മോണിക്കയുമായുള്ള ലൈംഗികവിവാദത്തിനു ശേഷവും ക്ലിന്റണെ ഹില്ലരി ഉപേക്ഷിക്കാഞ്ഞത് എന്തെന്നാല്‍...


ഹില്ലരി ക്ലിന്റന്റെ ഭര്‍ത്താവായ താന്‍ വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഏഴുമാസമായി തന്റെ ബന്ധത്തെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും ജൂറിക്കു മുന്നില്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ അത് രാജ്യത്തിനു മുന്നില്‍ ഏറ്റുപറയുമെന്ന് വ്യക്തമാക്കിയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല.

മോണിക്ക ലെവിൻസ്‌കി, ബിൽ ക്ലിന്റൺ, ഹില്ലരി

ഇന്ത്യന്‍ വംശജയായ ഹുമ ആബിദിന്‍ അമേരിക്കയിലെ ഏറ്റവും പ്രമുഖരായ പൊളിറ്റിക്കല്‍ സ്റ്റാഫര്‍മാരിലൊരാളാണ്. ഹില്ലരി ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും പ്രശസ്തയായ ഹുമ, ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്തെ വൈറ്റ് ഹൗസിന്റെ ഓരോ ചലനത്തിന്റെയും സാക്ഷികളിലൊരാളുമാണ്. ഹുമ ആബിദിനിന്റെ ആത്മകഥയായ 'BOTH/AND:A LIFE IN MANY WORLDS' എന്ന പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ വായിക്കാം.

ഹില്ലരിക്കുമുന്നില്‍ ആദ്യം

എന്റെ സാധനങ്ങളെല്ലാം ലഭിക്കും മുന്‍പേ ഞാനും കെല്ലിയും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലേക്ക് പോയി. പ്രഥമ വനിതയെ അവരുടെ പേരിന്റെ ആദ്യഭാഗംകൊണ്ട് അഭിസംബോധന ചെയ്ത് കെല്ലി കിടപ്പുമുറിയിലേക്ക് കടന്നു. എന്തുചെയ്യണമെന്ന് അറിയാത്തതിനാല്‍ ഞാന്‍ സ്വീകരണമുറിയില്‍ത്തന്നെ തുടര്‍ന്നു. കുറച്ച് നിമിഷങ്ങള്‍ക്കുശേഷം ''ഹുമ, മിസിസ് ക്ലിന്റണ് അവരുടെ ദിവസത്തെക്കുറിച്ച് ബ്രീഫ് ചെയ്യൂ.'' എന്നൊരു ശബ്ദം കേട്ടു. ''പ്രഥമ വനിതയ്ക്ക് ബ്രീഫ് ചെയ്യാനോ?'' ഞാന്‍ മുങ്ങിച്ചാവുമോ നീന്തി രക്ഷപ്പെടുമോ എന്നറിയാന്‍ കെല്ലി എന്നെ ആഴക്കയത്തിലേക്ക് തള്ളിയിട്ടതുപോലെ തോന്നി. എങ്ങനെയൊക്കെയോ ഞാന്‍ 'നീന്തി'.

ഞാന്‍ സ്വീകരണമുറിക്കും കിടപ്പുമുറിക്കും ഇടയിലുള്ള കവാടത്തിനടുത്തെത്തി. തുറന്ന വാതിലിന് സമീപം നില്‍ക്കാന്‍ കെല്ലി എന്നോട് നിര്‍ദേശിച്ചു. ഹില്ലരി ക്ലിന്റന്റെ പിന്‍ഭാഗത്തായി നിന്നതിനാല്‍ അവരുടെ കണ്ണില്‍ നോക്കേണ്ടി വന്നില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്കുള്ള മേലങ്കി ധരിച്ച് മുടി ചീകിയൊതുക്കി സ്‌പ്രേ ചെയ്ത് ഒരു മേശയിലെ കണ്ണാടിക്കുമുന്നില്‍ ഒരു കണ്ണടച്ച് ഐഷാഡോ തേയ്ക്കുകയായിരുന്നു അവര്‍. ചെറുകാറ്റുപോലെയുള്ള അവരുടെ 'ഹായ് ഹുമ' എന്ന അഭിസംബോധന ബ്രീഫിങ് തുടങ്ങാനുള്ള സൂചനയായിക്കണ്ട് ഷെഡ്യൂളിന്റെ ബ്രീഫിങ് ദ്രുതഗതിയില്‍ ഞാന്‍ ആരംഭിച്ചു. ഞാന്‍ പരിഭ്രാന്തയായിരുന്നു, ഓര്‍മിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ പോലും നാവിടറി. അപ്പോഴെല്ലാം കെല്ലി പ്രോത്സാഹിപ്പിച്ചുകൊണ്ട് തലയാട്ടി. സംസാരത്തിനിടെ അങ്ങിങ്ങായി ഇടപെട്ടു. ഹില്ലരി എനിക്ക് ഉത്തരമറിയാത്ത ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചപ്പോള്‍ അറിയാമെന്ന് അഭിനയിക്കുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞു: ''എനിക്കറിയില്ല, ഞാന്‍ കണ്ടെത്താം.'' ബ്രീഫിങ് കഴിഞ്ഞ് പുറത്തേക്കു നടന്നപ്പോള്‍ ''നന്നായി ചെയ്തു.'' എന്നൊരു ആശ്വാസവാക്കും കെല്ലി പറഞ്ഞു. അവള്‍ ശരിക്കും എന്താണ് മനസ്സില്‍ കരുതിയിരുന്നതെന്ന് അവളുടെ മുഖത്ത് പ്രകടമായിരുന്നില്ല. എത്ര മോശമായാണ് ബ്രീഫിങ് ചെയ്തതെന്നോര്‍ത്ത് ഞാന്‍ വല്ലാതെ അപമാനിതയായി, എന്റെ സാധനങ്ങളെടുക്കാനായി തിരികെപ്പോയി. പോകാനുള്ള സമയമാകുംവരെ സ്വീകരണമുറിയില്‍ കാത്തിരുന്നു.

പ്രസിഡന്റിന്റെ കുമ്പസാരം

ഏഴു മാസമായി, മോണിക്ക ലെവിന്‍സ്‌കിയുമായുള്ള പ്രസിഡന്റിന്റെ ബന്ധത്തിന്റെ സത്യത്തെക്കുറിച്ച് മാധ്യമങ്ങളും പൊതുജനങ്ങളും നിരന്തരനിരീക്ഷണം നടത്തുകയും വിലയിരുത്തുകയും പരിഹസിക്കുകയും തമാശ പറയുകയും പലതും ഊഹിക്കുകയും ചെയ്തു. മുന്‍പു വന്ന പല നിര്‍മിത കഥകള്‍ക്കും സമാനമായ അസത്യമാകും ഇതെന്ന് എനിക്കു തോന്നി. ഇന്റേണുകള്‍ക്ക് പ്രസിഡന്റിനടുത്തേക്ക് അത്രയെളുപ്പം എത്തിപ്പെടാന്‍ പറ്റില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കറിയാമായിരുന്നു. ഞങ്ങള്‍ വല്ലപ്പോഴും മാത്രമാണ് അദ്ദേഹത്തെ കണ്ടത്. ഞാന്‍ പ്രസിഡന്റിനെയും പ്രഥമ വനിതയെയും ഒരുമിച്ചു കാണുമ്പോഴെല്ലാം, അവര്‍ പരസ്പരം നോക്കുന്ന രീതി, ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഹില്ലരിയുടെ തോളില്‍ അദ്ദേഹം കൈകളിടുന്ന രീതി, സ്റ്റേജിന് പിന്നില്‍ ബ്രീഫിങ് നല്‍കുമ്പോഴെല്ലാം പരസ്പരം അരക്കെട്ടില്‍ അവര്‍ കൈകോര്‍ത്ത രീതിയെല്ലാം അവര്‍ പ്രതിബദ്ധതയുള്ള, സ്‌നേഹസമ്പന്നരായ, സന്തുഷ്ടരായ ദമ്പതികളെന്ന് തോന്നിപ്പിച്ചിരുന്നു. അനിശ്ചിതത്വത്തിന്റെ ഒരു വികാരം ഉണ്ടായിരുന്നെങ്കിലും പത്രങ്ങളില്‍ നിരന്തരം പല വാര്‍ത്തകള്‍ വന്നെങ്കിലും പ്രസിഡന്റ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു. അന്ന് രാവിലെ ഞാന്‍ ജോലിസ്ഥലത്തേക്ക് നടക്കുമ്പോള്‍, പ്രസിഡന്റ് എന്താണ് വെളിപ്പെടുത്താന്‍ പോകുന്നതെന്നോ അത് ഞങ്ങളുടെ കൂട്ടായ വിധിയെ എങ്ങനെ സ്വാധീനിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. ഹില്ലരി ക്ലിന്റന്റെ ഭര്‍ത്താവായ താന്‍ വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഏഴുമാസമായി തന്റെ ബന്ധത്തെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും ജൂറിക്കു മുന്നില്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ അത് രാജ്യത്തിനു മുന്നില്‍ ഏറ്റുപറയുമെന്ന് വ്യക്തമാക്കിയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. ഹില്ലരി തന്റെ മനസ്സ് ആടിയുലയുന്നത് പുറത്ത് കാണിച്ചതേയില്ല, സ്വന്തം വീടിന്റെ സ്വകാര്യതയില്‍പ്പോലും. അവരുടെ സാമീപ്യത്തില്‍ എനിക്ക് വല്ലാതെ ആശ്വാസം തോന്നി. അവര്‍ എന്താണ് ചിന്തിക്കുന്നതെന്നോ ഏത് വികാരത്തിലൂടെയാണ് കടന്നുപോകുന്നതെന്നോ ഊഹിക്കാന്‍പോലും എനിക്കാവുമായിരുന്നില്ല. അക്കാലത്ത് ഗൗരവകരമായ പ്രണയബന്ധങ്ങളോ ഹൃദയഭേദകമായ അനുഭവങ്ങളോ ഇല്ലാതിരുന്നതിനാല്‍ത്തന്നെ എനിക്ക് അവരുടെ വേദനയുടെ വ്യാപ്തി ഒട്ടും അളക്കാനാവുമായിരുന്നില്ല.

ഹില്ലരി എന്തുകൊണ്ട് ക്ലിന്റണെ ഉപേക്ഷിച്ചില്ല?

ബില്‍ ക്ലിന്റന്റെ ലൈംഗികവിവാദത്തിനു ശേഷവും ഹില്ലരി എന്തുകൊണ്ട് വിവാഹബന്ധത്തില്‍ തുടര്‍ന്നുവെന്നതിന് ഭ്രാന്തമായ പല ഊഹാപോഹങ്ങളുമാണ് പ്രചരിച്ചത്. അത് ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും സ്വന്തം രാഷ്ട്രീയജീവിതം ആരംഭിക്കാന്‍ വേണ്ടിയാണ് അവര്‍ അത് ചെയ്തതെന്നുമൊക്കെയുള്ള കിംവദന്തികള്‍ സ്വാഭാവികമായും പ്രചരിച്ചു. തനിക്കും കുടുംബത്തിനും രാജ്യത്തിനുംവേണ്ടി ചെയ്യേണ്ടുന്ന ശരിയായ കാര്യമാണിതെന്ന വിശ്വാസമായിരുന്നു അതിനുപിന്നിലെ യഥാര്‍ഥകാരണം. തിരിഞ്ഞു നോക്കുമ്പോള്‍, ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ എത്രമാത്രം വേദനിക്കുകയും രോഷാകുലയാകുകയും ചെയ്തിരിക്കണം. ഭര്‍ത്താവിന്റെ തെറ്റിന്റെ ഭാരം അവരുടെ മേല്‍ വീഴുന്നത് എത്ര അനീതിയാണ്. ഒരു ഭാര്യയും അമ്മയും മാത്രമായി ആ സംഭവത്തെ സമീപിക്കാനുള്ള അവസ്ഥയിലായിരുന്നില്ലല്ലോ അവര്‍. പ്രസിഡന്‍സി, രാഷ്ട്രം എന്നീ കാര്യങ്ങള്‍കൂടി കണക്കിലെടുക്കേണ്ടി വന്നു. അതെ, പ്രസിഡന്റിന് ഭയങ്കരമായ പിഴവ് സംഭവിച്ചു. പക്ഷേ, അതൊരു ധാര്‍മികമായ കുറ്റമാണ്, ഇംപീച്ച് ചെയ്യാന്‍ കാരണമാവേണ്ട ഒന്നല്ല. ഒരു ഭാര്യയെന്ന നിലയില്‍ അവരുടെ മനസ്സില്‍ എന്ത് തോന്നിയെങ്കിലും ഒരു പൊതുപ്രവര്‍ത്തക, പ്രഥമവനിത എന്ന നിലയില്‍ കണ്‍സര്‍വേറ്റീവുകളുടെ ഒരു ഗൂഢാലോചനാസംഘത്തെ വിജയിക്കാന്‍ അവര്‍ അനുവദിക്കില്ലായിരുന്നു എന്നുതന്നെ ഞാന്‍ കരുതുന്നു.

വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. പ്രസിഡന്‍സിയെന്നൊരു നിയമസംവിധാനത്തിന് പ്രതിരോധം തീര്‍ക്കാനായി, മറ്റൊരു സാഹചര്യത്തിലും ഒരു സ്ത്രീ ക്ഷമിക്കാനിടയില്ലാത്ത പ്രവൃത്തികള്‍ അവര്‍ ക്ഷമിക്കുകയായിരുന്നു. മാപ്പ് നല്‍കാനുള്ള അവരുടെ ശക്തി അവരുടെമാത്രം ദൗര്‍ബല്യമായി. അവര്‍ അയാള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍, രാജ്യം അയാള്‍ക്കൊപ്പം നില്‍ക്കും. അവര്‍ അയാള്‍ക്കൊപ്പം നിന്നില്ലെങ്കില്‍, രാഷ്ട്രം അയാളെയും കൈവിട്ടേക്കാം. അത് ഒരു ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാവുകയും അപകടകരമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്‌തേനെ. അതുകൊണ്ടുതന്നെ അവര്‍ അയാള്‍ക്കൊപ്പം നിന്നു. വെറുതേ ഒപ്പം നില്‍ക്കുക മാത്രമല്ല, അയാള്‍ക്കുവേണ്ടി പോരാടുകയും ചെയ്തു.'

പരിഭാഷ: വന്ദന വിശ്വനാഥന്‍

Content Highlights: bill clinton hillary clinton monica lewinsky huma abedin book

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented