''കശുവണ്ടിയും ഫ്രഞ്ച് വിപ്ലവവും തമ്മിലുള്ള ബന്ധം?'' വൈലോപ്പിള്ളി വിസ്മയത്തോടെ ചോദിച്ചു


ഇന്നസെന്റ്

വൈലോപ്പിള്ളി പൊട്ടിച്ചിരിച്ചു. അപ്പനും ചിരിക്കാതിരിക്കാനായില്ല. ഗിരിജട്ടീച്ചര്‍ ഗൗരവംവിട്ട് ഒന്നുലഞ്ഞ് ചിരിച്ചു. അപ്പോഴും എന്റെ മുഖത്ത് ഗൗരവമായിരുന്നു. ഞാന്‍ തമാശയൊന്നും പറഞ്ഞിട്ടില്ലല്ലോ, സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. കളവുകള്‍ ധാരാളമുള്ള ലോകത്ത് സത്യംപറഞ്ഞാല്‍ അത് തമാശയാവും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

ഇന്നസെന്റ്, വൈലോപ്പിള്ളി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

ചുറ്റിലും കേള്‍ക്കുന്നതും കാണുന്നതുമെല്ലാം ആവര്‍ത്തന വിരസമാണ്. കോവിഡ്, സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, ചൈനയുമായുള്ള ശണ്ഠ, അമേരിക്കന്‍ തിരഞ്ഞെടുപ്പ്, ലോക്ഡൗണ്‍, കണ്‍ടെയ്ന്‍മെന്റ് സോണ്‍, സൂപ്പര്‍സ്പ്രെഡ്, ക്വാറന്റീന്‍... തുടങ്ങി എല്ലാം നിത്യേന കേള്‍ക്കുന്ന കാര്യങ്ങള്‍ത്തന്നെ. എനിക്ക് നന്നായി മടുത്തു. പോരാത്തതിന് ഒരിടവേളയ്ക്ക് മാറിനിന്ന കാന്‍സര്‍ വീണ്ടും വന്നു. ഭാര്യ ആലീസിന് കോവിഡും വന്നു. എനിക്കുകിട്ടുന്ന എന്തും തനിക്കും വേണം എന്നതായിരുന്നു എല്ലാകാലത്തും അവളുടെ വാശി. ഞാന്‍ നല്ലൊരു കസവുമുണ്ടുവാങ്ങിയാല്‍ അവള്‍ക്കൊരു കസവു സാരി വേണം; പുതിയ ചെരിപ്പ് വാങ്ങിയാല്‍ അവള്‍ക്കും വേണം ഒരു ചെരിപ്പ്; ഷൂട്ടിങ്ങിന്റെ ഭാഗമായി ഞാന്‍ എവിടെയെങ്കിലും പോയി വന്നാല്‍ ഉടന്‍ എല്ലാവരുംകൂടി ഒരു ടൂര്‍ പോണം. എന്തിലും സമാസമം ആവണം. കഴിഞ്ഞതവണ എനിക്കു വന്ന കാന്‍സര്‍ അവളും പങ്കിട്ടു. ഇത്തവണ അതിന് സാധിക്കാത്തതുകൊണ്ട് കോവിഡ് സംഘടിപ്പിച്ചു. അങ്ങനെ മൊത്തത്തില്‍ ഒരു മടുപ്പ് വന്നപ്പോള്‍ ഞാനെന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. എല്ലാകാലത്തും എല്ലാ തിരിച്ചടികളില്‍നിന്നും എന്റെ രക്ഷ സംഭവബഹുലമായ എന്റെ കുട്ടിക്കാലമാണ്. എന്തെങ്കിലും ഒരു പുതിയ ഓര്‍മ ഈ തിരിച്ചുപോക്കുകള്‍ എനിക്ക് നല്‍കാറുണ്ട്. ഇത്തവണയും അങ്ങനെയൊന്ന് കിട്ടി.

ഞാന്‍ എട്ടാം ക്ലാസില്‍ മൂന്നാം തവണയും തോറ്റിരിക്കുന്ന സമയം. ആറിലും ഏഴിലും മൂന്നുവര്‍ഷംവീതം തോറ്റാണ് ഞാന്‍ എട്ടാം ക്ലാസില്‍ എത്തിയതെന്ന് നിങ്ങള്‍ ഓര്‍ക്കണം. സാമാന്യം ഒരു ഒത്ത മനുഷ്യനായിരിക്കുന്നു ഞാന്‍. മറ്റുള്ള കുട്ടികളെല്ലാം വെറും പീക്കിരികള്‍ എന്നൊരു തോന്നലും മനസ്സില്‍ ഉണ്ടായിത്തുടങ്ങി. അധ്യാപകര്‍ക്കും എന്നോടൊരു ബഹുമാനം ഉണ്ടായിത്തുടങ്ങുന്നുണ്ടോ എന്നൊരു സംശയം.

അങ്ങനെയാണ് ഗിരിജ എന്നൊരു പുതിയടീച്ചര്‍ വന്നത്. അവരായിരുന്നു എട്ടാം തരത്തിലെ എന്റെ മൂന്നാംവര്‍ഷത്തെ സോഷ്യല്‍സ്റ്റഡീസ് ടീച്ചര്‍ (അതിനുമുമ്പ് പലരും പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ എത്ര ടീച്ചര്‍മാരെ കണ്ടിരിക്കുന്നു എന്നാണ് ഓരോ പുതിയ ടീച്ചര്‍ വരുമ്പോഴും എന്റെ മനസ്സിലെ ഭാവം). ടീച്ചര്‍ വന്നപ്പോള്‍ത്തന്നെ 'ഓള്‍ സ്റ്റാന്‍ഡപ്പ്, സിറ്റ് ഡൗണ്‍' പറഞ്ഞുതുടങ്ങി. എല്ലാ കുട്ടികളും ആവേശത്തോടെ എഴുന്നേറ്റുനില്‍ക്കുകയും ഇരിക്കുകയും ചെയ്തു. ആദ്യത്തെ രണ്ടുതവണ കഴിഞ്ഞപ്പോഴേക്കും എന്റെ കാലിന്റെ മുട്ട് വേദനിച്ചുതുടങ്ങി. മറ്റുള്ള കുട്ടികളെപ്പോലെയല്ല, പ്രായം നല്ലോണമുണ്ടേ. എന്റെ നില്‍പ്പും ഇരിപ്പും എല്ലാം പതുക്കെയായി. ഗിരിജട്ടീച്ചര്‍ ഇത് ശ്രദ്ധിച്ചു. 'ഓള്‍ സ്റ്റാന്‍ഡപ്പ്, സിറ്റ് ഡൗണ്‍' കഴിഞ്ഞപ്പോള്‍ ടീച്ചര്‍ എന്നോടു ചോദിച്ചു: ''എന്താണ് എഴുന്നേല്‍ക്കാനും ഇരിക്കാനും ഒക്കെ ഒരമാന്തം?''

''വയ്യ, അതോണ്ടന്നെ'' ഞാന്‍ പറഞ്ഞു

''വയ്യാന്നോ...'' ടീച്ചര്‍ അല്പം ദേഷ്യത്തോടെ ചോദ്യം തുടര്‍ന്നു

''പ്രായം ണ്ടേ...'' ഞാന്‍ ഉത്തരങ്ങള്‍ ചുരുക്കി

''എന്താ തന്റെ പേര്?''

''ഇന്നസെന്റ്'''

''ഓ താനാണോ ഇന്നസെന്റ്... എന്താ ഈ എട്ടാം ക്ലാസില്‍നിന്ന് പോവാനുള്ള ഭാവമൊന്നുമില്ലേ..?''

''പറഞ്ഞുവിട്ടാലല്ലേ പോവാന്‍ സാധിക്കൂ'' -ക്ലാസ് മുഴുവന്‍ കുലുങ്ങിച്ചിരിച്ചു

''വലിയ തമാശക്കാരനാണ് എന്ന് കേട്ടിട്ടുണ്ട്. ടീച്ചേഴ്സ് റൂമില്‍വെച്ച് മറ്റുള്ള ടീച്ചര്‍മാര് പറഞ്ഞു. അത് എന്നോട് വേണ്ടാ. തന്നെ ഇത്തവണ എട്ടാം ക്ലാസ് കടത്തിവിടാമോയെന്ന് ഞാനൊന്ന് നോക്ക?െട്ട.''ഗിരിജട്ടീച്ചറുടെ നീണ്ടമൂക്ക് ചുവന്നു തുടങ്ങിയിരുന്നു.

''കടത്തിവിട്ടാല്‍ എല്ലാവര്‍ക്കും നല്ലത്'' ഞാന്‍ അധികം ശബ്ദം പൊങ്ങാതെ പറഞ്ഞു. അടുത്തിരിക്കുന്നവര്‍ എല്ലാവരും കേട്ടു. അവര്‍ ചിരിച്ചു.

എനിക്കൊന്നും നഷ്ടപ്പെടാനില്ലായിരുന്നു. നേടാനാണെങ്കില്‍ ഒരുപാടുണ്ടായിരുന്നുതാനും.

''ഞാന്‍ പഠിക്കുമ്പോ കേരളവര്‍മ കോളേജിലെ രാഷ്ട്രീയംകണ്ട് വന്നയാളാ... തന്റെ കളി ഇവിടേക്കെടുക്കേണ്ട'' ടീച്ചര്‍ കടുപ്പിച്ചു.

''അതിന് ഇത് കേരളവര്‍മ കോളേജല്ലല്ലോ...'' ഞാനും വിട്ടില്ല

ടീച്ചര്‍ക്ക് നന്നായി ദേഷ്യം വന്നു. ''നിന്നെ ശരിയാക്കിത്തരാം'' എന്ന ഭാവത്തില്‍ അവര്‍ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചുള്ള പാഠം തുടങ്ങി. വോള്‍ട്ടയര്‍, റൂസ്സോ, മോണ്ടെസ്‌ക്യു... വലിയ വലിയ ചിന്തകരുടെ പേരുകളോടെ ക്ലാസ് പുരോഗമിച്ചു.

പിറ്റേന്ന് ഗിരിജട്ടീച്ചറുടെ ക്ലാസില്‍ ഫ്രഞ്ച് വിപ്ലവത്തിലെ ചോദ്യങ്ങളായിരുന്നു. ആദ്യത്തെ ചോദ്യംതന്നെ എന്നോടായിരുന്നു. എന്നെ കാച്ചാനുള്ള പരിപാടിയാണ് എന്നെനിക്ക് അപ്പോള്‍ത്തന്നെ പിടികിട്ടി. നമ്മളിതെത്ര കണ്ടതാണ്! ഫ്രഞ്ച് വിപ്ലവം എങ്ങനെ, ആര് നടത്തിയാലും എനിക്കൊരു വിരോധവുമില്ലാത്തതുകൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മൗനം പാലിച്ചു.

''ഇന്നസെന്റ് നാളെ വരുമ്പോള്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ഈ പാഠം അമ്പതു തവണ എഴുതിക്കൊണ്ടുവരണം''

''നാളെക്കൊണ്ട് അമ്പതു പ്രാവശ്യം എഴുതാന്‍ സാധിക്കും എന്ന് തോന്നുന്നില്ല...'' ഞാന്‍ പറഞ്ഞു

''അതെന്താ...''

''ഓവര്‍ലോഡാണ്. എനിക്ക് ഇതിന്റെ ഒരു രീതി നന്നായറിയാം ടീച്ചറേ... ഞാനിത് കുറെ കണ്ടതാണ്. ഈ പാഠത്തിന്റെ വലുപ്പവും കൈയിലുള്ള സമയവും വെച്ച് കണക്കുകൂട്ടുമ്പോള്‍ നാളേക്ക് അമ്പതു തവണ എഴുതുക എന്നത് അസാധ്യമാണ്'' ''അതൊന്നും എനിക്കറിയേണ്ട. അമ്പത് പ്രാവശ്യം ഈ പാഠം എഴുതി വന്നാല്‍ മതി. എന്നിട്ട് തീരുമാനിക്കാം ഈ ക്ലാസില്‍ തുടരണോ എന്ന കാര്യം.'' ഞാന്‍ ഒന്നും മിണ്ടിയില്ല.

പിറ്റേന്ന് ടീച്ചര്‍ പറഞ്ഞതുപോലെ പാഠം അമ്പതുതവണ എഴുതി ഞാന്‍ ക്ലാസിലെത്തി. ടീച്ചര്‍ പുസ്തകം വാങ്ങിനോക്കി. എന്നിട്ട് എന്നെ നോക്കി. പിന്നെയും പുസ്തകത്തിലേക്ക് നോക്കി. എന്നിട്ട് എന്നെ നോക്കി. ഇങ്ങനെ കുറച്ചുനേരം തുടര്‍ന്നു. ഞാന്‍ 'മിഥുനം' എന്ന സിനിമയില്‍ നെടുമുടി വേണുവിന്റെ കഥാപാത്രമായ ചേര്‍ക്കോണം സാമി നാളികേരം എറിഞ്ഞുടയ്ക്കുന്ന സമയത്ത് എന്റെ കഥാപാത്രം നില്‍ക്കുന്നതുപോലെ നിന്നു. ടീച്ചര്‍ ഒന്നും മിണ്ടുന്നില്ല. ഞാനും.

''ഇത് ഇന്നസെന്റ് തന്നെ എഴുതിയതാണോ?'' ടീച്ചര്‍ ചോദിച്ചു. എവിടെയോ അവര്‍ക്ക് സംശയം മണത്തിരിക്കുന്നു

''അതെ'' ഞാന്‍ അമര്‍ത്തിപ്പറഞ്ഞു

പിന്നേയും ടീച്ചര്‍ പുസ്തകത്തിലേക്ക് നോക്കി. തുടര്‍ന്ന് എന്റെ മുഖത്തേക്കും. അതുകഴിഞ്ഞ് അവര്‍ നോട്ടുപുസ്തകവുമായി പുറത്തുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍ എന്നോട് ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു ഹെഡ് മാസ്റ്റര്‍. ഞാനവിടെ ചെന്നുനിന്നു. വൈലോപ്പിള്ളി ഒന്നും പറഞ്ഞില്ല. ഗിരിജട്ടീച്ചറും അവിടെയുണ്ട്. അവര്‍ ആരെയോ കാത്തുനില്‍ക്കുകയായിരുന്നു. പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ എന്റെ അപ്പന്‍ തെക്കേത്തല വറീത് അങ്ങോട്ട് അല്പം പരിഭ്രമത്തോടെ കയറിവന്നു. വൈലോപ്പിള്ളിയുടെ മുറിയില്‍ എന്നെ കണ്ടപ്പോള്‍ അപ്പന്റെ പരിഭ്രമം ഒറ്റയടിക്ക് മാറി. കാര്യം പിടികിട്ടിയപോലെ. വൈലോപ്പിള്ളിയും അപ്പനും സുഹൃത്തുക്കളാണ്. ഇരിങ്ങാലക്കുട മഹാത്മാ വായനശാലയില്‍ കണ്ടുള്ള പരിചയമാണ്. കണ്ടയുടനെ അവര്‍ തമ്മില്‍ ഒന്നു ചിരിച്ചു. ആ ചിരിയുടെ അര്‍ഥം ഗിരിജട്ടീച്ചര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്കു മനസ്സിലായി.

gopi

''ഇത് താന്‍ തന്നെ എഴുതിയതാണോ?'' വൈലോപ്പിള്ളി ചോദിച്ചു

''ഇത്രയുമധികം ഒരുദിവസം കൊണ്ട് എഴുതാന്‍ സാധിക്കില്ല എന്ന് ഞാന്‍ ടീച്ചറോട് പറഞ്ഞതാണ്'' ഞാന്‍ പറഞ്ഞു

''എന്നിട്ട് എന്തു ചെയ്തു?''-വൈലോപ്പിള്ളി

''ഞങ്ങളുടെ വീട്ടില്‍ കശുവണ്ടിയുണ്ട്''

''കശുവണ്ടിയും ഫ്രഞ്ച് വിപ്ലവവും തമ്മിലുള്ള ബന്ധം?'' വൈലോപ്പിള്ളി വിസ്മയത്തോടെ ചോദിച്ചു

''അതുണ്ട്'' ഞാന്‍ പറഞ്ഞു

''എന്താണ്?'' മഹാകവിക്ക് അദ്ഭുതം കൂടുകയായിരുന്നു ''കശുവണ്ടി കൊടുത്ത് ഞാന്‍ എഴുതിച്ചതാണ് ഇവയെല്ലാം. പത്ത് കശുവണ്ടിക്ക് അഞ്ച് തവണ ഫ്രഞ്ച് വിപ്ലവം എഴുതിത്തരണം. അതായിരുന്നു കരാര്‍''

വൈലോപ്പിള്ളി പൊട്ടിച്ചിരിച്ചു. അപ്പനും ചിരിക്കാതിരിക്കാനായില്ല. ഗിരിജട്ടീച്ചര്‍ ഗൗരവംവിട്ട് ഒന്നുലഞ്ഞ് ചിരിച്ചു. അപ്പോഴും എന്റെ മുഖത്ത് ഗൗരവമായിരുന്നു. ഞാന്‍ തമാശയൊന്നും പറഞ്ഞിട്ടില്ലല്ലോ, സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. കളവുകള്‍ ധാരാളമുള്ള ലോകത്ത് സത്യംപറഞ്ഞാല്‍ അത് തമാശയാവും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

''ഇവന്‍ വലുതാവുമ്പോ കോണ്‍ട്രാക്ടര്‍ ആവുംന്നാ മാഷേ തോന്നണേ'' അപ്പന്‍ പറഞ്ഞു. ''ഇപ്പഴേ സബ് കോണ്‍ട്രാക്ട് കൊടുത്തുതുടങ്ങി''

മാപ്രാണത്തെ കട തുറന്നിട്ടുപോന്നതുകൊണ്ട് അധികം സംസാരിക്കാതെ അപ്പന്‍ പോയി. മുറിയില്‍ ഞാനും വൈലോപ്പിള്ളിയും ഗിരിജട്ടീച്ചറും മാത്രമായി. ടൗവലെടുത്ത്, കണ്ണടമാറ്റി, മുഖത്തെ വിയര്‍പ്പ് തുടച്ച് ഒരു ഇളംചിരിയോടെ വൈലോപ്പിള്ളി എന്നെ നോക്കി: ''വീട്ടില്‍ കശുവണ്ടിയുണ്ടെങ്കില്‍ നീ എത്രപ്രാവശ്യം വേണമെങ്കിലും എഴുതും അല്ലേ?''

''എഴുതും. വേണേങ്കി ഈ ഫ്രഞ്ച് വിപ്ലവത്തിന്റെ ആള്‍ക്കാരെ മുഴുവന്‍ ഞാന്‍ ഇവടെ കൊണ്ടുവരും. വേണോ?'' ഞാന്‍ ചോദിച്ചു

അപ്പോള്‍ വൈലോപ്പിള്ളി താനിരിക്കുന്ന കസേര ചൂണ്ടി എന്നോട് മറ്റൊരു ചോദ്യം: ''ഇവടെ ഇരിക്കണംന്ന്ണ്ടോ?'' അത് കേട്ടപ്പോള്‍ ഞാനും ചിരിച്ചുപോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു. സ്‌കൂള്‍ പഠനമൊക്കെ മുടങ്ങി പലപല വഴികളിലലഞ്ഞ് ഞാന്‍ ഒടുവില്‍ ഒരു സിനിമാ നടനായി. ഒരിക്കല്‍ ഇരിങ്ങാലക്കുടയിലെ ഒരു ചടങ്ങില്‍ വെച്ച് വൈലോപ്പിള്ളിയെ ഞാന്‍ വീണ്ടും കണ്ടു. ഞാന്‍ അല്പം പരിഭ്രമത്തോടെ ചോദിച്ചു:

''സാറിന് എന്നെ ഓര്‍മയുണ്ടോ?''

നേര്‍ത്ത നിലാവുപോലുള്ള ഒരു ചിരിയോടെ അദ്ദേഹം എന്നോട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു: ''ഇന്നസെന്റല്ലേ. തന്നെ എനിക്ക് മറക്കാനാവുമോ? ഇപ്പഴും തനിക്ക് വോള്‍ട്ടയര്‍, റൂസ്സോ, മോണ്ടെസ്‌ക്യു എന്നിവരൊക്കെയായി ബന്ധമുണ്ടോ?''

അതുകേട്ട് ഞാനാകെ ചൂളിപ്പോയി. മനസ്സിലും ശിരസ്സിലും നിറയെ മനോഹരമായ കാവ്യസങ്കല്പങ്ങള്‍ നിറച്ച് ജീവിക്കുന്ന വൈലോപ്പിള്ളി എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ അഭിമാനം തോന്നി. അത് എന്റെ ചില വികൃതികളുടെയും നേരമ്പോക്കുകളുടെയും പേരിലാണെങ്കിലും എനിക്കത് അഭിമാനം തന്നെയാണ്. ഇപ്പോള്‍ എന്റെ മകന്‍ സോണറ്റിന്റെ മക്കളായ അന്നയും ഇന്നസെന്റ് ജൂനിയറും അവരുടെ പുസ്തകങ്ങളില്‍ വോള്‍ട്ടയറുടെയും റൂസ്സോയുടെയും മോണ്ടെസ്‌ക്യുവിന്റെയും പാഠഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ ഗിരിജട്ടീച്ചറെ ഓര്‍ക്കും, വൈലോപ്പിള്ളിയെ ഓര്‍ക്കും, എന്റെ അപ്പനെ ഓര്‍ക്കും, വീട്ടിലെ പൂത്ത കശുവണ്ടിയെയും ഓര്‍ക്കും.

വൈലോപ്പിള്ളി പൊട്ടിച്ചിരിച്ചു. അപ്പനും ചിരിക്കാതിരിക്കാനായില്ല. ഗിരിജട്ടീച്ചര്‍ ഗൗരവംവിട്ട് ഒന്നുലഞ്ഞ് ചിരിച്ചു. അപ്പോഴും എന്റെ മുഖത്ത് ഗൗരവമായിരുന്നു. ഞാന്‍ തമാശയൊന്നും പറഞ്ഞിട്ടില്ലല്ലോ, സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. കളവുകള്‍ ധാരാളമുള്ള ലോകത്ത് സത്യംപറഞ്ഞാല്‍ അത് തമാശയാവും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

Content Highlights: Actor Innocent memory Vailoppilli Sreedhara Menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented