ഗബ്രിയേൽ ഗാർസിയാ മാർക്കേസ്, ആൻദ്രേസ് കൈസേദോ | Photos: AFP, Mathrubhumi
മാതൃഭൂമി ദിനപത്രത്തിലെ ' വാക്കോള'ത്തില്‍ ' ആന്‍ദ്രേസ് കൈസേദോയെ ആര്‍ക്കാണ് പേടി' എന്ന തലക്കെട്ടില്‍ ജയകൃഷ്ണന്‍ എഴുതിയ ലേഖനം വായിക്കാം....
'കാണി' (The Spector) എന്നു പേരുള്ള കഥയില്‍ കൊളംബിയന്‍ എഴുത്തുകാരനായ ആന്‍ദ്രേസ് കൈസേദോ (Andres Caicedo) അടയാളപ്പെടുത്തുന്നത് ഒരുപക്ഷേ തന്റെ ജീവിതം തന്നെയാണ്. ഇതാണാ കഥ;
റിക്കാര്‍ദോ ഗോണ്‍സാലെസ് എന്നു പേരുള്ള ചെറുപ്പക്കാരന് ഹോളിവുഡ് സിനിമകള്‍ ഏറെ ഇഷ്ടമാണ്. ഒരിക്കല്‍ അയാളൊരു സിനിമ കാണാനിടയായി. മറ്റാര്‍ക്കും രസിച്ചില്ലെങ്കിലും അയാള്‍ക്ക് ആ സിനിമയും ഏറെ ഇഷ്ടമായി. അയാളത് എട്ടുതവണ കണ്ടു. എട്ടാമത്തെ പ്രാവശ്യവും കാണികള്‍ അതിനെ പുച്ഛിക്കുന്നതു കണ്ടപ്പോള്‍ അയാള്‍ക്ക് സഹിച്ചില്ല. അയാള്‍ അവരുമായി ഉച്ചത്തില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തീയേറ്ററില്‍ ബഹളമുണ്ടാക്കിയതിന് മറ്റുള്ളവര്‍ അയാളെ പിടിച്ചു പുറത്താക്കി.
അയാള്‍ക്കു പക്ഷേ ആരൊടെങ്കിലും ആ സിനിമയെ പറ്റി സംസാരിച്ചേ മതിയാകൂ. പക്ഷേ ആരോട്? അയാള്‍ സിനിമ കഴിഞ്ഞ് ആളുകള്‍ പുറത്തുവരാന്‍ കാത്തുനിന്നു. അവരില്‍ ഒരു തടിയന് സിനിമയിഷ്ടമായെന്ന് റിക്കാര്‍ദോയ്ക്ക് തോന്നി. അയാള്‍ തടിയനെ പിന്തുടര്‍ന്നു. ആളൊഴിഞ്ഞ വഴിയിലൂടെ ഒരുവന്‍ തന്നെ പിന്തുടരുന്നതില്‍ അസ്വസ്ഥനായ തടിയന്‍ ആളെക്കൂട്ടി റിക്കാര്‍ദോയുടെ നേരെ വന്നു. താന്‍ സിനിമയെപ്പറ്റി സംസാരിക്കാന്‍ വന്നതാണെന്ന അയാളുടെ വാക്കുകളൊന്നും വിലപോയില്ല. തടിയനും കൂട്ടരും അയാളെ തല്ലിച്ചതച്ചു.
1977 -ല്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആന്‍ദ്രേസ് കൈസേദോയും ഇതേ മാനസികാവസ്ഥയിലായിരിക്കണം. അയാള്‍ പറയുന്നത് ആരും കേട്ടില്ല. ഇന്ന് ലോക പ്രശസ്തമായ അയാളുടെ 'Liveforerer' എന്ന നോവല്‍ കുറച്ചു സുഹൃത്തുക്കളെല്ലാതെ മറ്റാരും വായിച്ചിരുന്നില്ല. കാരണം അത് ലാറ്റിനമേരിക്കന്‍ബൂമിന്റെ (Latin American Boom) കാലമായിരുന്നു. മാര്‍ക്കേസും യോസയും ഫുവേന്തസുമൊക്കെ നോവലിനെ മാന്ത്രികമായ തലങ്ങളിലേക്കുയര്‍ത്തിയിരുന്നു. ചരിത്രം നിശ്ശബ്ദമാക്കിയതിനെപ്പറ്റി സംസാരിക്കുകയാണ് നോവലിന്റെ ധര്‍മ്മമെന്ന് ഫുവേന്തസ് (Carlos Fuentes) പ്രഖ്യാപിച്ചു.
'സമ്പൂര്‍ണ്ണ നോവലി'നെപ്പറ്റി യോസ വാചാലനായി. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലൂടെ മാര്‍ക്കേസ് ഇതിനെല്ലാം ഇതിഹാസതുല്യമായ അര്‍ത്ഥവ്യാപ്തി നല്‍കി. അത് ക്യൂബയുടെയും വിപ്ലവത്തിന്റെയും കാലം കൂടിയായിരുന്നു. കുറച്ചൊക്കെ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും എഴുത്തുകാര്‍ കാസ്‌ത്രോയുടെ പിന്നില്‍ തന്നെയായിരുന്നു. അപ്പോഴാണ് മാര്‍ക്കേസിന്റെ നാട്ടുകാരനായ, ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു പയ്യന്‍ വ്യക്തികേന്ദ്രീകൃതമായ, പിന്തിരിപ്പന്മാരായ പ്യൂര്‍ത്തോറിക്കന്‍ പാട്ടുകാര്‍ ആലപിച്ച സാല്‍സാ സംഗീതത്തെപ്പറ്റിയുള്ള ഒരു നോവല്‍ എഴുതുന്നത്. നേരത്തെ പറഞ്ഞ മഹാന്മാര്‍ അടിച്ചേല്‍പ്പിച്ച ആശയങ്ങള്‍ക്ക് നേര്‍വിപരീതമായ ഒന്ന്.
.jpg?$p=8a7b7b1&&q=0.8)
തന്റെ ആദ്യത്തെ ആത്മഹത്യാശ്രമത്തിനു മുമ്പ് അമ്മയ്ക്കയച്ച ഒരു എഴുത്തില്‍ താന്‍ കാലത്തിനു ചേരാത്തവനാണെന്ന് കൈസേദോ പറയുന്നുണ്ട്. അതു ശരിയാണ്: പക്ഷേ പഴഞ്ചനായിട്ടല്ല, കാലത്തിനു മുമ്പേ സഞ്ചരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍. അതുകൊണ്ടാവാം ഇന്റര്‍നെറ്റിന്റെ ഈ കാലത്ത് മാര്‍ക്കേസിനേക്കാള്‍ കൈസേദോക്ക് വായനക്കാരുണ്ടാവുന്നത്.
മാജിക് റിയലിസത്തിന്റെ യുഗത്തില്‍ ജീവിച്ചിട്ടും കൈസേദോയുടെ ലേഖനങ്ങളിലോ കത്തുകളിലോ ഒന്നും മാര്‍ക്കേസിനെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ല! മാര്‍ക്കേസെന്നല്ല, അക്കാലത്തെ മഹാന്മാരായ എഴുത്തുകാരെ ആരെക്കുറിച്ചും കൈസേദോ ഒന്നും പറഞ്ഞിട്ടില്ല - യോസയെപ്പറ്റിയുള്ള ഒരു ലേഖനം മാത്രമാണ് ഏക അപവാദം. അതുകൊണ്ടാണ് 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ' മാന്ത്രികഭൂമിയായ മാക്കന്ദോയുടെ ആദ്യത്തെ ശത്രുവായിരുന്നു കൈസേദോ എന്ന് പറയപ്പെടുന്നത്.
ഒഴുക്കിനെതിരെ നീന്തിയതുകൊണ്ട് സ്വാഭാവികമായും കൈസേദോ ഭ്രഷ്ടനായി; അയാള്‍ ഓരം ചേര്‍ക്കപ്പെട്ടു. അതുകൊണ്ടുതന്നെയാണ് 'അയാള്‍ ആത്മഹത്യ ചെയ്തതാണോ അതോ മാര്‍ക്കേസ് അയാളെ കൊന്നതാണോ എന്ന കാര്യം തീര്‍ച്ചയില്ലെ'ന്ന് അല്‍ബെര്‍ത്തോ ഫുഗേത്ത് (Alberto Fuguet) എന്ന മറ്റൊരു ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ പറഞ്ഞത്. താന്‍ കൈസേദോയെ വായിക്കാന്‍ വൈകിപ്പോയെനും ഫുഗേത്ത് എഴുതുന്നു. അല്ലെങ്കില്‍ താന്‍ മറ്റൊരു വിധത്തിലുള്ള എഴുത്തുകാരനായേനെ. ഏതായാലും റൊബേര്‍ത്തോ ബൊളാന്യോ മുതല്‍ സെര്‍ഹിയോ ഷെഫെക്ക് (Sergio Chejfec) വരെയുള്ള എഴുത്തുകാരില്‍ കാണുന്ന സ്വാധീനം കൈസേദോയുടേതല്ലാതെ മറ്റാരുടേതുമല്ല.
മാര്‍ക്കേസിനെയും മറ്റും അംഗീകരിക്കാതിരുന്നത് മാത്രമല്ല അന്തര്‍മുഖനായ ഈ എഴുത്തുകാരന്റെ ഭ്രഷ്ടിനു കാരണം. ക്യൂബന്‍ വിപ്ലവത്തെപ്പറ്റിയും കൈസേദോക്ക് കാര്യമായ അറിവൊന്നുമില്ലായിരുന്നു. സിനിമയിലും റുമ്പാ-സാല്‍സാ സംഗീതത്തിലും ജന്മനഗരമായ കാലി (Cali)യിലെ നിശാ ജീവിതത്തിലുമായിരുന്നു അയാള്‍ക്ക് താത്പര്യം. ഒരുപടി കൂടി കടന്ന്, കാസ്‌ത്രോയല്ല ഗോദാര്‍ദാണ് (Jean Luc Godard) തന്റെ വിപ്ലവനായകനെന്നു കൂടി അയാള്‍ പറഞ്ഞു. ഒറ്റപ്പെടല്‍ അതോടെ പൂര്‍ണമായി.
തന്റെ നോവലായ Liveforever (സ്പാനിഷ് പേര് (Que Viva la Musica -സംഗീതം നീണാള്‍ വാഴട്ടെ) ലെ പ്രധാന കഥാപാത്രമായ മരിയാ ദെല്‍ കാര്‍മെന്‍ ഹുവേര്‍ത്ത ഒരര്‍ത്ഥത്തില്‍ കൈസേദോയുടെ പ്രതിരൂപമാണ്. സമ്പന്ന കുടുംബത്തില്‍ അച്ചടക്കത്തോടെ വളര്‍ത്തപ്പെട്ട അവള്‍ ഒരു ദിവസം വീടുവിട്ട് നഗരത്തിലെ നിശാജീവിതം തേടിയിറങ്ങുന്നതാണ് നോവലിന്റെ ഇതിവൃത്തം. ജീവിതത്തിന്റെ അര്‍ത്ഥം അല്ലെങ്കില്‍ അര്‍ത്ഥമില്ലായ്മ അവളവിടെ കണ്ടെത്തുന്നു. സ്വര്‍ണത്തലമുടിക്കാരിയായ അവളുടെ ആത്മഭാഷണമെന്ന രീതിയിലാണ് നോവല്‍ വികസിക്കുന്നത്. നോവലിലൊരിടത്ത് അവള്‍ പറയുന്നു;
'നിനക്കെന്താണ് തോന്നുന്നത്? -തോളുകളുടെയും കെട്ടുപിണഞ്ഞ മുടിയുടെയും മങ്ങിയ വെളിച്ചത്തിന്റെയും ഇടയിലൂടെ ഇഴഞ്ഞു വന്ന് ഭ്രാന്തിന്റെ മിന്നാമിനുങ്ങ് പാറി നടക്കുന്ന ഒരു മുഖം എന്നോടു ചോദിച്ചു. എപ്പോഴെത്തേക്കാളും നന്നായിരിക്കുന്നു- ഞാന്‍ പറഞ്ഞു'.
.jpg?$p=6a12f4a&&q=0.8)
മരിയയെപ്പോലൊരു പെണ്‍കുട്ടി അവള്‍ വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നകന്ന് മയക്കുമരുന്നിന്റെയും ഭ്രാന്തമായ സംഗീതത്തിന്റെയും കടിഞ്ഞാണില്ലാത്ത ലൈംഗികതയുടെയും ലോകത്തെത്തിയിരിക്കുകയാണ്; എന്നിട്ടും അവളതിനെ പൂര്‍ണമായും ആസ്വദിക്കുന്നു. പുതിയ ലോകങ്ങളെ സ്വീകരിക്കാനുള്ള ഈ കഴിവു തന്നെയാണ് കൈസേദോയുടെ നോവലിനെ ഇപ്പോഴും പുതിയ തലമുറക്ക് പ്രിയപ്പെട്ടതാക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ മാര്‍ക്കേസ് മഞ്ഞപ്പൂമ്പാറ്റകളുടെ പഴമ തിരഞ്ഞുപോകുമ്പോള്‍ കൈസേദോ ചെന്നെത്തുന്നത് ഹോളിവുഡിന്റെ പുതുമയിലാണ്.
നോവലിലൊരിടത്ത് വഴിയാത്രക്കാര്‍ക്കു വേണ്ടി വീടിന്റെ വാതില്‍ എപ്പോഴും തുറന്നിട്ട ഹുലിയാന്‍ അക്കോസ്ത എന്ന കവിയെപ്പറ്റി പറയുന്നുണ്ട്. ഒടുവിലൊരു ദിവസം അതേ വാതിലിലൂടെ പിശാച് ബാധിച്ച ഒരാത്മാവിനെപ്പോലെ അയാള്‍ പുറത്തിറങ്ങിയിട്ട്, രൗദ്രഭാവമുള്ള ഒരു ചന്ദ്രനു താഴെ, പര്‍വ്വതങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷനായി. ചെകുത്താന്‍ ചേക്കേറിയ ഈ ആത്മാവ് കൈസേദോയുടേതു കൂടിയാണ്. അതുകൊണ്ട് യാതൊരു സന്മാര്‍ഗപാഠവും നല്‍കാതെ അയാള്‍ ചെറുപ്പത്തിന്റെ ആഹ്ലാദങ്ങളെപ്പറ്റി, നൂറുകണക്കിന് പാട്ടുകളെക്കുറിച്ച് പരാമര്‍ശമുള്ള ഒരു നോവലിലൂടെ തുറന്നെഴുതുന്നത്. ഇരുപത്തിയഞ്ചു വയസ്സിനപ്പുറമുള്ള ജീവിതം ജീവിതമല്ലെന്ന് തീരുമാനിച്ച് അയാള്‍ ആത്മഹത്യ ചെയ്തതും അതുകൊണ്ടുതന്നെ.
സ്വയംഹത്യചെയ്ത ഇറ്റാലിയന്‍ കവി ചെയ്‌സറേ പവേസെ(Cesare Pavese)യുമായി കൈസേദോയെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. ആശ നിരാശകൊണ്ട് ഞെരിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു/ അത് നിന്നെ കാത്തിരിക്കുന്നു, നിന്നെ വിളിക്കുന്നു/നീ ജീവിതവും മരണവുമാണ് - എന്ന് പവേസെ എഴുതിയത് തന്നെ പ്പോലുള്ള മറ്റൊരുവനെ മുന്‍കൂട്ടി കണ്ടതുകൊണ്ടാവാം.
Content Highlights: Andres Caicedo, Gabriel Garcia Marquez, Article, Jayakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..