പ്രണയപ്പരവതാനിയിൽ അവൾ പർവതങ്ങൾക്ക് മുകളിലൂടെ പറന്ന് ഭർത്താവിന്റെ നാട്ടിലെത്തി, എന്നാൽ...


By സുനിൽ ഞാളിയത്ത് / Sunilnaliyath@gmail.com

6 min read
Read later
Print
Share

ഭിന്നരാജ്യക്കാരനായ യുവാവിനെ പ്രണയിക്കുകയും വിവാഹശേഷം സ്വന്തം നാടുംവീടും വിട്ട് അദ്ദേഹത്തോടൊപ്പം ഭർത്തൃഗൃഹമായ അഫ്ഗാനിസ്താനിലേക്ക് പുറപ്പെടുകയും ചെയ്ത സുസ്മിത അവിടെ എത്തിയശേഷമാണ് താനൊരു കാപട്യം നിറഞ്ഞ, മതാന്ധത ബാധിച്ച ദേശത്താണ് എത്തിയതെന്നും ഒരിക്കൽ എത്തിപ്പെട്ടാൽ കുടുങ്ങിപ്പോകുന്ന സ്ഥലമാണതെന്നും തിരിച്ചറിഞ്ഞത്. സ്വന്തം പ്രിയതമയെ വീട്ടിലാക്കിയശേഷം സുസ്മിതയുടെ ഭർത്താവ് ജാൻബാസ് ഖാൻ വൈകാതെ ഇന്ത്യയിലേക്ക് മടങ്ങിപ്പോയി

ചിത്രീകരണം: ഗിരീഷ്‌കുമാർ

‘‘എന്റെ വായനമുറി വഴിയരികിലാണ്. മിനി പെട്ടെന്ന് കളി നിർത്തി ജനലിനരികിൽ ഓടിച്ചെന്നു നിന്നുകൊണ്ട്, ‘കാബൂളിവാല, കാബൂളിവാല!’ എന്ന്‌ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി. മുഷിഞ്ഞ പൈജാമയും നെടുനീളത്തിലുള്ള ഉടുപ്പും ധരിച്ച ദീർഘകായനായ ഒരു കാബൂളിവാല റോഡിൽക്കൂടി പതുക്കെപ്പതുക്കെ നടന്നുപോവുകയാണ്. അയാളുടെ തലക്കെട്ടിനു മുൻവശത്തൊരു കുഞ്ചവും പിറകിൽ വാലുമുണ്ട്. തോളിൽ ഒരു സഞ്ചി. കൈയിലൊരു പെട്ടി. പെട്ടിക്കുള്ളിൽ ഉണക്കമുന്തിരിയും ബദാമും." (കാബൂളിവാല, രബീന്ദ്രനാഥ ടാഗോർ)

പ്രണയവും പലായനവും വിരഹവും ദുരിതവും മരണവും എല്ലാം കലങ്ങിമറിഞ്ഞൊഴുകുന്ന ആത്മകഥയാണ് 1995-ൽ സുസ്മിത ബന്ദോപാധ്യായ രചിച്ച ‘കാബൂളിവാലയുടെ ബംഗാളി ബഹു.’ അവിഭക്ത ബംഗാളിലെ അഭിജാത കുടുംബങ്ങളിലൊന്നിൽ ജനിച്ച സുസ്മിത, കൊൽക്കത്തയിൽ വെച്ചാണ് ജാൻബാസ് ഖാൻ എന്ന അഫ്ഗാൻകാരനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി, പിന്നീട് അവൾ മതം മാറി സയീദ കമല എന്ന പേര് സ്വീകരിച്ചു. പ്രണയപ്പരവതാനിയിൽ അവൾ പർവതങ്ങൾക്ക് മുകളിലൂടെ പറന്ന് ഭർത്താവിന്റെ നാട്ടിലെത്തി. എന്നാൽ, അവിടെ അവളെ കാത്തിരുന്നത് കൊടും ദുരിതങ്ങളും ഒടുവിൽ ദാരുണമായ അന്ത്യവുമായിരുന്നു

1959 ഡിസംബർ രണ്ടിന് ഇന്നത്തെ ബംഗ്ലാദേശിലെ ഖുൽന ജില്ലയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സുസ്മിത ബന്ദോപാധ്യായയുടെ ജനനം. അച്ഛൻ സൈനികോദ്യോഗസ്ഥനായിരുന്നു. ജീബനാനന്ദ ദാസിന്റെ കവിതകളും സമരേഷ് മജുംദാറിന്റെയും അശുതോഷ് മുഖോപാധ്യായയുടെയും ഗദ്യസാഹിത്യവും ആസ്വദിച്ചിരുന്ന, രബീന്ദ്രനാഥ് ടാഗോറിന്റെയും ക്വാസി നസ്രുൾ ഇസ്‌ലാമിന്റെയും ഗാനങ്ങൾ ആലപിച്ചിരുന്ന, കടൽത്തീരവും കാടും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന, സൃഷ്ടിപരത നിറഞ്ഞ ഏതൊരു കാര്യത്തിലും ഉത്സാഹത്തോടെ ഇടപെട്ടിരുന്ന, ജാതി-മത വിശ്വാസിയല്ലാതിരുന്ന യുവതിയായിട്ടാണ് സുസ്മിത വളർന്നത്. ഇതിനിടയിലാണ് കൊൽക്കത്തയിൽ വെച്ച് ജാൻബാസ് എന്ന അഫ്ഗാൻകാരനുമായി അവൾ പ്രണയത്തിലാവുന്നത്. ഒരു നാടക റിഹേഴ്‌സലിനിടയിലാണ് അവർ കണ്ടുമുട്ടിയത്. പ്രണയം മൂർച്ഛിച്ച് അത് രഹസ്യവിവാഹത്തിൽ കലാശിച്ചു. വീട്ടുകാർ വിവാഹമോചനത്തിന് നിർബന്ധിക്കുകയും ചെയ്തപ്പോൾ ജാൻബാസിനൊപ്പം അവൾ അഫ്ഗാനിസ്താനിലേക്ക് പറന്നു.

ഭിന്നരാജ്യക്കാരനായ യുവാവിനെ പ്രണയിക്കുകയും വിവാഹശേഷം സ്വന്തം നാടുംവീടും വിട്ട് അദ്ദേഹത്തോടൊപ്പം ഭർത്തൃഗൃഹമായ അഫ്ഗാനിസ്താനിലേക്ക് പുറപ്പെടുകയും ചെയ്ത സുസ്മിത അവിടെ എത്തിയശേഷമാണ് താനൊരു കാപട്യം നിറഞ്ഞ, മതാന്ധത ബാധിച്ച ദേശത്താണ് എത്തിയതെന്നും ഒരിക്കൽ എത്തിപ്പെട്ടാൽ കുടുങ്ങിപ്പോകുന്ന സ്ഥലമാണതെന്നും തിരിച്ചറിഞ്ഞത്. സ്വന്തം പ്രിയതമയെ വീട്ടിലാക്കിയശേഷം സുസ്മിതയുടെ ഭർത്താവ് ജാൻബാസ് ഖാൻ വൈകാതെ ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. അതോടെ ഭർത്തൃഗൃഹം അവർക്ക് തടവിന് സമാനമായി മാറി. തുടർന്ന് വർഷങ്ങളോളം ശാരീരികവും മാനസികവുമായ പീഡനപർവത്തിലൂടെയാണ് അവരുടെ ജീവിതം കടന്നുപോയത്. അതെല്ലാം സയീദ് കമലയായി മതംമാറിയ സുസ്മിത ആത്മകഥയിൽ വിവരിച്ചിരിക്കുന്നു.

മഥിക്കുന്ന ആത്മകഥനം

‘എന്നെ തനിച്ചാക്കി ജാൻബാസ് ഇന്ത്യയിലേക്ക് പോയിട്ട് മൂന്നു വർഷമായിരിക്കുന്നു. കാബൂളിൽ കേവലം രണ്ടുവർഷവും എട്ട് മാസവും മാത്രമാണ് എന്നോടൊപ്പം കഴിഞ്ഞത്. അണയാത്ത പ്രണയത്തിന്റെയും അണപൊട്ടിയ സന്തോഷത്തിന്റെയും തിരതള്ളലിൽ ഞാൻ ഒഴുകിപ്പോയ നാളുകളായിരുന്നു അത്. എത്ര പെട്ടെന്നാണ് അതൊക്കെയും അസ്തമിച്ചത്! ജാൻബാസ് മടങ്ങിയശേഷം ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും കഴിഞ്ഞ എന്നെ ഭർത്തൃസഹോദരന്മാർ ഉപദ്രവിക്കാനും തുടങ്ങിയിരുന്നു. ഇന്ന് ഞാൻ അവരുടെ അലിഖിത തടവുകാരിയാണ്. ഈ നാട് ഒരു തടവറയായി എനിക്ക് അനുഭവപ്പെടുന്നു...’’ പതിനഞ്ച് അധ്യായങ്ങളിലായി രചിക്കപ്പെട്ട പുസ്തകത്തിൽ അന്യരാജ്യത്ത് ഏകാകിയായി കഴിയേണ്ടിവന്ന ഒരു സ്ത്രീയുടെ ആത്മഭാഷണങ്ങൾ മാത്രമല്ല അഫ്ഗാനിസ്താനിലെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള ഒട്ടേറെ നേരറിവുകൾ കൂടിയാണ് സുസ്മിത പങ്കുെവക്കുന്നത്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ നാളുകളിൽ വൈദ്യചികിത്സയിൽ സ്വയാർജിത പരിശീലനം നേടിയ സുസ്മിത രോഗികളെ ചികിത്സിച്ചിരുന്നു:‘‘കുറഞ്ഞപക്ഷം നൂറ് രോഗികളുടെ ചീട്ടുകളെങ്കിലും അന്നുരാവിലെ വന്നു കഴിഞ്ഞിരുന്നു. രോഗികളുമായി വന്ന വാഹനങ്ങളുടെ നീണ്ട വരി അത് സാക്ഷ്യപ്പെടുത്തി. അഫ്ഗാനിസ്താനിൽ വനിതാ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അപൂർവമായി ചിലർ നഗരത്തിൽ പ്രാക്ടീസ് ചെയ്തിരുന്നു. സ്പെഷ്യലിസ്റ്റ് ആയി ആരുംതന്നെ ഉണ്ടായിരുന്നില്ല. പല്ലുവേദനയ്ക്ക് ചികിത്സിച്ചിരുന്നവർ തന്നെ അണ്ഡാശയ മുഴയ്ക്കും മരുന്ന് നൽകിയിരുന്നു. ഡോ. എസ്.എൻ. പാണ്ഡെയുടെ പ്രാക്ടീസ് ഓഫ് മെഡിസിൻ സി.എൻ. ദാസിന്റെ ടെക്സ്റ്റ് ബുക്ക് ഓഫ് ഗൈനക്കോളജി എന്നീ പുസ്തകങ്ങൾ വായിച്ചു പഠിച്ച അറിവുകൊണ്ടാണ് ഞാൻ ചികിത്സ നൽകിയതെങ്കിലും അത് ഒട്ടേറെ പെൺകുട്ടികൾക്ക് പ്രയോജനപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് അഫ്ഗാനിസ്താനിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും നല്ല ചികിത്സക എന്ന നിലയിൽ എന്റെ പേര് പ്രചരിക്കാൻ തുടങ്ങി.’'

സ്‌ത്രീകളുടെ ഇരുണ്ട ഭൂഖണ്ഡം

ചിത്രീകരണം: ഗിരീഷ്‌കുമാർ
ചിത്രീകരണം: ഗിരീഷ്‌കുമാർ

പൊതുവായി മനുഷ്യജീവന് ഒരു വിലയും കല്പിക്കാത്ത, വിശിഷ്യാ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അവരർഹിക്കുന്ന ഒരു പരിഗണനയും നൽകാൻ കൂട്ടാക്കാത്ത സ്റ്റെതസ്കോപ്പിനെ ദൂരദർശിനി എന്നുവിളിക്കുന്ന നാട് എന്ന നിലയിലാണ് സുസ്മിത അഫ്ഗാനിസ്താനെ ആത്മകഥയിൽ സുസ്മിത വിലയിരുത്തുന്നത്. അർഹമായ ചികിത്സ ലഭിക്കാതെ പലരും അകാലമൃത്യുവടയുന്നു. കിടപ്പറ പങ്കാളി, പാചകക്കാരി, സന്താനോത്പാദനയന്ത്രം എന്നിങ്ങനെ ഒരു ത്രീ-ഇൻ-വൺ ജീവി എന്ന നിലയിലാണ് അഫ്ഗാനിസ്താനിൽ സ്ത്രീകൾ പരിഗണിക്കപ്പെടുന്നത്. എല്ലാവർഷവും പ്രസവിക്കുകയെന്നത് അഫ്ഗാനിസ്താനിലെ സ്ത്രീകൾക്ക് ഒഴിവാക്കാനാവാത്ത ഒരു കാര്യമായിരുന്നു. ഭർത്തൃപിതാവിനാൽ ഗർഭം ധരിക്കേണ്ടിവന്ന, ഭർത്തൃസഹോദരന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വരുന്ന, ആദ്യരാത്രിയിൽ ഭർത്താവിന്റെ ആദ്യഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീജീവിതങ്ങളെ സുസ്മിതയുടെ ഈ ജീവിതാഖ്യാനത്തിൽ നമുക്ക് കാണാൻ കഴിയും. എല്ലാ അർഥത്തിലും ജീവിതത്തിലെ ആഹ്ളാദകരവും സ്നിഗ്ധവുമായ കാര്യങ്ങളിൽനിന്ന്‌ അകറ്റിനിർത്തപ്പെടുന്ന സാഹചര്യം ആ നാട്ടിലെ സ്ത്രീകൾ അനുഭവിക്കുന്നു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും അവർ വെച്ചുപുലർത്തുന്നുമില്ല. വിവാഹവേളയിൽ പ്രതിശ്രുതവരന്മാർ പ്രതിശ്രുതവധുവിന്റെ വീട്ടുകാർക്ക് കന്യാശുൽക്കം നൽകുന്ന സമ്പ്രദായം നിലനിൽക്കുന്നതിനാൽ ബാങ്കിലെ സ്ഥിരനിക്ഷേപംപോലെയാണ് അഫ്ഗാനിസ്താനിലെ മാതാപിതാക്കൾക്ക് പെൺമക്കൾ.

ഗ്രാമീണ ജീവിതചിത്രങ്ങൾ

അഫ്ഗാനിസ്താനിലെ ഗ്രാമീണജീവിതത്തിന്റെ നേർച്ചിത്രങ്ങൾകൂടി പകർന്നുതരുന്നുണ്ട് കാബൂളിവാലയുടെ ബംഗാളി ബഹു. സുസ്മിത എഴുതുന്നു:‘അല്പദൂരം ഓടിയതും വാഹനം മൺപാതയിലേക്ക് പ്രവേശിച്ചു. പാതയുടെ ഇരുവശവും അല്പം വിട്ടുവിട്ടുള്ള വസതികളുടെ നീണ്ട നിരയുണ്ടായിരുന്നു. അവയോടുചേർന്നുള്ള കൃഷിയിടങ്ങളിൽ ഉരുളക്കിഴങ്ങും ക്യാരറ്റും മത്തനും തണ്ണിമത്തനും വെള്ളരിയും വിളഞ്ഞു കിടന്നിരുന്നു. തെല്ല് മാറി പുകയിലക്കൃഷിയും വിസ്തൃതമായ മുന്തിരിത്തോപ്പുകളും ആപ്പിൾ മരങ്ങളും കാണ്മാനായി. ദീർഘനേരം ചെമ്മൺപാതയിലൂടെ കയറ്റം കയറിയും ഇറങ്ങിയും വാഹനം ഓടിക്കൊണ്ടിരുന്നു. ഇടയ്ക്ക് എപ്പോഴോ ഗംഗയോളം വീതിയുള്ള ഒരു നദി പ്രത്യക്ഷപ്പെട്ടു. അവിടെനിന്ന്‌ വീണ്ടും ഒരു മണിക്കൂർ സഞ്ചരിച്ചാണ് ജാൻബാസിന്റെ ഗ്രാമത്തിലെത്തിയത്. അവിടെ വീടിന്റെ ഉമ്മറക്കോലായയിൽ ഒരു വലിയ ജനക്കൂട്ടം തന്നെ ഞങ്ങളെ കാത്തുനിന്നിരുന്നു. വാഹനത്തിൽനിന്ന്‌ ഞാനിറങ്ങിയതും എന്നെ ചകിതയാക്കിക്കൊണ്ട് മെഷീൻഗണ്ണുകൾ ഗർജിച്ചുയർന്നു. ഞാൻ ഭയന്നതറിഞ്ഞ് ആൾക്കൂട്ടത്തിൽനിന്ന്‌ പ്രായമേറിയ ഒരാൾ കടന്നുവന്ന് എന്നോടായി പറഞ്ഞു: ‘മോളേ, പേടിക്കാനൊന്നുമില്ല. ഇവിടെ പടക്കം ലഭ്യമല്ല. അതുകൊണ്ട് എല്ലായിപ്പോഴും വെടിയുതിർത്താണ് ഞങ്ങൾ സന്തോഷം പ്രകടിപ്പിക്കാറുള്ളത്.’ അന്ന് ആ വെടിയുണ്ടകൾ എന്റെ ശരീരം തുളച്ച് കടന്നുപോയിരുന്നെങ്കിൽ പിന്നീട് അഭിമുഖീകരിക്കേണ്ടിവന്ന യാതനകളിൽനിന്ന്‌ എനിക്ക് അന്നേ മോചനം ലഭിക്കുമായിരുന്നു.’

സുസ്മിത തുടരുന്നു: ‘ജാൻബാസിനോടൊപ്പം ആദ്യമായി വീടെത്തിയ ദിവസം അന്നുവരെ ഒരു വീടിനെക്കുറിച്ചുണ്ടായിരുന്ന എന്റെ ധാരണകൾ നിലംപൊത്തി. ചെന്നുകയറിയ വീടിന്റെ പുറംചുവരുകളും മുറികളും നിലവുമെല്ലാം മണ്ണുകൊണ്ട് നിർമിച്ചതായിരുന്നു. കാബൂൾ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് നീങ്ങിയാൽ എല്ലായിടത്തും കാണുക മൺവീടുകളാണ്. അൻപതോ അറുപതോ ഇഞ്ച് വണ്ണമുള്ള മൺഭിത്തിയിൽ ഒന്നൊന്നായി ചേർത്തുനിർത്തിയിരിക്കുന്ന ചെറിയ മുറികളും നീളൻ വരാന്തയും ചേർന്നതായിരുന്നു ഓരോ വീടും. എല്ലാവീടുകളിലും മൂന്നോ നാലോ പശുക്കളും അടുക്കളയോടുചേർന്ന് വലതുവശത്തായി ഒരു കിണറും ഉണ്ടായിരുന്നു. ഞാൻ ചെന്നുകയറിയതും ഘാഗ്രയും ചോളിയും ധരിച്ച, ശിരസ്സിൽ ദുപ്പട്ട ചാർത്തിയ അതിസുന്ദരിയായ ഒരു വൃദ്ധ എനിക്കാദ്യം ഹസ്തദാനം നൽകുകയും തുടർന്ന് ഇരുകവിളിലും ഉമ്മവെക്കുകയും ചെയ്തു. പെട്ടെന്ന് പന്ത്രണ്ടോ പതിമ്മൂന്നോ പ്രായക്കാരിയായ ഒരു പെൺകുട്ടിവന്ന് എന്റെമേൽ അല്പം പഞ്ചസാര തൂവി. പുത്രവധുവായെത്തുന്ന ഒരു പെൺകുട്ടിയെ പഞ്ചസാര വിതറിയാണ് അഫ്ഗാനിസ്താനികൾ വീട്ടിലേക്ക് ആനയിക്കുക. ഒപ്പം ആകാശത്തേക്ക് വെടിയുതിർത്ത് ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്യും.’

എത്രമേൽ പിന്നാക്കാവസ്ഥയിലാണ് അഫ്ഗാനിസ്താനിലെ ജീവിതസാഹചര്യങ്ങളെന്ന് സുസ്മിതയുടെ ആത്മകഥ പലപ്പോഴായി വിവരിക്കുന്നുണ്ട്: ‘അഫ്ഗാനിസ്താനിലെ ബഹുഭൂരിപക്ഷം ജനങ്ങളിൽനിന്നും ഇന്നും വിദ്യാഭ്യാസ-സാംസ്കാരിക വെളിച്ചം അന്യംനിൽക്കുന്നു. പതിറ്റാണ്ടുകളായി യുദ്ധഭൂമിയായി തുടരുകയാണ് ഈ നാട്. സാധാരണജനങ്ങൾ സ്പഷ്ടമായും ചകിതരായാണ് ജീവിതം നയിക്കുന്നത്. ഓരോദിനവും കൊടുംഭീതി വിഴുങ്ങിയാണ് അവർ കഴിയുന്നത്. നമ്മുടെ നാട്ടിൽ സരസ്വതീമന്ത്രം ഉരുവിട്ട് ആദ്യക്ഷരം കുറിക്കുമ്പോൾ അഫ്ഗാനിസ്താനിലെ കുട്ടികൾ തോക്കുകൾ കൈയിലെടുത്ത് ശപഥം ചെയ്യുന്നു. നാടുമുഴുവൻ കുഴിബോംബുകൾ വിതറിയിരിക്കുന്നു.

എപ്പോൾ വേണമെങ്കിലും ഓരോ കാലടിയിലും മരണത്തിന്റെ മണി മുഴങ്ങാം. രാത്രി വീട്ടുവരാന്തയിൽ വന്നുനിന്നാൽ ഇടതടവില്ലാതെ പീരങ്കികൾ മുഴങ്ങുന്നത് കേൾക്കാം. അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധം ശ്വസിക്കാം. ഇരുട്ടും അവിശ്വാസവും വിദ്വേഷവും ഭയാനകതയും കൂടിക്കുഴഞ്ഞാണ് ഓരോ ദിനവും പുലരുന്നത്. യുദ്ധത്തിന് ഒരിക്കലും അറുതിവരാത്ത, ജനാധിപത്യം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം പർവതനിരകളിൽ ഒരിക്കലും മാറ്റൊലിക്കൊള്ളാൻ ഇടയില്ലാത്ത നാടായി അഫ്ഗാനിസ്താൻ മാറിക്കഴിഞ്ഞിരിക്കുന്നു. കുന്നിൻ ചെരിവുകളിൽ പാർക്കുന്ന, ശിശുക്കളെപ്പോലെ നിർമലമായി ചിരിക്കാനറിയുന്ന മനുഷ്യർക്ക് ഇനിയൊരിക്കലും അവരുടെ സഹജമായ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുപക്ഷേ, കഴിഞ്ഞെന്നു വരില്ല.’

മരീചിക പോലെ മടക്കയാത്ര

ചിത്രീകരണം: ഗിരീഷ്‌കുമാർ
ചിത്രീകരണം: ഗിരീഷ്‌കുമാർ

‘അന്നൊരു ചൊവ്വാഴ്ചയായിരുന്നു. കാബൂളിനോട് എന്നന്നേക്കുമായി വിടചൊല്ലാൻ ഇനി ഇരുപത്തിനാല് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത് എന്ന് ഞാൻ കണക്കുകൂട്ടി. പാകിസ്താനിലേക്ക് ഒളിച്ചുകടന്ന് അവിടെ നിന്ന്‌ ഇന്ത്യയിലേക്ക് പ്രവേശിക്കാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അതിനുമുൻപ് ഒട്ടേറെ കടമ്പകൾ പിന്നിടാനുണ്ടായിരുന്നു. അതിനുള്ള ഒരു ആയുധമായിരുന്നു ജാൻബാസിന്റെ ആദ്യ ഭാര്യയായ ഗുൽഗുട്ടിയുടെ അനിയത്തിയുടെ വീട്ടിലേക്ക് വിരുന്നുപോകാനുള്ള പദ്ധതി. അതിനോട് ജാൻബാസിന്റെ വീട്ടുകാർക്ക് എതിർപ്പുമുണ്ടായിരുന്നില്ല. അഫ്ഗാനിസ്താനിലെ പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ ധരിക്കാറുള്ള ഒരു കുപ്പായം ഞാൻ ആ ദിനത്തിനായി കരുതിെവച്ചിരുന്നു. ജാൻബാസ് ഇന്ത്യയിൽനിന്ന്‌ പോക്കറ്റ്മണിയായി അയച്ചുതന്നിരുന്ന തുക സ്വരൂപിച്ചുെവച്ചത് ഞാൻ പൊതിഞ്ഞ് അരക്കെട്ടിൽ സൂക്ഷിച്ചു. പിറ്റേന്ന് വീട്ടിൽനിന്ന്‌ പുറത്തിറങ്ങുമ്പോൾ ഭയവും ഉത്‌കണ്ഠയും ആനന്ദവും ഞാൻ ഒരുപോലെ അനുഭവിച്ചു...’

മൂന്നു തവണയാണ് സുസ്മിത അഫ്ഗാനിസ്താനിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. ആദ്യശ്രമത്തിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദുവരെ എത്തിയെങ്കിലും അവിടത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം ആ ഉദ്യമം പരാജയപ്പെട്ടു. താമസിച്ചിരുന്ന വീടിന്റെ ഭിത്തിതുളച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് രണ്ടാംതവണ നടത്തിയതെങ്കിലും അതും പരാജയത്തിലാണ് കലാശിച്ചത്. ഒടുവിൽ ഗ്രാമമുഖ്യന്റെ സഹായത്തോടെ 1995-ൽ നടത്തിയ മൂന്നാം ശ്രമത്തിലാണ് ഇന്ത്യയിൽ അവർക്ക് മടങ്ങിവരാനായത്. അഫ്ഗാനിസ്താനിലെ സ്ത്രീകൾക്കിടയിൽ ഒരു ആരോഗ്യപ്രവർത്തകയായി പ്രവർത്തിക്കാൻ തീരുമാനിച്ചുറച്ചാണ് സുസ്മിത വീണ്ടും അഫ്ഗാനിസ്താനിൽ എത്തുന്നത്. സുസ്മിതയുടെ ആശയത്തിലും ലക്ഷ്യത്തിലും അരിശംപൂണ്ട താലിബാനികൾ 2013 സെപ്‌റ്റംബർ 4-ന്‌ അവരെ വീട്ടിൽനിന്നു വലിച്ചിറക്കി തുരുതുരെ വെടിയുതിർത്ത് വധിക്കുകയാണുണ്ടായത്.

Content Highlights: A Kabuliwala's Bengali Wife by Sushmita Banerjee alias Sayeda Kamala reviewed by Sunilnaliyath

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vysakhan

3 min

ആയിരക്കണക്കിന് ജീവനുകളാണ് ഓരോ നിമിഷവും കൈയിലൂടെ കടന്നുപോകുന്നത് എന്നോര്‍മയുണ്ടാവണം- വൈശാഖന്‍

Jun 3, 2023


ജയ്സൂര്യദാസ്, മാധവിക്കുട്ടി

2 min

സ്‌നേഹിക്കാനേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ, ആവോളം സ്‌നേഹിച്ചു- മാധവിക്കുട്ടിയുടെ മകന്‍ ജയ്സൂര്യ ദാസ്

Jun 1, 2023


Dr. Vellayani Arjunan And VKN

2 min

'വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ് പേടി?' - പാണ്ഡിത്യമികവിന് വി.കെ.എന്‍. നല്‍കിയ അടിവര

Jun 1, 2023

Most Commented