'മ്മക്ക് ഇരിങ്ങാലക്കൊടേല് ബിസിനസ്സാ' ; മുംബൈയില്‍ വെച്ച് കണ്ട ആ ജുബ്ബക്കാരന്‍ അന്ന് പറഞ്ഞു


അഷ്ടമൂര്‍ത്തി

''ദെന്താ, ദെന്താദ്?'' തേങ്ങയിലേക്ക് ചൂണ്ടി നമ്പൂരി ചോദിക്കുന്നു. തേങ്ങാക്കള്ളന്റെ നിഷ്‌കളങ്കമായ മറുപടി: ''ദ് തേങ്ങ്യല്ലേ!'' ആ തേങ്ങാക്കള്ളനെ കണ്ട് നമ്പൂരിയെക്കാള്‍ ഞെട്ടിയത് ഞങ്ങളാണ്. പീയു എന്റെ നേരെ തിരിഞ്ഞു: ''എടോ, ഇദ് നമ്മളന്ന് വി.ടി. സ്റ്റേഷനില്‍ വെച്ചുകണ്ട ആളല്ലേ?''

അഷ്ടമൂർത്തി, ഇന്നസെന്റ്‌

മുപ്പത് വര്‍ഷം മുമ്പ് മുംബൈയിലെ തിരക്കുപിടിച്ച വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷനില്‍വെച്ച് കണ്ട ഒരു ഇരിങ്ങാലക്കുടക്കാരന്‍. അയാളെ പിന്നീട് റിവോളി തിയേറ്ററിലിരുന്ന് മറ്റൊരു വേഷത്തില്‍ കണ്ടപ്പോള്‍ അമ്പരന്നുപോയ അനുഭവം എഴുതുന്നു പ്രശസ്ത കഥാകൃത്തായ ലേഖകന്‍...

കുറച്ചുകാലം മുമ്പാണ്. എന്നുവെച്ചാല്‍ എഴുപതുകളുടെ അവസാനം. വേദി ബോംബെയിലെ വി.ടി. സ്റ്റേഷന്‍. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. ഞങ്ങള്‍ കുറച്ച് ചെറുപ്പക്കാര്‍ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഹാജരായിട്ടുണ്ട്. ജയന്തിജനത വണ്ടി അവിടെനിന്നാണ് പുറപ്പെടുന്നത്. ഞങ്ങള്‍ കൂട്ടുകാരിലൊരാളെ യാത്രയാക്കാന്‍വേണ്ടി എത്തിയതാണ്. മൂന്ന് മുപ്പത്തഞ്ചിനാണ് വണ്ടി പുറപ്പെടുന്നത്. അരമണിക്കൂര്‍ മുമ്പേ എത്തിയത് കൂട്ടുകാരനെ വേണ്ടവിധം യാത്രയാക്കാനാണ്. അക്കാലത്ത് അതൊരു അനുഷ്ഠാനം പോലെയായിരുന്നു. ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ സമുചിതമായ യാത്രയയപ്പ്. വണ്ടി വന്നു കിടപ്പുണ്ടായിരുന്നതിനാല്‍ കൂട്ടുകാരന്‍ അകത്തുകയറി ഇരിപ്പായിരുന്നു. പിന്നീടുള്ള സമയം യാത്രയാക്കാന്‍ വന്നവര്‍ക്ക് മഹാബോറാണ്. എങ്ങനെയെങ്കിലും വണ്ടി ഒന്നു നീങ്ങിക്കിട്ടിയാല്‍ മതിയെന്നു തോന്നും. യാത്രയയപ്പുകാര്‍ ഓരോരുത്തരായി പ്ലാറ്റ്‌ഫോമില്‍ ചുറ്റിക്കറങ്ങി നടക്കാന്‍ തുടങ്ങി. അപ്പോള്‍ അക്കൂട്ടത്തില്‍ ഒരാളായ പീയു (ചുരുക്കപ്പേരാണ്) എന്നെ വിളിച്ചു: ''എടോ, വിചിത്രമായ ഒരു പേരു കണ്ട്വോ? ഇന്നൊലെന്റ്!'' പ്ലാറ്റ്ഫോമില്‍ നിരത്തിവെച്ചിരിക്കുന്ന ഒട്ടേറെ പീഞ്ഞപ്പെട്ടികളിലേക്കു ചൂണ്ടിയാണ് പീയു അതു പറഞ്ഞത്. ഞാന്‍ പീഞ്ഞപ്പെട്ടികളുടെ അടുത്തെത്തി. ഓരോ പെട്ടിയുടെ മുകളിലും വയലറ്റ് മഷികൊണ്ട് എഴുതിവെച്ചിരിക്കുന്നു: INNOCENT, IRINJALAKUDA പക്ഷെ C എന്നെഴുതിയപ്പോള്‍ അത് L പോലെയായിട്ടുണ്ട്. ''എടോ പീയൂ, ഇത് ഇന്നലെന്റെന്നൊന്ന്വല്ല; ഇന്നസെന്റ് എന്നാ!''

എന്റെ ശബ്ദം കുറച്ച് ഉറക്കെയായിപ്പോയി എന്നു തോന്നുന്നു. പിന്നില്‍നിന്ന് ഒരാള്‍ എന്റെ പുറത്തു തട്ടി: ''അത് ഞ്യാനാ!''

തിരിഞ്ഞുനോക്കിയപ്പോള്‍ പൊക്കം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍കൈയും കെട്ടി നില്‍ക്കുന്നു. മുണ്ടും ജുബ്ബയുമാണ് വേഷം. തലമുടി പിന്നാക്കം ചീന്തിവെച്ചിരിക്കുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണട. കട്ടിമീശ. തോളത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു തുണിസഞ്ചിയുമുണ്ട്.

''മ്മക്ക് ഇരിങ്ങാലക്കൊടേല് ബിസിനസ്സാ,'' ചെറുപ്പക്കാരന്‍ പറഞ്ഞു. ''ഈ പെട്ട്യോളൊക്കെ അങ്ങട് പുവ്വാന്‍ള്ളതാ.''

പീയുവിന് സന്തോഷമായി. ആരെയെങ്കിലും പുതിയതായി പരിചയപ്പെടാനും പിന്നീട് ആ ബന്ധം കൂടെക്കൊണ്ടുനടക്കാനും ഉത്സാഹമുള്ള ആളാണ്. മലയാളികളാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. കേറിത്തട്ടും. ഭാഷ മണിമണിയാണ്. ഹിന്ദിയായാലും; ഇംഗ്ലീഷായാലും. ആകെ ഒരു തഞ്ചക്കേടുള്ളത് വിക്കാണ്. പരിഭ്രമം വന്നാല്‍ വിശേഷിച്ചും.

പീയു ഉത്സാഹത്തോടെ ചെറുപ്പക്കാരനോട് ചോദ്യങ്ങള്‍ തുടങ്ങി. ചെറുപ്പക്കാരന്‍ ഉടനുടന്‍ മറുപടിയും. കൂട്ടത്തില്‍ എവിടെയാണ് താമസം എന്നു ചോദിച്ചതിന് ഇരിങ്ങാലക്കുടയിലാണെന്ന് ഉത്തരം. ക്രൈസ്റ്റിന്റെ അടുത്താണോ എന്ന് പീയുവിന്റെ തുടര്‍ചോദ്യം. അതെ എന്ന ഉത്തരത്തോടൊപ്പം ഇന്നസെന്റിന്റെ മറുചോദ്യവും: ''ക്രൈസ്റ്റില്‍ പടിച്ച്ണ്ടാ?''

അയാള്‍ പത്താംക്ലാസ്സുകാരനാണ്. ടൈപ്പ് റൈറ്റിങ് പാസായി നേരെ ബോംബെയില്‍ എത്തിയതാണ്. പക്ഷേ, അയാളുടെ വര്‍ത്തമാനം കേട്ടാല്‍ ഏറ്റവും ചുരുങ്ങിയത് എമ്മെ ഇംഗ്ലീഷാണെന്നു തോന്നും. ഇതിനുമുമ്പും എത്രയോ പേര്‍ അയാളുടെ വര്‍ത്തമാനം കേട്ടിട്ട് ഏതു കോളേജിലാ പഠിച്ചത്, എന്തായിരുന്ന സബ്ജെക്ട് എന്നൊക്കെ തിരക്കിയിട്ടുണ്ട്. ഇന്നസെന്റിനെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ, ആ ചോദ്യം കേട്ടതോടെ പീയുവിന്റെ മുഖം പോയി.

''അവട്യൊന്നും എത്തീല്യാല്ലേ!'' കൈയും കെട്ടിനിന്നുകൊണ്ട് ഇന്നസെന്റിന്റെ അടുത്ത ചോദ്യം.

പീയു വിസ്തരിച്ച് വിക്കി. ''അല്ലല്ല, ഞാന്‍ സെ-സെന്തോ-മസ്സിലാ - പ-പഠിച്ചത്'' എന്നൊക്കെ പറഞ്ഞൊപ്പിക്കാന്‍ നോക്കി. ഇന്നസെന്റ് ഒന്നും കേട്ടതായി ഭാവിച്ചില്ല. ഇരിങ്ങാലക്കുടയിലെ തന്റെ ബിസിനസ്സിനെപ്പറ്റി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. വണ്ടി പുറപ്പെടാന്‍ ഇനി അഞ്ച് മിനിറ്റേയുള്ളൂ. അയാള്‍ വണ്ടിയില്‍ കയറാന്‍ ഉത്സാഹം കാണിക്കുന്നില്ല.

''സമയം മൂന്നരയായി,'' ഞാന്‍ ഓര്‍മിപ്പിച്ചു.

''അറിയാം,'' കൈയുംകെട്ടിനിന്നുകൊണ്ടുതന്നെയുള്ള മറുപടി. അയാള്‍ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്നതുപോലെ എന്‍ജിന്റെ നേരെ നോക്കുകയാണ്.

''ടിക്കറ്റൊന്നും ശര്യായിട്ടില്യ,'' അയാള്‍ തുടര്‍ന്നു. ''ശര്യാക്കാംന്ന് പറഞ്ഞ്ണ്ട്. ഇതൊക്കെ പതിവാ. മ്മടെ ജീവിതൊക്കെ പ്പൊ ഈ വണ്ടീടെ ഉള്ളിലല്ലേ!''

ഞങ്ങള്‍ യാത്രപോവുന്ന കൂട്ടുകാരന്‍ ഇരിക്കുന്ന ബോഗിയുടെ അടുത്തേക്കെത്തി. ഇന്നസെന്റ് അവിടെനിന്ന് പിന്നിലേക്കു നീങ്ങി രണ്ടാം ബോഗിയുടെ വാതിലിന്റെ മുന്നില്‍ അപ്പോഴും ൈകയും കെട്ടിനില്‍പ്പാണ്. വണ്ടി ചൂളം വിളിച്ച് ഇളകിയനേരം അയാള്‍ വാതിലിലൂടെ പൊത്തിപ്പിടിച്ചുകയറി.

പിന്നെ മാസങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ ആ ജുബ്ബക്കാരനെ മറന്നു. ഒരു ഞായറാഴ്ച റിവോളി തിയേറ്ററിലിരുന്ന് മലയാളം സിനിമ 'സൂര്യദാഹം' കാണുകയാണ് ഞങ്ങള്‍ കുറച്ചുപേര്‍. പീയുവുമുണ്ട്. സ്‌ക്രീനില്‍ ഒരു തേങ്ങാക്കള്ളന്‍. തെങ്ങില്‍നിന്ന് തേങ്ങ പറിച്ച് താഴെയിടുകയാണ്. ഉടമസ്ഥന്‍ നമ്പൂരി കലി തുള്ളി കള്ളന്റെ അടുത്തേക്കെത്തുന്നു. ''ദെന്താ, ദെന്താദ്?'' തേങ്ങയിലേക്ക് ചൂണ്ടി നമ്പൂരി ചോദിക്കുന്നു. തേങ്ങാക്കള്ളന്റെ നിഷ്‌കളങ്കമായ മറുപടി: ''ദ് തേങ്ങ്യല്ലേ!'' ആ തേങ്ങാക്കള്ളനെ കണ്ട് നമ്പൂരിയെക്കാള്‍ ഞെട്ടിയത് ഞങ്ങളാണ്. പീയു എന്റെ നേരെ തിരിഞ്ഞു: ''എടോ, ഇദ് നമ്മളന്ന് വി.ടി. സ്റ്റേഷനില്‍ വെച്ചുകണ്ട ആളല്ലേ?''

''അതെ. ഇന്നൊലെന്റ്; അല്ല ഇന്നസെന്റ്!'' ഇപ്പോള്‍ വിക്കിയത് ഞാനായിരുന്നു. ആ ജുബ്ബക്കാരനാണ് പിന്നീട് പ്രസിദ്ധനായ നടനും പാര്‍ലമെന്റ് മെമ്പറും ഇപ്പോള്‍ കേരളസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായതെന്ന് ആലോചിക്കുമ്പോള്‍ എന്റെ വിക്കല്‍ മാറിയിട്ടില്ല.

Content Highlights: Ashtamoorthi memory about actor Innocent


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented