ബി. കെ ഹരിനാരായണൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
കൊച്ചപ്പേട്ടന്‍ പോയ വിവരം അറിഞ്ഞപ്പോള്‍, ആദ്യം ചെന്നു നോക്കിയത് അമ്മയുടെ കുഞ്ഞു പൂജാമുറിക്കൂട്ടിലാണ്. അവിടെ, ഒരു കൃഷ്ണവിഗ്രഹം ഇരിപ്പുണ്ട്. സ്വര്‍ണ്ണനിറമുള്ളത്, കഷ്ടിച്ച് രണ്ടിഞ്ച് വലിപ്പമുള്ളത്, മെലിഞ്ഞ് അഴകുള്ള ഒന്ന്. ഒരിക്കല്‍ കണ്ടപ്പോള്‍, ഷെയ്ക്ക് ഹാന്റ് തരുന്നതിനൊപ്പം കൊച്ചപ്പേട്ടന്‍ കയ്യില്‍ വച്ചുതന്നതാണ്. ഞാനത് അമ്മക്ക് കൊണ്ടു കൊടുത്തു. കൊച്ചപ്പേട്ടന്റെ കയ്യില്‍ അത്തരം കുഞ്ഞു കൃഷ്ണവിഗ്രഹങ്ങള്‍ കുറെ ഉണ്ടായിരുന്നു. കാണുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് അത് സ്നേഹസമ്മാനമായി നല്‍കുമായിരുന്നു.
കേട്ടും, വായിച്ചും ഇത്തിരി ദൂരെ നിന്ന് കണ്ടും അറിയാമെങ്കിലും, ആദ്യമായി കൊച്ചപ്പേട്ടനെ പരിചയപ്പെടുത്തുന്നത് സുഹൃത്തും ഗായകനുമായ സന്നിധാനന്ദനാണ്. അദ്ദേഹത്തിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ എന്താണ് സംബോധന ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു. 'ചൊവ്വല്ലൂര്‍ സാര്‍' എന്നു വിളിച്ചു.
അദ്ദേഹം തിരുത്തി
'കൊച്ചപ്പേട്ടന്‍ എന്നു വിളിച്ചാല്‍ മതി.'
ഇങ്ങോട്ട് ഫോണ്‍ ചെയ്യുമ്പോഴും അദ്ദേഹം തുടങ്ങുന്നത് അങ്ങിനെയാണ്.
'ഹരീ, കൊച്ചപ്പേട്ടനാണ് '
മൂവായരിത്തലധികം പാട്ടുകളെഴുതിയ ഒരാളോട് ആദ്യം കാണുമ്പോള്‍ പാട്ടുകളെ കുറിച്ച് ചോദിക്കാന്‍ ധൈര്യമുണ്ടായില്ല. അദ്ദേഹം പറഞ്ഞുമില്ല. പകരം താന്‍ തിരക്കഥാകൃത്തും, സംഭാഷണരചയിതാവുമൊക്കെയായി സഹകരിച്ച സിനിമകളെ കുറിച്ചാണ് പറഞ്ഞത്. സര്‍ഗ്ഗത്തിലെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ച്, ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം തുടങ്ങി താന്‍ തിരക്കഥാകൃത്തായിരുന്ന സിനിമകളെ ക്കുറിച്ച്
പിന്നെ കാണുമ്പോള്‍ തൃത്താല കേശവപ്പൊതുവാളെപ്പറ്റിയായിരുന്നു സംസാരം. അടുത്ത് നിന്ന് കണ്ട് അറിഞ്ഞാസ്വാദിച്ച ആ കൊട്ടിന്റെ സ്വാദിനെ കുറിച്ച്. തൃത്താല കേശവന്റെ വീരകഥകളെ കുറിച്ച്. 'കേശവേട്ടന്' എന്ന് ചൊവ്വല്ലൂര്‍ പറയുമ്പോള്‍, അതിനകത്ത് ചെണ്ടയില്‍ വീഴുന്ന ഇടംകയ്യിന്റെ നാദമുണ്ടായിരുന്നു.
എന്റെ നാട്ടിലുള്ള ഒരു കോളേജിലെ മാധ്യമ സെമിനാറില്‍ വച്ച് കണ്ടുമുട്ടുമ്പോഴും പാട്ടായിരുന്നില്ല വിഷയം. തന്റെ പത്രപ്രവര്‍ത്തനകാലത്തെ കുറിച്ച്, സരസമായി ഒരധ്യാപകനെപ്പോലെ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കേട്ടിരുന്നു.
ഒടുവില്‍ പാട്ടിനെ കുറിച്ച് സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍, അതൊക്കെ ഗുരുവായൂരപ്പന്റെ മിടുക്ക് എന്ന് വിനയാന്വിതമായി അദ്ദേഹം ഒഴിഞ്ഞുമാറി. മറ്റുള്ളവരുടെ പാട്ടുകളെ കുറിച്ച് പറഞ്ഞു. പ്രത്യേകിച്ചും അരവിന്ദേട്ടന്റെ (പി. സി. അരവിന്ദന് ) പാട്ടുകളെ കുറിച്ച്, അത്രമേല്‍ ഇഷ്ടത്തോടെ.
ഗംഗൈ അമരനുമായി ചേര്‍ന്നുണ്ടാക്കിയ അയ്യപ്പഭക്തിഗാനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ കൊച്ചപ്പേട്ടന്‍ ഉത്സാഹമായി. വരികള്‍ക്ക് സംഗീതം കൊടുക്കാന്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ചൊവ്വല്ലൂര്‍ വരി എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായ ഈണത്തെ ക്കുറിച്ച് ചോദിച്ചു..
'അയ്യോ അങ്ങനെ ഒരീണവുമില്ല ' ഗാനരചയിതാവ് മറുപടി പറഞ്ഞു.
വീണ്ടും ചോദിച്ചപ്പോള്‍
താന്‍ അതെഴുതിയ താളത്തില്‍ വരികള്‍ ചൊവ്വല്ലൂര്‍ ചൊല്ലിക്കേള്‍പ്പിച്ചു
'ഉദിച്ചുയര്‍ന്നു മാമലമേലേ.. ഉത്രം നക്ഷത്രം '
'മതി.. ഇതു തന്നെ അതിന്റെ ഈണം. പിന്നെ ഹാര്‍മോണിയത്തില്‍ വിരലുവച്ച് ഗംഗൈഅമരന് പാടാന്‍ തുടങ്ങി. ആദ്യമായി അത് കേട്ടതിന്റെ അതേ അത്ഭുതം, കാലങ്ങള്‍ക്ക് ശേഷം അതേക്കുറിച്ച് പറയുമ്പോഴും കൊച്ചപ്പേട്ടന്റെ മുഖത്തുണ്ടായിരുന്നു
ഭക്തിഗാനരചനയില്‍, മേല്‍പ്പത്തൂരിന്റെ വിഭക്തിയായിരുന്നില്ല, മറിച്ച് പൂന്താനത്തിന്റെ ഭക്തിയായിരുന്നു ചൊവ്വല്ലൂരിന്റെ വഴി. കവിയായിട്ടല്ല, ഭഗവാന്റെ മുന്നില്‍ അത്രമേല്‍ ഭക്തിയോടെ തൊഴുതു നില്ക്കുന്ന ഭക്തനായിട്ടാണ് ചൊവ്വല്ലൂര്‍ ഓരോ വരിയും എഴുതിയത്. ഭക്തന്റെ/ ഭക്തയുടെ ഉള്ളില്‍ തന്റെ ആരാധനാമൂര്ത്തിയോടുള്ള വികാരങ്ങളാണ് / വിചാരങ്ങളാണ് അത്രമേല്‍ നേരോടും, നേര്മ്മയോടും ചൊവ്വല്ലൂരിന്റെ പാട്ടില്‍ പ്രതിഫലിച്ചത്. ഇതുകൊണ്ടുകൂടിയാവണം, ഇത് എന്റെ തോന്നലാണല്ലോ, എനിക്ക് പറയാനുള്ളതാണല്ലൊ എന്ന ചിന്തയാല്‍ ഓരോ ഭക്തനും ആ പാട്ടുകളേ ഹൃദയത്തില്‍ ചേര്‍ത്തുവച്ചത്, ചുണ്ടില്‍ മന്ത്രം പോലെ ഉരുവിട്ടത്. 'ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പാ നിന്, ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക്, തിരുവാറന്മുള കൃഷ്ണാ, അഷ്ടമിരോഹിണി നാളില്‍, ഇന്നും ഗുരുവായൂരില്‍ തൊഴുതു നില്ക്കുമ്പോള്, ഇനിയെന്നുകാണും ഞാന്‍ ഇനിയെന്നുകാണും ഞാന്‍ ഇതുമാത്രമാണെന് വിചാരം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം
ഭക്തിഗാനരചയിതാവില് നിന്ന് വ്യത്യസ്തനായിരുന്നു സിനിമാപാട്ടെഴുത്തുകാരനായ ചൊവ്വല്ലൂര്‍. ''എങ്കിലുമൊരു രാപ്പൂ കാണാന്‍ കൊതിച്ചെന്റെ സങ്കല്പ്പ നടനം തുടരുന്നു' എന്ന് കവിയെഴുതിയ വരികള്‍ പക്ഷെ വയലാറിന്റെ രചനയാണെന്നാണ് പലരും ധരിച്ചിരുന്നത്. സ്വപ്നാടനം ഞാന്‍ തുടരുന്നു എന്ന തുലാവര്‍ഷത്തിലെ ( 1976 ) ഈ പാട്ടിലൂടെയാണ് ചൊവ്വല്ലൂര്‍ തന്റെ സിനിമാഗാനരചന തുടങ്ങുന്നത്. സലില്‍ ചൗധരിയായിരുന്നു സംഗീത സംവിധായകന്. അല്ലിമലര്‍ക്കാവ് എന്ന ചിത്രത്തിനുവേണ്ടി, കോട്ടയം ജോയ്യുടെ സംഗീതത്തില്‍ എഴുതിയ പാട്ടില്‍, മലയാളത്തിന്റെ പഴയ നാടന്പാട്ടുവഴക്കം നമുക്കു കാണാം
' ...ചെല്ലക്കിളിയേ ചെറുകിളിയേ
താനിരുന്നാടുന്നതങ്ങേക്കൊമ്പത്തോ ?
ഇങ്ങേക്കൊമ്പത്തോ ?
എന്‍ മനസ്സിന്റെ തുഞ്ചത്തോ ?
ഹാസ്യസാഹിത്യകാരന്‍ കൂടിയായ ചൊവ്വല്ലൂരിന്റെ ആ മിടുക്ക് കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്, സംവിധായകനായ കെ.ജി ജോര്‍ജ് പഞ്ചവടിപ്പാലം എന്ന സിനിമയിലെ ഈ ആക്ഷേപഹാസ്യഗാനത്തില്..
' നാണയം കണ്ടാല്‍ നക്കിയെടുക്കും
നാണമില്ലാത്തൊരിസഹാക്കേ
കേട്ടാല്‍ പുളിക്കുന്ന
നിങ്ങടെ തട്ടിപ്പ്
നാട്ടില്‍ പാട്ടല്ലെ മൂരാച്ചീ '
വിപ്ലവവീര്യമുണര്ന്നുയരട്ടെ വിശ്വാസികളെ വന്നാട്ടേ എന്ന് തുടങ്ങുന്ന മറ്റൊരു പാട്ടുകൂടിയുണ്ട് ഈ ചിത്രത്തില്‍. എം.ബി ശ്രീനിവാസന്റെ സംഗീതം
അതിനിടയില്‍, ഏറ്റവും ഇഷ്ടമുള്ള ഒരു ചൊവ്വല്ലൂര്‍ പാട്ടിനെ കുറിച്ച് ഞാന്‍ പറഞ്ഞു.
'ഒരു വിഷുപ്പാട്ടിന്റെ ചിറകില്‍ ഞാനിന്നലെ
ഒരുപാടു ദൂരം പറന്നു വന്നൂ
എന്നും കണിക്കൊന്നപോലെന്നില്
പൂക്കുന്ന
പെണ്കിടാവേ നിന്നെ കാത്തിരുന്നു ..'
ആ മുഖം ഒന്നു വിടര്‍ന്നു.
'ഇതെവിടന്നാ കേട്ടത് ?
ജയേട്ടന് (പി. ജയചന്ദ്രന്) പാടി തന്നതാണ്.
അദ്ദേഹം ഒന്നു ചിരിച്ചു.
'രാഘവന് മാഷ്ടെ സംഗീതമാണ് '
പിന്നെ ആ പാട്ടുകാലത്തിന്റെ സ്മൃതിച്ചിറകിലെന്നപോലെ ഒരു നിമിഷം മതിമറന്ന് നിന്നു.
അവസാനമായി കാണാന്‍ ചെല്ലുമ്പോള്‍ ചൊവ്വല്ലുര്‍ ക്ഷേത്രത്തിനടുത്തുള്ള വീടിന്റെ തളത്തില്‍ തെക്കോട്ട് തലവച്ച്, കണ്ണുകളടച്ച് തെളിഞ്ഞ മുഖത്തോടെ കിടക്കുകയാണ് കൊച്ചപ്പേട്ടന്‍. അദ്ദേഹത്തിന്റെ തന്നെ വരി കടമെടുത്താല്‍, കോടക്കാര്‍വര്‍ണ്ണന്റെ അധരങ്ങള്‍ ചുംബിക്കുന്ന ഓടക്കുഴലായി മാറുന്ന സ്വപ്നാടനം തുടരുന്നതുപോലെ...
ദീപ്തപ്രണാമം
ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന സാഹിത്യകാരന്, നടന്, ഗാനരചയിതാവിന്, കവിക്ക്, പത്രപ്രവര്ത്തകന്, ആകാശവാണിക്കാരന്‍, കലാ വിചക്ഷണന്‍, പ്രാസംഗികന്.. അതിലുപരി
'കൊച്ചപ്പേട്ടന്‍' എന്ന സ്നേഹത്തിന്റെ ആഴമുള്ള , നന്മയുടെ തെളിഞ്ഞ ചിരിയുള്ള മനുഷ്യന്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..