ആ ഭൂമിശാസ്ത്രത്തെയും കഥാപാത്രങ്ങളെയും കാലത്തെയും മുഴുവന്‍ വലിയൊരു ചിത്രമായി സ്‌കെച്ച് ചെയ്‌തെടുക്കാറുണ്ടെന്നും ആ ചിത്രത്തില്‍ നോക്കിയാല്‍ ആ നോവലിലെ കഥാപാത്രങ്ങള്‍, ഭൂമിശാസ്ത്രം, കാലചക്രം എന്നിവ കൃത്യമായി അറിയാനാവുമെന്നും കെ.സി. വിശദമാക്കി.

ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ആനന്ദ് എത്തിക്കഴിഞ്ഞാല്‍ കെ.സി. ഇരിങ്ങാലക്കുടയിലേക്ക് വെച്ചുപിടിക്കുന്നു. പിന്നെ ഇരുവരും ചേര്‍ന്ന് പ്രഭാതത്തില്‍ തുടങ്ങി ചിലപ്പോള്‍ അര്‍ധരാത്രി വരെ നീളുന്ന കുശലവും സംവാദങ്ങളും. എത്രയോ ദിനങ്ങള്‍.... ഇനി പി.കെ. ബാലകൃഷ്ണന്‍ ഉപദേശിച്ചതുപോലെ ഒരൊറ്റ വിഷയത്തെ മാത്രം സങ്കല്‍പിച്ച്, അതിനെ വിശകലനം ചെയ്ത്, വിശദീകരിച്ച് എഴുതുന്ന പുസ്തകമേ താന്‍ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നും തന്റെ അടുത്ത പുസ്തകം ആനന്ദിനെക്കുറിച്ചുള്ളതാണെന്നും കെ.സിയുടെ പ്രഖ്യാപിച്ചതോടെ സദസ്സില്‍ നേരിയ കരഘോഷം മുഴങ്ങി. കെ.സീ ഞങ്ങള്‍ ആ പുസ്തകത്തിന് കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. ഇനി പന്ത് കെസിയുടെ കോര്‍ട്ടിലാണ്.

കെ.സിയുടെ പുസ്തകം എല്ലാം 'മ' എന്ന അക്ഷരത്തില്‍ നിന്നാണല്ലോ തുടങ്ങുന്നതെന്ന് ഒരു സുഹൃത്ത് രാവിലെ വാട്‌സാപില്‍ സന്ദേശമയച്ചെന്ന് കെ.സി. പറഞ്ഞു. മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍, മഹാത്മ ഗാന്ധിയും മാധവിക്കുട്ടിയും, മലയാളിയുടെ രാത്രികള്‍.... അങ്ങിനെ നോക്കുമ്പോള്‍ ശരിയാണല്ലോ..... എന്നാല്‍ അങ്ങിനെയല്ലെന്ന് കെ.സി. ആദ്യപുസ്തകത്തിന്റെ പേര് 'ബലിയപാലിന്റെ പാഠങ്ങള്‍' എന്നാണെന്നും അത് പ്രസിദ്ധീകരിച്ചത് തൃശൂരിലെ ആള്‍ട്ടര്‍മീഡിയയാണെന്നും കെ. സി. കൊല്‍ക്കത്ത ട്രാന്‍സ്ഫര്‍ കാലത്ത് ഒറിസയില്‍ ബലിയപാല്‍ എന്ന സ്ഥലത്ത് മിസൈല്‍ ഫയറിങ് റേഞ്ച് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ നടത്തിയ ചെറുത്തുനില്‍പിന്റെ കഥ.... ബലിയപാലിന്റെ ഭൂമിശാസ്ത്രം, വെറ്റിലക്കൊടി കൃഷിചെയ്യുന്ന കുട്ടികളും അമ്മമാരും അമ്മൂമ്മമാരും അടങ്ങുന്ന പാവപ്പെട്ട കുടുംബങ്ങള്‍... ഒരു വശത്ത് സുവര്‍ണ്ണരേഖ നദി. മറുവശത്ത് കടല്‍. അതിനിടയില്‍ കിടക്കുന്ന വെറ്റിലക്കൊടി കൃഷിചെയ്യുന്ന, മണ്ണിനടയില്‍ ധാരാളം അമൂല്യമായ ധാതുക്കള്‍ ഒളിപ്പിച്ചുവെച്ച ബലിയപാല്‍. ബലിയപാലിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ കെ.സി. കത്തിക്കയറി. ആ പുസ്തകം പിന്നെയും പതിപ്പുകളിറങ്ങി. അതില്‍നിന്നു കിട്ടിയ പണം പുസ്തകം പ്രസിദ്ധീകരിച്ചവര്‍ക്ക് തന്നെ നല്‍കി. കാരണം അവര്‍ ബലിയപാല്‍ സമരത്തില്‍ പങ്കാളികളായിരുന്നു. ബലിയപാലില്‍ ഒരു തെങ്ങ് നട്ടുകൊണ്ടാണ് ഇവര്‍ കേരളത്തിന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

സുഹൃത്തായ ചിന്ത രവിയിലേക്ക് കെ.സി. കടന്നു. ഈ പുസ്തകത്തില്‍ ചിന്ത രവിയെക്കുറിച്ച് സുദീര്‍ഘമായ ഒരു ലേഖനമുണ്ട്. ചിന്ത രവി യാത്രികന്‍ എന്ന നിലയിലാണ് ഏറ്റവും വലിയ സംഭാവന നല്‍കിയതെന്ന് കെ.സി. കാരണം ചിന്ത രവി ഇന്ത്യയുടെ ട്രൈബല്‍ ലൈഫിന്റെ നേര്‍ചിത്രമാണ് തന്റെ യാത്രകളിലൂടെ വരച്ചുകാട്ടിയത്. എം. ഗോവിന്ദനാണത്രെ ജയചന്ദ്രന്‍ നായരോട് ചിന്ത രവിയെക്കുറിച്ച് പറയുന്നത്. ചിന്ത രവി എന്ന ഒരു ചെറുപ്പക്കാരനുണ്ട്. അയാളെ എങ്ങോട്ടെങ്കിലുമൊക്കെ യാത്ര ചെയ്യാന്‍ വിടുക. പ്രസിദ്ധീകരിക്കാവുന്ന നല്ല സാധനങ്ങള്‍ അയാളില്‍നിന്നു കിട്ടും. പുതിയ ഉള്ളടക്കങ്ങള്‍ക്ക് ദാഹിക്കുന്ന ജയചന്ദ്രന്‍ നായര്‍ എന്ന എഡിറ്റര്‍ ചിന്ത രവിയെ കാണുന്നു. യാത്രയാക്കുന്നു. ചിന്ത രവി ഒരു ബാക്ക്പാക്കുമെടുത്ത് യാത്ര തിരിക്കുന്നു. പണ്ട് കയ്യില്‍ നയാപൈസയില്ലാതെ എസ്.കെ. പൊറ്റക്കാട്ട് ആഫ്രിക്കയിലേക്ക് പോയതുപോലെ.

പുസ്തകം വാങ്ങാം

പക്ഷെ ചിന്ത രവിയും എസ് കെയും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. എസ് കെ കാണുന്നത് നേരിട്ട് അതുപോലെ വിവരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിന്ത രവിയുടെ യാത്രാവിവരണത്തില്‍ അനേകം അടരുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അര്‍ത്ഥതലങ്ങളുടെ ഒരു നാനാത്വം. കയ്യിലെ പൈസ തീര്‍ന്നാല്‍ ചിന്ത രവി എവിടെയാണോ നില്‍ക്കുന്നത് അതിന് തൊട്ടടുത്തുള്ള പോസ്റ്റോഫീസിലേക്ക് ജയചന്ദ്രന്‍ നായരുടെ മണിയോര്‍ണര്‍ എത്തും. ആ തുച്ഛമായ പൈസയും ഒപ്പിട്ട് വാങ്ങി ചിന്ത രവി അടുത്ത ഡെസ്റ്റിനേഷനിലേക്ക്....പൊതുവേ ആരോടും അധികം സംസാരിക്കാത്ത ചിന്ത രവി ഭാഷ അറിയാതെ ട്രൈബലുകളുമായി എങ്ങിനെ ഇടപഴകി എന്ന് കെ..സി. അത്ഭുതംകൂറി. ആദിവാസികളുടെ ഇടയില്‍ പോയി അവരിലൊരാളായി ജീവിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് ചിന്ത രവി മറുപടി കൊടുത്തു. ചിന്ത രവിയുടെ ബാല്യം തന്നെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ അമ്മയുടെ കഥ കെ. സി. പറഞ്ഞു. അമ്മയ്ക്ക് രാത്രി ഉറക്കമില്ല. അപ്പോള്‍ അവര്‍ ഡൊസ്റ്റയൊവ്‌സ്‌കിയുടെ നോവലുകളും കുമാരാനാശാന്റെ കവിതകളും ഉറക്കെ വായിക്കുമായിരുന്നത്രെ...ഇത് കേട്ടാണ് കുട്ടിയായ ചിന്ത രവി വളരുന്നത്... പിന്നെ ചിന്ത രവി ഇങ്ങിനെ ആയിപ്പോയതില്‍ അത്ഭുതമില്ലെന്ന് കെ.സി.

പിന്നെയും കെ.സി. കുറെ പ്രസംഗിച്ചു. എന്തായാലും അവാച്യമായ ഒരു അനുഭവമായിരുന്നു അത്. കേരളം കെ.സി. എന്ന പ്രാസംഗികനെയും അറിയേണ്ടതുണ്ട്.

Content Highlights: K.C Narayanan, Madhavikutty, Mahathma Gandhi,Anand, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented