ബാലാമണിയമ്മ, ഡോ. എം. ലീലാവതി
ഡോ. എം. ലീലാവതി ടീച്ചറെ സന്ദര്‍ശിച്ച അനുഭവത്തെക്കുറിച്ച് കവി ബാലാമണിയമ്മയുടെ കൊച്ചുമകള്‍ അനുരാധ നാലാപ്പാട്ട് എഴുതുന്നു.
പണ്ട് ബാംഗ്ലൂരില്‍നിന്നു ഇടപ്പള്ളിയിലുള്ള എന്റെഅമ്മ സുലോചനയുടെ വീട്ടിലേക്കു പോകുമ്പോള്‍ അവിടെ അമ്മമ്മ നാലാപ്പാട്ട് ബാലാമണിയമ്മയും ഉണ്ടാകുമായിരുന്നു. ഉരുളന്‍കിഴങ്ങുപ്പേരിയും പുളീഞ്ചിയും; അമ്മമ്മയ്ക്ക് അതാണിഷ്ടം.
അമ്മ ഒരുക്കിയ താഴത്തെ വെള്ളമുറിയില്‍, നാലാപ്പാട്ടെ 'സര്‍വോദയ'യില്‍നിന്നു കൊണ്ടുവന്ന വെള്ള പെയിന്റടിച്ച കട്ടിലില്‍, വെള്ള പ്രിന്റുള്ള ബെഡ്ഷീറ്റില്‍ ഇരിക്കുന്ന ഒരു ചെറിയ അമ്മമ്മ. മാതൃത്വത്തിന്റെ കവി. അക്ഷരങ്ങളുടെ തമ്പുരാന്‍ എന്ന് അവരെ പരീക്ഷിത്ത് തമ്പുരാന്‍ വിളിച്ചു.
''നമ്മുടെ ഗ്രഹണശക്തിക്കും രുചിക്കും പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞ കവിയാണവര്‍. ഇന്നും അവര്‍ അമ്മ തന്നെ. മുല കുടിക്കുന്നത് അണ്ഡകടാഹം മുഴുവനുമാണെന്നു മാത്രം.'' വെളിപ്പെടുത്തിയത് മഹാകവി അക്കിത്തം. അമ്മമ്മക്ക് എപ്പോഴും ഖാദി വസ്ത്രം. മൂന്നു ഇതളുള്ള ചെറിയൊരു സ്വര്‍ണക്കമ്മല്‍. കഴുത്തിലെ വലിയ രുദ്രാക്ഷമാല മാറില്‍ എടുത്തുനിന്നു. കറുപ്പും വെളുപ്പും കലര്‍ന്ന നേരിയ തലമുടി കെട്ടാന്‍ ഒരു കറുത്ത റിബണ്‍ കഷണം. മതിലില്‍ അച്ഛാച്ചന്‍ വി.എം. നായരുടെ ഒരു ഫോട്ടോ. ഈ കൊച്ചുമുറിയിലിരുന്ന് എത്ര സൂക്ഷ്മതലങ്ങളിലേക്ക് അവര്‍ സഞ്ചരിച്ചിരിക്കുന്നു!
സുലോചന നാലപ്പാട്ടെഴുതിയ ബാലാമണി അമ്മയുടെ മോണോഗ്രാഫില്‍ 'വിശ്രമം' (1976) എന്ന കവിതയുടെ ചില വരികള്‍ ഓര്‍ക്കുന്നു. ഇനി തൂലിക വിട്ട് തന്നിലേക്ക് ചേരാന്‍ ജഗദംബിക വിളിക്കുന്നു. എന്നാല്‍, ആ ഘട്ടത്തില്‍ അത്യഗാധകളിലൂടെയുള്ള സഞ്ചാരമല്ല അവര്‍ക്ക് സാന്ത്വനം നല്കുന്നത് എന്നവര്‍ എഴുതുന്നു. മറിച്ച്, ഇതില്‍പരം കയ്യിലുള്ള തൂലിക മറ്റൊരിന്ദ്രിയമായി മാറിയിരിക്കുന്നതിനാല്‍, വിശ്വത്തിലൂടെ അതുവെച്ച് തുഴയാന്‍ തന്നെയാണ് കവിയുടെ തീരുമാനം!
''അമ്മമ്മേ, ആരാണീശ്വരന്‍, എവിടെയാണയാള്‍ ഇരിക്കുന്നത്, എനിക്കൊന്ന് കാണണം, തൊടണം,'' ഞാന്‍ ചോദിച്ചതായി ഓര്‍ക്കുന്നു. ആ ചോദ്യത്തെ വിരലുകളൊന്ന് കുടഞ്ഞ് നിസ്സാരമാക്കിക്കളഞ്ഞു അമ്മമ്മ.
'അത് പറ്റില്യ', 'പറയൂ,' ഞാനും വിട്ടില്ല. ഉമ്മറത്തേക്ക് നടന്ന് ജനലിനടുത്തുള്ള സോഫമേല്‍ ഇരുന്ന് മടിയിലേക്ക് വീണ സൂര്യരശ്മികളെ നോക്കിക്കൊണ്ട് അമ്മമ്മ പറഞ്ഞു. ''ഇതന്നെ.'' തന്ത്രവും മന്ത്രവും എല്ലാം ശീലിച്ച അവരുടെ പക്കല്‍നിന്ന് ഏതോവലിയ തത്വം കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അധികം സംസാരിക്കാറില്ല, പക്ഷേ, ആ മുഖത്ത് എപ്പോഴും ഒരു ചെറിയ ചിരി ഉണ്ടാവും. ആരെങ്കിലും ചെവിയില്‍ സ്‌നേഹവാക്കുകള്‍ മന്ത്രിക്കുന്നുണ്ടാവും. ഉള്ളിലെ സ്‌നേഹത്തിന്റെ ഉറവിടം തുറന്നിട്ടുണ്ടാവും.
രണ്ടു വര്‍ഷം മുമ്പ് പ്രൊഫ. ലീലാവതിയെ കാണാന്‍ ചെന്നപ്പോള്‍ വീടിന്റെ ജനവാതിലിലൂടെ നോക്കിയതാണ് ഓര്‍മ വരുന്നത്. ഊണ്‍മേശക്കരികില്‍ ഒന്ന് ചെരിഞ്ഞ്, അല്‍പ്പമൊന്ന് കുനിഞ്ഞ്, എന്തോ വായിക്കുന്നു. എന്റെ അമ്മമ്മ നില്‍ക്കുന്നതുപോലെത്തന്നെ. വെള്ളമുണ്ട്. ചുവന്ന ബ്ലൗസ്സ്.
നെറ്റിയില്‍ വട്ടത്തില്‍ ചന്ദനം. അതിനു നടുക്ക് കുങ്കുമം. അമ്മമ്മയുടെ നെറ്റിയില്‍ എപ്പോഴും ഭസ്മമാണുണ്ടാകാറ്. നിറമുള്ള ജാക്കറ്റുകളിട്ട അമ്മമ്മയെ ഒരിക്കലും കണ്ടിട്ടില്ല. ടീച്ചറോടെനിക്ക് സ്‌നേഹം തോന്നി. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലേറെ ആദരവും അദ്ഭുതവും, കൂടെ സന്തോഷത്തിന്റെ വക്കില്‍നിന്നൊരു കണ്ണുനീര്‍ത്തുള്ളിയും മനസ്സില്‍ തിങ്ങിക്കൂടി.
കഴിഞ്ഞ തവണ വന്നപ്പോള്‍ മഹാമാരി ബഹളത്തിനിടയില്‍ ടീച്ചറെ കാണാന്‍ പറ്റിയില്ല. ഇത്തവണ എല്ലാ തിരക്കുകളും മാറ്റിവെച്ച് തൃക്കാക്കരയിലെ ടീച്ചറുടെ വീട്ടിലെത്തി. മനസ്സിലെന്തെന്നില്ലാത്ത സന്തോഷം. റോഡിന്നരികിലുള്ള വിളക്കുമരത്തിലേക്കാണ് ആദ്യം നോക്കിയത്. അവിടെ സ്ഥിരമായി കാണപ്പെട്ടിരുന്ന പശുവിനെ കണ്ടില്ല. അതിനു തീറ്റി കൊടുത്തിരുന്ന ടീച്ചറുടെ സഹോദരപത്‌നിയായ ഗീതമ്മായിയേയും കണ്ടില്ല. വലതുവശത്ത് തിക്കിത്തിരക്കി ഒറ്റക്കാലിന്മേല്‍ ഒരു പേരമരം ചെരിഞ്ഞു നിലക്കുന്നു. പദ്മശ്രീയും സരസ്വതി സമ്മാനും തേടിവന്ന ആ വലിയ പേര് മുന്‍വശത്തെ തിളക്കം കുറഞ്ഞ മതിലില്‍ സൂക്ഷിച്ചു നോക്കിയാലും കാണാന്‍ പ്രയാസം. പേരും പദവികളും വന്നുവീഴുകയല്ലാതെ അവര്‍ക്കതൊക്കെ ഓര്‍ക്കാന്‍ എവിടെ സമയം?
ഞാനും അമ്മയും ഗേറ്റ് തുറന്നു അകത്തേക്ക് കയറി. ഒന്നാം നിലയിലെ പുസ്തക സഞ്ചയത്തിലേക്കുള്ള കോണിപ്പടി വലതുവശത്ത് കാണാം. മുഖമുയര്‍ത്താതെ ഞാന്‍ ടീച്ചറുടെ ചുറ്റും നോക്കി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇത്രയും പുസ്തകങ്ങള്‍ താഴത്തെ നില കവര്‍ന്നിരുന്നില്ല. ഇപ്പോഴിതാ അവര്‍ ഇവിടെയും ഇരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുസ്തകങ്ങള്‍, മാസികകള്‍. വരിവരിയായി പടികളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. രണ്ടു പടി താണ്ടിയാല്‍ അകത്തെത്തും. ടീച്ചര്‍ക്ക് കാവലായി ഒരു വലിയ സൈന്യം തല ഉയര്‍ത്തി മിണ്ടാതെ നില്ക്കുന്നപോലെ.
തച്ചന്റെ മകള്‍ ഒരു വശത്ത്, ഒരു ബുധിനി മറുവശത്തൊഴുകുന്നു. നീര്‍മാതളത്തിന്റെ സുഗന്ധം പരക്കുന്നു. വള്ളത്തോളും എഴുത്തച്ഛനും ഇടശ്ശേരിയും. ദാ അഡോണിസിന്റെ കയ്യില്‍ ഒരു കഷണം കടലാസ്സ്- Negative Capabilities. അവരുടെ മടിയില്‍ തലമേല്‍ കൈയും വെച്ച് കീറ്റ്‌സ്. അതാ Lycidas അടുത്ത്. ശൂര്‍പ്പണഖ, കൈകേയി. മാധവിയുടെ കൈ പിടിച്ചിരിക്കുന്ന ബാലാമണിയമ്മ. ചിന്താവിഷ്ടയായ സീത അരികില്‍. പിന്നെ രാവണന്‍, ദുശ്ശള. ഒരു കടുംനീലമേഘത്തിന്റെ മടിയില്‍ മഹാകവി ജി. കവിയുടെ മടിയില്‍ നക്ഷത്രങ്ങള്‍, ഒരോടക്കുഴല്‍, തോളില്‍ ചിറക് വിറപ്പിക്കുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയും. ആറാം പടിയില്‍ ഒരു കൊച്ചുതൊമ്മന്‍, പാത്തുമ്മയുടെ ആടിന്റെ വിളി കേള്‍ക്കുന്നു. ലാന്‍ഡിങ്ങില്‍ മൂലയില്‍, നന്നങ്ങാടി. അതിനകത്തുനിന്നു എലികളുടെ കരച്ചില്‍. N.V അരികത്തു. ഇല്ലാത്തവരാരും ഇല്ല.
ഒരു പടിയില്‍ ഒറ്റയ്‌ക്കൊര് മൂലയില്‍ നാലപ്പാടന്റെ ആര്‍ഷജ്ഞാനം. ദാ! മുകളിലത്തെ പടിയില്‍ സി. രാധാകൃഷ്ണന്‍ പന്തുകളിട്ടമ്മാനമാടുന്നു! അതോ കാലത്തെയോ?! സഹധര്‍മിണി വല്‍സല ഭര്‍ത്താവിനെ അന്തോം കുന്തോം വിട്ടു സ്‌നേഹിച്ചിട്ടുണ്ടാവും. ഉറപ്പ്. ആ ഒഴുക്കിന്റെ കൃഷ്ണവര്‍ണ്ണ മടിയിലല്ലേ ബ്രഹ്‌മാണ്ഡങ്ങള്‍ക്ക് കായ്ച്ച് വളരാന്‍ പറ്റൂ... കോവണിപ്പടി കയറുമ്പോള്‍ ആരെയും ചവിട്ടാതെ വളരെ സൂക്ഷിച്ചുവേണം നടക്കാന്‍.

സല്‍ക്കാരമുറിയില്‍ ടീച്ചര്‍ കസേരമേല്‍ ഇരിക്കുന്നു. ഗീത തര്‍ജ്ജമചെയ്തത് പ്രൂഫ് റീഡിംഗ് ചെയ്യുകയാണ്! അവര്‍ക്കു വയസ്സു 96. കുറച്ചു നേരം അമ്മയും ടീച്ചറും വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. മുറ്റത്തെ തുളസിയും എലഞ്ഞിയും മാവും... ഞാന്‍ അവരുടെ അടുത്തേക്ക് പോയി. വര്‍ഷങ്ങളായി ടീച്ഛര്‍ക്ക് തണലേകുന്ന വൃക്ഷങ്ങളോട് വിശേഷം ചോദിച്ചു. എന്ത് വിശേഷം, അവര്‍ പറഞ്ഞു. ടീച്ചര്‍ എന്ന കാറ്റ്, കൊടുംകാറ്റ്, ടീച്ചറുടെ ആഴമേറിയ ചിന്തകളുടെ കുളിര്‍മ്മയേറ്റ്, നന്മയറിഞ്ഞ്, ഞങ്ങളിതാ ആകാശങ്ങളെ ലക്ഷ്യം വെച്ചു വളര്‍ന്നുയരുന്നു. അല്ലാതെന്താ വിശേഷം!
വര്‍ഷങ്ങള്‍ക്കു മുന്‍പ് സാഹിത്യ അക്കാദമിയുടെ ഒരു കവിസമ്മേളനത്തില്‍ എന്നേയും വിളിച്ചിരുന്നു. സ്റ്റേജിന്റെ പോഡിയം, അതിനു പിറകില്‍ ഒരു ചെറിയ രൂപം. പ്രൊഫ. ലീലാവതി. താഴെ ഇരിക്കുന്നവര്‍ക്ക് കാണാന്‍ തന്നെ പറ്റുന്നില്ല. പക്ഷേ, അവരുടെ ശബ്ദമുഴക്കം തെറ്റില്ല. അത് ഏറ്റവരുടെ മനസ്സൊന്ന് തകിടം മറിഞ്ഞിരിക്കണം. കത്തിജജ്വലിക്കുന്ന സൂര്യന്‍ കടലില്‍ മുങ്ങുന്നതിന് മുന്‍പൊന്ന് വക്കത്ത് ശങ്കിച്ച് നില്‍ക്കും. ആദ്യമായി നീന്തല്‍ പഠിക്കുന്നവരെപ്പോലെ. പിന്നെ മുങ്ങിക്കലങ്ങിത്തെളിയും.
ബാലാമണിയമ്മയുടെ 'വാസനച്ചെപ്പു'കളുമായിവന്നവരെല്ലാം, ശങ്ക വെടിഞ്ഞ് ടീച്ചറുടെ വാക്കുകളില്‍ ഊഴമിട്ടിരിക്കണം. ഒരു വെളുത്തപഞ്ഞിമുട്ടായിവെളിച്ചം നുകര്‍ന്നിരിക്കണം.ബുദ്ധിശക്തിയെ ദിവസവും മൂര്‍ച്ചപ്പെടുത്തി എഴുത്തിലൂടെ നമുക്കായി അവര്‍ കാഴ്ചവെച്ചു. സത്യമറിയാനുള്ള വ്യഗ്രത, ദൃഢനിശ്ചയം, സമാന കാഴ്ചപ്പാട്, ധൈര്യം, ജ്ഞാനം, നന്മ, ഇതിന്റെ എല്ലാം ഉറവിടവും സ്‌നേഹമെന്ന മഹാസാഗരം തന്നെ. ഒരു മുഴുവന്‍ ജനതയെ ഈ അമ്പുകളുടെ കൂര്‍ത്ത ശരശയ്യയില്‍ക്കിടത്തി പുനരുദ്ധാനം ചെയ്തു. അതാണല്ലോ എഴുത്തുകാരുടെ പണി- വെളിച്ചമേകാന്‍. മൃദുലമായ തലങ്ങളിലെ രസത്തെ ഒന്ന് പകര്‍ന്നുതരാന്‍,വെളിച്ചത്തിലേക്കൊരു ചായവ് സൃഷ്ടിക്കാന്‍. അങ്ങിനെ അടിച്ചേല്‍പ്പിക്കപ്പെട്ട വിശ്വാസങ്ങളുടെ തിക്കുംതിരക്കിലും നിന്നൊരല്‍പ്പം ആശ്വാസം നല്‍കാന്‍.
'അക്ഷരങ്ങളാല്‍ തീര്‍ത്ത മച്ചകങ്ങളില്‍
ജീവനര്‍ച്ചനക്കായ് ഒരുക്കിയ അത്യഗാധതകളില്‍
കടക്കൂ തായേ വീണക്കമ്പികള്‍ക്കുമേല്‍ വിരല്‍ നടത്തൂ
മുഴങ്ങട്ടെ വിശ്വമങ്കള ഗീതം''
'ജ്ഞാനദേവതയില്‍' ബാലാമണി അമ്മ വിളിച്ചു. പറയേണ്ട താമസം ലീലാവതി ടീച്ചറെപ്പോലുള്ളവര്‍ കടന്നിരുന്നിരിക്കണം.96-ാം വയസ്സിലും നിര്‍ത്തിയിട്ടില്ല ആ വീണമീട്ടല്‍. ഈ കടപ്പാട് തീര്‍ക്കാന്‍ഈ സമൂഹത്തിന് എന്ത് ചെയ്യാന്‍പറ്റും? എങ്ങിനെ
ചെയ്യാതിരിക്കും? ചെയ്യണം.
''പഴം എടുത്ത് കഴിക്കൂ, പറമ്പില്ണ്ടായതാ.''അവര്‍ എന്നെ വിളിക്കുന്നു. 1931-ല്‍ കഴിച്ചതാണ്! പിന്നെ തൊട്ടിട്ടില്ല, പഴത്തെ. പണ്ട് ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ രാവും പകലും പഴശരങ്ങള്‍ ഏറ്റിട്ട് ഞാന്‍ തളര്‍ന്നതായിരിക്കാം. കഴിച്ചിട്ടും, കഴിക്കുന്നവരുടെ മുഖഭാവം കണ്ടിട്ടുമുള്ള ക്ഷീണമായിരിക്കാം.
മനസ്സിന് അതിനോടൊരു വെറുപ്പ്. ടീച്ചര്‍ എന്നെ നോക്കി, വരാന്‍ പറയുന്നു. അച്ചടക്കമുള്ള സ്‌കൂള്‍ കുട്ടിയെപ്പോലെ ഞാന്‍ പഴപ്പടലയുടെ അടുത്തേക്ക് നടന്നു. അമ്മ എടുത്തുകഴിക്കുന്നു. ഞാന്‍ അതിനെ ആശങ്കയോടെ തൊട്ടും തിരുമ്മിയും നോക്കി നിന്നു.
ടീച്ചറുടെ ശ്രദ്ധ അമ്മയിലാണ്. പഴത്തിന് മേല്‍ വെച്ച കൈ മെല്ലെയെടുത്ത് പുറത്തേക്ക് നടന്നു.
'എന്താ ഈ കുട്ടി പഴം എടുക്കാതെ പോണെ?!'' അതു കേട്ട് ഞാന്‍ അദ്ഭുതപ്പെട്ടു, ചിരിച്ചു. മുകളിലത്തെ ചില്ലയിലിരിക്കുന്ന പക്ഷിയാണവര്‍ എന്ന സത്യം ഒരു നിമിഷം മറന്നുപോയി.
ഓരോ നിമിഷത്തിന്റെയും നിര്‍വൃതി അറിയാതെ നാം ഓരോരുത്തരും കഥാപാത്രങ്ങളായി അലയുന്നു. ചിലപ്പോള്‍ ഒരു നുള്ളുവാക്കായി, നീളത്തിലൊരു വ്യഥയായി, മനസ്സുറക്കാത്തൊരു ഒഴുക്കന്‍ പ്രവര്‍ത്തിയായി, പലരുംകൂടി വരച്ച ഒരു കാന്‍വാസില്‍ കഥാപാത്രങ്ങളായി നാം തൂങ്ങി നില്‍ക്കുന്നു. പുരാണങ്ങളില്‍, ഗുഹകളില്‍ മുക്തി കാത്ത് തൂങ്ങിനില്‍ക്കുന്ന മുനിമാരെപ്പോലെ.
അങ്ങനെയുള്ള ലീലക്കിടയില്‍ വരുന്നു എഴുത്തുകാര്‍! ഒരു ലീലാവതി, ഒരു ബാലാമണിഅമ്മ... വരകള്‍, നിറങ്ങള്‍, രൂപങ്ങള്‍, ഒന്നു മാറ്റി മീട്ടുന്നവര്‍. കാന്‍വാസില്‍ കുടികൊള്ളുന്ന നമ്മുടെ മേല്‍ വെള്ള പൂശുന്നവര്‍. എങ്കിലും നാമാരും മരിക്കുന്നില്ല. എങ്ങോട്ടുപോയി മരിക്കാന്‍? അല്ലെങ്കില്‍തന്നെ സൃഷ്ടിയുടെ പാതയില്‍ ഓരോ നിമിഷവും മരിക്കുന്നവര്‍ക്ക് മരണം വെറുമൊരു മറുവശം. എന്നും മരിക്കുന്നു. ഓര്‍മ്മകള്‍, മുഖങ്ങള്‍. ഇന്നലെയുടെ ബാക്കി വ്യസനം ഇന്ന്. ഇന്നത്തെ നിര്‍ണ്ണയം നാളെ. ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്, മരണവാക്കിനോടാണ് ഭയം, മരണത്തോടല്ല എന്ന്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കടലാസ്സുകൊണ്ടു ബോട്ടുകളും, വിമാനങ്ങളുംനിര്‍മ്മിച്ചിരുന്നു. അതുപോലെത്തന്നെ name place animal thing എന്നു എഴുതിവെച്ച് ഒരു പേപ്പര്‍ കളിക്കൂട് സൃഷ്ടിക്കുമായിരുന്നു. വിരലുകള്‍ അനക്കിയാല്‍, നമുക്ക് പ്രിയപ്പെട്ട പേര്, സ്ഥലം, മൃഗം, അല്ലെങ്കില്‍ വസ്തു, അത് കാണിച്ചുതരും.
മനുഷ്യന് എല്ലാത്തിനോടും ഒരു ഒട്ടലാണ് പതിവ്. മോഹം. ആകാശങ്ങളില്‍ ചിതറിക്കിടക്കുന്ന ഒരു ലക്ഷം പഞ്ഞിമുട്ടായികളില്‍ ഒന്നിനോടൊരു ഒട്ടല്‍ നാം
സൃഷ്ടിക്കുന്നു. ആ പഞ്ഞിക്കുട്ടിക്കൊരു പേര്- മണ്ടന്‍ മുത്തപ്പ. ആ പഞ്ഞിക്കുട്ടിക്ക് താമസിക്കാന്‍ ഒരു സ്ഥലം- പുന്നയൂര്‍കുളം. ലാളിക്കാന്‍ ഒരു മൃഗം- പുള്ളിപ്പുലി. സ്വന്തമാക്കാന്‍ ഒരു വസ്തു- വെള്ളി നക്ഷത്രം. അങ്ങനെയും ഒരു ലീല കാന്‍വാസില്‍!
എഴുത്തുകാര്‍ക്ക് മറിച്ചാണ് കളി. കോണിന്റെഏറ്റവും താഴെ സ്ഥലം പിടിച്ചിരിക്കുന്ന പഞ്ഞിക്കുട്ടിയില്‍നിന്നു മുകളിലേക്കാണ് അവരുടെ ദൃഷ്ടി പായുന്നത്. ലീലാവതി ടീച്ചര്‍ വായിച്ച പുസ്തകം പോലെ- Into an expanding universe. അള്ളാഹുവിന്റെയും ഗുരുവായൂരപ്പന്റെയും വാസസ്ഥലം. ദ ബ്ലാക്ക് ഹോള്‍.
ജഗദംബിക, ലീലാവതി, ലളിതാംബിക, ബാലാമണിയമ്മ... ഇവരെല്ലാം വിളിച്ചാല്‍ വരാത്ത ദൈവങ്ങളുണ്ടോ? ലീലാവതി എന്ന ആകാശത്തിന്റെ ഒഴുക്കില്‍ ഈ കലികാലത്തിന്റെ കൂടെ സൗജന്യമായി ലഭിക്കുന്നചില ഭീകര നിമിഷക്കണങ്ങള്‍ തലപൊക്കുമ്പോള്‍ അവയുടെ മേല്‍ നൃത്തമാടൂ കൃഷ്ണാ. അത്
അവരില്‍ ഒട്ടിനില്‍ക്കാതിരിക്കട്ടെ. പ്രതിഷ്ഠയാകാതിരിക്കട്ടെ, മനസ്സിലൊരു പ്രാര്‍ഥനാശകലം മുളപ്പൊട്ടുന്നു.
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം... എന്ന വരികളെ, അപവാദമെ നിനക്കു ശാശ്വതമായൊരു പ്രതിഷ്ഠ ഇല്ലാതിരിക്കട്ടെ, എന്നാണല്ലോ ടീച്ചര്‍ വിവര്‍ത്തനം ചെയ്തത്. ഒരു കോടി നന്ദി.അവരെപ്പോലുള്ളവര്‍ക്ക്, വഴി കാട്ടിയതിന്, വെളിച്ചമൂട്ടിയതിന്.
'പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍', 'പോയംസ് ഓഫ് ബാലാമണിഅമ്മ' എന്ന കൃതികളില്‍ ഡോ. സുലോചന അവരുടെ അമ്മയുടെ കൈപിടിച്ച് ആ മഹാമനസ്സിന്റെ സുഗന്ധിയാം ഇടനാഴികകളിലേക്ക് കയറിച്ചെന്നു. മറ്റാര്‍ക്കും കഴിയാത്തവണ്ണം നമുക്ക് ബാലാമണി അമ്മയെന്ന വ്യക്തിയെയും കവിയെയും കാഴ്ച വെക്കുന്നു. ഈ അനുഭവങ്ങള്‍ക്കെല്ലാം വളംവെച്ചു തന്ന, എന്റെ അമ്മ, സുലോചനയെന്ന കര്‍മ്മയോഗിക്കു സ്‌നേഹം...
Content Highlights: Anuradha Nalapat, Balamani Amma, Dr. M Leelavathy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..