'അച്ഛന്‍ എന്റെ ജീവിതത്തില്‍ ഒരേയൊരു തവണയേ ഇടപെട്ടിട്ടുള്ളൂ; നിര്‍ണായകമായ ഇടപെടല്‍'- മുകേഷ്


ജോണിന്റെ പ്രകടനം മോശമായാല്‍ നാടകം പൊളിയുമോ എന്നു ഭയന്നാണ് ആരോടും പറയാതെ പോകുന്നത്. അയാള്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ട്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ജോണ്‍ സ്റ്റേജില്‍ കയറണ്ട, ഒരു നടന് സുഖമില്ലാത്തതുകാരണം നാടകം മാറ്റി വെക്കുന്നു എന്ന് അനൗണ്‍സ് ചെയ്യാം.

ഒ.മാധവൻ, മുകേഷ്‌

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവര്‍ത്തകന്‍, പകരം വെക്കാനില്ലാത്ത സംഘാടകന്‍, കേരളത്തിലെ നാടകാചാര്യന്‍... ഒ. മാധവന്‍ അരങ്ങൊഴിഞ്ഞിട്ട് പതിനേഴ് വര്‍ഷം തികയുന്നു. അദ്ദേഹം തന്റെ ജീവിതത്തില്‍ ഇടപെട്ട സന്ദര്‍ഭത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ മകന്‍ മുകേഷ് പങ്കുവെച്ച അനുഭവങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

ച്ഛന്റെ വിയോഗത്തിന് ഒന്നരപ്പതിറ്റാണ്ട് തികയുമ്പോള്‍ മകനെന്ന നിലയില്‍ ഒരുപാട് ഓര്‍മകള്‍ പങ്കുവെക്കാനുണ്ടെനിക്ക്. എങ്കിലും എന്റെ ജീവിതത്തില്‍ അദ്ദേഹം ഇടപെട്ട ഒരേയൊരു സന്ദര്‍ഭമാണ് എന്നെന്നും എന്റെയുള്ളില്‍ നിറഞ്ഞു നില്‍ക്കാറ്. കാരണം ആ ഇടപെടലായിരുന്നു എന്റെ ജീവിതം നിര്‍ണയിച്ചത്.എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ഇന്‍ഫാന്റ് ജീസസ് ആംഗ്‌ളോ ഇന്ത്യന്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലായിരുന്നു. പഠനമാധ്യമം ഇംഗ്‌ളീഷ്, രണ്ടാം ഭാഷ ഹിന്ദി, മൂന്നാം ഭാഷ മലയാളം എന്നിങ്ങനെയായിരുന്നു പഠിച്ചത്. കൊല്ലം എസ്.എന്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്കു ചേര്‍ന്നപ്പോള്‍ സെക്കന്റ് ലാംഗ്വേജിന്റെ പ്രശ്‌നമുദിച്ചു. മലയാളമെടുത്താലും ജയിക്കില്ല, ഹിന്ദിയെടുത്താലും ജയിക്കില്ല. ഇന്‍ഫാന്റ് ജീസസ് ആംഗ്‌ളോ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നിന്ന് വന്നവരൊക്കെ ഫ്രഞ്ച് ആണ് സെക്കന്റ് ലാംഗ്വേജായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രഞ്ചെടുത്തു കഴിഞ്ഞാലുള്ള ഗുണം തോല്‍ക്കില്ല എന്നതാണ്. കൊല്ലത്ത് ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു ടീച്ചറുണ്ട്. എല്ലാവരും അവിടെ ട്യൂഷന് പോകും. മാത്രമല്ല മലയാളം ക്‌ളാസുകളില്‍ കയറണ്ട. ആ സമയം ഫ്രീയായി നടക്കാം. വൈകുന്നേരം നാലരമുതല്‍ അഞ്ചരവരെ ടീച്ചറുടെയടുത്തുപോയി പഠിക്കാവുന്നതേയുള്ളൂ. അങ്ങനെ ഞാന്‍ ഫ്രഞ്ച് എടുത്തു.

പിറ്റെ ദിവസം ഒരു കാര്യവുമില്ലാതെ അച്ഛന്‍ ചോദിച്ചു; നീ സെക്കന്റ് ലാംഗ്വേജ് ഏതാ എടുത്തിരിക്കുന്നത്? അതുവരെ എന്റെ പഠനതാല്പര്യങ്ങളിലൊന്നും ഇടപെടാതിരുന്ന ആളാണ്. ഞാന്‍ ഫ്രഞ്ച് എന്ന് മറുപടി പറഞ്ഞതും ഉടനടി മറുചോദ്യം വന്നു. ഫ്രഞ്ചെടുത്തിട്ട് എന്തുണ്ടാക്കാനാണ്. നീ ഫ്രാന്‍സില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ? മലയാളമെടുത്താല്‍ മതി. അപ്പോള്‍ ഞാന്‍ പറഞ്ഞു, മലയാളമെടുത്താല്‍ ഞാന്‍ തോറ്റുപോകും. അതിനു പരിഹാരമെന്നോണം പറയുകയാണ് ജയിക്കുംവരെയല്ലേ തോല്‍ക്കുകയുള്ളൂ, കൂടുതല്‍ തവണ പഠിച്ചാല്‍ കൂടുതല്‍ നല്ലതാണ്.

മറുത്ത് പറയാനൊന്നും ഇടതരാതെ പിറ്റേന്നു തന്നെ മലയാളത്തിലേക്ക് മാറിയേക്ക് എന്ന നിര്‍ദ്ദേശവും തന്നു. എനിക്കാകെ അരിശം വന്നു. ഈ തലമുറയൊക്കെ എന്താണ് ഇങ്ങനെ എന്നൊക്കെ തോന്നിപ്പോയി. ഒന്നും അങ്ങോട്ടു പറഞ്ഞാല്‍ മനസ്സിലാവില്ല. ഞാന്‍ പക്ഷേ ഫ്രഞ്ചില്‍ നിന്ന് മാറാനൊന്നും പോയില്ല. മൂന്നാലുദിവസം കഴിഞ്ഞിട്ട് ഭാഷ മാറാന്‍ അപേക്ഷ കൊടുക്കേണ്ട ഡേറ്റ് കഴിഞ്ഞുപോയി, ഇനി ഫ്രഞ്ച് തന്നെ പഠിച്ചാല്‍ മതി എന്ന് അവിടുന്ന് പറഞ്ഞു എന്നൊക്കെ കള്ളം പറയാമെന്ന് മനസ്സില്‍ കരുതി വച്ചു.

പിറ്റേന്ന് ക്‌ളാസിലിരിക്കുമ്പോള്‍ പ്യൂണ്‍ വന്ന് പറഞ്ഞു പ്രിന്‍സിപ്പലിന്റെ മുറിയില്‍ അച്ഛനിരിക്കുന്നുണ്ട്, കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു എന്ന്. ഫ്രഞ്ചിന്റെ കാര്യമൊക്കെ ഞാന്‍ മറന്നുപോയിരുന്നു. കാര്യം പിടികിട്ടാതെ ഞാന്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ചെന്നപ്പോള്‍ അച്ഛന്‍ നേരെയൊരു ചോദ്യമാണ് -നീയത് എഴുതിക്കൊടുത്തോ? എന്ത് എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു, മലയാളത്തിലോട്ട് മാറുന്ന കാര്യം എഴുതിക്കോടുത്തോ എന്ന്. ഇല്ല എന്ന് സമ്മതിക്കേണ്ടി വന്നു. അപ്പോള്‍ തന്നെ പ്രിന്‍സിപ്പാളിനോട് കാര്യം പറഞ്ഞ് ഓഫീസില്‍ പോയി എന്നെക്കൊണ്ട് അപേക്ഷയെഴുതിച്ചു. ഫ്രഞ്ചില്‍ നിന്നും മലയാളത്തിലേക്ക് മാറി. എനിക്കപ്പോളുണ്ടായ ദു;ഖവും ദേഷ്യവും നിരാശയും പറഞ്ഞറിയിക്കാന്‍ വയ്യ. മലയാളമെടുത്തിട്ട് ഞാനെന്താക്കും!

ഇന്നത്തെ എന്റെ ജീവിതം വച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ മലയാളം പഠിച്ചില്ലായിരുന്നെങ്കില്‍ ആര്‍ക്കും വേണ്ടാത്ത ഒരു അന്യഗ്രഹജീവിയായി മാറിയേനെ ഞാന്‍. അതായിരുന്നു അച്ഛന്റെ ദീര്‍ഘവീക്ഷണവും. ഇന്നെനിക്ക് ഒരു ഡയലോഗ് കൊണ്ടുവന്നാല്‍ നല്ലതാണോ ചീത്തയാണോ എന്നറിയാം. അത് എവിടെ എങ്ങനെ പറയണമെന്നറിയാം. എത്രയും വലിയ ഡയറക്ടറുടെ മുമ്പിലും അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നതും ആ മലയാള പഠനം തന്ന ആത്മവിശ്വാസമാണ്. ഡയലോഗുകളില്‍ അഭിപ്രായം പറയാനും തിരുത്തലുകള്‍ വേണമെങ്കില്‍ പറയാനും കഴിയുന്നത് ആ മലയാളപഠനം കൊണ്ടാണ്. അദ്ദേഹത്തിനറിയാം എനിക്ക് ദേഷ്യം വരും, ഞാന്‍ ഒരുപാട് പ്രാകിക്കാണുമെന്നൊക്കെ. അതൊന്നും അദ്ദേഹം കാര്യമാക്കിയതേയില്ല. അതായിരുന്നു അച്ഛന്‍. അന്ന് അച്ഛന്‍ അവിടെ ഇടപെട്ടില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലായിപ്പോയേനെ.

കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇനി രണ്ടു നാടക ട്രൂപ്പ് ഉണ്ടാകും എന്നാണ് ഒ.എന്‍.വിയും അച്ഛനും പരവൂര്‍ ദേവരാജനും കാളിദാസ കലാകേന്ദ്ര രൂപീകരിക്കുമ്പോള്‍ പറഞ്ഞത്. കെ.പി.എ.സിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞല്ല മറിച്ച് ആദര്‍ശങ്ങളുടെ വിപുലീകരണം എന്നാണ് അതിനെ നിര്‍വചിച്ചത്. കാളിദാസ കലാകേന്ദ്രം ആദ്യത്തെ നാടകം കളിക്കുന്ന ദിവസം അച്ഛനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. അച്ഛനും ഒ.എന്‍.വിയും ദേവരാജന്‍ മാഷും പിന്നെ ഇരുപത് കുടുംബങ്ങളും ഇനി നില്‍ക്കണോ പോണോ എന്ന് തീരുമാനിക്കുന്നത് ആദ്യത്തെ നാടകമായ ഡോക്ടര്‍ ആണ്. എല്ലാവരും ആകാംക്ഷയുടെ മുള്‍മുനയിലാണ്. കാളിദാസ കലാകേന്ദ്രം ജീവിക്കണോ മരിക്കണോ എന്ന് ഇനിയുള്ള മണിക്കൂറുകള്‍ തീരുമാനിക്കും. സദസ്സ് തിങ്ങിനിറഞ്ഞിരിക്കുന്നു. എല്ലാവരും ഉറ്റുനോക്കുകയാണ്.

നിയന്ത്രിക്കാനാവാത്ത മാനസികസമ്മര്‍ദ്ദം വന്നപ്പോള്‍ അച്ഛന്‍ പുറത്തിറങ്ങി. ഇരുട്ടിലൂടെ ഒരു പെട്ടിയുമെടുത്ത് പരിചയമുള്ളൊരാള്‍ റോഡിലേക്ക് പോകുന്നു. ഇരുട്ടില്‍ ആളിന്റെ മുഖം വ്യക്തമല്ല. അപ്പോള്‍ വന്നു നിന്ന ബസ്സിന്റെ ലൈറ്റില്‍ അച്ഛന്‍ ആളെകണ്ടു വിറച്ചുപോയി. നാടകത്തിലെ നായകവേഷം ചെയ്യേണ്ട ടി.കെ ജോണാണ് രാത്രിയില്‍ ആരോടും പറയാതെ പെട്ടിയുമെടുത്ത് ബസ്സില്‍ കയറുന്നത്! മുഖത്തെ പകുതി മേക്കപ്പുമായി അച്ഛന്‍ പിറകേയോടി അയാളുടെ കയ്യില്‍ പിടിച്ചു. ജോണെന്താ പോകുന്നത്? നാടകം തുടങ്ങാനായില്ലേ? അപ്പോള്‍ അയാള്‍ പറയുകയാണ് സ്റ്റേജില്‍ കയറാന്‍ ഭയമുണ്ടെന്ന്. നാടകത്തിലെ അതികായരാണ് മറ്റെല്ലാവരും. ഇദ്ദേഹം മാത്രമാണ് പുതിയ മുഖം. അപ്പോള്‍ ജോണിന്റെ പ്രകടനം മോശമായാല്‍ നാടകം പൊളിയുമോ എന്നു ഭയന്നാണ് ആരോടും പറയാതെ പോകുന്നത്. അയാള്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ട്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ജോണ്‍ സ്റ്റേജില്‍ കയറണ്ട, ഒരു നടന് സുഖമില്ലാത്തതുകാരണം നാടകം മാറ്റി വെക്കുന്നു എന്ന് അനൗണ്‍സ് ചെയ്യാം. നമ്മള്‍ ഒരുമിച്ചല്ലേ വന്നത്. ഒരുമിച്ച് പോകാം. അങ്ങനെ മയത്തില്‍ പലതും പറഞ്ഞ് അയാളെ ബസ്സില്‍ നിന്നിറക്കി മേക്കപ്പ് റൂമിലെത്തിച്ചു. ആ നാടകത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായ യങ്‌ഡോക്ടറിന്റെ റോളാണ് ജോണ്‍ ചെയ്യേണ്ടത്, ഓള്‍ഡ് ഡോക്ടറായി അച്ഛനും.

ഈ നാടകം നടന്നില്ലെങ്കില്‍ ഇരുപത് കുടുംബങ്ങള്‍ ഇനിയെന്തുതൊഴില്‍ ചെയ്തു ജീവിക്കും എന്നും ജോണിന്റെ പ്രകടനം മോശമായിരുന്നെങ്കില്‍ റിഹേഴ്‌സലിന്റെ സമയത്ത് തന്നെ പറഞ്ഞു വിടില്ലേ, കൂടെ നിര്‍ത്തിയത് ജോണിന് കഴിവുള്ളതുകൊണ്ടല്ലേ എന്നൊക്കെ പറഞ്ഞു ജോണിനെ ബ്രെയിന്‍ വാഷ് ചെയ്തു അദ്ദേഹത്ത സ്റ്റേജിലെത്തിച്ചു. കലാകേന്ദ്രയുടെ ആദ്യത്തെ നാടകം ഗംഭീര കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. നാടകം തീര്‍ന്നിട്ടും ഹാങ്ങോവറില്‍ ആളുകള്‍ കുറേനേരമിരുന്നു. ജോണ്‍ അസാധ്യപ്രകടനമായിരുന്നു കാഴ്ചവെച്ചത്. പിന്നീട് കലാകേന്ദ്രയുടെ സര്‍വ്വസ്വവുമായി മാറിയ ജോണ്‍ സ്വന്തമായി കാദംബരി എന്ന ട്രൂപ്പ് തുടങ്ങി, പിന്നെ കാദംബരി ടു എന്ന പേരില്‍ രണ്ടാമതൊന്നുകൂടി തുടങ്ങി. അങ്ങനെ നാടകം കൊണ്ട് വിജയം കൈവരിച്ചയാളായി മാറി. അതായിരുന്നു അച്ഛന്റെ നേതൃപാടവം.

Content Highlights: O. Madhavan, Actor Mukesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented