സൗഹൃദങ്ങളുടെ ചക്രവര്‍ത്തി, അക്ബര്‍ കക്കട്ടില്‍


ദിനേശന്‍ കരിപ്പള്ളി

അക്ബർ കക്കട്ടിൽ

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്.

മുഗൾസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു മഹാനായ അക്‌ബർ. കേരളത്തെ വിശേഷിച്ച്‌, മലയാളസാഹിത്യത്തെ ഒരു സാമ്രാജ്യമായി സങ്കല്പിച്ചാൽ, അതിൽ ‘സൗഹൃദങ്ങളുടെ ചക്രവർത്തി’ എന്ന വിശേഷണത്തിന്‌ അർഹരായവരിൽ അഗ്രഗണ്യൻ ആരാവും? സംശയമില്ല: അക്‌ബർ കക്കട്ടിൽ. അത്രമേൽ വിസ്തൃതമായിരുന്നു അക്‌ബർ മാഷുടെ ദീപ്തസൗഹൃദങ്ങളുടെ വൻകരകൾ.

സർഗാത്മകരചനകളിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ എത്തുമ്പോഴേക്കും അനാവശ്യമായ അഹങ്കാരവും അശ്ലീലമായ ജാഡയും പ്രകടിപ്പിക്കുന്ന ശരാശരി മലയാളി എഴുത്തുകാരിൽനിന്ന്‌ എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു അക്‌ബർ കക്കട്ടിൽ.

സൗഹൃദപൂർവം നീളുന്ന കൈയും സിഗരറ്റുപുക പുരണ്ട ചുണ്ടിൽപ്പരക്കുന്ന ചിരിയും കണ്ണുകളിൽ (അദ്ദേഹത്തിന്റെ ഭാഷയിൽ ‘കോങ്കണ്ണ്‌’) തെളിയുന്ന സഹജീവിസ്നേഹത്തിന്റെ വെളിച്ചവും കാന്തശക്തിയിലെന്നോണം അക്‌ബർ മാഷിലേക്ക്‌ നമ്മെ ആകർഷിക്കുന്നു. നിർദോഷകരമായ ‘അക്‌ബറിയൻ തമാശ’കളുടെ അകമ്പടികൂടിയാവുമ്പോൾ ആകർഷണവലയം ഭേദിക്കുകയെന്നത്‌ അസാധ്യമായിത്തീരുന്നു. അക്‌ബർമാഷുടെ സൗഹൃദസാമ്രാജ്യത്തിൽ ജാതി, മതം, പണം, വിദ്യാഭ്യാസം, പ്രായം... ഒന്നും പരിഗണനാർഹമായ വിഷയങ്ങളായതേയില്ല. മുൻ, പിൻ തലമുറക്കാരോടും സമകാലീനരോടുമുള്ള സ്നേഹദീപ്തിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായതേയില്ല.