'കേരളത്തില്‍ സഖാവ് എന്ന വാക്ക് ആദ്യം പ്രചാരത്തിലാക്കിയതാരാണ്?' ഡോ.സ്‌കറിയ സക്കറിയയുടെ ചോദ്യം!


ബിപിന്‍ ചന്ദ്രന്‍ഡോ. സ്‌കറിയ സക്കറിയ മിഥുൻ മുരളിയുടെ വരയിൽ, ഡോ. സ്‌കറിയ സക്കറിയ

മിഥുന്‍ മുരളി എന്ന ശിഷ്യന്‍ എന്റെ ഒരു പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി സ്‌കറിയ സാറിന്റെ ഈ രേഖാചിത്രം വരച്ചു തന്നിട്ട് കുറച്ചുനാളുകളേ കഴിഞ്ഞുള്ളൂ.
ജനാധിപത്യം എന്ന വാക്കിന്റെ തണലിടത്തില്‍ വച്ചല്ലാതെ സ്‌കറിയ സാറിനെ ഓര്‍ക്കാന്‍ കഴിയുന്നില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ പല പണ്ഡിതരുടെയും ഔദ്ധത്യത്തിന്റെയും അഹന്തയുടെയും താന്‍പോരിമയുടെയും തക്ഷകത്വം ഫണം നിവര്‍ത്തുമ്പോള്‍
സ്‌കറിയ സക്കറിയ എന്ന അറിവിന്റെ/ അലിവിന്റെ ആള്‍/ആല്‍ രൂപം മനസ്സില്‍ തെളിയാറുണ്ടായിരുന്നു.
തുച്ഛമായതെന്ന് പുച്ഛിക്കപ്പെടുന്ന പലതും ജ്ഞാനരൂപങ്ങളാണെന്ന് അദ്ദേഹം കാട്ടിത്തന്നു. എത്ര ആഴത്തില്‍ ആയാസരഹിതമായി അറിവുവഴികളെ അദ്ദേഹം അടയാളപ്പെടുത്തി.

അധ്യാപനത്തിലും അക്കാദമികരംഗത്തും സ്‌കറിയസ്‌കൂള്‍ വരുത്തിയ കാതലായ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയം കൂടിയാണിത്. അത്തരത്തിലുള്ള പഠനങ്ങകളാകണം സാറിനുള്ള നിത്യസ്മാരകം.
എസ്.പി.സി.എസ് പുറത്തിറക്കിയ മലയാളവഴികള്‍ ഇപ്പോള്‍ ഔട്ട് ഓഫ് പ്രിന്റ് ആണ്. അത് പുന:പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുന്നത് സ്‌കറിയ സാറിന്റെ ഓര്‍മ്മകള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച അഞ്ജലിയാകും. മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച അര്‍മാദചന്ദ്രന്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ, 'സ്‌കറിയാവഴികള്‍' എന്ന കുറിപ്പിനെക്കുറിച്ച് മകന്‍ അരുള്‍ പറഞ്ഞറിഞ്ഞപ്പോള്‍ സാറത് വായിച്ചിട്ട് ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചിരുന്നു. അതായിരുന്നു സാറുമായുണ്ടായ അവസാനത്തെ സംഭാഷണം. വാക്കുകളിലൂടെ അങ്ങ് പകര്‍ന്ന ഊര്‍ജ്ജം എന്നും കൂടെയുണ്ടാകും. അന്ത്യോദകമെന്ന നിലയില്‍ സാറിന് സമര്‍പ്പിക്കാന്‍ ഈ വാക്കുകള്‍ തന്നെയാകും ഉചിതമെന്നു തോന്നുന്നു.സ്‌കറിയാവഴികള്‍

ഞാന്‍ കണ്ട പണ്ഡിതന്മാരില്‍ പലരും പരമബോറന്‍മാരായിരുന്നു. പരമ ബോറന്‍മാരില്‍ പലരും സ്വയം പണ്ഡിതരായി നടിക്കാറുമുണ്ടെന്നത് കാര്യങ്ങളെ കൂടുതല്‍ കോംപ്ലിക്കേറ്റഡാക്കും. അതിനര്‍ത്ഥം പണ്ഡിതകളില്‍ പരമബോറത്തിമാര്‍ ഇല്ലെന്നല്ല കേട്ടോ.
പഠിപ്പിച്ചതും അല്ലാത്തതുമായ അധ്യാപകരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. കിരീടത്തിലെ തിലകനെപ്പോലെ ''കത്തി താഴെ ഇടെടാ'' എന്ന് എത്രയോ മാഷുമ്മാരോട് നമ്മള്‍ മനസ്സില്‍ അലറിപ്പറഞ്ഞിട്ടുണ്ടാകും. നാക്കിന്റെ വയറിളക്കം മുതല്‍ മൂച്ചിന്റെ മലംമുറുക്കം വരെയുള്ള എത്രയോ തരം വാദ്ധ്യാര്‍ പരാധീനതകളെ സഹിച്ചിട്ടും ക്ഷമിച്ചിട്ടുമാകണം വിദ്യാര്‍ത്ഥിവര്‍ഗ്ഗം ക്ലാസ്സ്മുറിക്കാലങ്ങള്‍ കഴിച്ചു കൂട്ടിയിട്ടുണ്ടാവുക. വിദ്യാര്‍ഥികള്‍ ഒരു വര്‍ഗ്ഗമാണോ എന്ന ചോദ്യം നമുക്ക് തല്‍ക്കാലം മാറ്റി വയ്ക്കാം.

പണ്ഡിതരും പരമരസികരും പഠിതാക്കളില്‍ ചിരമുദ്ര പതിപ്പിച്ചവരുമായ അധ്യാപകരെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടാല്‍ ഒരാള്‍ക്കും ഒരുപാട് പേരുകളൊന്നും നിരത്താനുണ്ടാകില്ല. അത്തരം ലിസ്റ്റില്‍ നിസ്സംശയം ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഒരു പേരുകാരനെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്.
എസ്.ബി. കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്ക് പഠിക്കാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ആ മനുഷ്യനെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്.
ഉച്ച തിരിഞ്ഞ് ഒരു മൊരഞ്ഞ ചരിത്രക്ലാസ്സിലിരുന്ന് ഞങ്ങള്‍ കൂട്ടുകാരൊക്കെ ഉറക്കംതൂങ്ങി വീഴുന്ന സമയം. പെട്ടെന്ന് ഞങ്ങളുടെയെല്ലാം മയക്കവും ക്ഷീണവുമൊക്കെ പമ്പ കടന്നു. ഞങ്ങളെ പഠിപ്പിച്ച അധ്യാപകന്റെ മെച്ചം കൊണ്ടായിരുന്നില്ലത്. മറിച്ച് തൊട്ടടുത്ത ക്ലാസ്സിലെ സെക്കന്‍ഡ് ലാംഗ്വേജ് അധ്യാപകന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കൊണ്ടായിരുന്നത്. അയല്‍പക്കത്തെ ക്ലാസില്‍ നിന്ന് മിനിറ്റിനു മിനിറ്റിനു പൊട്ടിച്ചിരി ബോംബുകള്‍ പൊട്ടുമ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങുക? ഒരു യുവ വൈദികനായിരുന്നു ഞങ്ങളുടെ ചരിത്ര അധ്യാപകന്‍. പുള്ളിക്കാരന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തന്റെ വിദ്യാര്‍ത്ഥികളെ കൂര്‍ക്കംവലിയില്‍ നിന്ന് ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് തൊട്ടടുത്ത ക്ലാസ്സ് എടുക്കാന്‍ വന്ന അധ്യാപകന്‍ അത് പുഷ്പംപോലെ സാധിച്ചത്.

അടുത്ത ക്ലാസിലേക്ക് ഏന്തി വലിഞ്ഞു നോക്കിക്കൊണ്ടിരുന്ന ഞങ്ങളോട് ആ അച്ചന്‍ അന്ന് പറഞ്ഞു. 'അത് സ്‌കറിയ സക്കറിയ സാറാണ്.' അസൂയയും അപകര്‍ഷതയും അവനവന്റെ കഴിവുകേടിനെക്കുറിച്ചുള്ള കുറ്റബോധവുമെല്ലാം കലര്‍ന്നു കിടപ്പുണ്ടായിരുന്നു അങ്ങേരുടെയാ പറച്ചിലില്‍. ഇത്തരം ചില അവസ്ഥകളില്‍ പെട്ടു പോകുമ്പോഴാണ് കോംപ്ലക്‌സ് മൂത്ത് ചിലരൊക്കെ ചില കടുംകൈകളൊക്കെ ചെയ്തു പോകുന്നത്. മറ്റു പല പണികളും അറിയാമെങ്കിലും പഠിപ്പിക്കല്‍ എന്ന പരിപാടി സത്യത്തിലെന്താണെന്ന് അറിയാത്തവര്‍ വാധ്യാര്‍മാരാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധിക്കുഴിയിലാണ് ആ വൈദികനും അന്ന് വീണത്. പക്ഷേ അപ്പുറത്ത് ക്ലാസെടുത്ത ആ കറിയ ഒരു ഒന്നൊന്നരക്കറിയ ആണല്ലോ എന്ന് അന്ന് തോന്നിയ തോന്നല്‍ എനിക്ക് ഇന്നും മാറിയിട്ടില്ല.

അങ്ങനെ തോന്നിയിട്ടുള്ള അനേകായിരം വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അനുഭവസാക്ഷ്യം പറയാം. അന്ന് സ്റ്റുഡന്റായി സ്‌കറിയ സാറിന്റെ ക്ലാസിലിരുന്ന സജി ജെയിംസ് എന്ന പ്രീഡിഗ്രി വിദ്യാര്‍ത്ഥി ഇന്നൊരു പത്രാധിപരാണ്. പതിറ്റാണ്ടുകള്‍ മൂന്ന് പൊഴിഞ്ഞു പോയിട്ടും സ്‌കറിയാമൊഴികളുടെ പ്രഭാവം അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് ഇപ്പോഴും മായുന്നില്ല.

എസ്.ബി. കോളേജിലെ ഒരു യൂണിയന്‍ ഇലക്ഷന്‍ കാലം. സ്‌കറിയ സാറിന്റെ ജനറല്‍ ക്ലാസ്സ് നടക്കുന്നു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഇലക്ഷന്‍ പ്രചരണത്തിനായി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍ പെട്ട ചിലര്‍ അവിടേയ്ക്ക് എത്തിച്ചേര്‍ന്നു. അന്നേ വരെയുള്ള ചരിത്രത്തില്‍ എസ്.ബി.യില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ കാര്യമായ വിജയങ്ങളൊന്നും നേടിയിട്ടില്ലായിരുന്നു. ചരിത്രം തിരുത്തിക്കൊണ്ട് ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ അനില്‍കുമാര്‍ ജയിച്ചുകയറുമെന്ന് അത്തവണ എല്ലാവര്‍ക്കും തന്നെ ഉറപ്പായിരുന്നു. പല അധ്യാപകര്‍ക്കും അതില്‍ വലിയ വിഷമവുമുണ്ടായിരുന്നു. വോട്ട് ചോദിച്ചു ചെന്ന അനിലിനോട് ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും സംസാരിക്കാനാണ് സാര്‍ ആവശ്യപ്പെട്ടത്.
തീട്ടം തുടച്ച തുണി കോലില്‍ കുത്തി ദൂരെയെറിയും പോലെ രാഷ്ട്രീയ പ്രവര്‍ത്തകരെ തങ്ങളുടെ ക്‌ളാസിന്റെ പരിസരത്തു നിന്നു പോലും പറപ്പിക്കുന്ന അധ്യാപകരെ കണ്ടു പരിചയിച്ച വിദ്യാര്‍ത്ഥി നേതാക്കളൊക്കെ അങ്ങേയറ്റം ജനാധിപത്യപരമായ ആ സമീപനം കണ്ട് അക്ഷരാര്‍ഥത്തില്‍ അമ്പരന്നുപോയി.
''അല്ലേലും ഈ പഠിക്കാന്‍ വരുന്ന പിള്ളേര് പഠിച്ചാല്‍ പോരെ. കൂവാനും കാറാനും കലാപമുണ്ടാക്കാനുമാന്നോ കഷ്ടപ്പെട്ട് കാശുമുടക്കി കോളേജിലേക്ക് കുട്ടികളെ കൊണ്ടു വിടുന്നത്. പത്തു പൈസ കൊടുക്കാതെ പണം ഇങ്ങോട്ട് വാങ്ങി പഠിക്കുന്ന ചിലതുങ്ങളുണ്ട്. അതുങ്ങളില്‍ പലര്‍ക്കുമാണ് കൂടുതല്‍ സൂക്കേട്.'' ഇങ്ങനെയൊക്കെ പറയുന്ന അധ്യാപഹയര്‍ ഇപ്പോഴും എല്ലായിടത്തുമുണ്ട്. കെട്ടുകെട്ടായി കാശെണ്ണിക്കൊടുത്തതിന്റെയും 'കുടുംബത്ത്' പിറന്നതിന്റെയും മതജാതി കൊണങ്ങളുടെയുമൊക്കെ പച്ചയില്‍ മാത്രം പണിക്കുകയറിയ പലരും ഇങ്ങനെയൊക്കെ പച്ചക്ക് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുമെന്നുമാത്രം. പിന്നെ ഇച്ചിരി ഫീലിംഗ് പുച്ഛവും. വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പുരോഗമന വാദികളാണ് തങ്ങളെന്നായിരിക്കുമല്ലോ അവരില്‍ പലരും സ്വയം വിലയിരുത്തുക. ഹിറ്റ്‌ലറും മുസ്സോളിനിയും ഈദി അമീനുമൊക്കെ തങ്ങള്‍ വലിയ ഹ്യൂമനിസ്റ്റുകള്‍ ആണെന്നായിരിക്കാം ചിലപ്പോള്‍ വിചാരിച്ചിരുന്നിരിക്കുക. ആണ്ടി വല്യ അടിക്കാരനാണെന്ന് ആണ്ടി മാത്രമല്ലേ പറയൂ.

അതെന്തെങ്കിലുമാകട്ടെ. അധികാരത്തിന്റെ നെടുംകോട്ടയില്‍ സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട സ്‌കറിയ സക്കറിയ അന്ന് ശിഷ്യരെ വീണ്ടും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റായ അനില്‍കുമാര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു അന്ന് വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകരുടെ പ്രചരണം. സ്‌കറിയ സാര്‍ അതിലൊന്നിലേക്ക് വിരല്‍ ചൂണ്ടി ചോദിച്ചു.
'ആരുടെ ചിത്രമാണത്?'
അല്പം സംശയത്തോടെ ആരോ ഒരാള്‍ ''ചെഗുവേര'' എന്ന് മറുപടി പറഞ്ഞു.
ഇന്നത്തെപ്പോലെ ചെഗുവേര ഒരു കുടില്‍ വ്യവസായമായോ ടീഷര്‍ട്ട് ഐക്കണ്‍ ആയോ മാറിയിരുന്നില്ല അന്ന്. (മുന്നറിയിപ്പ് സിനിമയില്‍ മിനോണ്‍ എന്ന ബാലതാരം ചെഗുവേരയുടെ പടം കണ്ടു പറയുന്ന കമന്റ് ഓര്‍മ്മവരുന്നു. ''ഇത് ക്യൂബേലെ വല്യ ഡിവൈഎഫ്‌ഐക്കാരനാ'' ഉണ്ണി.ആറിന്റെ സെന്‍സ് ഓഫ് ഹ്യൂമറിന് സല്യൂട്ട്) ഇടതുപക്ഷക്കാര്‍ക്കിടയില്‍ പോലും അന്നൊരു പോപ്പുലര്‍ ഇമേജ് അല്ലായിരുന്ന സഖാവ് ചെഗുവേരയെക്കുറിച്ചായിരുന്നു പിന്നീട് സ്‌കറിയാ സാറിന്റെ ക്ലാസ്സ്.

അതിനിടയ്ക്ക് വന്നു അടുത്ത ചോദ്യം.
'കേരളത്തില്‍ സഖാവ് എന്ന വാക്ക് ആദ്യമായി പ്രചാരത്തിലാക്കിയത് ആരാണെന്നറിയാമോ?'
വിദ്യാര്‍ത്ഥി സഖാക്കളടക്കം മൗനത്തിന്റെ മണലില്‍ ഒട്ടകപ്പക്ഷികളെപ്പോലെ മുഖം പൂഴ്ത്തി. ഒടുവില്‍ ചോദ്യകര്‍ത്താവ് തന്നെ ഉത്തരവും പറഞ്ഞു.
''സഹോദരന്‍ അയ്യപ്പന്‍.''
സഖാവില്‍ നിന്നു സഹോദരനിലേക്കും അതില്‍ നിന്നു സാഹോദര്യത്തിലേക്കും സകലവിഭാഗങ്ങളിലുമുണ്ടായ നവോത്ഥാനത്തിലേക്കും അത്തരമൊരുണര്‍ച്ചയില്‍ മിഷണറിമാരും അച്ചടിശാലകളും രാഷ്ട്രീയ-സാമുദായിക പ്രസ്ഥാനങ്ങളുമൊക്കെ വഹിച്ച വിപ്ലവകരമായ പങ്കിലേക്കുമൊക്കെ ആ പ്രഭാഷണം കത്തിപ്പടര്‍ന്നു. ചെറിയ കട എന്നു കരുതി അകത്തേക്ക് കയറിയപ്പോള്‍ അയ്യപ്പാസിന്റെ അതിവിശാലമായ ഷോറൂം കണ്ട കോട്ടയംകാരെപ്പോലെ സ്‌കറിയ സാറിനെ വേണ്ടതുപോലെ പിടിയില്ലായിരുന്ന പലരുമന്ന് അന്തം വിട്ടു നിന്നു. അന്നത്തെ അറിവിന്റെ അയ്യപ്പാസ് ഇന്ന് അതിഭയങ്കരന്‍ ലുലു മാളായി വളര്‍ന്നു പടര്‍ന്നെന്നു മാത്രം.

ആവശ്യം വന്നാല്‍ പ്രകാശ് കാരാട്ടിനോട് പ്രത്യയശാസ്ത്രത്തെക്കുറിച്ചും പൗവ്വത്തില്‍ പിതാവിനോട് പൗരോഹിത്യത്തെക്കുറിച്ചുമൊക്കെ ഒരേസമയം പറഞ്ഞു നില്‍ക്കാനും പ്രയോഗത്തില്‍ പിഴയ്ക്കുന്നത് എവിടെയെന്നു പറഞ്ഞു കൊടുക്കാനുമുള്ള പിടിപാട് ആ മനുഷ്യനുണ്ട്. അവയില്‍ മാത്രമല്ല ഒരു മാതിരിപ്പെട്ട വിഷയങ്ങളിലൊക്കെയും. വിവരം മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അത് മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വെടിപ്പായി വിടര്‍ത്തി വെക്കാനുള്ള വൈഭവം കൂടിയാണ്.
ക്ലാസ് മുറിയിലെ ശിഷ്യരെയെന്നപോലെ കമല സുരയ്യയെപ്പോലുള്ള വലിയ എഴുത്തുകാരികളെ പോലും തന്റെ വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിച്ച പ്രിയപ്പെട്ട അധ്യാപകനെപ്പറ്റി സജി ജയിംസിനെപ്പോലെ എത്രയോ പേര്‍ക്ക് പറയാനുണ്ടാവും. പൊളപ്പന്‍ തമാശകളും പൊളിച്ചടുക്കുന്ന ചരിത്രബോധവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ മുഖമുദ്ര.

എസ്.ബി.യിലെ പ്രസിദ്ധമായ ഷെപ്പേര്‍ഡ് അനുസ്മരണത്തിന് മാതൃഭാഷയിലെ ഒഴുക്കോടെ ഇംഗ്ലീഷില്‍ പ്രഭാഷണം നടത്തിയ സ്‌കറിയ സാറിനെക്കുറിച്ച് പറഞ്ഞുതന്നത് അദ്ദേഹത്തിന്റെ ശിഷ്യനും കുടുംബസുഹൃത്തും പിന്നീട് സഹപ്രവര്‍ത്തകനുമായ പ്രൊഫസര്‍ ജോസി ജോസഫ് ആണ്. സ്‌കറിയ സക്കറിയയെ തൊണ്ണൂറുകള്‍ക്ക് മുന്‍പും തൊണ്ണൂറുകള്‍ക്ക് പിന്‍പും എന്ന് വേര്‍തിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പുതിയ അറിവൊഴുക്കുകളില്‍ ജ്ഞാനസ്‌നാനപ്പെട്ടു സ്വയം പുതുക്കിത്തുടങ്ങിയ സ്‌കറിയ സക്കറിയ എസ്.ബി.യില്‍ നിന്ന് കാലടി സര്‍വകലാശാലയിലേക്ക് ചുവട് മാറിയതും തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. സാംസ്‌കാരിക കേരളം ആ തീരുമാനത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എസ്.ബി.യില്‍ തുടര്‍ന്നിരുന്നെങ്കില്‍ സുനില്‍. പി. ഇളയിടവും എന്‍.അജയകുമാറുമൊക്കെ അടങ്ങുന്ന ''സ്‌കറിയ സ്‌കൂള്‍ ഓഫ് തോട്ട് ' ഒരു പക്ഷേ രൂപീകരിക്കപ്പെടില്ലായിരുന്നു. സ്‌കറിയ സാറിനെക്കുറിച്ചുള്ള ഈ പറച്ചിലിനു തന്നെ വഴിമരുന്നിട്ടത് മേല്പറഞ്ഞ രണ്ടു തകര്‍പ്പന്‍ അധ്യാപകര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ഒരു പുസ്തകമാണ്. രണ്ടു വാല്യങ്ങളിലായി എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ച മലയാള വഴികള്‍ എന്ന വമ്പന്‍ പുസ്തകം.

ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതു മുതല്‍ പഴയ മലയാളി ജൂതരുടെ പാട്ടുകള്‍ സമാഹരിച്ചത് വരെയുള്ള സംസ്‌കാരസംബന്ധിയായ സ്‌കറിയാസംഭാവനകളെക്കുറിച്ചു വേണമെങ്കില്‍ അനേകം ഗ്രന്ഥങ്ങള്‍ എഴുതാം. സുമി ജോയ് ഓലിയപ്പുറത്തെയും അജു.കെ. നാരായണനെയും ജയ സുകുമാരനെയും ഷംഷാദ് ഹുസൈനെയും എ.കെ. അപ്പുക്കുട്ടനെയും കെ.ആര്‍. സജിതയെയും പോലെ എത്രയോ സമര്‍ഥരായ ഗവേഷകരെ വാര്‍ത്തെടുത്ത സാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹപ്രവര്‍ത്തകരും ശിഷ്യരും ചേര്‍ന്ന് നടത്തിയ ഒരു ചരിത്രപരമായ നന്ദിപ്രകടനമായി വേണം ഈ സമാഹരണസംരംഭത്തെ കാണാന്‍. ഇത്തരമൊരു യത്‌നമില്ലായിരുന്നെങ്കില്‍ വിലപ്പെട്ട പല എഴുത്തുകളും എവിടെയെന്നറിയാതെ കാലക്രമത്തില്‍ മറഞ്ഞുപോകുമായിരുന്നു. സ്‌കറിയാ സക്കറിയയുടെ പ്രധാനപ്പെട്ട ലേഖനങ്ങളൊക്കെത്തന്നെ ഉള്‍ക്കൊള്ളുന്ന ഈ ബൃഹദ് സമാഹാരത്തിന്റെ പ്രസക്തി അത്രത്തോളം വലുതാണ്.

മലയാളപഠനം, പൈതൃകം/ ജനസംസ്‌കാരം, സാഹിത്യം, സംസ്‌കാരപഠനം, മതം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ലേഖനങ്ങള്‍ക്ക് മുന്നോടിയായി ജോസഫ് സ്‌കറിയ, അജു.കെ.നാരായണന്‍, പി. ആന്റണി, കെ.വി. ശശി, ബാബു ചെറിയാന്‍ എന്നിവര്‍ തയ്യാറാക്കിയ ആമുഖ പഠനങ്ങളുമുണ്ട്. 1200-ല്‍ പരം പേജുകളില്‍ പരന്നു കിടക്കുന്ന ഗ്രന്ഥത്തിലെ അറിവ് വഴികള്‍ ഏതൊക്കെ നവ്യാനുഭവങ്ങളിലേക്കും അജ്ഞാതമായിരുന്ന ജ്ഞാനഭൂഖണ്ഡങ്ങളിലേക്കുമാണ് വായനക്കാരെ നയിക്കുകയെന്നു വിശദീകരിക്കാനുള്ള ത്രാണി എന്റെ വാക്കുകള്‍ക്കില്ല. ഒന്നുമാത്രം പറയാം. കൊറോണക്കാലത്ത് എല്ലാ മലയാളികളെയും പോലെ വീട്ടിനുള്ളില്‍ പെട്ടുപോയ എനിക്ക് മലയാള വഴികള്‍ ഒരു വിമോചനൗഷധമായിരുന്നു. വിമോചകമായ വിജ്ഞാനത്തിന്റെ ജനാധിപത്യപരമായ തിരച്ചില്‍വഴികളാല്‍ അധികാര പദവികളെ റദ്ദാക്കുകയും അന്തിമവിധികല്പനകളെ അപ്രസക്തമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള വലിയ ബോധ്യങ്ങളാണ് അതിന്റെ പാരായണം പ്രദാനം ചെയ്തത്. ഇനി ജീവിതകാലം മുഴുവന്‍ എനിക്ക് കൂട്ടായിട്ടുണ്ടാകും പെരിയ വെളിച്ചങ്ങളുടെ, വലിയ തുറവികളുടെ, ആ വെളിപാട് പുസ്തകം.
പുത്തന്‍പുതുമയുടെ ആ മാനിഫെസ്റ്റോ ചേര്‍ത്തുകെട്ടാന്‍ ചത്തുകിടന്നു പണിയെടുത്ത സുനില്‍ മാഷിനും അജയന്‍ മാഷിനും മറ്റു പ്രവര്‍ത്തകര്‍ക്കും കെട്ടിപ്പിടിച്ചുമ്മ.

പുറമേക്ക് ലെനിനും പൂജാമുറിയില്‍ പൂന്താനവുമാകുന്ന ചിലരെക്കുറിച്ചു കെ.ജി.എസ്. കവിതയില്‍ പറഞ്ഞിട്ടുണ്ട്. അതു പോലെ മറ്റു ചിലരുണ്ട്. പുറമേക്ക് ഒടുക്കത്തെ സ്വാതന്ത്ര്യവാദികളും അകമേയ്ക്ക് അങ്ങേയറ്റം സങ്കുചിതമനസ്‌കരുമായവര്‍. പൊതുവേദികളില്‍ പുരോഗമനവും ക്ലാസുമുറികളില്‍ പള്ളിസദാചാരവും തട്ടി മൂളിക്കുന്നവര്‍. പാദം നക്കിയതിന്റെ പേരില്‍ പണിയും പദവിയും തന്നവരോട് മാത്രമല്ലല്ലോ മനുഷ്യരെന്ന നിലയില്‍ നാം കടപ്പെട്ടിരിക്കേണ്ടത്. അതുകൊണ്ട് മലയാളത്തോട് താല്പര്യമുള്ളവരും മനുഷ്യപ്പറ്റുള്ളവരുമൊക്കെ 'മലയാള വഴികള്‍' ഒന്ന് വായിക്കുന്നത് നല്ലതാണ്. മനസ്സിനു വയസ്സാകുന്നതിന് ചില മറുമരുന്നുകളൊക്കെയുണ്ടെന്ന് അപ്പോള്‍ മനസ്സിലാകും.

സ്‌കറിയാ സാറിന് എത്ര വയസ്സായി എന്നാകും ചിലര്‍ക്കപ്പോള്‍ സംശയം. പുള്ളിക്കാരനെക്കുറിച്ചാകുമ്പോള്‍ 'How Old Are You?' എന്ന ചോദ്യത്തെക്കാള്‍ ഉചിതമാവുക 'How Young is He!' എന്ന വിസ്മയവാചകമാകും. ഈ പ്രായത്തിലും കനത്ത ജോലിയിലാണെന്നേ കക്ഷി. റൂട്ട്‌ലെഡ്ജിന് വേണ്ടി മലയാള വിമര്‍ശന മാതൃകകളുടെ ഒരു പെരുത്ത സമാഹാരം തയ്യാറാക്കുന്ന തിരക്കിലാണദ്ദേഹം. ഉണ്ണായി വാരിയര്‍ക്ക് തെറ്റി. ''വാര്‍ദ്ധക്യം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം.''

എന്തായാലും അങ്ങോട്ടൊന്നും നോക്കാന്‍ പോകേണ്ട. വെറുതെ ചമ്മിപ്പോകത്തേയുള്ളൂ. നമുക്ക് തല്‍ക്കാലമീ ചിന്തയുടെ പഴഞ്ചന്‍ കുറ്റിക്കു ചുറ്റും കടമ്മനിട്ടയുടെ പശുക്കുട്ടിയെപ്പോലെ കറങ്ങാം. കൂറ്റന്‍ ശമ്പളമൊക്കെ വാങ്ങി കൃത്യമായി കരുതി വയ്ക്കാം. വായിച്ചും പഠിച്ചും പ്രബുദ്ധരാകാന്‍ പാഴാക്കുന്ന സമയത്ത് പിള്ളേരെ അച്ചടക്കം പഠിപ്പിക്കാം. കുട്ടികള്‍ക്ക് കലാപവഴികള്‍ കാട്ടിക്കൊടുക്കുന്നതിന് പകരം കരിക്കുലത്തിന്റെ കാല്‍മുട്ടിനിടയില്‍ കൈയും തിരുകി കിടന്നുറങ്ങുകയെങ്കിലും ചെയ്യാം.
എന്നാത്തിനാ ഉത്തിഷ്ഠത?
എന്തോന്നിനാ ജാഗ്രത?
''പ്രാപ്യവരാന്‍ നിബോധത''എന്നൊക്കെ പറയാനെളുപ്പമാണെന്നേ. പ്രയോഗത്തില്‍ വല്യ പാടാ.
സ്‌കറിയാ സാറേ സലാം...
''പുതുചിന്തയും പുതുപ്രവര്‍ത്തനവും പുതുപ്രവണതകളും ഉണ്ടാക്കുന്നത് പ്രശ്‌നവത്കരണത്തിലൂടെയാണ്. ഗതകാലത്തിന്റെ ആശയങ്ങളും അനുഭവങ്ങളും ശീലങ്ങളും പരിഗണിച്ചാല്‍ പോരാ പ്രശ്‌നവത്കരണത്തിന്. സിദ്ധമായ ലോകത്തില്‍ നിന്ന് സാധ്യമായ ലോകത്തിലേക്കുള്ള കുതിപ്പാണ് പ്രശ്‌നവത്കരണം. നിലവിലുള്ള ധാരണകളെ അപഗൂഢവത്കരിക്കുകയും പുരാണപരമായ അറിവുകളുടെ വള്ളിക്കെട്ടില്‍ നിന്ന് മോചിപ്പിക്കുകയും ആണ് പ്രശ്‌നവത്കരണത്തിന്റെ രീതിശാസ്ത്രം. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ഭാവനാപൂര്‍വ്വം പുതുമകള്‍ സൃഷ്ടിക്കാനും പ്രശ്‌നവത്കരണത്തിലൂടെ കഴിയണം. സ്‌ത്രൈണത, ദൈവികത, പൗരുഷം രാജ്യസ്‌നേഹം, ഭക്തി തുടങ്ങിയവയെല്ലാം ഇങ്ങനെ വിമര്‍ശനാത്മകമായി പുനരവതരിപ്പിക്കാന്‍ കഴിയണമെങ്കില്‍ പുത്തന്‍ ആശയാവലികളും പുതുസങ്കല്പങ്ങളും കൂടിയേ തീരൂ.'' - സ്‌കറിയ സക്കറിയ

Content Highlights: bipin chandran writes homage to well known critic and author dr skaria zacharia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented