നോത്രദാം; പള്ളി പണിയണമെന്നും പറഞ്ഞ് രാജ്ഞി ഒളിച്ചോടി, ബിഷപ്പ് പിരിവെടുക്കാന്‍ പറഞ്ഞു; ജനങ്ങളുടെ സഹനം


ആനന്ദ് നീലകണ്ഠന്‍ബിഷപ്പ് എല്ലനോറിനെ വിശുദ്ധയായ മാലാഖ എന്നു വിളിച്ചു. ജനം വിറളിപൂണ്ട് തെരുവില്‍ അലഞ്ഞു. ബ്രഡ്ഡിനുവരെ നികുതി. രാജാവ് പഴയ പള്ളിപൊളിച്ചു പണി തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം എല്ലനോര്‍ ഒളിച്ചോടിപ്പോയി. ഫ്രാന്‍സിന്റെ ബദ്ധശത്രുവായ ഇംഗ്‌ളണ്ടിലെ രാജാവിനോടൊപ്പം!

നോത്രദാം പള്ളി: ഫോട്ടോ: എ എഫ് പി

മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനകത്ത് എകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു ഗുഹാക്ഷേത്ര സമുച്ചയമുണ്ട്. എകദേശം ആയിരം വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ഒരു ബുദ്ധവിഹാരവും സര്‍വകലാശാലയും ഈ മുംബൈ മഹാനഗരത്തിന്റെ ഹൃദയഭാഗത്തുള്ള ദേശീയോദ്യാനത്തില്‍ ഒളിഞ്ഞുകിടക്കുന്നു.

കന്‍ഹേരി ഗുഹകള്‍ എന്നു വിളിക്കുന്ന ഈ വിസ്തൃതമായ ഗുഹാസമുച്ചയത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതിഗംഭീരമായ കൊത്തുപണികളുള്ള ചൈത്യ വിഹാരങ്ങളല്ല, മറിച്ച് അവിടത്തെ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറികളാണ്. ഗുഹയില്‍ മുറികൊത്തി, കല്ലില്‍ കട്ടിലും മേശയും വിളക്കുവെക്കാന്‍ കുഴിയും ഉള്ള ചെറിയ ധാരാളം ഗുഹകളുണ്ട് കന്‍ഹേരി സമുച്ചത്തില്‍. അതിന്റെ കല്‍ക്കട്ടിലുകളില്‍ ചുമ്മാതെ ഇരിക്കുന്നത് സങ്കല്പിച്ചു നോക്കൂ. എന്റെ ഞായറാഴ്ചകള്‍ പലപ്പോഴും അതിനുള്ളതാണ്. ആ മുറിയില്‍ രണ്ടായിരം, അല്ലെങ്കില്‍ ആയിരത്തി അഞ്ഞൂറുവര്‍ഷംമുമ്പ് ഏതോ വിദ്യാര്‍ഥി താമസിച്ചു പഠിച്ചിട്ടുണ്ട്. അയാളുടെ കട്ടിലിലാണ് ഞാനിരിക്കുന്നത്. അയാളുടെ കല്‍മേശക്കുഴിയിലെ ദീപം കെട്ടിട്ട് ആയിരം വര്‍ഷം കഴിഞ്ഞു. എന്നാലും എന്തൊക്കെ സ്വപ്നങ്ങളാവാം ഇവിടെ താമസിച്ചു പഠിച്ചുപോയ വിദ്യാര്‍ഥികള്‍ക്കുണ്ടായിരിക്കുക! ഒരിക്കലും ഉറങ്ങാത്ത, ഉറുമ്പുകള്‍പോലെ ആളുകള്‍ കഠിനപ്രയത്‌നത്തില്‍ ഉഴറുന്ന ഒരു മഹാനഗരത്തിന്റെ ഹൃദയത്തില്‍ ഇങ്ങനെ കാലം തളംകെട്ടിയ, വാവലുകള്‍ ചേക്കേറിയ മുറികള്‍. ഒരു വല്ലാത്ത അനുഭവമാണ് അവിടെ ഇരിക്കുന്നത്.

അതേ അനുഭൂതിയാണ്, പാരീസിലെ നോത്രദാമിന്റെ അടിയിലുള്ള ഈ പുരാതന റോമന്‍ സെല്‍ട്ടിക് ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന മാര്‍ബിള്‍ ബെഞ്ചില്‍ ഇരിക്കുമ്പോള്‍. മുകളില്‍ മദ്യവും നിശാപാര്‍ട്ടികളും കൈകോര്‍ത്തുപിടിച്ച് നടന്നുപോകുന്ന കമിതാക്കളുമുള്ള ഫാഷന്റെ മഹാനഗരം ഇരമ്പുന്നുണ്ട്. താഴെ, ഈ ഭൂഗര്‍ഭകല്ലറയില്‍ ഞാനൊറ്റയ്ക്കാണ്. ആര്‍ക്കും വേണ്ടാത്ത കാഴ്ചകളാണ് ഇത്തരം മ്യൂസിയങ്ങള്‍. ഇവിടെ, ഇങ്ങനെ കണ്ണടച്ചിരുന്നാല്‍, റോമന്‍ പട്ടാളക്കാര്‍ റോന്തുചുറ്റുന്നത് നമുക്ക് കാണാം. ശ്രദ്ധിച്ചാല്‍ നദിയില്‍നിന്നും പിടിച്ച മീനിന് വിലപേശുന്ന വീട്ടമ്മമാരുടെ സംസാരം കേള്‍ക്കാം. യുദ്ധങ്ങളുടെ ശീല്‍ക്കാരങ്ങള്‍, പോര്‍വിളികള്‍, ചരിത്രത്തിന്റെ കുതിരക്കുളമ്പടികള്‍, അങ്ങനെ പലതും ഈ നന്നുത്ത തണുപ്പില്‍ ഊറിവരും. യാത്രകള്‍ ചെയ്യുന്നത് ഇത്തരം സങ്കല്പലോകങ്ങളുടെ ചരിത്രത്തിന്റെ കഥകളുടെ പ്രപഞ്ചത്തേക്ക് കടക്കാനുള്ള താക്കോലു തേടിയും കൂടിയാണല്ലോ.

വീണ്ടും നടന്നപ്പോള്‍, വേറൊരു ശിലാഫലകം ശ്രദ്ധയില്‍പ്പെട്ടു. 1160-ാം ആണ്ടില്‍ ഈ പള്ളിയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മൗറിസ് ദെസുള്ളി എന്ന അതികായകന്റെ അതിമോഹത്തിന്റെ, ഇച്ഛാശക്തിയുടെ കഥ തെളിഞ്ഞുവന്നത് അങ്ങനെയാണ്. ഇന്നത്തെ നോത്രദാമിന്റെ ചരിത്രം അവിടെത്തുടങ്ങുന്നു. ഈ കഥയില്‍ ചില രാജാക്കന്മാരുണ്ട്. അവരുടെ പ്രേമവും പ്രേമനൈരാശ്യവും വിവാഹവും വിവാഹമോചനവും ഉണ്ട്. പിന്നെ രാജാക്കന്മാരല്ലേ അപ്പോള്‍ കുറെ യുദ്ധങ്ങളും ചോരപ്പുഴയും മതവൈറിയും കലയും ഭക്തിയും ശില്പികളും മറ്റുമുണ്ട്.

മൗറിസ് എന്ന കന്നുകാലിച്ചെറുക്കന്‍ പാരീസിന്റെ, പിന്നെ ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും ശക്തനായ പ്രതിപുരുഷനായ കഥ, ലോകചരിത്രം മാറ്റിമറിച്ചതാണ്. ഓര്‍ലിയന്‍സ് എന്ന ചെറുപട്ടണത്തിന്റെ പ്രാന്തത്തില്‍, സുമാര്‍ 1120-ാം ആണ്ടിലാണ് മൗറിസ് ജനിച്ചത്. പട്ടിണിപ്പാവങ്ങളായിരുന്ന മാതാപിതാക്കള്‍. ഏതോ ഭൂപ്രഭുവിന്റെ അടിയാളന്മാര്‍. കന്നുകാലി മേയ്ക്കലായിരുന്നു. മൗറിസിന്റെ പണി. ഏറ്റവും കൂടുതല്‍ വെറുതേ ചിന്തിച്ചിരിക്കാന്‍ സമയം നല്‍കുന്ന ജോലി (സര്‍ക്കാര്‍ ജോലി കഴിഞ്ഞാല്‍) കന്നുകാലി മേയ്ക്കലാവും. കന്നുകാലികളെ തെളിച്ച് പുല്‍മേട്ടില്‍ വിട്ടാല്‍, പിന്നെ വേറെ പണിയൊന്നുമില്ല. ഒരു മരത്തിന്‍ ചുവട്ടില്‍ കിടക്കുക. പുല്ലാങ്കുഴലോ മറ്റോ വായിക്കുക. രമണനെപ്പോലെയെങ്കില്‍, ചന്ദ്രിക വന്നെങ്കിലെന്നു സ്വപ്നം കാണുക. അങ്ങനെ ഒരു സുഖമുള്ള പണി.

മൗറിസ് ഈ സമയം ഉപയോഗിച്ചത് ബൈബിള്‍ പഠിക്കാനാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ സുവിശേഷത്തില്‍ നിപുണനായി മൗറിസ് തിളങ്ങി. ആളുകള്‍ ഇദ്ദേഹത്തിന്റെ ആര്‍ജവമേറിയ പ്രസംഗം കേള്‍ക്കാന്‍കൂടി. പാരീസ് ആണ് നിനക്കുപറ്റിയ സ്ഥലം എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച് നാട്ടുകാര്‍ മൗറിസിനെ മഹാനഗരത്തിലേക്ക് പറഞ്ഞുവിട്ടു. ഇരുപതു വയസ്സായപ്പോഴേക്കും മൗറിസിന്റെ സുവിശേഷപ്രസംഗം യൂറോപ്പിലെങ്ങും പ്രസിദ്ധമായിരുന്നു. സഭയില്‍ചേര്‍ന്ന മൗറിസ് പടിപടിയായി ഉയര്‍ന്നു. 1160-ല്‍ അപ്പോള്‍ ഏകദേശം അറന്നൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന നോത്രദാം പള്ളിയുടെ അങ്കണത്തില്‍െവച്ച്, പാരീസിന്റെ ബിഷപ്പായി സ്ഥാനമേറ്റു. ഫ്രാന്‍സിന്റെ രാജാവിനെക്കാള്‍ അധികാരമുള്ളതായിരുന്നു മധ്യകാലത്തിലെ പുരോഹിത പ്രമുഖന്റെ കസേര. ആര്‍ഭാടത്തിന്റെ അന്ത്യവാക്കായിരുന്നു അന്ന് ബിഷപ്പിന്റെ അരമന. നാല്പതു വയസ്സ് അന്ന് വാര്‍ധക്യമാണ്. മുപ്പതുവയസ്സിനു മുകളില്‍ ജീവിക്കുന്നത് അദ്ഭുതകമായ കാലത്തില്‍, നാല്പത് എന്നത് വന്ദ്യവാര്‍ധക്യമാണ്. കാലിന്‍മേല്‍ കാലു കയറ്റിയിരുന്ന്, തന്റെ സ്ഥാനം അനുവദിക്കുന്ന ആര്‍ഭാടവും അധികാരവും ആസ്വദിച്ച് ജീവിക്കാന്‍ കൊതിച്ചവരായിരുന്നു അക്കാലത്തെ പള്ളിമേധാവികള്‍. മൗറിസിന്റെ ആത്മാര്‍ഥതയും കുശാഗ്രബുദ്ധിയും ഇച്ഛാശക്തിയും അറിയുന്നതുകൊണ്ടാവണം, സഭ അദ്ദേഹത്തെ ഈ സ്ഥാനമേല്‍പ്പിച്ചത്.

നോത്രദാമിലെ മൗറിസ് ദെസുള്ളി സ്മാരകം

കുരിശുയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇറ്റലിയിലും ജര്‍മനിയിലും എന്തിന്, പ്രാകൃതര്‍ എന്നു ഫ്രാങ്കികള്‍ വിളിച്ചുകളിയാക്കിയിരുന്ന ഇംഗ്‌ളണ്ടില്‍പ്പോലും വലിയ ഗോത്തിക് പള്ളികള്‍ ഉയരുന്നുണ്ടായിരുന്നു. ഇന്ത്യയിലും അറേബ്യയിലും മഹാക്ഷേത്രങ്ങളും വലിയ പള്ളികളും ഉയര്‍ന്നിരുന്ന ഒരു കാലമാണ് ഇതെന്നോര്‍ക്കുക. മതങ്ങളുടെ സുവര്‍ണകാലം. ആളുകള്‍ ഉണ്ടാലും ഇല്ലെങ്കിലും ഭണ്ഡാരങ്ങള്‍ നിറഞ്ഞൊഴുകിയിരുന്ന കാലം.

ഒരുദിവസം മൗറിസ് പള്ളി അങ്കണത്തില്‍ നടക്കുമ്പോള്‍ പള്ളിച്ചുവരില്‍ ഒരു വിള്ളല്‍ കണ്ടു. ഒന്നു തൊട്ടുനോക്കിയപ്പോള്‍ ആ ഭാഗം അടര്‍ന്നുവീണു. അറന്നൂറു വര്‍ഷം പഴക്കമുള്ള ഈ പള്ളി പൊളിച്ചുപണിയണമെന്ന് മൗറിസ് തീരുമാനിച്ചത് അപ്പോഴാണ്. പള്ളിമേടയില്‍ ഇതു പറഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പാണ് വിശ്വാസിസമൂഹത്തില്‍ നിന്നുമുണ്ടായത്. എന്നാല്‍, ബിഷപ്പ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ചരിത്രത്തില്‍ ഒരു സ്ഥാനം പിടിക്കുക തന്റെ നിയോഗമാണ് എന്ന് ആ ഇടയന്‍ വിശ്വസിച്ചിരുന്നു. ലൂയിസ് ഏഴാമനായിരുന്നു അപ്പോള്‍ ഫ്രാന്‍സിന്റെ രാജാവ്. എല്ലനോര്‍ എന്ന സുന്ദരിയെ ഭ്രാന്തമായി സ്‌നേഹിച്ചു വിവാഹം കഴിച്ച രാജകുമാരന്‍ രാജാവായി സ്ഥാനമേറ്റിട്ട് കുറച്ചു മാസങ്ങളേ ആയിരുന്നുള്ളൂ. രാജാവിനെ ബിഷപ്പ് അരമനയിലേക്ക് വിളിച്ചുവരുത്തി. രാജാവും രാജ്ഞിയും ആദരണീയനായ ബിഷപ്പ് മൗറിസിനെ കാണാന്‍ വന്നു. തന്റെ ആഗ്രഹം ബിഷപ്പ് തുറന്നുപറഞ്ഞു. ബിഷപ്പിന്റെ ആഗ്രഹം ആജ്ഞയാണ്. രാജാവ് പരുങ്ങലിലായി. ഖജനാവ് കാലിയാണ്. അച്ഛന്‍ തിരുമനസ്സ് ലൂയിസ് അഞ്ചാമന്‍ കുരിശുയുദ്ധം കളിച്ച് ഖജനാവ് തുടച്ചുനക്കി വൃത്തിയാക്കിയിരുന്നു.

നമുക്ക് ഇനിയും നികുതി കൂട്ടാം എന്നായി റാണി. ബിഷപ്പിനും ഇതുപിടിച്ചു. താങ്കളുടെ വിവേകിയായ റാണിക്കായി ദൈവത്തിനായി ഈ പള്ളി പണിയുമെന്ന് മൗറിസ് രാജാവിനോട് പറഞ്ഞു. രാജാവിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ റാണിയെ ചട്ടംകെട്ടി. ബിഷപ്പിനു വാക്കുംകൊടുത്ത് റാണി രാജാവിനെ അന്തഃപുരത്തിലേക്കു കൊണ്ടുപോയി. താങ്കളെന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഈ പള്ളി പണിയൂ, എന്നായി നവവധുവിന്റെ കെഞ്ചല്‍. ദൈവഭയവും സുന്ദരിയായ നവവധുവിനോടുള്ള ഭ്രമവും മൂത്തപ്പോള്‍ രാജാവ് വിവേകം കൈവിട്ടു. അച്ഛന്‍ വാങ്ങാവുന്ന നികുതിയില്‍ അധികം പിടിച്ചുവാങ്ങിയിരുന്നു. അച്ഛനെക്കുറിച്ച് ആളുകള്‍ നല്ലതു പറയിക്കുന്ന രീതിയില്‍ ലൂയിസ് ഏഴാമന്‍ നികുതി കൂട്ടി. പ്രിയേ, നിന്റെ പള്ളി ഉടന്‍ ഉയരാന്‍ പോകുന്നു. തൃപ്തിയായില്ലേ എന്നു പ്രേയസിയോടു രാജാവ് ചോദിച്ചു. ബിഷപ്പ് എല്ലനോറിനെ വിശുദ്ധയായ മാലാഖ എന്നു വിളിച്ചു. ജനം വിറളിപൂണ്ട് തെരുവില്‍ അലഞ്ഞു. ബ്രഡ്ഡിനുവരെ നികുതി. രാജാവ് പഴയ പള്ളിപൊളിച്ചു പണി തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം എല്ലനോര്‍ ഒളിച്ചോടിപ്പോയി. ഫ്രാന്‍സിന്റെ ബദ്ധശത്രുവായ ഇംഗ്‌ളണ്ടിലെ രാജാവിനോടൊപ്പം!

മൗറിസ് ദെസുള്ളി എന്ന ബിഷപ്പും ലൂയി ഏഴാമനും ചേര്‍ന്നാണ് നോത്രദാംപള്ളി പൊളിച്ചുപണിഞ്ഞത്; അതിനുവേണ്ടി സഹിച്ചതോ ജനങ്ങളും!

Content Highlights: Notre Dame Church, Mouris De Sully, Louis 7th


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented