വിജയകുമാര്‍ മേനോന്‍: കലാചരിത്രത്തിന്റെ ഈടുറ്റചിത്രം


പി. സുരേന്ദ്രന്‍

വിജയകുമാര്‍ മേനോന് ആദരാഞ്ജലി

വിജയകുമാർ മേനോൻ | ഫോട്ടോ: ഗോഡ്‌വിൻ മച്ചാട്

വിജയകുമാര്‍മേനോന്റെ നിര്യാണത്തിലൂടെ മലയാളത്തിന് നഷ്ടമായത് എക്കാലത്തെയും മികച്ച കലാചരിത്രകാരനെയും നിരൂപകനെയുമാണ്. അദ്ദേഹത്തെ അറിയാത്ത ചിത്രകാരന്മാരോ ശില്പികളോ കലാവിദ്യാര്‍ഥികളോ ഉണ്ടാകും എന്നെനിക്കുതോന്നുന്നില്ല. ഔപചാരികമായും അല്ലാതെയും ഒട്ടേറെ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. കലാ വിമര്‍ശനസംബന്ധിയായ കുറച്ച് പ്രബന്ധങ്ങള്‍ ഈ ലേഖകനും രചിച്ചിട്ടുണ്ട്. ആദ്യമൊക്കെ സാഹിത്യകൃതികളെ സമീപിക്കുന്ന രീതിയിലായിരുന്നു എന്റെ ചിത്രകലാ നിരൂപണമെഴുത്ത്. എന്നാല്‍, ചിത്ര/ശില്പങ്ങളെ വായിക്കേണ്ട രീതി മറ്റൊന്നാണെന്ന് മേനോന്റെ ക്ലാസുകളില്‍നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്ത്യന്‍ ചിത്രകലയെക്കുറിച്ചും ലോക ചിത്രകലയെക്കുറിച്ചും അദ്ദേഹത്തിന്റെ എത്രയോ ക്ലാസുകള്‍ കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ നിരൂപണകലയുടെ ഏറ്റവും വലിയ സവിശേഷത കൃത്യമായ ചരിത്രബോധമാണ്. മതങ്ങള്‍, ദര്‍ശനങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്താതെ കലാസൃഷ്ടികളെ വായിക്കാനാവില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് മേനോന്റെ ചില നിരീക്ഷണങ്ങള്‍ ഞാന്‍ ഓര്‍ത്തു. പ്ലേഗ് തൊട്ട് സ്പാനിഷ് ഫ്‌ളൂവരെ മഹാമാരികള്‍ ചിത്രകലയെ പല കാലഘട്ടത്തില്‍ സ്വാധീനിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞുതന്നത് ഉള്‍വെളിച്ചമായി. ക്ലാസിക്കല്‍ കലയിലുള്ള അദ്ദേഹത്തിന്റെ അറിവുകള്‍ ചിത്രകലയുമായി മാത്രം ബന്ധപ്പെട്ടതായിരുന്നില്ലതാനും. കലയുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല. സാഹിത്യത്തിലും നാടോടിവിജ്ഞാനീയത്തിലുമൊക്കെ തികഞ്ഞ അറിവ് ആഴത്തിലും പരപ്പിലും അദ്ദേഹത്തിനുണ്ടായിരുന്നു.

കല/തത്ത്വദര്‍ശനം എന്നിവയെ രണ്ടായിക്കാണേണ്ടതില്ലെന്നും അവ പരസ്പരപൂരകമാണെന്നും അദ്ദേഹം പഠിപ്പിച്ചു. പൊതുവേ കലാചരിത്രകാരന്മാര്‍ അവരുടെ വിഷയത്തില്‍ അവഗാഹമുള്ളവരായിരിക്കുമെങ്കിലും സാഹിത്യം, സുകുമാരകലകള്‍ എന്നിവയിലൊന്നും അത്രയ്ക്ക് ഗഹനമായ പഠനം നടത്തിയവരായിരിക്കില്ല. എന്നാല്‍, വിജയകുമാര്‍മേനോന് നൃത്തം, സംഗീതം, സാഹിത്യം, കഥകളി പോലുള്ള ക്ലാസിക്കല്‍ കലകളിലൊക്കെ നല്ല അറിവായിരുന്നു. ഇവയെല്ലാം ചേരുന്ന സമഗ്രത അദ്ദേഹത്തിന്റെ ചിത്ര/ശില്പ/ വാസ്തുശില്പ പ്രഭാഷണങ്ങളില്‍ നിറഞ്ഞുനിന്നത് തെല്ലൊരു വിസ്മയത്തോടെയും അസൂയയോടെയും കേട്ടിരുന്നിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മാധവമേനോന്‍ എന്ന ചിത്രകാരനെക്കുറിച്ച് വിജയകുമാര്‍ മേനോന്റെ ഒരു പ്രഭാഷണം ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പാണ് കേട്ടത്. രവിവര്‍മയില്‍ തടഞ്ഞുനിന്ന ഒരുകാലഘട്ടത്തിലെ എന്റെ ചിത്രവായന മാധവമേനോന്റെ സവിശേഷമായ കേരളീയ ചിത്രാഖ്യാനത്തിലേക്ക് എത്തിക്കുന്നത് വിജയകുമാര്‍മേനോനാണ്. കേരളത്തിലെ കാലാവസ്ഥപോലും മാധവമേനോന്റെ ചിത്രങ്ങളില്‍ ചലനാത്മകമായി പകര്‍ന്നാടിയതെങ്ങനെയെന്ന് വിജയകുമാര്‍ പറഞ്ഞുതന്നു. അങ്ങനെയൊക്കെയാണ് അദ്ദേഹം എനിക്കും ഗുരുവായിമാറിയത്. എന്റെ 'ബര്‍മുഡ' എന്ന കഥാസമാഹാരത്തിലെ രചനകളെക്കുറിച്ച് അദ്ദേഹം എഴുതിയ നിരൂപണം ഒരനുഗ്രഹമായി ഞാന്‍ കാണുന്നു. കഥയിലെ ചിത്രഭാഷയെക്കുറിച്ചായിരുന്നു അത്.മികച്ച കലാചരിത്രകാരന്‍ മാത്രമായിരുന്നില്ല വിജയകുമാര്‍മേനോന്‍. മികച്ച അധ്യാപകനുമായിരുന്നു. എഴുത്തിനെക്കാള്‍ അദ്ദേഹം ശ്രദ്ധിച്ചത് ക്ലാസുകളിലും പ്രഭാഷണങ്ങളിലുമാണ്. മലയാളത്തില്‍ മാത്രമല്ല ഇംഗ്‌ളീഷിലും നന്നായി എഴുതിയിരുന്നു അദ്ദേഹം. പില്‍ക്കാലം കേരളത്തില്‍ മാത്രമായി ജീവിച്ചതുകൊണ്ടാവണം ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള കലാചരിത്രകാരന്മാരുടെ നിരയില്‍ അദ്ദേഹത്തിന് വേണ്ടത്ര ഇടംകിട്ടാതെ പോയത്. ക്ലാസിക്കല്‍ കലകളിലുള്ള അവഗാഹം അദ്ദേഹത്തിന്റെ ജീവിതരീതിയിലും അതിന്റെ സ്വാധീനം കൊണ്ടുവന്നു. ഭാഷണത്തിലെയും പെരുമാറ്റത്തിലെയും കുലീനത ആകര്‍ഷണീയംതന്നെ. ഏറെ വര്‍ഷമായി ആസ്ത്മരോഗം കഠിനമായി അദ്ദേഹത്തെ അലട്ടി. അതൊന്നും വകവെക്കാതെ കേരളംമുഴുവന്‍ അദ്ദേഹം യാത്രചെയ്തു. സന്ന്യാസിയെപ്പോലെ ജീവിച്ചുമരിച്ച ഏകാകിയായ കലാചരിത്രകാരനായിരുന്നു വിജയകുമാര്‍മേനോന്‍.

അലസമായിരുന്നില്ല ആ എഴുത്ത്. പഠിച്ചും വിലയിരുത്തിയും അവതരിപ്പിക്കുന്ന രീതി. ഭാരതീയ കലാചരിത്രം എന്ന ഗ്രന്ഥം ഉദാഹരണം. മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കലാചരിത്രഗ്രന്ഥങ്ങളിലൊന്നാണ് അത്. കുറച്ചു പുസ്തകങ്ങളേ അദ്ദേഹം രചിച്ചിട്ടുള്ളൂ. എല്ലാംതന്നെ ഒരര്‍ഥത്തില്‍ ക്ലാസിക്കുകള്‍.


Content Highlights: art historian and writer vijayakumar menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented