അമീർ ഓർ | ഫോട്ടോ: മാതൃഭൂമി
'തികവൊത്ത് കൊലചെയ്യാന്‍
ഒരുകാരണം വേണ്ട,
അവന് പറഞ്ഞു
തികവൊത്ത കൊലയ്ക്ക് തികവൊത്തൊരു ഇര മതി
ഓഷ്വിറ്റ്സിലേതെന്നപോലെ'
-അമീര്‍ ഓര് (ഇസ്രയേല്‍ കവി)
കാലുഷ്യങ്ങള്‍ നടുവിലിരുന്ന് എഴുതാന്‍ നിങ്ങള്‍ നിങ്ങളുടെ സമാധാനത്തെ സൃഷ്ടിക്കണം വയനാടിന്റെ തണുപ്പിലിരുന്ന് പറയുമ്പോഴും എക്കാലത്തും കലുഷിതമായ ഒരു ഭൂമിക ഇസ്രയേല്‍ ആണ് കവി അമീര്‍ ഓറിന്റെ മനസ്സില്‍. 2000 വര്‍ഷങ്ങളുടെ അനുഭവങ്ങളുള്ള ഒരുഭാഷയില്‍, ഹീബ്രുവിലാണ് അമീര്‍ ഓര് എഴുതുന്നത്. കവിയാകുംമുമ്പ് ആട്ടിടയനും സഞ്ചാരിയുമെല്ലാമായി അനേകവര്‍ഷങ്ങള്‍, ഇന്ത്യ, ഇസ്രയേലിന്റെ രാഷ്ട്രീയസാഹചര്യങ്ങള്‍. തന്റെ കവിതയെക്കുറിച്ച് അമീര്‍ ഓര് പറയുന്നു.
അക്ഷരം പഠിക്കുന്നതിന് മുമ്പെ എന്നില്‍ കവിതയുണ്ടായിരുന്നു, അന്ന് പിറുപിറുത്ത് നടന്നതെല്ലാം അമ്മ ഒരു പുസ്തകത്തില്‍ കുറിച്ചിട്ട് പിന്നീടെനിക്ക് സമ്മാനിച്ചു. എന്റെ പറച്ചിലുകളിലെ കവിത്വം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. -അമീര്‍ ഓര് പറഞ്ഞു തുടങ്ങി. ഗ്രീസിലും നെതര്‍ലന്‍ഡ്സിലും ഇന്ത്യയിലുമായുള്ള യാത്രകളിലായിരുന്നു യൗവനം. 28-ാം വയസ്സില്‍ എന്റെ പ്രണയിനി എന്റെ അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയി ഒരു പത്രാധിപര്‍ക്ക് നല്കിയ കവിതയാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. പക്ഷേ ഇതിന്റെ രസമെന്തെന്നുവെച്ചാല് പത്രാധിപര്‍ കവിത പ്രസിദ്ധീകരിക്കാന്‍ ഉറച്ചപ്പോഴേക്കും ഞാനും കാമുകിയും പിണങ്ങിയിരുന്നു. അവര്‍ കവിത തിരികെ വാങ്ങിക്കൊണ്ടുപോയി, പത്രാധിപര്‍ പിന്നെ എന്നെ വിളിച്ചുവരുത്തി കവിത വാങ്ങുകയായിരുന്നു.
ഇസ്രയേലില്‍ ഹീബ്രു, അറബി ഭാഷകളില്‍ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹെലികോണ്‍ സൊസൈറ്റി സ്ഥാപിക്കുകയും അതിനുകീഴില്‍ ഹെലികോണ്‍ കവിതാപാഠശാല നടത്തുകയും ചെയ്യുന്നുണ്ട് അമീര്‍. ദൈനംദിനജീവിതത്തില്‍ സാധ്യമായ സമാധാനം, പരസ്പരവിനിമയം നടത്താനാകുമോ എന്നുള്ള അന്വേഷണത്തിലാണ് കവി. ഇരുവശത്തുമുള്ള യാഥാര്‍ഥ്യങ്ങളിലേക്കുള്ള പാലംപണിയലാണ് ഈ വിവര്ത്തനക്യാമ്പുകള്. പ്രസാധനവും കാവ്യമേള സംഘടിപ്പിക്കലുമെല്ലാം അതിന്റെ ഭാഗമായി നടക്കുന്നു.
എന്തുകൊണ്ട് നിങ്ങള്‍ സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിക്കുന്നില്ലെന്ന് എനിക്ക് നേരെ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സമാധാനവും യുദ്ധവും ആവശ്യമായ രണ്ടുവിഭാഗം ജനങ്ങളേ എനിക്ക് പരിചിതമായുള്ളൂ. സാധ്യമായ സമാധാനത്തിനായാണ് ഞാന്‍ ശ്രമിക്കുന്നത്. സര്‍ഗാത്മകമായ സംവാദമാണ് എന്റെ ലക്ഷ്യം. അമീര്‍ ഓര് പറഞ്ഞു.
ഭഗവദ്ഗീതയുടെ വിവര്ത്തകന്
തന്റെ ഇരുപതുകളില്‍ത്തന്നെ എന്നെ പ്രചോദിപ്പിച്ച രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ബഹുസ്വരത പൂര്‍ണമായും എനിക്ക് പരിചിതമാണെന്ന് പറയാനാവില്ല. ഞാനിപ്പോള്‍ ഭഗവദ്ഗീതയെ ഹീബ്രുവിലേക്ക് തര്‍ജ്ജമ ചെയ്തതേയുള്ളൂ, ഒരു തികഞ്ഞ കാവ്യം എന്ന നിലയിലാണ് ഭഗവദ്ഗീതയെ സമീപിച്ചത്.
ഇതാ ഇപ്പോള്‍ ഈ കാടിനരികില്, വയനാടിന്റെ ഈ തണുപ്പില്‍ അരുവിയൊഴുകുന്ന ശബ്ദംകേട്ട് നാമിരിക്കുന്നില്ലേ, ഇതുപോലെ അനുഭവങ്ങളിലൂടെയാണ് ഇന്ത്യ എന്നെ പ്രചോദിപ്പിച്ചത്.
ടി.പി. രാജീവന്, പ്രിയസുഹൃത്ത്
മുറിവേറ്റ ഭാഷ സ്വന്തമായുള്ളവനെന്നാണ് അമീര്‍ ഓറിനെ കവി ടി.പി. രാജീവന് വിശേഷിപ്പിച്ചത്. അപരിചിതനഗരങ്ങളിലൂടെ ഒരുമിച്ചുള്ള നടത്തങ്ങളെ ഓര്‍ത്തുകൊണ്ട് ടി.പി. രാജീവന് എഴുതിയ കുറിപ്പിനും 'ഭാഷ ഒരു മുറിവെ'ന്നായിരുന്നു തലക്കെട്ട്. പതിറ്റാണ്ടുകളായുള്ള സൗഹൃദം ഒരു കൂടിച്ചേരലില്‍ ആഘോഷിക്കാനായി അമീര്‍ ഓര് കോഴിക്കോട്ടെത്തി, എന്നാല്‍ ആതിഥേയനായിരിക്കേണ്ടിയിരുന്നയാളെ ചിതയിലേക്ക് എടുക്കുന്നതാണ് എനിക്ക് കാണേണ്ടിവന്നത്, അദ്ദേഹമെന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിലേക്കായിപ്പോയി. ടി.പി. രാജീവന്റെ ഓര്‍മകളിലൂടെയാണ് അമീര്‍ ഓര് പറഞ്ഞു.
.jpg?$p=6df998d&&q=0.8)
20 വര്‍ഷംമുമ്പ് മാസിഡോണിയയില്‍ നടന്ന സ്ട്രുഗ കാവ്യമേളയിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. എന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ നടക്കുന്ന ഷാ ആര് ഹീബ്രു അറബിക് കാവ്യമേളയിലും രാജീവന് പങ്കെടുത്തു. അദ്ദേഹത്തിന്റെ കവിതകള്‍ ഞാന്‍ ഹീബ്രുവിലേക്ക് വിവര്‍ത്തനം ചെയ്തു. തെയ്യംപോലുള്ള മിസ്റ്റിക് അനുഭവങ്ങള്‍ സമ്മാനിച്ചത് അദ്ദേഹമാണ്. രാജീവന്റെ വലിയ സ്വപ്നമായിരുന്നു യുവ എഴുത്തുകാര്‍ക്കായി ഒരു ആര്‍ട്ട് സ്പേസ്. രാജീവന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നവുമായി താന്‍ സഹകരിക്കുമെന്നും അമീര്‍ ഓര് പറഞ്ഞു.
സാഹിത്യമാണ് രാജ്യങ്ങളുടെ സ്വത്വം
ഓരോ രാജ്യത്തിന്റെ സ്വത്വം, അവരുടെ ഭാഷയിലെഴുതുന്ന സാഹിത്യത്തിലാണ്. ഇത് തിരിച്ചറിഞ്ഞ പടിഞ്ഞാറന്‍രാജ്യങ്ങള്‍ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി വലിയതുക ചെലവഴിക്കുന്നുണ്ട്. യുവസാഹിത്യകാരന്മാരെ പരിശീലിപ്പിക്കുന്നതിനായുള്ള അഞ്ചു മുതല്‍ 20 പേര് വരെ പങ്കെടുക്കുന്ന ക്യാമ്പുകള്‍ക്കായി അവര്‍ വലിയതുകകള്‍ അനുവദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പരമ്പരാഗതമായി വലിയ വൈവിധ്യങ്ങളുണ്ട്. എന്നാലും അറിയാമല്ലോ, ലോകത്തെവിടെയും എഴുത്തുകാര്‍ക്ക് അവരുടെതായ ഒരു പ്രഭാവമുണ്ട്. ഭാഷമാത്രമാണ് അവര്‍ക്കിടയില്‍ വ്യത്യസ്തമായുള്ളത്.
Content Highlights: Amir Or, Israeli writer, Translator of Mahabharata in hebrew language
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..