ആനന്ദ് നീലകണ്ഠൻ
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആനന്ദ് നീലകണ്ഠന് എഴുതുന്ന പംക്തി 'പാരീസ് പാരീസ്' വായിക്കാം.
നടക്കുമ്പോള്‍ ഓര്‍ത്തത് ഈ അക്കാദമി ഫ്രന്‍സിസ് പുറത്താക്കിയ ചില അംഗങ്ങളെക്കുറിച്ചാണ്. അതിലെ ഒരു പേര് നമ്മള് ഓര്‍ക്കേണ്ടതുണ്ട്. ഇതു വായിച്ചുകഴിയുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഞാന്‍ എന്തുകൊണ്ടാണ് നമ്മള് പഠിക്കേണ്ടതും പഠിക്കാന്‍ പാടില്ലാത്തതുമായ പാഠങ്ങള്‍ ഉണ്ട് എന്നു പറഞ്ഞത്. പേര്ഡണ് സിംഹം എന്ന അപരനാമമുള്ള യുദ്ധവീരന് ഫിലിപ്പ് പെറ്റെ എന്നയാളുടെ കഥ മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. രണ്ട് ലോകയുദ്ധങ്ങള്‍, സ്റ്റാലിന്റെ കമ്യൂണിസ്റ്റ് കിരാതഭരണം, ഹിറ്റ്ലര്‍, മുസോളിനി, തുടങ്ങിയവരുടെ ഫാസിസ്റ്റ് ഭരണം, പിന്നീട് ചൈനയിലെ മാവോ വസന്തം, ഇന്ത്യയുടെ വിഭജനം തുടങ്ങി മനുഷ്യനെ കൂട്ടക്കൊല ചെയ്ത പല സംഭവങ്ങളും കഴിഞ്ഞ നൂറ്റാണ്ട് കണ്ടു. അതില്‍ അധികമാരും പറഞ്ഞുകേള്‍ക്കാത്ത പേരാണ് 1940മുതല്‍ 1944 വരെ ഫ്രാന്‍സിന്റെ ഏകാധിപതിയായി വാണ ഹെന്റി ഫിലിപ്പ് പെറ്റോ എന്നയാളുടെ പേര്. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ പെറ്റോയ്ക്ക് അമ്പെത്തെട്ടു വയസ്സാണ്. അതുവരെ ഒരു യുദ്ധവും ചെയ്തിട്ടില്ലാത്ത മാര്‍ഷല്‍ ഫിലിപ്പ് പെറ്റോ, വെറും രണ്ടുമാസംകൊണ്ടാണ് ജര്‍മന്‍സേനയെ തുരത്തി ഫ്രഞ്ചുകാരുടെ വീരപുരുഷനായത്. കടുത്ത കത്തോലിക്കാ വിശ്വാസി, ഭാഷാഭ്രാന്തന്, മതഭ്രാന്തന്, കടുത്ത ഇംഗ്ളീഷ് വിരോധി, ജനാധിപത്യവിരോധി തുടങ്ങി പല പ്രത്യേകതകളും ഇദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് ഫ്രാന്‍സിന്റെ ഭരണാധികാരിയും നായകപുരുഷനുമായ ചാള്‍സ് ഡി ഗ്യൂ, പെറ്റെയുടെ ശിഷ്യനായിരുന്നു. പിന്നെ ഒരുകാലത്ത് ശത്രുവും. 1935-ല്‍ത്തന്നെ ഇദ്ദേഹത്തിന് അക്കാദമിയില്‍ അംഗത്വം ലഭിച്ചു.
1940-ല്‍, ഒരു വോട്ടിങ് അട്ടിമറിയിലൂടെ പെറ്റോ അധികാരത്തിലെത്തി. പാരീസിനു പകരം വിച്ചി എന്ന ഉല്ലാസനഗരം തലസ്ഥാനമാക്കി നാലുവര്‍ഷത്തെ കിരാതവാഴ്ചയ്ക്ക് തുടക്കംകുറിക്കുമ്പോള്‍, പെറ്റോയ്ക്ക് വയസ്സ് എണ്‍പതാണ്. നൂറുവര്‍ഷത്തോളം നീണ്ടുനിന്ന മൂന്നാം ഫ്രഞ്ച് റിപ്പബ്ളിക്കിനെ എല്ലാ തിന്മകള്ക്കും കാരണം എന്ന് അടച്ചാക്ഷേപിച്ചാണ് അധികാരം പിടിച്ചെടുത്തത്. ജര്‍മനിയുടെ പാവസര്ക്കാരായി നാലുവര്‍ഷം ഭരണം നടത്തുമ്പോള്‍ നാസികളുമായി ന്യൂനപക്ഷ, ജൂതവേട്ടയില്‍ മത്സരമായിരുന്നു മുഖ്യ വിനോദം. ജര്‍മനി പിടിച്ചെടുത്ത ഇരുപതു ലക്ഷം ഫ്രഞ്ച് പട്ടാളക്കാരുടെ ജീവന് രക്ഷിക്കാന്‍വേണ്ടി അങ്ങനെയൊക്കെ ചെയ്തു എന്നായിരുന്നു ന്യായീകരണം. എഴുപത്തിരണ്ടായിരം ജൂതരെ കൊന്നുതള്ളി. പുരാതന ഫ്രാന്‍സിന്റെ മഹിമയെക്കുറിച്ച്, സാങ്കല്പിക നേട്ടങ്ങളെക്കുറിച്ച് എല്ലാം റേഡിയോയില്വന്ന് എല്ലാ ആഴ്ചയും മനസ്സ് തുറന്നു വികാരത്തള്ളിച്ചയോടെ പ്രസംഗിക്കും. ജനാധിപത്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ലിബറല്‍ ചിന്താഗതി ഫ്രാന്‍സിനെ നശിപ്പിച്ചു... തുടങ്ങിയ മുദ്രാവാക്യങ്ങള്‍. കമ്യൂണിസ്റ്റുകാരെ വേട്ടയാടി. മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ ഫ്രഞ്ച് കോളനികളില്‍ വര്ണവിദ്വേഷത്തില് അധിഷ്ഠിതമായ അടിച്ചമര്‍ത്തല്‍ നടത്തി. ഫ്രഞ്ച് അല്ലാത്ത ഭാഷകള്‍ പറയുന്നത് ശിക്ഷാര്‍ഹമാക്കി. ഗാലോ റോമന്‍ പാരമ്പര്യത്തില്‍ ഊറ്റംകൊണ്ട്, ഡീപ് ഫ്രാന്‍സ് എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് വംശശുദ്ധിയുടെ കാഹളംമുഴക്കി. പള്ളികള്‍ പണിതുകൂട്ടി. ഫ്രഞ്ച് വിപ്ളവത്തിന്റെ പ്രതിരൂപമായ മറിയാന എന്ന സമത്വത്തിന്റെ ശില്പങ്ങള് എടുത്തുമാറ്റി പുരാതന ഫ്രഞ്ച് വീരനായിക ജോന് ഓഫ് ആര്‍ക്കിനെ പ്രതിഷ്ഠിച്ചു. പാതിരിവര്‍ഗം, സ്ത്രീകള്‍ വീട്ടമ്മമാരായി ഇരിക്കേണ്ടതിന്റെ പ്രാധാന്യം പ്രസംഗിച്ചുനടന്നു. എതിര്‍ക്കുന്നവരെ തല്ലിക്കൊല്ലാന്‍ വംശ, ദേശ, ഭാഷാ, മത ഭ്രാന്തന്മാര് മത്സരിച്ചു. അവസാനം സഖ്യശക്തികള്‍ ഫ്രാന്‍സ് തിരിച്ചുപിടിച്ചപ്പോള്‍, സ്ഥാനഭ്രംശനായി. അപ്പോഴാണ് അക്കാദമിക്ക് തോന്നിയത്, ഇങ്ങേരെ വെച്ചുകൊണ്ടിരുന്നുകൂടാ. പെറ്റോയുടെ കൂടെ ചൂട്ടുപിടിച്ച മൂന്ന് അനശ്വര അംഗങ്ങളെയും പുറത്താക്കി അക്കാദമി കൈകഴുകി. വധശിക്ഷവിധിച്ച കോടതിവിധി പഴയ ശിഷ്യന് ചാള്‍സ് ഡി ഗ്യൂ ജീവപര്യന്തമാക്കിക്കൊടുത്തു. പതിനൊന്നുവര്‍ഷത്തെ ഏകാന്ത തടവിനുശേഷം 95-ാം വയസ്സില്‍ അധികമാരും ചര്‍ച്ചചെയ്യാത്ത ഈ ഏകാധിപതി അന്തരിച്ചു.
.jpg?$p=97caf3c&w=610&q=0.8)
ഫ്രഞ്ചുകാരുടെ ഉന്നത സംസ്കാരം കണ്ട് കണ്ണ് മഞ്ഞളിക്കുമ്പോള്‍ ഇങ്ങനെയും ചിലതൊക്കെ പറയണം. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കാലദേശമെന്യേ അതിന് സാമ്യംതോന്നുന്നത്, വര്‍ത്തമാനകാലത്തില്‍ അത് കൈയെത്തി തൊടുന്നത് എന്നെ അസ്വസ്ഥനാക്കി. മനസ്സിന്റെ വര്‍ത്തമാനം എനിക്കും പറയണം. അധികാരികള്‍ക്കു മാത്രമല്ലല്ലോ മനസ്സുള്ളത്.
രാജഭരണം നോറ്റിരിക്കുന്ന യാഥാസ്ഥിതികരും ചരിത്രത്തിന് ചൂട്ടുപിടിക്കുന്ന പുരോഹിതവര്‍ഗവും ഫ്രാന്‍സിന് മാത്രമല്ലല്ലോ സ്വന്തമായുള്ളത്. സ്റ്റാലിന് കൊന്നുതള്ളിയതും മാവോ ചുട്ടുതള്ളിയതും ഹിറ്റ്ലര്‍ പുകച്ചുതള്ളിയതും മതങ്ങള്‍ ചവച്ചുതള്ളിയതും ആയ എത്രയെത്രകോടി മനുഷ്യജീവനുകള്‍. പ്രത്യയശാസ്ത്രങ്ങള്‍ക്കും മതപുസ്തകങ്ങള്‍ക്കും പുറംചട്ടകളില്‍ മാത്രമാണ് മാറ്റമുള്ളത്.
പെറ്റോ ഊരിവിട്ട ഭൂതം ഇന്നും ഫ്രാന്‍സില്‍ കറങ്ങുന്നുണ്ട്. ഫ്രഞ്ച് അല്ലാതെ ഒരു ഭാഷയ്ക്കും ഔദ്യോഗികാംഗീകാരം ഇപ്പോഴുമില്ല. ബ്രട്ടണ്‍ എന്ന ന്യൂനപക്ഷഭാഷ ഏകദേശം അപ്രത്യക്ഷമായി. മരിച്ച, അല്ല ഫ്രഞ്ച് കഴുത്തുഞെരിച്ചുകൊന്ന അനേകം ഭാഷകള്‍, സംസ്കാരങ്ങള്‍ എന്നിവയ്ക്കുമുകളില്‍ സൗന്ദര്യബിംബങ്ങള്‍ ഉയര്‍ത്തി ഫ്രാന്‍സ്, മൂന്നാംലോക ശിശുക്കളായ 21,000-ത്തിലധികം ഭാഷകളും ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളുമുള്ള പാവപ്പെട്ട ഇന്ത്യക്കാരെ അപകര്‍ഷ ബോധമുള്ളവരാക്കുന്നു. 1964-ല്‍ ഒന്നര മിനിറ്റ് ബ്രട്ടണ്‍ ഭാഷയില്‍ ടെലിവിഷന്‍ സംപ്രേഷണം അനുവദിച്ചത് ഇന്നും ഫ്രഞ്ച് മഹാമനസ്കതയായി വാഴ്ത്തപ്പെടുന്നു. യൂറോപ്യന്‍ യൂണിയന് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് തടഞ്ഞുനിര്‍ത്തിയിരിക്കുന്നതും ഫ്രാന്‍സാണ്. ഏറെ വൈകി ഇന്ത്യന്‍ പവിലിയനില്‍ എത്തുമ്പോള്‍ അവിടെ ഇരുപത്തിരണ്ടുഭാഷകളുടെ 'അ' എന്ന അക്ഷരം വാരിവിതറിയ കൂറ്റന്‍ ബാനറാണ് എന്നെ സ്വാഗതംചെയ്യുന്നത്. പിറകെ ഈഫല്‍ ഗോപുരം സന്ധ്യാസൂര്യന്റെ ചുകപ്പണിഞ്ഞിട്ടുണ്ട്. അതോ കാവിയോ? ഹിന്ദിയില്‍ പ്രസംഗം നടക്കുകയാണ്, ഒരു ഫ്രഞ്ചുകാരി അത് അവരുടെ ഭാഷയില്‍ മൊഴിമാറ്റം ചെയ്യുന്നുണ്ട്. അടുത്തത് എന്റെ ഊഴമാണ്. ഞാന്‍ ഹിന്ദിയിലാണോ പ്രസംഗിക്കുന്നത്, എങ്കില്‍ മൊഴിമാറ്റാന്‍ ആളുണ്ട് എന്നറിയിപ്പുകിട്ടി. മലയാളത്തില്‍ എന്ന് ഞാന്‍ പറഞ്ഞു. ക്ഷമിക്കണം, ഹിന്ദിയില്‍നിന്ന് മാത്രമേ മൊഴിമാറ്റാന്‍ ആളെ വെച്ചിട്ടുള്ളൂ എന്ന് ഉത്തരം. ആയിക്കോട്ടെ, ഞാന്‍ ഇംഗ്ലീഷ് എഴുത്തുകാരനല്ലേ. ഇംഗ്ലീഷില്‍ പ്രസംഗിക്കാം. ഫ്രഞ്ചുകാരന് അത് ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തട്ടെ. എന്റെ ഇംഗ്ലീഷ് എന്റെ കൂടെവന്ന കന്നഡിഗനും തമിഴനും ബംഗാളിക്കും ഗുജറാത്തിക്കും തെലുങ്കനും മനസ്സിലാവുമല്ലോ, പിന്നെ ഹിന്ദിക്കാര്‍ക്കും. എന്നാലും ഫ്രഞ്ചുകാരന് ഹിന്ദിയിലേക്ക് ഇന്ത്യക്കാര്‍ക്കായി തര്‍ജ്ജമ ചെയ്യുന്നതിലെ തമാശയോര്‍ത്തു ചിരിച്ചുകൊണ്ട് ഞാന്‍ വേദിയിലേക്ക് കയറി. ആര്‍ക്കാണാവോ പ്രാന്ത്?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..