ആർ രാജശ്രീ
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആര് രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന പുസ്തകത്തെ കുറിച്ച് ലക്ഷ്മി ആര് എസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്
പ്രിയപ്പെട്ട ദാക്ഷായണിയേച്ചി,
ഞാനിങ്ങു തെക്കു തിരുവനന്തപുരത്തൂന്നാണ്കേട്ടോ ഇതെഴുതുന്നത്. നിങ്ങടേം കല്യാണിയേച്ചീടേം കഥ വായിച്ചപ്പോ ഇങ്ങനൊരു കത്തെഴുതണമെന്നു തോന്നി. അപ്പോ നിങ്ങള്‍ കരുതും 2 പേരുടെയും കഥ വായിച്ചിട്ട് ഇവളെന്തിനാണപ്പാ എനിക്ക് മാത്രം കത്തെഴുതണേന്ന്! നിങ്ങളാ യക്ഷീന്റെ കൂടെ വയലില്‍ കൂടെ പോയ രാത്രി ഇല്ലേ, അത് വായിച്ചിട്ട് കിടന്ന ഞാനാ കണ്ണടച്ചപ്പോ ദാണ്ടെ നിക്കുന്നു നിങ്ങളും ഞാനും കൂടെ ആ വയലില്‍. എന്തൊക്കെയോ പറഞ്ഞു നമ്മളാ വരമ്പില്‍ കൂടെ നടക്കുവാ, അത്രയേ എനിക്കോര്‍മ്മയുള്ളൂ!
നിങ്ങളെ പോലത്തെ നല്ല ഉശിരുള്ള പെണ്ണുങ്ങള് എന്റെ നാട്ടിലും ഉണ്ട് കേട്ടോ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തമായിട്ടൊരു യൂണിവേഴ്സ് ഉള്ള പെണ്ണുങ്ങള്. എന്റമ്മക്കാണ് അത് ഞാന്‍ ആദ്യം കാണുന്നത്. ഭൂകമ്പങ്ങള്‍ പലതുണ്ടായപ്പോഴും, ഒട്ടും കുലുങ്ങാതെ സന്തോഷമായിട്ടു കുടുംബം മുന്പോട്ട് കൊണ്ട് പോകാന്‍ അമ്മക്ക് കഴിഞ്ഞതു ആ യൂണിവേഴ്സിന്റെ ബലത്തിലാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എങ്ങനെ കഴിയുന്നു എന്നു ചോദിക്കുമ്പോഴൊക്കെ അമ്മ പറയുന്നത് 'എന്റെ മനസ്സാക്ഷി എന്നോടിങ്ങനെ പറഞ്ഞു, അതെന്നെ തന്നെ സാമാധാനിപ്പിച്ചു' എന്നൊക്കെയാ.
പിന്നെ നിങ്ങടെ സിനിമാപ്രാന്ത് കേട്ടപ്പോ എനിക്ക് എന്റെ അമ്മായിയമ്മയെ ആണ് ഓര്മ വന്നത്. അമ്മ പണ്ട് ചെറുതിലെ സ്വന്തം ചേച്ചീടെ കൂടെ പോയി കൊറേ സിനിമകള്‍ കണ്ടൊരു മിടുക്കിയാണ്. അത് മാത്രമല്ല, പറയാനുള്ളത് ഏത് ദൈവം തമ്പുരാനോടാണേലും മുഖത്ത് നോക്കി പറയാനും പറ്റില്ലെങ്കില്‍ പറ്റില്ലന്നു ഒരു ദാക്ഷിണ്യവും കൂടാതെ പറയണമെന്നുമൊക്കെ ഞാന്‍ പഠിച്ചത് എനിക്ക് രണ്ടാമത് കിട്ടിയ അമ്മേടെ കൈയീന്നാ. അത് അതേ പോലെ കിട്ടിയ വേറെ 2 എണ്ണം കൂടെ എന്റെ വീട്ടിലുണ്ട് ഒന്നെന്റെ മോളും പിന്നൊന്നു അവള്ടപ്പനും.
മോള്‍ടെ കാര്യം പറഞ്ഞപ്പഴാ ഒന്നോര്‍ത്തെ, ഞാന്‍ നിങ്ങടെ കഥ വായിക്കണ കേട്ടിട്ട് മോള് വന്നു ചോദിച്ചു അവള്‍ക്കും കൂടെ ആ കഥ പറഞ്ഞു കൊടുക്കാന്‍. ഞാന്‍ പിന്നെ നിങ്ങടെ 2 ഡയലോഗ് വെച്ച കാച്ചി അത് കേട്ടപ്പോ 'എന്ന് വെച്ചാ എന്തോന്നമ്മാ... അതെന്തമ്മാ അങ്ങനെ പറയണത്, ഇതെന്തമ്മാ ഇങ്ങനെ പറയണത്' ഇത്യാദി ചോദ്യങ്ങള്‍ ലൂപ്പില്‍ ഇട്ടു ചോദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ തോറ്റു പിന്മാറി.
അവളെയും കുറ്റം പറയാന്‍ പറ്റത്തില്ല. പണ്ട് ഹോസ്റ്റലില്‍ വെച്ചാണ് കണ്ണൂര്‍ ഭാഷ ഞാനും ആദ്യമായിട്ട് കേള്‍ക്കുന്നത്. തിരുവനന്തപുരവും കോഴിക്കോടും അടക്കി വാണിരുന്ന സാമ്രാജ്യത്തിലേക്ക് ഒരു കണ്ണൂര്കാരി എത്തുന്നു. ഞങ്ങളാദ്യം സംസാരിച്ചപ്പോ 'ഈശ്വരാ മനസ്സിലാവാത്ത മലയാളവും ഉണ്ടോ' എന്ന് 2 പേര്‍ക്കും പരസ്പരം തോന്നിയിരുന്നു. ഒടുവില്‍ ദേശത്തിന്റെ അതിര് വരമ്പുകളെ സൗഹൃദം ഭേദിച്ചപ്പോള്‍ എന്റെ 'വോ...' യും അവളുടെ 'ആടെ ഈടെ' യും ഞങ്ങള്‍ പരസ്പരം കൈമാറി പിരിഞ്ഞു. ഈ ബുക്ക് വായിച്ചു തുടങ്ങിയപ്പോ ഞാന്‍ എന്റെ കോഴിക്കോടിനോടും കണ്ണൂരിനോടും പറഞ്ഞിരുന്നു 2 വര്‍ഷം കണ്ണൂരും തിരുവനന്തപുരവും അടുത്തടുത്ത് കഴിഞ്ഞോണ്ടൊരു ഗുണം ഉണ്ടായി എന്ന്.
ഞങ്ങടെ തിരുവന്തപുരം ഭാഷക്ക് വല്ലാത്തൊരു കോണ്‍ഫിഡന്‍സ് ഉം ഉശിരും ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട് അത് പോലെ തന്നെയാ നിങ്ങടെ ഭാഷയും. നടുവിലത്തെ ഭാഷകള്‍ക്ക് ഒരു ഓമനത്തവും ലാളിത്യവും ആണ്. അത് ചിലപ്പോ നമ്മളിങ്ങു തെക്കേ അറ്റവും വടക്കേ അറ്റവും ആയോണ്ടാവും 'ദാരിക വീരാ പോരിന് വാടാ' എന്ന ഒരു ലെയിന്‍ സ്ലാങ്ങ് (അല്ലെങ്കില്‍ ചിലപ്പോ നടുക്കുള്ള നാട്ടുകാരുടെ തെറി വിളി ഞാന്‍ കേട്ടിട്ടില്ലാത്തൊണ്ടും ആവാം കേട്ടോ ). പിന്നെ നമ്മടെ കല്യാണിയേച്ചി എന്തു പറയുന്നു? അവരും ബിജുവും തമ്മിലുള്ള വഴക്കൊക്കെ തീര്‍ന്നോ? അമ്മയും മക്കളും അല്ലേലും എപ്പോഴും അങ്ങനെയാണല്ലോ. അമ്മമാരെ മറ്റൊരു വ്യക്തിയായി കാണാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ലലോ, അതിന്റെയാ. അവനോട് പറയണം അമ്മയും അവനെ പോലെ മറ്റൊരു വ്യക്തിയാണെന്ന്. ഇന്നല്ലെങ്കില്‍ നാളെ അവനത് മനസ്സിലാവുമായിരിക്കും. ആഹ് അതൊക്കെ പോട്ടെ, കഥ കഴിഞ്ഞപ്പോ എനിക്ക് നല്ല സങ്കടായി കേട്ടോ.
കയ്യിലെ കാശിന്റെ നനവ് പോകാതിരിക്കാന്‍ കയ്യിലെ തഴമ്പു കൊണ്ട് ജീവിക്കണ ചില പെണ്ണുങ്ങളെ ഞാന്‍ എന്റെ സുഹൃത്തുക്കളിലും, ബന്ധുക്കളിലും,അയല്പക്കത്തും ഒക്കെ കണ്ടിട്ടുണ്ട്. അവരിലൊക്കെ ഞാന്‍ നിങ്ങടെ കഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അല്ലേലും പെണ്ണുങ്ങള് അങ്ങനെയാണല്ലോ, ദേശം, ഭാഷ, പേര് ഒക്കെ മാറും പക്ഷെ കഥകള്‍ ഒന്ന് തന്നെയായിരിക്കും. പെണ്ണുങ്ങളും ഭാഷയും ഒരുപോലെ ആണെന്നു ചിലപ്പോ എനിക്കു തോന്നാറുണ്ട്. 14 ജില്ലകളിലും സംസാരിക്കുന്ന ഭാഷ മലയാളം ആണെങ്കിലും അത് തരുന്ന ഫീല്‍ 14-ല്‍ കൂടുതലാണ്. പറഞ്ഞിട്ടും പറഞ്ഞിട്ടും നിര്‍ത്താന്‍ പറ്റണില്ല എനിക്ക്. എന്നാലും തല്ക്കാലം നിര്‍ത്തുവാ ദാക്ഷായാണിയേച്ചി... എന്നേലും എവിടേലും വെച്ചു കാണാമെന്നു പ്രതീക്ഷയോടെ,
സ്വന്തം
തെക്കൂന്നൊരു അനിയത്തി
ഇനി ടീച്ചറോട്,
ഇഷ്ടമുള്ളവയെ കുറിച്ച് ഫുള്‍ സ്റ്റോപ്പിടാതെ സംസാരിച്ചു ശീലിച്ച എനിക്ക് മനസ്സിനെ ഇത്രമേല്‍ സ്വാധീനിച്ച ഒരു പുസ്തകത്തെ പറ്റി എങ്ങനെ 2 വരിയില്‍ ചുരുക്കി എഴുതാന്‍ കഴിയും? ദാക്ഷായണിയേച്ചിക്കും, കല്യാണിയേച്ചിക്കും, കുഞ്ഞിപ്പെണ്ണിനും, ചേയിക്കുട്ടിക്കും, വല്യേച്ചിക്കും, ലക്ഷ്മണനും, ലീസിക്കും, രാമേന്ത്രനും, ബിജുവിനും, കൈശുമ്മക്കും, അബുബക്കറിനും ഒക്കെ എന്റെ മനസ്സില്‍ വ്യക്തമായ മുഖങ്ങളുണ്ട്. മരണം മനസിലെ ഒരുപാട് ഭാരങ്ങള്‍ ഇറക്കുമെന്നൊരു ധാരണ എനിക്കുണ്ടായിരുന്നു, പക്ഷെ വല്യേച്ചീടെ മനസ്സിലെ നീറ്റല്‍ കണ്ടപ്പോ ഈശ്വരാ ഇതൊക്കെ മരിച്ചാലും മാറൂലേ എന്നു തോന്നിപ്പോയി. പൊതുവെ വില്ലന്‍ ഒഴികെ മറ്റാരും മരിക്കുന്ന സിനിമകള്‍ പോലും കാണാത്ത എനിക്ക്, ഇതിലെ ചില ഇഷ്ടകഥാപാത്രങ്ങളുടെ വേര്‍പാട് വിഷമമുണ്ടാക്കുമെന്നു ഞാന്‍ ഭയപ്പെട്ടിരിന്നെങ്കിലും, മരണം ശരീരത്തിന് മാത്രമേ ഉള്ളു, എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ളൊരു തോന്നല്‍ വല്ലാത്ത സന്തോഷം തന്നു.
ഞാനായിട്ടു പോയി പുസ്തകം സെലക്ട് ചെയ്തു വാങ്ങുന്ന പതിവില്ലാത്തതാണ്. പക്ഷെ ഇത് എന്നെ തേടി താനേ വന്ന പുസ്തകം പോലെ തോന്നി. ബുക്ക് സ്റ്റാളില്‍ ഈ ബുക്ക് കണ്ണില്‍ പെട്ടതും ആരൊക്കെയോ ഇരുന്ന് വിളിക്കുന്നത് പോലെ തോന്നി. കല്യാണിയേച്ചീടെ ആലയില്‍ ഇരുന്നു തദ്ദേശിയയും കുടിയേറ്റക്കാരികളും ആയിരുന്നു അതെന്നു പിന്നീട് എനിക്ക് തോന്നി. ബുക്കിന്റെ ആദ്യ പേജില്‍ തുടങ്ങിയ കണക്ഷന് അവസാനം വരെയും വിടാതെ കൊണ്ടെത്തിക്കാന്‍ ടീച്ചറിന്റെ എഴുത്തിനു കഴിഞ്ഞു. ഒരുപാട് കുഞ്ഞു കുഞ്ഞു കുറിപ്പുകള്‍ ഉള്ളവരായിരിക്കും നമ്മളില്‍ പലരും. അതൊക്കെ കൂട്ടിച്ചേര്‍ക്കാന്‍ പറ്റാതെ വരുമ്പോ എഴുതണം എന്ന് ആഗ്രഹിച്ചാലും വേണ്ട ശെരിയാവില്ല എന്നൊരു തോന്നല്‍ വന്നു നിര്‍ത്തും. പക്ഷെ ടീച്ചറിന്റെ സ്റ്റൈല്‍, എഴുത്തിന്റെ രീതിക്ക് പുതിയൊരു വാതില്‍ തന്നെ തുറന്നു തന്നു. അതിനൊരുപാട് നന്ദി.
ഇവളെന്താ ഈ എഴുതണേ എന്ന് ഇനിയും മനസ്സിലാവാത്ത സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍, ഇത് ഞാന്‍ വായിച്ചൊരു പുസ്തകത്തെ കുറിച്ച് എന്റെ രീതിക്കു ഞാന്‍ എഴുതിയ ഒരു കുറിപ്പാണു കേട്ടോ. കല്യാണിയേച്ചീടേം ദാക്ഷായണിയേച്ചീടേം കഥ കേള്ക്കണമെന്നുണ്ടെല് ഒന്നും ആലോചിക്കേണ്ട മാതൃഭൂമി ബുക്സില്‍ അവരുണ്ട്. അവര്‍ മാത്രല്ല അവരെ പോലെ വേറെയും കൊറേ യേച്ചിമാരും, യക്ഷിയും, അമ്മമാരും, ഉമ്മമാരും, കൊറേ മിണ്ടുന്ന മിണ്ടാപ്രാണികളും ഒക്കെ ഉണ്ട്.
Content Highglights: A Letter to dakshayani R Rajasree Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..