സി.എൽ ജോസ്
മലയാളനാടകത്തിന്റെ പ്രിയങ്കരനായ സി.എല്‍. ജോസ് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത വിലാസമാണിത്. അറുപതുകളുടെ ആദ്യപകുതിയില്‍ മലയാളക്കരയൊന്നാകെ ഏറ്റെടുത്ത 'ജീവിതം ഒരു കൊടുങ്കാറ്റ്' എന്ന നാടകം അതിന്റെ സ്രഷ്ടാവിന് നല്‍കിയ ഏറ്റവും വലിയ ബഹുമതി കൂടിയായിരുന്നു ആ വിലാസം. സംഭവത്തിന്റെ വണ്‍ലൈന്‍ ഇങ്ങനെ: 1955-ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ 'മാനം തെളിഞ്ഞു' എന്ന നാടകമെഴുതിക്കൊണ്ട് സി.എല്‍. ജോസിലെ പ്രതിഭ പതുക്കെ തെളിഞ്ഞുവരുന്നു. സമ്പന്നനായ അനുജന്റെയും ദരിദ്രനായ ജ്യേഷ്ഠന്റെയും കുടുംബബന്ധങ്ങളുടെയും കഥ പറഞ്ഞ നാടകം പുസ്തകമാകുന്നു. 75 പൈസയ്ക്ക് ഒരോ കോപ്പിയും പയ്യെപ്പയ്യെ വില്‍ക്കപ്പെടുന്നു. ശേഷം അതേ ജോസിലെ പ്രതിഭയുടെ തിരി തെളിഞ്ഞു കത്തുന്നു. 'ജീവിതം ഒരു കൊടുങ്കാറ്റാണ്' എന്നു പേരിട്ട രണ്ടാമത്തെ നാടകം എഴുത്തുകാരന്റെ അതുവരെയുള്ള ജീവിതത്തെ പാടെ അട്ടിമറിച്ചുകൊണ്ട് മലയാളനാടകവേദികളില്‍ നിറഞ്ഞാടുന്നു. ജീവിതം ഉള്ളവന്റെയും ഇല്ലാത്തവന്റെയും കഥകള്‍ നിറഞ്ഞതാണെന്ന തത്വം വീണ്ടും സി.എല്‍. ജോസ് തന്റെ കഥാപാത്രങ്ങളിലൂടെ കാണികള്‍ക്ക് വിളമ്പിക്കൊടുത്തു.
അക്കാലത്ത് രാജ്യത്തെയാകെ ഭീഷണിയിലാഴ്ത്തിയ പകര്‍ച്ചാരോഗമായ ക്ഷയത്തെയും കൂട്ടുപിടിക്കാന്‍ ജോസ് മറന്നില്ല. അക്കാലത്ത് മരണഭയം യഥേഷ്ടം നല്‍കിയിരുന്ന രോഗമായതിനാല്‍ അളവില്‍ കൂടുതല്‍ സഹാനുഭൂതിയും കഥാപാത്രത്തിന് കിട്ടി. ക്ഷയരോഗിയായ ജോസഫിന്റെയും അനിയന്റെയും കഥയായിരുന്നു 'ജീവിതം ഒരു കൊടുങ്കാറ്റാണ്' പറഞ്ഞത്. അനിയന് ജോലി കിട്ടിയതോടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും സ്‌നേഹവും ശ്രദ്ധയും മുഴുവന്‍ അവനിലേക്ക് തിരിയുന്നു. പണമാണ് സ്‌നേഹത്തിന്റെ അളവ് നിര്‍ണയിച്ചത്. നാടകം കണ്ടവരെല്ലാം കരഞ്ഞു, ജീവിതയാഥാര്‍ഥ്യത്തെ തങ്ങളുടെ നെഞ്ചോട് ചേര്‍ത്തു. നാടകം വേദികളായ വേദികള്‍ മുഴുവന്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ പതിയെ അച്ചടിയിലേക്ക് നീങ്ങി. ചൂടപ്പം പോലെ എല്ലാം വിറ്റുപോയി.
നാടകം വായിച്ച ഒരു എട്ടാം ക്ലാസുകാരന് കത്തെഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. തന്റെ അഭിപ്രായം തന്നാലാവുന്ന ഭാഷയില്‍ എഴുതി ആ വിദ്യാര്‍ഥി നാടകകൃത്തിന് ഒരു മേല്‍വിലാസം നല്‍കി അയച്ചു: സി.എല്‍. ജോസ്, ജീവിതം ഒരു കൊടുങ്കാറ്റാണ്, തൃശൂര്‍ ജില്ല! കത്ത് കൃത്യമായി സി.എല്‍. ജോസില്‍ത്തന്നെ എത്തിച്ചേര്‍ന്നു. ജീവിതം ഒരു കൊടുങ്കാറ്റിന് അത്രയും ശക്തിയുണ്ടായിരുന്നു! അത് വെറുമൊരു വായനക്കാരന്റെ കത്തല്ല, മറിച്ച് തന്റെ സര്‍ഗാത്മകതയ്ക്കു ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണെന്ന് സി.എല്‍ .ജോസ് വികാരാധീനനായി പറഞ്ഞു. മറുപടി എഴുതാനോ എട്ടാം ക്ലാസുകാരനെ കണ്ടെത്താനോ കഴിഞ്ഞില്ല എന്നത് മറ്റൊരു കാര്യം. ജീവിതം ഒരു കൊടുങ്കാറ്റ് തന്ന തിരക്കിനിടയില്‍, അനുമോദനങ്ങള്‍ക്കിടയില്‍, അന്വേഷിച്ചു കണ്ടെത്താന്‍ സമയം അനുവദിച്ചില്ലെങ്കിലും മനസ്സില്‍ അദ്ദേഹം ആ വിലാസം കാത്തുസൂക്ഷിക്കുന്നു.
1932 ഏപ്രില്‍ നാലിനാണ് ചക്കാലക്കല്‍ ലോനപ്പന്‍ ജോസ് എന്ന സി.എല്‍. ജോസ് തൃശൂര്‍ ജില്ലയിലെ പുതുക്കാട് ജനിക്കുന്നത്. ചക്കാലക്കന്‍ ലോനപ്പന്‍- മഞ്ചാലി മറിയക്കുട്ടി ദമ്പതിമാരുടെ ഒമ്പത് മക്കളില്‍ ഏറ്റവും മൂത്തയാള്‍. ഹൈസ്‌കൂള്‍ വരെ പഠനം, ശേഷം ഒരു ചിട്ടിക്കമ്പനിയില്‍ ക്‌ളാര്‍ക്കായി ജോലി. വളരെ നേരത്തെ തന്നെ പിതാവ് അന്തരിച്ചതോടെ വീടിന്റെ ഭാരം മുഴുവന്‍ ജോസില്‍ വന്നുചേര്‍ന്നു. താഴെയുള്ളവരുടെ പഠനവും സഹോദരിമാരുടെ വിവാഹവുമെല്ലാം ജോസിലെ സര്‍ഗാത്മകതയെ തടഞ്ഞുനിര്‍ത്തുകയും ചിട്ടിക്കമ്പനിയിലെ കണക്കെഴുതിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് നാട്ടിലെ ഒരു പ്രാദേശിക ക്ലബ്ബിനുവേണ്ടി നാടകമെഴുതി നോക്കിയത്- 'മാനം തെളിഞ്ഞു'. ജോസിന്റെ ഭാവനയുടെ തെളിച്ചം തുടങ്ങുകയായിരുന്നു. പകല്‍ ചിട്ടിക്കമ്പനിയിലെ കണക്കുകളും രാത്രി നാടകങ്ങളിലെ കഥാപാത്രങ്ങളും ജോസിന്റെ ബുദ്ധിയെ പകുത്തെടുത്തു. വായനയും എഴുത്തും രാത്രിയിലേക്ക് മാറ്റിയ ജോസ് ജനപ്രിയ നാടകമേഖലയിലെ കിരീടം വെക്കാത്ത രാജാവായി മാറാന്‍ അധികകാലം വേണ്ടി വന്നില്ല. 'ജീവിതം ഒരു കൊടുങ്കാറ്റ്' ആസ്വാദക മനസ്സുകളിലേക്ക് ആഞ്ഞടിച്ചുവീശിയപ്പോള്‍ സി.എല്‍. ജോസ് തിരക്കുള്ളയാളായി മാറി. മുപ്പത്തിയാറ് നാടകങ്ങള്‍, എഴുപത്തിയഞ്ച് ഏകാങ്കങ്ങള്‍, ഒരു ബാലനാടകം, പോരാത്തതിന് ഓര്‍മകള്‍ക്ക് ഉറക്കമില്ല എന്ന ആത്മകഥയും! അമേച്ചര്‍ നാടകത്തിനും പ്രൊഫഷണല്‍ നാടകത്തിനും ഒരുപോലെ വേണ്ടപ്പെട്ടയാളായി മാറിയ ജോസിന്റെ 'മണല്‍ക്കാട്' എന്ന നാടകം പതിനാലോളം ഇന്ത്യന്‍ ഭാഷകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
നാടകങ്ങളുടെ അച്ചടി സാധ്യത ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും സി.എല്‍. ജോസ് തന്നെയാണ്. മലയാള നാടകപുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പന ലഭിച്ചത് സി.എല്‍. ജോസിന്റെ പുസ്തകങ്ങള്‍ക്കായിരുന്നു. ഒരു നാടകത്തിന്റെ അവതാരികയില്‍ തിക്കുറിശ്ശി ഇങ്ങനെ എഴുതി: "ജോസിന്റെ ഏതെങ്കിലും നാടകത്തിലെ ഒരു ഡയലോഗെങ്കിലും പറയാത്ത ഒരു നടനോ നടിയോ കേരളത്തില്‍ ഉണ്ടായിട്ടില്ല!'' ജോസിന്റെ നാടകങ്ങള്‍ക്ക് സിനിമാഭാഷ്യവും കൈവന്നു. ഭൂമിയിലെ മാലാഖ, അഗ്നിനക്ഷത്രം, അറിയാത്ത വീഥികള്‍ എന്നീ സിനിമകള്‍ സി.എല്‍. ജോസിന്റെ നാടകങ്ങളുടെ അനുകല്‍പനങ്ങളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, എസ്.എല്‍. പുരം സദാനന്ദന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളനാടകത്തില്‍ അറുപത്തിയേഴ് സംവത്സരങ്ങളായി തിരികെടാതെ കത്തിനില്‍ക്കുന്ന എസ്.എല്‍. ജോസ് നവതിയിലെത്തി നില്‍ക്കുമ്പോള്‍ നേരുന്നു ആയുരാരോഗ്യസൗഖ്യങ്ങള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..