കുമാരനാശാൻ
അന്തമില്ലാത്തൊരാഴത്തിലേക്കിതാ
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ...
എന്നെഴുതിയ മലയാളത്തിന്റെ മഹാകവി കുമാരനാശാന് ഹരിപ്പാട് തോട്ടപ്പള്ളിക്കുസമീപം പല്ലനയാറ്റിന്റെ അഗാധതയിലേക്കു താണുപോയപ്പോള്‍ 1924 ജനുവരി 22-ന് ഇറങ്ങിയ മാതൃഭൂമി പത്രം വാര്‍ത്ത നല്‍കിയത് ഇങ്ങനെയായിരുന്നു: 'തിരുവിതാംകൂറിലെ ഭയങ്കരമായ ഒരു തീബോട്ടപകടം, പ്രസിദ്ധകവി കുമാരനാശാന്റെ ദേഹവിയോഗം.'
1924 ജനുവരി 16-നാണ് പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ ആശാന് മുങ്ങിമരിക്കുന്നത്. ജനുവരി 18-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് ജനുവരി 22-നും. അക്കാലത്ത് രണ്ടും മൂന്നുംദിവസം ഇടവിട്ടാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്. 1923 മാര്‍ച്ച് 18-ന് മാതൃഭൂമി പിറവിയെടുത്തശേഷം ആലപ്പുഴ ജില്ലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പല്ലന ബോട്ടപകടവും ആശാന്റെ വിയോഗവും.
വാര്‍ത്ത ഇങ്ങനെയായിരുന്നു
ആലപ്പുഴ: ജനുവരി 18 ബുധനാഴ്ച രാത്രി കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കു പുറപ്പെട്ട റെഡീമര്‍ എന്ന തീബോട്ട് തൃക്കുന്നപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും മധ്യത്തിലുള്ള പല്ലന എന്ന സ്ഥലത്തുവെച്ച് തലകീഴായി മറിഞ്ഞു മുങ്ങിപ്പോയിരിക്കുന്നു. ഇതില്‍ 95 ആളുകളെ കയറ്റുവാന്‍ മാത്രമേ ലൈസന്‍സ് കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ. പക്ഷേ, അതില്‍ ഇരട്ടിയിലധികം ആളുകളെ കയറ്റിയിട്ടുണ്ടായിരുന്നു. 18-ന് വൈകുന്നേരംവരെ 30-ല്‍ അധികം മൃതശരീരങ്ങള്‍ കിട്ടീട്ടുണ്ട്...'
അതിനുശേഷം പ്രത്യേകം കുമാരനാശാന് എന്ന തലക്കെട്ടു നല്കി ഇങ്ങനെ പറയുന്നു:
മൃതശരീരങ്ങളുടെ കൂട്ടത്തില്‍ ഒരു പ്രസിദ്ധ കവിയും തിയ്യ സമുദായത്തിലെ ഒരു പ്രധാന നേതാവും തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭയിലെയും ശ്രീമൂലം പ്രജാസഭയിലെയും ഒരു അംഗവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ഒരു കാര്യദര്‍ശിയും ആയിരുന്ന ശ്രീമാന്‍ എന്‍. കുമാരനാശാന്റെ മൃതശരീരവും കിട്ടുകയുണ്ടായി. ആശാന്റെ മൃതശരീരം കരയ്ക്കു കയറ്റിയപ്പോള്‍ അവിടെ കൂടിയിരുന്ന ജനങ്ങള്‍ക്കു കണക്കുണ്ടായിരുന്നില്ല.
ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന് മോട്ടോര്‍ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള രക്ഷകന് എന്ന പേരിലുള്ള റെഡീമര്‍ ബോട്ടാണ് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്ക് യാത്ര നടത്തുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണിക്ക് പല്ലനയാറ്റില്‍ മുങ്ങിത്താണത്. 127 യാത്രക്കാരായിരുന്നുവത്രേ ബോട്ടിലുണ്ടായിരുന്നത്. അപകടത്തെക്കുറിച്ചന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ടുപ്രകാരം 25-നും 30-നും ഇടയ്ക്ക് ആളുകള്‍ മരിച്ചെന്നാണ് കണക്ക്.
ആ ബോട്ടുയാത്രയില്‍ സഹയാത്രികര്‍ക്കുവേണ്ടി ആശാന് പാതിരാത്രിവരെ കവിത ചൊല്ലുകയുണ്ടായത്രേ. ''ഇനി ഞാന്‍ അല്പമൊന്നുറങ്ങട്ടെ...'' അല്പമൊന്നുറങ്ങാന് ആശാന് കിടന്നു. മരണത്തിലേക്കായിരുന്നു ആ നിദ്ര. തണുപ്പായതിനാല്‍ ഷര്‍ട്ടും കോട്ടുമിട്ട് കമ്പിളി മൂടിപ്പുതച്ചാണ് കിടന്നതെന്നു പറയുന്നു.
ബോട്ട് പല്ലന തോടിന്റെ വളവിലെത്തിയപ്പോള്‍ ഒന്നുലഞ്ഞു. യാത്രക്കാര്‍ നല്ല ഉറക്കത്തിലായിരുന്നു. ബോട്ട് ചാലില്‍നിന്നു മണല്‍ത്തിട്ടയിലേക്ക് ഇടിച്ചുകയറി. എല്ലാവരും ഞെട്ടിയുണര്‍ന്നു. പിന്നെ കൂട്ടനിലവിളിയായിരുന്നു. ബോട്ട് വെള്ളത്തിലേക്കു മറിഞ്ഞു. ആശാന് കവിതയിലെഴുതിയപോലെ ''അന്തമില്ലാത്ത ആഴത്തിലേക്കു താഴ്ന്നുപോയി....'' രണ്ടുദിവസം കഴിഞ്ഞാണ് ആശാന്റെ മൃതദേഹം കുറ്റിക്കാടുകളില്നിന്നു കിട്ടിയത്.
നന്നായി നീന്തലറിയാവുന്ന ആളായിരുന്നു ആശാന്. അപകടം നടന്നത് പുലര്‍ച്ചെ മൂന്നുമണിക്കായതിനാല്‍ നല്ല ഉറക്കത്തിലായിരിക്കാമെന്നും കോട്ട് നനഞ്ഞതുകാരണം ഭാരംകൂടി താഴ്ന്നുപോയിരിക്കാം എന്നുമാണ് വിശ്വസിക്കുന്നത്.
ആശാന്റെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. അവസാന ചര്‍ച്ചകള്‍ക്കൊടുവില്‍ പല്ലനയില്ത്തന്നെ സംസ്കരിക്കുകയായിരുന്നു.
1923 മാര്‍ച്ച് 18-ന് പ്രസിദ്ധീകരണം തുടങ്ങിയ മാതൃഭൂമിയുടെ മാര്‍ച്ച് 29-ന് ഇറങ്ങിയ പത്രത്തില്‍ എന്‍. കുമാരനാശാന്റെ സ്വാതന്ത്ര്യഗാഥ എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ, 1923 ജൂലായ് 10-ന് ഇറങ്ങിയ പത്രത്തില്‍ കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യം കൊച്ചിയില്‍ പാഠപുസ്തകമായി സ്വീകരിക്കാന്‍ പാടില്ലെന്ന് ഭാഷാപരിഷ്കാര കമ്മിറ്റിക്കാര് ഗവണ്മെന്റിനെയറിയിച്ചു എന്ന വാര്‍ത്തയും നല്‍കിയിട്ടുണ്ട്. ആലുവയിലേക്കുള്ള യാത്രയ്ക്കായാണ് ആശാന് ബോട്ടില്‍ കയറിയത്. യാത്ര പുറപ്പെടുമ്പോള്‍ ഗുരുദേവനെ കണ്ട് കാര്യംപറയാന്‍ ശിവഗിരിയില്‍ ചെന്നിരുന്നത്രേ. ഗുരു ധ്യാനത്തിലായിരുന്നു. ഗുരു ഉണര്‍ന്നപ്പോള്‍ ശിഷ്യന് പറഞ്ഞു: ''ആശാന് വന്നിരുന്നു. ഏറെസമയം കാത്തിരുന്നു. ബോട്ടിന്റെ സമയമായതുകൊണ്ട് പോയി.'' ഗുരുദേവന് ആകാശത്തിന്റെ അനന്തതയിലേക്കു നോക്കി ഇങ്ങനെ പറഞ്ഞു: ''അപ്പോ കുമാരു പോയി അല്ലേ...''
നാല്പത്തിയാറാം വയസ്സില്‍ പതിനാറുകാരിയായ ഭാനുമതിയെ വിവാഹംകഴിച്ച ആശാന് മരിക്കുമ്പോള്‍ ഭാനുമതിക്ക് 22 വയസ്സും ആശാന് 51 വയസ്സുമായിരുന്നു. മൂത്തമകന് സുധാകരന് ആറും ഇളയമകന് പ്രഭാകരന് രണ്ടും വയസ്സായിരുന്നു അന്ന്.
Content Highlights: 99th death anniversary of kumaranasan g venugopal writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..