ബരാക് ഒബാമ| ഫോട്ടോ: എ.പി
മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിപുലമായ വായന വളരെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഓരോ വര്‍ഷാവസാനവും ഒബാമ ഏറ്റവും ഒടുവിലായി വായിച്ച പുസ്തകങ്ങളില്‍ നിന്നും പ്രിയങ്കരമായവയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാറുണ്ട്. മാസത്തില്‍ രണ്ട് എന്ന കണക്കില്‍ 2021 വായന അവസാനിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട 24 പുസ്തകങ്ങളുടെ ലിസ്റ്റാണ് ഒബാമ പുറത്തുവിട്ടിരിക്കുന്നത്. തീര്‍ച്ചയായും വായന ഇഷ്ടപ്പെടുന്നവര്‍ തങ്ങളുടെ സ്വകാര്യ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ എന്ന കുറിപ്പോടെ ഒബാമ ഈ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു.
Matrix
അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ലോറന്‍ ഗ്രോഫിന്റെ നാലാമത്തെ നോവലായ മാട്രിക്‌സ് ഒരു ചരിത്രനോവല്‍ കൂടിയാണ്. സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒബാമയുടെ അഭിപ്രായത്തില്‍ തികച്ചും പുതുമയാര്‍ന്ന വിഷയം കൈകാര്യം ചെയ്യുന്നതും കാവ്യാത്മകമായ ഭാഷയാല്‍ സമ്പന്നമായതുമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ നിഗൂഢതയില്‍ പൊതിഞ്ഞ ഒരു സാങ്കല്പിക ജീവചരിത്രമാണ് ഇതില്‍ ആഖ്യാനം ചെയ്തിട്ടുള്ളത്.
How The World is Passed
നോവലിതര സൃഷ്ടിയായ ഈ പുസ്തകം അമേരിക്കന്‍ എഴുത്തുകാരനും പണ്ഡിതനുമായ ക്ലിന്റ് സ്മിത്തിന്റെ വിഭാവനയില്‍ വിരിഞ്ഞതാണ്. ലോകത്തിലെ സ്മാരകങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ പുസ്തകം പ്രധാനമായും കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ അടിമത്തം എവ്വിധത്തില്‍ സ്വാധീനപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചാണ്.
The Final Revival of Opal & Nev
എഴുത്തുകാരിയും ജേണലിസ്റ്റുമായ ഡൗണീ വാള്‍ട്ടന്റെ സമകാലിക നോവലാണ് ദ ഫൈമല്‍ റിവൈവല്‍ ഓഫ് ഓപല്‍ ആന്‍ഡ് നേവ്. 1970-കളില്‍ അന്തര്‍- വംശീയ റോക് ഗായകജോഡികളായ ഓപലിന്റെയും നേവിന്റെയും ഉദയമാണ് പ്രമേയമായിരിക്കുന്നത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവര്‍ രണ്ടുപേരും പിരിയുന്നതും പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു പര്യടനത്തിനായി വീണ്ടും ഒന്നിക്കുമ്പോള്‍, മനസ്സുതുറക്കുമ്പോള്‍ പുറത്തുവരുന്ന ഇരുണ്ട രഹസ്യങ്ങളുമാണ് ഈ നോവലിനെ മികവുറ്റതാക്കുന്നത്- ഒബാമ അഭിപ്രായപ്പെടുന്നു.
The Lincoln Highway
അമേരിക്കന്‍ നോവലിസ്റ്റും ചിന്തകനുമായ അമോര്‍ ടവല്‍സ് എഴുതിയ 1950കളുടെ അമേരിക്കന്‍ ജീവിതത്തെ ആഖ്യായികയിലാക്കിയ പുസ്തകമാണിത്. എമ്മറ്റ് വാട്‌സണ്‍ എന്ന ബാലവേലക്കാരന്റെ അതിവൈകാരികതയാര്‍ന്ന ജീവിതകഥയാണിത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട എമ്മറ്റ് തന്റെ എട്ടുവയസ്സുകാരനായ സഹോദരന്‍ ബില്ലിയോടൊത്ത് കാലിഫോര്‍ണിയയില്‍ സമാധാനജീവിതം നയിക്കാനുള്ള ശ്രമങ്ങളും വെല്ലുവിളികളുമാണ് പ്രമേയം.
Invisible Child
അമേരിക്കന്‍ ജേണലിസ്റ്റും ന്യൂയോര്‍ക് ടൈംസിന്റെ സ്റ്റാഫ് എഡിറ്ററും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ ആന്‍ഡ്രിയ എല്ലിയോട്ട് എഴുതിയ ഹൃദയഭേദകമായ നോവലാണിത്. സഹിഷ്ണുതയുടെ അപാരതയും കുടുംബത്തിന്റെ പ്രാമുഖ്യവും അസമത്വത്തിന്റെ അനിശ്ചിതാവസ്ഥയും വിളിച്ചുപറയുന്നു ഈ നോവല്‍. ഒരു ദശാബ്ദക്കാലത്തോളം കഥാപാത്രങ്ങള്‍ നേരിടുന്ന അപകര്‍ഷതകളെ ഒരു റിപ്പോര്‍ട്ടിങ്ങിന്റെ രൂപത്തിലാക്കി നിര്‍ണായകമായ ചില വസ്തുതകള്‍ തുറന്നു കാട്ടുകയാണ് ഈ പുസ്തകം. സമകാലിക അമേരിക്കയുടെ പ്രശ്‌നങ്ങള്‍ കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടിയിലൂടെ അവതരിപ്പിക്കുകയാണ് ഇന്‍വിസിബിള്‍ ചൈല്‍ഡ്.
Harlem Shuffle
രണ്ട് തവണ പുലിറ്റ്‌സര്‍ പുരസ്‌കാരം കരസ്ഥമാക്കിയ വിഖ്യാത എഴുത്തുകാരന്‍ കോള്‍സണ്‍ വൈറ്റ്‌ഹെഡ് ഏറ്റവും പുതുതായി എഴുതിയ നോവലാണ് ഹാര്‍ലേം ഷഫ്ള്‍. വര്‍ഗവും അധികാരവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സാമൂഹികനോവലാണ് ഇത്. കേന്ദ്രകഥാപാത്രമായ ഹാര്‍ലേമിന് എഴുതുന്ന പ്രണയലേഖനങ്ങളാണ് ഈ നോവല്‍.
Cloud Cuckoo Land
ഇന്‍ര്‍ നാഷണല്‍ ബെസ്റ്റ് സെല്ലര്‍ 'ആള്‍ ദ ലൈറ്റ് വി കനോട്ട് സീ' എന്ന നോവലിന്റെ സ്രഷ്ടാവ് ആന്റണി ഡ്യുവറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ക്ലൗഡ് കുക്കൂ ലാന്‍ഡ്. മനുഷ്യരാശിയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന പുരാതന ഗ്രീക്ക് ശിലാലിഖിതത്തിലൂടെ മാജിക്കല്‍ കഥ പറയുന്ന നോവലാണിത്.
These Precious Day
അമേരിക്കന്‍ നോവലിസ്റ്റ് ആന്‍ പാഷെ എഴുതിയ വ്യക്തിപരമായ ലേഖനങ്ങളുടെ സമാഹാരമാണിത്. കുടുംബം, വീട്, സൗഹൃദം, എഴുത്ത് തുടങ്ങിയവിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Crying in H Mart
മിഷേല്‍ സൗനര്‍ എഴുതിയ ഹൃദയാര്‍ദ്രമായ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണിത്. മിശ്രിതവംശജരായി വളരുന്നതിന്റെയും കൊറിയന്‍ ഭക്ഷണത്തിന്റെയും തന്റെ നഷ്ടങ്ങളിലെ സ്വയം പങ്കാളിത്തവും തായ് വേരുകളുടെ ചരിത്രവും വിശദമാക്കുന്ന പുസ്തകമാണിത്.
Aftershocks
നാദിയ ഔസു എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. ആഗോളീകരണവും ലോകത്തിന്റെ പ്രതിസന്ധിയുമാണ് ഇതില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിഷയങ്ങള്‍.
Crossroads
വിഖ്യാത നോവലിസ്റ്റ് ജൊനാഥന്‍ ഫ്രാന്‍സണ്‍ എഴുതിയ ഏറ്റവും പുതിയ നോവലാണ് ക്രോസ്‌റോഡ്‌സ്. എ കീ റ്റു ഓള്‍ മിത്തോളജി എന്ന നോവല്‍ ത്രയത്തിലെ ആദ്യത്തെ പുസ്തകം കൂടിയാണ് ഇത്.
The Love Songs of W.E.B Du Bois
നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കവി ഹനോറീ ഫനോന്‍ ജെഫറിന്റെ പ്രഥമ നോവലാണ് The Love Songs of W.E.B Du Bois. ഒരു അമേരിക്കന്‍ കുടുംബത്തിലെ വ്യത്യസ്ത തലമുറകളിലൂടെ അതിജീവനത്തിന്റെ കഥപറയുന്നു ഈ നോവല്‍. കൊളോണിയല്‍ കാലത്തെ കുടുംബത്തിന്റെ ത്യാഗങ്ങളും സഹിഷ്ണുതകളും അടിമത്തവുമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധവും അനിശ്ചിതത്വവും പ്രമേയമായിരിക്കുന്നു.
Beautiful Country
ക്വിയാന്‍ ജൂലി വാങ് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. അമേരിക്കന്‍ കുടിയേറ്റക്കാരുടെ പ്രതീക്ഷകളും തങ്ങള്‍ പുറംതള്ളപ്പെടുമോ എന്ന ആശങ്കയും പങ്കുവെക്കുന്ന പുസ്തകം. പുതിയ രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കുന്നവന്റെ വേവലാതികളും വേദനകളുമാണ് ഈ ഓര്‍മക്കുറിപ്പുകള്‍. ഒരു കുഞ്ഞുകുട്ടിയെ ആഖ്യാതാവാക്കിക്കൊണ്ടാണ് പുസ്തകമുടനീളം അവതരിപ്പിച്ചിരിക്കുന്നത്.
At Night All Blood Is Black
ബുക്കര്‍ പ്രൈസ് ജേതാവായ ഡേവിഡ് ഡയപ്പിന്റെ രണ്ടാമത്തെ നോവലാണ് അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലഡ്. കൊല്ലാനും കൊല ചെയ്യപ്പെടാനുമായി പറഞ്ഞയയ്ക്കപ്പെടുന്ന മനുഷ്യര്‍ക്ക് എന്തു സംഭവിക്കുന്നു എന്നാണ് ഈ പുസ്തകം പറയുന്നത്.
Land of Big Numbers
ആധുനിക ചൈനയുടെ സാഹിത്യ- സാംസ്‌കാരിക മുഖമായ ടീ പിങ് ചെന്‍ എഴുതിയ ചെറുകഥാ സമാഹാരമാണ് ലാന്റ് ഓഫ് ബിഗ് നമ്പേഴ്‌സ്. ആധുനിക ചൈനയുടെ യഥാര്‍ഥമുഖമാണ് ഇതില്‍ വരച്ചുകാട്ടുന്നത്. വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും വളരെ കുറച്ചുമാത്രം മനസ്സിലാക്കപ്പെടുകയും ചെയ്ത തന്റെ രാജ്യത്തെക്കുറിച്ചാണ് പിങ് ചെന്‍ കഥകളിലൂടെ സംവദിക്കുന്നത്. ഒബാമ തന്റെ 2021-ലെ വായന ആരംഭിക്കുമ്പോള്‍ തെരഞ്ഞെടുത്ത ആദ്യ പത്ത് പുസ്തകങ്ങളില്‍ ഒന്നാണ് ഇത്.
Empire of Pain
പാട്രിക് റാഡന്‍ കീഫിന് നോവലിതര പുസ്തകങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്ത കൃതിയാണിത്. സാക്‌ളര്‍ വംശത്തിലെ മൂന്നു തലമുറകളിലൂടെ സഞ്ചരിക്കുന്നു ഈ പുസ്തകം.
Project Hail Mary
ആന്‍ഡി വീര്‍ എഴുതിയ ഏറ്റവും പുതിയ സയന്‍സ് ഫിക്ഷന്‍. റിലാന്‍ഡ് ഗ്രേസ് എന്ന ഏകാകിയായ വാനശാസ്ത്രജ്ഞന്റെ ചിന്തകളും ഭൂമിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള പരിശ്രമങ്ങളുമാണ് പ്രമേയം. ബില്‍ ഗേറ്റ്‌സ് തന്റെ പ്രിയപുസ്തകശേഖരത്തില്‍ ഉള്‍പ്പെടുത്തിയ പുസ്തകം കൂടിയാണ് പ്രൊജക്ട് ഹെയ്ല്‍ മേരി.
When we Cease To Understand The World
ബെഞ്ചമിന്‍ ലാബടറ്റിന്റെ നോവല്‍. നമ്മള്‍ കൊട്ടിഘോഷിക്കുന്ന ശാസ്ത്രജ്ഞരും ഗണിതശാസ്ത്രജ്ഞരും മഹാന്മാരും ജീവിതത്തില്‍ എന്തെല്ലാം കഠിനസംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയിട്ടുണ്ടാവുക എന്ന് ചിന്തിപ്പിക്കുന്ന നോവല്‍. 2021 ലെ ബുക്കര്‍ പ്രൈസിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകം കൂടിയാണിത്.
Under A White Sky
പുലിറ്റ്‌സര്‍ പ്രൈസ് നേടിയ എഴുത്തുകാരി എലിസബത്ത് കോള്‍ബെര്‍ട്ടിന്റെ കൃതി. പ്രകൃതിയ്ക്കുമോല്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ ഇടപെടലിന്റെ പ്രത്യാഘാതങ്ങളെയാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
Things We Lost To The Water
എറിക് ഗുയെന്റെ പ്രഥമ നോവല്‍. ന്യൂ ഓര്‍ലിയാന്‍സിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന വിയറ്റ്‌നാം കുടുംബത്തിന്റെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ജീവിതശൈലികളുമാണ് പ്രമേയം. പരസ്പരം സഹകരിച്ചുജീവിക്കാനുള്ള അവരുടെ ബുദ്ധിമുട്ടുകളും ഈ കൃതിയില്‍ പരാമര്‍ശിക്കുന്നു.
Leave The World Behind
റൂമാന്‍ അലാം എഴുതിയ നോവല്‍. അപരിചിതരായ രണ്ട് കുടുംബങ്ങള്‍ ഒരാഴ്ചക്കാലം ഒരുമിച്ച് കഴിയാനുള്ള സാഹചര്യവും പരസ്പരം സഹകരിക്കാന്‍ കഴിയാത്ത അവസ്ഥയുമാണ് ഈ നോവലിന്റെ പ്രമേയം.
Clara And The Sun
2017-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ കസുവോ ഇഷിഗുരോയുടെ ഏറ്റവും പുതിയ നോവല്‍. അതിസൂക്ഷ്മമായ നിരീക്ഷണപാടവമുള്ള നിര്‍മിതബുദ്ധിയോടുകൂടിയുള്ള ക്ലാര എന്ന സുഹൃത്തിന്റെ കഥയാണിത്. തന്നെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്‌റ്റോറിലെ മൂലയില്‍ നിന്നും ഓരോ ആളിനെയും നിരീക്ഷിക്കുന്ന ക്ലാര കടയില്‍ വരുന്നവരെക്കുറിച്ചും റോഡിലൂടെ പോകുന്നവരെക്കുറിച്ചും പറയുന്ന കമന്റുകളാണ് രസകരം. ഒരു ദിവസം തന്നെയും ഒരാള്‍ വന്ന് വാങ്ങുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ക്ലാരയുടെ ദിനങ്ങളാണ് പ്രമേയം.
The Sweetness of Water
നാഥന്‍ ഹാരിസ്സിന്റെ പ്രഥമ നോവലാണിത്. അനവധി വികാരങ്ങളുടെ സമ്മിശ്രപ്രതികരണങ്ങളെക്കുറിച്ച് സംവദിക്കുന്ന നോവല്‍. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ നോവല്‍ ലാന്‍ട്രി, പ്രന്റിസ് എന്നീ രണ്ടു സഹോദരങ്ങളുടെ കഥയാണ് പറയുന്നത്. യുദ്ധത്തില്‍ മകന്‍ നഷ്ടപ്പെട്ട ജോര്‍ജ് വാക്കര്‍ എന്നയാള്‍ക്കുവേണ്ടി ജോലി ചെയ്യുന്ന സഹോദരന്മാര്‍ പ്രദേശവാസികളാല്‍ തിരിച്ചറിയപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് നോവല്‍ പറയുന്നത്.
Intimacies
കാത്തി കിറ്റാമുറയുടെ വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. പല പല സത്യങ്ങളില്‍പെട്ട് ഉഴറിപ്പോകുന്ന ഒരു പെണ്ണിന്റെ കഥയാണിത്.
Content Highlights :Barak Obama reviews his reading in 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..