ലോകത്തിന്റെ സൗന്ദര്യവും ഭീകരതയും ആസ്വദിക്കാനുള്ള എന്റെ കൊച്ചുമൂല ഞാനിന്ന് സ്വന്തമാക്കി


ആനന്ദ് നീലകണ്ഠന്‍

പോകുന്നവഴിക്കാണ് ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി എന്ന പകുതി പൊട്ടിപ്പൊളിഞ്ഞ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. നോത്രദാം അവിടെ നില്‍ക്കട്ടെ, എഴുത്തുകാരെ സംബന്ധിച്ച് ഈയൊരു പുസ്തകക്കടയാണ് മക്കയും വത്തിക്കാനും തിരുപ്പതിയും ശബരിമലയുമെല്ലാം.

പാരീസിലെ ഷേക്‌സ്പിയർ ആൻഡ് കമ്പനി പുസ്തകശാല | ഫോട്ടോ: ഗെറ്റി ഇമേജസ്

വെറുമൊരു പുസ്തകശാലയല്ല പാരീസിലെ ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി. ജോര്‍ജ് വിറ്റ്മാന്‍ എന്ന അരക്കിറുക്കന്റെ കിറുക്കിന്റെയും പുസ്തകഭ്രാന്തിന്റെയും സൃഷ്ടികൂടിയാണത്. ഏണസ്റ്റ് ഹെമിങ്‌വേയുടെയും സ്‌കോട്ട് ഫ്രിറ്റ്‌സ് ജെറാള്‍ഡിന്റെയും എസ്രാപൗണ്ടിന്റെയും ജെയിംസ് ജോയ്‌സിന്റെയും പ്രിയപ്പെട്ട പുസ്തകശാലയുടെ കഥ...

പാരീസ് ബുക്ക്‌ഫെയറിലെ പ്രസംഗം കഴിഞ്ഞ വഴിയേ ഒരു ഉബര്‍ വാടകയ്‌ക്കെടുത്ത് ചരിത്രപ്രശസ്തമായ നോത്രദാം പള്ളിയിലേക്ക് വെച്ചുപിടിച്ചു. നമ്മുടെ നാടുപോലെ കൃത്യം ആറരയായാല്‍ ഇരുട്ടുകയൊന്നുമില്ല. പത്തുമണിവരെ പാരീസില്‍ പകല്‍വെളിച്ചംകാണും.

പോകുന്നവഴിക്കാണ് ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി എന്ന പകുതി പൊട്ടിപ്പൊളിഞ്ഞ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. നോത്രദാം അവിടെ നില്‍ക്കട്ടെ, എഴുത്തുകാരെ സംബന്ധിച്ച് ഈയൊരു പുസ്തകക്കടയാണ് മക്കയും വത്തിക്കാനും തിരുപ്പതിയും ശബരിമലയുമെല്ലാം.

ഫ്രഞ്ചുകാരനായ ഡ്രൈവറോട് വണ്ടിനിര്‍ത്താന്‍ പറഞ്ഞിട്ട് അയാള്‍ക്ക് മനസ്സിലാവുന്നുമില്ല. അവസാനം നോത്രദാം പള്ളിമുറ്റത്ത് ഇറക്കിവിട്ട് അയാള്‍ പോയി. പകുതി കത്തിപ്പോയ ഈ പുരാതനദേവാലയം മാടിവിളിക്കുന്നു.

വിക്ടര്‍ ഹ്യൂഗോയുടെ ക്വാസിമോഡയും പുരാതന റോമന്‍ കാലഘട്ടപട്ടണത്തിനുമുകളില്‍ പണിതുയര്‍ത്തിയ ലോകാദ്ഭുതം. പക്ഷേ, മനസ്സുപറഞ്ഞത് ഒരു ചെറിയ പുസ്തകക്കട അന്വേഷിച്ചുപോകാനാണ്. ഗൂഗിള്‍ മാപ്പില്‍ വലിയ ദൂരം കാണിക്കുന്നില്ല. കട നോക്കിനടന്നു.

Also Read

എഴുത്ത് രസം പിടിച്ച പണി - ആനന്ദ് നീലകണ്ഠൻ

അസുര എന്ന പുസ്തകം പുറത്തെത്തിയതോടെ ജീവിതം ...

ഈഫൽ പറഞ്ഞു 'നാളെ പിരമിഡുകളും താജ്മഹലും ...

'ഇംഗ്ലീഷിൽ പ്രസംഗിക്കാം, ഫ്രഞ്ചുകാരൻ അത് ...

സീന്‍ നദിയുടെ ഇരുവശവും ധാരാളം പെട്ടിക്കടകളുണ്ട്. പഴയ പുസ്തകം വില്‍ക്കുന്ന കറുത്തവര്‍ഗക്കാരാണ് കൂടുതല്‍. മിക്കതും ഫ്രഞ്ച് പുസ്തകങ്ങള്‍. ജ്യൂള്‍ഡ് വേണിന്റെ എണ്‍പതു ദിവസത്തില്‍ ലോകംചുറ്റല്‍ എന്ന ക്ലാസിക്കിന്റെ തുകല്‍ചട്ടയുള്ള ഒരു പതിപ്പുകണ്ടു. അടുക്കാന്‍ പറ്റാത്ത വില. മിക്കതും ഡ്യൂപ്ലിക്കേറ്റാണെന്ന് എംബസിയിലെ ജീവനക്കാരന്‍ മുന്നറിയിപ്പുതന്നിരുന്നു. പിന്നെ പോക്കറ്റടിയും പേടിക്കണം. ഒഴിഞ്ഞ തെരുവുകളില്‍ രാത്രികാലത്തിലെ സായുധകൊള്ളയുംമറ്റും പതിവാണ്. ഏതൊരു പാതിരാത്രിക്കും എത്ര ആഭരണങ്ങളണിഞ്ഞും ഏതൊരു സ്ത്രീക്കും ധൈര്യമായി നടക്കാനാവുന്ന പരമദരിദ്രര്‍ വസിക്കുന്ന വിരൂപയായ മുംബൈ നഗരത്തെ ഓര്‍ത്തുപോയി ഞാനപ്പോള്‍. പാരീസ് വഞ്ചകിയായ, സുന്ദരിയായ കാമുകിയെങ്കില്‍ മുംബൈ വൃദ്ധയായ, സ്‌നേഹമയിയായ അമ്മയാണ്. ഗൃഹാതുരത തോന്നിയ നിമിഷങ്ങള്‍. നടന്നെത്തിയത് ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി എന്ന കൊച്ചുപുസ്തകക്കടയില്‍. തെരുവില്‍ നീണ്ടനിര അകത്തുകയറാന്‍ കാത്തുനില്‍ക്കുന്നു. മുംബൈയില്‍, ഉഡുപ്പി ഹോട്ടലുകള്‍ക്കുമുമ്പില്‍ ഇങ്ങനെ കാത്തുനില്‍ക്കുന്നവരെ കാണാമെങ്കിലും ഒരു പുസ്തകക്കടയ്ക്കുമുമ്പില്‍ ഇത്രയും ആളുകളെ കാണുന്നത് ആദ്യമായാണ്.

പുസ്തകശാലകളെ ആമസോണ്‍ എന്ന പെരുമ്പാമ്പ് എന്നേ വിഴുങ്ങിക്കഴിഞ്ഞു. എല്ലാ മാസവും നല്ലൊരു തുക നല്‍കി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുമെങ്കിലും എന്നാണ് ഞാന്‍, എന്റെ സ്വന്തം പുസ്തകത്തില്‍ ഒപ്പിടാന്‍ അല്ലാതെ, ഒരു പുസ്തകം കടയില്‍നിന്ന് വാങ്ങിയത്? നാലു കൊല്ലമെങ്കിലും ആയിക്കാണും. പകുതി വിലയ്ക്ക് ഓണ്‍ലൈനില്‍ പുസ്തകം ലഭിക്കുമ്പോള്‍, അതു വീട്ടില്‍ കൊണ്ടുത്തരുമ്പോള്‍, പുസ്തകക്കടകളില്‍ പോയി ആരു ക്യൂ നില്‍ക്കും. എന്നാല്‍, ഇവിടെ തിരക്കുണ്ട്, കാരണം ഇതു വെറുമൊരു ബുക്ക്‌ഷോപ്പ് അല്ല. ഇതിനൊരു കഥയുണ്ട്. അല്ല, ഇതിഹാസം തന്നെയുണ്ട്.

1919ല്‍ സില്‍വിയ ബീച്ച് എന്ന അമേരിക്കന്‍ വനിത, ആയിരത്തിഎഴുനൂറുകളില്‍ പണിത ഒരു കന്യാസ്ത്രീമഠത്തിന്റെ ഒരു മുറി വാങ്ങി ഒരു ചെറിയ സ്റ്റോര്‍ തുടങ്ങി.

സില്‍വിയ ബീച്ച് ബുക്ക് സ്റ്റോര്‍ എന്ന പേരില്‍, ഫ്രഞ്ച് മണ്ണില്‍, ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ വില്‍ക്കാനായി. തുടങ്ങുമ്പോള്‍ ഇതൊരു കടന്നപരീക്ഷണം തന്നെയായിരുന്നു. എന്നാല്‍, പാരീസ് സന്ദര്‍ശിക്കുന്ന പല സാഹിത്യകാരന്മാരുടെയും താവളമായി ഈ ബുക്ക് സ്റ്റോര്‍. ഏണസ്റ്റ് ഹെമിങ് വേ, സ്‌കോട്ട് ഫിറ്റ് ജെറാള്‍ഡ്, എസ്രാപൗണ്ട്, ജെയിംസ് ജോയ്‌സ് തുടങ്ങിയവരുടെ പ്രിയപ്പെട്ട പുസ്തകക്കടയായി ഇത് ലോകത്തില്‍ അറിയപ്പെട്ടു. ജയിംസ് ജോയ്‌സിന്റെ യുളീസിസ് എന്ന പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് ബീച്ച് ആണ്. അമേരിക്കയിലും ഇംഗ്‌ളണ്ടിലും അശ്‌ളീലമെന്ന് ആക്ഷേപിച്ച് ഈ ക്ലാസിക് നിരോധിച്ചപ്പോള്‍ പാരീസില്‍നിന്നാണ് യുളീസിസ് ലോകം മുഴുവന്‍ എത്തിയത്. എന്നാല്‍, 1941ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുകയും ഫ്രാന്‍സ് പെറ്റെ എന്ന ഭാഷാഭ്രാന്തന്റെ ഭരണത്തിനു കീഴില്‍ ആവുകയും ചെയ്തതോടെ കടപൂട്ടി സില്‍വിയ മദാമ്മ അമേരിക്കയ്ക്ക് കെട്ടുകെട്ടി.

യുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍നിന്ന് ഒരു അരക്കിറുക്കന്‍ പയ്യന്‍ പാരീസിലെത്തി. ജോര്‍ജ് വിറ്റ്മാന്‍ എന്ന പേരുള്ള ഇയാള്‍ ആദ്യകാലങ്ങളില്‍ പ്രശസ്ത അമേരിക്കന്‍ കവിയായ വാള്‍ട്ട് വിറ്റ്മാന്റെ അനന്തരവനാണ് എന്നും മറ്റും തരംപോല തട്ടിവിട്ടു. പ്രത്യേകിച്ച് എന്തെങ്കിലും കാര്യത്തിനൊന്നുമല്ല, വെറുതേ ഒരു തമാശ.

പുസ്തകങ്ങളെ അഗാധമായി പ്രേമിച്ചിരുന്ന ജോര്‍ജ് ജനിച്ചത് 1913ല്‍ ആണ്. മാസച്ചുസെറ്റ്‌സിലെ സലേം നഗരത്തില്‍നിന്ന് ഒരു ഭാണ്ഡക്കെട്ടുമായി ലോകം ചുറ്റാന്‍ ഇറങ്ങുമ്പോള്‍ ഇരുപത്തിരണ്ടു വയസ്സായിരുന്നു. നാലു വര്‍ഷംകൊണ്ട് അമേരിക്കയിലൂടെ തെക്കുവടക്ക് കാല്‍നടയാത്ര. ഏകദേശം മൂവായിരം മൈല്‍ നടന്നുതീര്‍ത്തപ്പോള്‍ പോയി പട്ടാളത്തില്‍ ചേര്‍ന്നു. കോളേജില്‍ പഠിച്ചത് വൈദ്യശാസ്ത്രമായിരുന്നതുകൊണ്ട്, അമേരിക്കന്‍ സേനയില്‍ മെഡിക്കായി കുറച്ചുകാലം. 1946ല്‍ പാരീസില്‍ എത്തിയപ്പോള്‍ സൈനികജീവിതം മതിയാക്കി അവിടെ കൂടാം എന്നുറപ്പിച്ചു ജോര്‍ജ്. ഒരു തല്ലിപ്പൊളി ലോഡ്ജ് കണ്ടുപിടിച്ച് കിട്ടിയ പെന്‍ഷന്‍ മുഴുവന്‍ പുസ്തകങ്ങള്‍വാങ്ങി മുറിയില്‍ നിറച്ച് അതിനുമുകളില്‍ കിടന്നുറങ്ങി. ഒരുതരം അവധൂതജീവിതം. തരംകിട്ടിയാല്‍ മോഷണവും പതിവുണ്ട്. പുസ്തകംമാത്രമേ മോഷ്ടിക്കൂ. പത്ത് ചതുരശ്രയടിയുള്ള മുറിയില്‍ ഉത്തരം മുട്ടുന്നതുവരെ ബുക്കുകള്‍ കുന്നുകൂടി. ആരോ ഉപേക്ഷിച്ചുപോയ ഒരു കൈ ഒടിഞ്ഞ കസേരമാത്രമാണ് സമ്പാദ്യം. കുളിക്കാന്‍ പൊതുകുളിമുറി. മെല്ലെമെല്ലെ പുസ്തകം മറിച്ചുവില്‍ക്കുന്ന ഒരു ചെറിയ സ്ഥാപനം ഈ മുറിയില്‍നിന്നുതന്നെ ഉദയംകൊണ്ടു. വായില്‍ തോന്നുന്നതാണ് ജോര്‍ജിന്റെ വില. ഇംഗ്ലീഷ് പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമുള്ള കാലത്ത്, ആ വിലകൊടുത്തുവാങ്ങാന്‍ പാരീസില്‍ ആളുകളുണ്ടായിരുന്നു. നാലുവര്‍ഷത്തെ കടുത്ത ഭാഷാഭ്രാന്ത് സമ്മാനിച്ച പെറ്റെഭരണത്തോട് അക്കാലത്തെ പാരീസ് യുവത്വം പ്രതിഷേധിച്ചത് അങ്ങനെയാണ്. ഇതിനിടെ ജോര്‍ജ് ഇംഗ്ലീഷ് ട്യൂഷനും തുടങ്ങി. അങ്ങനെ കുറച്ച് കാശുതട്ടിക്കൂട്ടിയപ്പോഴാണ് അടഞ്ഞുകിടക്കുന്ന സില്‍വിയ ബീച്ചിന്റെ പുസ്തകക്കട കണ്ടത്. ഒരു അള്‍ജീരിയക്കാരന്‍ അതിന്റെ മുറ്റത്ത് പലചരക്കുകട നടത്തുകയായിരുന്നു അപ്പോള്‍. ഹെമിങ്‌വേയെയും ജയിംസ് ജോയ്‌സിനെയും കൊതിപ്പിച്ച ഈ കടയുടെ അവസ്ഥകണ്ട് ജോര്‍ജിന് വിഷമമായി. എല്ലാം വിറ്റ്, വീട്ടില്‍നിന്ന് കുറച്ച് കടവുംവാങ്ങി ഈ കട ജോര്‍ജ് സ്വന്തമാക്കി.

'ലോകത്തിന്റെ സൗന്ദര്യവും ഭീകരതയും ആസ്വദിക്കാനുള്ള എന്റെ കൊച്ചുമൂല ഞാനിന്ന് സ്വന്തമാക്കി. ഇവിടെ ഞാന്‍ വെറുതേയിരിക്കും, ലോകം പായുന്നതുംനോക്കി' തന്റെ അച്ഛനും അമ്മയ്ക്കും എഴുതിയ കത്തില്‍ ജോര്‍ജ് ഇങ്ങനെ കുറിച്ചു. ലെ മിസ്ത്രാള്‍ എന്നാണ് ആദ്യം കടയ്ക്ക് പേരിട്ടത്. ചോദിക്കുന്നവരോടും ചിലപ്പോള്‍ ജോര്‍ജ് പറയും, 'അതെന്നെ ആദ്യം ചുംബിച്ചവളുടെ പേരാണ്' എന്ന്. ചിലപ്പോള്‍ അത് ജോര്‍ജിനിഷ്ടപ്പെട്ട, മറ്റാര്‍ക്കും അറിയാത്ത ഏതോ ചിലിയന്‍ കവയിത്രിയുടെ പേരാവും. തരംപോലെ, അതു ഫ്രഞ്ചുകാറ്റിന്റെ പേരുമാവും. കഥകള്‍ മെനഞ്ഞുണ്ടാക്കുന്നതായിരുന്നു. ജോര്‍ജ് സായിപ്പിന്റെ നേരംപോക്ക്. 1964ല്‍, ഷേക്‌സ്പിയറിന്റെ നാന്നൂറാം ജന്മദിനത്തില്‍ ജോര്‍ജിന് തോന്നി, പേര് മാറ്റിക്കളയാമെന്ന്. അങ്ങനെ ഒരുപാട്ട പെയിന്റും വാങ്ങി ജോര്‍ജുതന്നെ പേരിട്ടു, 'ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി' എന്ന്.

ജോർജ് വിറ്റ്മാൻ

അന്ന് പാരീസിന്റെ ഈ ഭാഗം ചേരികളാണ്; കെട്ടിടങ്ങള്‍ ഇടിഞ്ഞുതൂങ്ങി നില്‍ക്കുന്നവയും. ഇങ്ങനെയൊരു സ്ഥലത്ത് ഇംഗ്‌ളീഷ് ബുക്കുകള്‍ വില്‍ക്കുന്ന അരക്കിറുക്കന്‍ സായിപ്പിന്റെ കഥ ചില പത്രങ്ങള്‍ ഏറ്റുപിടിച്ചു. ഹിപ്പി യുഗത്തിന്റെ ആരംഭമായിരുന്നു ആ കാലം. ഹിപ്പികളുടെ തലതൊട്ടപ്പനായി ജോര്‍ജ്. ലോകം ചുറ്റും വാലിബന്‍മാര്‍ കറങ്ങിത്തിരിഞ്ഞ് കൈയിലെ കാശുതീരുമ്പോള്‍ ഈ കടയുടെ മുന്നിലെത്തും. ആര്‍ക്കും കടയില്‍ കയറിക്കിടക്കാം. മൂട്ടകടി കിട്ടുന്ന മെത്തയും ചാക്കുംമറ്റുമുണ്ട്. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. വരുന്നയാള്‍ സാഹിത്യകാരനാവണം. പുസ്തകം എഴുതിത്തുടങ്ങുന്ന, അല്ലെങ്കില്‍ എന്നെങ്കിലും എഴുതാന്‍ ആഗ്രഹമുള്ള എല്ലാവരും ജോര്‍ജിന് എഴുത്തുകാരാണ്, കവികളാണ്. അതില്‍ നൊബേല്‍ ജേതാവെന്നോ സ്‌കൂള്‍ മാഗസിനില്‍ കവിതകുറിച്ചവനെന്നോ ഒരു വ്യത്യാസവുമില്ല. കവിയാണെങ്കില്‍ മഹാകവി എന്ന ലൈന്‍. പക്ഷേ, ഏതു കൊലകൊമ്പനായാലും പണിയെടുക്കണം. കടയില്‍ പുസ്തകങ്ങള്‍ പൊടിതട്ടിവെക്കണം, അടുക്കിവെക്കണം. പിന്നെ ജോര്‍ജിന്റെ ഉള്‍വിളിപോലെ വീണ്ടും അടുക്കിവെക്കണം. ചിലപ്പോള്‍ കൗണ്ടറില്‍ ഇരുത്തും. എഴുത്തുകാര്‍ ചിലര്‍ കാശുമായി മുങ്ങും; പലരും ബുക്കുകളുമായും. ജോര്‍ജ് എന്ന അവധൂതന് അതൊന്നും ഒരു പ്രശ്‌നവുമല്ല. ജീവിതം സുന്ദരമാണ്. അത് ആളുകളെ സംശയിച്ചുകഴിക്കാനുള്ളതല്ല എന്ന് ജോര്‍ജ് കൂടെക്കൂടെ പറയും. രാത്രികളില്‍ ജോര്‍ജ് തെണ്ടാനിറങ്ങും. ഹോട്ടലുകളുടെ അടുക്കളവാതിലില്‍ മുട്ടും. ബാക്കി വല്ലതുമുണ്ടെങ്കില്‍ തരണം, പിള്ളേര്‍ക്ക് വിശക്കുമെന്ന് പറയും. പിന്നെ പച്ചക്കറിച്ചന്തയില്‍നിന്ന് നിലത്തുവീണ കാബേജും കാരറ്റും എല്ലാം ചുമന്നുകൊണ്ടുവരും. എന്നിട്ട് അത് പാകംചെയ്ത് എഴുത്തുകാര്‍ പിള്ളേര്‍ക്ക് വെറുതേ കൊടുക്കും. കമ്യൂണിസ്റ്റുകാരന്‍ എന്നാണ് ജോര്‍ജ് സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, താനല്ലാതെ വേറൊരു കമ്യൂണിസ്റ്റുകാരനുമില്ല എന്നുപറഞ്ഞ് സകലരെയും ചീത്തയും വിളിക്കും. അങ്ങനെ അമ്പതാണ്ട് ജോര്‍ജ് പൂണ്ടുവിളയാടിയ ഇടമാണ് ഈ കട. ജോര്‍ജിന്റെ കഥ തുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ കടയിലേക്കുകയറാന്‍ പോവുകയാണ്. ആഗി എന്ന ആസ്ഥാനപൂച്ച എന്ന തുറിച്ചുനോക്കുന്നുണ്ട്. ഈ കടയ്ക്കുപറയാന്‍ എത്രയെത്ര കഥകള്‍.

Content Highlights: anand neelakandan memories in paris shakespeare and company

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented