ഡോ.എ.പി.ജെ അബ്ദുൾ കലാം | Photo: PTI
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുള്‍ കലാം നമ്മോട് വിടവാങ്ങിയിട്ട് 7 വര്‍ഷം പിന്നിടുകയാണ്. 2015 ജൂലൈ 27 ന് വൈകിട്ട് ഏഴുമണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയുടെ മിസൈല്‍ മാന്‍ അന്തരിച്ചത്. എണ്പത്തിനാലാം വയസ്സില്‍ അവുല്‍ പക്കീര്‍ ജൈനലാബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം ലോകത്തോട് വിട പറഞ്ഞെങ്കിലും വാക്കുകളിലൂടെ പുസ്തകങ്ങളിലൂടെ സ്വാധീനിച്ച ജീവിതങ്ങളിലൂടെ അദ്ദേഹം ഇന്നും ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു.
രാമേശ്വരം കടലിന് കുറുകെ പറക്കുന്ന കൊറ്റികളെക്കണ്ട് പറക്കാന്‍ മോഹിച്ച ബാല്യമായിരുന്നു അബ്ദുള്‍കലാമിന്റേത്. രാമേശ്വരത്തെ ആകാശം മാത്രമല്ല, പൂഴിമണല്‍ പരന്ന ഭൂമിയും ഈ മനുഷ്യന് പാഠശാലയായി. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനുലാബ്ദീനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ബാങ്കുവിളിയോടൊപ്പം മുഴങ്ങുന്ന ക്ഷേത്രമണിനാദങ്ങളില്നിന്നും അദ്ദേഹം മതങ്ങളുടെയും ആത്മീയതയുടെയും അന്തഃസത്ത പഠിച്ചു. പത്രം വിതരണം ചെയ്തുനടന്ന പ്രഭാതങ്ങളില്‍നിന്ന് സാധാരണമനുഷ്യജീവിതത്തെ അടുത്തറിഞ്ഞു. പിന്നീട് സതീഷ് ധവാനില്‍നിന്നും വിക്രം സാരാഭായിയില്നിന്നും ശാസ്ത്രസാങ്കേതികതയുടെ വെളിച്ചം ഉള്‍ക്കൊണ്ടു. ഇങ്ങനെ അബ്ദുല്‍ കലാമില്‍ ഒരേ സമയം ശാസ്ത്രവും മതവും ശുദ്ധ ആത്മീയതയും പൊതുബോധവും അപൂര്‍വമായി സംഗമിച്ചു.
തന്റെ ഈ ജീവിതത്തെയാണ് കലാം 'അഗ്നിച്ചിറകുകള്‍' എന്ന ആത്മകഥയിലൂടെ ലോകത്തോട് പറഞ്ഞത്. ലോകത്തോട് എന്നതിലധികമായി പുതിയ തലമുറയോടാണ് കലാം അരുണ്‍ തിവാരിയുമായിച്ചേര്‍ന്ന് രചിച്ച ആ പുസ്തകത്തിലൂടെ സംസാരിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സ്വപ്നം എന്ന വാക്കാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ അധികവും നിറച്ചുവെച്ചത്. അതുകൊണ്ടുതന്നെ ഇറങ്ങിയ ഉടനേ ആ പുസ്തകത്തിന് അപൂര്‍വമായ സ്വീകാര്യതയാണ് 'അഗ്നിച്ചിറകുക' ള്‍ക്ക് ലഭിച്ചത്. യുവതലമുറ ആ പുസ്തകത്തെ നിരാശയില്‍നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള സഞ്ജീവനിയായിക്കണ്ടു. എത്രയോ മാതാപിതാക്കള്‍ ഈ പുസ്തകം മക്കള്‍ക്ക് നേര്‍വഴിയിലേക്കുള്ള ഉപഹാരമായി നല്കി. സ്വപ്നം കാണാനുള്ള പരിശീലനപുസ്തകമായി പലരും ഈ ഗ്രന്ഥത്തെക്കണ്ടു. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. ഒരു പക്ഷേ, മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍'ക്കുശേഷം ഒരു പക്ഷേ, ലോകത്തെ ഇത്രയധികം പ്രചോദിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്ത ഒരിന്ത്യക്കാരന്റെ ആത്മകഥയുണ്ടാവില്ല.
സ്വപ്നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രാഷ്ട്രനേതാക്കളെയും മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം കലാം നിരന്തരം പ്രതീക്ഷയാല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. 'ജ്വലിക്കുന്ന മനസ്സുകള്‍' എന്ന് അദ്ദേഹം തന്റെ രണ്ടാം പുസ്തകത്തിന് പേര് നല്കുമ്പോള് അത് കലാം എന്ന മനുഷ്യന്റെ ദര്‍ശനത്തിന്റെ സാരസര്വസ്വമാവുന്നു. ഇതിലും കലാം മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജത്തെക്കുറിച്ചാണ് സംസാരിച്ചത്. ഒരുപാട് പരാജയങ്ങളില്‍നിന്നാണ് താന്‍ തന്റെ പാഠങ്ങളിലേറെയും പഠിച്ചത് എന്ന് എവിടേയും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. 'അഗ്നി'മിസൈല്‍ ആദ്യപരീക്ഷണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശപ്പെടാനല്ല കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള അവസരമായിക്കാണാനാണ് താന്‍ ശ്രമിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്.
രാഷ്ട്രപതി എന്ന മഹത്തരമായ പദവി ഈ മനുഷ്യന്റെ അതുവരെത്തുടര്ന്ന ജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാത്രി വൈകും വരെ അദ്ദേഹം നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വരുന്ന ഇമെയിലുകള്‍ക്ക് മറുപടി അയയ്ക്കുമായിരുന്നു. പ്രതിദിനം നാനൂറിലധികം ഇമെയിലുകള്‍ അദ്ദേഹത്തിന് വരുമായിരുന്നു. അതില്‍ സ്കൂള്‍കോളേജ് വിദ്യാര്‍ഥികളുടേത് മുതല്‍ ജീവിത്തിന്റെ നാനാതുറകളില്നിന്നുമുള്ളവരുടെ സംശയങ്ങളും പരാതികളുമുണ്ടായിരുന്നു. എല്ലാറ്റിനും പുലര്‍ച്ചെ രണ്ട് മണിവരെയിരുന്ന് അദ്ദേഹം മറുപടി അയയ്ക്കും. പല വ്യക്തികളുടേയും വ്യക്തിപരമായ കാര്യങ്ങളില്‍വരെ കലാം അടുത്ത ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടും. കുട്ടികള്‍ മുതല്‍ കമിതാക്കള്‍ വരെ അയയ്ക്കുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ അദ്ദേഹത്തിന് ഉറക്കം വരുമായിരുന്നുള്ളൂ. വീട്ടില്‍നിന്ന് മാതാപിതാക്കള്‍ അടിക്കുന്നു എന്ന് പറഞ്ഞ് ഒരു കുട്ടി അയച്ച ഇമെയിലിന് മറുപടിയായി കലാം ചെയ്തത് ആ മാതാപിതാക്കളെ നേരിട്ട് വിളിക്കുകയായിരുന്നു. തങ്ങളുടെ പ്രണയത്തിന് വീടും നാടും തടസ്സം നില്ക്കുന്നു എന്ന് കാണിച്ച് യുവതി മെയില്‍ അയച്ചപ്പോള്‍ കലാം എന്ന അവിവാഹിതന് അതില്‍ ഇടപെട്ട് ആ പ്രശ്നം രമ്യമായി പരിഹരിച്ചുകൊടുത്തു.

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനം കലാം അതിമനോഹരമായി ഒരുക്കിയെടുത്തു. അതിരാവിലെ അദ്ദേഹം അതിലൂടെ നടക്കുമായിരുന്നു. കൂടെയുള്ളവര്‍ സുരക്ഷയെക്കരുതി അത് എതിര്‍ത്തെങ്കിലും കലാം തന്റെ നടത്തം തുടര്‍ന്നു. ഉദ്യാനത്തിന്റെ മരച്ചുവടുകളില്‍ കവിത കുറിച്ചുവെച്ചു. തന്റെ പിറന്നാളുകള്‍ ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തില്‍ ആയിരിക്കണം എന്ന് കലാം പലപ്പോഴും നിഷ്കര്‍ഷിച്ചിരുന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കം നില്ക്കുന്ന ഏതെങ്കിലും ഗ്രാമം തിരഞ്ഞെടുക്കാന്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. രാഷ്ട്രപതി എത്തുന്നു എന്നറിഞ്ഞാല്‍ എത്ര പിന്നാക്കമായ ഗ്രാമമായാലും പെട്ടന്ന് വൈദ്യുതി, വെള്ളം, വെളിച്ചം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ പറന്നെത്തും. പെട്ടന്ന് ഇന്ത്യയില്‍ വികസനം വരാന്‍ ഇതൊക്കെയേ മാര്‍ഗമുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രപതിപദത്തിന്റെ കാലാവധി തീര്‍ന്നപ്പോള്‍ കലാം ഇനി എന്ത് ചെയ്യും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നിരുന്നു. കലാമിനൊഴിച്ച് മറ്റെല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. 'Turning point: a journey through challenges' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കലാം ഇങ്ങനെ കുറിച്ചു: 'രാജാജിമാര്ഗില്നിന്നുമിറങ്ങി രാഷ്ട്രപതിഭവന് വിടുമ്പോള്‍ എനിക്ക് എടുക്കാന്‍ രണ്ട് സ്യൂട്ട്കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാണുന്നവര്‍ക്കെല്ലാം ഒരേ ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ. ഇനി എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്? വീണ്ടും അധ്യാപനത്തിലേക്ക് തിരിച്ചുപോകുമോ? സക്രിയ ജീവിതത്തില്‍നിന്നും ഞാന്‍ വിരമിക്കുമോ? രാഷ്ട്രപതിഭവനിലെ അഞ്ച് വര്‍ഷത്തെ ജീവിതം എന്റെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു: മുഗള്‍ ഉദ്യാനത്തിലെ സ്വാഗതം ചൊരിഞ്ഞുനില്ക്കുന്ന പൂക്കള്‍, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായിയുടെ അവസാന കച്ചേരി, ഔഷധോദ്യാനത്തിലെ പൂക്കളുടെ സുഗന്ധം, നൃത്തമാടുന്ന മയിലുകള്‍, ഉരുകുന്ന ഗ്രീഷ്മത്തിലും കൊടും ശൈത്യത്തിലും ഇമചിമ്മാതെ കാവല്നില്ക്കുന്ന കാവല്ക്കാര് ഇവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു'.
രാഷ്ട്രപതി ഭവനില്നിന്നുമിറങ്ങിയ കലാം ഒരുനിമിഷം പോലും വെറുതേയിരിക്കുന്നത് ലോകം കണ്ടില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഒരു പ്രകാശദീപം പോലെ സഞ്ചരിച്ചു. ആ വിളക്കിന് ചുറ്റും എല്ലാ തരക്കാരായ മനുഷ്യരും വന്ന് സംഗമിച്ചു. അവരോട് അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം അവരെക്കൊണ്ടുതന്നെ പറയിച്ചു. ഓരോ സമ്മേളനവും മനുഷ്യരുടെ ആത്മവിശ്വാസത്തിന്റെ സംഗീതമേളയായി.
സ്വപ്നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകള്‍ ബാധിക്കാന്‍ കലാം അനുവദിച്ചില്ല. മനുഷ്യരുമായുള്ള എല്ലാ സംഗമങ്ങളില്‍നിന്നും താന്‍ പഠിക്കുകയാണ് എന്നദ്ദേഹം എഴുതി. റോബന് ദ്വീപില്‍ മണ്ടേലയുടെ കരം പിടിച്ചുനിന്നപ്പോള്‍ ഉള്ള അനുഭവം കലാം ഓര്‍ക്കുന്നുണ്ട്: 'അദ്ദേഹത്തിന്റെ കരം പിടിച്ച് നിന്നപ്പോള്‍ കരുത്തുറ്റ ആത്മാവിനെ സ്പര്‍ശിച്ച് നില്‍ക്കുന്നത് പോലെ തോന്നി. എഴുന്നേറ്റപ്പോള്‍ അദ്ദേഹം തന്റെ ഊന്നുവടി ഉപേക്ഷിച്ചു പകരം ഞാന്‍ അദ്ദേഹത്തിന് ഊന്നുവടിയായി. അദ്ദേഹത്തില്‍നിന്നും വലിയ ഒരു പാഠം ഞാന്‍ പഠിച്ചു: നിങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ തിരിച്ച് അവര്‍ക്ക് നല്ലത് ചെയ്യുക എന്നതാണ്. ഇതുതന്നെയാണ് തിരുക്കുറളും പറയുന്നത്'. കലാമിനെക്കണ്ടവരും അദ്ദേഹത്തിന്റെ കരസ്പര്‍ശം ഒരിക്കലെങ്കിലും അറിഞ്ഞവരും ഇതേ വികാരം പങ്കിടുന്നവരായിരിക്കും.
'അഗ്നിച്ചിറകുകളു'ടെ അവസാനഭാഗത്ത് അദ്ദേഹം ഇങ്ങനെ എഴുതി:
'രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റില്‍ നൂറ് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോനാല്‍ കണ്ടെത്തപ്പെട്ട് ഐതിഹാസികനായ പ്രൊഫസര്‍ വിക്രം സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും. ലൗകികമായി എനിക്കാരും പിന്തുടര്ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടില്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ ഒന്നും...'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..