സങ്കടങ്ങളെല്ലാം ഒന്നിച്ചൊരു ജീവിതത്തിലേക്ക്...ചിത്രകലയാല്‍ തടുത്തുനിര്‍ത്തിയ എ.എസ്!


പ്രശസ്ത ചിത്രകാരന്‍ എ.എസ്സിന്റെ മുപ്പത്തിനാലാം ചരമവാർഷികം

എ.എസ്‌

''അത്തിപ്പറ്റ ശിവരാമന്‍ നായര്‍ എന്ന ചിത്രകലയിലെ എ.എസ് നായരുമായി അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരനായി സേവനമനുഷ്ഠിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണ് എനിക്ക്. ആര്‍ട്ടിസ്റ്റ് എം.വി ദേവന്‍ റീജ്യണല്‍ ലളിതകലാ അക്കാദമി സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് എ.എസ് നായര്‍ വരുന്നത്. അക്കാലത്ത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയില്‍ ജോലി തുടങ്ങിയിട്ടുണ്ട്. ചിത്രകലയുടെ കുലപതികളായി രണ്ടുപേരും ആഴ്ചപ്പതിപ്പില്‍ വരകളിലൂടെ നിറഞ്ഞുനിന്നിരുന്നു. അക്കാലത്ത് ആഴ്ചപ്പതിപ്പില്‍ കവിതകള്‍ എഴുതിയാണ് എന്റെ തുടക്കം, എഴുപതുകളിലാണ്. നാലാം ഗേറ്റിനടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു എ.എസ്സും ഭാര്യയും മകള്‍ സുധയും താമസിച്ചിരുന്നത്. അകത്തുവെമ്പിനില്‍ക്കുന്ന വേദനകളെ അടക്കിനിര്‍ത്തി പുറമേ ഉത്സാഹവാനായി കളിചിരികള്‍ പങ്കിടുന്ന എ.എസിനെ കാണുമ്പോഴൊക്കെ ഇത് എന്തൊരു മനുഷ്യനാണ് എന്നു തോന്നിപ്പോയിട്ടുണ്ട്'' - ചിത്രകാരന്‍ എ.എസ് നായരുടെ ചരമവാര്‍ഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് എഴുത്തുകാരനും ചിത്രകാരനുമായ പോള്‍ കല്ലാനോട്.

എ.എസ്സിന്റെ ജന്മദേശം പാലക്കാട് കാറല്‍മണ്ണയിലാണ്. വളരെ ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നുവന്നത്. തൃക്കടീരിമന വാസുദേവന്‍ നമ്പൂതിരിയുടെ സഹായത്താലാണ് അദ്ദേഹം ചിത്രകല പഠിച്ചത്. അദ്ദേഹത്തിന്റെ അമ്മ അവിടത്തെ അടിച്ചുതളിക്കാരിയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കരിക്കട്ടകള്‍ കൊണ്ട് ചുവരായ ചുവരിലെല്ലാം ചിത്രങ്ങള്‍ വരക്കുന്ന എ.എസ്സിലെ പ്രതിഭയെ തിരിച്ചറിഞ്ഞ വാസുദേവന്‍ നമ്പൂതിരി പത്താം ക്ലാസ് കഴിഞ്ഞാല്‍ ഈ കുട്ടിയെ മദ്രാസ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ പഠിപ്പിക്കണം എന്നു തീരുമാനിക്കുകയായിരുന്നു. അദ്ദേഹം അന്നവിടത്തെ വിദ്യാര്‍ഥിയാണ്. പത്താം ക്ലാസു ജയിച്ചാല്‍ മദ്രാസില്‍ കൊണ്ടുപോകും എന്ന വാഗ്ദാനത്തില്‍ പ്രതീക്ഷയോടെ പത്താംക്ലാസിനായി കാത്തിരുന്ന കഥയൊക്കെ എ.എസ് പറയുമായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞതും വാസുദേവന്‍ നമ്പൂതിരി പറഞ്ഞതുപോലെ ചെയ്തു. പക്ഷേ മദ്രാസില്‍ എവിടെ താമസിക്കും, എങ്ങനെ ചെലവ് കഴിക്കും എന്നെല്ലാമുള്ള വിഷമതകള്‍ എ.എസ് സ്വയം ഏല്‍ക്കേണ്ടതുണ്ട്. പഠനഫീസ് നമ്പൂതിരി അയച്ചുകൊടുക്കും. മൂന്നു മലയാളി സഹോദരന്മാര്‍ താമസിക്കുന്ന ഒരു ഒറ്റമുറി കെട്ടിടത്തില്‍ എ.എസ് ഇടം പിടിച്ചത് ഉപാധികളോടെയായിരുന്നു. വാടക കൊടുക്കാന്‍ കഴിവില്ലാത്തതിനാല്‍ മുറി അടിച്ചുവാരി വൃത്തിയാക്കുക, ഭക്ഷണം ഉണ്ടാക്കുക, തുണികഴുകുക തുടങ്ങിയ ജോലികളെല്ലാം എ.എസ് ചെയ്യണം. ഇതെല്ലാം കഴിഞ്ഞ് രാത്രിയാണ് എ.എസ് പഠിക്കുക. വൈദ്യുതിയൊന്നുമില്ലാത്ത മുറിയാണ്. മണ്ണെണ്ണവിളക്കാണ് ശരണം. പക്ഷേ ആ പൊറുതി അധികകാലം പോയില്ല. വാടക തരണമെന്ന് അവര്‍ വാശിപിടിക്കാന്‍ കാരണമുണ്ടായിരുന്നു. തൃക്കടീരി മനയില്‍ നിന്നും മാസാമാസം പഠനച്ചിലവ് എത്തുന്നുണ്ട്. അപ്പോള്‍ എ.എസിന് പണം തരാന്‍ ആളുണ്ട്, മനപ്പൂര്‍വം തരാതിരിക്കുകയാണ് എന്ന അനുമാനത്തിലാണ് ഈ മൂന്നു സഹോദരന്മാര്‍ എത്തിച്ചേര്‍ന്നത്. കടുംപിടിത്തം പിടിച്ചാല്‍ പൈസ കിട്ടും എന്നായിരുന്നു അവരുടെ ധാരണ. എ. എസ് പെരുവഴിയിലായി. തിരികെ നാട്ടിലേക്ക് പോരാനാലോചിക്കവേയാണ് വാസുദേവന്‍ നമ്പൂതിരി തന്നെ പരിചയപ്പെടുത്തിയ ഹോട്ടല്‍ നടത്തുന്ന കൃഷ്ണന്‍ നായര്‍ എന്ന മലയാളിയോട് കൂടി തന്റെ അവസ്ഥ പറയുന്നത്. പഠിപ്പുനിര്‍ത്തി തിരിച്ചുപോകുന്നു എന്നു പറഞ്ഞപ്പോള്‍ അത്രയും ബുദ്ധിമുട്ടാണെങ്കില്‍, ഇനിയും ബുദ്ധിമുട്ട് സഹിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഇവിടെ തന്റെയൊരു കുടുംബാംഗത്തെപ്പോലെ കഴിയാം എന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞു. വലിയൊരു അനുഗ്രഹമായിരുന്നു എ.എസ്സിന് ആ ഔദാര്യം. കൃഷ്ണന്‍ നായര്‍ക്ക് മൂകയും ബധിരയുമായ ഒരു പെണ്‍കുട്ടിയുണ്ട്. കൃഷ്ണന്‍ നായരുടെ ഏറ്റവും വലിയ സങ്കടവും അതായിരുന്നു. മകളുടെ കാര്യം എന്താവും എന്ന ആധി ആ മനുഷ്യനെ വല്ലാതെ അലട്ടിയിരുന്നു. എ.എസ്സായിരുന്നു അദ്ദേഹത്തിന്റെ മക്കള്‍ക്ക് ട്യൂഷന്‍ കൊടുത്തിരുന്നത്.

കൃഷ്ണന്‍ നായര്‍ അവശനായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സങ്കടം കൂടിക്കൂടി വന്നപ്പോള്‍ എ.എസ് പറഞ്ഞു: '' അവളെയോര്‍ത്ത് വിഷമിക്കണ്ട, ഞാന്‍ വിവാഹം ചെയ്തുകൊള്ളാം.'' ആ വാഗ്ദാനത്തില്‍ കൃഷ്ണന്‍ നായര്‍ സമാധാനത്തോടെ മരിച്ചു. എ.എസ് വാക്കുപാലിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊണ്ടുവന്നു നാട്ടിലേക്ക് താമസമാക്കുകയും ചെയ്തു. ബധിരയും മൂകയുമായ ഭാര്യ വൈകാതെ സുധ എന്ന മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. പക്ഷേ വിധി വല്ലാത്തൊരു പകയോടെയായിരുന്നു എ.എസ്സിനെ പിന്തുടര്‍ന്നത്. സുധയുടെ അമ്മയ്ക്ക് മാനസികമായ അസ്വസ്ഥതകള്‍ കൂടി വന്നുതുടങ്ങി. എ.എസ് പുറമേ ചിരിച്ചുകളിച്ചെങ്കിലും വിഷാദത്തിലേക്ക് അനുദിനം കൂപ്പുകുത്തുക തന്നെയായിരുന്നു.

ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത് മദ്രാസിലായിരുന്നു. അതിനുകാരണം നാട്ടിലുള്ളവര്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയണ്ട, പോരാത്തതിന് അവരുടെ ബന്ധുക്കള്‍ മദ്രാസിലാണ് ഉള്ളതും. അങ്ങനെ അവിടെ ഒരു ആശുപത്രിയില്‍ ഭാര്യ ചികിത്സയിലും നാട്ടില്‍ എ.എസും മകളും തനിയെയുമായി. മൂന്നുവയസ്സുമുതല്‍ സുധ അമ്മയെയും അച്ഛനെയും അറിഞ്ഞത് ഒരാളിലൂടെയാണ്. പലപ്പോഴും എ.എസ്സിന്റെ വീട്ടില്‍ പോകുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊക്കെ തോന്നിയിട്ടുണ്ട് സുധയുടെ പക്വതയാര്‍ന്ന പെരുമാറ്റം കാണുമ്പോള്‍ അവള്‍ സത്യത്തില്‍ എ.എസ്സിന്റെ മകളോ അതോ സഹോദരിയോ എന്ന്. അത്രയും അടുപ്പമായിരുന്നു രണ്ടുപേരും. എല്ലാ സുഖദു:ഖങ്ങളും അച്ഛനും മകളും ആരെയും അറിയിക്കാതെ ഒറ്റയ്ക്ക് പങ്കിട്ടു. എ.എസ് മദ്രാസിലെ ആശുപത്രിയില്‍ ഇടക്കിടെ ഭാര്യയെ കാണാന്‍ പോകും. പലപ്പോഴും സുധയെ ആ സാഹചര്യത്തിലേക്ക് കൂടെ കൂട്ടാന്‍ എ.എസ് തയ്യാറായിരുന്നില്ല. സുധ കോളേജില്‍ പഠിക്കുമ്പോഴാണ് അമ്മ മരണപ്പെടുന്നത്. പക്ഷേ മരണവിവരം എ.എസ്സും മകളും അറിഞ്ഞത് വൈകിയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്, കാത്തിരുന്നു എന്നൊക്കെ പറഞ്ഞെങ്കിലും എ.എസ്സിന് അങ്ങനെയൊരു വിവരം കിട്ടിയിട്ടില്ലായിരുന്നു. അത് എ.എസ്സിനെ വല്ലാത്തൊരു ഷോക്കായിരുന്നു. അവരുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല അവസാനമായി ഒരു നോക്കു കാണാനോ, മകളെ കാണിക്കാനോ പറ്റാത്ത വിഷമം അദ്ദേഹത്തിന് എക്കാലവും ഉള്ളില്‍ തന്നെയുണ്ടായിരുന്നു. വ്യക്തിജീവിതത്തില്‍ ഇത്രയേറെ മാനസിക സംഘര്‍ങ്ങള്‍ അനുഭവിച്ച മനുഷ്യന്‍ എങ്ങനെയാണ് പുറമേ തമാശകള്‍ പറഞ്ഞുചിരിക്കുന്നത് എന്ന് ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചപ്പതിപ്പിലെ തിരക്കുകളും വരയും കഥകളും നോവലുകളും അദ്ദേഹത്തെ ഒരു പക്ഷേ സര്‍ഗാത്മകമായി രക്ഷപ്പെടുത്തിയിരിക്കാം.

മലയാള സാഹിത്യത്തിലെ, പ്രത്യേകിച്ച് നോവലുകളിലെയും കഥകളിലെയും പ്രസിദ്ധങ്ങളായ കഥാപാത്രങ്ങള്‍ക്ക് രേഖാചിത്രങ്ങള്‍കൊണ്ട് ഭാവം പകര്‍ന്ന ചിത്രകാരനായിരുന്നു എ.എസ്. കേരളത്തില്‍ അക്കാലത്ത് ഇലസ്ട്രേഷന്‍ അത്ര വലിയ കാര്യമല്ല. ആഴ്ചപ്പതിപ്പുകളും മറ്റ് പ്രസിദ്ധീകരണങ്ങളും പ്രചാരം നേടിയപ്പോഴും അവ തമ്മില്‍ കിടമത്സരം തുടങ്ങിയപ്പോഴും സംഭവിച്ചതാണ് സാഹിത്യത്തില്‍ ചിത്രങ്ങളുടെ ഇടപെടല്‍. കെ.സി.എസ് പണിക്കര്‍, എം.വി ദേവന്‍, സി.എന്‍ കരുണാകരന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, എ.എസ് നായര്‍ തുടങ്ങി പ്രഗത്ഭരായ ചിത്രകാരന്മാര്‍ മലയാളസാഹിത്യത്തോടൊപ്പം വരയായി ചേര്‍ന്നുനിന്ന കാലം. എ.എസ്സിന്റെ വരകള്‍ തികച്ചും പ്രസക്തവും വ്യത്യസ്തവുമായിരുന്നു. മലയാളസാഹിത്യത്തിലെ എണ്ണമറ്റ കഥാപാത്രങ്ങള്‍ക്ക് കരുത്തുറ്റ രൂപവും ഭാവവും നല്‍കിയ ചിത്രകാരനാണ് എ.എസ്. വൈവിധ്യമാര്‍ന്ന ശൈലികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കഥയുടെയും കഥാപാത്രത്തിന്റെയും പശ്ചാത്തലത്തിന് അനുയോജ്യമായ ഒരു വൈവിധ്യം അദ്ദേഹം പുലര്‍ത്തി. മറ്റു കലാകാരന്മാര്‍ അവരുടെ സ്ഥിരം രീതികളില്‍ത്തന്നെ നിലയുറച്ചപ്പോള്‍ എ.എസ് നായര്‍ സ്വന്തം ശൈലിയേക്കാള്‍ പ്രാധാന്യം കൊടുത്തത് താന്‍ വരക്കാന്‍ പോകുന്ന കൃതിയുടെ സവിശേഷതയ്ക്കായിരുന്നു. കൃതിയുടെ വകഭേദങ്ങള്‍ തിരിച്ചറിഞ്ഞുള്ള വര എന്നതായിരുന്നു എ.എസ്സിന്റെ പ്രത്യേകത. യയാതി, ഖസാക്കിന്റെ ഇതിഹാസം, സേതുവിന്റെ നോവലുകള്‍ തുടങ്ങി എ.എസ് വരച്ചതെല്ലാം വ്യത്യസ്തത പുലര്‍ത്തി.

വരച്ചുതുടങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ എന്ന നിലയില്‍ എനിക്കദ്ദേഹം ഗുരുസ്ഥാനീയനായിരുന്നു. ജനറേഷന്‍ഗ്യാപ്പിനൊന്നും അദ്ദേഹം ഒരു വിലയും കല്‍പിച്ചിരുന്നില്ല. മികച്ച നാടകകൃത്തായിരുന്നു അദ്ദേഹം. കോളേജ് മത്സരങ്ങള്‍ക്കൊക്കെ ഞങ്ങള്‍ ഒരുമിച്ച് വിധികര്‍ത്താക്കളായി പോയിട്ടുണ്ട്. എ.എസ് ഒരിക്കലും തന്റെ വ്യക്തിജീവിതത്തിലെ നഷ്ടങ്ങളും സങ്കടങ്ങളും പങ്കുവെക്കുകയോ, അതേപ്പറ്റിയോര്‍ത്ത് വിലപിക്കുകയോ ചെയ്തിരുന്നില്ല. ജീവിക്കുന്ന നിമിഷങ്ങളെ അദ്ദേഹം പരമാവധി ഇത്തരം വിഷമങ്ങളില്‍ നിന്നും അകറ്റിയിരുന്നു. അന്‍പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്. തികച്ചും ഏകാന്തമായ ഒരു ജീവിതം നയിച്ച ചിത്രകാരന്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.


Content Highlights: Artist A.S Nair, Paul Kallanode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented