'കെ.ടീ നിങ്ങള് കാരണം ഉണ്ടായിരുന്ന പണി പോയിക്കിട്ടി!'- മാമുക്കോയ  


ഷബിത

കെ.ടി മുഹമ്മദ്, മാമുക്കോയ

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ പതിനാലാം ചരമവാര്‍ഷികത്തില്‍ നടന്‍ മാമുക്കോ തന്റെ ഗുരുവിനെ അനുസ്മരിക്കുന്നു.

''മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനമാണ്. മതം ഒരിക്കലും ഒരു സഡന്‍ ബ്രേക്കാവരുത്. മറിച്ച് ഒരു സ്റ്റിയറിങ്ങായിരിക്കണം.'' കെ.ടി മുഹമ്മദിനെക്കുറിച്ച് പറയുമ്പോള്‍ ഈ വാക്കുകള്‍ ഓര്‍ക്കാതെ തരമില്ല. പ്രദീപം പത്രത്തില്‍ കെ.ടിയുടെ പ്രസംഗം അതേപടി അച്ചടിച്ചു വന്നതിങ്ങനെയാണ്. അക്കാലത്ത് കുന്ദമംഗലത്തു വെച്ചുനടന്ന സുന്നി യുവജനസമ്മേളനത്തെ ലാക്കാക്കിക്കൊണ്ട് കെ.ടി നടത്തിയ ഈ പ്രസ്താവനയെ ഞാന്‍ ശരിവച്ചു. അതോടെ സുന്നി ടൈംസിലെ എന്റെ ജോലിയും തെറിച്ചു. അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു, അന്ന് ഓഫീസില്‍ കിട്ടിയ നോട്ടീസ് ഒരു നാടകപരസ്യമായിരുന്നു, അഭിനേതാക്കളുടെ കൂട്ടത്തില്‍ മാമുക്കോയയും ഉണ്ട്. അതെന്താ അഭിനയിച്ചാല്‍? എന്നായി ഞാന്‍. ആ പണി ഇവിടെ പറ്റില്ല എന്ന് മേലധികാരികളും. എന്നാ പണി നിര്‍ത്തിയെന്നു ഞാനും പറഞ്ഞു. അങ്ങനെ സുന്നി ടൈംസിലെ പണി കളഞ്ഞ് നേരെ പോയത് കെ.ടിയുടെ അടുത്തേക്കാണ്. നിങ്ങള് കാരണം ഉണ്ടായിരുന്ന പണി പോയിക്കിട്ടി എന്നും പറഞ്ഞ് ഞാന്‍ കെ.ടി യെ നോക്കി.

മതം മനുഷ്യനെ നിയന്ത്രിക്കാനുള്ള ഒന്നായിരിക്കണം എന്നാണ് കെ.ടി പറഞ്ഞത്. അല്ലാതെ മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഒന്നായി മാറരുത്. കെ.ടി എന്നാല്‍ മുഴുവന്‍ നാടകമാണ്. അന്നൊക്കെ ഞങ്ങള്‍ അരി വാങ്ങുന്നത് നാടകം കളിച്ചിട്ടാണ്. ഞങ്ങളുടെയൊക്കെ നാടകാചാര്യന്‍ കെ.ടിയാണ്. അക്കാലത്തൊക്കെ കെ.ടി ഞങ്ങളുടേത് മാത്രമായിരുന്നു. പിന്നെപ്പിന്നെ കോഴിക്കോടും കേരളവും കടന്ന് ഇന്ത്യയുടെയും ലോകനാടകത്തിന്റെയും തന്നെ കെ.ടിയായി മാറി. നോക്കിനില്‍ക്കെ അഭിമാനം കൊള്ളുന്ന വളര്‍ച്ചയായിരുന്നു അത്.

മനുഷ്യനും പ്രകൃതിയുമായിട്ടുള്ള ബന്ധം, മനുഷ്യനും സമൂഹവുമായിട്ടുള്ള ബന്ധം, മനുഷ്യനും ആചാരവും തമ്മിലുള്ള ബന്ധം, മനുഷ്യനും മതവും തമ്മിലുള്ള ബന്ധം...അങ്ങനെ മനുഷ്യനെ നിര്‍വചിക്കാന്‍, അവന്റെ ജീവിതം പറയാന്‍ കെ.ടിയോളം പ്രഗത്ഭനായിട്ടുള്ള മറ്റൊരു നാടകകാരന്‍ ഇല്ല എന്നു തന്നെ പറയാം. തോപ്പില്‍ ഭാസി എഴുതിയത് കമ്യൂണിസ്റ്റ് പ്രചരണത്തിനുവേണ്ടിയായിരുന്നു എന്നാല്‍ കെ.ടി യുടെ നാടകങ്ങളില്‍ മനുഷ്യനായിരുന്നു; പച്ചയായ മനുഷ്യനായിരുന്നു പ്രമേയം. അവന്‍ കമ്യൂണിസ്റ്റാവാം, കോണ്‍ഗ്രസ്സാവാം, ബി.ജെ.പിയാവാം. കാണികളായ മനുഷ്യരാണ് കെ.ടിയുടെ നാടകത്തിലെ കുടുംബവും രാഷ്ട്രീയവും സംസ്‌കാരവും സാഹിത്യവും ജനാധിപത്യവും തീരുമാനിച്ചത്.

ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള നിരവധി പ്രതിഭകളുടെയെല്ലാം സ്വകാര്യജീവിതം നോക്കിയാലറിയാം വളരെ കഷ്ടമായിരുന്നു എന്ന്. കെ.ടിയുടെ വ്യക്തിജീവിതത്തെ ആ ഗണത്തില്‍ ഉള്‍പ്പെടുത്താനാണ് എനിക്കാഗ്രഹം. അവരെ ഉപദേശിക്കാന്‍ നല്ല സുഹൃത്തുക്കളില്ലാഞ്ഞിട്ടോ, മാര്‍ഗദീപങ്ങള്‍ മുന്നിലില്ലാഞ്ഞിട്ടോ അല്ല, അതങ്ങനെയാണ് സംഭവിച്ചുപോകുന്നത്. യോഗം,വിധി എന്നൊക്കെ പറഞ്ഞ് സമാധാനിക്കാം. ഇവിടെ സമൂഹത്തിനും സംസ്‌കാരത്തിനും പത്തുപൈസയുടെ ഉപകാരമോ സംഭാവനയോ നല്‍കാത്ത നിരവധിയാളുകള്‍ ഗംഭീരമായി ജീവിതം നയിക്കുന്നു. എന്നാല്‍ പ്രതിഭകള്‍, സമൂഹത്തിന് നേര്‍വഴി കാണിച്ചുതന്നവര്‍ ഗതിയില്ലാതെ പലപ്പോഴും നരകിക്കുന്നു. നമ്മുടെ പ്രവാചകര്‍ പട്ടിണി കിടന്നാണ് ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിച്ചത്. എ.ആര്‍ റഹ്‌മാന്റെ പിതാവ് ആര്‍.കെ ശേഖറിന്റെ ഗുരുവായിരുന്നു എം.എസ് ബാബുരാജ്. അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരുന്നെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ശേഖര്‍ സാര്‍ ബാബുരാജിന്റെ വയലിനിസ്റ്റായിരുന്നു. ബാബുരാജ് ജീവിതത്തില്‍ അയ്യായിരം രൂപ ഒന്നിച്ചു കണ്ടിട്ടില്ല.

അതുപോലെ ഇന്ത്യ കണ്ട മഹാനടനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ദാരിദ്ര്യത്തിന്റെ കൊടുമുടി കണ്ടാണ് മരണപ്പെട്ടത്. അതുകൊണ്ടുതന്നെ കലയും പണവും രണ്ടും രണ്ടായിട്ടു കാണുക. കലയാണ് അവര്‍ക്കെല്ലാം ജീവിതം. അവരുടെ കലയെ കച്ചവടമാക്കിയവര്‍ ധാരാളമുണ്ടായിരുന്നു. കെ.ടിയെ ആരും മറക്കുന്നില്ല. 'നിങ്ങളില്ലാതെ ഞാനൊന്നുമില്ലെടോ' എന്നു പറഞ്ഞു കണ്ണ് നിറയ്ക്കുന്ന കെ.ടിയാണ് എന്നും മനസ്സില്‍. പോസ്റ്റുമാനായിരുന്ന കെ.ടിയെ ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യത്തിലാക്കിയത് കോഴിപ്പുറത്ത് മാധവമേനോന്‍ ആണ്. പ്രതിഭാധനനായ കെ.ടിയ്ക്ക് ഒരുതവണ അവാര്‍ഡ് നല്‍കിയത് അദ്ദേഹമായിരുന്നു. പിറ്റേന്ന് റെയില്‍വേസ്റ്റേഷനില്‍ മാധവമേനോന്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ കെ.ടിയുണ്ട് നടന്ന് കത്തുകള്‍ ഇടുന്നു. ''നിങ്ങള്‍ നടന്നാലെങ്ങനെ ശരിയാവും. ഇരുന്ന് ജോലിചെയ്യുകയും എഴുതുകയും വേണം'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അപ്പോള്‍ തന്നെ ശുപാര്‍ശക്കത്തെഴുതി ഹെഡ്പോസ്റ്റാഫീസില്‍ എത്തിച്ചു. പിറ്റെ ദിവസം മുതല്‍ കെ.ടി ഇരുന്നെഴുതി. അന്നൊക്കെ സ്നേഹമായിരുന്നു മനുഷ്യനെ നയിച്ചിരുന്നത്. ഇന്നതെല്ലാം വെറും കച്ചവടങ്ങളായി മാറിപ്പോയി. എങ്കിലും തലമുറകളോളം നമുക്ക് പറയാലോ ഇത് കെ.ടി ജീവിച്ചിരുന്ന ഭൂമികൂടിയാണെന്ന്!

(പുനപ്രസിദ്ധീകരണം)

Content Highlights: actor mamukkoya remembers his master playwright k t muhammed on his 14 death anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented