അന്ന് സൈനബയും സിനാനും ഇന്ന് നവജിത്ത്...പൊറുക്കാനാവുമോ ഈ കുരുതികള്‍


അംബികാസുതന്‍ മാങ്ങാട്.

ആദ്യം വിളിച്ചുവരുത്തിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ ദുര്‍ഗന്ധം കാരണം കുഞ്ഞിനെ എടുക്കാതെ തിരിച്ചുപോയി. പിന്നെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട് ആംബുലന്‍സ് വരുത്തിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു

സിനാൻ, നവജിത്ത്

ദുരന്തങ്ങള്‍ക്ക് അറുതിയില്ലാതെ കാസര്‍കോട് വീണ്ടും എന്‍ഡോസള്‍ഫാന്‍മരണത്തിന് സാക്ഷിയായിരിക്കുകയാണ്. ഒരു വയസ്സ് കഷ്ടി തികഞ്ഞ നവജിത്ത് ജനിച്ചതുതന്നെ വേദനയോടെയാണ്, മരണം വരെ വേദന നവജിത്തിനെ പിടിവിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തമുഖമായി ലോകം ഉള്‍ക്കിടിലത്തോടെ ഓര്‍ത്തുവെക്കുന്ന സൈനബയുടെ മുഖത്തിനും തലയ്ക്കും പിന്‍തുടര്‍ച്ചയാവുകയായിരുന്നു നവജിത്തിന്റെ ഉടലും തലയും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമെന്ന് അവസാനിക്കും ?

നവജിത്ത് എന്ന കുഞ്ഞ് കഠിനയാതനകള്‍ക്കൊടുവില്‍ മണ്ണിലേക്ക് മടങ്ങി. ചെറിയ ഉടലും വലിയ തലയുമായി എന്‍ഡോസള്‍ഫാന്‍ ദുരന്തഗ്രാമങ്ങളിലൊന്നായ ബദിയടുക്കയില്‍ പിറന്നുവീണ നവജിത്ത് മരണം വരെ കരച്ചില്‍ നിര്‍ത്തിയതേയില്ല. വേദന സഹിക്കാനാവാതെ ഏത് നേരവും നിലവിളിയായിരുന്നു.

കഴിഞ്ഞ സപ്തംബര്‍ 29ന് ഉച്ചയോട് കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നവജിത്തിന്റെ വേദന ശമിച്ചു, നിലവിളി അവസാനിച്ചു. അവസാനത്തെ ഒരാഴ്ച വെന്റിലേറ്ററിലായിരുന്നു. അതിന് മുമ്പത്തെ മൂന്നാഴ്ചക്കാലം ഐ.സി.യുവിലായിരുന്നു. അപ്പോഴായിരുന്നു നവജിത്തിന്റെ ഒന്നാം പിറന്നാള്‍. ആരും കേക്ക് മുറിച്ചില്ല, ആശംസകള്‍ നേര്‍ന്നില്ല. ഐ.സി.യുവിന് പുറത്ത് അമ്മയും മഴയും തോരാതെ കരഞ്ഞുകൊണ്ടിരുന്നു.

കാളകൂട വിഷമായ എന്‍ഡോസള്‍ഫാന്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കാല്‍നൂറ്റാണ്ട് കാലത്തോളം ഹെലികോപ്റ്ററിലൂടെ കോരിയൊഴിച്ചതിന്റെ അവാസനത്തെ ഇരയാണ് ഈ കുഞ്ഞ്. ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ആഗസ്ത് പതിനഞ്ചിന് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് നവജിത്തിന്റെ ദുരന്തകഥ പുറംലോകം അറിയുന്നത്. ബദിയടുക്കയിലെ പിലിത്തടുക്കയിലുള്ള പട്ടികജാതി കോളനിയിലെ സുന്ദരയുടെയും പാര്‍വ്വതിയുടെയും രണ്ടാമത്തെ കുട്ടിയായിരുന്നു. കുഞ്ഞിന്റെ തല അമിതമായി വളരുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം എട്ടാം മാസത്തിലാണ് അമ്മ ഡോക്ടറില്‍ നിന്നറിയുന്നത്. പിറന്നശേഷം തല കൂടുതല്‍ വളരാന്‍ തുടങ്ങി. ആദ്യ നാളുകളില്‍ തന്നെ മംഗലാപുരത്ത് വെച്ച് ആദ്യ ശസ്ത്രക്രിയ ചെയ്തു.

sainaba
സൈനബ Photo: മധുരാജ്

മനുഷ്യസ്നേഹിയായ സജീഷ് കെ.പി. എന്ന ചെറുപ്പക്കാരന്‍ സ്വന്തം അമ്മയില്‍നിന്നും കേട്ടറിഞ്ഞ് ലോക്ഡൗണ്‍ കാലത്ത് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച പരിതാപകരമായിരുന്നു. ചുവരുകളില്ലാത്ത, പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഒരു കൊച്ചുകുടില്‍. വൈദ്യുതിയില്ല. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യമില്ല. കുടിലിനകത്ത് വെറും നിലത്ത് വിരിച്ച തുണിയില്‍ കിടന്ന് കുഞ്ഞ് നിലവിളിക്കുന്നു. തലയുടെ പൊട്ടലുകളിലൂടെ കൊഴുത്ത ദ്രാവകം പുറത്തേക്കൊഴുകുന്നു. അവിടമാകെ ദുര്‍ഗന്ധം പരന്നിരുന്നു. ലോക്ഡൗണ്‍ കാലമായതിനാല്‍ കുഞ്ഞിനെ ആശുപത്രികളിലേക്കൊന്നും കൊണ്ടുപോകാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയിലായിരുന്നു നിരാലംബരായ വീട്ടുകാര്‍.

സജീഷ് ആദ്യം വിളിച്ചുവരുത്തിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ ദുര്‍ഗന്ധം കാരണം കുഞ്ഞിനെ എടുക്കാതെ തിരിച്ചുപോയി. പിന്നെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട് ആംബുലന്‍സ് വരുത്തിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. പലതവണയായി മൂന്നു സര്‍ജറികള്‍ കൂടി ചെയ്തു വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു.

കുഞ്ഞിന്റെ വീഡിയോകള്‍ എടുത്ത് മൂന്ന് തവണ കലക്ടര്‍ക്ക് അയച്ചു. സഹായത്തിന് അപേക്ഷിച്ചു. പക്ഷേ കലക്ടര്‍ പ്രതികരിക്കുകപോലും ചെയ്തില്ലെന്ന് സങ്കടത്തോടെ സജീഷ് പറയുന്നു. തുടര്‍ന്നാണ് 'മാതൃഭൂമി'യില്‍ വിളിച്ചുപറയുന്നത്. മാതൃഭൂമി വാര്‍ത്ത കണ്ട അന്നുതന്നെ, എന്‍മകജെ ഗ്രാമത്തിലെ പെര്‍ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി 'നവജീവന' എന്ന റീഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തുന്ന ഫാ. ജോസ് ചെമ്പോട്ടിയും സംഘവുമെത്തി ചികിത്സാസഹായം പ്രഖ്യാപിച്ചു.

മൂന്നുവര്‍ഷമായി നല്ല നിലയില്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്ന 'നവജീവന'യില്‍ അറുപതോളം കുഞ്ഞുങ്ങളുണ്ട്. ഏതാണ്ടത്രയും തന്നെ കുഞ്ഞുങ്ങള്‍ പെര്‍ലയില്‍ തന്നെയുള്ള സര്‍ക്കാര്‍ ബഡ്സിലും ഉണ്ട്. ഇവിടെ കുഞ്ഞുങ്ങള്‍ ആസ്ബറ്റോസ് ഷീറ്റിനടിയിലാണിപ്പോഴും. 2015-ല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്സ് സ്‌കൂളുകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് 'നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ' എന്ന പേരില്‍ ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ കാര്യം ഞാനതില്‍ സൂചിപ്പിച്ചിരുന്നു. ഈ കെട്ടിടം പുതുക്കി പണിയാന്‍ നബാര്‍ഡ് പദ്ധതി വഴി കിട്ടിയ ഒന്നരക്കോടി രൂപ അധികാരികളുടെ പിടിപ്പുകേട് കൊണ്ട് ലാപ്സായിപ്പോയി! രണ്ട് കൊല്ലം മുമ്പ് എന്‍ഡോസള്‍ഫാന്‍ റമഡിയല്‍ സെല്ലിന്റെ മീറ്റിങ്ങില്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ ഇപ്പോഴും ആസ്ബറ്റോസ് ഷീറ്റിനടിയിലാണ് എന്നു പറഞ്ഞപ്പോള്‍ അസത്യം വിളിച്ചുപറയരുത് എന്ന് കലക്ടര്‍ എന്നോട് ദേഷ്യപ്പെടുകയുണ്ടായി. പക്ഷേ, ഞാന്‍ പറഞ്ഞതായിരുന്നു സത്യം.രണ്ട് കൊല്ലം കഴിഞ്ഞു, ഇപ്പോഴും കുഞ്ഞുങ്ങള്‍ അതേ ഷീറ്റിനടിയിലാണ്. ഇതാണ് ദുരിതബാധിതരായ കുഞ്ഞുങ്ങളോട് ഭരണകൂടം കാണിക്കുന്ന താല്പര്യം.

നവജിത്തിന്റെ രോഗം വീണ്ടും വഷളായി. 'വായില്‍ ഒഴിച്ചുകൊടുക്കുന്ന വെള്ളം പൊക്കിള്‍ച്ചുഴിയിലൂടെ പുറത്ത്' വരുന്ന അവസ്ഥയിലാണ് സജീഷ് 'നവജീവന'യുടെ സാമ്പത്തിക സഹായത്തോടെ വീണ്ടും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്. തലച്ചോറില്‍ പഴുപ്പ് വ്യാപിച്ചിരിക്കുന്നു, എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കൂ എന്ന നിര്‍ദേശമാണ് കിട്ടുന്നത്. പിന്നെ ഒരു മാസക്കാലം കോഴിക്കോട്ട്.

നവജിത്തിന്റെ ചിത്രം എല്ലാവരേയും സൈനബയെ ഓര്‍മിപ്പിച്ചു. സൈനബയെ ഓര്‍മയില്ലേ? മധുരാജിന്റെ ആ ചിത്രം? വലിയ തലയും കുഞ്ഞു കൈകാലുകളുമുള്ള പെണ്‍കുട്ടി. വിഷപ്രയോഗം നടന്ന ബോവിക്കാനത്തെ മൂലടുക്ക ലക്ഷംവീട് കോളനിയിലെ കുഞ്ഞിന്റെ ചിത്രം 2001 മാര്‍ച്ചില്‍ മാതൃഭൂമി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പരമ്പരയിലെ ആദ്യദിവസമാണ് പ്രസിദ്ധീകരിച്ചത്. തലവലുതായ കുറേ കുഞ്ഞുങ്ങള്‍, സിനാനെപ്പോലെ, ബാദുഷയെപ്പോലെ, മാര്‍ട്ടിനെപ്പോലെ, അഫ്സലിനെപ്പോലെ പിന്നേയും ജനിച്ചുകൊണ്ടിരുന്നു. വിഷപ്രയോഗം നിര്‍ത്തിയിട്ട് രണ്ട് പതിറ്റാണ്ടായി. എന്നിട്ടും ഇപ്പോഴിതാ സൈനബയെ ഓര്‍മിപ്പിച്ച് കൊണ്ട് നവജിത്ത് നിലവിളിയോടെ പിറന്ന് നിലവിളിയോടെ മണ്‍മറയുന്നു. കുറയുന്നുണ്ടെങ്കിലും ദുരന്തം തുടരുകയാണ്.

വിദഗ്ധവും അത്യാധുനികവുമായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ മരണപ്പെട്ടുപോയ നൂറ് കണക്കിന് കുഞ്ഞുങ്ങളില്‍ എത്രയോ പേര്‍ ജീവിതത്തിലേക്ക് മടങ്ങിവരുമായിരുന്നു. മതിയായ ചികിത്സകള്‍ കിട്ടാതെ മരണപ്പെട്ട, എനിക്ക് നേരിട്ടറിയാവുന്ന പ്രജിത തൊട്ട് ശ്രീധര വരെ എത്രയോ കുഞ്ഞുങ്ങളുണ്ട്. കൊറോണ വ്യാപിച്ചുതുടങ്ങിയപ്പോള്‍ മംഗലാപുരത്തേക്കുള്ള വഴികളെല്ലാം കര്‍ണാടക കൊട്ടിയടച്ചപ്പോഴാണ് കാസര്‍കോട് ജില്ലയുടെ അതിദയനീയമായ പരിമിതി അധികാരികള്‍ക്ക് ബോധ്യമായത്. ഇരുപതോളം പേര്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടപ്പോള്‍ വലിയ വാര്‍ത്തയായി. ഇവിടെയുള്ളവര്‍ മംഗലാപുരത്തെ പത്തോളം സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളേയും മെഡിക്കല്‍ കോളേജുകളെയുമാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. കാസര്‍കോട് ജില്ലയില്‍ ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പോലുമില്ല. കേരളത്തില്‍ 32 മെഡിക്കല്‍ കോളേജുകളുണ്ട്. ഇവിടെ 2013-ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് ഇനിയും ശരിയായ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഏഴുകൊല്ലമായി എന്നോര്‍ക്കുക! ഭരണകൂട ഭീകരതയാല്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ രോഗബാധിതരായ ഈ പിന്നോക്കജില്ലയോട് മാറിമാറിവന്ന സര്‍ക്കാരുകള്‍ കാണിച്ച അവഗണന എത്ര ഭീകരമാണ്! ഒരു ദശകക്കാലമായി ജില്ല കരയുന്നു, ഒരു ന്യൂറോളജിസ്റ്റിനേയെങ്കിലും നിയമിക്കൂ എന്ന്. നാഡീവ്യവസ്ഥയെ ആണല്ലോ വിഷം ഏറ്റവും ബാധിക്കുന്നത്. പക്ഷേ ഇന്നുവരെ ഒരു ന്യൂറോളജിസ്റ്റും ജില്ലയില്‍ നിയമിക്കപ്പെട്ടിട്ടില്ല.

നവജിത്തിന്റെ മരണം ലോക്കല്‍ പേജിലെ ഒരു ചെറിയ വാര്‍ത്തയായി ഒരു ദിവസം കൊണ്ട് അവസാനിച്ചു. മുമ്പ് മിക്ക ദിവസങ്ങളിലും മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോക്കല്‍ പേജുകളില്‍ വന്നിരുന്നു. ഇപ്പോള്‍ മരണവും ജനിതക വൈകല്യങ്ങളോടെയുള്ള ജനനവും കുറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു തെറ്റും ചെയ്യാതെ, അതിക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഈ കുഞ്ഞുങ്ങളുടെ ജീവിതം കേരളം ചര്‍ച്ച ചെയ്യാത്തതെന്താണ്? ലോക്കല്‍ പേജുകളില്‍ ഒടുങ്ങിപോകുന്നതെന്തേ?

ഈ സാഹചര്യത്തിലാണ് 'എയിംസി'ന് വേണ്ടിയുള്ള വലിയ ബഹുജന മുന്നേറ്റം കാസര്‍കോട്ട് ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആയിരക്കണക്കിന് യോഗങ്ങളാണ് നടക്കുന്നത്. നിരവധി വെബിനാറുകള്‍ നടന്നു. സച്ചിദാനന്ദന്‍ തുടങ്ങിയുള്ള പ്രശസ്തരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ ജനങ്ങളെല്ലാം വലിയ ആവേശത്തിലാണ്. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ രണ്ട് ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് തീരുമാനിച്ചാല്‍ മാത്രമേ കാസര്‍കോടിന് എയിംസ് ലഭിക്കുകയുള്ളൂ. ചികിത്സയും പഠനവും ഗവേഷണവും ഒരുമിപ്പിച്ചുള്ള എയിംസിന്റെ പ്രവര്‍ത്തന മികവും അത്യാധുനിക രീതിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മറ്റുള്ളവര്‍ക്കും വലിയ സഹായഹസ്തമായിരിക്കും.

നവജിത്തിന്റേത് മരണമല്ല. കൊലപാതകമാണ്. കൊലയാളികള്‍ മറഞ്ഞിരുന്നത് പൊട്ടിച്ചിരിക്കുന്നുണ്ടാകാം. ചിരിക്കട്ടെ. നാളെ, വിഷലോബിക്കു വേണ്ടി നാവും പേനയും ഉന്തുന്നവര്‍ നവജിത്ത് 'കെട്ടുകഥ'യാണ് എന്നുപറയും. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ചിത്രശലഭങ്ങളേപ്പോലെ പാറിപ്പറന്നുനടക്കേണ്ട നൂറ് കണക്കിന് കുഞ്ഞുങ്ങളെ ആരാണ് ജീവിതത്തിലേക്ക് മുഴുവനായി ശിക്ഷിച്ചത്. ഒരു തെറ്റും ചെയ്യാത്ത നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ. അവര്‍ക്കുവേണ്ടി, നിങ്ങള്‍ക്കൊപ്പം ഞാനും, കുഞ്ഞേ, മാപ്പ് ചോദിക്കുന്നു. ഒരു തുംഗപദത്തിലും ശോഭിക്കാന്‍ കഴിയാതെ പോയ നീ രണ്ടടി മാത്രം നീളവും ആഴവുമുള്ള മണ്‍കുഴിയില്‍ ഒരു പൂവ് പോലെ കിടക്കുന്നത് കാണുമ്പോള്‍ സങ്കടം സഹിക്കവയ്യാതാകുന്നു. വിജയിച്ചവന്‍ എന്നാണല്ലോ നിന്റെ പേരിനര്‍ത്ഥം. പക്ഷേ ജീവിതം മുഴുക്കെ പരാജയമായിപ്പോയി. സന്തോഷത്തിന്റെ ഒരു ചിരി പോലും നിനക്ക് ചിരിക്കാനായിട്ടുണ്ടാവില്ല. ഇപ്പോള്‍ മനസ്സിലാവുന്നു. അവനിവാഴ്വ് കിനാവല്ല. കഷ്ടമാണ്.

Content Highlights: Ambikasuthan Mangad writes about the death of one year old endosulfan victim Navajith

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented