getbengal.com
പ്രശസ്ത ബംഗാളി നോവലിസ്റ്റും കവയിത്രിയുമായ ആശാപൂര്‍ണ്ണ ദേവിയുടെ ചരമവാര്‍ഷിക ദിനമാണ് ജൂലൈ 13. ഇന്ത്യന്‍ ചെറുകഥയിലും നോവലിലും കവിതയിലും വലിയ സംഭാവനകള്‍ നല്കിയ ആശാപൂര്‍ണ്ണ ദേവി ജ്ഞാനപീഠം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തില്‍ ജനിച്ച ആശാപൂര്‍ണ്ണാ ദേവിയ്ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ പുസ്തകം 1930-ല്‍ പ്രസിദ്ധീകരിച്ചു, എങ്കിലും ആശാപൂര്‍ണ്ണാ ദേവിയുടെ ആദ്യത്തെ പ്രശസ്ത നോവല്‍ 1937-ല്‍ പ്രസിദ്ധീകരിച്ച 'ഭര്‍ത്താവിന്റെ കാമുകി' എന്ന പുസ്തകമാണ്. പേരില്ലാത്തവരും മുഖമില്ലാത്തവരുമായ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടാന്‍ ഈ നോവലുകളിലൂടെ ആശാപൂര്‍ണ്ണാ ദേവിക്ക് സാധിച്ചു.
പോരാളികളും ശക്തരുമായ സ്ത്രീ കഥാപാത്രങ്ങളെ ആശാപൂര്‍ണ്ണാ ദേവി തന്റെ നോവലുകളില്‍ അവതരിപ്പിക്കുന്നു. ആശാപൂര്‍ണ്ണാ ദേവിയുടെ പ്രശസ്ത നോവല്‍ ത്രയം പ്രഥം പ്രതിശ്രുതി, സുബര്‍ണ്ണലത, ബകുല്‍ കൊഥ എന്നിവയാണ്. പ്രഥം പ്രതിശ്രുതി 1966-ലെ രബീന്ദ്ര പുരസ്കാര്‍ നേടിയെടുത്തു. ഈ മൂന്നു നോവലുകള്‍ തലമുറകളിലൂടെയുള്ള സ്ത്രീശാക്തീകരണത്തിന്റെ കഥ പറയുന്നു. ഈ നോവല്‍ ത്രയമാണ് ആശാപൂര്‍ണ്ണാദേവിയെ ബംഗാളിയില്‍ ഒരു പ്രശസ്ത കഥാകാരിയാക്കിയതും ഏഷ്യന്‍ നോവലിസ്റ്റുകളില്‍ പ്രമുഖ ആക്കിയതും. ആശാപൂര്‍ണ്ണാ ദേവിയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതും ഈ നോവല്‍ ത്രയത്തിനാണ്.
170ല്‍ അധികം ബംഗാളി പുസ്തകങ്ങള്‍ ആശാപൂര്‍ണ്ണാ ദേവി രചിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ജ്ഞാനപീഠവും പത്മശ്രീയും കേന്ദ്ര സര്‍ക്കാര്‍ ഫെല്ലോഷിപ്പും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 1995 ജൂലൈ 13 ന് ആശപൂര്ണ്ണ ദേവി അന്തരിച്ചു.
Content Highlights: Ashapoorna Devi Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..