ഗബ്രിയേൽ ഗാർസ്യാ മാർക്കേസ്/ ഫോട്ടോ: എഎഫ്പി
സുഹൃത്തും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ആഷിഷിന്റെ വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നാണ് ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനമാണെന്ന് മനസ്സിലാക്കുന്നത്.
'പെട്ടെന്നൊരു ദിവസം ഓര്‍മ്മകളില്ലാതായാല്‍ നമ്മള്‍ എന്തുചെയ്യും' എന്ന് ഞാന്‍ ആഷിഷിനോട് ചോദിച്ചു. 'പരസ്പരം മറന്നു പോയാല്‍ നമ്മളെന്ത് ചെയ്യും' എന്ന എന്റെ ആശങ്കയെ അതിന്റെ എല്ലാ വലുപ്പത്തിലും പരിഗണിച്ചിട്ടുള്ള മറ്റൊരാളുമായി ഞാന്‍ അതേസമയം ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനാലാവാം ഞാന്‍ ഓര്‍മ്മകളെ കുറിച്ച് ഏറെ നേരം ആലോചിച്ചു. അവ ചുമക്കുന്ന ഭാരങ്ങളെ കുറിച്ച്, അവയില്‍ മാത്രം ജീവിക്കുകയും, അവയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരെ കുറിച്ച്...
ബിരുദപഠനകാലത്ത് പ്രിയപ്പെട്ട ഒരധ്യാപകനില്‍നിന്ന് കേട്ട ഒരു നാടകമോര്‍ത്തു അപ്പോള്‍ ഞാന്‍: 'അല്‍ഷിമേഴ്സ് രോഗിയായ തന്റെ കാമുകിയെ കൊച്ചുകുട്ടിയെ പോലെ പരിപാലിക്കുന്ന ഒരു കാമുകന്‍. കാലക്രമേണ അവള്‍ പഴയതെല്ലാം മറന്നുപോകുന്നു, അയാളെ പോലും. ഒരു ദിവസം അയാള്‍ അവളെയും കൂട്ടി, തങ്ങള്‍ ആദ്യം കണ്ടുമുട്ടിയ തടാകക്കരയിലെ കഫേയിലെത്തുന്നു; അവരുടെ ആദ്യസമാഗമത്തിന് സാക്ഷിയായ അതേ സായാഹ്നം. അയാള്‍, അന്ന് കഴിച്ച ഉരുളക്കിഴങ്ങ് പലഹാരവും മുന്തിരിനീരു കൊണ്ടുണ്ടാക്കുന്ന പ്രത്യേക പാനീയവും ഓര്‍ഡര്‍ ചെയ്യുന്നു. അവ മുന്നിലെത്തുമ്പോള്‍ എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ട ആ സ്ത്രീ ഉറക്കെ കരയുന്നു, അനന്തരം അയാളെ ഉമ്മ വയ്ക്കുന്നു.'
എന്റെ പ്രിയപ്പെട്ട അധ്യാപകന്‍ തുടര്‍ന്നു: 'ആ രോഗം പൂര്‍ണ്ണമായും ഭേദമാക്കാനുള്ള വഴി ഇനിയും കണ്ടെത്തിയിട്ടില്ല. എന്നേക്കുമായി ഓര്‍മ്മ നഷ്ടപ്പെട്ടുപോയ ഒരാള്‍, തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടത്തെത്തുമ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ കരയും എന്നൊരു നാടകകാരന്‍ എഴുതുന്നതിന്റെ യുക്തിയും എനിക്കറിയില്ല. എങ്കിലും ഒന്നുറപ്പാണ്, ഓര്‍മ്മയിലാണ് സ്‌നേഹം നിലക്കൊള്ളുന്നത്. ഓര്‍മ്മയുള്ളതു കൊണ്ടാണ് മനുഷ്യര്‍ക്ക് മറ്റൊരാളെ സ്‌നേഹിക്കാനാവുന്നത്. ഓര്‍മ്മിക്കപ്പെടുക എന്നാല്‍ സ്‌നേഹിക്കപ്പെടുക എന്ന് കൂടിയാണ്.'
അപ്പോള്‍ ഞാന്‍ മുന്‍പ് വായിച്ച മറ്റൊരു സാഹിത്യത്തിലെ (അതൊരു ചെറുകഥയാണെന്നാണ് ഓര്‍മ്മ) ഒരു നായകനെ ഓര്‍ത്തു. പഴയ വീട് വിട്ട് പുതിയ വാടകവീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍, അയാള്‍ വിലപിടിപ്പുള്ള എല്ലാം അവിടെ തന്നെ ഉപേക്ഷിക്കുകയാണ്. എന്നിട്ടും അയാള്‍ മരിച്ചുപോയ ഭാര്യയുടെ ഒരു മുടിക്കഷ്ണം സശ്രദ്ധം ബാഗിലേക്കെടുത്തു വയ്ക്കുന്നു. അതെന്തിനെന്ന് തിരക്കുന്ന കൂട്ടുകാരനോട് അയാള്‍ പറയുന്നു: 'എല്ലാം മറന്നുപോകുന്ന ആ രോഗമില്ലേ, അത് വരാതിരിക്കാന്‍.'
സ്‌നേഹമുള്ള ഓര്‍മ്മകള്‍ മരവിരോഗത്തെ പ്രതിരോധിക്കുമെന്നത് യുക്തിരഹിതമായ ഒന്ന് തന്നെയാവാം. എങ്കിലും ജീവിതത്തെ സംബന്ധിച്ച് വിലപിടിപ്പുള്ള പലതും മനുഷ്യര്‍ സൂക്ഷിച്ചുവയ്ക്കുന്നതിന്റെ യുക്തിയെന്താവാം? അക്കാലം മറവിയുടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവാതിരിക്കാനാവുമോ? ആദ്യകാമുകി സമ്മാനിച്ച, അത്രപോലും വിലയില്ലാത്ത ഒരു സംഗതി, വളരെ വിലപ്പെട്ടതെന്നു കരുതി ഏറെക്കാലം ഒരു പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചുവച്ചിരുന്നു ഞാന്‍. വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനകാലത്ത് പങ്കെടുത്ത ആദ്യ എസ്എഫ്‌ഐ സമ്മേളനത്തിന്റെ ടാഗും ഞാന്‍ ഏറെക്കാലം സൂക്ഷിച്ചുവച്ചിരുന്നു. പിന്നിലേക്ക് സഞ്ചരിക്കാന്‍, പോയ കാലത്തെ ഓര്‍ക്കാന്‍ ഭൗതികവസ്തുക്കളുടെ സഹായം വേണ്ടതില്ലല്ലോ എന്നോര്‍ത്ത ഒരുദിവസം അത് രണ്ടും ഞാന്‍ ഉപേക്ഷിച്ചു. എങ്കിലും ചിലവേള, അവ സൂക്ഷിക്കാമായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. എന്നെങ്കിലും മറവിരോഗത്തിന്റെ കെണിയില്‍ അകപ്പെട്ടാല്‍ അവയെന്നെ നല്ല കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തിയാലോ?
ഒലിവര്‍ സാക്സിന്റെ The Man Who Mistook his Wife For a hat വായിച്ചാല്‍ ജീവിതത്തിന്റെ സാധാരണത്വത്തില്‍നിന്ന്, അതിന്റെ ഓര്‍മ്മളില്‍നിന്ന് രോഗാതുരമായ മറവിയിലേക്ക് പലായനം ചെയ്യേണ്ടി വന്ന അനേകം മനുഷ്യരെ കാണാം. സാക്‌സിന്റെ പുസ്തകം സ്വീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയുമുണ്ടായിട്ടുണ്ട് എന്ന് ഞാന്‍ പിന്നീട് വായിക്കുകയുണ്ടായി. എങ്കിലും ഭീതിദമായ മറവിയെപ്പറ്റിയുള്ള ആലോചനകളിലേക്ക് ആദ്യമായി എന്നെ കൊണ്ടുപോയത് സാക്‌സിന്റെ ലോകപ്രശസ്തമായ ആ പുസ്തകമാണ്. സാക്‌സിന്റെ രോഗികളില്‍ ഒരാള്‍ കോര്‍സകോഫ് സിന്‍ഡ്രോം (Korsakoff syndrome) ബാധിച്ച ജിമ്മി ജി. ആണ്. സെക്കന്റുകള്‍ക്കപ്പുറത്തേക്ക് അയാള്‍ക്ക് ഒന്നും ഓര്‍ക്കാനാവുന്നില്ല. ജിമ്മി ജി യുടേതിന് സമാനമായ ജീവിതം നയിക്കുന്ന ഒരാളിനെ പറ്റി ഒരു കൂട്ടുകാരി ഒരിക്കല്‍ പറഞ്ഞു. അയാള്‍ ദിവസവും പലയാവര്‍ത്തി കുളിക്കുന്നു. കുളിച്ചു കഴിഞ്ഞു വൈകാതെ അയാള്‍ അതേപ്പറ്റി മറന്നുപോകുന്നു. ജീവിച്ചിരിക്കുന്നുണ്ട് എന്ന് പോലും വളരെ ബുദ്ധിമുട്ടിയാവും അയാള്‍ ഓര്‍മ്മിക്കുന്നുണ്ടാവുക എന്ന് അവള്‍ എന്നോട് പറഞ്ഞു.
എല്ലാവരും 'പീടികപ്പറമ്പിലെ മായി' എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു ഉമ്മവീടിന്റെ തൊട്ടടുത്ത്. ഉമ്മവീടിനെക്കുറിച്ചുള്ള മനോഹരമായ എന്റെ ഓര്‍മ്മകളിലെല്ലാം അവരുണ്ട്. അതിന് രണ്ടുകാരണങ്ങളുണ്ട്. വെക്കേഷന്‍ കാലത്തു മാത്രമാണ് ഞങ്ങള്‍ ദൂരെയുള്ള ഉമ്മവീട്ടിലേക്ക് പോയിരുന്നത്. അങ്ങനെ പോയിരുന്ന കുട്ടിക്കാലങ്ങളിലെല്ലാം, അത്യഗാധമായ സ്‌നേഹത്തിന്റെ ആള്‍രൂപമായി അവരെന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. പരിഗണനയോളം കനമുള്ള മറ്റൊന്നും ഭൂമിയിലില്ലെന്ന് കരുതിപ്പോന്നിരുന്ന ഒരു കുട്ടിയെ സംബന്ധിച്ച് വാത്സല്യനിധിയായ ആ മായി (ഉമ്മ വിളിക്കുന്നത് കേട്ടാവാം, ഞാനും അവരെ അങ്ങനെ വിളിച്ചുപോന്നു) വളരെ പ്രിയപ്പെട്ട ഒരാളായിത്തീര്‍ന്നു. അവരെ ഓര്‍ക്കാന്‍ എനിക്ക് മറ്റൊരു കൗതുകകരമായ കാര്യവുമുണ്ടായിരുന്നു. ജീവിതത്തില്‍ അരിയാഹാരം കഴിക്കാത്ത ഒരു സ്ത്രീയായിരുന്നു അവര്‍. 'ചോറ് തിന്നാത്ത മായി' എന്നൊരു പേരുകൂടി അവര്‍ക്ക് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. കല്യാണങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും പോയാല്‍, ചോറ് തിന്നാതെ മടങ്ങുന്ന മായിയെക്കുറിച്ച് പറഞ്ഞ് ഉമ്മ ഒരിക്കല്‍ ചിരിച്ചു.
വളര്‍ന്നതോടെ ഉമ്മവീട്ടിലേക്കുള്ള യാത്രകള്‍ പിന്നെയും കുറഞ്ഞു. 'നമ്മള്‍ വലുതാവുന്നത്, ചിലതെല്ലാം മറന്നുപോവുന്നതോടെയാണ്' എന്ന് പണ്ടാരോ എഴുതിയിട്ടുണ്ട്. പരിഗണിക്കാനും സ്‌നേഹിക്കാനും ജീവിതത്തില്‍ പുതിയ മനുഷ്യരുണ്ടായപ്പോള്‍, പതിയെ ഞാന്‍ 'മായി'യെ മറന്നുപോയി. ഏറെക്കാലം കഴിഞ്ഞൊരു ദിവസം യാദൃച്ഛികമായി ഞാന്‍ അവരെ ഓര്‍ത്തു. അവര്‍കൂടി ചേര്‍ന്ന് നിറമുള്ളതാക്കിയ എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തു. അന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞു: 'എനിക്ക് പീടികപ്പറമ്പിലെ മായിയെ ഒന്ന് കാണണം.' കൂടുതല്‍ ഒന്നും ആലോചിക്കാതെ, ഉമ്മ എനിക്കിങ്ങനെ മറുപടി തന്നു: 'അവരെ ഇനി കണ്ടിട്ട് കാര്യമില്ല. അവര്‍ക്കിപ്പോള്‍ നമ്മളെയൊന്നും ഓര്‍മ്മ കാണില്ല.'
സ്‌നേഹിച്ചിരുന്ന മനുഷ്യരെയെല്ലാം പെട്ടെന്നൊരു നാള്‍ മറന്നുപോകുന്നു എന്നതാവാം ജീവിതത്തിലെ ഏറ്റവും വലിയ ദുരവസ്ഥകളില്‍ ഒന്ന്. 'എ
ഫെയര്‍വെല്‍ ടു ഗാബോ ആന്‍ഡ് മെഴ്‌സിഡസ് , എ സണ്‍സ് മെമ്മയര്‍ ' എന്ന പുസ്തകത്തില്‍ മാര്‍കേസിന്റെ മകന്‍ റോഡ്രിഗോ ഗാര്‍സ്യ അച്ഛന്റെ അവസാനകാലത്തെ കുറിച്ചെഴുതുന്നുണ്ട്. ഒരിക്കല്‍ തന്റെ തന്നെ പുസ്തകം തുറന്നുവച്ച ശേഷം ആധുനികലോകം ഏറ്റവുമധികം വായിച്ച ആ സാഹിത്യകാരന്‍, 'ഇതെല്ലാം എവിടെനിന്ന് വന്നു' എന്ന് ചോദിച്ചുപോലും. പതിനാലുകാരനായിരിക്കെ വിവാഹ അഭ്യര്‍ത്ഥന നടത്തുകയും അന്‍പത്തിയേഴ് വര്‍ഷക്കാലത്തിലേറെ ഒരുമിച്ചു ജീവിക്കുകയും ചെയ്ത പ്രിയപ്പെട്ട മെഴ്‌സിഡസിനെ പോലും ഒരുവേള മറന്നുപോയി മാര്‍കേസ്. 'എനിക്കെന്റെ ഓര്‍മ്മകളെ നഷ്ടപ്പെടുന്നു. ഭാഗ്യവശാല്‍ അത് നഷ്ടപ്പെടുന്നുവെന്ന് ഞാന്‍ മറന്നുപോകുന്നു' എന്നൊരിക്കല്‍ പറഞ്ഞു, ഓര്‍മ്മകളാണ് തന്റെ പണിയായുധങ്ങളെന്ന് മറ്റൊരിക്കല്‍ പറഞ്ഞ അതേ മാര്‍കേസ്.
ഭൂമിയില്‍ നമ്മളേറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരാള്‍, പെട്ടെന്നൊരുനാള്‍ നമ്മളെ മറന്നുപോകുന്നതിന്റെ ആഘാതത്തെ നാം എങ്ങനെ അതിജീവിക്കും?
മറവിരോഗം വന്ന ശേഷം 'പീടികപ്പറമ്പിലെ മായി' എപ്പോഴെങ്കിലും ചോറ് തിന്നിട്ടുണ്ടാവുമോ എന്ന സംശയം കുറേക്കാലം എന്നെ പിന്തുടര്‍ന്നിട്ടുണ്ട്. മാര്‍കേസ് മെഴ്‌സിഡസിനെ മറന്നുപോയതുപോലെ, ജീവിതത്തിലെല്ലായ്‌പ്പോഴും താന്‍ അനുഷ്ഠിച്ചിരുന്ന ആ ശീലം മായി മറന്നുപോയിരുന്നെങ്കിലോ. കേരളത്തില്‍ ജീവിക്കുന്ന, ഏത് സാധാരണ മനുഷ്യനെയും പോലെ, ചോറ് തിന്നായിരിക്കുമോ മായി ശിഷ്ടകാലം തള്ളിനീക്കിയിട്ടുണ്ടാവുക?
അധ്യാപക-വിദ്യാര്‍ത്ഥിബന്ധത്തിന്റെ ഗാഢതയെ പറ്റി എനിക്ക് ആഴത്തില്‍ തിരിച്ചറിവ് തന്നിട്ടുള്ള, ഞാന്‍ 'മാഷേ' എന്ന് മാത്രം വിളിക്കാറുള്ള ഒരു മനുഷ്യനെ ഏറെക്കാലങ്ങള്‍ക്ക് ശേഷം ഒരിടത്തു വച്ചു കണ്ടുമുട്ടി. കാണുമ്പോള്‍ മാഷിന്റെ കൈവശം ഒരു കുഞ്ഞു റേഡിയോ ഉണ്ടായിരുന്നു; കാഴ്ചയില്‍ തന്നെ അതിമനോഹരമായ ഒന്ന്. ഏറെ നേരം ഞങ്ങള്‍ ആ റേഡിയോയെ പറ്റി സംസാരിച്ചു. പെട്ടെന്ന് മാഷ് പറഞ്ഞു: 'ഞാന്‍ ഈ റേഡിയോ അച്ഛന് കൊടുക്കാന്‍ വാങ്ങിയതായിരുന്നു. അച്ഛന് അല്‍ഷിമേഴ്സ് ആണ്. റേഡിയോയും വാങ്ങി വീട്ടിലെത്തിയപ്പോള്‍, അച്ഛന്‍ എന്നെത്തന്നെ മറന്നുപോയി. പിന്നെന്ത് റേഡിയോ?' കുറച്ചു നേരത്തേക്ക് ഞങ്ങളിരുവര്‍ക്കും ഒന്നും പറയാനാവാത്ത വിധം വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
നമ്മളെക്കുറിച്ചുള്ള, ഒരുപക്ഷേ നമ്മള്‍ക്കു പോലുമറിയാത്ത, കാര്യങ്ങള്‍ ഓര്‍മ്മകളില്‍ ചുമന്നു നടക്കുന്ന മനുഷ്യര്‍ പെട്ടെന്നൊരു ദിവസം നമ്മളെ മറന്നുപോയാല്‍ എന്ത് സംഭവിക്കും? അവര്‍ മരിച്ചുപോകുന്നതിലും വലിയ ദൈന്യതയായിരിക്കില്ലേ അത്? മാരകമായ മറവിയുടെ കൊടുംശൈത്യത്തെ അതിജീവിക്കാന്‍ മനുഷ്യര്‍ക്കാവുന്ന ലോകം കുറേക്കൂടി സുന്ദരമായിരിക്കില്ലേ?
അമേരിക്കന്‍ കവി ബില്ലി കോളിന്‍സിന്റെ Forgetfulness എന്ന കവിതയില്‍ ഇങ്ങനെ കാണാം: ആദ്യം എഴുത്തുകാരന്റെ പേര് മറന്നുപോകുന്നു, പിന്നെ പുസ്തകത്തിന്റെ പേര്, പിന്നെ ഇതിവൃത്തം, ഹൃദയഭേദകമായ അന്ത്യം, ആ മുഴുവന്‍ നോവല്‍ തന്നെയും... അത് പിന്നെ നാം ഒരിക്കലും വായിച്ചിട്ടില്ലാത്ത, ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത ഒരു നോവലാവുന്നു.
ജീവിക്കുക എന്നതിന് ഓര്‍മ്മിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് ആ കവിത വായിക്കുമ്പോഴൊക്കെ ഞാന്‍ തിരിച്ചറിയുന്നു. മറവിയോടുള്ള ഒരു സമരമായിരിക്കാം ജീവിതമെന്നും.
Content Highlights: Gabriel Garcia Marquez, World Alzheimer's Day, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..