നേരത്തും കാലത്തും ഓലയെങ്കിലും കെട്ടികെടക്കാന്‍ വയ്യങ്കി ഇടിഞ്ഞ് വീഴട്ട് | ഇന്ദ്രന്‍സിന്റെ ആത്മകഥ


12 min read
Read later
Print
Share

''കൊച്ചുവേലുവേ. സാധനങ്ങളൊക്കെ പറക്കി മാറ്റ്....''  ''ഇന്നല്ലല്ലോ അണ്ണ കെട്ടാന്ന് പറഞ്ഞ ദിവസം... ഇപ്പ വന്ന് പറഞ്ഞാലെങ്ങനാ?''... ''ങാ... ഇന്ന് കെട്ടില്ലെങ്കില്‍ ഇനി ഇപ്പഴൊന്നും പറ്റൂല. ഒരുകെട്ട് മാറിയതുകൊണ്ട് ഇന്നിപ്പം കെട്ടാന്‍ പറ്റും.''

ഇന്ദ്രൻസ്‌

നടന്‍ ഇന്ദ്രന്‍സ് എഴുതിത്തുടങ്ങിയ ആത്മകഥയിലെ ആദ്യഭാഗങ്ങള്‍ അച്ചടിച്ചുവന്നത് മാതൃഭൂമി ഓണപ്പതിപ്പിലാണ്. അതിസാധാരണമായിരുന്ന ഒരു ഗ്രാമീണ ജീവിതം നാടറിയുന്ന ഒന്നായി പരിവര്‍ത്തിച്ച കഥ പറയുന്നു ഇന്ദ്രന്‍സിന്റെ ജീവിതം. ഓണപ്പതിപ്പിലെ ആത്മകഥയില്‍ നിന്നും ഒരുഭാഗം വായിക്കാം.

ആടലോടകത്തിന്റെ ഇടയില്‍നിന്നാണ് എന്നെ കണ്ടുപിടിച്ചത്. അകലേന്ന് ആരോ വിളിക്കുന്നതുപോലെ തോന്നിയാണ് കണ്ണ് തുറന്നത്. ഒന്നും കാണുന്നില്ല. കുറ്റാക്കൂറ്റിരുട്ട്. എന്റെ അടുത്ത് കിടന്ന അനിയനെ തോണ്ടിവിളിക്കാന്‍ ഞാന്‍ തപ്പിനോക്കി അവനെ കാണുന്നില്ല. എന്റെ തലയണയും തലയ്ക്കടിയിലില്ല. അവന്‍ തലയണയുമെടുത്ത് എങ്ങോട്ട് പോയെന്നായി എന്റെ ചിന്ത. വട്ടം ദൂരേന്ന് ആ ശബ്ദം, ഞാനങ്ങോട്ട് നോക്കിയപ്പോള്‍ ഒരു ചിമ്മിനിവിളക്കിന്റെ വെട്ടം. അവിടെനിന്നാണ് ശബ്ദം വന്നതെന്ന് മനസ്സിലായി. ശ്രദ്ധിച്ചപ്പോള്‍ അത് അമ്മയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.
''സുരേ... സുരേ...''

അമ്മയ്ക്കിതെന്തുപറ്റി, അമ്മയിതെന്തിനാ ഈ പാതിരാത്രിക്ക് വീടിന് പുറത്തിറങ്ങി പോയത്. ഞാന്‍ ചാടിയെണീക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അമ്മൂമ്മയുടെ കട്ടിലിനടിയിലല്ല കിടക്കുന്നതെന്ന് മനസ്സിലായത്. അനങ്ങാന്‍പറ്റുന്നില്ല. ഏതോ ഒരു കൂട്ടിനകത്ത് അകപ്പെട്ടതുപോലെ, എനിക്ക് ചുറ്റും ആരോ വേലി കെട്ടിയിരിക്കുന്നു. എനിക്ക് പേടിയായി. അപ്പോഴാണ് മനസ്സിലായത് അമ്മയല്ല, ഞാനാണ് ഈ പാതിരാത്രി പുറത്തിറങ്ങിയതെന്ന്. ഇത്രേംനേരം കാടുപോലെ പടര്‍ന്ന് പന്തലിച്ച ആടലോടകത്തിന്റെ ഇടയില്‍ ഞെങ്ങിഞെരുങ്ങി കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. അപ്പോഴേക്കും ഇത്തിരി കനത്ത ശബ്ദത്തില്‍ അച്ഛന്റെയും വിളി ഉയര്‍ന്നു. ഞാന്‍ വിളികേള്‍ക്കുന്നു. പക്ഷേ, ശബ്ദം പുറത്തുവരുന്നില്ല. സര്‍വശക്തിയും ഉപയോഗിച്ച് അമ്മയെ വിളിച്ചു. അതൊരു അലര്‍ച്ചയായിട്ടാണ് പുറത്തേക്ക് വന്നത്. അത് കേട്ടിട്ടാവണം ചിമ്മിനിവെട്ടം എന്റടുത്തേക്ക് വന്നത്. ആടലോടകക്കാട് വകഞ്ഞുമാറ്റി അതിനിടയില്‍നിന്ന് അച്ഛനെന്നെ ഊരിയെടുത്തു. പുറത്ത് നിര്‍ത്തിയിട്ട് ഒന്നും മിണ്ടാതെ അച്ഛന്‍ നടന്നു. ആ നിശ്ശബ്ദത ദേഷ്യംകൊണ്ടാണ്. ആടലോടകത്തിനിടയില്‍നിന്ന് സ്‌നേഹത്തോടെ എന്നെ ഉയര്‍ത്തിയെടുത്ത ആ കൈകളില്‍ ദേഷ്യവും ഉണ്ടായിരുന്നെന്ന് എന്റെ ഇടത് കൈത്തണ്ടയുടെ വേദനയില്‍നിന്ന് മനസ്സിലായി.

അത് എനിക്കൊരു വേദനയല്ല. അതിലും വലിയ വേദനകള്‍ ഓര്‍മ്മവെച്ച നാള്‍മുതല്‍ വേട്ടയാടുന്നുണ്ട്. ആധിയും പലതരം വ്യാധിയുമായി. സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പേടി. വരാന്തയില്‍നിന്ന് നീട്ടി മുറ്റത്തേക്ക് മൂത്രമൊഴിക്കുന്ന ഞാന്‍, എങ്ങനെയാണ് ഈ രാത്രി ഇറങ്ങിനടന്നത്? അതും പകല്‍നേരംപോലും പോകാന്‍ മടിക്കുന്ന ഇഷ്ടപ്പെടാത്ത ഇടങ്ങളില്‍നിന്നാണ് പാതിരാത്രി അച്ഛനുമമ്മയും എന്നെ തേടിപ്പിടിക്കുന്നത്. എങ്ങനെ ഞാനവിടെയൊക്കെ നടന്നെത്തുന്നു? ഇപ്പോ ഈ കാട്ടിനുള്ളില്‍ ഞാന്‍ എങ്ങനെ വന്ന് കേറി? എങ്ങനെ എനിക്കവിടെക്കിടന്ന് ഉറങ്ങാന്‍കഴിഞ്ഞു? വല്ലാത്തൊരാധി എന്നെ പൊതിഞ്ഞു.

അമ്മയുടെ ശകാരം രാത്രിയുടെ നിശ്ശബ്ദത കെടുത്താതെ തുടര്‍ന്നുകൊണ്ടേയിരുന്നു. അച്ഛനൊന്നും മിണ്ടാതെ ഓലമേഞ്ഞ വീടിനകത്തേക്ക് തലകുനിച്ച് കയറിപ്പോയി. അതെപ്പോഴും അങ്ങനെയാണ്, എന്നെപ്പോലെ ഓടിക്കയറിപ്പോകാന്‍ ആ വീടിന്റെ ഉയരക്കുറവ് അച്ഛനെ അനുവദിച്ചിരുന്നില്ല.
''പലതവണ ഞാന്‍ പറഞ്ഞിട്ടുണ്ട്, രാത്രി ഇറങ്ങി നടക്കരുതെന്ന്. നോക്കിക്കോ, ഇനി ഞാന്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിടും'' എന്ന് പറഞ്ഞ് അമ്മയും ചിമ്മിനിവിളക്കുമായി അകത്തേക്ക് പോയി. ഞാന്‍ കട്ടിലിനടിയിലേക്ക് നൂര്‍ന്ന് കയറി. ഒന്നുമറിയാതെ അനിയന്‍ എന്റെ തലയണേം കെട്ടിപ്പിടിച്ച് സുഖമായി കിടന്നുറങ്ങുന്നു. അപ്പോഴും എന്റെ കിതപ്പ് മാറിയിട്ടില്ല. അമ്മയുടെ ശകാരം നിന്നപ്പോഴേക്കും കട്ടിലിന് മുകളില്‍ കിടക്കുന്ന അമ്മൂമ്മ നാമജപം നിര്‍ത്തി ശകാരം തുടങ്ങി.

''മാനത്തൂടെ പന്തം പായണത് കണ്ടിട്ടില്ലേ. ഇതവരുടെ പോക്കുവരത്തുള്ള സ്ഥലാ... യക്ഷിയും മാടനും മറുതയുമൊക്കെ ഇറങ്ങിനടക്കണ സമയത്ത് വല്ലതുമാണ് നിന്നെ കാണുന്നതെങ്കില്‍ വല്ല പനേടേം മണ്ടേല് കൊണ്ടു വയ്ക്കും, സൂക്ഷിച്ചോ.'' ഞാനൊന്ന് ഞെട്ടി, ഇനി അമ്മൂമ്മ പറഞ്ഞതുപോലെ ഉറക്കത്തിലാരെങ്കിലും എന്നെ എടുത്തിട്ട് പോകുന്നതാണോ? എന്റെ ചങ്കിടിപ്പ് കൂടി. പുളിച്ചിമാവിന്റെ ഉപ്പാണി കൊമ്പിലെവിടെയോ ഇരുന്ന് മൂങ്ങ മോങ്ങാന്‍തുടങ്ങി. ഞാന്‍ കണ്ണടച്ച് ശ്വാസമടക്കിക്കിടന്നു. പേടികൂട്ടുന്ന പല രാത്രികളിലും നിക്കറില്‍ നനവ് പടരും. അങ്ങനെ സംഭവിച്ചാലുള്ള പ്രഭാതങ്ങളും ദയനീയമാണ്. നിരന്തരമായി ആവര്‍ത്തിക്കുന്ന ഈ തെറ്റുകള്‍ കാരണം അമ്മ നന്നായി ശകാരിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു.
ഞാന്‍ ജനിച്ചത് പോത്തന്‍കോട്ടുള്ള അമ്മയുടെ കുടുംബവീട്ടിലാണ്; വളര്‍ന്നത് കുമാരപുരത്തുള്ള അച്ഛന്റെ വീട്ടിലും. കുമാരപുരമെന്ന് പറഞ്ഞാല്‍ അന്നറിയപ്പെട്ടിരുന്നത് കഞ്ഞിപ്പുരമുക്കെന്നാണ്. അവിടെ കൊട്ടാരംവക അന്നദാനപ്പുരയായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് അവിടെ ചെല്ലുന്നവര്‍ക്ക് കഞ്ഞി വിളമ്പിയിരുന്നത്രേ. ആ കെട്ടിടം ഇപ്പോഴും അവിടെയുണ്ട്. പക്ഷേ, കഞ്ഞിയില്ല. കഞ്ഞിപ്പുരയോട് ചേര്‍ന്ന് റോഡ്‌സൈഡിലായി ഒരു നീണ്ട ചുമടുതാങ്ങിയുണ്ടായിരുന്നു. തലച്ചുമടുമായി വരുന്ന ധാരാളംപേര്‍ക്ക് ചുമടിറക്കി വിശ്രമിക്കാനും കൊട്ടാരത്തില്‍നിന്ന് ദാനമായി കൊടുക്കുന്ന കഞ്ഞി കുടിക്കാനുമുള്ള സൗകര്യം അന്നുണ്ടായിരുന്നു. ആ ചുമടുതാങ്ങിയോട് ചേര്‍ന്ന് ഒരഞ്ചല്‍പ്പെട്ടി തൂക്കിയിരുന്നത് നല്ല ഓര്‍മ്മയുണ്ട്.

സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് കൂടുതല്‍ വാഹനസൗകര്യങ്ങള്‍ വന്നതോടെ ചുമടുതാങ്ങി ഒരു കാഴ്ചവസ്തുവായിമാറി. വികസനത്തിനൊപ്പം അവിടെയുണ്ടായിരുന്ന ചുമടുതാങ്ങിയും ആരോ പലവഴിക്കായി താങ്ങിക്കൊണ്ടുപോയി. എങ്കിലും കഞ്ഞിപ്പുര, വഞ്ചിപൂവര്‍ ഫണ്ടിന്റെ ഭാഗമായി ഇപ്പോഴുമുണ്ട്. നാലുംകൂടിയ ആ കഞ്ഞിപ്പുരമുക്കിന്റെ ഒത്ത നടുക്ക് ഒരു കുഞ്ഞു ഗണപതിയും ഒരു വലിയ കല്ലിലുള്ള കാണിക്കപ്പെട്ടിയും ഉണ്ടായിരുന്നു. ചുറ്റുവട്ടം വികസിച്ചതോടെ ഗണപതിക്കോവിലും വളര്‍ന്നു, വലിയൊരമ്പലമായിമാറി.

ഇന്ന് കഞ്ഞിപ്പുരയില്‍ കഞ്ഞിയില്ലെങ്കിലും വൈകുന്നേരം അമ്പലത്തില്‍ കൊടുക്കുന്ന പായസം വാങ്ങാന്‍ വലിയ തിരക്കാണ്. ഇന്ന് കഞ്ഞിപ്പുരമുക്കെന്ന് പറഞ്ഞാല്‍ പുതിയ തലമുറക്കാര്‍ക്ക് അറിയില്ല. ഇപ്പോള്‍ അത് കുമാരപുരം ജങ്ഷനാണ്. കഞ്ഞിപ്പുരയില്‍നിന്ന് പടിഞ്ഞാറേക്ക് ചെറിയ ഒരു ചെമ്മണ്‍പാതയുണ്ടായിരുന്നു. അതവസാനിക്കുന്നത് വിശാലമായ ചതുപ്പും വയലുമുള്ള ഒരു സ്ഥലത്താണ്. ഇതിനെയാണ് 'പൂന്തി'യെന്ന് പറയുന്നത്. ആ വയലിലേക്കും ചതുപ്പിലേക്കും പോകാനുള്ള വഴിയായതുകൊണ്ടാണ് ഇതിനെ പൂന്തി റോഡെന്ന് വിളിക്കുന്നത്. ആ ചതുപ്പില്‍ ഇറങ്ങിയാല്‍ പൂഴ്ന്ന് പുതഞ്ഞുപോകുന്നതുകൊണ്ടായിരിക്കാം പൂന്തി എന്ന പേര് വന്നത്.

കഞ്ഞിപ്പുരമുക്കിന്റെ പേര് അപ്രത്യക്ഷമായെങ്കിലും പൂന്തി റോഡ് ആ പേരില്‍ത്തന്നെ ഇപ്പോഴും വിലസുന്നു. പേരിന് കാരണമായ പൂന്തിയും വയലേലകളും തോടുകളും കുളവും എല്ലാം മനോഹരമായ മറ്റേതോ മലയിടിച്ച മണ്ണ് കൊണ്ടുവന്ന് നികത്തി. ആ പ്രദേശത്താണ് ഇപ്പോഴത്തെ പ്രശസ്തമായ കിംസ് ആശുപത്രി സ്ഥിതിചെയ്യുന്നത്. മാത്രമല്ല അന്താരാഷ്ട്രപ്രശസ്തിയുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ തിരുവനന്തപുരത്തെ ആസ്ഥാനവും ഇവിടെയാണ്. പൂന്തി റോഡ് വലിയ തിരക്കുള്ള ഒരു റോഡായിമാറി. പേരില്‍ പരിഷ്‌കാരമില്ലെങ്കിലും ദേശീയപാതകളും മറ്റ് പ്രധാന റോഡുകളുമായി ബന്ധം സ്ഥാപിച്ച് വലിയ പുള്ളിയായി. കൈവണ്ടിയും കാളവണ്ടിയും സൈക്കിളുകളും ഓടിക്കൊണ്ടിരുന്ന ആ റോഡില്‍ ഇന്ന് വലിയ വലിയ ആധുനികവാഹനങ്ങളുടെ ചീറിപ്പാച്ചിലായി.

കഞ്ഞിപ്പുരമുക്കില്‍നിന്ന് പൂന്തി റോഡിലൂടെ ആ റോഡവസാനിക്കുന്ന, പൂന്തിയിലെത്തുന്നതിനുമുന്‍പാണ് ഞങ്ങളുടെ വീട്. വീടിന്റെ നേരേ എതിര്‍വശത്താണ് അച്ഛന്റെ അമ്മയുടെ കുടുംബകോവിലായ കാട്ട്ക്കോവില്‍. ആ പ്രദേശം കാട്ടുമ്പുറം എന്നാണ് അറിയപ്പെട്ടിരുന്നത്. ഞങ്ങളൊക്കെ കാട്ടുമ്പുറത്തുകാര്. മറ്റുള്ളവര്‍ ''നീ എവിടുന്നാ, കാട്ടുമ്പുറത്തുള്ളതാ?'' എന്ന് ചോദിക്കും. കാട് തെളിച്ച് ഉണ്ടാക്കിയ കോവിലായതിനാലാണ് കാട്ട്ക്കോവിലെന്ന് പറഞ്ഞിരുന്നത്. ഇത് ബാലസുബ്രഹ്‌മണ്യക്ഷേത്രമാണ്. അവിടത്തെ മുരുകന്‍ എന്റെ അടുത്ത ചങ്ങാതിയാണ്. ആ കാര്യങ്ങള്‍ പിന്നെപ്പറയാം. ഞാന്‍ വളര്‍ന്നത് അച്ഛന്റെ വീട്ടിലാണെന്ന് പറഞ്ഞെങ്കിലും അത് അച്ഛന്റെ സ്വന്തം വീടല്ല. അച്ഛന്റെ അമ്മയുടെ അനിയത്തി, അച്ഛന്‍ കൊച്ചമ്മാന്ന് വിളിച്ചിരുന്ന ഭഗവതി അമ്മൂമ്മയുടെതായിരുന്നു. അവരുടെ വീടാണ് ഞങ്ങളുടേം വീട്.

ഭഗവതി അമ്മൂമ്മ നല്ല വെളുത്ത സുന്ദരിയാണ്. വട്ടമുഖം, ചുവന്ന കല്ലുള്ള കമ്മല്‍. പ്രായത്തിനനുസരിച്ച് മുടി നരച്ചിട്ടില്ല. മുട്ടിന് തൊട്ടുതാഴെ നില്‍ക്കുന്ന ഒരു മുക്കാല്‍ പേശയും തോളത്തൊരു ചുട്ടിക്കര തോര്‍ത്തും. അവര്‍ റൗക്കയിട്ട് ഞാനിതുവരെ കണ്ടിട്ടില്ല, വിശേഷദിവസങ്ങളില്‍പോലും സ്ഥാനത്തും അസ്ഥാനത്തും ആലങ്കാരികമായി പല സന്ദര്‍ഭങ്ങളിലും സ്ഥിരമായി ശ്ലോകംചൊല്ലുന്നതുപോലെ പഴഞ്ചൊല്ലുകള്‍ പറയാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'കൊങ്കയില്ലാത്ത മങ്കയ്ക്ക് റൗക്ക എന്തിന്?' അന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും പില്‍ക്കാലത്ത് അതിന്റെ പൊരുളെന്തെന്ന് അറിഞ്ഞപ്പോള്‍ ഞാനാലോചിക്കുമായിരുന്നു. അമ്മൂമ്മയ്ക്ക് കൊങ്കയ്ക്ക് ഒരു കുറവുമില്ലല്ലോ, പിന്നെന്താ റൗക്ക ഇടാത്തതെന്ന്. ഇനി പഴഞ്ചൊല്ലിന്റെ അര്‍ഥം മനസ്സിലാവാത്തോണ്ടാണോ? പിന്നീടെനിക്ക് മനസ്സിലായത്, അമ്മൂമ്മ പറയുന്ന പഴഞ്ചൊല്ലില്‍ പലതും കുഞ്ചന്‍ നമ്പ്യാരുടെതായിരുന്നെന്നാണ്. അന്ന് ഇങ്ങനെ അമ്മൂമ്മമാരെക്കൊണ്ട് പലതും പറയിപ്പിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാര് ആരാ പുള്ളി!

അച്ഛനും ഈര്‍ച്ചവാളും

നേരം പരപരാ വെളുക്കുമ്പം അച്ഛന്‍ ജോലിക്ക് പോകും. തടി അറുപ്പാണ് ജോലി. വീടിന്റെ അപ്പുറത്തുള്ള പൊന്നന്‍മുതലാളിയുടെ പറമ്പാണ് പണിസ്ഥലം. ആ ഭാഗത്ത് സ്വന്തമായി ലോറിയുള്ള ഒരേ ഒരാളാണ് പൊന്നന്‍മുതലാളി. മാത്രമല്ല ഞങ്ങള്‍ റേഷന്‍ വാങ്ങുന്ന കടയുള്‍പ്പെടെ കുമാരപുരത്തുള്ള വലിയ പലവ്യഞ്ജനക്കടയും മറ്റും മുതലാളിയുടെ വകയാണ്. ഈ കടകള്‍ക്ക് പുറകിലുള്ള മട്ടുപ്പാവുള്ള വീട്ടിലാണ് മുതലാളിയുടെ താമസം.
മുതലാളി നല്ല വെളുത്ത നിറമാണ്. ഖദര്‍ ജുബ്ബയും വെള്ള മുണ്ടും പിന്നൊരു ഷാളും എപ്പോഴും കാണും. ചിരിക്കുമ്പോള്‍ സ്വര്‍ണപ്പല്ല് എടുത്ത് കാണാം. പളപളാന്ന് തിളങ്ങും. വലിയ കോണ്‍ഗ്രസ് നേതാവാണ്; സര്‍ക്കാര്‍ കോണ്‍ട്രാക്ടറും. അതുകൊണ്ടുതന്നെ മുതലാളിക്ക് ധാരാളം തടിയുരുപ്പടികള്‍ ആവശ്യമുണ്ട്. ജനലുകളും വാതിലുകളും മറ്റ് ഫര്‍ണിച്ചറുകളും ആ പുരയിടത്തിന്റെ ഒരു വശത്തുള്ള ഷെഡ്ഡിലിരുന്നാണ് ആശാരിമാര്‍ തയ്യാറാക്കുന്നത്. മേസ്തിരിമാരുടെ ആവശ്യാനുസരണം തടിയറുത്ത് ഉരുപ്പടികള്‍ കൊടുക്കുന്നത് അച്ഛനായിരുന്നു. അച്ഛന് എന്നും പണിയുണ്ടാവും. വലിയ ഓലഷെഡ്ഡിലാണ് തടിയറുപ്പ്, അതുകൊണ്ടുതന്നെ മഴക്കാലമൊന്നും അച്ഛനെ ബാധിക്കാറില്ല. അവിടത്തെ എല്ലാ പണികളുടെയും ചുമതല അച്ഛനാണ്. പൊന്നന്‍മുതലാളിക്ക് അച്ഛനെ വലിയ കാര്യമായിരുന്നു. അച്ഛന് മുതലാളിയോട് വലിയ ബഹുമാനവും. നമ്മളിന്ന് കാണുന്നപോലുള്ള തടിമില്ലും മെഷ്യനുമൊന്നും അന്നില്ല. വളരെ വലിയ ശാരീരിക അധ്വാനം വേണ്ട ഒരു ജോലിയാണ് മരം അറുക്കല്‍; എത്ര ചെറിയ മരമാണെങ്കിലും.
കരുത്തുള്ള മരങ്ങള്‍ മുറിച്ച് ഇഴയും കാലും നിര്‍ത്തും. അതായത് അറുക്കേണ്ട തടിയെ ഉയര്‍ത്തിക്കിടത്താനുള്ള ഒരു തട്ട്. അടിയില്‍ ഒരാള്‍ക്ക് മുട്ടുകുത്തിയിരുന്ന് കൈനിവര്‍ത്തി വാള് വലിക്കാനുള്ള പൊക്കത്തിലാണ് ഈ തട്ട് ഉണ്ടാക്കുന്നത്. കമ്പിപ്പാരയും മറ്റ് ബലമുള്ള നീളന്‍ തടികളും ഉപയോഗിച്ച് എത്ര വലിയ മരമാണെങ്കിലും ഉരുട്ടി മുകളിലേക്ക് കയറ്റും. അച്ഛന്‍ മാത്രമല്ല മരത്തെ തട്ടില്‍ കേറ്റാന്‍ നാട്ടുകാരില്‍ പലരും സഹായിക്കും. അപ്പോള്‍ ജോലിയുടെ ആയാസം കുറയ്ക്കാന്‍ അവര്‍ താളത്തില്‍ 'ഹൈലസ' വിളിക്കാറുണ്ട്.

ഇത് സത്യത്തില്‍ തട്ടേല്‍ കയറ്റാന്‍ കൊണ്ടുപോകുന്ന തടിയെ താലോലിക്കലാണെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. മരം തട്ടേല്‍ കേറിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവരുംകൂടെ അല്പം വിശ്രമിച്ച് വിശാലമായ ഒരു വെള്ളംകുടിയുണ്ട്. വലിയ മൊന്തയിലെ വെള്ളം അച്ഛന്‍ കുടിക്കുമ്പോള്‍ കൊരവള്ളിയിലുടെ വെള്ളം ഇറങ്ങിപ്പോകുന്നതും അതിന്റെ ശബ്ദവും എല്ലാം ഞാന്‍ അതിശയത്തോടെ നോക്കിനില്‍ക്കും. പച്ചവെള്ളത്തിന് ഇത്രേം രുചിയോ എന്ന് കുടിച്ച് കഴിയുമ്പോഴുള്ള മുഖഭാവം കണ്ട് എനിക്ക് തോന്നീട്ടുണ്ട്. പിന്നെ മുറുക്കാന്‍ പൊതി അഴിച്ച് വിസ്തരിച്ചൊരു മുറുക്കല്‍.

ഈ സമയം അച്ഛന്റെ സഹായി ചെല്ലക്കുട്ടന്‍ കരിക്കട്ട പൊടിച്ച് വെള്ളത്തില്‍ കുഴച്ച് നീളമുള്ള ഒരു ചരട് ചുരുട്ടി കരിയില്‍ ഇട്ട് വെരവും. ഈ ചരടിനെ, അറുക്കാനുള്ള തടിയുടെ നെടുകെ രണ്ടറ്റം നല്ല ടൈറ്റായിട്ട് ചേര്‍ത്തുപിടിച്ചിട്ട്, നടുക്ക് ചരട് ഉയര്‍ത്തിവിടും. അപ്പോള്‍ ചരടില്‍ പിടിച്ചിരിക്കുന്ന കരി തടിയില്‍ കൃത്യമായ ഒരു വരയുണ്ടാക്കും. തടിയുടെ മറുവശത്തും പിന്നെ എവിടെയൊക്കെ അറുക്കണമെങ്കിലും ഇതുപോലെ തന്നെ ചെയ്യും.
തട്ടുമ്പുറത്ത് കിടക്കുന്ന അറുക്കാനുള്ള തടി ഇങ്ങനെ അടയാളപ്പെടുത്തിയശേഷം കുറുകേയുള്ള ഇഴകളില്‍ അറുക്കാന്‍ പാകത്തിന് ലെവല് നോക്കി തടി ഉരുളാതെ രണ്ട് സൈഡിലും ആപ്പുകള്‍വെച്ച് ഉറപ്പിച്ചുനിര്‍ത്തും. ഈ തടിയുടെ പുറത്ത് കയറിനിന്നിട്ടാണ് അച്ഛന്‍ വാളുകൊണ്ട് അറുത്ത് തുടങ്ങുന്നത്. ആ വലിയ തടിയുടെ പുറത്ത് ഒരു കാല് മുന്നിലും ഒരു കാല് പിന്നിലും വെച്ചാണ് അച്ഛന്‍ വാളും പിടിച്ച് നില്‍ക്കുന്നത്. തടി മുറിക്കുന്നതിനനുസരിച്ച് പിന്നോട്ട് യാന്ത്രികമായി മാറിക്കൊണ്ടിരിക്കും. ഇങ്ങനെ ബാലന്‍സ് തെറ്റാതെ എങ്ങനെ അച്ഛനിത് പറ്റുന്നതെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
കീഴ്വാള് പിടിക്കുന്നത് സഹായി ചെല്ലക്കുട്ടനാണ്. തടി അറുത്ത് തുടങ്ങിയാല്‍ പിന്നെ ഭയങ്കര സ്പീഡാവും. അതൊരു താളമാണ്. തടി അറ്റ് പുറത്തേക്ക് വീഴുന്ന മരപ്പൊടി കീഴ്വാള് പിടിക്കുന്ന ആളിന്റെ മുഖത്തും ശരീരത്തിലും പൂവ് വിതറുന്നതുപോലെ വീണുകൊണ്ടിരിക്കും. ഈ മരപ്പൊടി, വാള് മുകളിലേക്ക് വലിക്കുന്ന അച്ഛന്റെ പാദങ്ങളിലും വീഴും. ഇത് കാണാനും നല്ല ചന്തമാ... മരത്തിന്റെ ജാതിയനുസരിച്ച് മരപ്പൊടിയുടെ നിറം മാറും, മണവും പല ജാതി ആയിരിക്കും.

വീടിനടുത്തായതുകൊണ്ട് സ്‌കൂളില്ലാത്തപ്പോഴൊക്കെ ഞാന്‍ അച്ഛന്‍ ജോലിചെയ്യുന്ന സ്ഥലത്ത് പോയിരിക്കും. അങ്ങനെയാണ് എനിക്ക് ഇതൊക്കെ കാണാന്‍ പറ്റിയത്. മരം അറുക്കുന്ന താളവും അതിന്റെ മണവും ആ കാഴ്ചയുമെല്ലാം എനിക്കൊരു ഹരമായി മാറി. വര്‍ഷങ്ങളായി എടുക്കാതെ ഇട്ടിരിക്കുന്ന ഒരു വലിയ തടിയുണ്ട്. അത് മരം അറുക്കുന്ന ആ ഓലപ്പുരയുടെ വശത്ത് തന്നെയാണ്. അതിന്റെ മുകളില്‍ ഇരുന്നാണ് എന്റെ കാഴ്ച. അതെന്റെ സ്ഥിരം ഇരിപ്പിടമാണ്. രണ്ടുവശത്തും കാലിട്ട് ഒരു ആനപ്പുറത്ത് ഇരിക്കുന്ന പോലയാ എന്റെ ഇരിപ്പ്. അവിടെ ഇരുന്നാല്‍ തടി അറ്റുപോകുന്നതിന് ഒപ്പം മരപ്പൊടിയിലൂടെ ചെല്ലക്കുട്ടന്‍ മാമന്‍ താളത്തിനൊത്ത് തെന്നിത്തെന്നി മുന്നോട്ട് പോകുന്നതും കാണാം. പോകുന്ന ആ വഴി മരപ്പൊടിയുടെ മുകളില്‍ ഒരു റെയില്‍പാളംപോലെ കിടക്കും. ഇടയ്ക്ക് അറുപ്പ് നിറുത്തി ചെല്ലക്കുട്ടന്‍ മാമന്‍ എണീറ്റുവന്ന് മുകളിലെ വിടവില്‍ വെച്ചിരിക്കുന്ന ആപ്പ് ഊരി മുന്നോട്ട് വാളിന് അടുത്തേക്ക് അടിച്ച് താഴ്ത്തും. മരം മുഴുവനായി മുറിഞ്ഞ് മാറുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഇത് ചെയ്തുകൊണ്ടേയിരിക്കും.

മുറിഞ്ഞുമാറിയ തടിയുടെ അകം കാണാന്‍ നല്ല ഭംഗിയാ. ഒരു പത്ത് പത്തരയാവുമ്പം പണിനിര്‍ത്തി അച്ഛനും മറ്റ് മരപ്പണിക്കാരുംകൂടെ ചായ കുടിക്കാന്‍ കുമാരപുരത്ത് പോകും. അന്നേരം ഞാന്‍ തനിച്ചാവും. എല്ലാ ഒച്ചയും നിന്ന് ആളനക്കം ഇല്ലാതെ നിശ്ശബ്ദമാവുമ്പോള്‍ പിന്നെയാണ് എന്റെ പണി. പകുതി അറുത്തുനിര്‍ത്തിയ തടിയുടെ പുറത്ത് ഏന്തിവലിഞ്ഞുകേറി അച്ഛനെ അനുകരിച്ച് നില്‍ക്കാന്‍ നോക്കും. ബാലന്‍സ് കിട്ടില്ല, താഴേയ്ക്ക് നോക്കാനും പേടി. പിന്നെ ഒരുവിധം താഴേക്കിറങ്ങി, മെത്തപോലെ കിടക്കുന്ന മരപ്പൊടിയുടെ മുകളില്‍ ചെല്ലക്കുട്ടന്‍മാമനെ അനുകരിച്ച് ഒന്നിഴഞ്ഞുനോക്കും. മരപ്പൊടിക്ക് ചെറിയ തണുപ്പും മുട്ടിന് നല്ല സുഖവും. അതില്‍ കിടന്ന് കളിക്കാന്‍ കൊള്ളാം. പിന്നെ മുകളിലേക്കുകയറി മേസ്തിരിമാമന്‍മാരുടെ ഉളിയും ചീവുളിയും വീതുളിയും മുനയുളിയും ഒക്കെ ഒന്നെടുത്തുനോക്കും. മേസ്തിരിയുടെ, തടി തുളയ്ക്കുന്ന ബര്‍മക്കയറില്‍പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് കളിക്കാന്‍ നല്ല രസം!

അവര് ചായകുടിയൊക്കെ കഴിഞ്ഞുവന്ന് ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഓടിപ്പോയി ഒന്നും അറിയാത്തപോലെ എന്റെ സ്ഥിരം തടിപ്പുറത്തുകയറി ആനകളിക്കും. പതിവുപോലെ അച്ഛന്റെ കൈയില്‍ ഒരു പൊതിയുണ്ടാവും. അത് എനിക്കുള്ള പതിവ് പൊതിയാണ്. ദോശയോ പരിപ്പുവടയോ മറ്റോ ആയിരിക്കും. അത് തിന്നുകഴിഞ്ഞാല്‍ പിന്നെ ഞാനവിടെ നില്‍ക്കില്ല. ഒറ്റ ഓട്ടം വീട്ടിലേക്ക്.

ചില ദിവസങ്ങളില്‍ എനിക്ക് കൊണ്ടുവരുന്ന പലഹാരപ്പൊതിക്കൊപ്പം വേറേയും പൊതികളുണ്ടാവും. ഉച്ചയ്ക്ക് കഞ്ഞിവയ്ക്കാനുള്ള അരിയും പയറും വറ്റലുമുളകും ചെറിയ ഉള്ളിയും ഒക്കെയാണ്. അപ്പോ മേസ്തിരിമാമന്‍മാര്‍ പറയും, ദോശേം തിന്നിട്ട് പൊയ്ക്കളയല്ലേ, നിനക്കിവിടെ ജോലിയുണ്ടെന്ന്. അന്ന് ഞാന്‍ അവിടെത്തന്നെ നില്‍ക്കും, ഉള്ളിയൊക്കെ തൊലിക്കാനായിട്ട്. മേല്‍പ്പറഞ്ഞവയെല്ലാംകൂടി ഒറ്റ കലത്തിലാക്കി ഒരുമിച്ചിട്ടാണ് കഞ്ഞി. അത് കുടിക്കാന്‍ നല്ല രുചിയാണ്.

പ്ലാവില കോട്ടിയാണ് കഞ്ഞി കോരിക്കുടിക്കുന്നത്. ഉള്ളിതൊലിച്ച് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ എന്റെ ജോലി പ്ലാവിന്റെ മൂട്ടില്‍പോയി പഴുത്തുവീണ പ്ലാവില നുള്ളിപ്പെറുക്കലാണ്. അത് കോട്ടാനുള്ള ഈര്‍ക്കിലും ഞാന്‍തന്നെ സംഘടിപ്പിക്കണം. കഞ്ഞികുടിച്ച് കഴിയുമ്പോഴേക്കും ഞാനുള്‍പ്പെടെ എല്ലാവരും വിയര്‍ത്തുകുളിക്കും, നിറയെ കഞ്ഞികുടിച്ച് എന്റെ വയറ് പൊട്ടിപ്പോകുമോ എന്ന് തോന്നും. ശ്വാസം വിടാനും പാടാണ്. ഒരുദിവസം കഞ്ഞികുടിച്ചിട്ട് പതിവുപോലെ എന്റെ ആനപ്പുറത്ത് കയറി ഇരുന്നു. തടി അറുക്കലിന്റെ താളത്തില്‍ ഞാനറിയാതെ ഉറങ്ങിപ്പോയി. അപ്പോള്‍ അച്ഛന്‍ മുഴക്കോലെടുത്ത് എന്റെ തുടയില്‍ ഒരടി. അടികൊണ്ടപാടേ ചാടിയിറങ്ങി വീട്ടിലേക്ക് ഓടി. അതിനുശേഷം കഞ്ഞികുടിച്ചാല്‍ ഞാനവിടെ നില്‍ക്കാറില്ല. ചിലപ്പോഴൊക്കെ കഞ്ഞി കുടിക്കുന്നതിനുമുന്‍പായിട്ടും തടി അറുക്കുന്ന താളം എന്നെ ഉറക്കിയിട്ടുണ്ട്. അന്നൊക്കെ കീഴ്വാള് വലിക്കുന്ന കുട്ടന്‍മാമന്‍ എങ്ങനെയോ കണ്ട് വിളിച്ചുപറയും, 'കൊച്ചിരുന്ന് ഒറങ്ങുന്നെ'ന്ന്. ഇത് കേട്ടയുടനെ അച്ഛന്‍ തടി അറുക്കല്‍ നിര്‍ത്തും. ആ ശബ്ദം നിന്നാല്‍ ഞാന്‍ ഞെട്ടിയുണരും. മുഴക്കോല് എടുക്കുന്നതിനുമുന്‍പ് ഞാന്‍ ചാടിയിറങ്ങി ഓടും.

അച്ഛന്‍ തടി അറുക്കുമ്പോള്‍ കൈയിലെ മസിലുകള്‍ എല്ലാം ഉയര്‍ന്നുവരും. ഒരു ജിംനാസ്റ്റിക്കിനെപ്പോലെ, നെഞ്ചിലും മുതുകത്തും മാംസം ഉരുണ്ടുകളിക്കും... ആ വിയര്‍പ്പില്‍ അതിനൊരു തിളക്കമുണ്ട്. തല വിയര്‍ത്ത് മൂക്കിന്റെ തുമ്പത്തുകൂടെ അത് ഇറ്റിറ്റുവീഴും, തടി അറുക്കുന്നതിനിടയില്‍ ആപ്പ് മാറ്റാനോ മൂര്‍ച്ച കുറയുന്ന വാളിന്റെ പല്ല് രാകാനോ മാത്രമേ നിര്‍ത്താറുള്ളൂ. ഇതല്ലാതെ നിര്‍ത്തുന്നെങ്കില്‍ അത് കുട്ടന്‍ മാമന്‍ വാള് പിടിക്കുന്നതിലുള്ള എന്തെങ്കിലും വശക്കേടുകൊണ്ടായിരിക്കും. അങ്ങനെയാണെങ്കില്‍ വാള് ഇടിച്ചുതാഴ്ത്തി നിര്‍ത്തും. അതിന്റെ ഒട്ടം കുട്ടന്‍മാമന്റെ തുടയില്‍ ഇടിച്ചായിരിക്കും നിര്‍ത്തുക. അപ്പോള്‍ കുട്ടന്‍മാമന് മനസ്സിലാവും തന്റെ പിടിത്തത്തില്‍ എന്തോ പിശക് പറ്റിയെന്ന്.

''വയ്യെങ്കില്‍ കളഞ്ഞിട്ട് പോടാ... എന്റെ നെഞ്ചാമ്മൂടി കലക്കാന്‍...'' എന്ന് പറഞ്ഞ് അച്ഛന്‍ താഴെ ഇറങ്ങി വിയര്‍പ്പ് തുടച്ച് മുറുക്കാന്‍പൊതി എടുക്കും. കുട്ടന്‍ മാമന്‍ തലക്കെട്ടഴിച്ച് ദേഹമാകെ തുടച്ച് ദൂരോട്ട് പോയി നില്‍ക്കും. ഈ ദേഷ്യമൊക്കെ അച്ഛന്‍ പാക്കിലും വെറ്റിലയിലും പൊയിലയിലുമൊക്കെ ചവച്ച് തീര്‍ക്കും. മുറുക്കാന്‍ ചവച്ച് ഒന്ന് ശാന്തനായെന്ന് മനസ്സിലാവുമ്പോള്‍ കുട്ടന്‍മാമന്‍ തിരികെവന്ന് ഒട്ടമൊക്കെ തട്ടിമുറുക്കി, ആപ്പെടുത്ത് ഒന്ന് മാറ്റി അടിക്കും. ഇത് താന്‍ റെഡിയാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ്. അച്ഛന്‍ അപ്പോഴേക്കും മുറുക്കിത്തുപ്പി വായ് കുപ്ലിച്ചിട്ട് ഒന്നും സംഭവിക്കാത്തപോലെ തടിപ്പുറത്തേക്ക് കയറും. അപ്പോഴേക്കും വാളിന്റെ ഒട്ടത്തില്‍ പിടിച്ച് കുട്ടന്‍മാമന്‍ റെഡി ആയിരിക്കും.

ഓലകെട്ട്

ഇടവപ്പാതിക്ക് മുന്‍പാണ് കൊല്ലാകൊല്ലം വീട്ടിലെ ഓല കെട്ടാറ് (പുര ഓല മേയുന്നത്). ഏകദേശം മുന്നൂറ് മടല് ഓല വേണം.. അമ്മൂമ്മയുടെ പുരയിടത്തിലെ ഓലകൊണ്ട്മാത്രം ഇത് തെകയത്തില്ല. തോപ്പില്‍ക്കാര് തേങ്ങ വെട്ടുമ്പം ഒരു പത്ത് നൂറ്റമ്പത് മടല് ഓല അവിടന്ന് വാങ്ങും. ഞങ്ങളെല്ലാവരുംകൂടെ ആ ഓല വലിച്ചിഴച്ച് വീട്ടില്‍ കൊണ്ടുവരും. അത് നല്ല രസം! അച്ഛന്‍ ജോലിക്ക് പോകുന്നതിന് മുന്‍പായിട്ട് ഈ ഓല കുറച്ചുകുറച്ച് വീതം മെടയാന്‍ പാകത്തിന് രണ്ടായി കീറിയിടും. ഇത് മുഴുവന്‍ കീറാന്‍ നാലഞ്ച് ദിവസമെടുക്കും. അന്നന്ന് കീറുന്നതിനെ അച്ഛനും അമ്മൂമ്മയും ഒക്കെ കുളിക്കുന്നതിനടുത്ത് തിരിച്ചും മറിച്ചും അടുക്കിയിടും. വെള്ളം നനച്ച് കുതിര്‍ത്ത് എടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നെ രണ്ടുമൂന്ന് ദിവസത്തെ കുളി നല്ല രസമാ, ഈ ഓലയുടെ പുറത്ത്. തുണി നനയ്ക്കുന്ന വെള്ളമെല്ലാം ഇതിന്റെ പുറത്തൂടെ ഒഴിക്കും. ഇത് കൊണ്ടുവരുന്നതിനനുസരിച്ച് മാറ്റി, കീറുന്ന കീറുന്ന ഓല ഇട്ടോണ്ടിരിക്കും. കൊണ്ടുവന്ന ഓല ആദ്യമാദ്യം മെടയും. കണ്ണ് കണ്ടുകൂടെങ്കിലും അമ്മൂമ്മ വളരെ വേഗത്തിലും വൃത്തിയായിട്ടും ഓലമെടയും. കൂടാതെ വീട്ടുജോലി കഴിഞ്ഞാല്‍ അമ്മയും സ്‌കൂള് വിട്ട് വന്നാല്‍ ചേച്ചിയും ഓലമെടയാനിരിക്കും. മെടഞ്ഞ ഓല വെയിലത്ത് കൊണ്ടിട്ട് ഉണക്കുന്ന ജോലി എനിക്കും വിജയനുമായിരുന്നു. ഉണങ്ങുന്ന ഓല വയ്ക്കാന്‍ അച്ഛന്‍ നാല് കല്ല് പൊക്കത്തില്‍വെച്ച്, അതിന്റെ പുറത്ത് കഴുക്കോലോ മറ്റേതെങ്കിലും തടിയോ വെച്ച് തട്ട് ഉണ്ടാക്കും. ചിതല് കേറാതിരിക്കാന്‍ ഇതിന്റെ പുറത്താണ് ഉണങ്ങുന്ന ഓല അടുക്കി സൂക്ഷിക്കുന്നത്. ഓല വാങ്ങി കീറി മെടഞ്ഞ് കെട്ടാന്‍ പറ്റാത്ത വര്‍ഷങ്ങളില്‍ മെടഞ്ഞ ഓല വാങ്ങും.

മാര്‍ത്താണ്ഡം, തേങ്ങാപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഓല മെടഞ്ഞ് 25 മടല് ഓല ഒരു കെട്ട് എന്ന കണക്കിന് കെട്ടുകളാക്കി കാളവണ്ടികളില്‍ നിറച്ച് നിരനിരയായി കരമന, കിള്ളിപ്പാലം ഭാഗത്ത് കൊണ്ടുവരും. ആവശ്യക്കാര്‍ വില പറഞ്ഞുറപ്പിച്ച് സ്ഥലവും പറഞ്ഞാല്‍ അവിടെ കൊണ്ടിറക്കിത്തരും, പക്ഷേ, അത് നന്നായി കൊവുത്ത് പരുവപ്പെടുത്തി എടുക്കാത്തതുകൊണ്ട് കാലാവധി തെകയും മുന്‍പ് വീട് ചോര്‍ന്നൊലിക്കാന്‍ തൊടങ്ങും, വെലയും കൂടുതല്‍... അതുകൊണ്ടാണ് അമ്മൂമ്മ സ്വന്തമായി മെടഞ്ഞ് കെട്ടാന്ന് പറയുന്നത്.

ഞങ്ങളുടെ പ്രദേശത്തെ പേരുകേട്ട ഓലകെട്ട്കാരനാണ് പപ്പനാവപിള്ള (പത്മനാഭപിള്ള). അമ്മൂമ്മയ്ക്ക് പപ്പനാവപിള്ളയെക്കൊണ്ട് ഓല കെട്ടിച്ചാലെ തൃപ്തിവരൂ. അയാക്കാണെങ്കില്‍ സീസണ്‍ സമയത്തൊക്കെ ദിവസവും രണ്ട് കെട്ടായിരിക്കും. കെട്ടൊഴിഞ്ഞ് നേരമില്ല. പപ്പനാവപിള്ള തീരുമാനിക്കും, നമ്മുടെ വീട്ടില്‍ എന്ന് ഓല കെട്ടണമെന്ന്. ഇടയ്ക്ക് കാലംതെറ്റി മഴ പെയ്തപ്പോള്‍ അച്ഛന്‍ പറഞ്ഞു, പപ്പനാവണ്ണനെ നോക്കിയിരിക്കേണ്ട, നമുക്കാരെങ്കിലും വിളിക്കാമെന്ന്. അതമ്മൂമ്മയ്ക്ക് പിടിച്ചില്ല: ''ആരെങ്കിലുംവന്ന് പോരിട്ട് കെട്ടിയാല്‍, അടുത്തകൊല്ലം അഴിച്ചിറക്കുന്നതുവരെ വീട്ടിലെ പോരൊഴിഞ്ഞ് നേരം കാണില്ല.''

ഓലമടലുകള്‍ നേര്‍ക്കുനേര്‍ ചേരാതെ കെട്ടുന്നതിനെയാണ് പോരിട്ട് കെട്ടല്‍ എന്ന് പറയുന്നത്. അങ്ങനെ ഓലകെട്ടിയാല്‍ വീട്ടിലുള്ളവര്‍ തമ്മില്‍ ചേരാതെ എന്നും വഴക്കുണ്ടാവുമെന്നാണ് അമ്മൂമ്മയുടെ വിശ്വാസം.
ഒരുദിവസം ഒരു മുന്നറിയിപ്പും ഇല്ലാതെ വെളുപ്പാന്‍കാലത്ത് പപ്പനാവപിള്ളയും സംഘവും വീട്ടുമുറ്റത്ത് വന്ന്‌നില്‍ക്കുന്നു.
''കൊച്ചുവേലുവേ. സാധനങ്ങളൊക്കെ പറക്കി മാറ്റ്....''
''ഇന്നല്ലല്ലോ അണ്ണ കെട്ടാന്ന് പറഞ്ഞ ദിവസം... ഇപ്പ വന്ന് പറഞ്ഞാലെങ്ങനാ?''...
''ങാ... ഇന്ന് കെട്ടില്ലെങ്കില്‍ ഇനി ഇപ്പഴൊന്നും പറ്റൂല. ഒരുകെട്ട് മാറിയതുകൊണ്ട് ഇന്നിപ്പം കെട്ടാന്‍ പറ്റും.''

ഞങ്ങള് സാധനങ്ങള് പുറത്തേക്ക് എടുത്ത് തുടങ്ങിയപ്പോതന്നെ അവര് ഒരറ്റത്തുനിന്ന് പൊളിച്ചിറക്കിത്തുടങ്ങി. പപ്പനാവമ്മാമന്‍ വെള്ളമുണ്ടും ജുബ്ബയുമൊക്കെ മാറ്റി തയ്യാറാവുകയാണ്. ഒരു നാണവുമില്ലാതെ ജുബ്ബയും മുണ്ടും അഴിച്ച് തെങ്ങിന്റെ ചാഞ്ഞ മടലിലേക്ക് മടക്കിവെച്ചു. ഇപ്പോ ഒരു കോണകം മാത്രം ഉടുത്ത് നില്‍ക്കുന്ന മാമന്‍, ഒരു വലിയ തോര്‍ത്ത് ഉടുത്ത് അതിന്റെ ഒരറ്റംകൊണ്ട് പാളത്താറുപോലെ തെറുത്ത് കയറ്റി. മുന്‍വശം അത്യാവശ്യം മറഞ്ഞിട്ടുണ്ടെങ്കിലും പുറകുവശം മറയ്ക്കാന്‍ ആ തോര്‍ത്ത് മതിയാവില്ല... ചേച്ചിക്കിത് കാണുമ്പം ചിരിയാ....
മിണ്ടാതിരിയെടിയെന്ന് അമ്മ വഴക്ക് പറയും. മൂന്ന് നാലുപേര്‍ ഓല പൊളിച്ചിറക്കുമ്പോള്‍ പപ്പനാവന്‍ മാമ്മന്‍ പച്ച ഓല തീയിലിട്ട് വാട്ടും. ഈ വാട്ടിയ ഓലയില്‍നിന്ന് ഓലക്കാലുകള്‍ മൂടിന്റെവിടുന്ന് ഈര്‍ക്കില്‍ മുനപോലെ അറുത്തെടുക്കും. ഇതുവെച്ചാണ് ഓലയും കഴുക്കോലും തമ്മില്‍ ചേര്‍ത്തുകെട്ടുന്നത്. അപ്പോഴേക്കും ഓലയെല്ലാം അഴിച്ചിറക്കി വീട്, ഇരുപത്തിയെട്ട് കെട്ടാത്ത കുട്ടിയെപ്പോലെ ആക്കിയിരിക്കും. ഈ സമയത്താണ് വീടനകം മുഴുവനായും ഒന്ന് കാണാന്‍ പറ്റുന്നത്. ഉത്തരവും കഴുക്കോലും ചുമരുകളുമമെല്ലാം തൊറപ്പ (ചൂല്) കൊണ്ട് തൂത്ത് വൃത്തിയാക്കി ചുമരുകളുടെ മുകളില്‍ ഉറുമ്പുപൊടി വിതറും, ഉത്തരവും കഴുക്കോലും ചുമരില്‍ തട്ടുന്നിടത്തെല്ലാം കരിഓയില്‍ ഒഴിക്കും. ഷണ്‍മുഖന്‍ മേസ്തിരിയുടെ മോട്ടാര്‍ വര്‍ക്ഷോപ്പിന്ന് ഒരു പാട്ടയില്‍ ആണ് കരിഓയില്‍ വാങ്ങുക. ചേച്ചിമാര് രണ്ടുംകൂടെ താഴെ വീണ് കിടക്കുന്ന കുരച്ചാവി (പഴയ ഓലപ്പൊടി) തൂത്തുകൂട്ടി തീയിടുന്നിടത്ത് കൊണ്ടിടും, എലി തേടിയിട്ടിരിക്കുന്ന വങ്കകളും തറയിലായിരിക്കുന്ന ചെറിയ ചെറിയ കുഴികളും അമ്മയും ചേച്ചിയുംകൂടെ മണ്ണ് നനച്ച് ചെളികുഴച്ച് ഉറുത്തും.

പപ്പനാവന്‍ മാമന്‍ അറുത്തെടുത്ത ഒരുപിടി കെട്ടോല പിറകുവശത്ത് തോര്‍ത്തിനകത്തുകൂടെ ഇറക്കിവെച്ച് ആവനാഴിയിലെ അമ്പുപോലെയാക്കി ഒരു യോദ്ധാവുകണക്കേ പുരപ്പുറത്തേക്ക് വലിഞ്ഞുകയറും. മാമന്‍ മുകളില്‍ക്കയറി ഉത്തരത്തില്‍ കുത്തിയിരിക്കുമ്പോള്‍ ഞാനും വിജയനുംകൂടെ താഴെനിന്ന് മുകളിലേക്ക് നോക്കും. ഇപ്പോ മാമന്‍ ഒരു തുണിയും ഇല്ലാതിരിക്കുന്നതായിട്ടേ തോന്നൂ. വിജയന് ചിരിയടക്കാന്‍ കഴിയില്ല. ഞാനവന്റെ വായ പൊത്തിപ്പിടിക്കും. ഇത് കാണുന്ന പപ്പനാവന്‍ മാമന്‍ താഴോട്ട് നോക്കിപ്പറയും:
''കണ്ണില്‍ പൊടിവീഴും. മാറിപ്പോടാ...''
ഞങ്ങള്‍ ചിരിച്ചുകൊണ്ടോടും. പപ്പനാവന്‍ മാമനെ എപ്പോ കണ്ടാലും ഈ കാഴ്ചയാണ് കണ്‍മുന്നില്‍ വരുന്നത്.

ഒരു പഴയോലയും ഒരു പുത്തനോലയും ചേര്‍ത്തുവെച്ച് മുകളിലേക്ക് എറിഞ്ഞുകൊടുക്കും. അതൊരു വശമാണ്. കെട്ടാനിരിക്കുന്ന ആളിന് കൃത്യമായും അതിന്റെ തലപ്പ് കൈയില്‍ കിട്ടും. അപ്പോ ആവനാഴിയില്‍നിന്ന് അമ്പെടുക്കുന്നപോലെ കെട്ടോല ഊരിയെടുത്ത് പട്ടിയലിനോടും കഴുക്കോലിനോടും ചേര്‍ത്ത് ഓല കെട്ടിവെയ്ക്കും. ഓല കെട്ടിക്കഴിഞ്ഞാല്‍ നാലുവശോം എറുമ്പൊക്കെ അറുത്ത് ഒന്ന് വൃത്തിയാക്കും. വെളുത്തുതുടുത്ത് കൊടവയറോടെ ജുബ്ബയും മുണ്ടും ഉടുത്തുവന്ന പപ്പനാവന്‍ മാമന്‍ കറുത്ത് കരിക്കട്ടപോലെ തൈത്തെങ്ങില്‍ മടക്കിവെച്ചിരുന്ന മുണ്ടും കൈയില്‍ ചുരുട്ടിപ്പിടിച്ച് പോകുന്ന പോക്ക് കാണണം. കൊല്ലാക്കൊല്ലം ഇങ്ങനെ ചിട്ടയോടെ ചെയ്തിരുന്ന ഓലക്കെട്ട്, ഇടവപ്പാതികഴിഞ്ഞ് കര്‍ക്കടക മഴയ്ക്കുമുന്‍പ് പോലും കെട്ടാന്‍ പറ്റാതെ, മഴവെള്ളം വീഴാന്‍ അമ്മ പാത്രങ്ങള്‍ മാറ്റിമാറ്റി വെയ്ക്കുകയാണ്. ഇനി ചോരാന്‍ ഒരു സ്ഥലവുമില്ല. മുന്‍പ് പെയ്ത മഴയത്ത് ചോര്‍ന്നപ്പോള്‍ ചില സ്ഥലങ്ങളിലൊക്കെ അച്ഛന്‍ ഊട് വലിച്ചിരുന്നു. അത് എന്തെന്നാല്‍ മഴവെള്ളം ചോരുന്ന ഓട്ടകളില്‍ മറ്റൊരു ഓല ഇടയില്‍ തിരുകിക്കയറ്റും. പക്ഷേ, ഇനി അതിനും കഴിയാതെയായി എന്ന് ഓലകെട്ടാന്‍ പറ്റുമോയെന്ന അമ്മൂമ്മയുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ അച്ഛന്‍ നിശ്ശബ്ദനാകും. ഉറക്കെ പെയ്യുന്ന മഴയുടെ ശബ്ദത്തിനുംമീതെ അമ്മൂമ്മയുടെ ശകാരം കേള്‍ക്കാം; ''നേരത്തും കാലത്തും ഓലയെങ്കിലും കെട്ടി കെടക്കാന്‍ വയ്യങ്കി ഇടിഞ്ഞ് വീഴട്ട്... എന്നാലെങ്കിലും ഇത്തങ്ങളെയെല്ലാം നുള്ളിപ്പറക്കി പോവുമല്ലോ.'' അച്ഛന്‍ അതിനും മറുപടിയില്ല. ഞങ്ങളെല്ലാവരും ചോരുന്നിടങ്ങളിലെല്ലാം പാത്രങ്ങള്‍ മാറ്റിമാറ്റിവെയ്ക്കും.

Content Highlights: Actor Indrans, Onappathipp, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
എം. മുകുന്ദന്‍, രാജന്‍ കാക്കനാടൻ

4 min

'കഥയുടെ പ്ലോട്ട് വേണോ, ഉഗ്രന്‍ പ്ലോട്ടിന് ഇരുപത്തിയഞ്ച് രൂപ!'; മുകുന്ദനും ഒരു വേറിട്ട കാക്കനാടനും!

Jun 4, 2023


vysakhan

3 min

ആയിരക്കണക്കിന് ജീവനുകളാണ് ഓരോ നിമിഷവും കൈയിലൂടെ കടന്നുപോകുന്നത് എന്നോര്‍മയുണ്ടാവണം- വൈശാഖന്‍

Jun 3, 2023


ജയ്സൂര്യദാസ്, മാധവിക്കുട്ടി

2 min

സ്‌നേഹിക്കാനേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ, ആവോളം സ്‌നേഹിച്ചു- മാധവിക്കുട്ടിയുടെ മകന്‍ ജയ്സൂര്യ ദാസ്

Jun 1, 2023

Most Commented