വേട്ടടി ക്ഷേത്രം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
സന്ധ്യയ്ക്ക് ആ അമ്പലചുറ്റുവട്ടത്ത് അങ്ങനെയിരിക്കുമ്പോൾ കഥാകാരിയെ ചരിത്രത്തിന്റെ ചെന്തീമേഘങ്ങൾ വന്നുപൊതിയുന്നു.അവയിൽനിന്ന് സി.വി. രാമൻ പിള്ളയുടെ വാക്കുകൾ ഗർജിക്കുന്നു. മാർത്താണ്ഡവർമയും എട്ടുവീട്ടിൽപിള്ളമാരും പോരാടുന്നു. ചരിത്രവും സാഹിത്യവും അനുഭവവും ഇടകലർന്ന ഒരു കുറിപ്പ്
ആലുവ വിട്ട് ഏഴു കൊല്ലത്തോളം എനിക്ക് ചങ്ങനാശ്ശേരിയിൽ പാർക്കേണ്ടിവന്നു. നാടകസംഘങ്ങളിലൂടെയും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ചങ്ങനാശ്ശേരി തിളങ്ങിനിന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ കുടുംബസമേതം താമസിക്കാൻ ചെല്ലുന്നതിന് മുമ്പേതന്നെ ആ ദേശത്ത് സാംസ്കാരിക വരൾച്ച ബാധിച്ചുകഴിഞ്ഞിരുന്നു. സിനിമ കണ്ടും അമ്പലക്കാഴ്ചകളിലലഞ്ഞുമാണ് ഞാൻ ആ വരൾച്ചയെ മറികടക്കാൻ ശ്രമിച്ചത്. കൂടെയുള്ളവർ അമ്പലത്തിനകത്ത് കയറിപ്പോകുമ്പോൾ മറുജാതിക്കാരിയായ ഞാൻ മുറ്റത്തിന്റെ ഏതെങ്കിലും കോണിലൊതുങ്ങിനിൽക്കും. പടിഞ്ഞാറൻ മാനത്തുനിന്ന് കുങ്കുമം പൊടിഞ്ഞുവീഴുന്നത് നോക്കി ആൽത്തറയിലിരിക്കാനായിരുന്നു എനിക്കേറെയിഷ്ടം. ആ മായിക നിമിഷങ്ങളിലാണ് ഭൂമിയെ ഞാൻ ഏറ്റവും തീവ്രമായി സ്നേഹിച്ചുപോകുന്നത്.
പക്ഷേ, വേട്ടടി അമ്പലത്തിന്റെ മുറ്റത്ത് കുടിയിരുത്തിയ എട്ടാത്മാക്കളുടെ മുന്നിൽ നിൽക്കുമ്പോൾ ഭീതിയും കൗതുകവും ഇഴചേർന്ന് എന്നെ വരിഞ്ഞുമുറുക്കി. കുടമൺ, കഴക്കൂട്ടത്ത്, വെങ്ങാനൂർ, ചെമ്പഴന്തി, പള്ളിച്ചൽ, കുളത്തൂർ, രാമനാമഠത്തിൽ, മാർത്താണ്ഡത്ത് എന്നീ എട്ട് പിള്ളമാരെക്കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമേയുള്ളൂ. ചരിത്രം രേഖപ്പെടുത്തി വെക്കേണ്ടതാണെന്ന ഉൾക്കാഴ്ചയില്ലാത്തതുകൊണ്ടോ മറഞ്ഞുകിടക്കുന്ന തെളിവുകൾ കണ്ടെടുക്കാനാവാത്തതുകൊണ്ടോ നമ്മുടെ ഭൂതകാലം ഇരുൾ തിങ്ങിയ ഒരു ഗഹ്വരമാണ്. മിക്ക ചരിത്രകാരന്മാരും യാഥാർഥ്യവും ഭാവനയും കൂട്ടിക്കുഴച്ച് നമ്മളെ ഭ്രമാത്മകമായൊരു തലത്തിലെത്തിക്കുകയും ചെയ്യും. അതുകൊണ്ടാവണം ചരിത്രാഖ്യായികകൾ നമ്മളെ ഇത്രമേൽ ആകർഷിക്കുന്നത്.
മലയാള നോവൽസാഹിത്യത്തിലെ കുലപതിയായ സി.വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമയിലാണ് എട്ടുവീട്ടിൽ പിള്ളമാരെ ഞാൻ കണ്ടെത്തുന്നത്. നോവലിൽ പ്രത്യക്ഷപ്പെടുന്ന ഇളയരാജാവായ മാർത്താണ്ഡവർമ ഒരു ശിലാഹൃദയനല്ല. സി.വി.യുടെ രാജഭക്തി മാർത്താണ്ഡവർമ എന്ന കഥാപാത്രത്തെ ഉരുവപ്പെടുത്തുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുണ്ടെന്ന് പണ്ടേ ഒരാരോപണമുണ്ട്. അതെന്തായാലും എട്ടുവീട്ടിൽ പിള്ളമാർക്ക് മാർത്താണ്ഡവർമയോട് കടുത്ത ശത്രുതയുണ്ടായിരുന്നു എന്നകാര്യത്തിൽ തർക്കമില്ല. അതിന്റെ കാരണം അധികാരത്തെച്ചൊല്ലിയുള്ള തർക്കംതന്നെയായിരുന്നു താനും.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത് എട്ടരയോഗക്കാരായിരുന്നു. അതിൽ രാജാവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അരയോഗക്കാരൻ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രഭരണത്തിൽ കാര്യമായ പങ്കുണ്ടായിരുന്നില്ല. ക്ഷേത്രം വക അളവറ്റ സ്വത്തുക്കളുടെ മേൽനോട്ടം എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്ന നായർ പ്രമാണിമാർക്കായിരുന്നു. രാജാവിന്റെ ആസ്ഥാനം തിരുവിതാംകോടായതിനാൽ തിരുവനന്തപുരത്തിന്റെ ഭരണനിർവഹണത്തിൽ കണ്ണും കൈയും എത്തുക അത്ര എളുപ്പവുമായിരുന്നില്ല. ഈ അരാജകാവസ്ഥയെ നേരിടുന്നതിന് സ്വന്തം അനന്തരവനായ അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്ക് കഴിയുമെന്ന് രാമവർമ മഹാരാജാവിന് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് എട്ടുവീട്ടിൽ പിള്ളമാരെയും സ്വേച്ഛാധിപതികളായ പ്രഭുക്കന്മാരെയും നേരിടാൻ മാർത്താണ്ഡവർമയ്ക്ക് അനുമതി നൽകിയത്. ഇളയരാജാവ് അധികാരം പ്രയോഗിക്കാൻ തുടങ്ങിയതോടെ എട്ടുവീട്ടിൽ പിള്ളമാരും യോഗക്കാരും മാടമ്പിമാരുമൊക്കെ ബദ്ധശത്രുക്കളായിത്തീരുകയും ചെയ്തു.
അക്കാലത്ത് മലയാളനാട്ടിലാകെ മരുമക്കത്തായമാണ് നിലനിന്നിരുന്നത്. എന്നിരിക്കെ, ഇക്കൂട്ടരൊക്കെ മഹാരാജാവിന്റെ മക്കളായ തമ്പിമാർക്ക് അനുകൂലമായ നിലപാട് അവലംബിച്ചതിന്റെ കാരണം മറ്റൊന്നുമല്ല. മഹാ കർക്കശക്കാരനായ മാർത്താണ്ഡവർമ അധികാരം കൈയാളുമ്പോൾ തങ്ങളുടെ താത്പര്യങ്ങളെ അത് ദോഷകരമായി ബാധിക്കും എന്നതുതന്നെ. മാർത്താണ്ഡവർമയെ ഇല്ലാതാക്കാൻ ശത്രുക്കൾ നിരന്തരം ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് സ്വന്തം പ്രാണൻ രക്ഷിക്കാൻ കഴിഞ്ഞത്. വേഷപ്രച്ഛന്നനായും അമ്മച്ചിപ്ലാവിന്റെ പോതിലൊളിച്ചും ക്ഷേത്രങ്ങളിൽ കയറി മറഞ്ഞുമൊക്കെയാണ് മാർത്താണ്ഡവർമ രക്ഷപ്പെടുന്നത്. പലപാടും ഇളയരാജാവിന്റെ രക്ഷയ്ക്കെത്തിയ അനന്തപത്മനാഭൻ ഒരു കഥാപാത്രം മാത്രമാണെന്ന് വിശ്വസിക്കാൻ എന്റെ മനസ്സ് കൂട്ടാക്കിയില്ല. കുടമൺപിള്ളയുടെ അനന്തരവളും സുന്ദരിയും ബുദ്ധിമതിയുമായ സുഭദ്രയാകട്ടെ, എന്റെ ആദർശവനിതയായിത്തീരുകയും ചെയ്തു. സുഭദ്ര ചില നിർണായകവിവരങ്ങൾ മാർത്താണ്ഡവർമയ്ക്ക് ചോർത്തിക്കൊടുത്തതായി നോവലിൽ വിവരിച്ചിട്ടുണ്ട്. അക്കാരണത്താൽതന്നെ കുടമൺപിള്ള, തള്ളയ്ക്കോങ്ങിയ വാൾ പിള്ളയ്ക്കിരിക്കട്ടെ! എന്ന് മുരണ്ട് സുഭദ്രയുടെ മുടിചുറ്റിപ്പിടിച്ച് കഴുത്തിൽ ആഞ്ഞുവെട്ടി. അവളെ ഒളിഞ്ഞും തെളിഞ്ഞും സ്നേഹിച്ച എല്ലാവരേയും അഗാധമായ വ്യസനത്തിലാഴ്ത്തി സുഭദ്ര മൺമറഞ്ഞു പോവുകയാണ്!
മാർത്താണ്ഡവർമയുടെ സിംഹാസനാരോഹണത്തിന് വഴിതെളിയുന്നതോടെ നോവൽ അവസാനിക്കുകയാണെങ്കിലും രാജാവ് എട്ടുവീട്ടിൽ പിള്ളമാരോട് പകരംവീട്ടുകതന്നെ ചെയ്തു. അവരെ മുച്ചൂടും മുടിക്കുകമാത്രമല്ല, അവരുടെ കുടുംബത്തിലെ പെണ്ണുങ്ങളെയും കുഞ്ഞുങ്ങളെയുമൊക്കെ തുറയേറ്റുകയും ചെയ്തു. തെറ്റൊന്നുംചെയ്യാത്ത പെണ്ണുങ്ങളോടും കുഞ്ഞുങ്ങളോടും മാർത്താണ്ഡവർമ കൊടിയ അനീതിയാണ് ചെയ്തതെന്ന് മിക്ക ചരിത്രകാരന്മാരും ബുദ്ധിജീവികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതുകോണിൽനിന്ന് നോക്കിയാലും അക്കാലത്തെ തിരുവിതാംകൂറിൽ നീതിനിഷേധത്തിന്റെ തുടർക്കഥകളാണ് അരങ്ങേറിയതെന്ന് കാണാം. അതുവരേയും പിന്തുടർന്നുപോന്ന ദായക്രമം മാർത്താണ്ഡവർമയ്ക്ക് ബാധകമല്ല എന്ന നിലപാടിൽനിന്നാണ് അനീതി ആരംഭിക്കുന്നത് . നോവലിൽ കഴക്കൂട്ടത്ത് പിള്ള കുറച്ച് വ്യത്യസ്തനായി കാണപ്പെടുന്നുണ്ട്. മരുമക്കത്തായമനുസരിച്ച് മാർത്താണ്ഡവർമയ്ക്കാണ് കിരീടാവകാശം എന്ന് പിള്ളയ്ക്ക് തീർച്ചയുണ്ട്. ഒരു പടികൂടി കടന്ന് തങ്ങളുടെയൊക്കെ വീടുകളിലും ആ ദായക്രമം തന്നെയാണല്ലോ പിൻതുടരുന്നത് എന്ന് മറ്റ് പിള്ളമാരെ ഓർമിപ്പിക്കുന്നുമുണ്ട്. പക്ഷേ, മറ്റ് പിള്ളമാർ തനിക്കെതിരേ തിരിയുന്നുമെന്ന് മനസ്സിലായപ്പോൾ അവർക്കൊപ്പം നിൽക്കാൻ കഴക്കൂട്ടത്ത് പിള്ള നിർബന്ധിതനായിത്തീരുകയാണുണ്ടായത്.
സുസ്ഥിരമായൊരു ഭരണനിർവഹണത്തിന് അന്തഃഛിദ്രം ഒഴിവാക്കുകതന്നെ വേണം. രാമയ്യൻ ദളവയുടെ ചാണക്യതന്ത്രം നിമിത്തമാകണം മാർത്താണ്ഡവർമ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് സമർപ്പിച്ചത്. രാജാവ് ഈശ്വരന്റെ പ്രതിപുരുഷനാകുന്നതോടെ അദ്ദേഹത്തിന്റെ ശത്രുക്കൾ ഈശ്വരന്റെതന്നെ ശത്രുക്കളായി മാറുമല്ലോ!എട്ടുവീട്ടിൽ പിള്ളമാരുടെ മരണാനന്തരം രാജ്യത്ത് പല ദുർനിമിത്തങ്ങളും ഉണ്ടാകാൻ തുടങ്ങിയത്രേ! അവരുടെ ആത്മാക്കളെ അഴിഞ്ഞാടാനനുവദിക്കാതെ സുരക്ഷിതമായ ഒരിടത്ത് കുടിയിരുത്താനായി പിന്നെ ശ്രമം. അത്തിപ്പറ്റ നമ്പൂതിരി ആത്മാക്കളെ കുടത്തിൽ ആവാഹിച്ചെങ്കിലും പരാക്രമികളായ അവർ കുടംപൊട്ടിച്ച് പുറത്തു ചാടിപോലും! തുടർന്ന് ചങ്ങനാശ്ശേരിയിലെ കുമാരമംഗലത്ത് മനയിൽനിന്നെത്തിയ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് അവരെ കുടത്തിലൊതുക്കിയത്. അവരെ ഇരുത്താൻ അദ്ദേഹം തിരഞ്ഞെടുത്ത വെട്ടിയാട്ട് അമ്പലം ഏറ്റവും അനുയോജ്യമായ ഇടമായിരുന്നു. വെട്ടിയാടാണ് പിന്നീട് വേട്ടടിയായിത്തീർന്നത്. ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് പ്രതിഷ്ഠ. മനുഷ്യക്കുരുതി ഉണ്ടായിരുന്ന ആ അമ്പലത്തിന്റെ സമീപത്ത് അധിവസിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോഴും ആ ഭയം തീർത്തും മാഞ്ഞുപോയിട്ടില്ലാത്തതുകൊണ്ടാവണം അമ്പലത്തിന്റെ മുൻവശത്തുള്ള വയലേലകൾ വലിയ പരിക്കുകളില്ലാതെ പരന്നു കിടക്കുന്നത്.
തിരുവിതാംകൂർ രാജാക്കന്മാർ ചങ്ങനാശ്ശേരിയിലെ മണ്ണിൽ ചവിട്ടരുതെന്ന് ഒരു വിധിച്ചാർത്തുണ്ടായിരുന്നു എന്നറിയുമ്പോഴാണ് എട്ടുവീട്ടിൽ പിള്ളമാരുടെ ശത്രുതയുടെ ആഴം ബോധ്യമാവുക. എന്നാൽ, ശ്രീ ചിത്തിര തിരുനാളും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ചങ്ങനാശ്ശേരിയിൽ വരികയുണ്ടായി. കടപ്പുറത്തെ മണൽനിരത്തി അതിന് മുകളിൽ വിരിച്ച പരവതാനിയിലാണ് അവർ കാലുകുത്തിയത് എന്നൊരു കേട്ടുകേൾവിയുണ്ട്. ആകാശമിറങ്ങി വന്ന ഇരുളിന്റെ മറപറ്റി വയൽക്കാറ്റ് ആഞ്ഞു വീശുമ്പോൾ തിരിനാളങ്ങൾ ഉലയുന്നതുകണ്ട് എന്റെ ഉള്ള് വിറച്ചു. കുടീരങ്ങൾ തകർത്ത് എട്ടുവീട്ടിൽ പിള്ളമാരുടെ ആത്മാക്കൾ വീണ്ടും പുറത്തുചാടുമോ എന്ന് ഞാൻ ഒരു നിമിഷം പരിഭ്രമിച്ചു. അതിനിടയിലും കഴക്കൂട്ടത്ത് പിള്ളയുടെ ആത്മാവ് കുടിയിരിക്കുന്നത് ഏത് കുടീരത്തിലാണെന്ന് ഒരാകാംക്ഷ എന്റെയുള്ളിൽ പിടഞ്ഞുണർന്നു. നീതിബോധത്തിെൻറ ചെറിയൊരു വെളിച്ചം അദ്ദേഹത്തിലുണ്ടായിരുന്നല്ലോ എന്ന് ഞാൻ നെടുവീർപ്പിട്ടു. ഏതുകാലത്തും അവസാനത്തെ ചെറുതിരി വെളിച്ചം പോലും വിഴുങ്ങാൻ കൂരിരുൾ കാത്തുനിൽക്കുമെന്ന ചരിത്രപാഠം നാമിനിയും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..