ഏത് ജോണിഡെപ്പായാലും ജോര്‍ജ് വിറ്റ്മാന്‍ കിടന്നോളാന്‍ പറഞ്ഞാല്‍ കിടന്നോളണം!


ആനന്ദ് നീലകണ്ഠന്‍

6 min read
Read later
Print
Share

കടയില്‍ കുടിയേറിത്താമസിച്ച എഴുത്താളന്‍പിള്ളേരെ ജോര്‍ജ് ടമ്പിള്‍ വീഡ് എന്ന കൂട്ടനാമത്തിലാണ് വിളിച്ചിരുന്നത്. പലരും വരും, കുറച്ചുകാലം പണിയെടുക്കും, ജോര്‍ജിന്റെ ഇരന്നുകിട്ടിയ ശാപ്പാടുമടിച്ചു കുറച്ചു കഥയും കവിതയുമെഴുതി കടന്നുപോകും. ആരു വരുന്നു, പോകുന്നു എന്നത് ജോര്‍ജിന് പ്രശ്‌നമല്ല. പേരും ഊരും മതവും ജാതിയും വര്‍ണവും നിറവും വംശവും ലിംഗവും പ്രായവുമൊന്നും ഒരു വിഷയമല്ല.

ജോർജ് വിറ്റ്മാൻ, ജോണി ഡെപ് (കടപ്പാട്: എ.പി)

ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനിയുടെയും ജോര്‍ജ് വിറ്റ്മാന്റെയും വിക്രിയകള്‍ തീരുന്നില്ല. തന്റെ പുസ്തകമടയില്‍ പാര്‍ക്കുന്ന എഴുത്താളരെവെച്ച് അദ്ദേഹം പാവങ്ങള്‍ക്കായി ഒരു പാരീസ് റിവ്യൂ മാഗസിന്‍ ഇറക്കി. വിവരമില്ലാത്തവരെ പുസ്തകംകൊണ്ട് എറിഞ്ഞു. പ്രശസ്ത ഹോളിവുഡ് നടനായ ജോണി ഡെപ്പിനും കിട്ടി ഒരേറ്- ആനന്ദ് നീലകണ്ഠന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന കോളം പാരീസ് പാരീസ് ആറാം ഭാഗം വായിക്കാം.

ഞാന്‍ ഇപ്പോള്‍ ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനിയുടെ കൗണ്ടറിനു മുന്നിലാണ്. ഫോട്ടോ എടുക്കാന്‍ അനുവാദമില്ല എന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കരുതെന്നും പല സ്ഥലത്തും എഴുതിവെച്ചിട്ടുണ്ട്. ഒരു ദേവാലയത്തില്‍ പ്രവേശിക്കുന്നതുപോലെവേണം അകത്തേക്കു കയറാന്‍. കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്കുമാത്രമേ ഈ മുറിയില്‍ ഒരുസമയം നില്‍ക്കാന്‍ പറ്റൂ. ജോര്‍ജ് സായ്പ്പിന്റെ ഏച്ചുകെട്ടാണ്. ഉത്തരംമുട്ടുംവരെ പുസ്തകങ്ങളുണ്ട്. അവിടെനിന്നും മറ്റൊരു ചെറിയ മുറി. കാലിന്റെ ഇടയില്‍ക്കൂടി ആഗി എന്ന ആസ്ഥാന മാര്‍ജാര ഓടിപ്പോയി.

ഈ മുറിയില്‍ പുസ്തകഷെല്‍ഫിന്റെ ഇടയില്‍ ബങ്ക് ബെഡുകള്‍ ഉണ്ട്. ഏതോ എഴുത്തുകാരന്റെ കിടപ്പുമുറിയാണ്. കൗണ്ടറിലും അവിടെയും ഇവിടെയും ഒക്കെ നില്‍ക്കുന്ന ജീവനക്കാരെല്ലാം ശമ്പളമില്ലാതെ, എന്നാല്‍, കിടക്കാന്‍ ഇത്തരം കിടക്കയും തലയിണയും ഒരു കീറിത്തുടങ്ങിയ കമ്പിളിയും സൗജന്യമായി ലഭിച്ച, ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പട്ടിണിക്കാരായ എഴുത്തുകാരാണ്. ജോര്‍ജ് വിറ്റ്മാന്‍ 2011-ല്‍ മരിക്കുന്നതുവരെ, എഴുത്തുകാരനായ ജീവനക്കാരനില്‍നിന്ന് ഇത്തരം കിടക്കകള്‍ക്ക് ചില്ലിക്കാശു വാങ്ങിയിട്ടില്ല. ശമ്പളം കൊടുത്തിട്ടുമില്ല. ഒരു സിനിമാക്കഥപോലെ ഉദ്വേഗജനകമായ ക്ലൈമാക്‌സ് ആയിരുന്നു ജോര്‍ജ് വിറ്റ്മാന്റെ അവസാനകാലം.

ഫാഷന്റെ ലോക തലസ്ഥാനമാണല്ലോ പാരീസ് നഗരം. ഈ നഗരത്തിലൂടെ എത്രത്തോളം അപരിഷ്‌കൃതമായി നടക്കാമോ അതിലപ്പുറം വൃത്തികേടായി നടന്നുകൊണ്ടാണ് ജോര്‍ജ് എന്ന അരവട്ടന്‍ തന്റെ വരവറിയിച്ചത്. 1974-ല്‍ ജാസ് സംഗീതത്തിന്റെ തലതൊട്ടപ്പനായ അമേരിക്കന്‍ സംഗീതജ്ഞന്‍, കവി, ചിത്രകാരന്‍, കറുത്തവര്‍ഗക്കാരുടെ നായകന്‍, ട്രംപറ്റ് വായനയിലെ അഗ്രഗണ്യന്‍ തുടങ്ങിയ പലതിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച തിയോഡര്‍ ജോന്‍സ്, ജോര്‍ജ് വിറ്റ്മാനെ സന്ദര്‍ശിച്ചു. ജോര്‍ജിന്റെ വട്ടത്തരങ്ങള്‍ ലോകത്തിലെ കവികളുടെയും സിനിമാ താരങ്ങളുടെയും ചിത്രകാരന്മാരുടെയും ഇടയില്‍ ഇതിനകം പ്രസിദ്ധമായിരുന്നു. ഹിപ്പിയുഗം കത്തിനില്‍ക്കുന്ന കാലം. ഹിപ്പികളുടെ അപ്പന്‍ഹിപ്പിയായി ജോര്‍ജ് വിറ്റ്മാന്‍ വിലസുകയാണ്.

''ഈ ജാക്കറ്റ് കണ്ടോ. പാരീസിലെ ഫാഷന്‍ ബോയ് ആകാന്‍ ഞാന്‍ ഉണ്ടാക്കിയെടുത്തതാണ്''. -ജോര്‍ജ് തിയോ ജോണ്‍സിനോടു പറഞ്ഞു. തമ്പുരാനേ, ഇതു കഴുകി വൃത്തിയാക്കിയിട്ട് എത്രകാലമായോ എന്ന് ജോണ്‍സ് മനസ്സില്‍ ആലോചിച്ചേ ഉള്ളൂ. ജോണ്‍സ് മനസ്സില്‍ കണ്ടത് ജോര്‍ജ് മാനത്തുകണ്ടു. ഇരുപതുകൊല്ലമായി ഇത് കഴുകിയിട്ട്. ഇനി ഒരു ഇരുപതുകൊല്ലംകൂടി ഇത് ഇടും. ജോര്‍ജ് വിറ്റ്മാന്‍ ഊറിച്ചിരിച്ചു. വെറുതേ കളയേണ്ടതല്ല കാശ്, അത് പുസ്തകങ്ങള്‍ വാങ്ങാനുള്ളതാണ് എന്നൊരു ഉപദേശവും. അന്ന് ഈ പുസ്തകശാല ഇത്ര വലുതായിട്ടില്ല. കിട്ടിയകാശ് പിശുക്കിപ്പിടിച്ച്, അടുത്തുള്ള ചെറിയ കടകളെല്ലാം ജോര്‍ജ് വാങ്ങിക്കൂട്ടുന്ന കാലം,

ഒരു ഉളിയും ചുറ്റികയും ലോകപ്രശസ്ത ജാസ് സംഗീതജ്ഞന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു: ''ഈ ഷെല്‍ഫ് ഒന്നു അടിച്ചേക്ക്''. ആളുകള്‍ക്ക് എന്തു പണി അറിയാം, അവര്‍ ആരാണ് എന്നൊന്നും ജോര്‍ജ് നോക്കാറില്ല. മിഴിച്ചുനിന്ന ജോണ്‍സിനോട്, ''അതു നന്നായി ചെയ്യണം എന്നൊന്നും ഇല്ല. അങ്ങ് ചെയ്യുക. അതു കലയായിക്കൊള്ളും. പാരീസ്, അല്ലേ'' എന്നു പറഞ്ഞ് ജോര്‍ജ് തന്റെ പാടുംനോക്കിപ്പോയി.

ഓള്‍ഡ് സ്മാക്കി റൂം, ബ്ലൂ ഓയിസ്റ്റര്‍ റൂം... അവിടെയിവിടെ ജോര്‍ജിന്റെ അലക്ഷ്യമായ കൈയക്ഷരത്തില്‍ ചുവരില്‍ കോറിയിട്ടിട്ടുണ്ട്. തറയൊക്കെ ഓരോ മാതിരി ടൈല്‍സാണ്. ജനലുകളുടെ പാളികള്‍ക്കുവരെ മുനിസിപ്പാലിറ്റി സൗന്ദര്യാത്മകതയുടെ ചട്ടംതീര്‍ക്കുന്ന നഗരത്തിലാണ്, എന്തുചെയ്താലും അത് സുന്ദരം എന്ന് ജോര്‍ജിന്റെ കൗണ്ടര്‍. ഒരു മുറിയില്‍ ഒരു ആഗ്രഹക്കിണറുണ്ട്. ഒരു കുഴി. ജോര്‍ജിന്റെ തമാശയാണ്. അവിടെ ഒരു ബോര്‍ഡും. 'പട്ടിണിക്കോലങ്ങളായ എഴുത്താളരെ കൈയയച്ചു സഹായിക്കൂ'. ഇവിടെ വരുന്നവര്‍ മനസ്സില്‍ എന്തെങ്കിലും ആഗ്രഹിച്ച് കൈയിലുള്ള ചില്ലറ എറിയണം. അങ്ങനെ എറിഞ്ഞാല്‍ ആഗ്രഹം നടന്നിരിക്കും. ജോര്‍ജേട്ടന്റെ ഉറപ്പാണ്. തന്റെ പുസ്തകശാലയില്‍ ഉണ്ടുറങ്ങുന്ന (കുളിച്ചുണ്ടുറങ്ങുന്ന എന്നുപറഞ്ഞുകൂടാ. അത് വഴിയേ പറയാം) എഴുത്താളന്‍ പിള്ളേര്‍ക്ക് ചില്ലറ ഒപ്പിച്ചുകൊടുക്കാന്‍ ജോര്‍ജിന്റെ പൊടിക്കൈ. കുറച്ചു കാശുകിടക്കുന്നുണ്ട്. രാത്രിയില്‍ ജോര്‍ജ് ആവാഹിച്ചുവെച്ചിരിക്കുന്ന വേതാളങ്ങള്‍ ഇറങ്ങും. ഈ കിണറ്റില്‍ ഇറങ്ങി ചില്ലറ വാരിക്കൂട്ടി, പങ്കുവെച്ച് ഷെല്‍ഫിന്റെ ഇടയിലെ കിടക്കകളിലേക്ക് തിരിച്ചുപോകും. എഴുത്തുപിള്ളേര്‍ക്ക് ജീവിക്കണ്ടേ? ഈ ആഗ്രഹക്കിണറിനു ചുറ്റും മാര്‍ബിള്‍ ടൈലുകളുണ്ട്. എഴുപതുകളില്‍ പൊട്ടിപ്പൊളിഞ്ഞ തറകണ്ട് ആരോ കമന്റടിച്ചത് ജോര്‍ജിന് അത്ര പിടിച്ചില്ല. അന്നു രാത്രി വെച്ചുപിടിച്ചത് പാരീസിലെ കലാകാരന്മാരും ഇതിഹാസ പുരുഷന്മാരും രാഷ്ട്രനേതാക്കന്മാരും അന്ത്യവിശ്രമംകൊള്ളുന്ന, പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ പ്രസിദ്ധമായ, മോണ്ടപാര്‍നസ്സേ സെമിത്തേരിയിലേക്ക്. കൂടെ കുറച്ച് എഴുത്തുപിള്ളേരും. ശവക്കല്ലറയിലെ കുറെ മാര്‍ബിള്‍ക്കല്ലുകള്‍ മോഷ്ടിച്ച് തിരിച്ചെത്തി. കട തുറക്കുംമുമ്പ് കല്ലൊക്കെ തോന്നിയപോലെ വിരിച്ച്, ജോര്‍ജ് ചിരിച്ചത്രേ. എങ്ങനുണ്ട് നമ്മുടെ 'അബ്സ്ട്രാക്റ്റ് ആര്‍ട്ട്'. മനുഷ്യനു മനസ്സിലാവാത്ത ആധുനിക ചിത്രകലയ്ക്ക് ജോര്‍ജിന്റെ വക ഒരു കൊട്ട്. സംഭവം വിവാദമായെങ്കിലും ജോര്‍ജിന്റെ വട്ടറിയുന്ന അധികൃതര്‍ വലിയ പ്രശ്‌നമുണ്ടാക്കിയില്ല. ജോര്‍ജിന്റെ ശിഷ്യനും പ്രശസ്തനുമായ ഏതോ മുന്‍കലാകാരന്‍ കാശുകൊടുത്ത് ഒതുക്കി എന്നാണ് കിംവദന്തി.

രണ്ട് യൂറോ കിണറ്റിലേക്കിട്ട്, ജോര്‍ജേട്ടന്റെ ആത്മാവിനോട് ഞാന്‍ പ്രാര്‍ഥിച്ചു. ''എഴുത്തിനുള്ള നോബേല്‍പ്രൈസ് എനിക്ക് കിട്ടേണമേ''. രണ്ടടി നടന്നപ്പോള്‍ ഒരു തോണ്ടല്‍, ''ചോദിച്ചത് കൂടിപ്പോയോ.'' ഏയ്, അത്യാഗ്രഹത്തിന് ഇതുവരെ ടാക്സ് ചുമത്തിയിട്ടില്ല. അത്യാഗ്രഹമാവാം. കുഴപ്പമൊന്നുമില്ല. ഞാന്‍ ആശ്വസിച്ചുനടന്നതും എടുപടേന്ന് അഞ്ചാറു പുസ്തകം മുകളില്‍നിന്നു താഴെവീണു. ഏതോ എഴുത്താളന്‍ ഓടിവന്നു ക്ഷമപറഞ്ഞു. ആ പുസ്തകങ്ങള്‍ ഏണിവെച്ചു കയറി ആടിനില്‍ക്കുന്ന ഷെല്‍ഫില്‍ തിരുകിവെച്ചു.

അന്നു രാത്രിയില്‍ മുറിയില്‍വന്ന് ജോര്‍ജ് വിറ്റ്മാനെക്കുറിച്ച് കൂടുതല്‍ പരതിയപ്പോഴാണ് ഞെട്ടിയത്. വിവരദോഷികളെ പുസ്തകംകൊണ്ട് വിറ്റ്മാന്‍ എറിയുമായിരുന്നത്രേ. അദ്ദേഹം മരിച്ചശേഷവും ജോര്‍ജിന്റെ പ്രേതം മടയില്‍നിന്നും പോയിട്ടില്ല എന്ന് ഇതിനുമുമ്പും പലര്‍ക്കും അനുഭവമുണ്ടായിട്ടുണ്ട്. ജോര്‍ജിന് മലയാളത്തില്‍ പ്രാര്‍ഥിച്ച് അത്യാഗ്രഹം മനസ്സിലായിട്ടുണ്ടാകുമോ? അതുകൊണ്ടാണോ പുസ്തകംകൊണ്ട് എറിഞ്ഞത്? പ്രേതങ്ങള്‍ക്ക് മലയാളവും വഴങ്ങുമായിരിക്കും!

കടയുടെ പല മുറികളിലും ജോര്‍ജ് കാരുണ്യത്തിന്റെ മുദ്രാവാക്യങ്ങള്‍ കോറിയിട്ടിട്ടുണ്ട്. മനുഷ്യത്വത്തിനായി ജീവിക്കുക, അപരിചിതരോട് സ്‌നേഹത്തോടെ പെരുമാറുക; ആര്‍ക്കറിയാം അവര്‍ വേഷംമാറിവന്ന മാലാഖമാരല്ലെന്ന്? ഇങ്ങനെ തന്റെ ജീവിതവീക്ഷണം ജോര്‍ജ് പലയിടത്തും എഴുതിവെച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സ്ഥാപനം ഇത്രകാലം നടത്തിയതിലപ്പുറം മനുഷ്യത്വത്തിന്റെ സന്ദേശവും ആവശ്യമില്ലെങ്കിലും ചുവരുവൃത്തിയായി ഇരിക്കുന്നതുകണ്ടാല്‍ ജോര്‍ജിന് ഇരിക്കപ്പൊറുതിയുണ്ടാവില്ല. പിന്നെ ഇത്തരം കലാപരിപാടിയാണ്.

വിഖ്യാതമായ സാഹിത്യ ത്രൈമാസികയാണല്ലോ പാരീസ് റിവ്യൂ. ലോകപ്രശസ്ത എഴുത്തുകാരുടെ ലേഖനങ്ങളും പുസ്തകപരിചയവും നിരൂപണങ്ങളും അഭിമുഖങ്ങളും വരുന്ന സാഹിത്യലോകത്തെ അന്തസ്സുറ്റപ്രസിദ്ധീകരണം. ആഭിജാത്യം തുളുമ്പിനില്‍ക്കുന്ന പാരമ്പര്യം. പക്ഷേ, ആഭിജാത്യത്തിന്റെയും അന്തസ്സിന്റെയും പിറകെപോയ അവര്‍, ജോര്‍ജിന്റെ വിശന്നുവലഞ്ഞ എഴുത്തുപിള്ളേര്‍ക്ക് അപ്രാപ്യമായി. ഇവര്‍ക്ക് ഒരു പണികൊടുക്കാമെന്ന് ജോര്‍ജിന് ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ തോന്നി. ഒരു കൈയെഴുത്തു ത്രൈമാസിക എഴുതിയുണ്ടാക്കാം. ലൈസന്‍സ് വിഷയത്തില്‍ ഉടക്കുവെച്ച്, ഈ കിറുക്കന്റെ കടയ്ക്ക് പാരീസ് മുനിസിപ്പാലിറ്റി തത്കാലം താഴിട്ടുപൂട്ടിയ 1967-ലാണ് സംഭവം. ആകുവോളം പ്രതിരോധിക്കുക, കഴിയുന്നിടത്തോളം അനുസരിക്കാതിരിക്കുക എന്ന വാള്‍ട്ട് വിറ്റ്മാന്റെ കവിവാക്യം, ജോര്‍ജ് വിറ്റ്മാന്‍ കാര്യമായെടുത്തു. അങ്ങനെയാണ് പാരീസ് മാഗസിന്റെ ജനനം.

കടയില്‍ കുടിയേറിത്താമസിച്ച എഴുത്താളന്‍പിള്ളേരെ ജോര്‍ജ് ടമ്പിള്‍ വീഡ് എന്ന കൂട്ടനാമത്തിലാണ് വിളിച്ചിരുന്നത്. പലരും വരും, കുറച്ചുകാലം പണിയെടുക്കും, ജോര്‍ജിന്റെ ഇരന്നുകിട്ടിയ ശാപ്പാടുമടിച്ചു കുറച്ചു കഥയും കവിതയുമെഴുതി കടന്നുപോകും. ആരു വരുന്നു, പോകുന്നു എന്നത് ജോര്‍ജിന് പ്രശ്‌നമല്ല. പേരും ഊരും മതവും ജാതിയും വര്‍ണവും നിറവും വംശവും ലിംഗവും പ്രായവുമൊന്നും ഒരു വിഷയമല്ല.

ജോര്‍ജ് ഒരു പരസ്യം വെച്ചു. ഒരു സാഹിത്യമാസിക ആരംഭിക്കുന്നു. എന്റെ ടമ്പിള്‍ വീഡുമാര്‍ ആരെങ്കിലും എഴുത്തുകാരുണ്ടെങ്കില്‍ വല്ലതും അയച്ചുതരണം. കാല്‍ക്കാശു തരില്ല. ടമ്പിള്‍ വീഡിന് ഒരു മലയാളപരിഭാഷ ബുദ്ധിമുട്ടാണ്. അമേരിക്കയിലും മറ്റും കാറ്റില്‍ ഉരുണ്ടുരുണ്ട് പ്രജനനം നടത്തുന്ന ഒരു ചെടിയുടെ വിത്താണ്. അപ്പൂപ്പന്‍താടി പോലെ, പക്ഷേ, നിലത്തുരുണ്ട് പോകുന്നത്. എപ്പോള്‍ വന്നു, എപ്പോള്‍ പോയി എന്നൊന്നും അറിയാത്തപോലെ. ജോര്‍ജിന്റെ പിള്ളേര്‍ അങ്ങനെയാണല്ലോ.

കുറച്ചുദിവസത്തിനുള്ളില്‍ ജോര്‍ജിന്റെ കടയില്‍ കൈയെഴുത്തുകള്‍ വന്നു നിറഞ്ഞു. എഴുത്താളന്മാരുടെ പേരുകണ്ട് ജോര്‍ജ് തന്നെ ഞെട്ടി. ജീന്‍പോള്‍ സാര്‍ത്ര് (1964-ല്‍ നൊബേല്‍ ജേതാവ്. അത് അദ്ദേഹം നിരാകരിച്ചുവെന്നത് വേറെകാര്യം. ജോര്‍ജിന്റെ പിള്ളേര്‍ അവാര്‍ഡിന് എഴുതാറില്ല. നൊബേല്‍ ആയാല്‍പ്പോലും!) ആയിരുന്നു ഒരു കൃതി അയച്ചത്. പിന്നെ അമേരിക്കന്‍കവിയും അതിപ്രസിദ്ധനുമായ അലെന്‍ ഗിന്‍സ്ബെര്‍ഗ്, ബ്രിട്ടന്റെ ഏറ്റവും പ്രശസ്തനായ കവി ലോറന്‍സ് ജോര്‍ജ് ഡ്യുറല്‍... അങ്ങനെ പല വന്‍ പുലികളും. ഇവരൊക്കെ ജോര്‍ജിന്റെ കടയില്‍ താമസിച്ചു ജോലിചെയ്തു പോയിട്ടുണ്ട്. ആയിരത്തിലധികം പ്രശസ്തരും അല്ലാത്തവരുമായ എഴുത്താളന്മാര്‍ 1967-ല്‍ തന്നെ ടമ്പിള്‍ വീഡരായി ജോര്‍ജിന്റെ കടയില്‍ താമസിച്ചുപോയിട്ടുണ്ടായിരുന്നു. കഥകളും കവിതകളുംകൊണ്ട് ജോര്‍ജിന്റെ കടയും മനസ്സും നിറഞ്ഞു. നൊബേല്‍ മുതല്‍ പല അവാര്‍ഡുകളും വാരിക്കൂട്ടിയ ഇതിഹാസതുല്യരായ സാഹിത്യകാരന്മാരായി പല പിള്ളേരും. ആദ്യത്തെ ത്രൈമാസിക ജോര്‍ജ് 1967-ല്‍ ഗംഭീരമായി പ്രസിദ്ധീകരിച്ചു. 'പാവങ്ങളുടെ പാരീസ് റിവ്യൂ ഇവിടെ കിട്ടും. പാരീസ് മാഗസിന്‍ എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. ചിലപ്പോള്‍ പേരുമാറ്റും'. പാരീസ് റിവ്യൂവിനല്ല ലോകത്ത് ഒരുമാസികയ്ക്കും സ്വപ്നംപോലും കാണാന്‍പറ്റാത്തതരം എഴുത്തുകാരുടെ നിര. വാങ്ങാന്‍ ജനം ക്യൂനിന്നു. കട തുറന്നുകൊടുക്കേണ്ടിവന്നു മുനിസിപ്പല്‍ അധികൃതര്‍ക്ക്. പാരീസ് റിവ്യൂവിനെ ഞെട്ടിച്ചുകൊണ്ട്, ജോര്‍ജ് ഒരു പ്രഖ്യാപനവും നടത്തി: ''എല്ലാം മൂന്നുമാസവും കൂടുമ്പോള്‍ പാവങ്ങളുടെ ത്രൈമാസിക ഞാന്‍ പുറത്തിറക്കും എന്റെ പിള്ളേര്‍ പലരും എഴുതാന്‍ പഠിച്ചു. ഒരു ആയുഷ്‌കാലം മാഗസിന്‍ ഇറക്കാനുള്ള കൃതിയും അവര്‍ അയച്ചുതന്നു''. ആദ്യലക്കം ഒരുദിവസംകൊണ്ടു തീര്‍ന്നു. ആളുകള്‍ കാത്തിരിപ്പായി. നൊബേല്‍ ജേതാക്കളുടെ കൃതികളാണ് വരാന്‍പോകുന്നത്.

ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനിയുടെ അകം

ജോര്‍ജ് പിന്നെ മാഗസിന്റെ കാര്യം മറന്നു. അടുത്ത അമ്പതുവര്‍ഷത്തില്‍ നാലേ നാലു മാഗസിനാണ് ജോര്‍ജ് പുറത്തിറക്കിയത്. പല പ്രശസ്ത എഴുത്തുശിങ്കങ്ങളുടെയും കൈയെഴുത്തുപ്രതികള്‍ ഇന്നും പല ഷെല്‍ഫിന്റെയും ഇടയില്‍ തിരുകിവെച്ചത് കണ്ടെടുക്കാറുണ്ടെന്ന് ജോര്‍ജിന്റെ മകള്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ജോര്‍ജിന്റെ പിള്ളേര്‍ക്ക് നൊബേല്‍ പ്രൈസ് പുല്ലാണെങ്കില്‍ ഈ പ്രശസ്തരൊക്കെ ജോര്‍ജിനും വെറും പിള്ളേര്‍മാത്രമാണ്.

ഒരിക്കല്‍ വിഖ്യാത ഹോളിവുഡ് താരം ജോണി ഡെപ്പിനുകിട്ടിയ പണിയെക്കുറിച്ച് എഴുതി ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം. ജോര്‍ജ് വിറ്റ്മാനെക്കുറിച്ച് കേട്ടറിഞ്ഞ് ജോണി ഡെപ്പ് (ഇപ്പോള്‍ വിവാഹമോചനത്തില്‍, ഭാര്യ ആമ്പറിനെ മാനനഷ്ടത്തിനു കോടതികയറ്റി അമ്പതുമില്യണ്‍ ഡോളര്‍ ഭാര്യയുടെ കൈയില്‍നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുത്ത വിദ്വാന്‍) കടയിലെത്തി. 'പൈറേറ്റ്സ് ഓഫ് കരീബിയന്‍സ്' ഒക്കെ അഭിനയിച്ച്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും മൂന്നുതവണ ഓസ്‌കര്‍ ഫൈനല്‍ ലിസ്റ്റില്‍ സ്ഥാനവുമൊക്കെയായി കത്തിനില്‍ക്കുകയാണ് ജോണി ഡെപ്പ്. തൊണ്ണൂറുകളിലേക്ക് കയറിയ ജോര്‍ജിനെ കാണാന്‍ കടയുടെ മുകളിലുള്ള കുടുസ്സുമുറിയിലെത്തി ജോണി ഡെപ്പ്. ഏതോ എഴുത്താളന്‍ പയ്യന്‍ കിടക്കാന്‍ ഇടംതേടിവന്നതാണെന്ന് വിചാരിച്ച് ജോര്‍ജ് മൂലയില്‍ നിലത്തുവിരിച്ച കിടക്ക ചൂണ്ടി പറഞ്ഞു, വേറെ സ്ഥലമില്ല. ഇവിടെ കിടന്നോളണം. താന്‍ ജോണി ഡെപ്പാണെന്ന് പറഞ്ഞതും കൈയിലിരുന്ന ബുക്കെടുത്ത് കാരണവര്‍ എറിഞ്ഞതും മിന്നല്‍പോലെ കഴിഞ്ഞു. പാഞ്ഞുപോകുന്ന ജോണി ഡെപ്പിനെയും എഴുതലമുറയിലുള്ള ജോണി ഡെപ്പിന്റെ കാരണവന്മാരെയും നാലാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് തെറിവിളിക്കുന്ന ജോര്‍ജിനെയുമാണ് പിന്നെക്കണ്ടത്. ''എന്തുപണിയാണ് കാണിച്ചതച്ഛാ'' എന്ന് മകള്‍ ചോദിച്ചപ്പോള്‍ ജോര്‍ജ് പറഞ്ഞതാവട്ടെ, ''അവന്‍ ആരാണ് എന്നെനിക്കറിയില്ല. ആരുമാവട്ടെ. ഒരു കിടക്കകിട്ടാത്ത എത്രയോപേരുണ്ട് ഈ ലോകത്ത്, കിടന്നോളാന്‍ പറഞ്ഞാല്‍ കിടന്നോളണം''. മുറിവാതില്‍ വലിച്ചടച്ച് ജോര്‍ജ് ചവിട്ടിത്തുള്ളി അകത്തേക്കുപോയി. സിനിമയും ടെലിവിഷനും കാണാത്ത, എന്തിന് ടെലിഫോണ്‍പോലും ഉപയോഗിക്കാത്ത, പുസ്തകങ്ങളല്ലാതെ വേറൊരുലോകമില്ലാത്ത ജോര്‍ജിന് എന്ത് ഓസ്‌കര്‍ജേതാവ്, എന്ത് നൊബേല്‍ പ്രൈസ്. സാര്‍ത്ര് ആയാലും ജോണി ഡെപ്പ് ആയാലും ജോര്‍ജിന്റെ കടയില്‍വന്നാല്‍ വെറുംപിള്ളേരാണ്.


Content Highlights: Anand Neelakantan, George witman, Johnny Depp

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Karassery

13 min

മലയാളി മൗനത്തിന്റെ മൂല്യം പഠിച്ചിട്ടുണ്ടെങ്കിൽ അത് എം.ടിയിൽ നിന്നാണ് - എം.എന്‍. കാരശ്ശേരി

Aug 7, 2023


Graciliano Ramos

3 min

മനുഷ്യന്റെ ആന്തരികജീവിതത്തിലെ നരകങ്ങളെ റാമോസ് വരച്ചിടുന്നു, ദസ്തയേവ്സ്‌കിയെപ്പോലെ...

Aug 3, 2023


M Mukundan

3 min

'എന്റെ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമല്ല, വിവാഹ സര്‍ട്ടിഫിക്കറ്റുപോലും ഫ്രഞ്ച് ഭാഷയിലാണ്'

Apr 23, 2023


Most Commented