ആർടിസ്റ്റ് മദനൻ വരച്ച എ.എസ്, മദനൻ
വരകളില്‍ കാറ്റായും മഴയായും വെയിലായും തെളിഞ്ഞുനിന്നതായിരുന്നു എ.എസ്. നായരെന്ന കലാകാരന് തീര്‍ത്ത കാലം. പൂര്‍വമാതൃകകള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് വരകളിലൂടെ സ്വപ്നസാമ്രാജ്യങ്ങള്‍ തീര്‍ത്തു. ധിഷണയിലും വരകളിലും വാക്കിലും നോക്കിലും ചിരിയിലുമെല്ലാം കേരളത്തിന്റെ സാല്‍വദോര്‍ ദാലിയെന്ന വിശേഷണത്തിന് അര്‍ഹനായ ആള്... കഴിഞ്ഞ ആ കാലത്തെക്കുറിച്ച് മാതൃഭൂമിയുടെ ആര്‍ട്ട് എഡിറ്ററായിരുന്ന ചിത്രകാരന് മദനന് ഓര്‍ക്കുന്നു...
ബോര്‍ഡില്‍ നിവര്‍ത്തിവച്ച പേപ്പറില്‍ ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വലതുകൈയിന്റെ ചൂണ്ടുവിരല്‍ കൊണ്ട് എ.എസ്. പതുക്കെ താളമിടും. അതൊരു അടയാളമാണ്. വരച്ച ചിത്രത്തില്‍ തൃപ്തനായതിന്റെ. രാവിലെ എ.എസ്. ഓഫീസിന്റെ വാതില്‍ കടക്കുംമുമ്പേ നനുത്ത ഒരു സുഗന്ധം മുറിക്കകത്തെത്തും. പിന്നാലെ മുണ്ടും ഷര്‍ട്ടും ധരിച്ച നാട്യങ്ങളില്ലാത്ത ഒരു മനുഷ്യന്. ഫുള്‍ക്കൈ ഷര്‍ട്ടിന്റെ കൈകള്‍ ചെറുതാക്കി മടക്കി മുട്ടിനുമുകളില്‍ കയറ്റിവച്ചിരിക്കും. കറുത്ത കട്ടിക്കണ്ണട, അറ്റം കൂര്‍പ്പിച്ച മീശ, കണ്ണടയിലൂടെ ചെരിഞ്ഞുള്ള നോട്ടം.
1984-ല്‍ ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്നതുമുതല്‍ ഇരിപ്പും നടപ്പും ഭക്ഷണവുമെല്ലാം ഒരുമിച്ചായിരുന്നെങ്കിലും എ.എസ്സിന്റെ നേരെമുന്നില്‍ ഇരിക്കാനും നില്‍ക്കാനും ചെറിയൊരുപേടി മനസ്സിലുണ്ടായിരുന്നു. എ.എസ്. ഇരിക്കുന്നതിന്റെ ഒരു വശത്തിരുന്നാണ് വരയ്ക്കുക. അതിനിടയില്‍ ഒന്നുരണ്ടുതവണ എ.എസ്സിനെത്തന്നെ വരച്ചു. രാവിലെ വന്നാല്‍ വരയ്ക്കാനുള്ള കഥകളെടുത്ത് തരും. വരയ്ക്കുന്ന ചിത്രങ്ങളൊക്കെ എ.എസ്സിനെ കാണിക്കും. ചില ചിത്രങ്ങള്‍ കണ്ടാല്‍ ഒന്നുകൂടെ ഒന്നുനോക്കൂ എന്ന് നിര്‍ദേശിക്കും. പോരാ... എന്നതിന് മറുവാക്കായിരുന്നു അത്. പുസ്തകത്തിന് കവര്‍ ചിത്രം വരച്ചാല്‍ അതിനൊപ്പം പുസ്തകത്തിന്റെ പേര് എഴുതുന്നത് മറ്റൊരു കാഴ്ചയായിരുന്നു. പെന്‍സില്‍കൊണ്ട് അക്ഷരങ്ങളുടെ ഔട്ട്ലൈന് ഇട്ടശേഷം കറുപ്പിക്കാന്‍ തരും. ഞാന്‍ എ.എസ്സിന്റെ വരകള്‍ക്ക് മുകളിലൂടെ എത്രയോതവണ വരച്ചു! ഇത്രയും മനോഹരമായ അക്ഷരങ്ങളുടെ വിന്യാസം (കാലിഗ്രാഫി) മലയാളത്തിനുനല്കിയത് എ.എസ്. നായരാണ്. ഇന്നും അതിനെ മറികടക്കാന്‍ ഒരാളില്ലെന്നാണ് എന്റെ വിശ്വാസം. പൂര്‍വമാതൃകകള്‍ ഒന്നും ഇല്ലാതിരുന്നകാലത്താണ് ഇതെന്നുകൂടി ഓര്‍ക്കണം. എ.എസ്സിന്റെ അക്ഷരങ്ങളെ ഒ.വി. വിജയനും ഇഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹംതന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
വായനയുമായി ചിത്രകലയെ ചേര്ത്തുവെച്ചുതുടങ്ങിയത് സി.എന്‍. കരുണാകരന്, ജനയുഗത്തില്‍ വരച്ചിരുന്ന ഗോപാലന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എ.എസ്. നായര്‍, ഭാസ്കരന് തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളിലൂടെയാണ്.
കണ്ണൂര്‍ സ്വദേശിയാണെങ്കിലും വടകരയിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം. വടകരക്കാരുടെ 'ആചാരിമാസ്റ്ററാ'യിരുന്ന അച്ഛന് വീട്ടില്‍ ഗുരുകുലരീതിയില്‍ ചിത്രകല പഠിപ്പിച്ചിരുന്നു. ബിരുദപഠനത്തിനൊപ്പം ചിത്രകലയില്‍ ഡിപ്ലോമനേടാന് ഈ സാഹചര്യം തുണച്ചു. ബിരുദം കഴിഞ്ഞതോടെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്കൂളില്‍ ചിത്രകലാ അധ്യാപകനായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. ഇടയ്ക്കൊക്കെ ദേശാഭിമാനി വാരികയില്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ചിത്രകാരനും കവിയുമൊക്കെയായിരുന്ന പോള്‍ കല്ലാനോട് മാഷാണ് ഒരിക്കല്‍ എ.എസ്. നായര്‍ കാണണമെന്ന് പറഞ്ഞതായി പറയുന്നത്. നേരില്‍ കാണാനാഗ്രഹിച്ചിരുന്ന ചിത്രകാരനാണ്. എനിക്ക് സന്തോഷവും അഭിമാനവും തോന്നി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഇക്കാലത്ത് മാതൃഭൂമി വിട്ടിരുന്നു. 1984-ല്‍ തിരുവനന്തപുരത്ത് എസ്.എം.വി. ഹൈസ്കൂളില്‍ നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ പോയതിന്റെ കൂട്ടത്തിലാണ് തിരുവനന്തപുരത്തെ മാതൃഭൂമിയിലായിരുന്ന എ.എസ്. നായരെ കാണാന്‍ പോവുന്നത്. ചെന്നദിവസം അദ്ദേഹം അവിടെയില്ലായിരുന്നു. ആര്‍ട്ടിസ്റ്റ് പ്രസാദാണ് എന്നെ എ.എസ്. നായര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് കൊണ്ടുപോയത്. സ്കൂളിലെ ജോലി രാജിവയ്ക്കാനാവുമോ എന്നായിരുന്നു ചോദ്യം. അതിന് സമ്മതമറിയിച്ചതോടെ അപേക്ഷ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നു.
ആ വര്‍ഷംതന്നെ മാതൃഭൂമിയില്‍ ചേര്‍ന്നു. തിരുവനന്തപുരം പെരുന്താന്നിയില്‍ പത്മനാഭസ്വാമിക്ഷേത്രത്തിനുപിന്നിലെ ഒരു അമ്മവീടായിരുന്നു മാതൃഭൂമി ഓഫീസ്. നാലുകെട്ടിന്റെ ഒരുവശത്ത് മേശയും കസേരയുമിട്ടിരുന്നു. അതിലാണ് എ.എസ്സിനടുത്തായി ഇരിക്കാന്‍ ഭാഗ്യം ലഭിച്ചത്. ഗോപി പഴയന്നൂര്‍, എം.ജി. രാധാകൃഷ്ണന്, പി.എസ്. നിര്‍മല, കെ.സി. നാരായണന്, ടി.എന്‍. ഗോപകുമാര്‍ തുടങ്ങി ഇന്നത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ യൗവന ക്രിയാത്മക ചിന്തകള്‍ പങ്കുവച്ചതായിരുന്നു അക്കാലം.
പാലക്കാട്ടെ കാറ്റ് വയല്‍പ്പരപ്പ് കയറിവരുന്നത് എ.എസ്സിന്റെ ചിത്രങ്ങളിലറിയാം. ഗ്രാമ പശ്ചാത്തലങ്ങള്‍, അതിസുന്ദരശരീരികളായ സ്ത്രീകള്‍, പുരുഷന്മാര്, ഉത്തരേന്ത്യന്‍ കഥാപാത്രങ്ങള്‍ ഓരോന്നും എ.എസ്. ടച്ചില്‍ തുടിച്ചു. കാലം കടന്നുപോയിട്ടും എ.എസ്. നായരുടെ ചിത്രങ്ങളെക്കുറിച്ച് ഇന്നും വേണ്ടത്ര പഠനമുണ്ടായിട്ടില്ല. മലയാളികളെല്ലാവരും ശ്രദ്ധിച്ചിരുന്ന ഏക ആഴ്ചപ്പതിപ്പ് മാതൃഭൂമിയായിരുന്ന കാലത്താണ് എ.എസ്സിനൊപ്പം വരച്ചുതുടങ്ങുന്നത്. ജീവിതത്തിലെ വലിയ ഒരു ഭാഗ്യമായിരുന്നു അതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എ.എസ്. നായര്‍ (മദനന് വരച്ച ചിത്രം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..