വിശന്നുപൊരിഞ്ഞിരിക്കുമ്പോഴും 'ഇപ്പോ കഴിച്ചതേയുള്ളൂ' എന്ന മലയാളിപത്രാസ് ഒടിച്ചുമടക്കി സുധാമൂര്‍ത്തി


ആനന്ദ് നീലകണ്ഠന്‍''ഒരു ഉബറോ മറ്റോ വിളിക്കണം. എനിക്ക് ഈ പുതിയ ടെക്നോളജിയൊന്നും വലിയ പിടിയില്ല. നിങ്ങള്‍ പിള്ളേര്‍ ബുക്ക് ചെയ്യ്.'' ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികകമ്പനിയുടെ ഉടമയാണ് പറയുന്നത്...

സുധാമൂർത്തി

പാരീസില്‍ ഒരു വെജിറ്റേറിയന്‍ ശാപ്പാട് അതിരസകരമായ ഒരു അനുഭവം പറഞ്ഞ് 'പാരീസ് പാരീസ് 'അവസാനിക്കുകയാണ്. ഈ അനുഭവത്തിലെ പ്രധാന കഥാപാത്രം പ്രമുഖ എഴുത്തുകാരിയും ഇന്‍ഫോസിസിന്റെ അമരക്കാരനായ എന്‍. ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യയുമായ സുധാമൂര്‍ത്തിയാണ്.

നോത്രദാം സന്ദര്‍ശനത്തിനുശേഷം തിരിച്ച് പുസ്തകമേള വേദിയില്‍ എത്തിയപ്പോള്‍ നടന്ന രസകരമായ ഒരു സംഭവം പറഞ്ഞ് ഈ പരമ്പര ഇവിടെ നിര്‍ത്തുന്നു.മേള നടക്കുന്ന വേദിക്കുപുറത്ത് എന്റെ ഒരു സുഹൃത്ത് നില്‍ക്കുന്നു. ഇംഗ്‌ളീഷ് ചരിത്ര എഴുത്തുകാരനായ വിക്രം സമ്പത്ത്. ഞാന്‍ വരാന്‍ കാത്തുനില്‍ക്കുകയാണ്. സംഭവം വയറിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ രണ്ടുപേരും സസ്യഭുക്കുകളാണ്.

വല്ലതും കഴിച്ചോ എന്നായി സമ്പത്ത്. രാവിലെ എന്റെ ഒരു പ്രസംഗം കഴിഞ്ഞ് ഞാന്‍ മുങ്ങിയതാണ്. ഒറ്റയ്ക്ക് ഇങ്ങനത്തെ ചരിത്രവീഥികളില്‍ നടക്കുമ്പോള്‍ ഭക്ഷണത്തെക്കുറിച്ചൊന്നും ഓര്‍ക്കാറില്ല. വിക്രം ചരിത്രകാരനാണ്. മിക്കരചനകളും ലൈബ്രറിയിലിരുന്നു തീര്‍ക്കും. എന്നെപ്പോലെ കഥ അന്വേഷിച്ച് നട്ടപ്രവെയിലില്‍ നായ അലയുന്നതുപോലെ അലയുന്ന പരിപാടിയൊന്നും മൂപ്പര്‍ക്ക് പറ്റില്ല.

കൂട്ടത്തില്‍ ഒരു വെജിറ്റേറിയനെ കിട്ടിയപ്പോള്‍ എന്നെയും പൊക്കി പറ്റിയ ഇന്ത്യന്‍ റെസ്റ്റോറന്റ് തപ്പാന്‍ പ്ലാനിട്ടിരുന്നു. ഞാന്‍ രാവിലെ മുങ്ങിയകാരണം ആള് വിഷമിച്ചുനില്‍പ്പാണ്. എനിക്ക് വല്ല ആപ്പിളോ മുന്തിരിയോ കിട്ടിയാല്‍ പിന്നെ വലിയ പ്രശ്‌നമില്ല. അതുകൊണ്ടുതന്നെ വെജിറേറ്റിയന്‍ ഭക്ഷണരീതി എനിക്ക് ലോകത്ത് എവിടെപ്പോവാനും പ്രശ്‌നമായിട്ടില്ല. പിന്നെ ആരെങ്കിലും അടുത്തിരുന്ന് ചേരയോ പെരുച്ചാഴിയോ പാറ്റയോ പഴുതാരയോ തിന്നാലൊന്നും എനിക്ക് പ്രശ്‌നവുമില്ല. അവനവന് ഇഷ്ടമുള്ളത് അവനവന്‍ കഴിക്കുന്നു. അതു പോത്തായാലും പശുവായാലും കോഴിയായാലും ചീരക്കറിയായാലും എനിക്കൊന്നുമില്ല. എന്നെ തീറ്റിക്കാന്‍ വരരുത്, എന്നെ തിന്നരുത്. ഈ രണ്ടു കണ്ടീഷന്‍ പാലിച്ചാല്‍ എനിക്ക് ഏതുതരം ഹോട്ടലും പ്രശ്‌നമല്ല.

പക്ഷേ, ഞാന്‍ കണ്ടിട്ടുള്ള വെജിറ്റേറിയന്മാരില്‍ പലരും തന്റെ പ്ലേറ്റില്‍ എന്ത് എന്നതിനേക്കാള്‍ മറ്റുള്ളവര്‍ എന്തുകഴിക്കുന്നു എന്ന് ചിന്തിച്ച് സ്വന്തം ഭക്ഷണം കഴിപ്പ് കുഴപ്പത്തിലാക്കുന്നവരാണ്. വിക്രമനും അത്ര വലിയ പ്രശ്‌നമില്ലെങ്കിലും കന്നഡ ശാപ്പാടുകിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

പാരീസില്‍ വന്നിട്ട് ഉഡുപ്പി ഹോട്ടലന്വേഷിച്ചു നടന്നു എന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ മടലുവെട്ടി അടിക്കും എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും കക്ഷി ഒറ്റക്കാലില്‍ നില്‍പ്പാണ്. ബ്രഡും ജാമും കഴിച്ച് മടുത്തു. ചോറുവേണം എന്ന വാശി.

ഞങ്ങള്‍ തര്‍ക്കിക്കുന്നതുകേട്ട് വേറെ ഒരു കന്നഡക്കാരന്‍ അടുത്തുവന്നു. പ്രശസ്ത സംസ്‌കൃതപണ്ഡിതനായ കൃഷ്ണശാസ്ത്രി ചോമു.

ഉഡുപ്പി ഹോട്ടല്‍ എവിടെയാണ് എന്നായി അദ്ദേഹം. ഇപ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമായി അവര്‍ക്ക്. പ്രായം എഴുപതു കഴിഞ്ഞു. ഇനി ഭക്ഷണരീതി മാറ്റാനൊന്നും പറ്റില്ല. വീട്ടില്‍നിന്നും കൊണ്ടുവന്ന മിക്സ്ചറും ബിസ്‌കറ്റും പൊതിച്ചോറുമൊക്കെ തീര്‍ന്നു എന്നദ്ദേഹം പറഞ്ഞപ്പോള്‍ ചിരിച്ചുപോയി. പാരീസില്‍ വന്നിട്ട് ഉഡുപ്പി ഹോട്ടല്‍ നോക്കിനടക്കുന്ന ആദ്യത്തെ ടൂറിസ്റ്റുകള്‍, പാരീസ് സര്‍ക്കാര്‍ കേട്ടാല്‍ അടുത്തവണ്ടിക്ക് കയറ്റിവിടും എന്നൊക്കെ പറയുമ്പോഴാണ് വേറെയൊരാള്‍ കൂട്ടത്തിലേക്കുവന്നത്.

'ഇവിടെ ആരാ ഉഡുപ്പിയുടെ കാര്യം പറഞ്ഞത്' എന്ന ഒരു ശബ്ദം. ചോദ്യം കന്നഡയിലാണ്. ആറുവര്‍ഷം കര്‍ണാടകത്തിലെ ഉള്‍പ്രദേശങ്ങളില്‍ പണിയെടുത്ത കാരണം അത്യാവശ്യം കന്നഡ കേട്ടാല്‍ എനിക്ക് മനസ്സിലാവും. കുറച്ചൊക്കെ പറയാനുമറിയാം. തിരിഞ്ഞുനോക്കിയ ഞങ്ങള്‍ ഞെട്ടി.

ഇന്‍ഫോസിസ് ഉടമയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയായിരുന്നു അത്. ഇവിടെ ഉഡുപ്പി ഹോട്ടലൊന്നുമില്ല എന്ന് അവര്‍. പക്ഷേ, ഒരു നാടന്‍ വെജിറ്റേറിയന്‍ ഊണ് കിട്ടിയാല്‍ കൊള്ളാം. എന്നാപിന്നെ താങ്കള്‍ക്ക് ഒരു ചെയിന്‍ ഓഫ് ഉഡുപ്പി ഹോട്ടല്‍സ് പാരീസില്‍ തുടങ്ങിക്കൂടേ എന്ന് കൃഷ്ണശാസ്ത്രി തമാശയായി അവരോടു ചോദിച്ചു. ഞങ്ങളെപ്പോലുള്ള പാവപ്പെട്ട ഇന്ത്യക്കാര്‍ വരുമ്പോള്‍ പറയാന്‍പോലുംപറ്റാത്ത ഫ്രഞ്ച് വിഭവങ്ങള്‍ കഴിച്ച് കഷ്ടപ്പെടേണ്ടല്ലോ. ശാസ്ത്രിയും സുധാമൂര്‍ത്തിയും സമപ്രായക്കാരും മുന്‍പരിചയക്കാരുമാണ്. വളരെ ഔപചാരികമായി ഒന്നുരണ്ടുതവണ സംസാരിച്ചതൊഴിച്ചാല്‍ എനിക്ക് വലിയ പരിചയം അതുവരെയില്ല. ബ്രിട്ടീഷ് റാണിയെക്കാളും പലമടങ്ങ് സമ്പന്ന, പ്രമുഖവ്യവസായി, എഴുത്തുകാരി, പ്രധാനമന്ത്രിമാരുടെയും ലോകനേതാക്കളുടെയും കൂടെ തീന്‍മേശയിലൊന്നിച്ചിരുന്നു ഭക്ഷണംകഴിച്ചു ശീലമുള്ളവര്‍. അവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നുപോലുമറിയില്ല എനിക്ക്. ഞാന്‍ മിഴിച്ചുനില്‍ക്കുകയാണ്.

''ഹൈ! എന്തിനാ കണ്ട ഹോട്ടലില്‍നിന്നൊക്കെ ഭക്ഷണം കഴിക്കുന്നത്. വീട്ടിലെ ഭക്ഷണമല്ലേ വേണ്ടത്'' എന്നായി സുധാമൂര്‍ത്തി. അത് അറേഞ്ച് ചെയ്യും. ഞാന്‍ വിചാരിച്ചു, അവരുടെ സുഹൃത്തോ ബന്ധുക്കളോ പാരീസിലുണ്ടാവും. മകളുടെ ഭര്‍ത്താവ് ഇംഗ്ലണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവും എന്നൊക്കെ പത്രങ്ങള്‍ എഴുതുന്നകാലം. ഇനി പാരീസില്‍ അതുപോലെ അവര്‍ക്ക് ആരാണാവോ ബന്ധു. ചോദിക്കാന്‍ ധൈര്യമില്ല.

കൃഷ്ണശാസ്ത്രി ചോദിച്ചു: ''അമ്മാ, അതിന് നിങ്ങള്‍ക്ക് ഇവിടെ ആരെങ്കിലുമുണ്ടോ ബന്ധുക്കളായിട്ട്.'' ''എനിക്കോ!'' എനിക്കാരുമില്ല എന്ന് അവര്‍. ''പക്ഷേ, ബന്ധുക്കളെ നമ്മള്‍ അങ്ങ് ഉണ്ടാക്കുകയല്ലേ'' -എന്ന് അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങള്‍ മിഴിച്ചുനോക്കുകയാണ്. ''ഒരു വീട്ടില്‍നിന്നും ഭക്ഷണം കഴിച്ചാല്‍ അവര്‍ നമ്മുടെ ബന്ധുവായി.''-അവര്‍ മനോഹരമായി ചിരിച്ചു. അതിന് ഇവിടെ ആരു ഭക്ഷണംതരും എന്നായി ശാസ്ത്രി. ''നമ്മളു ചോദിക്കണം. വായില്‍ നാവല്ലേ കിടക്കുന്നത്''-എന്നു പറഞ്ഞ് അവര്‍ ചുറ്റുംനോക്കി.

അപ്പോള്‍ സുന്ദരിയായ ഒരു യുവതി, ഒരു വീണയുമായി ഒരു ടാക്സിയില്‍ കയറുന്നു. സുധാമൂര്‍ത്തി ഓടിപ്പോയി അവരുടെ കൈപിടിച്ചു. ഞങ്ങള്‍ പിറകില്‍ പതുങ്ങിനില്‍ക്കുന്നുണ്ട്. സാരിയുടുത്ത അവരുടെ അടുത്ത് ചെന്ന് നിങ്ങള്‍ കന്നഡിഗയല്ലേ ചോദിച്ചു. അവര്‍ എന്താ സംഭവമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്.

''ഞാന്‍ സുധാമൂര്‍ത്തി, ഇത് കൃഷ്ണശാസ്ത്രി, വിക്രം, ആനന്ദ്'' -അവര്‍ പരിചയപ്പെടുത്തി. ഒരു നിമിഷം കഴിഞ്ഞാണ് ആ വീണാധാരിക്ക് സംഭവം കത്തിയത്. 'അയ്യോ അമ്മ!' എന്നുപറഞ്ഞ് അവര്‍ കുനിഞ്ഞു. സുധാമൂര്‍ത്തിയുടെ കാലുതൊട്ടുവന്ദിച്ചു. സുധാ മൂര്‍ത്തി പറഞ്ഞു: ''ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ട്; വീട്ടില്‍ വന്നാല്‍ ഊണുതരുമോ.'' ഞെട്ടല്‍ മാറാതെ അവര്‍ എന്തോ പറഞ്ഞു. പറഞ്ഞത് മനസ്സിലായപ്പോള്‍ അവര്‍ക്ക് പരിഭ്രമമായി. 'വീടിന്റെ അഡ്രസ് തന്നോളൂ ഞങ്ങള്‍ പിറകെ വന്നേക്കാം' എന്ന് സുധാമൂര്‍ത്തി. അവര്‍ക്ക് സന്തോഷവും അദ്ഭുതവും ഞങ്ങള്‍ക്ക് ഞെട്ടലും ജാള്യവും. സുധാമൂര്‍ത്തിമാത്രം മനോഹരമായി ചിരിച്ചുകൊണ്ടുനില്‍ക്കുന്നു. അവര്‍ വേഗം അഡ്രസ് കൊടുത്തു. പുസ്തകമേളയില്‍ വീണക്കച്ചേരി നടത്താന്‍ വന്ന കലാകാരന്‍മാരില്‍ ഒരുവള്‍ എന്നാണ് ഞാന്‍ കരുതിയത്. അവര്‍ അഡ്രസ് പറഞ്ഞ് ടാക്‌സിയില്‍ കയറിപ്പോയി. അപ്രതീക്ഷിതമായി വരുന്ന അതിഥികള്‍ക്ക് അത്താഴമൊരുക്കാന്‍.

ഞങ്ങള്‍ ആണുങ്ങള്‍ മൂന്നുപേരും ചമ്മിയിരിക്കുകയാണ്. ഊണ് ചോദിച്ചുമേടിക്കുകയോ, മലയാളിക്ക് ഒരിക്കലും ആലോചിക്കാന്‍പോലും പറ്റാത്ത കാര്യം. സ്വന്തക്കാരുടെ വീട്ടില്‍ വിരുന്നുപോയാലും, 'ഇപ്പോള്‍ കഴിച്ചതേയുള്ളൂ' എന്ന് ജാടപറയുന്ന, പകുതി ചായകുടിച്ച് പാതി ഗ്‌ളാസില്‍ ബാക്കി വെക്കുന്നതാണ് മാന്യത എന്നൊക്കെ പഠിച്ചുവെച്ചിരിക്കുന്ന മലയാളിയായ ഞാന്‍ ഇതൊക്കെക്കണ്ട് ഞെട്ടാതിരിക്കുന്നത് എങ്ങനെ. സുധാമൂര്‍ത്തി പറഞ്ഞു: ''ഒരു ഉബറോ മറ്റോ വിളിക്കണം. എനിക്ക് ഈ പുതിയ ടെക്നോളജിയൊന്നും വലിയ പിടിയില്ല. നിങ്ങള്‍ പിള്ളേര്‍ ബുക്ക് ചെയ്യ്.'' ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികകമ്പനിയുടെ ഉടമയാണ് പറയുന്നത്, ഉബര്‍ ബുക്ക്ചെയ്യാനറിയില്ല എന്ന്. അമ്മയോ അമ്മൂമ്മയോ പറഞ്ഞാല്‍ വീട്ടിലെ ചെറുപ്പക്കാര്‍ കളിയാക്കി കൊല്ലും. എന്താ ചെയ്യേണ്ടത്.

എന്നറിയാതെ ഞാന്‍ നിന്നപ്പോള്‍ വിക്രം ഒരു ഉബര്‍ ബുക്കുചെയ്തു. നാലുപേരും തിങ്ങിയിരുന്ന് ഭാവനയുടെ വീട്ടിലേക്ക്.

ഭാവന പ്രദ്യുമ്ന എന്ന കര്‍ണാടക സംഗീതജ്ഞയായിരുന്നു ആ യുവതി. സുധാമൂര്‍ത്തിക്കോ ഞങ്ങള്‍ക്കാര്‍ക്കുമോ മുന്‍പരിചയമില്ല. അവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ ടാക്‌സിക്കൂലി കൊടുക്കല്‍ മത്സരത്തില്‍ ഞാന്‍ ജയിച്ചു. മലയാളികളുടെ മാനംകാത്തു. സുധാമൂര്‍ത്തിയുടെ ടാക്‌സിക്കൂലിയായ ഒമ്പതു യൂറോ കൊടുത്തു എന്ന് മൂന്നാലു തലമുറയ്ക്ക് പറഞ്ഞുനടക്കാം. ആശ്വാസമായി.

ഭാവന പ്രദ്യുമ്‌നയുടെ വീട്ടിൽ
സുധാമൂർത്തിക്കൊപ്പം
ലേഖകനും സംഘവും

ഭാവനയുടെ വീട്ടിലെത്തിയപ്പോള്‍ എന്താണ് ഉണ്ടാക്കേണ്ടത് എന്ന പരിഭ്രമത്തിലാണവര്‍. രണ്ടു ചെറിയ കുട്ടികള്‍, അനിരുദ്ധ എന്ന ആറു വയസ്സുകാരന്‍ മിടുക്കന്‍, അവന്റെ നാലു വയസ്സുകാരി കുഞ്ഞനുജത്തി എന്നിവര്‍ സംസ്‌കൃതശ്ലോകംചൊല്ലി ഞങ്ങളെ വരവേറ്റു. കൃഷ്ണശാസ്ത്രി ഞെട്ടിപ്പോയി. ഈ കുട്ടികള്‍ എങ്ങനെ ഇത്ര ഉച്ചാരണസ്ഫുടതയോടെ ഇതൊക്കെ ചൊല്ലുന്നു. ''നാട്ടിലെപ്പിള്ളേര്‍ക്ക് മാര്‍വല്‍ മതി'' ഭാവന പറഞ്ഞു: ''ഇവര്‍ക്ക് നമ്മുടെ നാട്ടിലെ സംസ്‌കാരം പഠിപ്പിച്ചു കൊടുക്കണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. കന്നഡയും സംസ്‌കൃതവും കര്‍ണാടകസംഗീതവും ഞാന്‍ തന്നെയാണ് പഠിപ്പിക്കുന്നത്.'' സുധാമൂര്‍ത്തി കണ്ടുപിടിച്ച ആതിഥേയ കൊള്ളാം എന്ന് ഞാന്‍ വിചാരിച്ചു. കര്‍ണാട്ടിക് കണ്‍സര്‍വേറ്ററി ഓഫ് പാരീസ് എന്ന സ്ഥാപനം നടത്തുകയാണ് അവര്‍. യൂറോപ്പില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതപ്രചാരണം ചെയ്യാന്‍ അമേരിക്കയിലെ ജോലി ഉപേക്ഷിച്ചാണ് പാരീസില്‍ വന്നത്. അഞ്ചുകൊല്ലമായി.

മനോഹരമായ ഒറ്റമുറി ഫ്‌ളാറ്റാണ്. പാരീസ് ഒരു വിലകൂടിയ നഗരമാണ്. തൊട്ടാല്‍ പൊള്ളുന്ന വാടകയാണ്. സ്വന്തം കാറുള്ളവര്‍ വിരളം. അമേരിക്കയുടെ വിശാലതയില്‍നിന്നും ഈ ചെറിയ വീട്ടിലേക്ക് വന്നത് അവര്‍ക്ക് ആദ്യമൊക്കെ വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ശീലമായി.

അപ്പോഴേക്കും ഭാവനയുടെ ഭര്‍ത്താവ് പച്ചക്കറിയും അരിയുമൊക്കെയായി ഓടിക്കിതച്ചെത്തി. പിന്നെ ഒരു പാചകമായിരുന്നു. എല്ലാവരും ഒന്നുചേര്‍ന്നു. കന്നഡയിലല്ലാതെ ഒന്നും അവര്‍ പറയാത്തതുകൊണ്ട് ഞാന്‍ നല്ല ഒരു കേള്‍വിക്കാരനായി നിലകൊണ്ടു. തൈരും വഴുതനങ്ങ വഴറ്റിയതും സാമ്പാറും അച്ചാറും അടങ്ങിയ ഒരു നാടന്‍ വെജ് ഊണ്.

സുധാമൂര്‍ത്തി വിളമ്പിത്തന്നു എന്നത് ഇപ്പോഴും മനസ്സിലുണ്ട്. ഭാവനയുടെ ഊണിന്റെ അതേ രുചി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലും കിട്ടിയിട്ടില്ല. നാട്ടില്‍നിന്നും സ്വന്തം ചെലവില്‍ കര്‍ണാടക സംഗീതജ്ഞരെ കൊണ്ടുവന്നു പരിപാടികള്‍ നടത്തും എന്നു ഭാവന പറഞ്ഞപ്പോള്‍, ഇനി അതിന്റെ ചെലവ് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നോക്കിക്കൊള്ളും എന്ന് സുധാമൂര്‍ത്തി പറഞ്ഞു. ഇങ്ങനെയൊക്കെ ഭാഗ്യങ്ങള്‍ സിനിമയിലേ നടക്കൂ എന്നാരു പറഞ്ഞു?

സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഭാവനയെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു, അവരു കരുതിക്കാണുമോ അഞ്ചുവര്‍ഷം താമസിച്ച ഇവിടെ ഈ ഒറ്റ മുറിയില്‍ ഒരു ദിവസം ഒരു ശതകോടീശ്വരി ചോറു ചോദിച്ചു കടന്നുവരുമെന്ന്. കൂട്ടത്തില്‍ കുറച്ചു എഴുത്തുകാരും. എന്റെ അസുര എന്ന് പുസ്തകം ഭാവന വായിച്ചിട്ടുണ്ട്; വിക്രമിന്റെ ചില ബുക്കുകളും. കൃഷ്ണശാസ്ത്രി ഭാവനയുടെ മക്കള്‍ക്ക് ഓണ്‍ലൈനായി സംസ്‌കൃത ക്ലാസ് നടത്താം എന്നേറ്റു. ഇങ്ങനെയൊക്കെയല്ലേ ബന്ധുക്കളുമുണ്ടാവുന്നത്. ഒരു പിടി ചോറു നല്‍കാന്‍ ലോകത്തിന്റെ ഏതു കോണിലും നമുക്കൊകെ ബന്ധുക്കളുണ്ട്. ഭാഷയും വര്‍ണവും ജാതിയും മതവും ഒന്നും അതിരുകളല്ല. നമ്മള്‍ ഉള്ളുതുറന്നു ചോദിച്ചാല്‍ മതി.

Content Highlights: Anand Neelakantan, Paris Paris, Sudha Murthy, France


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented