ജ്ഞാനപീഠത്തിലെ ആദ്യഎഴുത്തുകാരിയുടെ പ്രസംഗം: ആശാപൂര്‍ണാദേവിയെന്ന കാലികസത്യം!


ആധുനിക കാലഘട്ടത്തില്‍ വന്ന പരിവര്‍ത്തനങ്ങളുടെ ഫലമായി പഴഞ്ചന്‍ സമൂഹത്തിന്റെ യാഥാസ്ഥിതികരൂപം ഇന്നില്ലാതായിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. നിയമത്തിന്റെ സുരക്ഷിതത്വം നേടിക്കൊണ്ട് സ്ത്രീകള്‍ ഇന്ന് അവരുടെ നിസ്സഹായാവസ്ഥ തരണം ചെയ്തിട്ടുണ്ട്. അടഞ്ഞ ലോകത്തുനിന്ന് പുറത്തുവന്ന് അവര്‍ നില്‍പ്പുറപ്പിച്ചിട്ടുണ്ട്.

രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡിയിൽ നിന്നും ജ്ഞാനപീഠം സ്വീകരിക്കുന്ന ആശാപൂർണാദേവി/ഫോട്ടോ മാതൃഭൂമി ആർക്കൈവ്‌സ്‌

ആശാപൂര്‍ണാദേവിയാണ് ജ്ഞാനപീഠപുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരി. ജ്ഞാനപീഠം നല്‍കിവന്ന നാള്‍തൊട്ട് പുരുഷ എഴുത്തുകാര്‍ കുത്തകയാക്കിവെച്ചിരുന്ന ഈ മഹത്തായ പുരസ്‌കാരം വനിതാ എഴുത്തുകാരിലേക്കെത്തിക്കാനുള്ള നാന്ദി കുറിച്ചത് ആശാപൂര്‍ണാദേവിയാണ്. ബംഗാളി സാഹിത്യത്തിലെ പ്രൗഢകൃതികളിലൊന്നായ 'പ്രഥമപ്രതിശ്രുതി'യ്ക്കായിരുന്നു പുരസ്‌കാരം. ആശാപൂര്‍ണാദേവി ഈ പുരസ്‌കാരം സ്വീകരിച്ചിട്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു, എഴുത്തുകാരി ഓര്‍മയായിട്ട് ഇന്നേക്ക് ഇരുപത്തിയേഴ് വര്‍ഷവും. ജ്ഞാനപീഠം സ്വീകരിച്ചുകൊണ്ട് എഴുത്തുകാരി നടത്തിയ പ്രസംഗം ഇന്ത്യന്‍ സാമൂഹികഘടനയ്ക്കുള്ള നിശിതവിമര്‍ശനം കൂടിയാണ്. വര്‍ഷങ്ങള്‍ ഇത്രയായിട്ടും ആശാപൂര്‍ണാദേവിയുടെ അന്നത്തെ പ്രസംഗം കാലികപ്രസക്തമായി നിലകൊള്ളുന്നതിന്റെ കാരണവും ഇനിയും ഭേദഗതിവന്നുചേര്‍ന്നിട്ടില്ലാത്ത ഇന്ത്യന്‍സാമൂഹികഘടനതന്നെയാണ്. ജ്ഞാനപീഠം സ്വീകരിച്ചുകൊണ്ട് ആശാപൂര്‍ണാദേവി നടത്തിയ പ്രസംഗം എഴുത്തുകാരനും അധ്യാപകനും വിവര്‍ത്തകനുമായ ഡോ. ആര്‍സു പരിഭാഷപ്പെടുത്തിയത് ഈയവസരത്തില്‍ വായിക്കാം.

ഭാരതീയ ജ്ഞാനപീഠത്തോടും അവാര്‍ഡ് നിര്‍ണയസമിതി അംഗങ്ങളോടും ഞാന്‍ ആത്മാര്‍ഥവും ഹൃദയംഗമവുമായ നന്ദി പ്രകാശിപ്പിക്കുന്നു. 1976-ലെ ഈ സമുന്നത പുരസ്‌കാരം എന്റെ 'പ്രഥമപ്രതിശ്രുതി'യ്ക്ക് നല്‍കിക്കൊണ്ട് അവരെന്നെ കൃതജ്ഞതകൊണ്ട് വലയം ചെയ്തിരിക്കുകയാണ്.

എന്നെപ്പോലുള്ള ഒരു എളിയ എഴുത്തുകാരിക്ക് ഈ രീതിയിലുള്ള അംഗീകാരം ആനന്ദവും അഭിമാനവും നല്‍കുന്നുണ്ട്. 1977 ഡിസംബര്‍ 15-നാണ് സന്തോഷപ്രദമായ ഈ അവാര്‍ഡ് പ്രഖ്യാപനമുണ്ടാകുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന്റെയും ഏറ്റുവാങ്ങലിന്റെയും ഇടയ്ക്ക് എന്റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞാന്‍ വേദനയോടെ അനുസ്മരിക്കട്ടെ. ഈയിടയ്ക്ക് എന്റെ ജീവിതത്തില്‍ ദുരന്തപൂര്‍ണമായ ഒരു സംഭവമുണ്ടായി. ഈ ചടങ്ങില്‍ സംബന്ധിച്ച് അവാര്‍ഡ് സ്വീകരിക്കുക എനിക്ക് അസാധ്യമായേനെ. ജ്ഞാനപീഠം സംഘടിപ്പിക്കുന്ന ഈ ചടങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്മരിച്ചപ്പോള്‍ ഏതുനിലയ്ക്കും ഇതില്‍ പങ്കെടുക്കണമെന്ന് ബോധ്യം വന്നു.

ഇന്ന് നമ്മുടെ നാട്ടില്‍ നാനാതരം സാഹിത്യ അവാര്‍ഡുകളുണ്ട്. എന്നാല്‍ ഭാരതീയജ്ഞാനപീഠം അവാര്‍ഡിന് ഒരു പ്രത്യേക പ്രൗഢിയുണ്ട്. അവരെ ഏതു നിലയ്ക്കും അഭിനന്ദിക്കുകതന്നെ വേണം.

വായനക്കാര്‍ക്ക് നേരമ്പോക്കിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നതില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല സാഹിത്യം. അത് രാജ്യത്തിന്റെ വിദ്യാഭ്യാസം, സംസ്‌കാരം, സഭ്യത ഇവയുടെ സൂചകസ്തംഭമാണ്. ഭൂതകാലത്തിന് പരിരക്ഷ നല്‍കി, വര്‍ത്തമാനകാലത്തെ ഉള്‍ക്കൊണ്ട് ഭാവിയെ കരുപ്പിടിപ്പിക്കുക എന്നത് സാഹിത്യത്തിന്റെ ധര്‍മമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നവരും നമ്മുടെ നന്ദിക്ക് അര്‍ഹരാണ്.

ഞാന്‍ സാഹിത്യരംഗത്ത് കടന്നുവന്നത് എങ്ങനെയാണ്? എന്റെ പ്രചോദനം എന്തായിരുന്നു? ഈ ചോദ്യങ്ങളെ എനിക്ക് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് അരനൂറ്റാണ്ട് പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ആകസ്മികമായിട്ടാണ് അതിന്റെ തുടക്കമെന്ന് പറയേണ്ടി വരും.

അന്നെനിക്ക് കഷ്ടി പതിമൂന്ന് വയസ്സ് കാണും. എന്തെങ്കിലും എഴുതണമെന്ന് പെട്ടെന്ന് തോന്നി. അതൊരു അഭിനിവേശമായിരുന്നു. നിമിഷങ്ങള്‍ക്കകം എന്റെ കൈ ഒരു കവിതയ്ക്ക് പിറവി നല്‍കി.

അതു ഞാന്‍ അവിടെ കൊണ്ട് അവസാനിപ്പിച്ചില്ല. ശൈശവാവേശം നിര്‍ത്തി ഞാന്‍ ഉടന്‍ തന്നെ ആ കവിത പ്രശസ്തമായൊരു ബാലമാസികയ്ക്ക് അയച്ചുകൊടുത്തു. എന്റെ ഒന്നാമത്തെ ആ രചന തിരസ്‌കരിക്കപ്പെട്ടിരുന്നെങ്കില്‍ ഒരെഴുത്തുകാരിയായി പിന്നീട് ഞാന്‍ ഉയര്‍ന്നുവരുമായിരുന്നില്ല. എന്റെ രചന പ്രസിദ്ധീകരിക്കപ്പെട്ടു എന്നുമാത്രമല്ല, കൂടുതല്‍ കൂടുതല്‍ രചനകള്‍ അയക്കാന്‍ പത്രാധിപര്‍ എന്നോട് അഭ്യര്‍ഥിക്കുകയുണ്ടായി.

ഒരു സാഹിത്യമത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടിയതോടെ എന്റെ ഉത്സാഹം ഒന്നുകൂടി വര്‍ധിച്ചു. അന്നെനിക്ക് പതിനഞ്ചു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിലെ ആദ്യത്തെ വിജയത്തിന്റെ ഓര്‍മ എന്നില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു.

ഭാഗ്യമെന്നും പറയട്ടെ, പില്‍ക്കാലത്തും എന്റെ ഒരൊറ്റ രചനപോലും പത്രാധിപര്‍ തിരിച്ചയച്ചിട്ടില്ല. തുടക്കത്തില്‍ പത്രാധിപരുടെ അഭ്യര്‍ഥനകള്‍ എനിക്ക് വലിയൊരു പ്രചോദനമായിരുന്നു. അന്നുമുതല്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. ബോധപൂര്‍വമല്ലാതിരുന്ന അന്നത്തെ കുട്ടിക്കളി എന്നില്‍ മാറ്റമുണ്ടാക്കി. എഴുത്ത് എനിക്ക് ഗൗരവപൂര്‍ണമായ പ്രവൃത്തിയായി മാറി.

തികച്ചുമൊരു യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു ഞാന്‍ വളര്‍ന്നത്. അവര്‍ ഒരിക്കലും എന്നെ നിരുത്സാഹപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്തില്ല. അക്കാര്യത്തിലും ഞാന്‍ ഭാഗ്യവതിയാണ്. സ്‌നേഹശീലനും വിശാലഹൃദയനുമായ ഭര്‍ത്താവില്‍ നിന്ന് എനിക്ക് ആത്മാര്‍ഥമായ സഹായ സഹകരണങ്ങള്‍ ലഭിച്ചുവന്നു. സാഹിത്യജീവിതം അമൂല്യമായിരുന്നിട്ടും കുടംബജീവിതത്തിനു ഞാന്‍ പ്രധാന്യം കൂടുതല്‍ നല്‍കിയതിന്റെ കാരണമിതാവാം.

എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. എന്റെ എഴുത്തിന്റെ മുഖ്യഘടകങ്ങള്‍ എന്തെല്ലാമാണ് എന്നതാണ് ആ ചോദ്യം. തികച്ചും സാധാരണ മനുഷ്യരാണ് എന്റെ സാഹിത്യത്തിന്റെ അസംസ്‌കൃതവസ്തുക്കള്‍. അവരുടെ ആത്മാവിന്റെ തേങ്ങലുകള്‍ ഒരിക്കലും ഉച്ചത്തില്‍ കേള്‍ക്കാറില്ല. പിറുപിറുക്കുന്ന രൂപത്തില്‍ മാത്രമേ അവ കേള്‍ക്കാറുള്ളൂ. ആ മനുഷ്യരുടെ നാടകീയമല്ലാത്ത ജീവിതം, അവരുടെ മനസ്സിന്റെ തേങ്ങലുകള്‍, തുടിപ്പുകള്‍, പെരുമാറ്റവൈചിത്യങ്ങള്‍ ഇവയെല്ലാമാണ് എന്റെ രചനകള്‍ക്കുള്ള ഉപകരണങ്ങളായിത്തീര്‍ന്നത്.

എനിക്കു പരിചിതമായ പ്രദേശപരിധിക്കപ്പുറം പോകാന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. പക്ഷേ ഇവിടെ ഞാന്‍ നിന്നുപോകുന്നു. നാം പ്രതീക്ഷിക്കുന്നത്ര സുതാര്യമാണോ ആ പരിചിത മനുഷ്യരുടെ ജീവിതം? അവരുടെ സ്വഭാവനിരീക്ഷണം സാദ്ധ്യമാണെന്ന് ഉറപ്പുണ്ടോ?

മനുഷ്യന്റെ ചേതനാഘടകങ്ങള്‍ രൂപപ്പെടുത്തിയ വിധം എത്രമേല്‍ പരസ്പര വിരുദ്ധങ്ങളാണെന്ന് വിശകലനത്തിലൂടെ മനസ്സിലാകും. ആത്മാവിന്റെ ഇരുണ്ടവഴികളിലൂടെ നമുക്ക് ഊളിയിടാനോ സഹജ ജീവിതസത്യങ്ങളുടെ ചുരുള്‍ നിവര്‍ത്താനോ ആര്‍ക്കും തന്നെ കഴിയുകയില്ല.

തുച്ഛമനുഷ്യരുടെ ബാഹ്യജീവിതരംഗങ്ങളില്‍ അനേകം വര്‍ണങ്ങള്‍ ഒളിച്ചിരിക്കുന്നതായി കണ്ടേക്കാം. സംഭവസ്രോതസ്സുകളും അത്യുദാത്ത ചിന്തകളും ഗഹനധാരണകളും അവിടെ ഉണ്ടായെന്നുവരാം. ബുദ്ധിജീവികളും മാന്യരുമായി കരുതപ്പെടുന്നവരുടെ കാര്യമോ? സങ്കുചിത ചിന്തയ്ക്കായിരിക്കും അവിടെ ആധിപത്യം. വാസ്തവത്തില്‍ മനുഷ്യനുവേണ്ട സഹജവാസനകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ജീവിതത്തില്‍ തള്ളേണ്ടതും കൊള്ളേണ്ടതുമായ ആഗ്രഹാഭിലാഷങ്ങള്‍ ഏതെല്ലാമാണെന്ന് ഗ്രഹിക്കാന്‍ അവന് കഴിയുന്നില്ല. അവന്റെ മനസ്സിന്റെ ഉപബോധതലങ്ങള്‍ ബോധതലത്തെ എങ്ങനെ നയിക്കുന്നുവെന്ന വസ്തുത യഥാര്‍ഥത്തില്‍ അത്ഭുതാവഹം തന്നെയാണ്.

മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഇത്തരം ബോധം ചെറുപ്പം മുതല്‍ക്കുതന്നെ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചിരുന്നു. ആ പ്രായത്തിലെ പക്വമല്ലാത്ത വീക്ഷണം എന്റെ മനസ്സില്‍ അപരിചിതമായൊരു ഭാവം പതിവായി ജനിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും രഹസ്യാത്മകതയുടെ ഒരു യവനിക താനേ എന്റെ മുന്നില്‍ നിവര്‍ത്തപ്പെടുന്നുവെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. നാം കാണുന്ന മനസ്സ് മനുഷ്യാസ്തിത്വത്തിന്റെ സര്‍വ്വസ്വവുമല്ല, അതൊരു പാര്‍ശ്വം മാത്രമാണെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. നമുക്ക് അദൃശ്യമായിരിക്കുന്ന ഒരു ഭാഗവുംകൂടി മനസ്സിനുണ്ട്. അതും അവന്റെ സ്വത്വത്തിന്റെ മുഖ്യഭാഗമാണ്. അവന്റെ ജീവിതത്തിനും സ്വത്വത്തിനുമിടക്കുള്ള സംഘര്‍ഷത്തിന്റെ നിയന്ത്രണം അവിടെയാണ്.

ഈ രീതിയിലുള്ള ധാരണകളിലൂടെ സമൂഹത്തിലെ മനുഷ്യന്റെ ബാഹ്യവിതാനങ്ങള്‍ ഗ്രഹിക്കാന്‍ എനിക്ക് കഴിയാറുണ്ട്. കൃത്രിമത്വത്തിലും നാടകീയതയിലും ഊന്നിനില്‍ക്കുന്ന അത്തരം മനുഷ്യര്‍ പരവഞ്ചന മാത്രമല്ല, ആത്മവഞ്ചനയും കൂടി നടത്തുന്നു. ജീവിതത്തിലെ നഗ്നസത്യത്തെ നേരിടാനുള്ള തന്റേടമില്ലാത്തതിനാല്‍ അവന് അതല്ലാതെ വേറൊരു പോംവഴിയില്ല. ചുറ്റുപാടുകളുടെ ദൃഷ്ടിമാത്രമല്ല, സ്വന്തം മനോഘടനയുടെ കാര്യത്തിലും മനുഷ്യര്‍ നിസ്സഹായരാണ്. ഈ ചിന്ത എന്നില്‍ ചിലപ്പോള്‍ ദയയും ചിലപ്പോള്‍ തമാശയും ഉളവാക്കുന്നു. മിക്കപ്പോഴും അതുണ്ടാക്കുന്നത് അറപ്പാണ്. ഈ ലോകം വിനാശത്തിന്റെ അറ്റത്തെത്തി നില്‍ക്കുകയാണ്. ഇതില്‍ നിന്നൊന്നും പ്രതീക്ഷിക്കാന്‍ വകയില്ലെന്ന തോന്നല്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

അനുഭവങ്ങള്‍ കൂടുതല്‍ ആര്‍ജ്ജിച്ചപ്പോള്‍ ജീവിതത്തിന്റെ നിരന്തരശക്തിയില്‍ എന്റെ മനസ്സിന് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചു. പ്രതീക്ഷ, വിശ്വാസം, സ്‌നേഹം, എന്നിവയുടെ സന്ദേശമാണ് ലോകം മുറുകെപ്പിടിക്കുന്നത്. ക്ഷയിക്കാത്ത അമൃതസ്രോതസ്സുകൊണ്ട് മനുഷ്യര്‍ അനുഗ്രഹീതരാണെന്ന പാഠവും അത് നല്‍കുന്നു.

ചിന്തയുടെ ഈ വിശദീകരണങ്ങള്‍ കൂടുതല്‍കൂടുതല്‍ രചന നടത്തുവാന്‍ എനിക്ക് ആന്തരപ്രചോദനം നല്‍കിക്കൊണ്ടിരുന്നു. ഈ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഞാന്‍ ഒട്ടുവളരെ ചെറുകഥകള്‍ രചിച്ചു. തുടക്കം മുതല്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് കൂടുതല്‍ ദീര്‍ഘമായ ചില സൃഷ്ടികള്‍ നടത്താന്‍ എനിക്ക് അഭിനിവേശമുണ്ടായി. ആ അഭിനിവേശത്തിന്റെ പരിണാമമാണ് 'പ്രഥമപ്രതിശ്രുതി' എന്നുപറയാം.

എന്റെ യൗവനകാലത്ത് പ്രകടിപ്പിക്കപ്പെടാതെ കിടന്ന ചോദ്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ രൂപംപ്രാപിച്ചുവരുന്നു. മനുഷ്യനിര്‍മിതസമൂഹത്തിന്റെ കണ്ണില്‍ മനുഷ്യനും മനുഷ്യനുമിടയ്ക്ക് ഇത്രയും അന്തരമുണ്ടാകാന്‍ കാരണമെന്താണ്? നമ്മുടെ സമൂഹത്തിന്റെ നിലവിലുള്ള ഘടനയില്‍ ഇത്രയും ദുരൂഹമായ വിധത്തില്‍ അസമത്വമുണ്ടാകാന്‍ കാരണമെന്താണ്? ഒരു വിഭാഗം പ്രമാണിമാര്‍ കരുതുന്നത് ഈ ലോകം അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുമെന്നാണ്. സംസ്‌കാരശൂന്യമായ ഇത്തരമൊരു മനോഭാവം അവരിലുണ്ടായതെങ്ങനെയാണ്? സ്ത്രീകളുടെ നിസ്സാരവീഴ്ചകള്‍ക്ക് സമൂഹം ക്രൂരശിക്ഷനല്‍കുന്നു. ന്യായീകരിക്കാനാവാത്ത പുരുഷചെയ്തികളെ മിക്ക അവസരങ്ങളിലും സമൂഹം പൊറുപ്പിക്കുന്നു. ഇത്തരം തരംതിരിവുകളുടെ അടിസ്ഥാനമെന്താണ്? ജീവിതത്തിന്റെ സമസ്തരംഗങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുപോകുന്നത് എന്തുകാരണത്താലാണ്? വീര്‍പ്പുമുട്ടിക്കുക അന്ധകാരപൂര്‍ണമായ അന്ത:പുരത്തില്‍ അവര്‍ക്ക് കഴിഞ്ഞുകൂടേണ്ടിവരുന്നതെന്തുകൊണ്ടാണ്?

എനിക്ക് ബാല്യ, യൗവനഘട്ടങ്ങള്‍ യാഥാസ്ഥികത്വത്തിന്റെ നിബന്ധനയ്ക്കനുസൃതമായാണ് ചെലവഴിക്കേണ്ടിവന്നത്. ആ നിലയ്ക്ക് സ്വാഭാവികമായും പുരുഷന്മാരുടേതിനേക്കാള്‍ സ്ത്രീകളുടെ കാര്യത്തിലാണ് എന്റെ ശ്രദ്ധ പതിഞ്ഞത്. സ്ത്രീകളുടെ വിഷമവും നിസ്സഹായതയും എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. ഈ സാഹചര്യങ്ങള്‍ എന്റെ മനസ്സിനെ നാള്‍ക്കുനാള്‍ നോവിപ്പിച്ചുകൊണ്ടേയിരുന്നു. അതെന്റെ മനസ്സില്‍ കലാപത്തിന്റെയും പ്രതിഷേധത്തിന്റെയുമായ ഒരു പര്‍വതം പടുത്തുയര്‍ത്തി. 'പ്രഥമപ്രതിശ്രുതി'യിലെ നായിക സത്യവതി എന്റെ ഉള്‍ത്തടത്തിലെ നിശബ്ദപ്രതിഷേധങ്ങളുടെ പ്രതീകമാണെന്ന് സമ്മതിക്കുന്നു. യാഥാസ്ഥിതിക സാമൂഹ്യാചാരങ്ങള്‍ ബാല്യത്തില്‍ത്തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും അവയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത പെണ്‍കൊടിയാണവള്‍.

എന്റെ ഗ്രന്ഥത്രയത്തിലെ പ്രഥമഭാഗമാണ് 'പ്രഥമപ്രതിശ്രുതി'. സുബര്‍ണലത, ബകുള്‍കഥ എന്നിവയാണ് മറ്റ് രണ്ട് ഭാഗങ്ങള്‍. ഓരോ കൃതിയും സ്വയം സമ്പൂര്‍ണമാണെങ്കിലും മൂന്നും അന്യോന്യം പൂരകങ്ങളാണ്. ഈ നോവല്‍ ത്രയത്തിലൂടെ മൂന്നുതലമുറകളുടെ ആദ്യമദ്ധ്യവര്‍ത്തമാന കാലങ്ങളുടെ സാമൂഹ്യചരിത്രം ശക്തമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വിശാലലോകത്തിന്റെ ഉത്ഥാനപതനങ്ങള്‍, കലാപങ്ങള്‍, യുദ്ധങ്ങള്‍, സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചകള്‍, തകര്‍ച്ചകള്‍ ഇവയുടെയെല്ലാം രേഖകള്‍ സൂക്ഷിച്ചുവെക്കുക എന്നത് ചരിത്രത്തിന്റെ ചുതലയാണ്. എന്നാല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന വീടുകളിലെ സംഭവങ്ങളുമായി ചരിത്രത്തിന് ബന്ധമില്ല. പൊട്ടിത്തെറികള്‍, കലാപങ്ങള്‍, സമരങ്ങള്‍, മോചനത്തിനുള്ള കരുണാപൂര്‍ണ ഉദ്യമങ്ങള്‍...ഇവ എല്ലാ വീടുകളിലും നടക്കുന്നുണ്ട്. ഇങ്ങനെ അകത്തളങ്ങളില്‍ നടക്കുന്ന രൂപപരിണാമങ്ങളുടെ രേഖയാണ് സാമൂഹ്യനോവലുകള്‍. ആ സാമൂഹ്യചരിത്രത്തിന്റെ ചിലഘട്ടങ്ങള്‍ ഉദാഹരിക്കുവാനുള്ള ഒരെളിയ ഉദ്യമമാണ് എന്റെ നോവല്‍ത്രയത്തിലുള്ളത്.

ആധുനിക കാലഘട്ടത്തില്‍ വന്ന പരിവര്‍ത്തനങ്ങളുടെ ഫലമായി പഴഞ്ചന്‍ സമൂഹത്തിന്റെ യാഥാസ്ഥിതികരൂപം ഇന്നില്ലാതായിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. നിയമത്തിന്റെ സുരക്ഷിതത്വം നേടിക്കൊണ്ട് സ്ത്രീകള്‍ ഇന്ന് അവരുടെ നിസ്സഹായാവസ്ഥ തരണം ചെയ്തിട്ടുണ്ട്. അടഞ്ഞ ലോകത്തുനിന്ന് പുറത്തുവന്ന് അവര്‍ നില്‍പ്പുറപ്പിച്ചിട്ടുണ്ട്.

ഈ ആധുനിക സാമൂഹ്യമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ എനിക്ക് ധന്യത അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈ മോചനപ്രക്രിയ ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ട ഒരു മതപ്രതിജ്ഞയായി വരുംതലമുറ പരിഗണിക്കണം. ഭാവിയിലെ പ്രബുദ്ധകലാകാരന്മാരും സാഹിത്യകാരന്മാരും കവികളും ആ പ്രക്രിയയില്‍ മുന്‍നിരക്കാരായി അണിനിരക്കും. നമ്മുടെ നാട് അവരുടെ കാല്‍വെപ്പുകള്‍ ശ്രദ്ധിച്ചുവരികയാണ്.

Content Highlights: Ashapoorna Devi, Jnanpith Award Speech, Dr. Arsu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented