ഫൈസ് അഹമ്മദ് ഫൈസ് | Photo : Facebook | Faiz Ahmed Faiz
1911 ഫെബ്രുവരി 13 ന് അവിഭജിതഇന്ത്യയില്‍ ജനിക്കുകയും 1984-ല്‍ പാകിസ്താനില്‍ അന്തരിക്കുകയും ചെയ്ത ഫൈസ് അഹമ്മദ് ഫൈസ് എന്ന കവി ഒരു മനുഷ്യസ്‌നേഹിയായിരുന്നു. പ്രണയത്തേയും വിപ്‌ളവത്തേയും ഇരുവശങ്ങളിലായി പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് സാധ്യമായി. ആഗോളതലത്തില്‍ ഏറെ ആരാധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനേയും തത്വചിന്തകളേയും കുറിച്ച് ഗാനരചയിതാവ് സുഹൈല്‍ കോയ എഴുതുന്നു.
"പറയ് ...
അതിനായ് ഈയല്പസമയം തന്നെ അധികമല്ലേ ?
പറയ്...ശരീരത്തിന്റെയും ശബ്ദത്തിന്റെയും മരണത്തിന് മുന്നേ!
പറയ്...സത്യം മരിച്ചിട്ടില്ലെന്നുറപ്പിച്ചു പറയ് !
പറയ്...നിനക്ക് പറയാനുള്ളതൊക്കെ മുഴുക്കെ, ഉറക്കെ പറയ്!"
( Poem : Bol )
വാക്കുകളെ പൂക്കളാക്കുന്നത് ഇന്ദ്രജാലമാണെങ്കിൽ കവികളെല്ലാം മാന്ത്രികൻമാരായിരിക്കണം, ഇഷ്‌കിന്റെയും (പ്രണയം) ഇലാഹിയത്തിന്റെയും (ദൈവശാസ്ത്രം) ഇങ്കിലാബിന്റെയും (വിപ്ലവം) കവി ഫൈസ് അഹമ്മദ് ഫൈസിനെക്കുറിച്ച് അങ്ങനെ ഒരു 'ആരോപണം' ഇന്നോളം ഇല്ല. എന്നാൽ അധ്യാപകനായി, സൈനികനായി, പത്രപ്രവർത്തകനായി, അഭയാർത്ഥിയായി,തടവുകാരനായി, കവിയായി, കാമുകനായി, കമ്യൂണിസ്റ്റുകാരനായി, വിശ്വാസിയായി... കോളേജു കാമ്പസ്സുകൾ മുതൽ കാരാഗൃഹങ്ങൾ വരെ.. ഷാമിയാനകൾ മുതൽ ഷാഹിൻ ബാഗുകൾ വരെ. മെഹ്ഫിലുകൾ മുതൽ മൊബൈൽ റീലുകൾ വരെ ആ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു.
ചിലപ്പോൾ അത് മോരെ അരജു സുനോ ദസ്തഗീർ പീര് (എന്റെ നിലവിളി നീ കേൾക്കണേ തമ്പുരാനെ) എന്ന് വിലപിക്കുന്നു, ചിലപ്പോൾ ലാസിം ഹെ ഹം ഭി ദേഖേങ്കെ (ഉറപ്പായും നമ്മൾ കണ്ടിരിക്കും) എന്ന് വിളിച്ചു പറയുന്നു. ചിലപ്പോൾ തേരി ആഖോ കെ സിവ രഘ ക്യാ ഹെ (നിന്റെ മിഴികളല്ലാതെ മറ്റെന്തുണ്ട് ഈ ഭൂമിയിൽ) എന്ന് കൊഞ്ചുന്നു, മറ്റു ചിലപ്പോൾ മുജ്സെ പെഹലി സി മുഹബ്ബത്ത് മേരെ മെഹബൂബ് ന മാങ്ക് (എന്നോട് പണ്ടത്തെ പോലെയുള്ള ഇഷ്ടം നീയെന്നോടു ചോദിക്കരുത്) എന്ന് കേഴുന്നു. സമയകാലങ്ങളും ദൂരങ്ങളും ഭാഷകളും മാറുമ്പോളും മാറ്റമില്ലാതെ ആ കവിതകൾ, അതിന്റെ വേദികൾ മാത്രം മാറുന്നു. ആറ്റൂർ പറയുമ്പോലെ 'ഒരു പോലെയായിരുന്നു വയസ്സൻമാരും നൊസ്സൻമാരും കുഞ്ഞുങ്ങളുടെ കരച്ചിലും കവിതയും.'
കവിത കുഞ്ഞുങ്ങളുടെ കരച്ചിലുപോലെയാണ്. അത് എല്ലാർക്കും എല്ലാ കാലവും ഒരുപോലെ മനസ്സിലാവുന്നു.
സിയാൽക്കോട്ടിന്റെ ഫൈസ്
ഇന്ത്യ പിരിഞ്ഞു രണ്ടാവും മുന്നേ സിയാൽകോട്ടിലെ കലാ ഖാദർ എന്ന ഗ്രാമത്തിൽ കംബ്രിഡ്ജ് ബിരുദധാരിയും അഫ്ഗാൻ രാജാവിന്റെ സീനിയർ മിനിസ്റ്ററുമായ സുൽത്താൻ മുഹമ്മദ് ഖാന്റെ മകനായി ഫൈസ് 1911 ഫെബ്രുവരി മാസം ജനിച്ചു. സിയാൽകോട്ടിലെ സ്‌കോച്ച് മിഷൻ സ്‌കൂളിലും പിന്നീട് ലാഹോറിലെ ഗവൺമെൻറ്റ് കോളേജിലുമായി പഠനം പൂർത്തിയാക്കി. 1935-ൽ ഒദ്യോഗിക ജീവിതം തുടങ്ങുന്നത് അമൃത്‌സറിലുള്ള മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ലെക്ചറർ ആയാണ്. 1940 വരെ അദ്ദേഹം ഈ കോളജിൽ അധ്യാപന ജീവിതം തുടർന്നു. അവിടെവെച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ഡോ. ലുദ്മില്ലാ വസ്സിലേവായുടെ വാക്കുകളിൽ ഒരു പുതിയ ഫൈസ് ഉദയം ചെയ്തു. ലോകത്തെ ഒരു പുതിയ വീക്ഷണകോണിൽ നിന്ന് നോക്കികാണുവാൻ അമൃതസറും എം.എ.ഒ. കോളേജും അദ്ദേഹത്തെ പ്രാപ്തനാക്കി.
1942-ൽ ഫൈസ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ പബ്ലിക് റിലേഷൻസ് ഓഫീസ്സറായ് ചാർജെടുത്തു. എഴുത്തിലും ഭാഷകളിലും ഉള്ള പ്രാവീണ്യം കൊണ്ട് വളരെ പെട്ടെന്നുതന്നെ പല നിരകളിലുയർന്ന് പബ്ലിക് റിലേഷൻസ് അസിറ്റന്റ് ഡയറക്ടർ എന്ന തസ്തികയിൽ എത്തിചേർന്നു. ഇന്ത്യാ വിഭജനത്തിനു ശേഷവും അദ്ദേഹം സൈന്യത്തിൽ തുടരുകയും ഒന്നാം കശ്മീർ യുദ്ധത്തിന് ശേഷം സ്വന്തമെന്ന് കരുതിയ ജനങ്ങൾ തമ്മിൽ ആയുധമെടുക്കുന്നതു കണ്ട് മനംമടുത്ത് സൈനികജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

പ്രണയവും മറ്റു പണികളും
'ഇടയ്ക്കിടയ്‌ക്കെപ്പോഴൊക്കെയോ പ്രണയിച്ചു,
ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ പണികളും ചെയ്തു.'
( Kuch Ishq Kiya Kuch Kaam Kiya - Faiz)
ഫൈസിന്റെ തന്നെ ഭാഷയിൽ, ഭാഗ്യവാൻമാർ അവരാണ്. പ്രണയത്തെ ഒരു ജോലിയായ് കണ്ട് അത് ആത്മാർഥമായ് കൊണ്ടാടുന്നവർ. അല്ലെങ്കിൽ ചെയ്യുന്ന ജോലിയെ ആത്മാർഥമായ് പ്രണയിക്കുന്നവർ... ഞാൻ ഇതിൽ രണ്ടിലുംപെടാതെ ഇടയ്ക്കു പ്രണയിച്ചു, ഇടയ്ക്കു എന്തൊക്കെയോ പണിയെടുത്തു എന്ന് ചെറുപുഞ്ചിരിയോടെ അദ്ദേഹം പരാതിപ്പെടുന്നു.

ഫൈസ് തന്റെ ഭാര്യ ആലീസിനെ കാണുന്നത് പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് മൂവ്‌മെന്റ്മായി ബന്ധപ്പെട്ട് അതിന്റെ ആദ്യ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിരക്കിനിടയിൽ ആണ്. ഫ്രീ ഇന്ത്യ മൂവ്‌മെന്റ് ബ്രിട്ടീഷ് ചാപ്റ്ററിൽ പ്രവർത്തിച്ചിരുന്ന മാർക്‌സിസിറ്റുകാരിയായ ആലീസ് തന്റെ സഹോദരിയെ കാണാൻ അത്തവണ ഇന്ത്യയിൽ വന്നതായിരുന്നു. (ആലീസ് മലയാളിയായ വി.കെ. കൃഷ്ണമേനോന്റെ സെക്രട്ടറിയായും അല്പകാലം പ്രവർത്തിച്ചിട്ടുണ്ട്). സ്വാതന്ത്ര്യത്തോടും നീതിയോടും മനുഷ്യത്വത്തോടും ഇരുവർക്കുമുള്ള മമത നിമിത്തം പരസ്പരം പ്രണയിക്കാതിരിക്കുക അസാധ്യമായിരുന്നു. 1941-ൽ കശ്മീരിൽവെച്ച് ഷൈഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ ഇരുവരും വിവാഹിതരായി (മുൻ കാശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ പിതാവ്). ഫൈസ് സാർവ്വദേശീയതയിൽ അടിയുറച്ചു വിശ്വാസിച്ചിരുന്നു. ഇക്ബാലിലും മിർസാ ഗാലിബിലും അദ്ദേഹം സ്വന്തത്തെ കണ്ടു. പാകിസ്താനില്‍ ട്രേഡ് യൂണിയൻ തുടങ്ങാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് കഴിഞ്ഞു.
സ്വാതന്ത്ര്യം / വിഭജനം
നാം കാത്തിരുന്ന പകലിതായിരുന്നില്ലല്ലോ?
(subha -e- azadi)
ഇന്ത്യാ വിഭജനത്തോടനുബന്ധിച്ചു നടന്ന കലാപങ്ങളിൽ നിരാശപൂണ്ട് നക്ഷത്രങ്ങളുടെയും അപ്പുറത്തു സ്വർഗതുല്യമായ പുലരിയെ കൊതിച്ചു പുറപ്പെട്ടവൻ കണ്ട പേക്കിനാവ്, പാകിസ്താന്‍ ടൈംസിലെ പത്രപ്രവർത്തനകാലത്ത് വിഭജനത്തിൽ മനുഷ്യജീവനുകളുടെ വിലയില്ലായ്മ്മയിൽ എഴുതിയ സ്വാതന്ത്ര്യത്തിന്റെ പകൽ എന്ന കവിതയിൽ മറയില്ലാതെ വിവരിക്കുന്നു. പിന്നീടുവന്ന സ്വാതന്ത്ര്യദിനത്തെ പറ്റി മധുരം പുരട്ടിയ കഥകൾ മാത്രം കേട്ടുവന്ന പുതുതലമുറ ഫയസ്സിന്റെ ഈ രോദനത്തെ നോക്കി മുഖം ചുളുക്കി. ദേശത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം കഷ്ടിച്ചു മണ്ണിനോടുള്ളതല്ലായിരുന്നു. അത് അതിൽ തിങ്ങിപാർക്കുന്ന പതിനായിരങ്ങളോടടുള്ളതായിരുന്നു. പിന്നുടുള്ള വർഷങ്ങളിൽ പാകിസ്താൻ ടൈംസിന്റെ എഡിറ്റോറിയൽ ഭരണകൂടത്തിന്റെ എല്ലാ തിന്മകൾക്കും എതിരെ ശബ്ദിച്ചുകൊണ്ടിരുന്നു.
വിവർത്തനത്തിലുള്ള (അ)സാധ്യതകൾ
Raat yun dil mein teri khoyi hui yaad aayi,
Jaise viraane mein chupke se bahaar aa jaye,
Jaise sehraaon mein haule se chale baad-e-naseem,
Jaise beemaar ko be-wajhe qaraar aa jaaye...
At night your lost memory stole into my mind
As spring silently appears in the wilderness;
As in desert wastes morning breeze begins to blow
As in one sick beyond hope, hope begins to grow... ( Transalated by Khushwant Singh )
'മറന്നു തുടങ്ങിയ നിന്റെയോർമ്മകൾ ചിലത്
ഈ രാവിലെന്നിലേക്ക് മടങ്ങിയെത്തി
വരൾച്ചയിൽ മെല്ലെ വസന്തം വന്നതുപോലെ
മരുഭൂവിലിളം കാറ്റടിച്ചപോലെ
മരുന്നില്ലാണ്ടേതോ രോഗം ശമിച്ചപോലെ...'
ഫൈസിന്റെ കവിതകളെ വിവർത്തനം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ധാരാളം പഠനവിധേയമായ വിഷയമാണ്. 1970-കളിൽ വിക്ടർ കേർനാൻ ഫൈസിന്റെ കവിതകളെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. പിന്നീട് ഖുഷ്‌വന്ത് സിങ്, ആഗ ഷാഹിദ് അലി, ബാറാൻ ഫാറൂഖി , ശിവ് വി. കുമാർ, വിക്രം സേഥ്, ഷുഹൈബ് ഹഷ്മി മുതലായ എഴുത്തുകാർ അദ്ദേഹത്തെ വിവർത്തനം ചെയ്തു, ഈ കരണാത്താൽ തന്നെ കവികളുടെ കവി എന്ന് അദ്ദേഹം അറിയപ്പെട്ടു. ഉറുദു കവിതകൾ വായിക്കാൻ എന്നതിലേറെ കേൾക്കാൻ ആവശ്യപ്പെടുന്നവയാണ്. മനുഷ്യന്റെ അകതാരിലെവിടെയോ ശീലങ്ങളായും പരിചിതങ്ങളായ ശബ്ദങ്ങളായും ഒളിച്ചു കിടക്കുന്ന ഒരു ചെറുതാളത്തിന്റെ അകമ്പടിയോടെയല്ലാതെ ആ കവിതകളെ വായിക്കുക നീതിയല്ല. ഫൈസിനെ പ്രെതേകിച്ചും! ഷാഹിദ് അലി, അദ്ദേഹത്തിന്റെ ഫൈസ് വിവർത്തനത്തെ (നിഷേധിയുടെ നിഴൽച്ചിത്രം) തുടങ്ങുന്നതിനു മുന്നേ ഫൈസിനോട് ഇങ്ങനെ എഴുതി: 'എന്റെ പ്രതീക്ഷ രണ്ടു ഭാഷകളും അറിയാവുന്ന ഒരു വായനക്കാരൻ ഈ വിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ ചില നിമിഷങ്ങളിൽ താങ്കളുടെ ചിന്തകളോടുള്ള എന്റെ കൂറും അതിൽനിന്നുള്ള എന്റെ അകലവും ഒരുപോലെ മനസ്സിലാവും എന്നാണ്.' അങ്ങനെ ഒരു അനുവർത്തനം പോലെ മാത്രമേ ഫൈസിനെ മറ്റുഭാഷകളിലേക്ക് പറിച്ചുനടാൻ പറ്റുമായിരുന്നുള്ളു.
'ഇരുലോകവും നിന്റെ പ്രണയാത്താൽ കളഞ്ഞുകുളിച്ചിട്ടവൻ
പുറപ്പെട്ടുപോകുന്നു വിരഹത്തിന്റെ രാത്രികളിലൂടങ്ങനെ... '
(Dono jaha teri mohabbath main)
ഇവിടെ ഇരുലോകം എന്ന് പറയുന്നത് ദുനിയാവും (ഈ ലോകം) ആഖിറവും (പരലോകം) നഷ്ട്ടപ്പെടുത്തിയവൻ എന്ന അർത്ഥത്തിലാണ്. വിവാഹേതര പ്രണയത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. അതറിഞ്ഞിട്ടും മുന്നോട്ടു പോവുകയും ദൈവകോപത്തിന് ഇരയാകുകയും ചെയ്യുകയും പിന്നീട് പ്രണയത്താൽ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ നഷ്ടം രണ്ടു ലോകങ്ങളുടെ നഷ്ടമായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഇസ്ലാമിക ഇമേജറികൾ ധാരാളം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഫൈസിനെ വിവർത്തനം ചെയ്യുന്നത് ദുഷ്‌ക്കരമാകുന്നു. ഉർദുവിലും ഫാർസിയിലും അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടിയ അദ്ദേഹം കവിതകളിൽ ക്ലാസിക്കൽ രീതികളും ആധുനികതയും ഒരുപോലെ കോർത്തുവെച്ചു. കൊട്ടാരങ്ങളുടെ മുകപ്പുകളിൽനിന്ന് താഴെക്കു നോക്കി ജീവിതങ്ങളെ പകർത്താതെ, തെരുവകളിൽ ജനങ്ങൾക്കിടയിൽനിന്ന് മുകളിലേക്ക് നോക്കി വെല്ലുവിളിച്ചു
റാവൽപ്പിണ്ടി ഗൂഢാലോചന
ഫൈസ് സൈന്യത്തിലുള്ള തന്റെ ചില സൃഹുത്തുക്കളുടെ ആവശ്യപ്രകാരം പാകിസ്താനില്‍ ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് സ്ഥാപിക്കാനുതകുന്ന തരത്തിൽ രാജ്യം സംജാതമാണോ എന്ന് ചർച്ചകൾ നടത്തുകയും റാവൽപ്പിണ്ടി ഗൂഢാലോചന കേസ് എന്ന് പിന്നീട് അറിയപ്പെട്ട സംഭവമായി അത് മാറുകയും ചെയ്തു. ഫൈസ് ഉൾപ്പെടെയുള്ള ഇടതുപക്ഷ ബുദ്ധിജീവികൾക്കെല്ലാം പാകിസ്താൻ ഒരു തീവ്ര വലതുപക്ഷ മതരാജ്യമാകുമോ എന്ന ഭയം എന്നുമുണ്ടായിരുന്നു.
സൈന്യത്തിൽ ഉണ്ടായിരുന്ന മുതിർന്ന കുറേ ഇടതുപക്ഷ വിചാരധാര പുലർത്തിയിരുന്നവർ ഒരു പട്ടാള അട്ടിമറിയുടെ സാധ്യത അന്വേഷിച്ചുകൊണ്ടിരുന്നു. പാക്‌സിതാനിലെ പാർട്ടി നേതൃത്വം അതിനെതിരായിരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയല്ലാത്ത എല്ലാ അട്ടിമറികളും പരാജയത്തിൽ കലാശിക്കും എന്ന് ഫൈസ് ഉൾപ്പെടെയുള്ളവർ തീരുമാനീക്കുകയായിരുന്നു. എങ്കിലും ഫലത്തിൽ മുഖ്യ സൂത്രധാരൻ എന്ന നിലയിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. പിന്നീട് ഓരോ തവണ പട്ടാളം ഭരണം പിടിച്ചെടുക്കുമ്പോഴും ഫൈസ് ഗവണ്മെന്റ്‌റിന്റെ നോട്ടപ്പുള്ളിയായി മാറിയിരിക്കും. ഈ വിഷയത്തിൽ ഫൈസ് നാലു വർഷം തടവ് അനുഭവിച്ചു, പക്ഷെ, രണ്ട് അതിമനോഹരങ്ങളായ കവിതാ സമാഹാരങ്ങൾ ഈ കാലയളവിൽ പിറന്നു. കാറ്റിന്റെ കയ്യില്‍, ജയിലറയിലെ നോട്ടുപുസ്തകം എന്നിവയാണ് അവ.
'ഇനിയുമെത്ര ചോരവേണമെൻ നാടേ നിനക്ക്
വിളറിയ നിൻ കവിൾത്തടം ചുവപ്പിക്കുവാൻ
നെടുവീർപ്പുകളെത്ര വേണം നിന്റെ തൊണ്ടതണുപ്പിക്കാൻ
കണ്ണെത്ര പുഴകളൊഴുക്കണം നിന്റെ മണ്ണ് മുളപ്പിക്കാൻ '
( Hum tho majboor yeh wafa hai - നീതിയാൽ കൈകെട്ടപ്പെട്ടവർ )
വിഭജനം വീണ്ടും
1971-ൽ പാക്കിസ്താന്റെ രണ്ടാം വിഭജനം എന്നറിയപ്പെടുന്ന ബംഗ്‌ളാദേശിന്റെ ജനനം. അതുണ്ടാക്കിയ രക്തച്ചൊരിച്ചിലുകൾ ഫൈസിനെ, അദ്ദേഹത്തിന്റെ ശിഷ്ടകാലത്തെ വളരെയധികം ദുഃഖിപ്പിച്ചു. പിന്നീട് വന്ന സുൽഫിക്കർ അലി ഭൂട്ടോ ഗവണ്‍മെന്റ് അദ്ദേഹത്തെ രാജ്യത്തിന്റെ കൾച്ചറൽ അഡൈ്വസർ ആയി നിയമിച്ചു. പാരമ്പര്യ കലാരൂപങ്ങളെ വളർത്തുകയും ആർക്കൈവു ചെയ്യുകയും ചെയ്യുന്ന ധാരാളം സ്ഥാപനങ്ങളെ അദ്ദേഹം ഈ കാലയളവിൽ വിഭാവനം ചെയ്തു നടപ്പിൽ വരുത്തി. രാജ്യത്തിന്റെയും അതിലെ ജനങ്ങളുടെയും ഉന്നമനത്തിന് കലയെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആയുധമായി അദ്ദേഹം നിലനിർത്തി.
'അന്യരെപ്പോലെ തന്നെയിന്നും
നാം എത്രയെത്ര കൂട്ടായ്മകൾക്കിപ്പുറം.
കൂട്ടാവുകയെന്നത് ഇനിയെത്രയത്ര
കൂടിക്കാഴ്ച്ചകൾക്കപ്പുറം?
കറയില്ലാത്ത കരിപ്പച്ചപ്പടർപ്പുകൾ
പിറക്കുന്ന വസന്തങ്ങൾക്കായ്
ഇനി എത്രകാത്തിരിക്കണം.
ചോരയുടെ നിറം നേർത്തുമായാൻ
മഴക്കാലങ്ങൾ എത്രയെത്ര
നമ്മൾ കാത്തിരിക്കണം?'
(Dhaka Se Wapsi Par- ധാക്കയിൽ നിന്ന് മടങ്ങുമ്പോൾ)
തിരഞ്ഞെടുക്കപ്പെട്ട ഭൂട്ടോ ഗവൺമെന്റിനെ പട്ടാള അട്ടിമറിയിലൂടെ പിടിച്ചെടുത്തു തന്റെ രാജ്യം ഒരിക്കൽ കൂടി അടിമത്വത്തിലേക്ക് കൂപ്പുകുത്തുന്ന കണ്ട് മനസ്സു മടുത്ത ഫൈസ് ഒരിക്കൽ കൂടി, കയ്യിൽ ഒരു സിഗററ്റ് മാത്രം എടുത്ത് തന്റെ വീടിനു വാതിൽക്കൽ കാവൽ നിൽക്കുകയായിരുന്ന പോലീസുകാരനെ നോക്കി കൈ വീശി പ്രഭാത സവാരിക്കെന്നപോലെ നടന്നു പോയി. അദ്ദേഹം അവിടെനിന്ന് നേരിട്ട് എയർപോർട്ടിൽ പോകുകയും ലെബെനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു.
'ഇവിടെ ഓരോ യോദ്ധാവും അലക്‌സണ്ടെറെക്കാൾ തെളിഞ്ഞവൻ
ഓരോ മകളും, ലൈലയെക്കാൾ തികഞ്ഞവൾ
ബെയ്‌റൂട്ട്! ഉത്പത്തിയുടെ തുടക്കത്തിലും
സമയത്തിന്റെ ഒടുക്കത്തിലും നീയുണ്ട്
ബെയ്‌റൂട്ട്! നീ സ്വർഗ്ഗത്തോട്ടങ്ങളെ പോലെ സുന്ദരം'
(ek nagma Karbala-e Beirut ke liye.)
(1951 -ൽ ചാരവൃത്തി കേസിൽ വധശിക്ഷക്ക് വിധേയരായ അമേരിക്കൻ ദാമ്പതിമാരായ ജൂലിയസ് & ഈഥേൽ റോസൻബർഗ്ഗ് തടവറിയിൽ വെച്ച് പരസ്പ്പരം കൈമാറിയ കത്തുകളിൽ ,പ്രചോദനം ഉത്‌കൊണ്ട് എഴുതിയ കവിത , ഫൈസിന്റെ രാഷ്ട്രീയ നിലപാടുകൾ, അക്കാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ നിലനിന്ന ശീതയുദ്ധവും അത് കലാകാരന്മാരെയും ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെപ്പോലെ തന്നെ രണ്ടു തട്ടിൽ ആക്കിയതിലേക്കും വെളിച്ചം വീശുന്നു).
'നിന്റെ ചുണ്ടിന്റെ ചുവപ്പുതേടി ഞാൻ
കഴുമരത്തിന്റെ ഉണങ്ങിയ ചില്ലയിൽ ആടിനിന്നു.
നിന്റെ കൈവള്ളയിൽ ചുരുട്ടിപ്പിടിച്ച നിലാവ് തേടി ഞാൻ
മങ്ങിയ ഇടവഴികളിൽ കൊലചെയ്യപ്പെട്ടു.
കഴുമരത്തിൽ ജീവൻ വേർപെടും നേരവും
എന്റെ വായിൽ നിന്റെ ചുണ്ടിന്റെ ചുവപ്പു തുടിച്ചു നിന്നു
നിന്റെ മുടിയുടെ തണുപ്പ് പിടച്ചു നിന്നു
നിന്റെ കണ്ണിന്റെ നിലാവ് മിഴിച്ചു നിന്നു.
നിന്റെ വഴികളിൽ എന്നെ കാത്തുനിന്ന പീഡനങ്ങൾ മുഴുവനും
സഹിച്ചു ഞാൻ എന്നെക്കൊണ്ടാവുമ്പോലെല്ലാം നിന്നടുത്തെത്തി
ചുണ്ടിൽ അന്നും നിനക്കായ് ഒരു കുഞ്ഞു പാട്ടും
നെഞ്ചിൽ ഒലിക്കുന്ന മുറിവും.
ആ മുറിവാണ്, നമ്മുടെ പ്രണയത്തിന്റെ ഒരേ ഒരു സാക്ഷി
ആ സാക്ഷി കൂറുമാറുകയ്യില്ല!'
( Hum jo tareek raahon main mare gaye - നാം മങ്ങിയ വഴികളിൽ കൊലചെയ്യപ്പെട്ടവർ )
ലെനിൻ പീസ് പ്രൈസ്
ഏഷ്യയുടെ നൊബേൽ എന്നറിയപ്പെടുന്ന ലെനിൻ പീസ് പുരസ്‌കാരം ആദ്യമായ് ലഭിക്കുന്ന ഏഷ്യക്കാരൻ ആണ് ഫൈസ്. ആരോഗ്യ സ്ഥിതിമോശമായത് കൊണ്ട് ഡോക്ടർമാർ വിമാനയാത്ര അനുവദിച്ചിരുന്നില്ല. 1962-ൽ കപ്പൽ മാര്‍ഗ്ഗം അദ്ദേഹം മോസ്‌കോയിലേക്ക് തിരിച്ചു. ഗ്രാൻഡ് ക്രെംലിനിൽവെച്ച് നടന്ന ചടങ്ങിൽ അദ്ദേഹം തന്റെ തന്നെ ഒരു കവിതാ സമാഹാരത്തിലെ (Dast-i-tah-i-Sang- പാറക്കടിയിലെ കൈത്തലം) ആമുഖം ഇങ്ങനെ വായിച്ചു: മനുഷ്യബുദ്ധിയുടെ കല്പനാശക്തി, സയൻസ്, വ്യവസായങ്ങൾ എന്നിവ ഇന്ന് ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് ആവശ്യമായതും അതിലധികവും ലഭ്യമാക്കി കൊണ്ടിരിക്കുന്നു. എന്നാൽ, പ്രകൃതിയുടെയും ഉത്പാദന പ്രക്രിയകളുടെയും ഈ ആനുകൂല്യങ്ങളും നിധികളും ചിലരുടെ കൈകളിൽ മാത്രം ആയി പോവാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത് സാധ്യമാവണമെങ്കിൽ ആർത്തിയുടെയും ചൂഷണത്തിന്റെയും അടിത്തറകളിൽനിന്ന് സമൂഹത്തെ മോചിപ്പിച്ച്, സ്‌നേഹത്തിന്റെ, നീതിയുടെ, സമത്വത്തിന്റെ അടിത്തറകൾ സമൂഹത്തിന് വിഭാവനം ചെയ്യേണ്ടതുണ്ട്. മനുഷ്യരാശിയുടെ അടിത്തറ പതിനാലാം നൂറ്റാണ്ടിലെ ഇറാനിയൻ കവി ഹഫീസ് ശിറാസ്സിന്റെ ഈരടിയിലാണ് ഉറച്ചു നിൽക്കേണ്ടത്, ''എല്ലാ അടിത്തറകളും പൊള്ളയാണ്, സ്‌നേഹത്തിന്റേതൊഴിച്ച്'.

ഗസലുകളുടെ ഫൈസ് / ഫൈസിന്റെ ഗസൽ
"നീയെന്ന പ്രതീക്ഷ
നിനക്കായെന്റെ-
കാത്തിരിപ്പെന്നൊക്കൊയുണ്ടോ
രാവേറിയോപകലാറിയോയെന്ന-
പരാതിയില്ലെനിക്ക് " ( teri umeed ,tera intizaar )
ഗസലുകളിൽ പ്രണയത്തെ ഒളിച്ചുകടത്തുന്ന പതിവുരീതികളിൽ നിന്ന് വ്യത്യസ്‍തമായി, വിപ്ലവത്തിന്റെ സാധ്യതകളെ, ഒഴിവാക്കപ്പെട്ടവന്റെ വിലാപങ്ങളെ, സ്വാതന്ത്രത്തിന്റെ സ്വാപ്നങ്ങളെ ഫൈസ് പൂവ്, മുള്ള്, വാനമ്പാടി, ചുവപ്പ്,പുലരി,തോട്ടം എന്നീ രൂപകങ്ങളിൽ ചേർത്ത് വെച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 'ഗുലോമെ രംഗ് ഭരെ' അത്തരത്തിലുള്ള ഒരു ഗസൽ ആണ്. 1954 റാവൽപ്പിണ്ടി ഗൂഢാലോചന കേസിൽ മൗണ്ട്ഗോമറി ജയിലിൽ വെച്ച് എഴുതിയ ഈ മനോഹരമായ ഗസലിൽ ഉപരിപ്ലവമായി വിരഹത്തിന്റെ ,പ്രണയത്തിന്റെ നീറ്റലുകൾ കാണാമെങ്കിലും ആഴത്തിൽ വായിക്കുമ്പോൾ അധികാര മാറ്റത്തിന് സജ്ജമായ ഒരു രാജ്യത്തിന്റെ ചിത്രം തെളിഞ്ഞു വരുന്നു, അതിനായ് ആയിരങ്ങളെ സജ്ജമാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നു.
"പൂക്കളിൽ പുതുനിറങ്ങൾ
വസന്തത്തിന്റെ ഒരു ചെറുകാറ്റ്
തോട്ടത്തിലിനിപണികൾഒരുപാടുണ്ട്
നിങ്ങളെല്ലാം എവിടെയാണ് " ( Gulon main rang bhare )
പ്രണയിനിയുമായി ഒരുമിക്കാൻ കാത്തിരിക്കുന്ന ഒരുവന്റെ പ്രതീക്ഷയെന്ന് തോന്നിപ്പിക്കുമെങ്കിലും മാറ്റത്തിലേക്കുള്ള ഒരു ചെറുപൊരി ഈ ഗസലിൽ ഫൈസ് ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
"എന്റെ എല്ലാവരികളിലും
ഞാൻ നിന്നെയൊളിച്ചു വെച്ചു
നിറങ്ങളെ,മണങ്ങളെ
ലാവണ്യസുഖങ്ങളെ
നിന്നോളമുള്ളതെല്ലാം
നിന്നിൽ നിറച്ചുവെച്ചു " ( Hum ne sab sher main )
അടിമുടി കമ്മ്യൂണിസ്റ്റ്, ഹ്യൂമനിസ്റ്റ്, ഇന്റർനാഷണലിസ്റ്റ്
അതിർത്തികളില്ലാതെ ഒരു ആഗോളഗ്രാമത്തിൽ ജീവിക്കുന്നത് ഫൈസ് സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ കവിതകളെ ഒരു രാജ്യത്തിലോ ഒരു ഭാഷയുടെയോ അതിർവരമ്പുകൾ വെച്ച് അളന്നൊതുക്കുക സാധ്യമല്ല തന്നെ. പാക്‌സിതാന്റെ സൂഫി ഇസ്ലാമികധാരകളെയും കമ്മ്യൂണിസത്തിന്റെ സർവലൗകികതയെയും യൂറോപ്പിന്റെ പുരോഗമനവാദ / നീതിബോധത്തെയും അദ്ദേഹം ഒരുപോലെ കൊണ്ടുനടന്നു. അവയൊന്നും തമ്മിൽ ഒരു വൈരുദ്ധ്യവും അദ്ദേഹം കണ്ടില്ല. സാഹിർ ലുധ്യനവിയുടെ കവിതയിൽ പറയുന്ന പോലെ
ഞാൻ എല്ലാ കാലത്തെയും കവിയാണ്
എല്ലാ കാലവും വിളിച്ചു പറയുന്നത് എന്റെ കഥയാണ്
( Main har ik pal ka shayar hoon )
ഈ അടുത്തകാലത്തുണ്ടായ സി.എ.എ. വിരുദ്ധ സമരങ്ങളിൽ മുഴങ്ങിക്കേട്ട അദ്ദേഹത്തിന്റെ കവിതകൾ പറയുന്നതും അതാണ്.
Content Highlights: Article on Faiz Ahmad Faiz by Suhail Koya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..