ഗിരീഷ് കർണാട്/ ഫോട്ടോ: പി. മനോജ്
ഇന്ത്യന്‍ തിയേറ്റര്‍ എക്കാലവും എഴുന്നേറ്റ് നിന്ന് ആദരിച്ച പേരുകളില്‍ ഒന്നാമതാണ് ഗിരീഷ് കര്‍ണാട്. യയാതിയും തുഗ്ലക്കും ഹയവദനയും നാഗമണ്ഡലയും നാളുകള്‍ ചെല്ലും തോറും പുതിയമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് വിസ്മയം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ആ നാടകങ്ങള്‍ക്ക് പിന്നിലെ ബൗദ്ധികത എക്കാലത്തേക്കുമായി രേഖപ്പെടുത്തപ്പെടുന്നു. ആ വലിയ വിയോഗത്തിന് മൂന്ന് വര്‍ഷം തികയുമ്പോള്‍ ബൈജു ചന്ദ്രന്‍ കര്‍ണാടിനെക്കുറിച്ച് എഴുതുന്നു.
സ്വഛവും ശാന്തവുമായ ഗ്രാമീണാന്തരീക്ഷത്തിലെ ആ രാത്രിയില്‍, ഭര്‍ത്താവിനും കുഞ്ഞിനും അത്താഴം വിളമ്പിക്കൊടുക്കുകയായിരുന്നു സുശീല. ഉല്ലാസവതിയായ അവള്‍ ആ നേരത്ത് ഒരു പാട്ട് മൂളുന്നുണ്ടായിരുന്നു. ഓര്‍ക്കാപ്പുറത്താണ് ഗ്രാമം അടക്കിവാഴുന്ന പ്രഭുസഹോദരന്മാര്‍ വീടാക്രമിച്ച് അവളെ കീഴ്‌പ്പെടുത്തി കടത്തിക്കൊണ്ടുപോകുന്നത്. ജീപ്പിന് പിറകേയോടിയ ഭര്‍ത്താവിനെ അവര്‍ തൊഴിച്ചു ദൂരെയെറിഞ്ഞു. അല്പകാലം മുന്‍പു മാത്രം ആ ഗ്രാമത്തില്‍ താമസമാക്കിയ സ്‌കൂള്‍ മാസ്റ്ററെ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഭീതിയായിരുന്നു കാരണം.
പിന്നീടൊരുദിവസം അമ്പലത്തില്‍ വെച്ച് മാസ്റ്റര്‍ ഭാര്യയെ കണ്ടപ്പോള്‍, തന്നെ രക്ഷപ്പെടുത്താതതിന്റെ പേരില്‍ കുറ്റപ്പെടുത്തലിന്റെ കുറേ വാക്കുകള്‍ ഉരുവിട്ടതല്ലാതെ, കൂടെചെല്ലാന്‍ അവള്‍ തയ്യാറാകുന്നില്ല. കാളിയദര്‍പ്പമടക്കുന്ന പിഞ്ചുകാലിന്റെ കഥ പറഞ്ഞ് മകനെ ഉറക്കുന്ന മാസ്റ്റര്‍ തന്നെ ഒടുവില്‍ കാലത്തിന്റെ ആ നിയോഗമേറ്റെടുക്കുകയാണ്. അടക്കിവെച്ച ജനരോഷം അണപൊട്ടിയൊഴുകുമ്പോള്‍, രാവണപ്രഭുവിന്റെ മൂര്‍ദ്ധാവില്‍ ആദ്യത്തെ പ്രഹരമേല്പിക്കുന്നത് മാസ്റ്ററാണ്. എന്നിട്ടും അയാള്‍ക്ക് അവളെ തിരികെ നേടാനാകുന്നില്ല...
വില്ലനെ അനായാസം കീഴ്പെടുത്തി കാമിനിയെ വീണ്ടെടുക്കുന്ന ധീരനായകനെ കണ്ടു പരിചയിച്ച ഇന്ത്യന്‍ പ്രേക്ഷകന് നിസ്സഹായതയുടെ ആള്‍രൂപമായ ഈ ദുരന്ത നായകകഥാപാത്രം ഒരു പുതുക്കാഴ്ചയായിരുന്നു. നാടുവാഴിത്തം കൊടികുത്തി വാണിരുന്ന നൈസാമിന്റെ നാട്ടിലെ രാക്ഷസവാഴ്ചയും അതിന്റെ പതനവും പകര്‍ത്തിയ ശ്യാം ബെനഗലിന്റെ 'നിശാന്ത്'. നാടകപ്രതിഭകളായ വിജയ് തെണ്ടുല്‍ക്കറും സത്യദേവ് ദുബെയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിലെ അഭിനേതാക്കളിലും അണിയറപ്രവര്‍ത്തകരിലും ഒട്ടുമുക്കാല്‍പ്പേരും അരങ്ങത്ത് നിന്ന് എത്തിയവരാണ് എന്നതായിരുന്നു പ്രധാന പുതുമ. സ്‌കൂള്‍ മാസ്റ്ററായി വേഷമിട്ട ഗിരീഷ് കര്‍ണാടായിരുന്നു അതിലെ ഒന്നാമത്തെ പേരുകാരന്‍.
'നിശാന്തി'ന് പിന്നാലെ ബെനഗല്‍ ഒരുക്കിയ 'മന്ഥനി'ല്‍ കാണുന്നത് കര്‍ണാടെന്ന നടന്റെ വ്യത്യസ്തമായ മുഖമാണ്. വികസനത്തിന്റെ പാഠങ്ങളുമായി നിരക്ഷരരായ ഗ്രാമീണരുടെ ഇടയിലേക്ക് എത്തിയ ഡോ. റാവുവിന് ക്ഷീരവിപ്ലവത്തിന്റെ ആള്‍രൂപമായ അമുല്‍കുര്യന്റെ ഛായ ആയിരുന്നു. കര്‍ണാടിന്റെ നിയന്ത്രിതാഭിനയത്തിന്റെ മികച്ച ഉദാഹരണമാണ് ഡോ.റാവു.
ഇന്ത്യന്‍ നവസിനിമയിലെ യൗവ്വനതീഷ്ണമായ ഒരു കാലഘട്ടത്തിന്റെ ആരംഭം കുറിച്ച നാളുകള്‍. ശ്യാം ബനഗലും ഗോവിന്ദ് നിഹ് ലാനിയും സയീദ് മിഴ്‌സയും കേതന്‍ മേഹ്ത്തയും മാന്ത്രിക സ്പര്‍ശം കൊണ്ട് സിനിമയില്‍ വസന്തം വിരിയിച്ച ആ കാലത്താണ് ഗിരീഷ് കര്‍ണാട്, അമരീഷ് പുരി, അമോല്‍ പലേക്കര്‍, അനന്ത് നാഗ്, മോഹന്‍ അഗാഷെ, ഷാഫി ഇനാംദാര്‍, എം.കെ. റെയ്‌ന, കെ.കെ. റെയ്‌ന, മനോഹര്‍ സിംഗ്, ബഞ്ചമിന്‍ ഗിലാനി, ശബാന ആസ്മി, സ്മിത പാട്ടീല്‍, രോഹിണി ഹട്ടംഗഡി, ദീപ്തി നവല്‍, ദീപാസാഹി....തുടങ്ങി പ്രതിഭാധനരുടെ ഒരു വലിയ നിര തന്നെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയത്. അരങ്ങനുഭവങ്ങള്‍ പകര്‍ന്നുകൊടുത്ത കരുത്തും ചൈതന്യവുമായി എത്തിയവരായിരുന്നു അവരെല്ലാം. ആ നവതരംഗത്തിലെ രണ്ടു സൂപ്പര്‍ താരങ്ങളെ സിനിമാ സ്‌ക്രീനിലേക്ക് കൈപിടിച്ചു കയറ്റിയത് കര്‍ണാടായിരുന്നു.
1974-75 കാലത്ത് ഗിരീഷ്‌കര്‍ണാട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണച്ചുമതല വഹിക്കുമ്പോള്‍ അവിടുത്തെ അഭിനയവിദ്യാര്‍ത്ഥികള്‍ ഒരു പ്രക്ഷോഭം ആരംഭിച്ചു. സമരത്തിന്റെ പ്രധാനനേതാവ് അയാളുടെ അരാജകത്വവും ആരെയും വകവെക്കാത്ത സ്വഭാവവും കൊണ്ട് 'കുപ്രസിദ്ധനാ'യിരുന്നു. ആയിടെ കണ്ട 'സൂ സ്റ്റോറി' എന്ന നാടകത്തിലെ അയാളുടെ പെര്‍ഫോമന്‍സ് കര്‍ണാടിന്റെ മനസ്സില്‍ പതിഞ്ഞുകിടന്നിരുന്നു. 'നിശാന്തി'ന്റെ കാസ്റ്റിംഗ് നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തില്‍ സുശീലയെ കണ്ട് ഭ്രമിക്കുന്ന ഇളയ പ്രഭുസഹോദരന്റെ വേഷത്തിലേക്ക്, അയാളുടെ പേര് നിര്‍ദ്ദേശിച്ചത് കര്‍ണാടാണ്. തുടര്‍ന്നു വന്ന 'മന്ഥന്‍', 'ഭൂമിക' തുടങ്ങിയ ബെനഗല്‍ ചിത്രങ്ങളിലൂടെ നസറുദീന്‍ ഷാ എന്ന ക്ഷോഭിക്കുന്ന ചെറുപ്പക്കാരന്‍ ഇന്ത്യന്‍ നവസിനിമയുടെ ഉന്നത താരപദവിയില്‍ എത്തിച്ചേര്‍ന്നത് വളരെപ്പെട്ടെന്നായിരുന്നു.
.jpg?$p=b103e4b&&q=0.8)
ആ നാളുകളില്‍ തന്നെയാണ്, മറ്റൊരു നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ബിരുദധാരി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനെത്തുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്‍പില്‍ അയാളവതരിപ്പിച്ചത് മാര്‍ക്ക് ആന്റണിയുടെ സ്പീച്ചായിരുന്നു. പ്രകടനമൊക്കെ നന്നായെങ്കിലും വസൂരിക്കലകള്‍ നിറഞ്ഞ, അസുന്ദരമായ ആ മുഖം വെച്ചുകൊണ്ട് നായകന്‍, വില്ലന്‍, കൊമേഡിയന്‍ തുടങ്ങി ഒരു വേഷത്തിലുംഅയാള്‍ സിനിമയില്‍ ശോഭിക്കില്ലെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഒറ്റക്കെട്ടായുള്ള അഭിപ്രായം. പ്രിന്‍സിപ്പാളിന്റെ ചുമതലയുള്ള കര്‍ണാട് അതിനെ ശക്തിയുക്തം എതിര്‍ത്തു. 'അയാള്‍ സിനിമയില്‍ നാളെ എന്തെങ്കിലുമായിത്തീരുമോയെന്നത് നമ്മള്‍ ഇപ്പോള്‍ ഇവിടെയിരുന്ന് തീരുമാനിക്കേണ്ട കാര്യമല്ല 'എന്നു കര്‍ണാഡ് തറപ്പിച്ചു പറഞ്ഞതോടെ മറ്റുള്ളവരെല്ലാം അയഞ്ഞു. ഓംപുരി എന്നുപേരായ ആ പഞ്ചാബി ഗ്രാമീണയുവാവിനെ ഫീസിളവ് കൊടുത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കുന്നത്, അങ്ങനെ ഗിരീഷ് കര്‍ണാടിന്റെ നേരിട്ടുള്ള കാര്‍മികത്വത്തിലായി.
ഇന്ത്യന്‍ സിനിമയിലെ നവതരംഗം മൃണാള്‍ സെന്നിന്റെ 'ഭുവന്‍ ഷോമി'ലൂടെ ആര്‍ത്തലച്ചെത്തുന്നതിന്റെ തൊട്ടുപിന്നാലെയാണല്ലോ, പട്ടാഭിരാമ റെഡ്ഡി ഒരുക്കിയ 'സംസ്‌കാര'യിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ വസന്തത്തിന്റെ ഇടി മുഴങ്ങുന്നത്. കന്നഡ സാഹിത്യത്തിലെയും നാടകരംഗത്തെയും പ്രഗത്ഭരായ യു.ആര്‍ അനന്തമൂര്‍ത്തി, സ്നേഹലതാ റെഡ്ഡി, ലങ്കേഷ് എന്നിവരൊക്കെ ക്യാമറക്ക് മുന്നിലും പിന്നിലുമായി അണിനിരന്ന 'സംസ്‌കാര'യിലെ നായകവേഷമായ പ്രാണേശാചാര്യയെ അവതരിപ്പിച്ചത് ഗിരീഷ് കര്‍ണാടാണ്. ഒപ്പം ചിത്രത്തിന്റെ തിരക്കഥ രചിക്കുകയും ചെയ്തു. ബ്രാഹ്‌മണ്യം കാവല്‍ നില്‍ക്കുന്ന മാമൂല്‍ വ്യവസ്ഥിതിയുടെ മുഖമടച്ച് പ്രഹരമേല്പിച്ച 'സംസ്‌കാര'നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളുണ്ടായി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ് ചിത്രം അതിനു മറുപടി നല്‍കിയത്. (സംസ്‌കാരയും രണ്ടു വര്‍ഷം കഴിഞ്ഞ് ദേശീയ പുരസ്‌കാരം നേടിയ നിര്‍മ്മാല്യവും നമുക്ക് തന്ന തൊള്ളായിരത്തിഎഴുപതുകളെ പ്രണമിക്കാം)
അരങ്ങത്ത് തന്റെ തുല്യ പ്രതിഭയായ ബി.വി. കാരന്തുമായി ചേര്‍ന്നുകൊണ്ട് കര്‍ണാഡ് സംവിധാനം ചെയ്ത 'വംശവൃക്ഷ' സംവിധായകര്‍ക്ക് രണ്ടുപേര്‍ക്കും നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്തു. വിഷ്ണുവര്‍ധന്‍ എന്ന കന്നഡ സിനിമയിലെ പില്‍ക്കാല സൂപ്പര്‍ താരത്തെ പരിചയപ്പെടുത്തിയത് 'വംശ വൃക്ഷ'യിലൂടെ കര്‍ണാടും കാരന്തുമാണ്. അടുത്ത വര്‍ഷം കര്‍ണാട് തനിച്ച് സംവിധാനം ചെയ്ത 'കാട്' കന്നടസിനിമക്ക് എണ്ണപ്പെട്ട നേട്ടങ്ങള്‍ പലതും സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് പുറമെ നായിക നന്ദിനി ഭക്തവത്സലക്ക് മികച്ച നടിക്കുള്ള ഉര്‍വശി അവാര്‍ഡ്, മാസ്റ്റര്‍ നടരാജിന് മികച്ച ബാലനടനുള്ള അവാര്‍ഡ് എന്നിവയായിരുന്നു അവ.
കന്നഡത്തിലെ സമാന്തര സിനിമാ പ്രസ്ഥാനം കര്‍ണാടിന്റെ നായകത്വത്തിലൂടെ വീണ്ടും ഉയരങ്ങള്‍ കീഴടക്കി. കര്‍ണാടിന് തൊട്ടുപിന്നാലെ ഗിരീഷ് കാസറവള്ളിയെത്തി--'ഘടശ്രാദ്ധ'യിലൂടെ. ശിവരാമ കാന്തിന്റെ 'ചോമനദുഡി'ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിക്കൊണ്ട് ബി.വി. കാരന്തും ചോമന്റെ വേഷമിട്ട വാസുദേവറാവുവും വീണ്ടുമൊരിക്കല്‍ കൂടി കന്നഡത്തിലേക്ക് ദേശീയാംഗീകാരം കൊണ്ടുവന്നു.
ഇക്കാലത്താണ് കന്നഡയും ഇംഗ്ലീഷും പോലെ തന്നെ മറാഠിയും ഹിന്ദിയും കൊങ്കിണിയും അനായാസമായി കൈകാര്യം ചെയ്തിരുന്ന കര്‍ണാടിന്റെ അഭിനയസിദ്ധി മറുഭാഷാ ചിത്രങ്ങളിലും ടെലിവിഷനിലും നിറസാന്നിധ്യമാകുന്നത്. ദൂരദര്‍ശന്‍ ഉച്ചസ്ഥായിയില്‍ തിളങ്ങി നിന്ന എണ്‍പതുകളില്‍ വന്ന 'ഖാന്ദാന്‍' പരമ്പരയിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുഴുവന്‍ സുപരിചിതനായി. കര്‍ണാടിന് ഒരു cult status നേടിക്കൊടുത്ത കഥാപാത്രം വൈകാതെയെത്തി. ആര്‍.കെ നാരായണന്റെ 'മാല്‍ഗുഡി ദിനങ്ങള്‍' ശങ്കര്‍ നാഗ് ദൂരദര്‍ശന് വേണ്ടി പരമ്പരയാക്കിയപ്പോള്‍, അതിലെ കേന്ദ്ര കഥാപാത്രമായ സ്വാമിയോടൊപ്പം തന്നെ പ്രശസ്തനായി മാറി കര്‍ണാട് അവതരിപ്പിച്ച സ്വാമിയുടെ പിതാവും. 'ഒണ്ടനൊണ്ടു കാലദല്ലി' എന്ന ചിത്രത്തിലെ സാമുറായ് പോരാളിയുടെ വേഷത്തിലൂടെ തന്നെ സിനിമക്ക് പരിചയപ്പെടുത്തിക്കൊടുത്തതിന്, ശങ്കര്‍ നാഗ് കര്‍ണാടിന് കൊടുത്ത ഗുരുദക്ഷിണയായിരുന്നു അത്.
തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'ടേണിംഗ് പോയിന്റ്' എന്ന വൈജ്ഞാനിക പരമ്പരയുടെ അവതാരകന്റെ വേഷം, കര്‍ണാടിന്റെ ഗൗരവഗാംഭീര്യമാര്‍ന്ന രൂപഭാവങ്ങള്‍ക്കും സാമൂഹ്യ വ്യക്തിത്വത്തിനും നന്നേ ഇണങ്ങുന്നതായിരുന്നു. ഇന്ത്യയുടെ സ്വന്തം 'ഡേവിഡ് ആറ്റന്‍ബറോ' എന്ന പേര് നേടിക്കൊടുത്ത പെര്‍ഫോമന്‍സ് പല താരഅവതാരകര്‍ക്കും പ്രചോദനമായി. മലയാളത്തില്‍ സമാന പരിപാടിയായ 'ശാസ്ത്ര കൗതുക' ത്തിന്റെഅവതാരകനായി നെടുമുടി വേണു എത്തിയത് കൗതുകമാര്‍ന്ന ഒരു സമാനതയായി. പിന്നീട് ഭരതന്റെ 'നീലക്കുറിഞ്ഞി പൂത്തപ്പോള്‍' എന്ന ചിത്രത്തില്‍ ഈ രണ്ടു മഹാനടന്മാരും ഒരുമിച്ചഭിനയിച്ചപ്പോള്‍ അതൊരു അപൂര്‍വ പ്രതിഭാസംഗമമായി മാറി.
.jpg?$p=71e446e&&q=0.8)
ഗിരീഷ് കര്‍ണാട് എന്ന അരങ്ങത്തെ അതികായനെ മറന്നുകൊണ്ടല്ല ഇത്രയുമെഴുതിയത്. യയാതിയും തുഗ്ലക്കും ഹയവദനയും നാഗമണ്ഡലയും ആധുനിക ഇന്ത്യന്‍ ക്ലാസ്സിക്കുകളുടെ ആദ്യപട്ടികയില്‍ തന്നെ സ്ഥാനം പിടിച്ചവയാണല്ലോ. മനുഷ്യമനസ്സ് എന്ന പ്രഹേളികയെ ഒരു ഭൂതക്കണ്ണാടിയിലൂടെ എന്നവണ്ണം അതിസൂക്ഷ്മമായ കാഴ്ചക്ക് വിധേയമാക്കുന്ന ആ നാടകങ്ങളിലലെല്ലാം, ദുഷിച്ച രാഷ്ട്രീയാധികാരവും ഹിംസാത്മകതയും പോലെയുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും വ്യക്തിയുടെ അസ്തിത്വത്തെക്കുറിച്ചുള്ള സന്ദേഹവും ആകുലതയുമൊക്കെയാണ് ഉള്‍ക്കാമ്പായി തീരുന്നത്. ധ്വന്യാത്മകമായ ബിംബങ്ങളിലൂടെ ഭാരതീയ പാരമ്പര്യത്തില്‍ കാലുറപ്പിച്ചുനിന്നു കൊണ്ടു തന്നെ നവീനമായ ഒരു നാടകഭാഷ കര്‍ണാട് നിര്‍മ്മിച്ചെടുത്തു. ഇബ്രാഹിം അല്‍ക്കാസി, ഷോംഭു മിത്ര, മോഹന്‍ രാകേഷ്, വിജയ് തെണ്ടുല്‍ക്കര്‍, ബി.വി. കാരന്ത്, ധരംവീര്‍ ഭാരതി, കാവാലം നാരായണ പണിക്കര്‍....അരങ്ങിന്റെ വലിയ ആചാര്യന്മാരുടെ കൂട്ടത്തില്‍ കര്‍ണാട് എപ്പോഴും വേറിട്ട് നിന്നു.
കര്‍ണാടിന്റെ കര്‍മ്മകാണ്ഡം കുറച്ചുകൂടി വിശാലവും വൈപുല്യമാര്‍ന്നതുമായിരുന്നു. ഒരു അക്കാദമിക്ക് പണ്ഡിതന്‍, ഭരണമേധാവി എന്ന നിലകളിലും തന്റെ പ്രാഗത്ഭ്യവും മികവും തെളിയിച്ച കര്‍ണാടിനെ ആധുനികകാലത്തെ നവോത്ഥാന പുരുഷന്‍ എന്നു വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല. അങ്ങനെയുള്ള നവോത്ഥാന വ്യക്തിത്വങ്ങള്‍ പൊടുന്നെനെ നാടുനീങ്ങുമ്പോഴാണ് നമ്മുടെ നാട് നേരിടുന്ന അതിഭീതിദമായ സാംസ്‌കാരിക ശൂന്യതയെക്കുറിച്ച് ഞെട്ടലോടെ നാം തിരിച്ചറിയുന്നത്.
Content Highlights: Girish Karnad, Baiju Chandran, Nagamandala, Thuglak
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..