ചിത്രീകരണം: മദനൻ
ജൂലൈ 25-31 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാട്ന്റെ 'കാരക്കുളിയന്‍' എന്ന കഥയുടെ വായന
ചില കഥകള്‍ അങ്ങിനെയാണ്. നേരെ കയറി ഹൃദയത്തെ തൊടും. കരച്ചിലിന്റെ ചിറ കുത്തിപ്പിളര്‍ക്കും. കാരക്കുളിയന്‍ എനിക്ക് നല്‍കിയത് കാരമുള്ള് കേറിയതിനേക്കാള്‍ നൊമ്പലം. അണേബാരം കെട്ട ജന്മമായതു കൊണ്ടാവാം, കഥ എന്റെ തൊണ്ടയില്‍ കാരമുള്ള് കണക്കെ ബെലങ്ങി. കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ 'ഒരു ജുമൈല' വായിച്ച് കരഞ്ഞിരുന്നിട്ടുണ്ട്. പിന്നീട് എന്റെ കുട്ടികള്‍ക്ക്, (ഇരിയ ഗവണ്മെന്റ് യു.പി. സ്കൂളിലെ വിദ്യാരംഗം കൂട്ടുകാര്‍, അവര്‍ പത്തുപേരുണ്ടായിരുന്നു, കൂടുതലും പെണ്‍കുട്ടികള്‍) വായിച്ചു കൊടുത്തു. കഥയുടെ അവസാനമെത്തിയപ്പോള്‍ എന്റെ കുട്ടികള്‍ ഏങ്ങിക്കരയാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ കണ്ണ് നിറഞ്ഞതു കൊണ്ട് വായിച്ചവസാനിപ്പിക്കാനും കഴിഞ്ഞില്ല.
ഇന്ന് ബാലേന്ദ്രനും നാര്ക്കളനും ഉള്ളിലിരുന്ന് നീറുന്നുണ്ട്. കാരക്കുളിയന്‍ തമ്പാച്ചിയെ കാണാന്‍ പോകാറില്ല. ഒരു മനുഷ്യന് ഏതു ദൈവീകതയുടെ പേരിലായാലും കാരമുള്ളില്‍ വീണു വേദന സ്വയം ഏറ്റുവാങ്ങുന്നത് കാണാന്‍ പറ്റാത്തതുകൊണ്ട് തന്നെയാണ് പോകാത്തത്. കാരക്കുളിയനെക്കാണുമ്പോള് യേശുവിനെ ഓര്‍മ്മ വരും. വിലാപ്പുറത്തുനിന്നും ചോരയൊലിപ്പിച്ച്, മറ്റുള്ളവര്‍ക്കായി സ്വയം നീറി കുരിശ്ശേറിയ ദൈവപുത്രന്. ഇവിടെ തമ്പുരാക്കളുടെ മാരിയും മാരണവും അകലാനായ് സ്വയം മുള്ളിലേക്കു പതിക്കുന്ന തെയ്യം. എല്ലാവരും മുള്ളില്‍ വീഴുന്ന എണ്ണത്തിന്റെ കണക്കിലാണ് പട്ടം നല്‍കാറ്. എന്നാല്‍ ആ മനുഷ്യനനുഭവിക്കുന്ന വേദന ആരും അറിയാറില്ല, ആരും ഓര്‍ക്കാറില്ല.
മേലേരിയില്‍ വീഴുന്ന തെയ്യങ്ങളില്‍ ഒറ്റക്കോലം കാണാന്‍ പോകാറില്ല. ഒരു മലയോളം എകരമുള്ള മേലേരിയിലേക്ക് തെയ്യം വീഴുമ്പോള്‍, അരയോട കത്തി തീര്‍ന്നിട്ടും പിന്നെയും പിന്നെയും വീണ് ശരീരം മുഴുവനും വെന്ത് നീറി.. കാണാന്‍ പറ്റാറില്ല ഒരിക്കലും. നാര്ക്കളന് എന്ന ഒരു കാലഘട്ടത്തെ നര- കള്ളനായി പരിവര്‍ത്തനം ചെയ്യുന്ന വലിയൊരു ദുരന്തത്തെ കാണിച്ചു തരുന്നുണ്ട് കഥാകൃത്ത്. ഒടുക്കമയാള് പുതിയ കാലത്തിന്റെ മാരിയ്ക്ക് അടിപ്പെടുന്നു. മാരിയകറ്റാന്‍ മഞ്ഞപ്പൊടി നല്കി അനുഗ്രഹം നല്കിയ ദൈവം മറ്റൊരു മാരിയില്‍ അടി പതറി ആര്‍ക്കും വെളിപ്പെടാതെ മറയുന്നു.

അറിയാതെയാണെങ്കിലും ചെയ്തുപോയൊരു അപരാധം, താന്‍ ചെയ്തത് ലോകത്തിലാരും പൊറുക്കാത്തതാണെന്ന തിരിച്ചറിവില്‍ നീറി പ്രായശ്ചിത്തത്തിന്റെ കാരമുള്‍ക്കാട്ടില്‍ വീണുരുളുകയാണയാള്. മനഃശാന്തി ലഭിക്കാനായി അഗ്നിസ്നാനം നടത്തുകയാണയാള്‍. അമ്മ എന്ന പരമകാരുണ്യത്തെ, അമ്മയുടെ വാത്സല്യത്തെ, നിറവിനെ, ശക്തിയെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് അംബികാസുതനെന്ന കഥാകാരന്. തന്റെ പേരില്‍ത്തന്നെ അമ്മ കുടികൊള്ളുന്ന, ലോകമാതാവ് നിറഞ്ഞുനില്ക്കുന്ന എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. രണ്ടുമത്സ്യങ്ങളിലും നീരാളിയനിലും മാതൃത്വത്തിന്റെ നിറസാന്നിദ്ധ്യം കാണാം. എന്മകജെയിലെത്തുമ്പോള് അത് പടര്‍ന്നു വിശ്വത്തോളം നിറയുന്നത് കാണാം. ദേവയാനി എന്ന അമ്മ കൊടുംയാതനയുടെ മേലേരികയറുമ്പോഴും ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.

കാരക്കുളിയനിലെ അമ്മ അറിവിന്റെ രക്തസാക്ഷിയാകുകയാണ്. മക്കളുടെ പഠനത്തിനായി ജീവിതം ബലിനല്കേണ്ടിവരുന്ന അമ്മമാര്‍ നമുക്കുചുറ്റും നിരവധിയുണ്ടെങ്കിലും തെറ്റായൊരു പഠനരീതിയുടെ ഇരയായി മാറുകയാണ് ഈ അമ്മ. പരശുരാമനില്ത്തുടങ്ങിയ മാതൃഹത്യ ഇപ്പോഴും അവസാനിച്ചിട്ടില്ല. രാമനന്ന് അച്ഛന്റെ ശക്തിയില്‍ അമ്മയെ തിരികെ ലഭിച്ചു. പക്ഷെ നാര്ക്കളന് അമ്മയെ നഷ്ടമായി. നിസ്സഹായനായി ചെയ്ത തെറ്റിന്റെ ആഴം അറിഞ്ഞ അച്ചന് മരണത്തിലേക്ക് നടന്നു നീങ്ങി. പിറകെ പോകാന്‍ ശ്രമിച്ച നാര്‍ക്കളനെ തടയുന്നതും ഒരമ്മ തന്നെ. കൊറത്തിയമ്മ. പിന്നീട് തന്റെയുള്ളിലെ പാപഭാരത്തെ കാരമുള്ളിലും മേലേരിയിലും ഉപേക്ഷിക്കാനായ് അയാള്‍ നടത്തിയ ശ്രമങ്ങളൊക്കെ വെറുതെയാവുകയാണ്. അതില്‍നിന്നും അയാളെ മോചിപ്പിക്കുന്നതും അമ്മതന്നെ. ആരോ ദുര്‍മന്ത്രവാദം ചെയ്ത് ലോകത്തിന്റെ സമാധാനം നഷ്ടമാകാനായി നിര്‍മ്മിച്ചെടുത്ത ആധുനിക മാരണം മൂലം കഷ്ടതയനുഭവിച്ച നാര്‍ക്കളനെ തെറ്റില്‍നിന്നും മോചിപ്പിക്കുകയാണ് അമ്മ. അമ്മയുടെ വരവോടെ, കാലങ്ങളായി അയാള്‍ കൂടെകൊണ്ടുനടന്ന പാപഭാരത്തില്‍ നിന്നും വിടുതല്‍ നേടിയ ആശ്വാസത്തോടെ മരണത്തെ എതിരേല്ക്കാന് തയ്യാറാവുകയാണ്. അമ്മയെന്ന അത്ഭുതവിളക്കു കത്തിജ്വലിച്ചു നില്‍ക്കുന്നുണ്ട് കഥയില്‍. മരണമെന്ന മഹാസത്യത്തിനുമുന്നില് ജാതിയും മതവുമില്ലെന്ന കാഴ്ച. ഏതൊരു ജാതിമതസ്ഥനും ഒന്നായി തീരുന്നത് പട്ടടയിലാണ്. ഇന്ന് പടര്‍ന്നു പിടിച്ച മഹാവ്യാധിക്കുമുന്നില്‍ തൊട്ടുകൂടായ്മയും പണത്തിന്റെ ഗരിമയും തൃണസമാനം. അവിടെ പി.പി കിറ്റെന്ന ഏക യൂണിഫോമിനു മാനവികതയുടെ മുഖം മാത്രം.
എല്ലാറ്റിലും വലുത് പ്രകൃതിയെന്ന അമ്മയാണെന്ന സത്യം തിരിച്ചറിയുന്നുണ്ട് ബാലചന്ദ്രന്. കണ്ടലും കാരക്കാടും ഇല്ലാത്ത ജീവിതം വലിയ വലിയ കയ്പാണെന്നതും, വിശപ്പാണ് അതിലും വലിയ കയ്പെന്നും പറഞ്ഞു തരുന്നുണ്ട്. ഇന്നിന്റെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാര്ക്കളനും ബാലേന്ദ്രനും കൂടി തീര്‍ക്കുന്ന ഒരു തീക്കുണ്ഠമായി കഥ മാറുന്നു. എന്നും വേദനയുടെ മുള്ളുകള്‍ നീട്ടി നമ്മളെ കുത്തിയുണര്ത്തുന്ന പ്രിയകഥാകാരന് അംബികാസുതന്‍ മാങ്ങാടിന് സ്നേഹാദരം.
Content Highlights: Ambikasuthan Mangad short story Mathrubhumi weekly Kaarakkuliyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..