At Home in the World
ലോകത്ത് ഇന്ന് ജീവിച്ചിരിപ്പുള്ളവരില്‍ ഏറ്റവും മഹാനായ സെന്‍ ബുദ്ധമത സന്ന്യാസിയും അദ്ദേഹത്തിന്റെ ദേശത്തെ പിടിച്ചടക്കാന്‍ എത്തിയ ഒരു സൈനികനുമായുള്ള ബന്ധത്തിന്റെ അനുഭവക്കുറിപ്പാണിത്. യുദ്ധംചെയ്യാന്വന്ന ഒരു യുവസൈനികനില് സംഭവിച്ച മാനസാന്തരം ഈ കുറിപ്പിലൂടെ വെളിവാകുന്നു. ആര് ചെയ്യുന്ന യുദ്ധമാണ് നീതിപൂര്‍വകം എന്നും ആരുടെ ബോംബേറാണ് ധാര്‍മികം എന്നും ചര്‍ച്ചചെയ്ത്, തര്‍ക്കിക്കുന്നവര്‍ ഇതു വായിക്കുന്നത് നല്ലതാണ്...
1947-ല്‍ ഞാന്‍ ഹ്യുവിലായിരുന്നു (മധ്യ വിയറ്റ്നാമിലെ നഗരം). അവിടത്തെ ബാവോ ക്വോക് ബുദ്ധക്ഷേത്രത്തിലുള്ള ബുദ്ധമത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിച്ചു പഠിക്കുകയായിരുന്നു. ഞാന്‍ സന്ന്യാസജീവിതം സ്വീകരിക്കുകയും ജീവിക്കുകയും ചെയ്തിരുന്ന ക്ഷേത്രത്തില്‍നിന്ന് ഏറെ അകലെയല്ലായിരുന്നു അത്. വിയറ്റ്നാമിലെ ഫ്രഞ്ച് അധിനിവേശത്തിന്റെ കാലമായിരുന്നു അത്. ഫ്രഞ്ച് സൈന്യത്തിന്റെ അധീനതയിലായിരുന്നു അന്ന് ഹ്യു. അവരന്ന് അവിടെയൊരു സൈനികക്യാമ്പ് സ്ഥാപിച്ചിരുന്നു. ഫ്രഞ്ച്, വിയറ്റ്നാം സൈനികര്‍ തമ്മിലുള്ള വെടിവെപ്പിന്റെ ശബ്ദം ചുറ്റുപാടുനിന്നും എപ്പോഴും ഞങ്ങള്‍ക്ക് മുഴങ്ങിക്കേള്‍ക്കാമായിരുന്നു. കുന്നിന്‍പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ സുരക്ഷയ്ക്കായി അവിടെ ചെറുതാവളങ്ങള് നിര്‍മിച്ചിരുന്നു. പല രാത്രികളിലും ആളുകള്‍ പുറത്തിറങ്ങാതെ വാതിലടച്ച് വീട്ടിലിരിക്കും. പിറ്റേന്നു രാവിലെ എണീക്കുമ്പോള്‍ പുറത്ത് ശവശരീരങ്ങള്‍ കാണും. തലേന്നു രാത്രിയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടേതായിരിക്കും അത്. വെള്ള പെയിന്റടിച്ച നിരത്തിലെഴുതിവെച്ച മുദ്രാവാക്യങ്ങളില്‍ ചോരപുരണ്ടു കിടപ്പുണ്ടാവും. ബുദ്ധസന്ന്യാസിമാര്‍ ചിലപ്പോഴൊക്കെ അവിടത്തെ വിദൂരപ്രദേശങ്ങളിലേക്കു യാത്രചെയ്യാറുണ്ട്. പക്ഷേ, മറ്റാരും അവിടങ്ങളിലേക്കു പോകാന്‍ ധൈര്യപ്പെടാറില്ല; പ്രത്യേകിച്ചും ഹ്യുവിലെ നഗരവാസികള്‍. അവിടെനിന്ന് ഒഴിപ്പിക്കപ്പെട്ട് തിരിച്ചെത്തി ഏറെയായിട്ടില്ലാത്തവരാണവര്. ബാവോ ക്വോക്ക് ക്ഷേത്രം സ്ഥിതിചെയ്യുന്നത് റെയില്‍വേ സ്റ്റേഷനടുത്താണ്. എന്നിരിക്കിലും ആരും അവിടേക്കൊന്നും പോകാറില്ല.
ഒരുദിവസം ബാവോ ക്വോക്കില്നിന്ന് ഞാനെന്റെ സ്വന്തം ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. നേരം പുലര്ന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ. പുല്നാമ്പുകളില് മഞ്ഞുതുള്ളികള്‍ അപ്പോഴും വീഴാതെ പിടിച്ചുനില്പ്പുണ്ടായിരുന്നു. ഒരു തുണിസഞ്ചിയില്‍ എന്റെ വസ്ത്രവും കുറച്ചു സാധനങ്ങളും ഞാന്‍ കരുതിയിരുന്നു. എന്റെ കൈയില്‍, അറ്റംകൂര്‍ത്ത പരമ്പരാഗത വിയറ്റ്നാം വൈക്കോല്ത്തൊപ്പിയുണ്ടായിരുന്നു. എന്റെ ഗുരുക്കന്മാരെയും സഹപാഠികളെയും സര്‍വോപരി, പുരാതനമായ ആ ആരാധ്യക്ഷേത്രവും കാണാമല്ലോ എന്നോര്‍ത്ത് ഏറെ സന്തോഷത്തിലായിരുന്നു ഞാന്‍.
യാത്രയ്ക്കിടെ ഒരു വിളികേട്ട് ഞാനൊരു കുന്നിന്മുകളിലേക്കു കയറി. അവിടെ റോഡില്‍ ഒരു ഫ്രഞ്ച് സൈനികന് കൈവീശിക്കാണിക്കുന്നതു കണ്ടു. ഒരു ബുദ്ധസന്ന്യാസിയായതിനാല് അയാളെന്നെ കളിയാക്കുകയാണെന്നു കരുതി ഞാന്‍ നടത്തം തുടര്‍ന്നു. എന്നാല്‍, അങ്ങനെയല്ലെന്ന് പെട്ടെന്നെനിക്കു തോന്നി. എന്റെ പിറകെ പട്ടാളബൂട്ടിന്റെ കനത്തശബ്ദം അതിവേഗം അടുത്തുവരുന്നതായി എനിക്കുതോന്നി. ഒരുപക്ഷേ, അയാളെന്നെ പരിശോധിക്കാന്‍ വരികയായിരിക്കാം. എന്റെ തുണിസഞ്ചിയില്‍ അയാള്‍ക്ക് സംശയം തോന്നിയിരിക്കാം. നടത്തം നിര്‍ത്തി ഞാന്‍ കാത്തുനിന്നു. യുവസൈനികന് എന്റെ അടുത്തേക്കുവന്നു. വിയറ്റ്നാമീസ് ഭാഷയില്‍ അയാള്‍ ചോദിച്ചു:
''നിങ്ങളെവിടെ പോകുന്നു?''
അയാള്‍ ഒരു ഫ്രഞ്ചുകാരനാണെന്നും വിയറ്റ്നാമീസ് ഭാഷ അയാള്‍ക്ക് അത്രകണ്ട് വശമില്ലെന്നും ഈ ചോദ്യത്തില്‍നിന്ന് എനിക്കു മനസ്സിലായി. ഞാന്‍ ചിരിച്ചുകൊണ്ട് ഫ്രഞ്ചില്‍ ചോദിച്ചു:
''ഞാന്‍ വിയറ്റ്നാമീസ് ഭാഷയില്‍ ഉത്തരം പറഞ്ഞാല്‍ താങ്കള്‍ക്കു മനസ്സിലാകുമോ?''
എനിക്ക് ഫ്രഞ്ച് അറിയാമെന്നു മനസ്സിലായതോടെ അയാള്‍ക്ക് അദ്ഭുതംതോന്നി. എന്നെ പരിശോധിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ചില കാര്യങ്ങള്‍ ചോദിക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും അയാള്‍ പറഞ്ഞു.
''താങ്കള്‍ ഏതു ക്ഷേത്രത്തിലേതാണെന്നാണ് എനിക്കറിയേണ്ടത്'' -അയാള്‍ പറഞ്ഞു.
ബാവോ ക്വോക്കിലാണ് ഞാന്‍ താമസിക്കുന്നതെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്ക് താത്പര്യമായി.
''ബാവോ ക്വോക്ക്? റെയില്‍വേ സ്റ്റേഷനടുത്ത് കുന്നിന്മുകളിലുള്ള വലിയ ക്ഷേത്രമാണോ'' -അയാള്‍ ചോദിച്ചു.
അതെയെന്നു ഞാന്‍ തലയാട്ടിയപ്പോള്‍, ആ കുന്നിന്ചെരുവിലെ പമ്പ് ഹൗസിലേക്ക് അയാള്‍ കൈചൂണ്ടി.
''താങ്കള്‍ തിരക്കിലല്ലെങ്കില്‍ എന്നോടൊപ്പം വരൂ. അല്പനേരം നമുക്കവിടെ സംസാരിച്ചിരിക്കാം'' -അയാള്‍ പറഞ്ഞു.
ഞങ്ങള്‍ പമ്പ് ഹൗസിനു സമീപത്തിരുന്നു. മറ്റ് അഞ്ച് സൈനികര്‍ക്കൊപ്പം പത്തുദിവസംമുമ്പ് ബാവോ ക്വോക്കിലേക്കു താന്‍ വന്നിരുന്നതായി അയാള്‍ പറഞ്ഞു. രാത്രി പത്തുമണിക്കായിരുന്നു അത്. വിയറ്റ്നാമീസ് സൈനികര്‍ അവിടെ ഒത്തുകൂടിയിട്ടുണ്ടെന്ന വിവരം ലഭിച്ച് അവരെത്തേടി വന്നതായിരുന്നു അവര്‍.
''അവരെ പിടിക്കാനുറച്ചാണ് ഞങ്ങള്‍ വന്നത്. ഞങ്ങളുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു. അവരെ അറസ്റ്റുചെയ്യാനും വേണ്ടിവന്നാല്‍ കൊല്ലാനും ഉത്തരവുണ്ടായിരുന്നു. പക്ഷേ, ക്ഷേത്രത്തിനുള്ളില്‍ കടന്ന ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി'' -അയാള്‍ പറഞ്ഞു.
''അതെന്താ അവിടെ അനേകം വിയറ്റ്നാമീസ് സൈനികരെ കണ്ടതുകൊണ്ടാണോ?'' -ഞാന്‍ ചോദിച്ചു.
''അല്ലല്ല, വിയറ്റ്നാം സൈനികരെ കണ്ടിരുന്നെങ്കില്‍ ഞങ്ങള്‍ ഞെട്ടില്ലായിരുന്നു. അവരെത്രപേരുണ്ടെങ്കിലും ഞങ്ങള്‍ ആക്രമിക്കുമായിരുന്നു''
-അയാള്‍ പറഞ്ഞു.
''പിന്നെയെന്താണ് നിങ്ങളെ അദ്ഭുതപ്പെടുത്തിയത്?''
''സംഭവിച്ചതെന്തെന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മുമ്പൊക്കെ ഞങ്ങളവിടെ പരിശോധനയ്ക്കു ചെല്ലുമ്പോള്‍ ആളുകള്‍ ഓടിപ്പോവുകയോ പരിഭ്രാന്തരാവുകയോ ചെയ്യുമായിരുന്നു'' -അയാള്‍ പറഞ്ഞു.
''അവരങ്ങനെ പേടിച്ചോടുന്നത് അനേകംതവണ അവരെ അതുപോലെ പേടിപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്'' -ഞാന്‍ വിശദീകരിച്ചു.
''ആളുകളെ പേടിപ്പിക്കുന്ന സ്വഭാവമുള്ളവനല്ല ഞാന്‍. ചിലപ്പോള്‍ അവര്‍ പേടിച്ചത് ഞങ്ങള്‍ക്കുമുമ്പ് അവിടെ പോയവര്‍ അത്തരത്തില്‍ അവരെ ഉപദ്രവിച്ചതുകൊണ്ടായിരിക്കാം'' -അതുപറഞ്ഞ്് അയാള്‍ തുടര്‍ന്നു: ''ക്ഷേത്രത്തിലേക്കു പ്രവേശിച്ചപ്പോള്‍ അവിടം ശൂന്യമായിരുന്നു. എണ്ണവിളക്കുകളുടെ വെളിച്ചം ഏറെ താഴ്ത്തിവെച്ചിരുന്നു. മനപ്പൂര്‍വം ഞങ്ങള്‍ കാലുകള്‍ നിലത്ത് ആഞ്ഞുചവിട്ടി. ക്ഷേത്രത്തില്‍ ഒട്ടേറെപ്പേരുണ്ടെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷേ, ആരെയും കാണാനായില്ല. കനത്ത നിശ്ശബ്ദതയായിരുന്നു എങ്ങും. എന്റെ കൂടെയുണ്ടായിരുന്ന ഒരാളുടെ അലര്‍ച്ച എനിക്ക് അസഹ്യമായി തോന്നി. ആരും പ്രതികരിച്ചില്ല. ഞാന്‍ കൈവശമുണ്ടായിരുന്ന ഫ്ളാഷ് ലൈറ്റ് കത്തിച്ചു. ശൂന്യമെന്നു കരുതിയിരുന്ന ഒരു മുറിയിലേക്ക് ഞാനത് തെളിച്ചു. 50-60 ബുദ്ധസന്ന്യാസിമാര്‍ അവിടെ അനങ്ങാതെ, നിശ്ശബ്ദമായി ധ്യാനിക്കുന്നത് ഞങ്ങള്‍ കണ്ടു.''
''അത് ഞങ്ങളുടെ രാത്രിപ്രാര്ഥനയുടെ സമയത്ത് നിങ്ങള്‍ വന്നതുകൊണ്ടാണ്'' -ഞാന്‍ പറഞ്ഞു.
''അതെ. അപരിചിതവും അരൂപിയുമായ ഒരു ശക്തിയുടെ അടുത്തേക്ക് ഓടിച്ചെന്ന അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. അദ്ഭുതപരതന്ത്രരായ ഞങ്ങള്‍ ക്ഷേത്രമുറ്റത്തേക്ക് തിരിച്ചിറങ്ങി. ബുദ്ധസന്ന്യാസിമാര്‍ ഞങ്ങളെ തീര്‍ത്തും അവഗണിച്ചു. മറുപടിയായി അവരൊരു ശബ്ദംപോലും ഉയര്‍ത്തിയില്ല. പേടിച്ചതായ ഒരു ഭാവവും കാണിച്ചതുമില്ല'' -അയാള്‍ പറഞ്ഞു.
''അവര്‍ നിങ്ങളെ അവഗണിക്കുകയായിരുന്നില്ല. അവര്‍ അവരുടെ ശ്വാസത്തില്‍ ശ്രദ്ധിച്ച് പരിശീലിക്കുകയായിരുന്നു. അത്രമാത്രം''
-ഞാന്‍ അയാള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
''അവരുടെ ആ നിശ്ശബ്ദത എന്നെ ആകര്‍ഷിച്ചു. അതിലെനിക്ക് ആദരവുതോന്നി. മുറ്റത്ത് വലിയൊരു മരച്ചുവട്ടില്‍ ഞങ്ങള്‍ നിശ്ശബ്ദമായി അരമണിക്കൂറോളം കാത്തുനിന്നു. അപ്പോഴേക്കും തുടര്‍ച്ചയായി മണികള്‍ മുഴങ്ങി. അതോടെ ക്ഷേത്രം സാധാരണനിലയില്‍ കര്‍മനിരതമായി. ഒരു സന്ന്യാസി ഒരു വിളക്ക് തെളിച്ചുകൊണ്ട് ഞങ്ങളെ ഉള്ളിലേക്കു ക്ഷണിക്കാന്വന്നു. പക്ഷേ, വന്നത് എന്തിനാണെന്ന് അദ്ദേഹത്തോടു പറഞ്ഞ് ഞങ്ങളവിടെനിന്ന് പെട്ടെന്നുതന്നെ പിന്‍വാങ്ങി. അന്നുതൊട്ട് വിയറ്റ്നാമീസ് ജനതയെക്കുറിച്ചുള്ള എന്റെ ചിന്താഗതി മാറിത്തുടങ്ങി'' -അയാള്‍ പറഞ്ഞു. അതുപറഞ്ഞ്്് അയാള്‍ സംസാരം തുടര്‍ന്നു.
''ഞങ്ങള്‍ക്കിടയില്‍ ഒട്ടേറെ യുവാക്കളുണ്ട്. ഞങ്ങളൊക്കെ ഗൃഹാതുരരാണ്. ഞങ്ങള്‍ക്ക് കുടുംബത്തെയും രാജ്യത്തെയും നഷ്ടപ്പെടുന്നതുപോലെ തോന്നുന്നു. വിയറ്റ്മിനുകളെ (വിയറ്റ്നാം സൈനികര്‍) കൊല്ലാനായാണ് ഞങ്ങളെ ഇങ്ങോട്ടയച്ചിരിക്കുന്നത്. ഞങ്ങള്‍ അവരെ കൊല്ലുമോ, അതോ അവര്‍ ഞങ്ങളെ കൊല്ലുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ഒരിക്കലും വീട്ടിലേക്കു മടങ്ങാനാവാത്ത അവസ്ഥ വരുമോയെന്നും അറിയില്ല. താറുമാറായ സ്വന്തം ജീവിതം തിരിച്ചുപിടിക്കാന്‍ ഇവിടത്തെ ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നതു കാണുമ്പോള്‍ സമാന അവസ്ഥയിലുണ്ടായിരുന്ന ഫ്രാന്‍സിലെ എന്റെ ബന്ധുക്കളെയാണ് എനിക്കോര്‍മവരുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ ഇതുപോലെ കഷ്ടപ്പെട്ടിരുന്നു. ഇവിടത്തെ സന്ന്യാസിമാരുടെ സ്വച്ഛവും ശാന്തവുമായ ജീവിതം കാണുമ്പോള്‍ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതത്തെക്കുറിച്ച് ഞാനോര്‍ക്കുകയാണ്. എന്തിനാണ് ഞങ്ങള്‍ ഇങ്ങോട്ടുവന്നതെന്ന് ഞാന്‍ അദ്ഭുതപ്പെടുകയാണ്. ഇത്രയും ദൂരം താണ്ടി വിയറ്റ്മിനുകളുമായി യുദ്ധംചെയ്യാന്‍ അവരും ഞങ്ങളുമായുള്ള ബദ്ധശത്രുതയ്ക്കു കാരണമെന്താണ്?'' -അയാളുടെ കണ്ണുകള്‍ തിളങ്ങി.
അടുത്തുചെന്ന് അയാളുടെ കരം ഗ്രഹിച്ചുകൊണ്ട്, ഫ്രഞ്ചുകാരുമായി യുദ്ധംചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരു പഴയ സുഹൃത്തിന്റെ കഥ ഞാന്‍ പറഞ്ഞു. ആ സുഹൃത്ത് പല യുദ്ധങ്ങളിലും വിജയിക്കുകയുമുണ്ടായി. ഒരിക്കല്‍ ആ സുഹൃത്ത് എന്നെ കാണാന്‍ എന്റെ ക്ഷേത്രത്തില്‍വന്നു.
എന്നെ ആലിംഗനം ചെയ്തുകൊണ്ട് അവന് പൊട്ടിക്കരഞ്ഞു. ഒരിക്കല്‍ ശത്രുപക്ഷത്തെ ഒരു കോട്ട ആക്രമിക്കാന്‍പോയ കാര്യം അവന് പറഞ്ഞു. ഒളിച്ചിരുന്നിരുന്ന് പാറയ്ക്കു പിന്നിലിരുന്ന് നോക്കിയപ്പോള്‍ അവന് രണ്ട് യുവ ഫ്രഞ്ച് പട്ടാളക്കാരെ കണ്ടു. അവര്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. ചുറുചുറുക്കുള്ള, നിഷ്കളങ്കമായ അവരുടെ മുഖം കണ്ടപ്പോള്‍ തനിക്ക് വെടിയുതിര്‍ക്കാന്‍ തോന്നിയില്ലെന്ന് അവന് പറഞ്ഞു. ''ഞാന്‍ ദുര്‍ബലനാണെന്നും എല്ലാ വിയറ്റ്നാം പട്ടാളക്കാരും ഇതുപോലെയായിരുന്നെങ്കില്‍ രാജ്യം എന്നേ ശത്രുക്കള്‍ കീഴടക്കിയേനെ എന്നും ആളുകള്‍ പറയുമായിരിക്കാം. പക്ഷേ, ഒരു നിമിഷം എന്റെ അമ്മ എന്നെ സ്നേഹിക്കുന്നതുപോലെ ഞാനെന്റെ ശത്രുക്കളെ സ്നേഹിച്ചുപോയി. എന്റെ ഇളയ സഹോദരന്റെ മരണത്തില്‍ എന്റെ അമ്മ വേദനിച്ചതുപോലെ ഇവരുടെ മരണത്തില്‍ ഫ്രാന്‍സിലുള്ള ഇവരുടെ അമ്മമാരും വേദനിക്കുമെന്ന് എനിക്കറിയാം'' -എന്റെ സുഹൃത്ത് അന്ന്്് എന്നോടു പറഞ്ഞു.
''നിങ്ങള്‍ നോക്കൂ, ആ യുവ വിയറ്റ്നാം സൈനികന്റെ മനസ്സ് മനുഷ്യസ്നേഹത്താല്‍ നിറഞ്ഞിരുന്നു'' -ഞാന്‍ മുന്നില്‍നില്‍ക്കുന്ന ഫ്രഞ്ച് സൈനികനോടു പറഞ്ഞു.
അയാള്‍ ചിന്തയില്‍ മുഴുകി തീര്‍ത്തും നിശ്ശബ്ദനായി ഇരുന്നു. ഒരുപക്ഷേ, എന്നെപ്പോലെ അയാളും മനുഷ്യനെ കൊല്ലുന്നതിലെ നിരര്‍ഥകതയെക്കുറിച്ചും യുദ്ധത്തിന്റെ ദുരന്തത്തെക്കുറിച്ചും യുവസൈനികര്‍ നീതിരഹിതമായും ഹൃദയഭേദകമായും കൊല്ലപ്പെടുന്നതിനെക്കുറിച്ചും ബോധവാനായിട്ടുണ്ടായിരിക്കാം. അപ്പോഴേക്കും സൂര്യന് ഉദിച്ചുയര്ന്നുകഴിഞ്ഞിരുന്നു. എനിക്ക് പോകേണ്ട സമയമായിരുന്നു. തന്റെ പേര് ഡാനിയേല്‍ മാര്‍ട്ടി എന്നാണെന്നും തനിക്ക് ഇരുപത്തിയൊന്ന് വയസ്സേ ആയിട്ടുള്ളൂവെന്നും ആ സൈനികന് എന്നോടു പറഞ്ഞു. വിയറ്റ്നാമിലേക്കു വരുന്നതിനു തൊട്ടുമുമ്പ് തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം അയാള്‍ പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തന്റെ അമ്മയുടെയും ഇളയ സഹോദരന്റെയും സഹോദരിയുടെയും ചിത്രങ്ങള്‍ അയാളെനിക്കു കാണിച്ചുതന്നു. പരസ്പരം അറിഞ്ഞതിന്റെയും സുഹൃദ്ബന്ധത്തിന്റെയും വികാരത്തില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഞായറാഴ്ചകളില്‍ ക്ഷേത്രത്തില്‍വന്ന് എന്നെ കാണാമെന്ന് അയാള്‍ വാഗ്ദാനംചെയ്തു.
പിന്നീടുള്ള മാസങ്ങളില്‍ ആവുന്ന സമയത്തൊക്കെ അയാള്‍ എന്നെ വന്നുകണ്ടു. ധ്യാനമുറിയിലേക്കു കൊണ്ടുപോയി ഞാനയാള്‍ക്ക് ധ്യാനം പരിശീലിപ്പിക്കാറുണ്ടായിരുന്നു. 'തന് ലുവോങ്' എന്ന് ഞാനയാള്‍ക്ക് ആത്മീയ നാമകരണം ചെയ്തു. 'കലര്‍പ്പില്ലാത്ത, ഉന്മേഷകരവും സമാധാനപൂര്‍ണവുമായ ജീവിതം' എന്നായിരുന്നു ആ പേരിനര്‍ഥം. അയാള്‍ക്ക് ഞാന്‍ കൂടുതലായി വിയറ്റ്നാമീസ് ഭാഷ പഠിപ്പിച്ചു. സൈന്യം പഠിപ്പിച്ച കുറച്ച് പ്രയോഗങ്ങള്‍ മാത്രമേ അയാള്‍ക്ക് അറിയുമായിരുന്നുള്ളൂ. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിയറ്റ്നാമീസില്‍ പരസ്പരം സംസാരിക്കാമെന്ന അവസ്ഥ ഞങ്ങള്‍ക്കുണ്ടായി. മുമ്പ് ചെയ്തിരുന്നതുപോലെ തനിക്ക് പരിശോധനകള്‍ക്കു പോകേണ്ടിവരില്ലെന്നു പറഞ്ഞ അയാള്‍ അതിലുള്ള ആശ്വാസം പങ്കുവെച്ചു. വീട്ടില്‍നിന്നു വരാറുള്ള കത്തുകള്‍ അയാളെന്നെ കാണിച്ചു. എന്നെ കാണുമ്പോഴൊക്കെ അയാള്‍ കൈകൂപ്പി അഭിവാദ്യം ചെയ്തു. ഒരുദിവസം സസ്യാഹാരം കഴിക്കാന്‍ ക്ഷേത്രത്തിലേക്ക് ഞങ്ങളയാളെ ക്ഷണിച്ചു. ക്ഷണം അയാള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ നല്കിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് അയാള്‍ അത്യധികം പുകഴ്ത്തി. കൂണും അരിയും ഉപയോഗിച്ച് എന്റെ സഹോദരനുണ്ടാക്കിയ സൂപ്പ് അയാള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. അത് സസ്യാഹാരമാണെന്നു വിശ്വസിക്കാനാവുന്നില്ലെന്ന് അയാള്‍ പറഞ്ഞു. അത് വിശ്വസിക്കാനായി, എങ്ങനെയാണ് അതുണ്ടാക്കുന്നതെന്ന് ഞാനയാള്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ടിവന്നു. ക്ഷേത്രഗോപുരത്തിനു സമീപമിരിക്കവേ, ആത്മീയതയിലേക്കും സാഹിത്യത്തിലേക്കുമൊക്കെ ഞങ്ങളുടെ സംസാരം വഴുതിവീഴാറുണ്ട്. ഫ്രഞ്ച് സാഹിത്യത്തെ ഞാന്‍ പ്രശംസിച്ചപ്പോള്‍, തന്റെ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ അയാളുടെ കണ്ണുകള്‍ തിളങ്ങി. ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ദൃഢമായി.
ഒരുദിവസം ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ തന് ലുവോങ് തന്റെ സംഘം മറ്റൊരു സ്ഥലത്തേക്കു പോകുകയാണെന്നു പറഞ്ഞു. ഏറെത്താമസിയാതെ തനിക്ക് സ്വദേശത്തേക്കു മടങ്ങാനാവുമെന്ന് അയാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. മടങ്ങവേ, കവാടംവരെ ഞാനയാളെ അനുഗമിച്ചു. ആലിംഗനം ചെയ്തുകൊണ്ട് ഞങ്ങള്‍ യാത്രപറഞ്ഞു.
''സഹോദരാ, ഞാന്‍ നിങ്ങള്ക്കെഴുതാം'' -അയാള്‍ പറഞ്ഞു.
''നിങ്ങളുടെ കത്തുകള്‍ സ്വീകരിക്കാനും അതിനു മറുപടിയെഴുതാനും എനിക്കു സന്തോഷമേയുള്ളൂ'' -മറുപടിയായി ഞാന്‍ പറഞ്ഞു.
ഒരു മാസത്തിനുശേഷം എനിക്കയാളുടെ കത്തുകിട്ടി. താമസിയാതെ അയാള്‍ ഫ്രാന്‍സിലേക്കു പോകുമെന്നും എന്നാല്‍, ഏറെ വൈകാതെ അള്‍ജീരിയയിലേക്കു പോകേണ്ടിവരുമെന്നും അതില്‍ പറഞ്ഞിരുന്നു. അവിടെ പോയാലും എഴുതാമെന്നും ആ കത്തിലുണ്ടായിരുന്നു. പക്ഷേ, അതിനുശേഷം അയാളുടെ വിവരമൊന്നുമില്ലാതായി. ആര്‍ക്കറിയാം തന് ലുവോങ് ഇപ്പോള്‍ എവിടെയാണെന്ന്. അയാള്‍ സുരക്ഷിതനാണോ?
അവസാനമായി ഞാന്‍ കാണുമ്പോള്‍ അയാള്‍ തികച്ചും ശാന്തനായിരുന്നു. അത്തരത്തിലേക്ക് അയാളെ മാറ്റിയത് ഞങ്ങളുടെ നിശ്ശബ്ദമായ ക്ഷേത്രാന്തരീക്ഷമാണ്. എല്ലാ ജീവജാലങ്ങളെയും ജീവിക്കാന്‍ അനുവദിച്ചതിലൂടെ അയാള്‍ സ്വന്തം ഹൃദയം സമ്പന്നമാക്കി. യുദ്ധത്തിന്റെ നശീകരണവും നിരര്‍ഥകതയും അയാള്‍ കണ്ടു. ഇതെല്ലാം സാധ്യമായത് ശക്തമായ, മുറിവുണക്കുന്ന, അദ്ഭുതകരമായ നിശ്ശബ്ദതയുടെ കടലിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടതോടെയാണ്.
(തിച്ച് നാത് ഹാനിന്റെ AT HOme in the world എന്ന പുസ്തകത്തില്‍നിന്ന്
പരിഭാഷ: സന്തോഷ് വാസുദേവ്
Content Highlights: At Home in the World Malayalam Excerpts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..