'സ്‌കറിയാ സാറിന്റെ മേരിക്കുട്ടി വീല്‍ച്ചെയറില്‍ ഇരുന്നുകൊണ്ട് തന്റെ കുഞ്ഞൂഞ്ഞിനെ നോക്കി'


ബിജു സി.പിപിന്നെ മേരിക്കുട്ടി നോട്ടം പിന്‍വലിച്ചു. ചലനശേഷിയുള്ള മേരിക്കുട്ടിയുടെ ഇടംകൈ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.

ഡോ. സ്‌കറിയ സക്കറിയയും ഭാര്യ മേരിക്കുട്ടിയും രണ്ട് കാലഘട്ടങ്ങളിൽ

മലയാളം കണ്ട ധിഷണാശാലികളില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട പേരാണ് ഡോ. സ്‌കറിയാ സക്കറിയയുടേത്. സ്ട്രോക്ക് വന്ന് തളര്‍ന്ന് സംസാരിക്കാനാകാതെ ഭാര്യ മേരിക്കുട്ടി കിടപ്പിലായത് ഡോ.സ്‌കറിയ സക്കറിയയുടെ ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും ചിട്ടകളെയാകെ മാറ്റിമറിച്ചിരുന്നു. തന്നെ ബാധിച്ചിരുന്ന പാര്‍ക്കിന്‍സണിസത്തിനു കീഴടങ്ങി ഡോ. സ്‌കറിയ സക്കറിയ വിടവാങ്ങിയ വേളയിലും ശാന്തത കൈവിടാതെ, കിടന്ന കിടപ്പില്‍ മേരിക്കുട്ടി പ്രിയഭര്‍ത്താവിന് അന്ത്യാഭിവാദനങ്ങളേകി...കഴിഞ്ഞ ദിവസം അന്തരിച്ച, പ്രഗല്ഭ ഭാഷാ സംസ്‌കാര ഗവേഷകനും അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയയുടെ ഭാര്യ മേരിക്കുട്ടിയെക്കുറിച്ച് ഡോ. സ്‌കറിയ സക്കറിയയുടെ വിദ്യാര്‍ഥിയും മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററുമായ ബിജു സി.പി എഴുതിയ ലേഖനം 'മേരിക്കുട്ടിയുടെ ലോകങ്ങള്‍' വായിക്കാം.

മേരിക്കുട്ടിയെ മിക്കപ്പോളും ഞങ്ങള്‍ മേരിക്കുട്ടി എന്നു തന്നെയാണ് വിളിക്കാറുള്ളത്. സ്‌കറിയാ സക്കറിയ സാറിനെ തേടിയെത്തുന്ന കുട്ടികളെ ഔപചാരികമായി കുട്ടികള്‍ എന്ന് വേണമെങ്കില്‍ പറയാമെന്നല്ലേ ഉള്ളൂ. തടിയന്മാരും താടിയാന്മാരും തടിച്ചികളും മടിച്ചികളുമൊക്കെയാണ് മിക്കവരും. എഴുപതാം വയസ്സിനു ശേഷം ഗവേഷണത്തിനായി എത്തിയവരും ഡോക്ടറായി മടങ്ങിയിട്ടുണ്ട് സ്‌കറിയാ സക്കറിയാസാറിന്റെ അടുത്തു നിന്ന്. സാറിനെ തേടിയെത്തുന്ന കുട്ടികളാരും കുട്ടികള്‍ അല്ലെങ്കിലും മേരിക്കുട്ടി അല്പം പോലും കുട്ടിത്തം വിട്ടുകളഞ്ഞിരുന്നില്ല. ശരീരത്തിനു മാത്രമല്ല മനസ്സിനും വലിപ്പം കൂടുതലുള്ള ഒരു കുട്ടി. കൂടുതല്‍ ഫോര്‍മാലിറ്റി വേണ്ടപ്പോള്‍ മേരിക്കുട്ടിയെ മേരിക്കുട്ടി സ്‌കറിയ എന്ന് മുഴുവനായി വിളിക്കും. ആന്റി എന്നും അമ്മ എന്നും വിളിക്കാറുണ്ട്. കരിക്കമ്പള്ളി വീടുപോലെ അത്രയും തുറന്ന മറ്റൊരു വീട് ഏതായാലും എനിക്കു പരിചയമില്ല! പല തവണ പലയിടങ്ങളില്‍ പല മാറ്റങ്ങളും വരുത്തുകയും മുഖം മിനുക്കുകയുമൊക്കെ ചെയ്ത വീടാണത്. എത്ര മാറ്റിപ്പണിതിട്ടും പക്ഷേ, ഒട്ടും മാറാത്ത വീട്. ശ്രീബുദ്ധന്റെ നാട്ടില്‍ നിന്ന് വന്ന ശാസ്ത്രമായതു കൊണ്ടാണ് വീടുനിര്‍മാണശാസ്ത്രത്തിന് വാസ്തുശാസ്ത്രം എന്നും വാസ്തുവിദ്യ എന്നുമൊക്കെ പേരു വന്നതെന്നൊരു കഥ കേട്ടിട്ടുണ്ട്. കപിലവാസ്തുവില്‍ നിന്നുള്ള ശാസ്ത്രമാണത്രെ വാസ്തുശാസ്ത്രം! കഥയോ കാര്യമോ! ആര്‍ക്കറിയാം! അതെന്തായാലും കരിക്കമ്പള്ളി വീട് ഒരു വീട് എന്നതിനെക്കാള്‍ വിഹാരമാണ്- കരിക്കമ്പള്ളി വിഹാരം. സ്‌കറിയാ സക്കറിയ സാറിനെ കാണാനെത്തുന്നവരുടെ കാര്യത്തിലാണെങ്കില്‍ തീര്‍ത്തും അതൊരു വിഹാരമാണ്. അവിടെക്കയറിയങ്ങു വിഹരിക്കുകയാണല്ലോ പതിവ്. ഗവേഷണം പൂര്‍ത്തിയാക്കിയ പത്തിരുപത്തഞ്ചു പേര്‍ മാത്രമല്ല, ഗവേഷണത്തിന് ഉപദേശങ്ങളും നിര്‍ദേശങ്ങളും സഹായങ്ങളും തേടിയെത്തുന്നവരായി നൂറു നൂറു വിദ്യാര്‍ഥികള്‍ സ്‌കറിയാ സക്കറിയാ സാറിനെ തേടിയെത്തി അവിടെ കയറിയിറങ്ങി. ഏതാണ്ടെല്ലാവരും സാറിന്റെയടുത്തു നിന്ന് ജ്ഞാനശാന്തിയും മേരിക്കുട്ടിയുടെ സന്നിധിയില്‍ നിന്ന് സ്നേഹശാന്തിയും കൈക്കൊണ്ടു.എഴുപത്തിയഞ്ചാം പിറന്നാളിന്
മേരിക്കുട്ടിയോടൊപ്പം കേക്ക്
മുറിക്കുന്ന ഡോ.സ്‌കറിയ സക്കറിയ

ഗ്രില്ലുകളിട്ട തളവും കിഴക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമുള്ള ചെറിയ മുറികളും നടുമുറിയും പിന്നിലെ അടച്ചു കെട്ടിയ നെടുനീളന്‍ വരാന്തയും ഒരറ്റത്ത് അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ നീളത്തില്‍ മെലിഞ്ഞു നീണ്ട ഇടനാഴി പോലത്തെ അടുക്കളയും ഒക്കെയായി സകല വാസ്തുവിന്റെയും ചിട്ടകള്‍ മറികടന്നു നില്‍ക്കുന്ന വീട്. നടുവിലെ തളത്തില്‍ നിന്ന് സൈക്കിളെടുത്താല്‍ സകല മുറികളിലും കയറിയിറങ്ങി അവിടെത്തന്നെ തിരികെയെത്താവുന്ന സര്‍ക്കുലാര്‍ ട്രിപ്പ് സാധിക്കും. പഴയ വീടുകളിലൊക്കെ ഉള്ളതാണല്ലോ ഇത്തരം സര്‍ക്കുലാര്‍ സര്‍വീസിനു പറ്റിയ ഉള്‍ത്തുറവികള്‍. പരസ്പരം കയറിയിറങ്ങാനും കൂടിക്കലരാനും പ്രേരിപ്പിക്കുന്ന ആ ഉള്‍ത്തുറവി മേരിക്കുട്ടിയില്‍ നിന്ന് സ്‌കറിയാ സക്കറിയയ്ക്കാണോ സാറില്‍ നിന്ന് മേരിക്കുട്ടിക്കാണോ അതോ വീട്ടില്‍ നിന്ന് ഇവര്‍ക്കാണോ മറിച്ച് ഇവരില്‍ നിന്ന് വീടിനാണോ പകര്‍ന്നു കിട്ടിയത് എന്നൊക്കെ ഗവേഷിക്കണമെങ്കില്‍ ഗവേഷണക്കാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത വിഹാരമാണത്.

സാറിനെ കാണാനാണ് ചെല്ലുന്നത് എന്നതൊക്കെ ശരി. പക്ഷേ, വിഹരിക്കാനെത്തുന്നവര്‍ നേരേ അടുക്കളയിലേക്കാണ് പോവുക. മനുഷ്യരെ പിടിക്കുന്ന ആ സൂത്രം കര്‍ത്താവീശോ മിശിഹാ മേരിക്കുട്ടിയെ നന്നായി പഠിപ്പിച്ചിരുന്നു. പി.എച്ച് ഡി ഗവേഷണത്തിനും സഹായത്തിനുമൊക്കെയായി എത്തന്നവരെ മണ്ടന്മാര്‍, മടിയന്മാര്‍, പറ്റുന്നവര്‍, പറ്റാത്തവര്‍...(അവളുമാരും) എന്നൊക്കെ ഓരോരുത്തരുടെയും കപ്പാസിറ്റി കൃത്യമായി തിരിച്ചറിയാനും ഏതു ടൈപ്പ് ആളായാലും അവര്‍ക്കു പറ്റുന്ന പണി കൊടുത്ത് പരമാവധി ഫലം ഉണ്ടാക്കാനുമുള്ള വിദ്യയാണ് സാറിനുള്ളത്. വ്യാകരണം, ഭാഷാശാസ്ത്രം, നാട്ടറിവു പഠനം, പഴമ്പാട്ടു പഠനം, മതപഠനം, ചരിത്രം, ഭൂമിശാസ്ത്രം എന്നു വേണ്ട കേരള-മലയാള പഠനങ്ങളുടെ കാര്യത്തില്‍ ഒരു മാതിരി സകല കേസുകെട്ടുകളും പിടിക്കുന്ന കൂട്ടത്തിലാണല്ലോ സ്‌കറിയാ സക്കറിയാ സാറ്. കവിതയും കഥയും നോവലും ഒക്കെപ്പോലെ സകലരും കയറി മേയുന്ന മേടുകളില്‍ അത്രയ്ക്കങ്ങനെ കയറാറില്ലെന്നേയുള്ളൂ. വിഷയം ഏതായാലും ഗവേഷണം നന്നായേ തീരൂ എന്ന് നിര്‍ബന്ധമാണ് സാറിന്. അതു കൊണ്ട് ഇടയ്ക്കൊക്കെ കാറ്റും മഴയുമുണ്ടാകും. ഇടിയും മിന്നലും കുറവാണെങ്കിലും. മേരിക്കുട്ടിയുടെ സവിധത്തില്‍ പക്ഷേ, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും കൂളായി വാഴും. ഒരു കൂസലുമില്ലാതെ മേരിക്കുട്ടി പൊഴിക്കുന്ന സ്നേഹഭരിതശരങ്ങളുടെ ഇനിമയും കുളിര്‍മയും ഒന്നു വേറെ. പാലാക്കാരുടെ കളിയായ വോളിബോളില്‍ ചെറിയൊരു കോര്‍ട്ടില്‍ ആറുപേര് തിങ്ങിനിറഞ്ഞു നിന്ന് കളിക്കുന്നുണ്ടാവുമെങ്കിലും അതിനിടയില്‍ ഒഴിവുനോക്കി പന്ത് ഡ്രോപ് ചെയ്യും നല്ല കളിക്കാര്‍. വിദഗ്ധയായിരുന്നു മേരിക്കുട്ടി അക്കാര്യത്തില്‍. വോളിബോളിലല്ല, അപ്രതീക്ഷിതമായ ഇടങ്ങളിലേക്ക് ഒരു തൂവല്‍ പോലെ നേര്‍ത്ത ചില ഡ്രോപ്പിങ്ങുകള്‍ നടത്തി നമ്മെ കീഴടക്കുന്നതില്‍. ഉള്ളില്‍ സ്നേഹം നിറച്ച ഒരു പഞ്ച് ഡയലോഗില്‍, ഒരു നേര്‍ത്ത ചിരിയില്‍. സ്നേഹവും നര്‍മവും നിറഞ്ഞ ഒരു ലാഘവമാണ് മേരിക്കുട്ടി സദാ പ്രസരിപ്പിച്ചത്. മേരിക്കുട്ടി എന്ന പേരില്‍ത്തന്നെയുണ്ടല്ലോ മേരിത്തം നിറഞ്ഞ ആ കുട്ടിത്തത്തിന്റെ പ്രസരിപ്പ്.

ഗവേഷകരും വിദ്യാര്‍ഥികളും മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാള ഭാഷാ ഗവേഷകരും കേരള പഠിതാക്കളുമൊക്കെ മേരിക്കുട്ടിയുടെ അടുക്കളയിലെത്തിയിട്ടുണ്ട്. കേരളത്തിനു പുറത്ത് ലോകഭാഷകളുടെ അക്കാദമിക് വേദിയില്‍ മലയാളത്തിന് വലിയ അംഗീകാരങ്ങള്‍ നേടിത്തന്നത് മോഗ് സായിപ്പാണല്ലോ. അമേരിക്കയിലെ ടെക്സസ് സര്‍വകലാശാലയില്‍ മലയാളത്തിനായി പ്രത്യേക പഠന കേന്ദ്രം ആരംഭിച്ച ലോകപ്രശസ്ത ഭാഷാ ശാസ്ത്രജ്ഞന്‍ റോഡ്നി എഫ്. മോഗ്. ഭാഷ പഠിക്കാന്‍ ഇന്ത്യയിലേക്ക് തിരിക്കുന്ന വിദേശകളില്‍ ബഹുഭൂരിപക്ഷവും സംസ്‌കൃതം, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളില്‍ ചുറ്റിത്തിരിയുകയാണ് പതിവ്. പ്രൊഫ. മോഗിനെപ്പോലെ പല നിലകളില്‍ പ്രാഗല്ഭ്യവും പ്രശസ്തിയുമുള്ള ഒരാള്‍ മലയാളം പഠിക്കുകയും എ യൂണിവേഴ്സിറ്റി കോഴ്സ് ആന്‍ഡ് റഫറന്‍സ് ഗ്രാമര്‍ എന്ന പേരില്‍ മലയാള പഠനത്തിനായി വലിയൊരു ഗ്രന്ഥം തയ്യാറാക്കുകയും ചെയ്തത് ലോകഭാഷാവേദിയില്‍ നമ്മുടെ ഭാഷയ്ക്ക് ഉണ്ടാക്കിയിട്ടുള്ള മിഴിവ് ചില്ലറയല്ല. നിരന്തരം കേരളത്തില്‍ വന്നിരുന്ന പ്രൊഫ മോഗ് ഒരിക്കല്‍ മൂന്നാറില്‍ നിന്നാണ് ചങ്ങനാശ്ശേരിയില്‍ കരിക്കമ്പള്ളി വിഹാരത്തില്‍ എത്തിയത്. സ്‌കറിയ സക്കറിയയുമായുള്ള സൗഹൃദത്തിന്റെ മധുരത്താല്‍. കാഴ്ചയില്ലാത്ത ആ വലിയ ഭാഷാ ഗവേഷകന്‍ അന്നു പക്ഷേ, വലഞ്ഞുപോയത് വയറിളക്കം കൊണ്ടായിരുന്നു. രണ്ടു ദിവസത്തിനകം സായിപ്പിന് തിരികെ പോകണം. ആശുപത്രിയില്‍ പോയി ചികില്‍സയെടുത്ത് തിരികെ പോകാന്‍ വൈകിയാല്‍ പ്രശ്നമാകും. അടുക്കളയില്‍ ചെറിയൊരു സ്റ്റൂളിലിരുന്ന് വ്യസനിച്ച പ്രൊഫ. മോഗിന് മേരിക്കുട്ടി ഗ്യാരന്റി കൊടുത്തു- ഒരു വയറിളക്കമല്ലേ, നെവര്‍ മൈന്റ് സായിപ്പേ! നമുക്ക് രാവിലത്തേക്ക് ശരിയാക്കാം. വീടുകളില്‍ പറയുന്ന നാട്ടുമലയാളം പോലും മനസ്സിലാകുന്ന പ്രൊഫ.മോഗിന് മേരിക്കുട്ടിയുടെ വാക്ക് വിശ്വസിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ചുക്കും കുരുമുളകും തുളസിയിലയും കരുപ്പെട്ടിയും പാലായിലെ വീട്ടില്‍ നിന്ന് പൊടിച്ചു കൊണ്ടുവന്ന കാപ്പിയുമൊക്കെ ചേര്‍ത്ത് കടുപ്പത്തില്‍ രണ്ടു ഡോസ് സേവിച്ചതോടെ സായിപ്പിന് സംഗതിയൊക്കെ ക്ലീന്‍ ക്ലീയര്‍. തൂറ്റു പിടിച്ചു എന്നാല്‍ വയറിളക്കം ബാധിച്ചു എന്നാണ് എന്ന് പുതിയൊരു ഭാഷാപ്രയോഗം കൂടി പഠിച്ചതിന്റെ സന്തോഷം മോഗിന് കൂടുതലായി കിട്ടുകയും ചെയ്തു. മേരിക്കുട്ടിയുടെ മാജിക് റെമഡി പ്രൊഫ. മോഗ് മരിക്കുവോളം മറന്നില്ല.

ഗോവയിൽ അജു, സ്കറിയ
സക്കറിയ,സുമി, ബിജു, സിസ്റ്റർ ദീപ,
ജയ, മേരിക്കുട്ടി

പ്രൊഫ. റൊണാള്‍ഡ് ഇ. ആഷര്‍, ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ അധ്യാപകനും ലോകം ആദരിക്കുന്ന ഇന്‍ഡോളജിസ്റ്റുമായ പ്രൊഫ.ഡേവിഡ് ഷൂള്‍മാന്‍, ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഹൈക്കെ ഒബെര്‍ലിന്‍, കേരള ജൂതരെക്കുറിച്ച് ലോകപ്രശസ്ത ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഗവേഷകയും അമേരിക്കയിലെ ഇത്താക്കാ കോളേജിലെ പ്രൊഫസറുമായ ബാര്‍ബറ ജോണ്‍സന്‍, എന്നു തുടങ്ങി കേരള പഠനങ്ങളുമായി ബന്ധപ്പെടുന്ന ലോകമെങ്ങുമുള്ള ഗവേഷകര്‍ കരിക്കമ്പള്ളിയില്‍ എത്തിയിട്ടുണ്ട്. അവരൊക്കെ എത്തുന്നത് ഡോ.സ്‌കറിയാ സക്കറിയ സാറിനെ തേടിയാണെന്നതു ശരി. ഒരുവിധപ്പെട്ടവരെയൊക്കെ പക്ഷേ, മേരിക്കുട്ടിയങ്ങു കീഴടക്കിക്കളയും. പഴയ നീളന്‍ വരാന്തയില്‍ പണിതൊപ്പിച്ച പഠനമുറിയിലിരുന്ന് ഗഡാഗഡിയന്‍ വൈജ്ഞാനികവും സിദ്ധാന്തവും പറയുന്നവരെ മേരിക്കുട്ടി ആവാഹിച്ച് അടുക്കളയിലേക്കു വരുത്തും. മേരിക്കുട്ടിയുടെ അടുക്കളയില്‍ ഇരുന്ന് അവരൊക്കെ നാട്ടുവര്‍ത്തമാനങ്ങള്‍ പറയും. മേരിക്കുട്ടി അവര്‍ക്കു പകര്‍ന്ന സ്നേഹവും പ്രസരിപ്പും കേരളത്തിന്റെ മഹിമയായിട്ടാണ് അവര്‍ നാനാ ലോകങ്ങളിലേക്കും കൊണ്ടുപോയിട്ടുള്ളത്. നിരവധി ഗവേഷണ പദ്ധതികളിലും പ്രബന്ധ രചനകളിലും പുസ്തകങ്ങളിലും സ്‌കറിയാ സാറിന്റെ പങ്കാളിയായിട്ടുള്ള ആല്‍ബ്രഷ്ട് ഫ്രന്‍സ് എത്രയോ തവണ മേരിക്കുട്ടിയുടെ കൈപ്പുണ്യം രുചിച്ചിരിക്കുന്നു. എം.ജി.എസും പി.ഗോവിന്ദപ്പിള്ളയും ടി.ബി.വേണുഗോപാലപ്പണിക്കരും കേശവന്‍ വെളുത്താട്ടും എന്‍. അജയകുമാറും സുനില്‍ പി. ഇളയിടവും അജു കെ.നാരായണനും മുതല്‍ കേരള പഠനമേഖലയില്‍ കാമ്പുംകഴമ്പുമുള്ള സംഭവാനകള്‍ നല്‍കിയ എത്രയെത്രയാളുകളാണ് മേരിക്കുട്ടിയുടെ സ്നേഹമധുരത്തിനു മുന്നില്‍ പാണ്ഡിത്യം വെച്ച് കീഴടങ്ങിയിട്ടുള്ളത്!
സ്‌കറിയാ സാറിനോടുള്ള അതേ അടുപ്പം മേരിക്കുട്ടിയോടുമുണ്ട് എം.ജി.എസിന്. തേങ്ങാക്കൊത്തിട്ട് പൊടിപ്പാകം വരെ വരട്ടി വരട്ടിയെടുക്കുന്ന മേരിക്കുട്ടിയുടെ പോത്തുവരട്ടിയതിനെയും പല മട്ടിലുള്ള കുട്ടനാടന്‍ മീന്‍കറികളെയും സ്‌കറിയാ സാറിന്റെ ഡിഫോള്‍ട്ട് സ്പെഷ്യലായ താറാവു കറിയെയുമൊക്കെ ഒരിക്കല്‍ എം.ജി.എസ്. മലര്‍ത്തിയടിച്ചു കളഞ്ഞു, തൈരു ചേര്‍ത്തുണ്ടാക്കുന്ന നെല്ലിക്ക അച്ചാറു കൊണ്ട്. തന്നുടെ വിദ്യ അന്യനു വേണ്ടുകില്‍ നന്നു നല്‍കിന്‍ എന്നല്ലോ...എം.ജി.എസ്. ഭാര്യ പ്രേമിയുടെ അനുമതിയോടെ ഏതായാലും പേറ്റന്റ് മേരിക്കുട്ടിക്ക് കൈമാറി. പിന്നെ ഏറെക്കാലം തൈരിലിട്ട നെല്ലിക്ക കരിക്കമ്പള്ളിയിലെ മേശപ്പുറത്ത് പതിവായിരുന്നു. ഇന്‍സെര്‍ട്ട് ചെയ്ത ഫുള്‍ക്കൈ ഷര്‍ട്ടും ഔപചാരികതകളുമായി എത്തുന്ന പ്രൊഫ. കെ.എം.പ്രഭാകരവാര്യര്‍ സാറിനോടും സൗമ്യവചസ്സായ ഡോ. ഡി.ബെഞ്ചമിന്‍ സാറിനോടും നമുക്കിതൊന്നും പ്രശ്നമല്ല എന്ന മട്ടില്‍ മുണ്ടും മടക്കിക്കുത്തി എത്തുന്ന എം.ആര്‍. രാഘവവാര്യര്‍ സാറിനോടും രാഘവന്‍ പയ്യനാട് മാഷിനോടും ഒക്കെ ഒരേ മട്ടില്‍ കൂളായിട്ടാണ് മേരിക്കുട്ടി ഇടപെടുന്നത്. മേരിക്കുട്ടിയോട് ഒപ്പത്തിനൊപ്പം പറഞ്ഞ് ചിരിക്കുമായിരുന്നത് ആന്‍ഡ്രൂസുകുട്ടി സാറാണ്. കേരള സര്‍വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രൊഫസറും സ്‌കറിയാ സാറിന്റെ റിസര്‍ച്ച് ഗൈഡുമായിരുന്ന എ.പി. ആന്‍ഡ്രൂസ് കുട്ടി. കേരള ചോംസ്‌കി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ആന്‍ഡ്രൂസു കുട്ടി സാറ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ സാക്ഷാല്‍ ചോംസ്‌കിയുടെ പിന്‍ഗാമിയായി ഗവേഷണം പൂര്‍ത്തിയാക്കിയയാളാണ്. ചോംസ്‌കിയുടെ സുഹൃത്തും തികഞ്ഞ അനുയായിയും. തങ്ങളുടെ ഗുരുവായ സ്‌കറിയാ സാറിന്റെയും ഗുരുവായ ആന്‍ഡ്രൂസു കുട്ടി സാറ് ഗുഗ്ഗുരുവാണ് എന്ന് ഒരു സെമിനാറിനിടെ സജിത (പ്രൊഫ.കെ.ആര്‍.സജിത) പറഞ്ഞത് മേരിക്കുട്ടിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടിരുന്നു.

1995-96 കാലത്താണ്. സ്‌കറിയാ സാറിന്റെ വിദ്യാര്‍ഥിയായി ഞാന്‍ എം.എ.യ്ക്ക് പഠിക്കുന്നു. മേരിക്കുട്ടിക്ക് ബാങ്കില്‍ നിന്ന് കിട്ടിയ ലീവ് ട്രാവല്‍ അലവന്‍സ് ഉപയോഗിച്ച് സാറും മേരിക്കുട്ടിയും അരുളും സുമയും രണ്ടാഴ്ചയോളം നീണ്ട ഒരു യാത്ര പോയി. ആ ദിവസങ്ങളില്‍ മുഴുവന്‍ ഞാനൊറ്റയ്ക്കായിരുന്നു കരിക്കമ്പള്ളി വീട്ടില്‍. ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ പിന്നീട് എല്ലാ ഡിസംബറിലും കരിക്കമ്പള്ളി വിശാല കുടുംബം ആഘോഷയാത്രകള്‍ പതിവായി. എല്ലാ വര്‍ഷവും ഒന്നിലേറെ സെമിനാറുകളും സഹവാസവും കഴിഞ്ഞിട്ടാവും ഈ യാത്ര. ഷംഷാദ് ഹുസൈന്‍, ബഷീര്‍, അജു കെ.നാരായണന്‍, സുമി ജോയ്, ജയാ സുകുമാരന്‍, സുജാ സൂസന്‍ ജോര്‍ജ്, സെബാസ്റ്റിയന്‍ കെ. ആന്റണി, മാത്യു കണമലയും റീനയും... എല്ലാ യാത്രകളിലും പ്രസരിപ്പിന്റെ ഒന്നാം സ്രോതസ്സ് മേരിക്കുട്ടി തന്നെ.

ഹാര്‍ട്ട് അറ്റാക്ക് വന്ന് ഓപ്പറേഷനു വേണ്ടി സ്‌കറിയാ സാര്‍ പൊടുന്നനെ ആശുപത്രിയിലേക്കു പോയപ്പോള്‍ സാറിന്റെ മകള്‍ സുമ, ഇപ്പോള്‍ മഹാരാജാസ് കോളേജിലെ മലയാളം വകുപ്പധ്യക്ഷയായ ഡോ.സുമി ജോയ്, ഒഫീറ ഗാംലിയേല്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ റിലിജിയസ് സ്റ്റഡീസ് വിഭാഗം പ്രൊഫസറാണ് ഇസ്രയേലുകാരി ഒഫീറ. ഡോ.സുമ സ്‌കറിയ ഇപ്പോള്‍ ഗുല്‍ബെര്‍ഗ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സ് അസോസിയേറ്റ് പ്രൊഫസര്‍. അന്ന്, കരിക്കമ്പളളിയിലെ അടുക്കളയില്‍ സുമയോളമില്ലെങ്കിലും അതിനടുത്ത് പരിചയം എനിക്കുമുണ്ടായിരുന്നു. എങ്കിലും ചപ്പാത്തി വട്ടത്തില്‍ പരത്തിയെടുക്കാനും പരത്തിയ ചപ്പാത്തി പലകയില്‍ നിന്ന് വേര്‍പെടുത്തിയെടുക്കാനുമുള്ള ടെക്നോളജി കണ്ടെത്താന്‍ അന്ന് ഞങ്ങള്‍ക്ക് അസാരം ഗവേഷണം നടത്തേണ്ടി വന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍, ബാങ്കിലെ കണക്കെഴുത്തുകള്‍ വിട്ട് മേരിക്കുട്ടി അടുക്കളയില്‍ മാത്രം സ്പെഷ്യലൈസ് ചെയ്തു. മേരിക്കുട്ടിക്ക് വേഗം മടുത്തത് സ്വാഭാവികം. കിഴക്കേ വരാന്ത മുഴുവന്‍ അടുക്കളയായി പണിതെടുത്തതായതിനാല്‍ നെടുനീളത്തില്‍ കിടക്കുന്നതാണെങ്കിലും ആ അടുക്കളയ്ക്കും ഒതുക്കാനാവില്ലല്ലോ മേരിക്കുട്ടിയെ. കേംബ്രിഡിലും ഓക്സ്ഫോഡിലും ഇസ്രയേലിലെ ഹീബ്രുയൂണിവേഴ്സിറ്റിയിലും ജര്‍മിയിലെ ടൂബിങ്ങനിലുമൊക്കെ സാറിനൊപ്പം മേരിക്കുട്ടിയും പതിവുയാത്രകള്‍ നടത്തിയിരുന്നെങ്കിലും തിരികെ എത്തുമ്പോള്‍ അടുക്കള മതിയാകുമായിരുന്നില്ല മേരിക്കുട്ടിക്ക്.

ഒരു സുപ്രഭാതത്തില്‍ മേരിക്കുട്ടി പ്രഖ്യാപിച്ചു ഞാനൊരു പുസ്തകമെഴുതാന്‍ പോവുകയാണ്. മേരിക്കുട്ടീ നമുക്കത് വേണോ... എന്ന് സ്‌കറിയാ സക്കറിയാ സാറ് ആദ്യം ഒരു ശങ്ക പറഞ്ഞതാണ്. എട്ടും പത്തും കൊല്ലം കിണഞ്ഞു പരിശ്രമിച്ചിട്ടും ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ഗവേഷകരെ കണ്ട് നല്ല പരിചയമുള്ളതിനാല്‍, മേരിക്കുട്ടി സാവകാശം എഴുതട്ടെ എന്നേ കരുതിയുള്ളൂ സാറ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മേരിക്കുട്ടി പ്രോജക്റ്റ് ക്രിസ്റ്റല്‍ ക്ലിയറായി അവതരിപ്പിച്ചു- എഴുതാന്‍ പോകുന്നത് അടുക്കളയെക്കുറിച്ചാണ്. അതുകൊണ്ട് ഇനി പുസ്തകം തീരുന്നതു വരെ കരിക്കമ്പള്ളി വിഹാരത്തിലെ അടുക്കളയ്ക്ക് അവധിയാണ്! ചങ്ങനാശ്ശേരിയില്‍ സാറിന്റെ ശിഷ്യരായ പലരുടെയും ഹോട്ടലുകളില്‍ നിന്ന്, നല്ല കിടുക്കാച്ചി മീന്‍കറി കിട്ടുന്ന കുട്ടനാടന്‍ ഷാപ്പുകളില്‍ നിന്ന്, ഒക്കെയായി കപ്പയും മീനും താറാവുമൊക്കെ മേരിക്കുട്ടിയുടെ അടുക്കളയിലേക്ക് കുറേശ്ശെ വരാന്‍ തുടങ്ങി. രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മേരിക്കുട്ടി പുസ്തകം പൂര്‍ത്തിയാക്കി- അടുക്കളയില്‍ നിന്ന് കിച്ചണിലേക്ക് ഒരു പാലാക്കാരി നസ്രാണി വീട്ടമ്മയുടെ ജീവിതസ്മരണകള്‍ എന്ന രുചികരമായ പുസ്തകം. അജുവിന്റെ കവര്‍, ഞങ്ങളുടെ എഡിറ്റിങ്ങ്, സുമിയും ജോസഫ് സ്‌കറിയയും പ്രൂഫിങ്ങ്...സംഗതി വേഗം റെഡിയായി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് പുതുജീവന്‍ പകര്‍ന്ന സെക്രട്ടറി അജിത്ത് ശ്രീധര്‍ മേരിക്കുട്ടിക്ക് വാക്കു കൊടുത്തു- പുസ്തകം എന്‍.ബി.എസ്. ഇറക്കും. മസിലുപിടിക്കാതെ ഇനിയങ്ങോട്ടു വായിച്ചാല്‍ വല്യ ഉപകാരമായിരിക്കും എന്ന കുറിപ്പോടെ മേരിക്കുട്ടി ഇറക്കിയ പുസ്തകം രണ്ടാം പതിപ്പും കടന്നത് അതിവേഗമായിരുന്നു.

കോവിഡ് ലോകത്തെ കീഴടക്കാന്‍ തുടങ്ങിയ 2020-ലെ മാര്‍ച്ചില്‍ ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ മേരിക്കുട്ടി വീണുപോയി. മുമ്പും അസുഖങ്ങള്‍ക്ക് അങ്ങനെ പഞ്ഞമൊന്നുമില്ലായിരുന്നു മേരിക്കുട്ടിക്ക്. അവര്‍ പല രൂപത്തില്‍ പല ഭാവത്തില്‍ പല തരത്തില്‍ വന്നിട്ടുള്ളതാണ്. ഒരു തവണ കാന്‍സര്‍ പോലും. പക്ഷേ, കളിയുടെ രസം കെടുത്താതെ ജാഗ്രതയോടെ നിന്ന് പന്ത് പെറുക്കി ബോള്‍ ക്ലീയര്‍ ചെയ്തിരുന്നു എപ്പോഴും മേരിക്കുട്ടി. എന്നാല്‍ ഇത്തവണ, സ്ട്രോക്ക് മേരിക്കുട്ടിയെ വീഴ്ത്തിക്കളഞ്ഞു. ഒരു വാക്കു പോലും മിണ്ടാനാകാതെ തളര്‍ന്നു കിടക്കുമ്പോളും കാണുമ്പോള്‍ മേരിക്കുട്ടി ചിരിക്കും. സ്വാധീനമുള്ള ഇടം കൈ അല്പം ഉയര്‍ത്തി കണ്ണുകള്‍ കൊണ്ട് ചോദിക്കും- ചെറിയ മോള്‍ക്ക് സുഖമല്ലേ, പിന്നെ കൈ അല്പം കൂടി ഉയര്‍ത്തി ചോദ്യം ആവര്‍ത്തിക്കും- വലിയ മോള്‍ക്ക് സുഖമല്ലേ. വീണ്ടും ആ കൈ കൊണ്ട് കഴുത്തില്‍ മാല വരച്ചു കാണിച്ച് ചോദിക്കും- കെട്ട്യോള്‍ക്ക് സുഖമല്ലേ... പിന്നെ ആ കൈ മലര്‍ത്തി ചോദിക്കും- എന്തേ അവരെ കൊണ്ടു വന്നില്ല!

മേരിക്കുട്ടി വീണുപോയപ്പോള്‍ പക്ഷേ, തകര്‍ന്നുപോയത് സ്‌കറിയാ സക്കറിയാ സാറായിരുന്നു. ബഹള സന്തോഷങ്ങളുടെ പടര്‍പ്പു കലര്‍പ്പും കൊണ്ട് നിരന്തര ചൈതന്യമായി നിന്ന മേരിക്കുട്ടിയുടെ പൂര്‍ണ നിശ്ശബ്ദത ക്രമേണ സാറിന്റെയും ശബ്ദത്തെ കവര്‍ന്നുകളഞ്ഞു. ക്ഷീണിക്കാത്ത മനീഷയോടെ സാറ് പറയുന്നത് ബിന്റോയ്ക്കു പോലും മനസ്സിലാക്കാന്‍ പറ്റാതായി. ന്യൂജെന്‍ സിനിമകളുടെ സ്തോതാവായിരുന്ന സാറിന് സിനിമകള്‍ കാണാന്‍ പോലും വിഷമമായി. മാസികകളും പുസ്തകങ്ങളും വായിച്ചു കേട്ടിരിക്കുന്നതിനിടെ അറിയാതെ മയങ്ങി ഉറങ്ങിപ്പോകാന്‍ തുടങ്ങി.

2019-ല്‍, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം അവിടെച്ചെന്ന് സ്വീകരിച്ചു സാറും മേരിക്കുട്ടിയുമൊക്കെ. പക്ഷേ, പിന്നെ യാത്രകള്‍ സാറിന് ബുദ്ധിമുട്ടായിത്തുടങ്ങി. പാര്‍ക്കിന്‍സണിസം. മലയാളം സര്‍വകലാശാലയുടെ ഡി.ലിറ്റ് ബഹുമതി അവിടെ നിന്ന് വി.സി. ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയാണ് സ്‌കറിയാ സാറിന് സമര്‍പ്പിച്ചത്. അന്ന് നടുമുറിയിലെ സെറ്റിയിലേക്ക് മേരിക്കുട്ടിയെയും കൊണ്ടുവന്ന് ഇരുത്തി. എല്ലാവരും പറഞ്ഞ നല്ല വാക്കുകള്‍ മേരിക്കുട്ടിയുടെ മുഖത്ത് കൂടുതലൊരു വെളിച്ചം പകര്‍ന്നു. എം.ജി.സര്‍വകലാശാലയുടെ ഡി.ലിറ്റ് ബഹുമതിയും വി.സി. ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയാണ് സ്‌കറിയാ സാറിന് നല്‍കിയത്. അന്നു പക്ഷേ, കിടക്കയില്‍ നിന്ന് എഴുന്നേല്പിച്ച് മേരിക്കുട്ടിയെ സാറിന്റെ വീല്‍ച്ചെയറിനടുത്തേക്ക് ഇരുത്താനാവുമായിരുന്നില്ല. 2022 സെപ്റ്റംബര്‍ 14ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കരിക്കമ്പള്ളിയിലെത്തി സാറിനെയും മേരിക്കുട്ടിയെയും കണ്ടു. ട്യൂബുകളുടെയും യൂറിന്‍ ബാഗിന്റെയുമൊക്കെ ഇടയില്‍ നിന്ന് തനിക്ക് ഇത്തിരി സ്വാധീനമുള്ള ഇടംകൈ ഉയര്‍ത്തി മേരിക്കുട്ടി ഗവര്‍ണറുടെ കൈ പിടിച്ചു. ചിരിച്ചു.

ഗവര്‍ണര്‍ വരുന്നതിനു മുന്നോടിയായുള്ള പ്രോട്ടോകോള്‍ പരിപാടികള്‍ ആകെ രസമായിരുന്നു. പുസ്തകഷെല്‍ഫുകള്‍ക്കിടയിലെ ഇത്തിരിയിടത്ത് പതിവുപോലെ സ്‌കറിയാസാര്‍ ഇരുന്നു. മുന്‍പും സാറ് ചക്രക്കസേരയിലാണ് ഇരിക്കാറുള്ളത്. റിവോള്‍വിങ് ചെയറില്‍. ഇപ്പോള്‍ മറ്റൊരു തരം ചക്രക്കസേരയാണെന്നു മാത്രം- വീല്‍ ചെയര്‍. ഇളകി വീഴാവുന്ന വിധത്തില്‍ അട്ടിയിട്ടു വെച്ചിരുന്ന ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളുമൊക്കെ നിലത്തിറക്കി ഒതുക്കി. എഴുത്തുമേശയുടെ ഒരു വശത്ത് സാറ് ഇരിക്കുമ്പോള്‍ അപ്പുറത്ത് ഗവര്‍ണര്‍ക്ക് ഇരിക്കാന്‍ ഒരു കസേര വേണം. പാകത്തിന് ഉയരമുള്ളതും ഇളക്കമില്ലാത്തതുമായ കസേര വേണമല്ലോ! പ്രോട്ടോകോള്‍ ചിട്ടക്കാരായ പോലീസുകാര്‍ വിയര്‍ത്തു. ഒടുവില്‍ കൗണ്‍സിലര്‍ ഇടപെട്ട് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ കസേര തല്‍ക്കാലത്തേക്ക് എത്തിച്ചാണ് പ്രശ്നം സോള്‍വാക്കിയത്.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കരിക്കമ്പള്ളിയിലെത്തിയപ്പോള്‍

കസേരപ്പുകിലിന്റെ നേരത്ത് മേരിക്കുട്ടി ആക്റ്റീവായി ഉണ്ടായിരുന്നെങ്കില്‍ എന്തു പറയുമായിരുന്നു എന്ന് ഞാനോര്‍ത്തു! അപ്പനും മക്കളും മരുമക്കളുമായി അഞ്ചുപേരും അഞ്ചു വിഷയത്തില്‍ പിഎച്ച്ഡിക്കാരും നാലുപാടും പ്രൊഫസര്‍മാരുമൊക്കെയാ. ഓക്സ്ഫോര്‍ഡിലും കേംബ്രിജിലും ഒക്കെ പ്രസംഗിക്കാന്‍ പോകുന്നവരാ. വീട്ടിലൊരാള് വന്നാ ഇരിക്കാനൊരു കസേര വേണ്ടേ... എന്ന് മേരിക്കുട്ടി ചൂടാകുമായിരുന്നോ! ഏയ് ഇല്ല. ഗവര്‍ണറാന്നു വെച്ച് എന്നാ! മനുഷ്യനല്ലേ. ഗവര്‍ണറ് നമ്മടെ ഈ കസേരേല് ഇരുന്നേളും. ഞാന്‍ ഇരുത്തിക്കോളാം... മേരിക്കുട്ടി പ്രോട്ടോകോള്‍ പോലീസുകാരെ ഇരുത്തുമായിരുന്നു. വന്നുപോയത് ഗവര്‍ണറാണെന്ന് മേരിക്കുട്ടിക്ക് അറിയാം. പിറ്റേന്ന് വന്നത് വൈസ് ചാന്‍സലറും മറ്റുമാണെന്നും മേരിക്കുട്ടിക്ക് അറിയാം. പക്ഷേ, ഇപ്പോള്‍ മേരിക്കുട്ടി കൈ പൊക്കി കുശലം പറയുന്നില്ല. തലയാട്ടി ഒന്നു വരവു വെക്കുന്നതേയുള്ളൂ. സ്വാധീനമുള്ള ഇടംകൈയില്‍ പിടിച്ചപ്പോള്‍ മേരിക്കുട്ടി മുഖത്തേക്കു നോക്കി. എനിക്ക് കണ്ണു നിറയുന്നുണ്ടായിരുന്നു. പക്ഷേ, കരയുന്നതൊന്നും മേരിക്കുട്ടിക്ക് ഇഷ്ടപ്പെടില്ല.

മേരിക്കുട്ടിയുടെ പിറന്നാള്‍ദിനത്തില്‍

ദിവസത്തിന്റെ മുക്കാല്‍ പങ്കും നീളുന്ന ഉറക്കത്തിനിടയിലും ഇടയ്ക്കു തെളിയുന്ന ഉണര്‍വുവേളകളില്‍ ഗവേഷണ പദ്ധതികളെക്കുറിച്ചും പുതിയ പുസ്തകങ്ങളെക്കുറിച്ചും നടത്താനുള്ള സെമിനാറുകളെക്കുറിച്ചും സാറ് അവ്യക്തമായി സംസാരിച്ചു. അഭിപ്രായങ്ങള്‍ പറഞ്ഞു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഹാലൂസിനേഷനുകളെ വേഗം തിരിച്ചറിഞ്ഞ് ചിരിച്ചു. ഇക്കഴിഞ്ഞ 18ന്. അതായത്, 2022 ഒക്ടോബര്‍ 18 ചൊവ്വാഴ്ച രാത്രി. ദ്രവരൂപത്തിലാക്കിയ അത്താഴവും കഴിഞ്ഞ് സ്‌കറിയാ സക്കറിയാ സാറ് കൂര്‍ക്കം വലിച്ച് കിടന്നുറങ്ങി. ബെംഗളൂരു യൂണിവേഴ്സിറ്റിയിലെ നാഷനല്‍ ലോ സ്‌കൂളില്‍ അസോസിയേറ്റ് പ്രൊഫസറായ മകന്‍ അരുളും കുടുംബവും രണ്ടാഴ്ചയോളമായി ഒപ്പമുണ്ടായിരുന്നതിന്റെ ഊര്‍ജം സാറിനുണ്ടായിരുന്നതാണ്. പക്ഷേ, പാര്‍ക്കിന്‍സണിസം സാറിന്റെ ശരീര പേശികളെ അതിവേഗം ദുര്‍ബലമാക്കിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇടയ്ക്ക് സാറിന്റെ കൂര്‍ക്കം വലി നിലച്ചു. അരുളും ബിന്റോയും നോക്കുമ്പോള്‍ സാറ് ശാന്തനായി ഉറങ്ങുക തന്നെയാണ്. നിത്യ നിദ്ര. നിത്യശാന്തി.പിറ്റേന്ന് ഫ്രീസറിന്റെ ചില്ലുപേടകത്തിനുള്ളില്‍ സാറ് കിടക്കുന്നിടത്തേക്ക് വീല്‍ച്ചെയറില്‍ മേരിക്കുട്ടിയെത്തി. ഫ്രീസറിന്റെ ചില്ലുപേടകത്തിനുള്ളില്‍ ശാന്തനായി കിടക്കുന്ന തന്റെ കുഞ്ഞൂഞ്ഞിനു നേരേ കുറച്ചു നേരം നോക്കി. പിന്നെ മേരിക്കുട്ടി നോട്ടം പിന്‍വലിച്ചു. ചലനശേഷിയുള്ള മേരിക്കുട്ടിയുടെ ഇടംകൈ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.

Content Highlights: Dr. Skaria Zacharia, Marykutty, Biju C.P, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented