താര്‍കോവസ്‌കി എഴുതി; സിനിമയില്‍ നിന്ന് സാഹിത്യത്തിന്റെ ബാധയെ എന്നേക്കുമായി ഒഴിവാക്കേണ്ടിയിരിക്കുന്നു


പി.കെ. സുരേന്ദ്രന്‍ക്യാന്‍സര്‍ ബാധിച്ച താര്‍കോവസ്‌കി പാരീസില്‍ 1986 ഡിസംബര്‍ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലും അഭിനയിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടന്‍ Anatoly Solonistyn, ക്യാമറാമാന്‍ Alexander Knyazhinsky, പിന്നീട്  താര്‍കോവസ്‌കിയുടെ ഭാര്യയും ഇതേ രോഗം മൂലമാണ് മരിച്ചത്. 'സ്റ്റോക്കര്‍' എന്ന സിനിമ ചിത്രീകരിച്ചത് ഒരു വിജന പ്രദേശത്തുള്ള ന്യൂക്ലിയര്‍ പ്ലാന്റിന്റെ സമീപത്താണ്. ഇവിടത്തെ വിഷവാതകമാണ് മരണ കാരണമായി പറയുന്നത്.  

ആന്ദ്രി താർകോവസ്‌കി

'ഒരു ശില്പി മാര്‍ബിളില്‍ നിന്ന് ആവശ്യമില്ലാത്തത് ചെത്തിക്കളഞ്ഞ് ശില്പം നിര്‍മ്മിക്കുന്നതുപോലെ ചലച്ചിത്ര സംവിധായകന്‍ കാല പിണ്ഡത്തില്‍ നിന്ന് തനിക്ക് ആവശ്യമില്ലാത്തത് ഉപേക്ഷിക്കുകയും, ആവശ്യമുള്ളത് മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു' -ആന്ദ്രി താര്‍കോവസ്‌കി.

പ്രശസ്ത ചലച്ചിത്രകാരനായ ആന്ദ്രി താര്‍കോവസ്‌കി 1932ല്‍ ജനിച്ചു. 1960ല്‍ സോവിയറ്റ് സ്റ്റേറ്റ് ഫിലിം സ്‌കൂളില്‍ നിന്ന് സിനിമയില്‍ ബിരുദം നേടി. 'ദി സ്റ്റീംറോളര്‍ ആന്‍ഡ് വയലിന്‍' (The Steamroller and Violin) ആണ് ഡിപ്ലോമാ സിനിമ. 'ഐവാന്‍സ് ചൈല്‍ഡ്ഹുഡ് ' (Ivan's Childhood, 1962), 'ആന്ദ്രി റുബ്ലോവ് ' (Andrey Rublyov, 1966), 'സൊളാരിസ് ' (Solaris, 1972), 'മിറര്‍' (Mirror, 1978), 'സ്റ്റോക്കര്‍' (Stalker, 1979) എന്നീ അഞ്ച് സിനിമകള്‍ റഷ്യയില്‍ വച്ച് സംവിധാനം ചെയ്തതിനു ശേഷം അവിടം വിട്ട താര്‍കോവസ്‌കി 'നൊസ്റ്റാള്‍ജിയ' (Nostalgia, 1983) ഇറ്റലിയില്‍ വച്ചും 'സാക്രിഫൈസ് ' (Sacrifice, 1986) സ്വീഡനില്‍ വച്ചും സംവിധാനം ചെയ്തു. ഒരു ചലച്ചിത്രകാരന്‍ മാത്രമല്ല, സിനിമയുടെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ച് റഷ്യയില്‍ നിന്നുള്ള മറ്റ് സൈദ്ധാന്തികരെപ്പോലെ വളരെ ഗഹനമായി എഴുതിയ ഒരാള്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ The Sculpting in Time എന്ന പുസ്തകം തന്റെ അനുഭവങ്ങളും, സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങളും വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ്. സിനിമയെ ഗൌരവത്തോടെ സമീപിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. സാഹിത്യം, തത്വചിന്ത, ചിത്രകല, സംഗീതം എന്നിവയില്‍ നിന്ന് ഉരുത്തിരഞ്ഞതാണ് അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍. ഈ സാംസ്‌കാരിക മൂലധനത്തിന്റെ ഗുണം പുസ്തകത്തില്‍ പ്രകടമാണ്, സന്ദര്‍ഭത്തിനനുസരിച്ച് അദ്ദേഹം ഇവ ഉദ്ധരിക്കുന്നു. താര്‍കോവസ്‌കിയുടെ പിതാവ് ആര്‍സെനി താര്‍കോവസ്‌കി റഷ്യയിലെ പ്രശസ്തനായ ഒരു കവിയായിരുന്നു. തന്റെ സിനിമകളില്‍ അദ്ദേഹം പിതാവിന്റെ കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലും സന്ദര്‍ഭത്തിനനുസരിച്ച് ചില കവിതകള്‍ ചേര്‍ത്തിട്ടുണ്ട്.

കലാസൃഷ്ടിയുടെ രചയിതാക്കള്‍ തങ്ങളുടെ സൃഷ്ടികളെ കുറിച്ച് സംസാരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നിലവിലുള്ള ഭാവുകത്വത്തെ പുതുക്കുന്ന രീതിയിലുള്ള സൃഷ്ടികള്‍ ഉണ്ടാവുമ്പോള്‍ അനുവാചകര്‍ പകച്ചുനില്‍ക്കുക സ്വാഭാവികം. ഇത്തരം സാഹചര്യത്തില്‍ കലാസൃഷ്ടിയെ മനസ്സിലാക്കാനും കൂടുതല്‍ ആസ്വദിക്കാനും ഇത്തരം എഴുത്ത് സഹായകമാവും എന്നുമാത്രമല്ല, സൃഷ്ടാക്കളെ സംബന്ധിച്ച് അത് സ്വയം കണ്ടെത്തലിന്റെ നിമിഷങ്ങളാണ്. താര്‍കോവസ്‌കി പറയുന്നത്, ചലച്ചിത്ര സിദ്ധാന്തങ്ങള്‍ ഇനിയും എത്രയോ പര്യവേക്ഷണം ചെയ്യാനുണ്ട് എന്നാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അതിന്റെ അടിസ്ഥാന നിയമങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കും. ലോക സിനിമ പരിശോധിക്കുകയാണെങ്കില്‍ താര്‍കോവസ്‌കിയെ കൂടാതെ സിനിമയുടെ ഗതിമാറ്റിയ ചില സംവിധായകര്‍ സിനിമയുടെ സൌന്ദര്യശാസ്ത്രത്തെ കുറിച്ച് എഴുതിയതായി കാണാം. ഐസന്‍സ്റ്റീന്‍, ബ്രസ്സോ എന്നിവര്‍ പെട്ടെന്ന് മനസ്സില്‍ വരുന്നു. (രണ്ടുപേരുടെ വീക്ഷണങ്ങളില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്: ഒന്ന് ബ്രസ്സോ മറ്റേത് ബര്‍ഗ്മാന്‍ എന്ന് താര്‍കോവസ്‌കി). ഫ്രഞ്ച് നവതരംഗത്തിലെ പ്രധാനികളായ ഗൊദാര്‍ദ്, ഫെല്ലിനി എന്നിവര്‍ സിനിമാ നിരൂപണത്തില്‍ കൂടിയാണ് സംവിധാന രംഗത്തേക്ക് കടന്നത്.

ഐവാന്‍സ് ചൈല്‍ഡ്ഹുഡ്

തന്റെ സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തെ വളരെ ഗൗരവത്തോടെ കണ്ട സംവിധായകനായിരുന്നു താര്‍കോവസ്‌കി. പ്രേക്ഷകരുടെ ധാരാളം കത്തുകള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ചിലത് വളരെ താത്പര്യം ഉളവാക്കുമെങ്കില്‍ മറ്റു ചിലത് നിരാശ ഉളവാക്കും. മറ്റു ചിലവ വലിയ പ്രോത്സാഹനം തരുന്നവയാണ്. ലെനിന്‍ഗ്രാഡില്‍ നിന്ന് സിവില്‍ എഞ്ചിനീയറായ ഒരു യുവതി ഒരിക്കല്‍ എഴുതി: 'ഞാന്‍ താങ്കളുടെ മിറര്‍ എന്ന സിനിമ അവസാനം വരെ ഇരുന്ന് കണ്ടു. എന്നാല്‍ ആദ്യ അരമണിക്കൂറിന് ശേഷം എന്താണ് തിരശ്ശീലയില്‍ നടക്കുന്നത് എന്നറിയാന്‍, അല്ലെങ്കില്‍ കഥാപാത്രങ്ങളും അവരുടെ ഓര്‍മ്മകളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ ശക്തമായ തലവേദനയുണ്ടായി'. ഒരു എഞ്ചിനീയര്‍ ക്ഷുഭിതനായി എഴുതി: 'അര മണിക്കൂര്‍ മുമ്പ് ഞാന്‍ 'മിറര്‍' കണ്ട് ഇറങ്ങി. എന്റെ സുഹൃത്തേ, നിങ്ങള്‍ ഈ സിനിമ കണ്ടുവോ? അത് അനാരോഗ്യകരമായ എന്തോ ആണ്. (താര്‍കോവസ്‌കിയുടെ മറ്റു സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഈ സിനിമ 'മനസ്സിലാക്കാന്‍' വലിയ ബുദ്ധിമുട്ടാണ്. സിനിമയില്‍ 'കഥ'യുടെ ഒരു തുരുമ്പ്‌പോലുമില്ല. തകര്‍ന്ന കണ്ണാടിയിലെ ചിതറിയ പ്രതിഫലനങ്ങളെയാണ് ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നത്. ഒരു ഭാഗത്തുനിന്ന് ചില്ലുകള്‍ ചേര്‍ത്തുവെച്ച് പ്രതിഫലനത്തിന്റെ ഒരു ഏകദേശ രൂപം കിട്ടുമ്പോള്‍ കണ്ണാടി വീണ്ടും തകരുന്നു. വീണ്ടും ചേര്‍ത്തുവെക്കുമ്പോള്‍ വേറൊരു രൂപം തെളിയുന്നു. അങ്ങിനെ തെളിഞ്ഞും തകര്‍ന്നും പ്രേക്ഷകരെ ഒരു വിഷമവൃത്തത്തില്‍ അകപ്പെടുത്തുന്നു ഈ സിനിമ).

വിമര്‍ശനങ്ങല്‍ക്കിടയിലും പ്രത്യാശയുടെ കിരണങ്ങള്‍ തരുന്ന കത്തുകളും ഉണ്ടായിരുന്നു. ലെനിന്‍ഗ്രാഡില്‍ നിന്നും ഒരു സ്ത്രീ എഴുതി: 'ഞാന്‍ കണ്ട സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ സിനിമ. ഇതിനെ എങ്ങിനെ പ്രകീര്‍ത്തിക്കണം എന്ന് എനിക്കറിയില്ല. അതിന്റെ ഉള്ളടക്കമാണോ അതോ ശൈലിയാണോ എന്നൊന്നും അറിയില്ല. നിങ്ങള്‍ക്കത് വിശദീകരിക്കാമോ?'.
'നിരൂപകരുടെ അഭിനന്ദനങ്ങള്‍ എന്നെ പലപ്പോഴും നിരാശനാക്കിയിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള അവരുടെ ചില ആശയങ്ങളും അഭിപ്രായങ്ങളും പലപ്പോഴും എന്നെ പ്രകോപിപ്പിച്ചു. പലപ്പോഴും സിനിമയെ കുറിച്ചോ സിനിമ പ്രേക്ഷക മനസ്സില്‍ നേരിട്ട് സൃഷ്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ചോ പറയാതെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് കടമെടുത്ത സ്ഥിരം പ്രയോഗങ്ങള്‍ ഉപയോഗിച്ച് എഴുതുന്നവയാണ് ഇത്തരം വിമര്‍ശനങ്ങള്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് '. താര്‍കോവസ്‌കി പുസ്തകത്തിന്റെ ആമുഖത്തില്‍ ഇപ്രകാരം എഴുതി. ഈ സാഹചര്യത്തിലാണ് താര്‍കോവസ്‌കി പുസ്തകം എഴുതുന്നത്. 'ഇത് ആളുകളെ പഠിപ്പിക്കാനോ എന്റെ കാഴ്ചപ്പാട് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല. വളരെ ചെറുപ്പവും മനോഹരവുമായ ഒരു കലാരൂപം, എന്നാല്‍, വളരെ കുറച്ചു മാത്രം പര്യവേക്ഷണം ചെയ്തിട്ടുള്ള കലാരൂപമാണ് സിനിമ. ഈ അന്വേഷണത്തിലൂടെ ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്നെത്തന്നെ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്'. അദ്ദേഹം സിനിമയെ കുറിച്ചു മാത്രമല്ല, കലയെയും ജീവിതത്തെ കുറിച്ചും ഉള്ള തന്റെ ചിന്തകളും പ്രക്രിയകളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെ പോലെ പുസ്തകവും വളരെ ആത്മീയമായ അനുഭവമാണ്. അത് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകരായ കലാകാരന്മാരെ കുറിച്ചും മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ചരിത്രത്തെ കുറിച്ചും മികച്ച ഉള്‍ക്കാഴ്ച നല്‍കുന്നു. 'ഞാന്‍ ഇവിടെ മുന്നോട്ട് വയ്ക്കുന്ന സൈദ്ധാന്തിക കാര്യങ്ങള്‍ എന്റെ സിനിമകളില്‍ നിറവേറ്റുന്നതില്‍ ഞാന്‍ എപ്പോഴും വിജയിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല' അദ്ദേഹം ഇപ്രകാരം ഏറ്റുപറയുന്നുണ്ട്.

തന്റെ ഓരോ സിനിമയെ കുറിച്ചും അദ്ദേഹം വിശദമായി എഴുതുന്നു. അതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, സിനിമകള്‍ റഷ്യയില്‍ എങ്ങിനെയാണ് സ്വീകരിക്കപ്പെട്ടത്, ഇതൊക്കെ അദ്ദേഹത്തെ എങ്ങിനെ നിരാശനാക്കി എന്നും അദ്ദേഹം എഴുതുന്നു. ധാര്‍മ്മികവും ആത്മീയവുമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതിനാലായിരിക്കാം ജന്മനാട്ടില്‍ അദ്ദേഹം നിരന്തരം തെറ്റിദ്ധരിക്കപ്പെട്ടു, അദ്ദേഹത്തിന്റെ സിനിമകള്‍ സോവിയറ്റ് വിരുദ്ധ പ്രചാരണം എന്ന് പോലും മുദ്രകുത്തപ്പെട്ടു. ഒരു പ്രവാസിയായി അവസാന രണ്ട് സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു. താന്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ച പല പ്രോജക്റ്റുകളും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. ഷേക്‌സ്പിയറിന്റെ ഹാംലെറ്റ് ഒരു സിനിമയാക്കി മാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് നടന്നില്ല. അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുഴുവന്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റുകള്‍ നിരോധിക്കപ്പെട്ടു, അദ്ദേഹം പലതും മാറ്റി എഴുതാന്‍ നിര്‍ബന്ധിതനായി. ചിലത് അലമാരയില്‍ മാറാലപിടിച്ച് കിടന്നു. അതേ സമയം, വിചിത്രമെന്നു പറയട്ടെ, അദ്ദേഹത്തിന് പല പരിഗണനകളും ഉണ്ടായിരുന്നു. ഇത് ഒരുപക്ഷെ, അദ്ദേഹത്തിന്റെ ആദ്യ സിനിമയായ 'ഐവാന്‍സ് ചൈല്‍ഡ്ഹുഡി'ന് കിട്ടിയ ആഗോള പ്രശസ്തിയായിരിക്കാം. 'റൂബ്ലോവ് ' എന്ന സിനിമ പല തവണയായി വെട്ടിക്കുറയ്‌ക്കേണ്ടിവന്നു എങ്കിലും വലിയ ചെലവുള്ള ആ സിനിമ അദ്ദേഹത്തിന് സംവിധാനം ചെയ്യാന്‍ കഴിഞ്ഞു. സാങ്കേതിക തകരാറുകളും സര്‍ഗ്ഗ പ്രതിസന്ധിയും കാരണം, 'സ്റ്റോക്കറി'ന്റെ ഷൂട്ടിംഗ് രണ്ടുതവണ പരാജയപ്പെട്ടു, പക്ഷേ അഭൂതപൂര്‍വമായ നീക്കത്തില്‍ മൂന്നാമത്തെ ശ്രമത്തിന് അധികൃതര്‍ അദ്ദേഹത്തിന് ഉദാരമായ ബജറ്റ് അനുവദിച്ചു. എന്നിരുന്നാലും, താര്‍കോവസ്‌കി സ്വയത്തെ ഒരിക്കലും ഒരു വിമതനായി കണ്ടിരുന്നില്ല. 'ഞാന്‍ ഒരു സോവിയറ്റ് കലാകാരനായിരുന്നു, അങ്ങിനെത്തന്നെ നിലനില്‍ക്കുകയും ചെയ്യും. റഷ്യയെ എന്റെ ആത്മീയ ഗേഹമായാണ് ഞാന്‍ കാണുന്നത്. റഷ്യയെ ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ അതിനെ ഒരിക്കലും തള്ളിപ്പറയില്ല'.

'ആന്ദ്രി റുബ്ലോവ് (1966)

എന്താണ് താര്‍കോവസ്‌കിയുടെ പ്രത്യേകത? മറ്റു സംവിധായകരില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം എങ്ങിനെയാണ് ഈ മാധ്യമത്തെ കൈകാര്യം ചെയ്യുന്നത്? വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സിനിമ വ്യത്യസ്തമാകുന്നു എന്നാണ് നമ്മുടെ ചിന്ത. എന്നാല്‍ ഈ വിഷയത്തെ എങ്ങിനെ സിനിമയില്‍ സാക്ഷാത്ക്കരിക്കുന്നു എന്നത് പ്രധാനമാണ്. പല അക്കാദമിക് വിദഗ്ധരും പറയുന്നത്, എല്ലാ കഥപറച്ചിലുകളിലും ഏഴ് അടിസ്ഥാന പ്ലോട്ടുകള്‍ മാത്രമേ ഉള്ളൂ എന്നാണ്. ഫിക്ഷനിലൂടെ, വ്യത്യസ്തമായ ക്രമീകരണങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും വീണ്ടും വീണ്ടും പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നു. ലോകം മുഴുവന്‍ സ്വാധീനം ചെലുത്തി നില്‍ക്കുന്ന ഹോളിവുഡിന്റെ ശൈലിയെയും, ഐസെന്‍സ്റ്റീനിന്റെ മൊണ്ടാഷ് സമ്പ്രദായത്തെയും, ഒരു കാലത്ത് റഷ്യ സദുദ്ദേശ്യത്തോടെ ഔദ്യോഗികമായി അംഗീകരിക്കുകയും പിന്നീട് ലോകം യാന്ത്രികമായി പിന്തുടരുകയും ചെയ്ത സോഷ്യലിസ്റ്റ് റിയലിസത്തെയും നിരാകരിച്ചു കൊണ്ട് സ്വതസിദ്ധമായ ശൈലിയില്‍ കാലത്തില്‍ മെനഞ്ഞ ശില്പങ്ങളാണ് താര്‍കോവസ്‌കിയുടെ സിനിമകള്‍.

സിനിമ താര്‍കോവസ്‌കിയെ സംബന്ധിച്ച് കാലബദ്ധമാണ്. ഷോട്ടിന്റെ ഞരമ്പുകളിലൂടെ നിര്‍ബ്ബാധം ഒഴുകുന്ന കാലം എന്ന സങ്കല്‍പ്പം. 'കാലം എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേ ഒരു കലാരൂപം സിനിമ മാത്രമാണ്. ബാലെ, സംഗീതം, നാടകം എന്നീ കലാരൂപങ്ങളും ഇതുപോലെത്തന്നെയാണെങ്കിലും കാലത്തിലൂടെയുള്ള വികാസം കൊണ്ടല്ല, കാലത്തെ അക്ഷരാര്‍ഥത്തില്‍ത്തന്നെ പിടിച്ചെടുക്കുന്നു എന്നതാണ് സിനിമയുടെ സവിശേഷത'. ഘടികാര സൂചി അളക്കുന്ന, നൂലില്‍ കോര്‍ത്ത ഒരു മുത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന കാല സങ്കല്‍പ്പത്തില്‍ അദ്ദേഹത്തിന് താത്പര്യമില്ല. ഇത് വ്യാജവും തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്യുന്ന കാലത്തിന്റെ ദൃശ്യങ്ങളാണ് എന്ന് ബര്‍ഗ്‌സനെപ്പോലെ (Henri Bergson) താര്‍കോവസ്‌കിയും വിശ്വസിച്ചു. അതുപോലെ ഷോട്ടുകളുടെ എതിര്‍നിര്‍ത്തലിലൂടെ സൃഷ്ടിക്കപ്പെടുന്ന കാലമല്ല, ഓരോ ഷോട്ടിലും സന്നിഹിതമായ / അന്തര്‍ഹിതമായ കാലത്തിന്റെ പലതരത്തിലുള്ള മര്‍ദ്ദത്തെ പരസ്പ്പരം ഇണക്കുകയാണ് വേണ്ടത്. അപ്പോള്‍ സഹജമായ ഗുണാനുസാരിയായി സീനുകള്‍ യോജിച്ചു വരുന്നു. ഇതിലൂടെ / ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ഓരോ സീക്വന്‍സിലെയും കാലത്തിന്റെ മര്‍ദ്ദമാണ് അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനം. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന താളത്തിനാണ്, മറിച്ച് സാധാരണ സിനിമകളിലേത് പോലെ ചെറിയ ചെറിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന താളത്തിനല്ല അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്. കാല മര്‍ദ്ദം സൃഷ്ടിക്കുന്നതാണ് സിനിമയുടെ താളം. അല്ലാതെ വേഗതയുള്ള എഡിറ്റിങ്ങിലൂടെ സൃഷ്ടിക്കുന്നതല്ല. ഷോട്ടിന്റെ തീക്ഷ്ണതയും കാലത്തിന്റെ മര്‍ദ്ദവും ബന്ധപ്പെട്ടു കിടക്കുന്നു. ഷോട്ടിന്റെ തീക്ഷ്ണതയെയാണ് കാലത്തിന്റെ മര്‍ദ്ദമായി വിവക്ഷിക്കുന്നത്.

The Beginning എന്ന അദ്ധ്യായം അദ്ദേഹത്തിന്റെ ആദ്യ സിനിമയായ 'ഐവാന്‍സ് ചൈല്‍ഡ്ഹുഡ് 'എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ്. ഒരു നോവലാണ് ഈ സിനിമയ്ക്ക് ആധാരം. സിനിമയും സാഹിത്യവുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കുന്നു. എല്ലാ ഗദ്യവും സിനിമയാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. സാഹിത്യത്തിലും സിനിമയിലും ഒരു പോലെ വൈദഗ്ദ്ധ്യമുള്ള ഒരാള്‍ക്കേ അതിന് കഴിയൂ. തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം എഴുതുന്നു: 'സിനിമയില്‍ നിന്ന് സാഹിത്യത്തെ എന്നന്നേക്കുമായി ഒഴിവാക്കേണ്ടിയിരിക്കുന്നു'. ഇത് സാഹിത്യത്തെ അതേപടി പിന്തുടരുന്നവര്‍ക്കും, സാഹിത്യംപോലെയാണ് സിനിമ എന്ന് തെറ്റിദ്ധരിച്ചവര്‍ക്കും ഉള്ള മുന്നറിയിപ്പാണ്. ഇപ്പോഴും മറ്റു കലകളുടെ നിയമങ്ങള്‍ക്കനുസരിച്ചാണ് പലരും സിനിമയുണ്ടാക്കുന്നത്. ഇത് സിനിമയുടെ പ്രത്യേക സ്വഭാവം തിരിച്ചറിയുന്നതില്‍ തടസ്സം നില്‍ക്കുന്നു. സിനിമ വികസിക്കുമ്പോള്‍, അത് സാഹിത്യത്തില്‍ നിന്ന് മാത്രമല്ല, അടുത്തുള്ള മറ്റ് കലാരൂപങ്ങളില്‍ നിന്നും കൂടുതല്‍ അകന്നുപോകുമെന്നും അങ്ങനെ കൂടുതല്‍ കൂടുതല്‍ സ്വയംഭരണാധികാരമുള്ളതായിത്തീരുമെന്നും അദ്ദേഹം കരുതുന്നു.

Also Read

'ഭർത്താവിന്റെ മരണം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ...

താര്‍കോവസ്‌കി എഴുതുന്നു: സംവിധായകന്റെയും പ്രേക്ഷകരുടെയും അനുഭവവുമായുള്ള സിനിമാറ്റിക് ഇമേജിന്റെ പരസ്പര ആശ്രിതത്വം പോലെ ഗദ്യവും എല്ലാ കലയും പോലെ തീര്‍ച്ചയായും വായനക്കാരന്റെ വൈകാരികവും ആത്മീയവും ബൗദ്ധികവുമായ അനുഭവത്തെ ആശ്രയിക്കുന്നു. സാഹിത്യത്തിലെ രസകരമായ കാര്യം ഓരോ പേജിലും രചയിതാവ് എത്രതന്നെ വിശദാംശങ്ങള്‍ നല്‍കിയാലും വായനക്കാര്‍ അവരുടെ സ്വന്തം – അവരുടെ മാത്രം – അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ 'വായിക്കുകയും' 'കാണുകയും' ചെയ്യും. ആ രീതിയിലാണ് അവരുടെ അഭിരുചികള്‍ രൂപപ്പെട്ടിട്ടുള്ളത്. സിനിമ ഒരു വൈകാരിക യാഥാര്‍ത്ഥ്യമാണ്, അങ്ങനെയാണ് പ്രേക്ഷകര്‍ അതിനെ സ്വീകരിക്കുന്നത്, ഒരു രണ്ടാം യാഥാര്‍ത്ഥ്യമായി. അതിനാല്‍ സിനിമയെ ചിഹ്നങ്ങളുടെ ഒരു സംവിധാനമെന്ന നിലയിലുള്ള സാമാന്യം വ്യാപകമായ വീക്ഷണം എനിക്ക് അടിസ്ഥാനപരമായി തെറ്റായി തോന്നുന്നു. ഓരോ കലാരൂപവും അതിന്റേതായ വ്യത്യസ്തമായ രീതികളെ അടിസ്ഥാനമാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഞാന്‍ സിനിമയെയും സംഗീതത്തെയും ഒരുപോലെ കാണുന്നു, ഇവയ്ക്ക് ഒരു മധ്യസ്ഥ ഭാഷ ആവശ്യമില്ലാത്തതാണ്. ഇതേ കാരണത്താല്‍ സിനിമ സാഹത്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു. സാഹിത്യത്തില്‍ എല്ലാം ഭാഷയിലൂടെയാണ് പ്രകടിപ്പിക്കുന്നത്, ചിഹ്ന വ്യവസ്ഥയിലൂടെ.

സിനിമയില്‍ പ്രബലമായി നില്‍ക്കുന്ന ഒരു ധാര മൊണ്ടാഷ് ഉപയോഗിച്ചുകൊണ്ടുള്ള സിനിമകളാണ്. രണ്ടു വ്യത്യസ്ത ഷോട്ടുകളുടെ ഏറ്റുമുട്ടലില്‍ നിന്ന്, അല്ലെങ്കില്‍ വ്യത്യസ്ത ഷോട്ടുകളെ ഒന്നിനുപിറകെ മറ്റൊന്നായി അടുക്കുന്നതിലൂടെ പ്രേക്ഷക മനസ്സില്‍ മൂന്നാമത് ഒരു അര്‍ഥം സൃഷ്ടിക്കപ്പെടുന്നു എന്നതാണല്ലോ മൊണ്ടാഷ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം. റഷ്യയില്‍ നിന്നുതന്നെയുള്ള വിഖ്യാത സൈദ്ധാന്തികനും ചലച്ചിത്രകാരനുമായ സെര്‍ഗി ഐസന്‍സ്റ്റീനുമായി ബന്ധപ്പെട്ടാണ് മൊണ്ടാഷ് പ്രധാനമായും അറിയപ്പെടുന്നത്. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ വേഗത്തിലും കൃത്യമായും അറിയിക്കാനുള്ള കഴിവ് കാരണം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാശ്ചാത്യ സിനിമയില്‍ ഈ സാങ്കേതികത പ്രചാരത്തിലായി. ഹോളിവുഡിലും ഈ സങ്കേതത്തിന് വലിയ പ്രചാരം ലഭിച്ചു. അവിടുത്തെ സിനിമാ സംവിധായകനെയും എഡിറ്ററെയും സംബന്ധിച്ച് കഥയെ വേഗത്തിലും ഫലപ്രദമായും മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു സാങ്കേതികതയായിരുന്നു ഇത്. ഇത് ഹോളിവുഡ് സിനിമകളിലും സമാന ശൈലിയില്‍ സിനിമകള്‍ ഉണ്ടാക്കുന്ന രാജ്യങ്ങളിലെ സിനിമകളിലും ഉപയോഗിക്കുന്നു. കാലത്തെ വേഗത്തിലാക്കുക, ധാരാളം വിവരങ്ങള്‍ ഒന്നിച്ചു നല്‍കുക, പിരിമുറുക്കം സൃഷ്ടിക്കുക, താരതമ്യം ചെയ്യുക, കഥാപാത്രങ്ങളുടെ മാനസികാവസ്ഥ അവതരിപ്പിക്കുക, ഒരു കഥാപാത്രത്തിന്റെ ശാരീരികമോ അല്ലെങ്കില്‍ മാനസികമോ ആയ അവസ്ഥയില്‍ സംഭവിക്കുന്ന നാടകീയമായ മാറ്റം അറിയിക്കുക. ഒന്നിലധികം കഥകളെ സംയോജിപ്പിക്കുക– ഇത്തരം കാര്യങ്ങള്‍ക്കാണ് പൊതുവെ മൊണ്ടാഷ് ഉപയോഗിക്കുന്നത്.

താര്‍കോവസ്‌കി ഈയൊരു സിനിമാ രീതിക്ക് എതിരാണ്. കാരണം മൊണ്ടാഷിലൂടെ സിനിമയെ ബുദ്ധിപരമായ ഫോര്‍മുലയായി ക്രമീകരിക്കുകയാണ് ഐസന്‍സ്റ്റീന്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശയങ്ങളെ പ്രേക്ഷകരിലേക്ക് പ്രേക്ഷണം ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം. ഇതിന് സാഹിത്യത്തോടും തത്വചിന്തയോടുമാണ് ബന്ധം എന്നും ഈ രീതി സിനിമയുടെ മാധ്യമ സവിശേഷത ഇല്ലാതാക്കുന്നു എന്നും താര്‍കോവസ്‌കി കൂട്ടിച്ചേര്‍ക്കുന്നു. മൊണ്ടാഷിന്റെ ലക്ഷ്യം മുന്‍ നിശ്ചിതമായ ഒരു അര്‍ത്ഥം മാത്രമാണ്. ഐസന്‍സ്റ്റീനിനെക്കാള്‍ റഷ്യയില്‍ നിന്നുതന്നെയുള്ള അലക്‌സാണ്ടര്‍ ഡോവ്‌ഷെങ്കോയാണ് താര്‍കോവസ്‌കിക്ക് പ്രചോദനമായത്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ 'എര്‍ത്ത് ' (Earth) എന്ന സിനിമ. ഓരോ പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ് താര്‍കോവസ്‌കി ഈ സിനിമ കാണുമായിരുന്നു. 'ഒരാള്‍ക്ക് എന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യണമെങ്കില്‍, അത് ഡോവ്‌ഷെങ്കോ ആയിരിക്കും' – അദ്ദേഹം പറയുന്നു. സിനിമയിലെ അന്തരീക്ഷത്തെ ഈ രീതിയില്‍ കൈകാര്യം ചെയ്യുന്ന ആദ്യ സംവിധായകനായിരിക്കും അദ്ദേഹം. ഡോവ്‌ഷെങ്കോയുടെ കയ്യൊപ്പ് പതിഞ്ഞ പ്രകൃതി തന്റെ 'മിറര്‍' എന്ന സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുകയുണ്ടായി.

ഐസന്‍സ്റ്റീനിനെ സംബന്ധിച്ച് സിനിമ ചിന്താപ്രധാനമാണെങ്കില്‍ താര്‍കോവസ്‌കിയെ സംബന്ധിച്ച് അനുഭവപ്രധാനമാണ്. സ്‌ക്രീനില്‍ സംഭവിക്കുന്ന കാലത്തില്‍ മുദ്രിതമായ അനുഭവങ്ങളെ തന്റെ ജീവിതവുമായി ബന്ധപ്പെടുത്താന്‍ പ്രേക്ഷകര്‍ക്ക് താര്‍കോവ്‌സ്‌കി അവസരം കൊടുക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് സിനിമ പറയപ്പെടാത്തതിനും പിടിതരാത്തതിനും അവസരം ഒരുക്കുന്നതായിരിക്കണം. സിനിമ ആറാം ഇന്ദ്രിയത്തിന് ജന്മം കൊടുക്കുന്നതായിരിക്കണം. അപ്പോള്‍ ലോകം മറ്റുപല മാനങ്ങളില്‍ കൂടി പ്രകടമാകും. താര്‍കോവസ്‌കിയെ സംബന്ധിച്ച് സിനിമ കാലത്തിനുള്ളില്‍ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളുടെ നിരീക്ഷണം ആകുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം അവതരിപ്പിക്കുന്നത് ജാപ്പാനീസ് ഹൈകു ആണ്, ജീവിതത്തെ നിരീക്ഷിക്കുവാനുള്ള ഹൈകുവിന്റെ സിദ്ധിയെ. ഹിമകണങ്ങള്‍ പൊഴിയുന്നു / ചെടിയിലെ കറുത്ത മുള്ളുകളുടെ മുനകളില്‍ / ചെറുകണങ്ങള്‍ ഇറ്റിനില്‍ക്കുന്നു. ഇത് ശുദ്ധ നിരീക്ഷണം ആണെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഔചിത്യവും കൃത്യതയും എത്ര അസംസ്‌കൃതനും, സ്വീകാര്യക്ഷമത ഇല്ലാത്ത മനുഷ്യനുപോലും അനുഭവവേദ്യമാകും. ഈ മഞ്ഞുതുള്ളിയുടെ സൗന്ദര്യം പോലെ ആവണം സിനിമാ ദൃശ്യങ്ങളും. ഈ സൗന്ദര്യം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകണം. മൊണ്ടാഷിന്റെ ആശയം വികസിപ്പിക്കുന്നതില്‍ ജപ്പാനീസ് ഹൈകുവും ഐസന്‍സ്റ്റീനിന് സഹായകമായിട്ടുണ്ട്. ഹൈകുവില്‍ നിന്നുള്ള വരികള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. മൂന്നു വരികളിലെ മൂന്നു വ്യത്യസ്ത ബിംബങ്ങളില്‍ നിന്ന്, ഇവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പുതിയ ഒന്ന് ഉണ്ടാവുന്നത് എങ്ങിനെ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സിനിമയ്ക്ക് സംഗീതത്തിന്റെ ആവശ്യമില്ല എന്നാണ് താര്‍കോവസ്‌കിയുടെ അഭിപ്രായം. 'ഈ ലോകത്തിലെ ശബ്ദങ്ങള്‍ വളരെ മനോഹരമാണ്. നമ്മള്‍ ആ ശബ്ദങ്ങളെ കേള്‍ക്കാന്‍ പഠിച്ചാല്‍ മതി'. സംഗീതത്തില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന Eduard Artemyevനോട് താര്‍കോവസ്‌കി ഇപ്രകാരം പറയുകയുണ്ടായി: 'എനിക്ക് സാധാരണ സിനിമാ സംഗീതം ആവശ്യമില്ല. ഇതെനിക്ക് സഹിക്കാന്‍ കഴിയില്ല, അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. അന്തരീക്ഷം മാത്രം, ശബ്ദങ്ങളുടെയും ഒച്ചകളുടെയും ക്രമീകരണം മാത്രമേ വേണ്ടൂ'. 'മിറര്‍' എന്ന സിനിമയ്ക്കുവേണ്ടി ഈ രീതിയില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശബ്ദം ഭൂമിയില്‍ത്തട്ടി പ്രതിധ്വനിക്കുന്നതുപോലെയും, നെടുവീര്‍പ്പിനും സമാനമാവേണ്ടിയിരുന്നു. കഥാപാത്രത്തിന്റെ ആന്തരിക ലോകത്തിന്റെ ശബ്ദങ്ങള്‍ കാവ്യാത്മകമായ സൂചനകള്‍ നിറഞ്ഞത്. ഈ അവസ്ഥ കൈവരിക്കാനായി അവര്‍ക്ക് വളരെ സങ്കീര്‍ണ്ണമായ സങ്കേതങ്ങള്‍ ഉപയോഗിക്കെണ്ടിവന്നു, സംഗീതം ശബ്ദങ്ങളുടെ ക്രമീകരണം എന്ന രീതി. സംഗീതത്തില്‍ നിന്നുള്ള ശബ്ദത്തിന്റെ മോചനം എന്ന രീതിയിലുള്ള സംഗീതത്തെ സംബന്ധിക്കുന്ന സൗന്ദര്യശാസ്ത്ര ചിന്തയാണ് ഇത്.

'സൊളാരിസ് '

'ശബ്ദം മനുഷ്യരെ പോലെയാണ്, നിങ്ങള്‍ അതിനെ കണ്ടമാനം ഞെരുക്കിയാല്‍ അത് നിങ്ങളെ തിരിച്ച് തള്ളും'. ഇവിടെ കലയുടെ ജൈവികത എന്ന ആശയം പ്രസക്തമാണ്. ശബ്ദങ്ങള്‍ ഒരിക്കലും സ്വയമേവ ചെവിയില്‍ വെളിപ്പെടുന്നില്ല. ശബ്ദത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി ലോകത്തെ ശരിയായി കേള്‍ക്കാന്‍ ഒരാള്‍ ആദ്യം പഠിക്കേണ്ടതുണ്ട്. നാം പ്രകൃതിയിലെ ജൈവിക ശബ്ദങ്ങള്‍ ആസ്വദിക്കുന്നില്ല. അതേ സമയം, റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ഒരു ശ്രവണ സംസ്‌കാരം ഉണ്ടാവണം എന്നാണ് താര്‍കോവസ്‌കി പറയുന്നത്. അതിന് ചെവി വൃത്തിയാക്കണം. 'സിനിമയുടെ അടിസ്ഥാന ഘടകം, അതിന്റെ ഏറ്റവും ചെറിയ സെല്ലുകളില്‍ കൂടി കടന്നുപോകുന്ന നിരീക്ഷണമാണ്. അസംസ്‌കൃതമായ നിരീക്ഷണത്തിന്റെ കാവ്യാത്മകതയില്‍ പ്രേക്ഷകര്‍ സ്വയം സമര്‍പ്പിക്കണം'. പകരം നാം എല്ലാത്തിലും – ദൃശ്യത്തിലും ശബ്ദത്തിലും – പ്രതീകങ്ങള്‍ അന്വേഷിക്കുകയാണ്, നിഗൂഹണം ചെയ്യപ്പെട്ട അര്‍ത്ഥം തപ്പുകയാണ്. അദ്ദേഹം സിനിമയിലെ പ്രതീകങ്ങള്‍ക്ക് എതിരാണ്, പ്രതീകങ്ങള്‍ സാഹിത്യവുമായി ബന്ധപ്പെട്ടതാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 'ഒരു ദൃശ്യം അതുമാത്രമാണ്. അതില്‍ ഒന്നും ഒളിപ്പിച്ചുവച്ചിട്ടില്ല. ഒരു പ്രതീകത്തില്‍ ഒരു നിശ്ചിത അര്‍ത്ഥം അടങ്ങിയിരിക്കുന്നു, എന്നാല്‍ ലോകത്തെ പ്രതിനിധീകരിക്കുന്ന അതേ സവിശേഷതകളുള്ള ഒന്നാണ് ദൃശ്യം. ഒരു പ്രതീകത്തിനു വിരുദ്ധമായി ഒരു ദൃശ്യം അനന്തമാണ്. നിശ്ചിതവും പരിമിതവുമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഒരാള്‍ക്ക് അനന്തമായ ലോകത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഒരു പ്രതീകമായി രൂപപ്പെടുന്ന സൂത്രവാക്യം നമുക്ക് വിശകലനം ചെയ്യാന്‍ കഴിയും, അതേസമയം ഒരുദൃശ്യത്തെ ആരീതിയില്‍ ഡികോഡ് ചെയ്യാന്‍ പറ്റില്ല. അത്തരത്തിലുള്ള ശ്രമത്തില്‍ അത് തകര്‍ന്നു പോവുന്നു'.


തന്റെ 'ആന്ദ്രെ റുബ്ലോവ് ' എന്ന സിനിമയെ മുന്‍നിര്‍ത്തി താര്‍കോവസ്‌കി ബയോപ്പിക്കുകളെ കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ റഷ്യന്‍ ഐക്കണ്‍ പെയിന്ററുടെ ജീവിതം ആസ്പദമാക്കിയാണ് സിനിമ. നമ്മുടെ ബയോപ്പിക്കുകള്‍ സിനിമയ്ക്ക് ആധാരമായ വ്യക്തിയുമായി രൂപസാദൃശ്യമുള്ള അഭിനേതാവിനെയോ അഭിനേത്രിയെയോ കണ്ടെത്തുകയും ആ വ്യക്തിയുടെ അംഗചലനങ്ങള്‍ വരെ വളരെ യഥാതഥമായി സിനിമയില്‍ അവതരിപ്പിക്കുകയും വസ്ത്രധാരണ രീതി, ഹെയര്‍ സ്‌റ്റൈല്‍, മേക്കപ്പ്, സെറ്റ് തുടങ്ങിവയിലൂടെ അക്കാലത്തെ യഥാതഥമായി പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, താര്‍കോവസ്‌കി തന്റെ സമീപനം ഇപ്രകാരം വ്യക്തമാക്കുന്നു: 'പതിനഞ്ചാം നൂറ്റാണ്ടില്‍ എല്ലാം എങ്ങിനെയായിരുന്നു എന്ന് ചിത്രീകരിക്കാന്‍ പറ്റില്ല, അതിന്റെ ആവശ്യവുമില്ല. അക്കാലത്തെ മനോഹരമായ പാരമ്പര്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഞങ്ങള്‍ പോയിരുന്നുവെങ്കില്‍ അത് പുരാതന റഷ്യന്‍ കാലഘട്ടത്തിലെ മിനിയേച്ചറുകളെയോ ഐക്കണുകളെയോ അനുസ്മരിപ്പിക്കുമായിരുന്നു. പക്ഷേ സിനിമയ്ക്ക് അതിന്റെ ആവശ്യമില്ല'. അതിനാല്‍ താര്‍കോവസ്‌കി ലക്ഷ്യമിട്ടത് പതിനഞ്ചാം നൂറ്റാണ്ടിലെ വേഷവിധാനം, സംസാരം, ജീവിതശൈലി, വാസ്തുവിദ്യ എന്നിവ പ്രേക്ഷകര്‍ക്ക് അവശിഷ്ടങ്ങളുടെ, പുരാതനത്വത്തിന്റെ പ്രതീതി നല്‍കരുത് എന്നതായിരുന്നു. ജീവശാസ്ത്രപരമായ സത്യം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനായി പുരാവസ്തുശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും മ്യൂസിയത്തിന്റെയും സത്യത്തില്‍ നിന്ന് അകലണം. അതുകൊണ്ടുതന്നെ ഒരു പക്ഷെ, പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ ഈ സിനിമ കാണുകയാണെങ്കില്‍ അയാള്‍ക്ക് ഇത് തീര്‍ത്തും അപരിചിതമായി തോന്നിയേക്കാം എന്നാണ് താര്‍കോവസ്‌കി പറയുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്ക് എത്രതന്നെ പാടുപെട്ടാലും, റിസര്‍ച് നടത്തിയാലും, അക്കാലം പുനസൃഷ്ടിക്കാന്‍ കഴിയില്ല. അപ്പോള്‍ ഇതിനായി എന്തിന് മെനക്കെടണം?

ക്യാന്‍സര്‍ ബാധിതനായ സമയത്ത് അദ്ദേഹം പറയുന്നത് മറ്റൊരാള്‍ കേട്ടെഴുത്തിയതാണ് The Sacrifice എന്ന അദ്ധ്യായം. ഇതേ പേരിലാണ് അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയും. തന്റെ സിനിമകളിലെ ഒരു പ്രധാന വിഷയമായ വിശ്വാസവും ബലിയും താര്‍കോവസ്‌കി ഈ അദ്ധ്യായത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. ആധുനിക ലോകത്തില്‍ മനുഷ്യര്‍ വിശ്വാസരാഹിത്യത്തിലേക്ക് വീണിരിക്കുന്നു. വിശ്വാസരാഹിത്യം മനുഷ്യന്റെ ഉള്ള് പൊള്ളയാക്കുന്നു. വ്യക്തി അവനവനിലേക്ക് ചുരുങ്ങിയ ഇക്കാലത്ത്, സ്വാര്‍ത്ഥത ലോകനീതി ആവുമ്പോള്‍ മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സൂര്യനാവാന്‍ എത്രപേരുണ്ട്? പ്രായോഗികവാദികളായ ആധുനിക മനുഷ്യനില്‍ നഷ്ടമാകുന്നത് ഈ ത്യാഗ സന്നദ്ധതയാണ്. ഇത് പലപ്പോഴും അസംബന്ധവും പ്രായോഗികമല്ലാത്തതാണെന്നും തോന്നാം, എന്നാല്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജനങ്ങളിലും ചരിത്ര ഗതിയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്ന് താര്‍കോവസ്‌കി. താര്‍കോവസ്‌കിയുടെ കഥാപാത്രങ്ങള്‍ക്ക് വിശ്വാസം ഉണ്ട് എന്നുമാത്രമല്ല, ആ വിശ്വാസത്തിനായി അവര്‍ സ്വയത്തെ ബലികൊടുക്കാനും തയ്യാര്‍. ഒരു മഹാദുരന്തം ഒഴിവാക്കാനായി 'നൊസ്റ്റാള്‍ജിയ'യിലെ ഡൊമനിക്കോ സ്വയത്തെ അഗ്‌നിക്കിരയാക്കുന്നു. 'സാക്രിഫൈസി'ലെ അലക്‌സാണ്ടര്‍ തന്റെ വീട്ടിന് തീക്കൊടുത്ത് തന്റെതായ എല്ലാം ഉപേക്ഷിക്കുകയാണ്. 'സ്റ്റോക്കറി'ലെ പ്രധാന കഥാപാത്രത്തിന് ഉറച്ച വിശ്വാസമുണ്ട്, സോണിനകത്തെ മുറിയില്‍ എത്തിയാല്‍ മനുഷ്യരുടെ ആഗ്രഹങ്ങള്‍ നിറവേറും എന്ന്. അതുകൊണ്ടാണ് അയാള്‍ ഭാര്യയുടെ എതിര്‍പ്പ് വകവെക്കാതെ ആളുകളെ സോണിലേക്ക് കൊണ്ടുപോവുന്നത്.

ക്യാന്‍സര്‍ ബാധിച്ച താര്‍കോവസ്‌കി പാരീസില്‍ 1986 ഡിസംബര്‍ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലും അഭിനയിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടന്‍ Anatoly Solonistyn, ക്യാമറാമാന്‍ Alexander Knyazhinsky, പിന്നീട് താര്‍കോവസ്‌കിയുടെ ഭാര്യയും ഇതേ രോഗം മൂലമാണ് മരിച്ചത്. 'സ്റ്റോക്കര്‍' എന്ന സിനിമ ചിത്രീകരിച്ചത് ഒരു വിജന പ്രദേശത്തുള്ള ന്യൂക്ലിയര്‍ പ്ലാന്റിന്റെ സമീപത്താണ്. ഇവിടത്തെ വിഷവാതകമാണ് മരണ കാരണമായി പറയുന്നത്. ഒരു സിനിമ ഉണ്ടാക്കുക, പ്രേക്ഷകരെ കാണിക്കുക എന്നതിനപ്പുറം സംവിധായകന് (കലാകാരന്) പ്രേക്ഷരോട് ഉത്തരവാദിത്വം ഉണ്ട് എന്ന് വിശ്വസിക്കുന്നു താര്‍കോവസ്‌കി. കലയുടെ ലക്ഷ്യം എന്താണ്? എന്തിനാണ് കല നിലനില്‍ക്കുന്നത്? കല ആര്‍ക്കുവേണ്ടിയാണ്? ഇത്തരം കാര്യങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നു. 'കവിത അവ്യവസ്ഥയില്‍ നിന്ന് ഐക്യം ഉണ്ടാക്കുന്നു' അലക്‌സാണ്ടര്‍ ബ്ലോക്ക്. 'കവികള്‍ ദീര്‍ഘദര്‍ശികളാണ്' പുഷ്‌കിന്‍. ഈ കവികളെ ഉദ്ധരിച്ചു കൊണ്ട് താര്‍കോവസ്‌കി തന്റെ കലാ സങ്കല്‍പ്പം വിശദീകരിക്കുന്നു: മനുഷ്യന്‍ എന്തിനാണ് ജീവിക്കുന്നത്, അവന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് കലാകാരന്‍ സ്വയത്തിനും ചുറ്റുമുള്ളവര്‍ക്കും വിശദീകരിക്കുകയാണ്. ഈ ഭൂമിയില്‍ എന്തിന് വന്നു എന്നതിനെക്കുറിച്ച്, കുറഞ്ഞപക്ഷം അതിനെ കുറിച്ച് ഒരു ചോദ്യമെങ്കിലും അവന്റെ മനസ്സില്‍ ഉയര്‍ത്തുക. കല പ്രപഞ്ചത്തിന്റെ ഒരു പ്രതീകമാണ് എന്നു പറയാം ലൗകികതയില്‍ ബന്ധിതനായ മനുഷ്യനെ പരമമായ ആത്മീയ സത്യവുമായി ബന്ധിപ്പിക്കുക. ആത്മാവിനെ ഉഴുത് മറിച്ച് മനുഷ്യനെ നന്മയിലേക്ക് പരിഭാഷപ്പെടുത്തുക. ലോകം കുറ്റമറ്റതല്ല, അതുകൊണ്ടാണ് കല ആവശ്യമാവുന്നത്. ലോകം കുറ്റമറ്റതായിരുന്നുവെങ്കില്‍ കലയുടെ ആവശ്യം ഉണ്ടാവില്ല. കല ജനിക്കുന്നത് ലോകത്തിന്റെ രോഗാതുരമായ അവസ്ഥയില്‍ നിന്നാണ്. ആന്തരിക ചോദനകളുടെ അടിസ്ഥാനത്തിലുള്ള തന്റെ മാത്രം വഴിയിലൂടെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ നടക്കാനുള്ള ശക്തി, അനന്യമായ കാവ്യാത്മക ദര്‍ശനം ഇതായിരുന്നു താര്‍കോവസ്‌കി.

Content Highlights: andrei tarkovsky book the sculpting in time movie and literature

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented