കെ പി എ സി സുലോചന, തോപ്പിൽ ഭാസി
തോപ്പില്‍ ഭാസിയുടെ ഇരുപത്തിയൊന്‍പതാമത് ചരമവാര്‍ഷികദിനമാണ് ഡിസംബര്‍ 8. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികമണ്ഡലങ്ങളെ ഇളക്കിമറിച്ച നാടകകൃത്തെന്ന നിലയില്‍, തോപ്പില്‍ ഭാസി തുടക്കം കുറിക്കുന്ന നാളുകളെക്കുറിച്ച് ബൈജു ചന്ദ്രന്‍ എഴുതിയ ലേഖനം. മാതൃഭൂമി ബുക്ക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന കെ പി എ സി സുലോചനയുടെ ജീവിതകഥ 'ജീവിതനാടക'ത്തില്‍ നിന്ന്.
ആയിരം രൂപയാണ്,സര്‍ക്കാര്‍ ഒളിവില്‍ കഴിയുന്ന ആ വിപ്ലവകാരിയുടെ തലയ്ക്കു വില പറഞ്ഞിരിക്കുന്നത്. പോലീസിന്റെ കൈയിലകപ്പെടാതെ അയാള്‍ക്ക് അന്നത്തേടമൊന്നു കഴിഞ്ഞുകൂടണം. നേരം സന്ധ്യയോടടുക്കുന്നു....ഒടുവിലയാള്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് രണ്ടും കല്‍പ്പിച്ചു കയറിച്ചെന്നു.
വളരെ നല്ലവനായ ആ വീട്ടുകാരന് അയാളെ സഹായിച്ചാല്‍ കൊള്ളാമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷെ ഒരുപാട് മുറികളുള്ള ആ മാളികവീട്ടില്‍ ആകെ അസൗകര്യങ്ങളാണ്. അയാള്‍ക്ക് അവിടെ വെച്ചെന്തെങ്കിലുമൊന്നു 'വന്നുപോയാല്‍' ആ സ്‌നേഹിതന്‍ പിന്നെ ജീവിച്ചിരിക്കുകയില്ല!
ഇനി എങ്ങോട്ട് പോകണമെന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഒരു കൊച്ചുകൂര അയാള്‍ കണ്ടത്. ഇറയത്ത് ഒരു പൊട്ട മണ്ണെണ്ണവിളക്ക് എരിയുന്നുണ്ട്. നേരെ അങ്ങോട്ടു കയറിച്ചെന്നു. കുടിലില്‍ നിന്നിറങ്ങിവന്ന വയസ്സനോട് അടക്കത്തില്‍ പേര് പറഞ്ഞു. ചെല്ലാനുള്ള കാര്യവും.
'അയ്യോ,അതിനെന്താന്നാ.....'എന്ന് ആഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് ആ മൂത്ത പുലയന്‍ അകത്തേക്കോടി.
അല്പം കഴിഞ്ഞ് ആ മനുഷ്യന്‍ പുറത്തു വന്ന് അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുടിലിനുള്ളില്‍ ഒരു ഭാഗത്ത് ഒരു ചിക്കുപായ അടിയില്‍ വിരിച്ച്, അതിന്റെ പുറത്ത് 'പുട്ടില്‍' ഇട്ട് ഭംഗിയായി ഒരു കിടക്കയൊരുക്കിയിരിക്കുന്നു. ആ കര്‍ഷകത്തൊഴിലാളി കത്തിച്ചുകൊടുത്ത ബീഡി വലിച്ചുകൊണ്ട് പുതുനെല്ലിന്റെ മണമുള്ള പായയില്‍ അയാള്‍ മലര്‍ന്നു കിടന്നു.
ഉറക്കംവരുന്നില്ല. ഓരോന്നാലോചിച്ചുകൊണ്ട് അങ്ങനെ കിടന്നു....
കുറേ കഴിഞ്ഞപ്പോള്‍ അയാളുടെ പുറത്ത് ചൂട് തട്ടുന്നതുപോലെ.തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ചൂട് കൂടിക്കൂടി വരുന്നതേയുള്ളൂ.അയാള്‍ ചാടിയെണീറ്റു. തീപ്പെട്ടി കത്തിച്ച് അവിടമാകെയൊന്നു പരിശോധിച്ചു.അന്ന് അത്താഴം വെച്ച അടുപ്പുകല്ലു പിഴുതുമാറ്റി,കനലുകള്‍ വാരിക്കളഞ്ഞിട്ട് വെള്ളം കോരിയൊഴിച്ചു തണുപ്പിച്ച്, അതിന്റെ പുറത്തു ചിക്കുപായയും പുട്ടിലുമിട്ട് അയാള്‍ക്കുവേണ്ടി കിടക്കയൊരുക്കിയിരിക്കുകയാണ്!
അയാളുടെ കണ്ണു നിറഞ്ഞുപോയി....
കിടന്നിട്ടുറങ്ങാന്‍ കഴിയുന്നില്ല.വല്ലാതെ വീര്‍പ്പുമുട്ടുന്നതുപോലെ...നേരം വെളുത്തു. അയാള്‍ വായിക്കാനായി ഒരു പുസ്തകം കയ്യിലെടുത്തു മറിച്ചു. പത്തുവരി വായിക്കാന്‍ കഴിയുന്നതിനു മുമ്പ് അയാളത് മടക്കിവെച്ചു. ഹൃദയമങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. എന്താണെന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഒരസ്വസ്ഥത. എന്തെങ്കിലും എഴുതണമെന്നയാള്‍ക്ക് തോന്നി.
പേനയും കടലാസും കയ്യിലെടുത്തു. ആ കൊച്ചുകുടിലിന്റെ മേയാത്ത മേല്‍ക്കൂരക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ കീറിലീരുന്ന് അയാള്‍ എഴുതാന്‍ തുടങ്ങി.
ഒരു വൈദ്യനാകാന്‍ പുറപ്പെട്ട് വിപ്ലവകാരിയായിത്തീരുകയായിരുന്നു, വള്ളികുന്നത്തെ തോപ്പില്‍ വീട്ടിലെ ഭാസ്‌കരന്‍ പിള്ള എന്ന തോപ്പില്‍ ഭാസി. ആത്മസഖാവായ കാമ്പിശ്ശേരി കരുണാകരനുമായി ചേര്‍ന്നു നടത്തിയ ബാല്യകാല സാഹസങ്ങളായ 'ഭ്രാന്തന്റെ പരമാര്‍ത്ഥം' നാടകവും 'ഭാരതത്തൊഴിലാളി' കൈയെഴുത്തു മാസികയുമാണ് അവര്‍ ഇരുവരിലെയും നടനെയും എഴുത്തുകാരനെയും ഉരുവപ്പെടുത്തിയത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിയമലംഘനവും ജയില്‍വാസവും ഉള്‍പ്പെടെ എല്ലാ സാഹസിക കൃത്യങ്ങളിലും തീരെ ചെറുപ്പം മുതല്‍ക്കു തന്നെ അവരൊരുമിച്ചായിരുന്നു. തിരുവനന്തപുരത്തെ സംസ്‌കൃത കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ കാമ്പിശ്ശേരി,പുറത്തിറങ്ങിയത് ഒരു തികഞ്ഞ കമ്മ്യുണിസ്റ്റു വിശ്വാസിയായിട്ടാണ്.
സംസ്‌കൃതത്തില്‍ ശാസ്ത്രി പരീക്ഷ പാസ്സായശേഷം വൈദ്യം പഠിക്കാന്‍ തിരുവനന്തപുരത്തുപോയ ഭാസി, വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായി. ഭാസി നടത്തിയ നിരാഹാരസമരത്തിലൂടെയാണ് ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ നെടുനാളത്തെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടത്. തുടര്‍ന്ന് ഭാസിയെ കോളേജില്‍ നിന്നു പുറത്താക്കിയെങ്കിലും,വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ അധികൃതര്‍ക്ക് ഒടുവില്‍ മുട്ടുകുത്തേണ്ടി വന്നു.
1947 ആഗസ്റ്റ് 15 ന് ഭാസി തടവറയ്ക്കുള്ളിലായിരുന്നു. പുറത്തുവന്ന ഭാസിയ്ക്കും മറ്റും അധികാരത്തിലേറിയ കോണ്‍ഗ്രസ്സില്‍ സംഭവിച്ച മാറ്റങ്ങളോട് പൊരുത്തപ്പെടാനായില്ല. അങ്ങനെ ഭാസിയും കാമ്പിശ്ശേരിയും പോറ്റി സാറെന്ന കേശവന്‍ പോറ്റിയുമൊക്കെ കോണ്‍ഗ്രസില്‍ നിന്നകന്നു. 1948 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ കുഞ്ഞിന്റെ (ഉത്തരവാദിത്വ പ്രക്ഷോഭകാലത്ത് സര്‍ സി പി യുടെ സ്വന്തം ആളായി സമരക്കാരെ മര്‍ദ്ദിച്ചൊതുക്കാന്‍ ഗുണ്ടകളെ അയച്ച ആളാണ് പി കെ കുഞ്ഞ്) ഭാസിയുമെല്ലാം ചേര്‍ന്ന് ഒരു ബീഡി തൊഴിലാളിയായ ടി എ മൈതീന്‍ കുഞ്ഞിനെ നിറുത്തി ജയിപ്പിച്ചു. അപ്പോഴേക്കും ഭാസിയുടെ മനസ്സില്‍ കാമ്പിശ്ശേരി പകര്‍ന്നുകൊടുത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വേരൂന്നിക്കഴിഞ്ഞിരുന്നു. ഭാസിയെ തേടി ഒളിവില്‍ കഴിയുന്ന വിപ്ലവകാരിയായ പുതുപ്പള്ളി രാഘവന്‍ എത്തുന്നത് അപ്പോഴാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തിരുവിതാംകൂര്‍ ഉത്തരവാദപ്രക്ഷോഭത്തിന്റെയും തീച്ചൂളയിലൂടെ കടന്നുവന്ന പുതുപ്പള്ളി, ഭാസിയെ കൊണ്ടുപോയത് ഒരു കര്‍ഷകത്തൊഴിലാളിയുടെ കുടിലില്‍ ഒളിവിലിരിക്കുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ അടുത്തേക്കാണ്.
എണ്ണക്കാട്ട് കൊട്ടാരത്തിലെ പുരോഗമന ചിന്താഗതിക്കാരനായ രാമവര്‍മ്മ തമ്പുരാന്റെ മൂത്തപുത്രനായ തമ്പി യൂത്ത് ലീഗിന്റെയും സ്റ്റേറ്റ് കോണ്‍ഗ്രസിലെ റാഡിക്കല്‍ ഗ്രൂപ്പിന്റെയും നേതാവും സര്‍ സി പി ദിവാന്‍ പ്രസിഡന്റായിരുന്ന ശ്രീ ചിത്രാ അസ്സംബ്ലിയിലെ അംഗവുമായിരുന്നു. ഉറച്ച കമ്മ്യുണിസ്റ്റുകാരായി മാറിയ തമ്പിസാറും പുതുപ്പള്ളിയും ഭാസിയോട്, ചുറ്റുപാടും അന്ന് നിലവിലുണ്ടായിരുന്ന നീതികേടുകളെ കുറിച്ചും അതിനിരകളായി തീര്‍ന്ന അധഃസ്ഥിത വര്‍ഗത്തെക്കുറിച്ചും അവരനുഭവിക്കുന്ന മൃഗതുല്യമായ അവസ്ഥയെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞുകൊടുത്തു.

.....പാടത്തും പറമ്പിലും,മഴയും വെയിലും കൊണ്ട് ഇരുട്ടുവെളുക്കെ പണിചെയ്തിരുന്ന അടിയാന്മാര്‍ക്ക് അന്നു കിട്ടിയിരുന്നത് രണ്ടു നേരം ഓരോ ഉഴക്കു കഞ്ഞി മാത്രമായിരുന്നു. മദ്ധ്യതിരുവതാംകൂറിലെ എണ്ണക്കാട്ട് എന്ന പ്രദേശത്തെ ജന്മിയായ ഗ്രാമത്തില്‍ തമ്പുരാന്‍,കുടിയൊഴിയില്ലെന്നു'ധിക്കാരം' പറഞ്ഞ അടിയാനെ ശിക്ഷിച്ചത് 'മാതൃകാപര'മായിട്ടായിരുന്നു. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെയെല്ലാം കൂടി ഒരൊറ്റ കയറില്‍ വരിഞ്ഞുകെട്ടി പൊതുനിരത്തിലൂടെ നടത്തിച്ചു!തോക്കിന്റെ പാത്തികൊണ്ട് അവരുടെ ഒത്ത നടുവിന് ഇടിച്ചുകൊണ്ട്, പോലീസുകാരും തമ്പുരാന്റെ ഗുണ്ടകളോടൊപ്പം പിറകില്‍ നടക്കുന്നുണ്ടായിരുന്നു. ഈ ഭീകരസംഭവത്തില്‍ പ്രതിഷേധിക്കാനായി കര്‍ഷകത്തൊഴിലാളികളെയും അധഃസ്ഥിത വര്‍ഗ്ഗക്കാരെയും സംഘടിപ്പിച്ചുകൊണ്ടു മുന്നിട്ടിറങ്ങിയത് ശങ്കരനാരായണന്‍ തമ്പിയും ഇളയ സഹോദരങ്ങളായ സുഭദ്രാമ്മ,രാധമ്മ,രാമകൃഷ്ണന്‍ തമ്പി,രാജശേഖരന്‍ തമ്പി,വേലായുധന്‍ തമ്പി എന്നിവരുമായിരുന്നു.
എണ്ണക്കാടിന്റെ സമീപ ഗ്രാമങ്ങളായ വള്ളികുന്നത്തും ശൂരനാട്ടിലുമൊക്കെ ഇതിന്റെ അലയൊലികളുണ്ടായി. പുതുപ്പള്ളി രാഘവനും തോപ്പില്‍ ഭാസിയും ചേലക്കാട്ടേത്തു കുഞ്ഞുരാമനും മറ്റും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഘടകവും തുടങ്ങി. തുടര്‍ന്നാണ് ശൂരനാട് സംഭവമുണ്ടാകുന്നത്.
ശൂരനാട്ടെ അര്‍ദ്ധപട്ടിണിക്കാരായ പാവപ്പെട്ട ഗ്രാമീണര്‍ വിശപ്പ് മാറ്റിയിരുന്നത്,ഗ്രാമത്തിന്റെ പൊതുസ്വത്തായ ഉള്ളന്നൂര്‍ കുളത്തില്‍ നിന്നും മീന്‍ പിടിച്ചിട്ടായിരുന്നു. ഇതവസാനിപ്പിക്കാനായി,നാട്ടിലെ പ്രധാന ജന്മിമാരായ തെന്നല കുടുംബക്കാര്‍ അവരുടെയൊരു ആശ്രിതനെക്കൊണ്ട് കുളത്തിലെ മത്സ്യം മുഴുവന്‍ ലേലത്തില്‍ പിടിപ്പിച്ചു. നാട്ടുകാര്‍ മീന്‍ പിടിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സ്ഥലത്തെ പോലീസുകാരുടെ പിന്തുണയുമുണ്ടായിരുന്നു ഇതിന്. എന്നാല്‍ ഈ വിലക്കുകളെയെല്ലാം ലംഘിച്ചു കൊണ്ട് നാട്ടുകാര്‍ കുളത്തിലിറങ്ങി മീന്‍ പിടിച്ചു.
1949 ഡിസംബര്‍ 31. ഏതാണ്ട് അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ ഒരു സംഘം പോലീസുകാര്‍ ശൂരനാട് ഗ്രാമം വളഞ്ഞു. മത്സ്യം പിടിക്കാന്‍ നേതൃത്വം കൊടുത്തവരെ തിരഞ്ഞുകൊണ്ട് അവര്‍ വീടുവീടാന്തരം കയറിയിറങ്ങി. അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് പുരുഷന്മാരൊക്കെ വീടുകളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെയായി മാറിനില്‍ക്കുകയായിരുന്നുവീടുകളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പ്രായം ചെന്നവരെയു മെല്ലാം പോലീസ് അതിഭീകരമായി മര്‍ദ്ദിച്ചു. ഇതറിഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറിനിന്ന ആണുങ്ങള്‍ അങ്ങോട്ടേക്ക് ഓടിയെത്തി. തുടര്‍ന്ന് അവിടെ ഉണ്ടായ സംഘട്ടനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മാത്യുവും നാല് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു.
പിറ്റേന്ന് പുതുവര്‍ഷദിനത്തില്‍ ഉന്നതോദ്യോഗസ്ഥരോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ തിരു-കൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ള തെന്നല വീട്ടില്‍ വെച്ചു പ്രഖ്യാപിച്ചു.
'ശൂരനാട് എന്നൊരു നാടിനി വേണ്ട!'
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു എന്ന പ്രഖ്യാപനവും തൊട്ടുപിന്നാലെ ഉണ്ടായി.
പോലീസ് കസ്റ്റഡിയിലെടുത്ത തണ്ടാശ്ശേരി രാഘവന്‍,കളയ്ക്കാട്ടുതറ പരമേശ്വരന്‍ നായര്‍,മഠത്തില്‍ ഭാസ്‌ക്കരന്‍ നായര്‍,പുരുഷോത്തമക്കുറുപ്പ്, പായിക്കാട്ട് ഗോപാലപിള്ള എന്നിവര്‍ ലോക്കപ്പില്‍ വെച്ചു മരിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന തോപ്പില്‍ ഭാസി ഉള്‍പ്പെടെ 26 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. ഒളിവില്‍ പോയവരുടെ ഭാര്യമാര്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ത്രീകള്‍ പോലീസിന്റെ ക്രൂരതയ്ക്കിരകളായി. പ്രതികളുടെ വീടുകള്‍ പോലീസ് ഇടിച്ചുനിരത്തി. ഭാസിയുടെ മാതാപിതാക്കളെ സ്വന്തം വീട്ടില്‍ നിന്നിറക്കിവിട്ടു. അവര്‍ക്ക് അഭയം കൊടുക്കുന്നതില്‍ നിന്നും മറ്റു സഹായങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ബന്ധുക്കളെയും നാട്ടുകാരെയും വിലക്കി. ഒടുവില്‍ ഓച്ചിറപടനിലത്തില്‍ അഭയം കണ്ടെത്തിയ അവര്‍ അനാഥരെപ്പോലെ അവിടെ കഴിഞ്ഞുകൂടി.
തുടര്‍ന്നുള്ള രണ്ടു വര്‍ഷക്കാലം മദ്ധ്യതിരുവതാംകൂറിലെ ഗ്രാമപ്രദേശങ്ങളിലുള്ള പല വീടുകളിലായി ഒളിവില്‍ക്കഴിഞ്ഞുകൊണ്ട് ഭാസി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു. കീഴാളവര്‍ഗ്ഗത്തിന്റെ കൊച്ചുകൂരകളായിരുന്നു അവയെല്ലാം. നിസ്വവര്‍ഗ്ഗത്തിന്റെ ജീവിതം നേരിട്ടുകണ്ട്, അവരുടെ ദുരിതവും കഷ്ടപ്പാടും അനുഭവിച്ചറിഞ്ഞ ഭാസി,ഇനി എഴുതാതെയിരിക്കാനാവില്ല എന്ന അവസ്ഥയിലെത്തിച്ചേര്‍ന്നു. കര്‍ഷകത്തൊഴിലാളിയായ ചാത്തന്‍ പുലയനും ജന്മിത്തമ്പുരാനും തമ്മിലുള്ള സംഘര്‍ഷം പ്രമേയമാക്കി 'മുന്നേറ്റം' എന്ന ഏകാങ്കമെഴുതുന്നത് അങ്ങനെയാണ്.

നാടകത്തിന്റെ കയ്യെഴുത്തു പ്രതിയുമായി ഭാസിയും ശങ്കരനാരായണന്‍ തമ്പിയും കൂടി ഒരു നട്ടുച്ചനേരത്ത് സൈക്കിളില്‍ ചവറയിലുള്ള ഒ എന്‍ വി കുറുപ്പിന്റെ വീട്ടില്‍ ചെന്നു. അന്ന് ഒ എന്‍ വി കൊല്ലം എസ് എന്‍ കോളേജില്‍ ബി എ വിദ്യാര്‍ത്ഥിയാണ്. ഒ എന്‍ വിയെ നാടകം വായിച്ചുകേള്‍പ്പിച്ച ഭാസി അതൊന്നച്ചടിച്ചു കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഒ എന്‍ വി മുന്‍കൈയെടുത്ത് ആ ഏകാങ്കം തിരുവനന്തപുരത്തുനിന്ന് പി കെ ശിവശങ്കരപിള്ളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന 'വിശ്വകേരളം' വാരികയില്‍ പ്രസിദ്ധീകരിച്ചു. എഴുത്തുകാരന്റെ സ്ഥാനത്ത് സോമന്‍ എന്ന പേരാണ് വെച്ചിരുന്നത്.
പിന്നീടാ ഏകാങ്കം ആ നാളുകളിലെ രാഷ്ട്രീയ സംഭവങ്ങള്‍ പശ്ചാത്തലമാക്കിക്കൊണ്ട്, ഒരു മുഴുനീള നാടകമായി ഭാസി വികസിപ്പിച്ചു. തന്റെ അനുഭവങ്ങള്‍ കൂടി അനുയോജ്യമാം വിധം സന്നിവേശിപ്പിച്ചുകൊണ്ട്,കൂടുതല്‍ നാടകീയ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമൊക്കെ ചേര്‍ത്ത് വിപുലീകരിച്ചെഴുതിയ നാടകത്തിന് പുതിയൊരു പേരുമിട്ടു.
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'
ശൂരനാട് പ്രതികളുടെ കേസ് നടത്തുന്നതിനായി തമ്പിസാറും പോറ്റിസാറും മുന്‍കൈയെടുത്തുണ്ടാക്കിയ ഡിഫന്‍സ് കമ്മിറ്റിയ്ക്ക് പണം കണ്ടെത്തുന്നത് അത്യാവശ്യമായിരുന്നു.അതിനുവേണ്ടി,'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു വില്‍പ്പന നടത്തി.
ജനയുഗം പത്രം തുടങ്ങിയവരില്‍ ഒരാളായ,പാഞ്ചേട്ടന്‍ എന്നെല്ലാവരും വിളിക്കുന്ന കെ എന്‍ പങ്കജാക്ഷന്‍ നായരും എം എന്‍ ഗോവിന്ദന്‍ നായരുടെ ഇളയ സഹോദരനായ എം എന്‍ രാമചന്ദ്രന്‍ നായരും ചേര്‍ന്ന് കൊല്ലത്താരംഭിച്ച അലൈഡ് ഏജന്‍സീസ് ആയിരുന്നു പുസ്തകത്തിന്റെ പ്രസാധകര്‍. അന്നൊക്കെ നാടകപുസ്തകങ്ങളില്‍ പാട്ടുകള്‍ കൂടി ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. ഭാസിയുടെ ആവശ്യപ്രകാരം ഒ എന്‍ വി എഴുതിയ രണ്ടു പാട്ടുകളും കൂടിച്ചേര്‍ത്താണ് 'സോമന്‍' രചിച്ച ഗദ്യനാടകം പുറത്തിറങ്ങിയത്.
ആ നാളുകളിലാണ് അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പിന്റെയും പുനലൂര്‍ എന്‍.രാജഗോപാലന്‍ നായര്‍ എം എല്‍ എ യുടെയും നേതൃത്വത്തില്‍ കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ് എന്ന നാടകസമിതി രൂപം കൊള്ളുന്നതും അവരുടെ ആദ്യത്തെ നാടകമായ 'എന്റെ മകനാണ് ശരി' അരങ്ങേറുന്നതും. കെ പി എ സി യുടെ നാടകത്തെക്കുറിച്ചറിഞ്ഞ ഭാസിയ്ക്ക് ഒരാഗ്രഹം തോന്നി. ഒന്നല്ല,രണ്ടാഗ്രഹങ്ങള്‍.'..മകനാണ് ശരി' ഒന്നു കാണണം എന്നതായിരുന്നു അതിലാദ്യത്തേത്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അതൊരു അത്യാഗ്രഹം തന്നെയായിരുന്നു. അടുത്തൊരു ദിവസം കുണ്ടറയില്‍ നാടകം കളിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഭാസി തന്റെ ആഗ്രഹം, തിരു കൊച്ചി പാര്‍ട്ടി സെക്രട്ടറി യായ എം എന്‍ ഗോവിന്ദന്‍ നായരോട് പറഞ്ഞു. ആദ്യം എമ്മെന്‍ വഴക്കു പറയുകയാണ് ചെയ്തത്. കാരണം, ആ ദിവസങ്ങളില്‍ ഭാസിയെ അറസ്റ്റ് ചെയ്യാനായി പോലീസ് നാടുമുഴുവന്‍ വലവിരിച്ചിരിക്കുകയായിരുന്നു. എങ്കിലും ഭാസിയുടെ മുഖത്തെ മ്ലാനത കണ്ടപ്പോള്‍ എമ്മെന്റെ മനസ്സലിഞ്ഞു. ഒരു കാര്‍ ഏര്‍പ്പാടു ചെയ്തുകൊടുത്തിട്ട് പോലീസിന്റെ പിടിയില്‍ പെടാതെ നാടകം കണ്ടിട്ടുവരാന്‍ പറഞ്ഞു.
ഭാസി കൊട്ടകയുടെ അടുത്തു ചെന്നിറങ്ങുമ്പോള്‍ കാണുന്നത് പോലീസിന്റെ ഒരു വലിയ പടയെയാണ്. ഭാസിയെ കണ്ടപ്പോള്‍ ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും അവരോടൊപ്പം നാടകത്തിലഭിനയിക്കുന്ന മൈതീന്‍കുഞ്ഞുമൊക്കെ ഒന്നു പരിഭ്രമിച്ചു. കാരണം എല്ലാ ഗേറ്റിലും പോലീസാണ്. അന്നവിടെ എന്തോ ബഹളം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിവ് കിട്ടിയതിനെ തുടര്‍ന്നാണീ പോലീസ് ബന്തവസ്. നടികള്‍ സ്റ്റേജിലേക്ക് നടന്നു പോകുന്നതിന്റെ തൊട്ടുപിന്നാലെയായി ഭാസി മെല്ലെ നടന്നു. എല്ലാവരുടെയും കണ്ണുകള്‍ നടികളുടെ മുഖത്തായിരിക്കുമെന്നുള്ളതുകൊണ്ട് ആരും ശ്രദ്ധിക്കില്ലല്ലോ. അകത്തു ചെന്ന്,സ്റ്റേജിന്റെ പിറകുവശത്തുള്ള ഭിത്തിയില്‍ ചാരി റെക്കോഡ് സംഗീതം കേള്‍ക്കുന്നതുപോലെ ഭാവിച്ചു നിന്നു. അപ്പോള്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ അങ്ങോട്ടേക്ക് വന്ന് ഭാസിയുടെ മുഖത്തേക്കു തന്നെ കുറച്ചുനേരം സൂക്ഷിച്ചു നോക്കിക്കൊണ്ട് നിന്നു. പരിഭ്രമത്തിന്റെ നിമിഷങ്ങള്‍!അയാള്‍ അവിടെ നിന്നുപോയപ്പോള്‍ കുറുപ്പ് വന്ന് ഭാസിയെ പിന്നണി സംഗീതക്കാര്‍ ഇരിക്കുന്ന ഭാഗത്തൊരിടത്തു കൊണ്ടുപോയി നിറുത്തി.
പോലീസ് എങ്ങാനും അവിടം വളയുകയാണെങ്കില്‍ രക്ഷപെടുന്ന കാര്യം വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഒരിടനാഴി പോലെയാണ് പുറത്തേക്കുള്ള വഴി. കൊട്ടകയുടെ ചുറ്റുമുള്ളതാകട്ടെ ഉയരമുള്ള മതിലുകളുമാണ്. എന്തെങ്കിലും 'പ്രശ്‌ന'മുണ്ടായാല്‍ ലൈറ്റുകളൊക്കെ പെട്ടെന്ന് അണയ്ക്കാന്‍ സമിതിയുടെ ചുമതല ക്കാരനായ പൂജപ്പുര കൃഷ്ണന്‍ നായരെ ഭാസി ഏര്‍പ്പാടു ചെയ്തു. പക്ഷെ നാടകം കാണാനുള്ള ആഗ്രഹം അപ്പോഴേക്കും നശിച്ചിരുന്നു.
'റോഡിലിറങ്ങിക്കിട്ടിയാല്‍ മതിയെന്നായി എനിക്ക്. എന്റെ കണ്ണ് എപ്പോഴും പിന്‍വശത്തെ വാതില്‍ക്കലേക്കാണ് പോവുക.
ആണുങ്ങളുടെ മേക്കപ്പ് റൂമില്‍ നിന്ന് കെ എസ് ജോര്‍ജ്ജും പെണ്ണുങ്ങളുടെ മേക്കപ്പ് റൂമില്‍ നിന്ന് സുലോചനയും ഇറങ്ങിവന്നു.
ജോര്‍ജ്ജിനെ കണ്ടപ്പോഴത്തെ എന്റെ വിചാരം,ഈ കറുത്ത നീര്‍ക്കോലി പോലത്തെ ചെറുക്കന്‍ എങ്ങനെ നാടകം കളിക്കുമെന്നാണ്!

രാജഗോപാലന്‍ നായര്‍ വന്നു പിന്നണി മൈക്കില്‍ കൂടി നാടകം തുടങ്ങുന്ന വിവരം പ്രഖ്യാപിച്ചു. ജോര്‍ജ്ജും സുലോചനയും 'തര്‍പ്പണ'ത്തിനിരിക്കുന്ന മാതിരി മൈക്കിന്റെ പിന്നില്‍ മുട്ടുകുത്തിയിരുന്നു. അഭിവാദന ഗാനത്തിനുള്ള ഒരുക്കമാണ്. ഞാന്‍ പാട്ടുകേള്‍ക്കാന്‍ ചെവിവട്ടം പിടിച്ചുകൊണ്ട് അറിയാതെ മുന്നോട്ടു നീങ്ങിനിന്നു.
സുലോചന തല ചരിച്ച് എന്നെ ഒന്നു നോക്കി. മുഖം ചുളിച്ചു.വെറുപ്പിന്റെ ഒരു നാടകീയ നോട്ടം. സുലോചനാദേവിക്ക് എന്റെ നില പിടിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ഞാന്‍ പിന്നോട്ടിറങ്ങി നിന്നു.അപ്പോള്‍ ജോര്‍ജ്ജിന്റെ ദൃഷ്ടിയില്‍ ഞാന്‍ പെട്ടു.
'നിങ്ങളേതാണ്?' ഗായകന്റെ ചോദ്യം.
ഞാന്‍ വിഷമിച്ചു. ഒന്നും മിണ്ടാതെ ഞാന്‍ രണ്ടടി കൂടി ഇറങ്ങി നിന്നു. അയാളുടെ വിചാരം,ഞാന്‍ പെണ്ണുങ്ങളെ നോക്കാന്‍ ചെന്നുനില്‍ക്കുന്ന ഒരു വായ്‌നോക്കി -അത്തരക്കാര്‍ ഇപ്പോഴും ഉണ്ടല്ലോ- ആണെന്നായിരിക്കും.
കുറുപ്പുചേട്ടന്‍ പെട്ടെന്ന് ഓടിവന്നു. -'നമ്മുടെ ആളാണ് - അവിടെ നിന്നോട്ടെ.'
അങ്ങനെ ഞാനവിടെ നിന്ന് അവരുടെ പാട്ട് കേട്ടു. അവരോടെനിക്ക് അസുഖം തോന്നിയെങ്കിലും അവരുടെ പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു!
അപ്പോഴും എന്റെ മനസിന്റെ പകുതി തീയേറ്ററിന്റെ പിന്നിലെ വാതില്‍ക്കലാണ്!' - (ഒളിവിലെ ഓര്‍മ്മകള്‍)
അന്ന് നാടകം മുഴുവനും കാണാന്‍ കഴിഞ്ഞില്ലെങ്കിലും,തന്റെ രണ്ടാമത്തെ ആഗ്രഹം ജനാര്‍ദ്ദനക്കുറുപ്പിനെയും രാജഗോപാലന്‍ നായരെയും അറിയിച്ചിട്ടാണ് ഭാസി അവിടെ നിന്നു മടങ്ങിയത്.' നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി' കെ പി എ സി അവതരിപ്പിക്കണമെന്നുള്ളതായിരുന്നു അത്....
കുണ്ടറയിലെ നാടകം കഴിഞ്ഞു അധികനാളുകള്‍ കഴിയുന്നതിനു മുമ്പ്, ആ കൊല്ലത്തെ ഓണമെത്തി. ഭാര്യയെയും മൂന്നു മാസം പ്രായം ചെന്ന കുഞ്ഞിനെയും കാണാനായി പല്ലനയിലുള്ള ഭാര്യവീട്ടിലെത്തിയ ഭാസിയെ ചതയത്തിന്റെയന്ന് പോലീസ് അറസ്റ്റു ചെയ്തു! രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച അറസ്റ്റായിരുന്നു അത്!
Content Highlights: Baiju Chandran pays homage to thoppil bhasi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..