ബിജു കാഞ്ഞങ്ങാട് | Photo: Facebook
വരയും വരിയും ചാലിച്ച മഷിയൊഴുക്കാണ് കവി ബിജു കാഞ്ഞങ്ങാട്. മലയാള കവിതയിലെ സൗന്ദര്യോപാസകനായ ഒരു കവി. അതിലേറെ, നാടിനെ വിട്ടിറങ്ങാത്ത ഒരു തനി കാസര്‍കോടുകാരന്‍. ബിജു മാഷിന്റെ പുഞ്ചിരിപോലെ നിര്‍മ്മലമായ അദ്ദേഹത്തിന്റെ വരകളും വരികളും നിലച്ചിരിക്കുന്നു. ആ സത്യമുള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്ന സുഹൃത്തുക്കളുടേയും വായനക്കാരുടേയും ഓര്‍മ്മക്കുറിപ്പുകളും അവിശ്വസനീയത നിറഞ്ഞ പോസ്റ്റുകളുമാണ് ഇന്ന് ഫേസ്ബുക്ക് ചുമരുകളിലൊട്ടാകെ. സാഹിത്യവേദികളിലും കവിസമ്മേളനങ്ങളിലുമെല്ലാം സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കവിതാ ലോകത്തിന് ഒരു തീരാനഷ്ടമാണ്.
പ്രിയങ്കരനായ അധ്യാപകനും കാസര്‍കോടിന്റെ നാഡിയറിഞ്ഞ നാട്ടുകാരനുമായി വിഹരിച്ച ഒരു 'സാധാരണക്കാരനാ'യ കവി. സൗന്ദര്യാത്മകതയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നിറയെ. സാമൂഹ്യവിഷയങ്ങളെക്കാള്‍ സാഹിത്യത്തിന്റെ ഭംഗി സ്വന്തം ശൈലിയായി തിളങ്ങിനിന്നിരുന്നു. സൗന്ദര്യത്തെ എഴുതിക്കൊണ്ട് സൗന്ദര്യം സൃഷ്ടിച്ച ബിജു കാഞ്ഞങ്ങാടിന്റെ കവിതകള്‍ ആ സൗന്ദര്യാനുഭവത്തെ ചിത്രങ്ങളിലും പകര്‍ത്തിവെച്ചു. അങ്ങനെ വരികളില്‍ വര്‍ണചിത്രങ്ങള്‍ വരക്കുകയും ചിത്രകലയില്‍ ആ വരികള്‍ സ്ഫുരിക്കുകയും ചെയ്തു. ആ ഭംഗി കണ്ട് ലയിക്കാത്ത വായനക്കാരുണ്ടാകില്ല. 'മഞ്ഞ:വാന്‍ഗോഗ് ധ്യാനങ്ങള്‍' എന്ന പുസ്തകത്തില്‍ വാന്‍ഗോഗിന്റെ ചിത്രങ്ങളെ മാത്രം അടിസ്ഥാനമാക്കി അദ്ദേഹം കവിതകളെഴുതി.
'ഞാന്‍ മരിക്കുമ്പോള്‍
ഗൂഢ ഭാഷയിലുള്ള
ഒരു സന്ദേശം വിട്ടുപോകും
കഴിഞ്ഞ ജന്മത്തിലെ
എന്റെ ഭാഷയെ
കണ്ടെത്തിയ നീ
നിശബ്ദയാവും
വരും ജന്മത്തിലെ
എന്റെ സൂക്ഷ്മ ശരീരത്തെ
കാത്ത് കാത്ത്
മൗനമായി ചിരിക്കും' (ബിജു കാഞ്ഞങ്ങാടിന്റെ വരികള്‍)
ജീവനും ജീവിതവുമായി ചേര്‍ന്നിണങ്ങിയ ലളിതമായ ആ വരികള്‍ക്ക് ഇനി ഉറവയില്ല. കവിതയും ചിത്രവുമായി ജീവിക്കുന്നതിനിടെ നാടിന്റെ തുടിപ്പുകളും അറിഞ്ഞുവെച്ചിരുന്നൊരാള്‍. കാസര്‍കോടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വളരെ സജീവമായി ബിജു കാഞ്ഞങ്ങാടിനെ കാണാമായിരുന്നു. ബൃഹത്തായ സൗഹൃദവലയങ്ങള്‍ വീണ്ടും വീണ്ടുമങ്ങനെ വളര്‍ന്നുകൊണ്ടിരുന്നു. സ്‌നേഹവും സൗഹൃദവും കവിതയും വരയുമായി സഞ്ചരിച്ചിരുന്ന ആ യാത്രയ്ക്ക് അന്ത്യമായെങ്കിലും കവിത മരിക്കുന്നില്ല, ഈ കലാകാരനും.
Content Highlights: Biju Kanhangad, Poet and Painter, Kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..