കമ്യൂണിസം റഷ്യയില്‍പോയി പഠിച്ചു, പാര്‍ട്ടിക്കായി ജര്‍മ്മനിയില്‍ 30 വര്‍ഷം; ഒരേയൊരു ബെര്‍ലിന്‍


കെ. ബാലകൃഷ്ണന്‍

കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രംറഷ്യയില്‍പോയി പഠിച്ചയാള്‍. പാര്‍ട്ടിക്കായി ബെര്‍ലിനില്‍മൂന്നുപതിറ്റാണ്ട് താമസിച്ചപത്രപ്രവര്‍ത്തകന്‍. സംഭവബഹുലമായ ആ ജീവിതത്തിലെചില എടുകള്‍

ബെർലിൻ കുഞ്ഞനന്തൻ നായർ

കേരളത്തില്‍ ബെര്‍ലിന്‍ എന്നുമാത്രം പറഞ്ഞാല്‍ അതൊരു സ്ഥലപ്പേരല്ല, വ്യക്തിയുടെ പേരാണ്. ബെര്‍ലിന്‍ മതിലാണ് കുഞ്ഞനന്തന്‍നായരെ കിഴക്കന്‍ ജര്‍മനിയിലെത്തിച്ചത്. 1961 ഓഗസ്റ്റിലെ ഒരു ദിവസം. മോസ്‌കോയിലെ കൂണ്‍സിവ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞനന്തനെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍സെക്രട്ടറി അജയ്‌ഘോഷ് അവിടെയെത്തി കാണുന്നു. നാലുകൊല്ലം മുമ്പ് കുഞ്ഞനന്തനെ മോസ്‌കോയില്‍ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രവും ചരിത്രവും പഠിക്കുന്നതിനുള്ള ആറുമാസത്തെ കോഴ്‌സിനയച്ചതും പിന്നീട് ചികിത്സയ്ക്കായി അയച്ചതും അജയ്‌ഘോഷ് തന്നെ. ഏതാനും ദിവസത്തിനുശേഷം അജയും കുഞ്ഞനന്തനും കരിങ്കടല്‍ തീരത്തെ സുഖവാസകേന്ദ്രമായ സോച്ചില്‍ എത്തി. അവിടത്തെ താമസത്തിനിടയില്‍ ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിനെ കാണുന്നു. സോവിയറ്റ് ഭരണത്തെ പിന്തുണയ്ക്കുന്ന വിദേശരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുകൂടി സുഖചികിത്സാ സൗകര്യമൊരുക്കുന്ന സ്ഥലമാണ് സോച്ച്. അതുമൊരു 'രാജ്യതന്ത്രം'. ഇതേ സോച്ചില്‍ സോവിയറ്റ് പ്രസിഡന്റ് ഗോര്‍ബച്ചേവ് സുഖവാസത്തിനെത്തിയപ്പോഴാണ് വൈസ്പ്രസിഡന്റ് യാനയേവ് ഒറ്റ ദിവസത്തേക്ക് അധികാരം പിടിച്ചതും അതിനെയും അട്ടിമറിച്ച് ബോറിസ് യെല്‍ത്‌സിന്‍ അധികാരത്തിലെത്തിയതും സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും.

മതിലിനെ അറിയാന്‍
വാള്‍ട്ടര്‍ ഉള്‍ബ്രിറ്റ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി അജയ്‌ഘോഷിനോട് പറഞ്ഞു: ''ജര്‍മന്‍ മതിലിനെപ്പറ്റി മാധ്യമങ്ങള്‍ നടത്തുന്നത് ദുഷ്പ്രചാരണമാണ്. ജനാധിപത്യത്തെയും പൗരാവകാശത്തെയും നിഷേധിക്കുന്ന സ്റ്റാലിന്‍ യുഗം തിരിച്ചുവരുകയാണ്, ഇരുമ്പുമറയാണ് എന്നാണ് പ്രചാരണം. അങ്ങനെയല്ലെന്ന് നിങ്ങളുടെ നാട്ടുകാരെ അറിയിക്കാനും സത്യം പ്രചരിപ്പിക്കാനും സഹായിക്കണം. അത് നേരിട്ടുകണ്ട് എഴുതാന്‍ ആളെ അയക്കണം.''

അജയ്‌ഘോഷിന് മറ്റൊന്നാലോചിക്കാനുണ്ടായിരുന്നില്ല, തന്റെ സഹായിയായ കുഞ്ഞനന്തനെത്തന്നെ ആ ചുമതല ഏല്‍പ്പിച്ചു. കമ്യൂണിസത്തെക്കുറിച്ചറിയാം, സാര്‍വദേശീയ കാര്യങ്ങളറിയാം, നല്ല ഇംഗ്ലീഷും. 'ന്യൂ ഏജ്' വാരികയുടെ ഓഫീസില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചതും അതിലുള്‍പ്പെടെ ഇടയ്ക്ക് രാഷ്ട്രീയലേഖനങ്ങളെഴുതുന്നതും പത്രപ്രവര്‍ത്തനത്തിലെ 'മുന്‍പരിചയം'.

സി.പി.ഐ.യുടെ ദേശീയ മുഖപത്രമായ ന്യൂ ഏജിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷാ പത്രങ്ങള്‍ക്കുമായി ജര്‍മന്‍ മതിലിന്റെയും അത് പ്രതിനിധാനം ചെയ്യുന്ന സോവിയറ്റ്‌ബ്ലോക്കിന്റെയും 'രാഷ്ട്രീയപ്രാധാന്യ' ത്തെയും 'മഹത്ത്വ'ത്തെയും കുറിച്ചെഴുതാന്‍ 1962 ജനുവരിയില്‍ ബെര്‍ലിനിലെത്തുന്നു. കിഴക്കന്‍ ജര്‍മന്‍ ഭരണകൂടത്തിന്റെയും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കണ്ണിലൂടെ, മനസ്സിലൂടെ വേണമായിരുന്നു ആ മതിലിനെ കാണാന്‍. അങ്ങനെ സമ്പൂര്‍ണമായും 'പാര്‍ട്ടി പത്രപ്രവര്‍ത്തക'നായി കുഞ്ഞനന്തന്‍ ബെര്‍ലിനില്‍.

ബെര്‍ലിനിലെത്തിയ കുഞ്ഞനന്തന്‍ നായര്‍ക്ക് ആദ്യം എഴുതേണ്ടിവന്നത് പക്ഷേ, പാര്‍ട്ടിയില്‍ തന്റെ ഗോഡ്ഫാദറെപ്പോലെയായിരുന്ന അജയ്‌ഘോഷിനെക്കുറിച്ചുള്ള ലേഖനമാണ്. ബെര്‍ലിനിലെത്തി മൂന്നാം ദിവസമാണ് ഘോഷിന്റെ ചരമവാര്‍ത്തയെത്തുന്നത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പത്രത്തിലും കേരള സി.പി.ഐ. മുഖപത്രമായ നവയുഗത്തിലുമടക്കം അനുസ്മരണലേഖനങ്ങള്‍. തുടര്‍ന്നാണ് ന്യൂ ഏജിലും മറ്റും ബെര്‍ലിന്‍ മതിലിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ എഴുതുന്നത്.

28 വര്‍ഷം നിലനിന്ന മതില്‍ തകര്‍ക്കപ്പെട്ടത് 1989 നവംബര്‍ ഒമ്പതിനാണ്. അവിടത്തെ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗമായ ഷാവോസ്‌കിയാണ് മതിലിന്റെ ആദ്യത്തെ കല്ല് പറിച്ചെടുത്ത് 'ഉദ്ഘാടനം' ചെയ്തത്. ഈ ജനരോഷത്തിന് സാക്ഷിയായ കുഞ്ഞനന്തന്‍ അവിടത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു: ''എന്താണിങ്ങനെ?'' ലോറന്‍സ് എന്ന ആ പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി ഇപ്പോഴും ഓര്‍ക്കുന്നു: ''പുല്ലില്ലാത്ത ഒരിടത്ത് പശുവിനെ കെട്ടിയിട്ടാല്‍, വേലിക്കപ്പുറത്ത് പുല്‍ത്തകിടി കണ്ടാല്‍ പശു കയറുപൊട്ടിക്കും, പിന്നെ വേലിയും തകര്‍ത്ത് അവിടെയെത്തും.''

പൗരത്വം മാറ്റിയില്ല

മൂന്നുപതിറ്റാണ്ട് ജര്‍മനിയില്‍ സ്ഥിരതാമസമായിട്ടും അവിടത്തെ പൗരത്വം സ്വീകരിച്ചില്ലെന്നുമാത്രമല്ല മകളെ ഇന്ത്യന്‍ പൗരയായിത്തന്നെ നിര്‍ത്തുകയും ചെയ്തു. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. നേതാവായിരുന്ന എസ്.എ. ഡാങ്കേക്കെതിരായ നിലപാട് സ്വീകരിച്ചതിനാല്‍ ന്യൂ ഏജിന്റെ യൂറോപ്യന്‍ പ്രതിനിധി സ്ഥാനത്തുനിന്ന് കുഞ്ഞനന്തന്‍നായരെ നീക്കി. മാത്രമല്ല ജര്‍മന്‍ ജനാധിപത്യറിപ്പബ്ലിക്കില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ ഇനി കുഞ്ഞനന്തന് നല്‍കേണ്ടതില്ലെന്നും എസ്.എ. ഡാങ്കേ അവിടത്തെ ഭരണകൂടത്തോട് നിര്‍ദേശിച്ചു. എന്നാല്‍, അതിനകം ജി.ഡി.ആര്‍. ഭരണകൂടത്തിന്റെ വിശ്വസ്തനായി മാറിക്കഴിഞ്ഞിരുന്നതിനാല്‍ ആ നിര്‍ദേശം നിരസിക്കപ്പെട്ടു. എന്നുമാത്രമല്ല കിഴക്കന്‍ ജര്‍മന്‍ റേഡിയോ ഇന്റര്‍ നാഷണലിന്റെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെയും സ്ട്രിങ്ങറാവുകയും ചെയ്തു. ജി.ഡി.ആര്‍. ടെലിവിഷന്റെയും അതിഥിലേഖകന്‍. ബ്ലിറ്റ്‌സില്‍ പൂര്‍ണസമയ യൂറോപ്യന്‍ ലേഖകനും. അതോടെയാണ് പി.കെ. കുഞ്ഞനന്തന്‍, കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ എന്നായത്.

കൊച്ചുമകള്‍ക്ക് അജിതയുടെ പേര്

മകള്‍ ഉഷയുടെ മകള്‍ക്ക് പേരിടുമ്പോള്‍ ഒരു കാര്യത്തില്‍ അദ്ദേഹം വാശിപിടിച്ചു. പേരിന് മലയാളത്തിന്റെയും വിപ്ലവത്തിന്റെയും ടച്ച് വേണം. 'നദീന്‍ റിസ്ചര്‍' എന്ന് പേരിടുമ്പോള്‍ ബെര്‍ലിന്‍ പറഞ്ഞു: ''നടുക്ക് മറ്റൊരു പേരുകൂടി വേണം.'' നദീന്‍ അജിത റിസ്ചര്‍ എന്ന പേര് അങ്ങനെയാണുണ്ടായത്. നക്‌സലിസത്തിനോട് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും വിപ്ലവകാരിയായ അജിതയുടെ ചിത്രം മനസ്സില്‍ വല്ലാതെ തറഞ്ഞുനിന്നിരുന്നു. അജിത എന്ന പേരിടാന്‍ അതാണ് കാരണം. ഉഷയ്ക്ക് ഒരു മകനുണ്ടായപ്പോഴും പേരിടലില്‍ വാദപ്രതിവാദം നടന്നു. പോള്‍ എന്ന പേരിനൊപ്പം പോള്‍ അജോയ്. പോള്‍ അജോയ് റിസ്ചര്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കിയ വഴികാട്ടിയ അജയ്‌ഘോഷിന്റെ സ്മാരകമായി ആ പേര് കൊച്ചുമകന്റെ പേരില്‍.

ബ്ലിറ്റ്‌സ് ലേഖകന്‍

ബെര്‍ലിനില്‍ ഡോയന്‍ ഓഫ് ദി പ്രസ് എന്ന സ്ഥാനം ഉണ്ടായിരുന്നതിനാല്‍ എപ്പോഴും അക്രഡിറ്റഡ് ലേഖകനായി പ്രര്‍ത്തിക്കാന്‍ സൗകര്യമുണ്ടായിരുന്ന കുഞ്ഞനന്തന്‍നായര്‍ 1963മുതല്‍ 1991വരെയുള്ള കാലത്ത് ബ്ലിറ്റ്‌സില്‍ 1200ഓളം റിപ്പോര്‍ട്ടുകളും ലേഖനങ്ങളുമാണ് സ്വന്തം പേരില്‍ പ്രസിദ്ധപ്പെടുത്തിയത്. സുഭാഷ് ചന്ദ്രബോസ് ജര്‍മനിയില്‍ ഗീബല്‍സുമായി ചര്‍ച്ച നടത്തിയതും തുടര്‍ന്ന് റേഡിയോ പ്രക്ഷേപണത്തിനായി ബോസ് നടത്തിയ ബ്രിട്ടീഷ് വിരുദ്ധപ്രഭാഷണങ്ങള്‍ ഹിറ്റ്‌ലറുടെ നിര്‍ദേശാനുസരണം തിരുത്തിയതും സംബന്ധിച്ച് ആര്‍ക്കൈവ്‌സില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വാര്‍ത്ത, ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും വധിക്കാന്‍ ഖലിസ്താന്‍ തീവ്രവാദികളെ ഉപയോഗിച്ച് സി.ഐ.എ. ശ്രമിക്കുന്നതായുള്ള വാര്‍ത്ത, ഖലിസ്താന്‍ തീവ്രവാദികള്‍ പ്രത്യേക കറന്‍സി ഇറക്കിയതിനെപ്പറ്റിയുള്ള വാര്‍ത്ത തുടങ്ങി ഒട്ടേറെ 'സ്‌കൂപ്പു'കള്‍ അന്ന് ബര്‍ലിന്റേതായി ബ്ലിറ്റ്‌സ് പ്രസിദ്ധപ്പെടുത്തി.

Content Highlights: berlin kunjananthan nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented