25 വർഷം മുമ്പ് ചേരികളില്‍ ചപ്പാത്തിക്കല്ല് വിറ്റു നടന്ന കാലം വീണ്ടുമോര്‍മിപ്പിച്ച പാരീസിലെ വെള്ളം


ആനന്ദ് നീലകണ്ഠന്‍

ചേരികളിലെ ഇടിഞ്ഞുതൂങ്ങിയ കൂരവാതിലില്‍ മുട്ടി, തവാ വേണമോ എന്നുചോദിച്ചാല്‍ വേണ്ട എന്നു പരുഷമായി പറഞ്ഞാല്‍പോലും ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം നല്‍കിയിരുന്ന എത്രയോ വീട്ടമ്മമാരുടെ മുഖം ഇന്നുമോര്‍മയുണ്ട് എനിക്ക്.

ആനന്ദ് നീലകണ്ഠൻ/ഫോട്ടോ: സലീഷ് വാസുദേവ്‌

മാതൃഭാഷ എന്നാല്‍ ഫ്രഞ്ചുകാരന് രക്തത്തില്‍ കലര്‍ന്ന ഭ്രാന്താണ്. ഫ്രഞ്ചല്ലാതെ ഒരു കഷണം ഇംഗ്ലീഷ്പോലും അവരുടെ വായില്‍നിന്ന് വീണുകിട്ടിയില്ല. ഫ്രഞ്ചുഭാഷയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട പാരീസിലെ അക്കാദമി ഫ്രാന്‍സിസിലെത്തിയ ഇന്ത്യന്‍ എഴുത്തുകാരുടെ ഈ അനുഭവങ്ങള്‍ ഒരു സംസ്‌കാരത്തിലേക്കുള്ള ജാലകപ്പഴുതു കൂടിയാണ്

ഫ്രഞ്ചുകാരുടെ ഭാഷാപ്രേമം പ്രസിദ്ധമാണല്ലോ. പ്രേമം മൂത്ത് ഭ്രാന്തായെന്നും ആക്ഷേപം ഉയരാറുണ്ട്. പാരീസിലെ രണ്ടാം ദിവസം ചില രസകരമായ സംഭവങ്ങളുണ്ടായി. ഇന്ത്യന്‍ എഴുത്തുകാരെ ഫ്രഞ്ചധികൃതര്‍ അവരുടെ പ്രസിദ്ധമായ അക്കാദമി ഫ്രാന്‍സിസ് എന്ന സ്ഥാപനത്തിലേക്ക് ആനയിച്ചു കൊണ്ടുപോയി. ഫ്രഞ്ചുഭാഷയുടെ സിരാകേന്ദ്രമാണ് പാലെ ദെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന അക്കാദമി ഫ്രാന്‍സിസ് ഇരിക്കുന്ന മനോഹരമായ കെട്ടിടം. ഞങ്ങളെ അതിന്റെ പ്രസിദ്ധമായ അകത്തളത്തിലേക്ക് കൊണ്ടുപോയിരുത്തി. ചരിത്രപ്രസിദ്ധമായ സ്ഥലമാണ് മഹാരഥന്മാര്‍ നടമാടിയ ഈ മായികസ്ഥലം. അക്കാദമി ഫ്രാന്‍സിസ് അടക്കം അഞ്ച് അക്കാദമികളുടെയും സിരാകേന്ദ്രമാണിത്. അക്കാദമി ഓഫ് ഹ്യൂമാനിറ്റിസ്, അക്കാദമി ഓഫ് സയന്‍സസ്, അക്കാദമി ഓഫ് പെയിന്റിങ് ആന്‍ഡ് സ്‌കള്‍പ്ച്ചര്‍, അക്കാദമി ഓഫ് മ്യൂസിക്, അക്കാദമി ഓഫ് ആര്‍ക്കിടെക്ചര്‍, അക്കാദമി ഓഫ് മോറല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്.

ഞാന്‍ ഇത്രയും പേരുകള്‍ ഇംഗ്ലീഷില്‍ മനഃപൂര്‍വം എഴുതിയതാണ്. ഈ പേരുകള്‍ ഇംഗ്ലീഷില്‍ ഉച്ചരിച്ചാല്‍ എപ്പോള്‍ അടികിട്ടി എന്നു ചോദിച്ചാല്‍ മതി. അക്കാദമി ഫ്രാന്‍സിസിന്റെ ഒരു പ്രധാന ഉത്തരവാദിത്വം ഫ്രഞ്ചുഭാഷയെ ഇംഗ്ലീഷ് ചിതലരിക്കാതെ സംരക്ഷിക്കുകയെന്നതാണ്. ഒരുപക്ഷേ, തമിഴന്മാരെപ്പോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഒരുപടി കടന്ന് കാടു കയറി നില്‍ക്കുന്ന ഭാഷാസ്‌നേഹമാണ് ഇവര്‍ക്ക്. ഈ അക്കാദമിയുടെ ഒരു പ്രധാന പണി സാങ്കേതികപദങ്ങള്‍ ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്തുകയാണ്. തമിഴന്‍ ബസിനെ പേരുന്ത് എന്നു വിളിക്കുന്നതുപോലെ കീബോര്‍ഡിനും മൗസിനും മോഡത്തിനും തുടങ്ങി സകല വാക്കുകള്‍ക്കും ഫ്രഞ്ചുപദങ്ങള്‍ കണ്ടെത്തുക, അത് എല്ലാ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കുക, ഇതൊക്കെയാണ്, നിഘണ്ടു തയ്യാറാക്കല്‍ തുടങ്ങിയ വലിയ കാര്യങ്ങള്‍ക്കിടയിലും അക്കാദമിയിലെ പണ്ഡിതന്മാര്‍ക്ക് ഹരം നല്‍കുന്ന കാര്യങ്ങള്‍.

ഞങ്ങളെ നടുത്തളത്തിലിരുത്തി ഫ്രഞ്ചില്‍ ഗംഭീരപ്രസംഗം നടത്തി ഒരു ഫ്രഞ്ച് വനിത. എന്താണ് പറഞ്ഞത് എന്നാര്‍ക്കും മനസ്സിലായില്ലെങ്കിലും ഗംഭീര കൈയടികളോടെ ഞങ്ങള്‍ അത് വരവുവെച്ചു. അതിനു ശേഷം അവരുടെ ഗ്രന്ഥശാലയിലേക്കു കൊണ്ടുപോയി. പഴയ കൈയെഴുത്തുപ്രതികള്‍ മുതല്‍ പല ക്ലാസിക് ബുക്കുകളുടെയും ആദ്യലക്കം മനോഹരമായി സൂക്ഷിച്ചുവെച്ചിരിക്കുന്നു. അവിടെ കറങ്ങിനടന്ന് ഇന്ത്യക്കാര്‍ സെല്‍ഫിയെടുക്കുന്നത് ഈര്‍ഷ്യയോടെ അവര്‍ നോക്കിനിന്നു. ഒരു ദേവാലയംപോലെ ഒരുക്കിവെച്ചിരിക്കുന്ന സരസ്വതീമന്ദിരം ഇന്ത്യയിലെ മുന്‍നിര എഴുത്തുകാര്‍ നാട്ടില്‍ച്ചെന്നു വീട്ടുകാരെയും നാട്ടുകാരെയും കാണിച്ച് അസൂയപ്പെടുത്താനുള്ള അവസരമാക്കി ഉപയോഗിച്ചു കളഞ്ഞു. അതിനു ശേഷം അക്കാദമി ഡീന്‍ ഞങ്ങളെ അഭിസംബോധന ചെയ്യാന്‍ വരുന്നു എന്നുപറഞ്ഞ് ഒരു ചെറിയമുറിയില്‍ കൊണ്ടുപോയി.

ഇവിടെവെച്ചാണ് സാംസ്‌കാരിക വ്യത്യാസം എങ്ങനെ വലിയ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകാം എന്നതിന് ഉദാഹരിക്കാവുന്ന ഒരു സംഭവം നടന്നത്. ഒരു മൂലയില്‍ നിറയെ ബിസ്‌കറ്റുകള്‍, ഗ്ലാസുകളില്‍ വെള്ളം, ജ്യൂസ്, കേക്കുകള്‍ എല്ലാം അടുക്കിവെച്ചിട്ടുണ്ട്. ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ആതിഥ്യമര്യാദയുടെ ആദ്യപടിയെന്നത് അതിഥിക്ക് വെള്ളം കൊടുക്കുകയെന്നതാണ്. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ചേരികളില്‍ തവാക്കല്ല് * വിറ്റ് നടന്നിരുന്ന കാലത്തും എന്നെയേറെ ആശ്വസിപ്പിച്ചത്, ഇന്ത്യക്കാരന്റെ പ്രത്യേകിച്ച്, സാധാരണക്കാരുടെ, ഈ ആതിഥ്യമര്യാദയാണ്. ചേരികളിലെ ഇടിഞ്ഞു തൂങ്ങിയ കൂരവാതിലില്‍ മുട്ടി, തവാ വേണമോ എന്നുചോദിച്ചാല്‍ വേണ്ട എന്നു പരുഷമായി പറഞ്ഞാല്‍ പോലും ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം നല്‍കിയിരുന്ന എത്രയോ വീട്ടമ്മമാരുടെ മുഖം ഇന്നുമോര്‍മയുണ്ട് എനിക്ക്.

നന്നേ നടന്നു തളര്‍ന്നാണ് ഞങ്ങള്‍ ഡീനിനെ കേള്‍ക്കാനുള്ള മുറിയിലെത്തിയത്. ഞങ്ങളില്‍ അഞ്ചാറു പേരും വെള്ളം നിറച്ചുവെച്ച ഗ്ലാസ് കണ്ടപ്പോള്‍ ആശ്വാസത്തോടെ അത് കൈയിലെടുത്തു. എഴുപത് താണ്ടിയ സഹസ്ര കോടീശ്വരിയും മുതിര്‍ന്ന എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയും വെള്ളം കണ്ടപ്പോള്‍ 'അപ്പ' എന്നുപറഞ്ഞ് അതിനടുത്തുവന്നു. ഒരു ഗ്ലാസ് വെള്ളമെടുത്ത് ഞാനവര്‍ക്കു നീട്ടി. ഒരലര്‍ച്ചയോടെ ഒരു ഫ്രഞ്ചുകാരന്‍ ചാടിക്കുതിച്ചെത്തി. സ്തംഭിച്ചു നില്‍ക്കുന്ന ഞങ്ങളുടെ കൈകളില്‍നിന്ന് പാതി കുടിച്ച ഗ്ലാസുകള്‍ തട്ടിപ്പറിച്ചെടുത്തു. ഫ്രഞ്ചില്‍ എന്തൊക്കെയോ പരുഷമായി പറഞ്ഞു.

അക്കാദമി ഫ്രാന്‍സിസ്

ഇന്ത്യക്കാരെ പ്രകോപിപ്പിക്കാന്‍ വേറെന്തു വേണം. ഒരു മണിക്കൂറിലേറെയായി ഫ്രഞ്ചില്‍ മാത്രം പ്രസംഗങ്ങള്‍. ഒരു ഗ്ലാസ് വെള്ളമെടുത്തതിന് ശകാരം. ഇനി ഇവര്‍ നമ്മുടെ തൊലിനിറം കണ്ട് ഇങ്ങനെ പെരുമാറുന്നതാണോ. ഒരു വെയ്റ്റര്‍ക്ക് ഇത്രയ്ക്കു അഹങ്കാരമോ. സുധാമൂര്‍ത്തി ഇതു ചിരിച്ചു തള്ളിയെങ്കിലും, ഞാന്‍ സംഗതി നല്ലൊരു കഥയ്ക്ക് വകുപ്പുണ്ട് എന്നുകണ്ട് സന്തോഷിച്ചെങ്കിലും കൂടെ വന്ന പലര്‍ക്കും ഇതങ്ങനെ വിട്ടാല്‍പ്പറ്റില്ല എന്ന വാശിയായി. പാരീസ് ബുക്ക് ഫെയറിലെ വിശിഷ്ടാതിഥിയാണ് ഇന്ത്യ. അതിഥിക്ക് വെള്ളംപോലും കൊടുക്കാത്ത സംസ്‌കാരശൂന്യരാണ് ഫ്രഞ്ചുകാര്‍ എന്നായി ചിലര്‍. ഹിന്ദിയിലും ബംഗാളിയിലും വെയ്റ്ററോട് തട്ടിക്കയറുന്നു ചിലര്‍. മലയാളത്തില്‍ രണ്ടു തെറി വിളിച്ചാലോ എന്നുതോന്നി. ദേഷ്യം വന്നിട്ടൊന്നുമല്ല. ഫ്രഞ്ചുകാരന്‍ ഫ്രഞ്ചേ പറയൂ. ചത്താലും ഇംഗ്ലീഷ് പറയില്ല. ഹിന്ദിക്കാര്‍ക്ക് എന്നാല്‍ ഇനി ഹിന്ദിമാത്രം മതി എന്നായി വാശി. ബംഗാളിക്ക് ബംഗാളി മതി. പാവപ്പെട്ട മലയാളത്തിനു ഞാനല്ലാതെ ആരുണ്ട്. പക്ഷേ, ഞാനൊരു ഇംഗ്ലീഷ് എഴുത്തുകാരനാണ്. സ്വന്തം ഭാഷയില്‍ എഴുതാതെ ഇംഗ്ലീഷില്‍ എഴുതുന്നതില്‍ കുറച്ച് വൈക്ലബ്യം തോന്നിയ നിമിഷം. പിന്നെ മലയാളത്തില്‍ ആ വെയ്റ്ററെ തെറിവിളിച്ചാലും വേറെ ആര്‍ക്കും മനസ്സിലാവില്ല. ഇനിയെങ്ങാനും വന്ദ്യവയോധികയായ സുധാ മൂര്‍ത്തിക്ക് മനസ്സിലായാലോ? എനിക്ക് കന്നഡ അത്യാവശ്യം മനസ്സിലാവും. ചുരുളിപദങ്ങള്‍ നന്നായി മനസ്സിലാവും. വെറുതേ റിസ്‌ക് എടുക്കണ്ടാ. ഹിന്ദിക്കാരുടെ തെറികേട്ടു നില്‍ക്കാം.

അല്പം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഞങ്ങളോടൊപ്പം വന്ന പ്രസാദ് എന്ന ഡല്‍ഹിക്കാരന്‍ ഓടിക്കിതച്ചെത്തി. അങ്ങേര് എന്തൊക്കെയോ പറഞ്ഞ് വെയ്റ്ററെ പറഞ്ഞുവിട്ടു. എന്നിട്ട് ഞങ്ങളോടു പറഞ്ഞു. ഫ്രഞ്ചുകാര്‍ക്ക് രണ്ടു ദൈവങ്ങളാണുള്ളത്. ഒന്ന് അവരുടെ ഭാഷ, രണ്ട് എറ്റിക്യുറ്റ്. മലയാളം അക്കാദമി എറ്റിക്യുറ്റിനു മൊഴിമാറ്റം നിശ്ചയിച്ചിട്ടുണ്ടോ എന്നറിയില്ല. പൊതുഇട മര്യാദ എന്നു ഞാന്‍തന്നെ മൊഴിമാറ്റം ചെയ്യാം. ഒരു പ്രസംഗത്തിന്, പരിപാടിക്ക് ആളുകള്‍ വരുമ്പോള്‍ അവര്‍ പാലിക്കേണ്ട ഒരു പൊതുഇട മര്യാദയുണ്ട്. പ്രസംഗം കേള്‍ക്കുക, അതിനുശേഷം ആതിഥേയന്‍ ഉപചാരപൂര്‍വം ആനയിച്ച ശേഷം മാത്രം ജലപാനീയങ്ങളും ലഘുപലഹാരങ്ങളും ഭക്ഷിക്കുക. വെള്ളവും ഷാംപെയ്നും എല്ലാം അവര്‍ക്ക് ഒരുപോലെയാണ്. വെള്ളത്തിന് അങ്ങനെ ആതിഥേയമര്യാദയില്‍ ഒരു പ്രത്യേക സ്ഥാനമൊന്നുമില്ല. ഫ്രഞ്ച് വെയ്റ്ററുടെ കണ്ണില്‍ സംസ്‌കാരമില്ലാത്ത അതിഥികളാണ് ഞങ്ങള്‍.

അതിനു ഞങ്ങള്‍ ഷാംപെയിന്‍ അല്ലെങ്കില്‍ കേക്ക്, ബിസ്‌കറ്റ് ഇതിലൊന്നും കൈവെച്ചില്ലല്ലോ. ഒരു മണിക്കൂറായി നടക്കുന്നു, ഒരല്പം വെള്ളം അവര്‍ ആദ്യമേ തന്നില്ല എന്നതോ പോകട്ടെ, അതിഥികളുടെ പ്രായമെങ്കിലും ബഹുമാനിക്കണ്ടേ? അവര്‍ ആരാണ് എന്നെങ്കിലും. പക്ഷേ, ഫ്രഞ്ച് പ്രസിഡന്റ് വന്ന് വെള്ളമെടുത്ത് കുടിച്ചാലും ആ വെയ്റ്റര്‍ ഇങ്ങനെയെ പ്രതികരിക്കൂ എന്നായി പ്രസാദ്. അയാള്‍ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു എന്നും പറഞ്ഞു. അതെന്തേ ഫ്രഞ്ചുകാര്‍ക്കു മാത്രമേ പൊതു ഇട മര്യാദയുള്ളൂ, ഞങ്ങളെ തവിടുകൊടുത്തു വാങ്ങിയതാണോ എന്നായി കുറേ എഴുത്തുകാര്‍. സുധാ മൂര്‍ത്തി ഇതൊക്കെ വിട്ടുകളയാന്‍ പറഞ്ഞിട്ടും പലര്‍ക്കും കലിയടങ്ങുന്നില്ല. രണ്ടുവശത്തും ന്യായമുണ്ട്. അതിഥികള്‍ക്കുവേണ്ടി നമ്മുടെ ശീലങ്ങള്‍വരെ വിട്ടുവീഴ്ച ചെയ്യുന്നവരാണ് നമ്മള്‍. വെള്ളം കൊടുക്കുക എന്നത് ഉത്തരേന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു ദൈവികമായ കാര്യവും. അവസാനം ഡീന്‍ വന്നപ്പോള്‍ നമ്മുടെ പ്രതിനിധി ചിരിച്ചുകൊണ്ട് അവരോട് കാര്യം പറഞ്ഞു. ഫ്രഞ്ച് ചരിത്രകാരിയും ലെ ജിയണ്‍ ഓഫ് ഓണര്‍, കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റര്‍ തുടങ്ങിയ അനവധി പുരസ്‌കാരജേതാവായ തൊണ്ണൂറ്റിരണ്ടുകാരിയായ ഡീന്‍ ഹെലന്‍കാര്‍ഡന്‍ കോഡ് പറഞ്ഞു:

''ആ വെയ്റ്റര്‍ക്ക് വേണ്ടി ഞാന്‍ മാപ്പു പറയുന്നു. പക്ഷേ, അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്തത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വെള്ളത്തിനുള്ള പ്രാധാന്യം ഞങ്ങള്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തിരുന്നില്ല. തെറ്റ് ഞങ്ങളുടെയാണ്.'' ഇത് എംബസിയിലെ പ്രസാദ് മൊഴിമാറ്റി തന്നു. പിന്നെ അദ്ദേഹം പറഞ്ഞു: ''ഇവിടെ ഇവര്‍ എന്തു കാര്യത്തില്‍ എങ്ങനെ കാണുമെന്ന് ഞങ്ങള്‍ നിങ്ങളോടും പറഞ്ഞു തന്നില്ല. ഞങ്ങളും എംബസിയുടെ ഭാഗത്തുനിന്ന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.''സംഭവം മെല്ലെ കെട്ടടങ്ങി. എന്നാലും ആ വെയ്റ്ററോട് ഒരു വാക്ക് ഡീന്‍ ചോദിച്ചില്ല എന്ന വിഷമം പലര്‍ക്കുമുണ്ടായിരുന്നു. അപ്പോള്‍ സുധാ മൂര്‍ത്തി പറഞ്ഞു: സമത്വത്തിനുവേണ്ടി രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കഴുത്തറത്ത നാട്ടിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയും സംസ്‌കാരവും എന്നൊക്കെ പറഞ്ഞ് ഊറ്റംകൊള്ളുമ്പോള്‍ മനുഷ്യന്‍ ഏതു നിലയിലുമുള്ളവരാകട്ടെ ഏതു ജോലിയും ചെയ്യുന്നവരാകട്ടെ അവരെ ബഹുമാനിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കുക. അതിഥിയെ ഭഗവാനായി കരുതുന്നതൊക്കെ ഉത്തമം തന്നെ. പക്ഷേ, കൂടെയുള്ളവരെ മനുഷ്യനായി കാണാന്‍ കഴിയുന്നതും ഒരു വലിയ കാര്യമാണ്. ഇന്ത്യയിലാണെങ്കില്‍ ആ വെയ്റ്ററുടെ പണി എപ്പോള്‍ തെറിച്ചെന്ന് ചോദിച്ചാല്‍മതി. അവര്‍ ഇതു പറഞ്ഞപ്പോഴും വംശീയവിദ്വേഷത്തിന്റെ കരിനിഴല്‍ വെയ്റ്ററുടെ പെരുമാറ്റത്തില്‍ ഇല്ലേയെന്ന് ഞാന്‍ ചിന്തിച്ചുപോയി. കാരണം, അക്കാദമി ഫ്രാന്‍സിസിന്റെ ചരിത്രം പഠിക്കുകയായിരുന്നു ബസിന്റെ പുറകിലത്തെ സീറ്റിലിരുന്ന് അപ്പോള്‍ ഞാന്‍.

ആനന്ദ് നീലകണ്ഠന്‍, സുധ മൂര്‍ത്തി

ഫ്രാന്‍സിലെ ന്യൂനപക്ഷ ഭാഷകള്‍ക്ക് അംഗീകാരംപോലും കൊടുക്കാതിരിക്കാന്‍ രാപകല്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഈ അക്കാദമി. യാഥാസ്ഥിതികതയുടെ കേളീനിലം, സ്ത്രീകള്‍ക്ക് കുറഞ്ഞ പ്രാതിനിധ്യം, കറുത്ത വര്‍ഗക്കാര്‍ ഇതിന്റെ വാതില്‍ കണ്ടിട്ടേയില്ല തുടങ്ങി ഈ പളപളപ്പിന്റെ തട്ടിന്‍പുറത്ത് അനവധി ഭൂതങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്. ഇതിന്റെ ചരിത്രം രസകരമാണ്. വിക്ടര്‍ ഹ്യൂഗോയ്ക്കും ലൂയിസ് പാസ്റ്റര്‍നാക്കിനും ജ്യൂള്‍സ് വേണിനും അംഗത്വം നിഷേധിച്ച അക്കാദമിയെക്കുറിച്ച് അടുത്ത എഴുത്തിലാവട്ടെ. എന്നിട്ട് നോത്രദാം പള്ളിയിലേക്കും പോകാം.

*ചപ്പാത്തി പരത്തുന്ന കല്ല്

Content Highlights: Anand Neelakantan, Sudha Murthy, France

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented